Kerala

ആത്മഹത്യ ചെയ്യാൻ റെയിൽവേ പാളത്തിൽ കിടന്ന യുവാവിനെ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷപെടുത്തി. ഭാര്യയുമായി പിണങ്ങി ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച് പുറപ്പെട്ട യുവാവിനാണ് സെൽഫിയിലൂടെ പുതുജീവൻ ലഭിച്ചത്. ചങ്ങനാശേരിക്കു സമീപത്തു വച്ചായിരുന്നു സംഭവം. വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിയ യുവാവ് താൻ മരിക്കാൻ പോകുന്നു എന്നറിയിച്ച് റെയിൽവേ പാളത്തിൽ കിടക്കുന്ന സെൽഫി സുഹൃത്തുക്കൾക്ക് ഫോണിൽ സന്ദേശമായി അയച്ചു കൊടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം.

സന്ദേശം കണ്ട് പരിഭ്രാന്തരായി പല വഴിക്ക് അന്വേഷണത്തിനായി സുഹൃത്തുക്കൾ പോയെങ്കിലും യുവാവിനെ കണ്ടെത്താനായില്ല. ഫോട്ടോ സൂക്ഷ്മമായി പരിശോധിച്ചപ്പോൾ യുവാവ് കിടന്നിരുന്ന റെയിൽവേ പാളത്തിനു സമീപമുള്ള മൈൽക്കുറ്റിയുടെ നമ്പർ ചിലരുടെ ശ്രദ്ധയിൽപ്പെട്ടു. ഇതോടെ റെയിൽവേ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് മൈൽക്കുറ്റി കണ്ടെത്താനായി ശ്രമം.

ഇതിനിടയിൽ കേരള എക്സ്പ്രസിൽ യാത്ര ചെയ്യുകയായിരുന്ന ചങ്ങനാശേരി സ്വദേശിയായ ഒരാൾക്കും സുഹൃത്തിന്റെ ഫോണിൽ നിന്നു സെൽഫി സന്ദേശം ഫോർവേഡ് ചെയ്തു കിട്ടിയിരുന്നു. തിരുവല്ലയിൽ ട്രെയിൻ നിർത്തിയപ്പോൾ ഇയാൾ ലോക്കോ പൈലറ്റിന്റെ അടുത്തെത്തി മൈൽക്കുറ്റിയുടെ നമ്പരിനെക്കുറിച്ചും ആത്മഹത്യ ചെയ്യാൻ കിടക്കുന്ന യുവാവിനക്കുറിച്ചും സൂചന നൽകി.

ഫോട്ടോയിൽ കണ്ട മൈൽക്കുറ്റിയുടെ സമീപം ട്രെയിൻ എത്തുന്നതിനു മിനിറ്റുകൾക്കു മുൻപ് പാളത്തിന്റെ നടുവിൽ കിടന്നിരുന്ന യുവാവിനെ സുഹൃത്തുക്കൾ കണ്ടെത്തി. ട്രെയിൻ തട്ടാതിരിക്കാൻ യുവാവിനെ തള്ളി മാറ്റിയതാവട്ടെ അടുത്തുള്ള കണ്ടത്തിലേക്കും. നിമിഷങ്ങളുടെ വ്യത്യാസത്തിൽ ദുരന്തം വഴി മാറി. യുവാവിനെ സുഹൃത്തുക്കൾ പൊലീസിൽ ഏൽപിച്ചു.

ബെംഗളൂരുവിൽ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു, കോഴിക്കോട് ബാലുശേരി സ്വദേശികളായ ആദിത്ത്, അഭിരാം എന്നിവരാണ് മരിച്ചത്, രാജരാജേശ്വരിനഗര്‍ മെഡി.കോളജിനു സമീപം പുലര്‍ച്ചെ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം

രാജ്യത്തെ വിവിധ ഗ്രാമീൺ ബാങ്കുകളിൽ ഓഫീസർ സ്കെയിൽ ഒന്ന്, രണ്ട്, മൂന്ന് തസ്തികകളിലും ഓഫീസ് അസിസ്റ്റന്റ് (മൾടിപർപ്പസ്) തസ്തികയിലേക്കുമുള്ള 7401 ഒഴിവുകളിലേക്ക് ഇൻസ്്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്സണൽ സെലക്ഷൻ ബോർഡ് (ഐബിപിഎസ്) അപേക്ഷക്ഷണിച്ചു. കേരളഗ്രാമീൺ ബാങ്ക് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിലെ 45 ഗ്രാമീൺ ബാങ്കുകളിലെ നിയമനമാണ് പൊതുപരീക്ഷ വഴി നടത്തുക. ആഗസ്ത്/ സെപ്തംബർ മാസത്തിലാണ് ഓൺലൈൻ പൊതുപരീക്ഷ. രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ഓഫീസ് അസിസ്റ്റന്റിന് പരീക്ഷമാത്രമേയുള്ളൂ. ഓഫീസർ തസ്തികയിൽ പരീക്ഷയും ഇന്റർവ്യൂവുമുണ്ട്. കേരള ഗ്രാമീൺ ബാങ്കിൽ ഓഫീസ് അസി. 86, ഓഫീസർ സ്കെയിൽ ഒന്ന് 76 ഒഴിവുണ്ട്. യോഗ്യത ഓഫീസർ സ്കെയിൽ (ഒന്ന്) ബിരുദം. പ്രായം 18‐30. ഓഫീസർ സ്കെയിൽ (രണ്ട്) 50 ശതമാനം മാർക്കോടെ ബിരുദം. സ്പെഷ്യലിസ്റ്റ് തസ്തികയിൽ ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദമാണ് പരിഗണിക്കുക. പ്രായം 21‐32. സ്കെയിൽ (മൂന്ന്) യോഗ്യത 50 ശതമാനം മാർക്കോടെ ബിരുദം. പ്രായം 21‐40. ഓഫീസ് അസി. യോഗ്യത ബിരുദം. പ്രായം 18‐28. കംപ്യൂട്ടറും പ്രാദേശികഭാഷയുമറിയണം. 2019 ജൂൺ ഒന്നിനെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.നിയമാനുസൃത ഇളവ് ലഭിക്കും.https://www.ibps.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ജൂലൈ നാല്. പരീക്ഷാ സിലബസ് മറ്റു വിശദവിവരങ്ങൾ website ൽ.

ദേശീയ ആരോഗ്യ രംഗത്ത് മറ്റ് സംസ്ഥാനങ്ങളെ ബഹുദൂരം പിന്നിലാക്കി കേരളം വീണ്ടും ഒന്നാമതെത്തി. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം, വേള്‍ഡ് ബാങ്ക് എന്നിവരുടെ സഹകരണത്തോടെ നീതി ആയോഗ് നടത്തിയ പഠനത്തിലാണ് കേരളം ഒന്നാം സ്ഥാനത്തെത്തിയത്. ആന്ധ്രാപ്രദേശും മഹാരാഷ്ട്രയുമാണ് മികച്ച പ്രകടനം കാഴ്ചവെച്ച രണ്ടും മൂന്നും സ്ഥാനത്തെത്തിയ സംസ്ഥാനങ്ങള്‍. ഉത്തര്‍പ്രദേശും ബീഹാറുമാണ് ആരോഗ്യ രംഗത്ത് ഏറ്റവും മോശം അവസ്ഥയിലുള്ളത്. 2017-18 വരെയുള്ള കാലയളവ് വിലയിരുത്തിയാണ് രണ്ടാംഘട്ട ആരോഗ്യ സൂചിക കണക്കാക്കിയത്.

സംസ്ഥാനങ്ങളുടെയും കേന്ദ്ര ഭരണ പ്രദേശങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് നീതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കിയത്. ആരോഗ്യമേഖലയിലെ ഫലസൂചികകള്‍, ഭരണപരമായ സൂചികകള്‍, ആരോഗ്യ സംവിധാനത്തിന്റെ ദൃഢത എന്നിവ 23 സൂചികകളിലൂടെ പരിശോധിച്ചാണ് റാങ്കിങ്ങ് നടത്തിയിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കുറഞ്ഞ നവജാത ശിശു മരണ നിരക്കും 5 വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കും കേരളത്തിലാണ്. ഇതിലൂടെ രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കേരളം കൈവരിച്ചിരിക്കുകയാണ്. രോഗപ്രതിരോധ കുത്തിവയ്പ്, ആശുപത്രികളില്‍ വെച്ചുള്ള പ്രസവം, ജനനസമയത്തെ സ്ത്രീപുരുഷ അനുപാതം എന്നിവയിലും കേരളം മികച്ച നിലയിലാണ്.

ആരോഗ്യ സൂചികയില്‍ വീണ്ടും കേരളം മുന്നിലെത്തിയത് ആരോഗ്യ മേഖലയില്‍ സംസ്ഥാനം നടത്തുന്ന വലിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള എല്ലാ ആശുപത്രികളിലും മികച്ച അടിസ്ഥാന സൗകര്യങ്ങളൊരുക്കി രോഗീസൗഹൃദവും മികവിന്റെ കേന്ദ്രങ്ങളുമാക്കി വരികയാണ്. നിപ വൈറസ് ബാധ, പ്രളയം, ഓഖി എന്നീ സമയങ്ങളില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് നടത്തിയ പ്രവര്‍ത്തനങ്ങള്‍ എടുത്ത് പറയേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി.

ശിശു മരണനിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്.1000ത്തില്‍ 6 കുട്ടികള്‍ മാത്രമാണ് ജനിച്ചു ഒരു മസത്തിനകം മരിക്കുന്നത്. അതേ സമയം ശിശുമരണ നിരക്ക് ഏറ്റവും ഉയര്‍ന്ന സംസ്ഥാനങ്ങള്‍ ഉത്തര്‍പ്രദേശും, മധ്യപ്രദേശും, ഒഡിഷയുമാണ്. ഇതിനു പുറമെ പ്രതിരോധ കുത്തിവെപ്പ് 100ശതമാനം കൈവരിക്കാനും കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. ട്യൂബര്‍ കുലോസിസ് പ്രതിരോധിക്കാന്‍ കേരളം മികച്ച പ്രവര്‍ത്തനം നടത്തി. 2015 -16 കാലയളവില്‍ 139 ടിബി നിരക്ക് ആയിരുന്നത് 2017-18 കാലയളവില്‍ 67ലേക്ക് കുറക്കാന്‍ കേരളത്തിന് കഴിഞ്ഞിട്ടുണ്ട്. അതോടൊപ്പം ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലും, പ്രധാന ജീവനക്കാരുടെ ഒഴിവ് നികത്തുന്നതിലും മുന്നിട്ടു നില്‍ക്കുന്നതിനോടൊപ്പം പൊതുജന ആരോഗ്യ സംവിധാനങ്ങളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിലും കേരളം തന്നെയാണ് മുന്നില്‍ നില്‍ക്കുന്നത്.

ഇടുക്കിയില്‍ മദ്യവുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൊടുപുഴ -വെങ്ങല്ലൂര്‍ സ്വദേശി ഇസ്മയിലാണ് മരിച്ചത്. കുളമാവ്-നാടുകാണി റോഡില്‍ അയ്യാക്കാട് വെച്ചായിരുന്നു അപകടം.

ഒളമറ്റത്ത് നിന്ന് ബിയറുമായി പോയ ലോറി നിയന്ത്രണം വിട്ട് അപകടത്തില്‍ പെടുകയായിരുന്നു. ലോറിക്കടിയില്‍പ്പെട്ട ഇസ്മയിലിനെ കുളമാവ് എസ് ഐ പി എസ് നാസറിന്റെ നേതൃത്വത്തില്‍ മൂലമറ്റത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ലോറി മറിഞ്ഞതിനെ തുടര്‍ന്ന് മദ്യക്കുപ്പികളും ചിതറിയ നിലയിലാണ്. മദ്യക്കുപ്പികള്‍ക്ക് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം തുമ്പ എസ്.ഐക്കെതിരെ പീഡനത്തിന് കേസെടുത്തു. കൊല്ലം ആയൂര്‍‍ സ്വദേശിയായ വീട്ടമ്മ നല്‍കിയ പരാതിയിലാണ് നടപടി. എന്നാല്‍ വ്യാജപരാതിയെന്ന സംശയത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു. തുമ്പ എസ്.ഐ സുമേഷ് ലാലിനെതിരെയാണ് മാനഭംഗക്കുറ്റം ചുമത്തി കേസെടുത്തത്. കൊല്ലം ആയൂര്‍ സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സുമേഷ് ലാല്‍ വിവിധയിടങ്ങളിലെത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അതിന് ശേഷം ഭീഷണിപ്പെടുത്തിയെന്നും പറയുന്നു. മ്യൂസിയം സ്റ്റേഷനിലെത്തി പരാതിയും മൊഴിയും നല്‍കിയതോടെയാണ് കേസെടുത്തത്.

രണ്ട് ദിവസം മുന്‍പ് പരാതിക്കാരി ഫേസ്ബുക്കിലൂടെ ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു. സുമേഷാണ് ആത്മഹത്യക്ക് കാരണമെന്നും എഴുതിയിരുന്നു. ഇത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കാന്‍ ശ്രമിച്ചു. ഇതിന് ശേഷമാണ് പരാതിയുമായി രംഗത്തെത്തിയത്. എന്നാല്‍ പരാതി പൂര്‍ണമായും സത്യമാണോയെന്ന് സംശയമുണ്ടെന്നാണ് പൊലീസിന്റെ നിലപാട്. അതുകൊണ്ട് വിശദമായ അന്വേഷണത്തിന് ശേഷം തുടര്‍നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു.

ജോൺസൺ ജോസഫ് , സെക്രട്ടറി , മലങ്കര കൗൺസിൽ  
 

ബെർമിങ്ഹാം : ആഗോള കത്തോലിക്കാ സഭയിൽ മലങ്കര കത്തോലിക്കാ സഭ നിർവഹിക്കുന്ന സഭൈക്യ ശുശ്രൂഷ വളരെ പ്രാധാന്യമർഹിക്കുന്നു. ദൈവദാസൻ മാർ ഈവാനിയോസ് മെത്രാപ്പോലീത്താ തുടങ്ങിവച്ച ശുശ്രൂഷകൾ ലോകം മുഴുവനും മാതൃകയാണ്. മലങ്കര കത്തോലിക്കാ സഭ ഇംഗ്ലണ്ടിലും പ്രത്യേകമായി ബെർമിങ്ഹാം അതിരൂപതയിലും നിർവഹിക്കുന്ന ശുശ്രൂഷകളിൽ സന്തോഷിക്കുന്നു. സീറോ മലങ്കര കത്തോലിക്കാ സഭ യുകെ റീജിയൺ ഏഴാമത് കൺവെൻഷൻ വോൾവർഹാംറ്റണിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസജീവിതം, ആരാധനക്രമ പൈതൃകം, കുടുംബ പ്രാർത്ഥന, വിശ്വാസ പരിശീലനം എന്നിവ ഇവിടെ തുടരുകയും അതിലൂടെ കുട്ടികളെയും യുവജനങ്ങളെയും യേശുക്രിസ്തുവിൽ നേടണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അത്യുന്നത കർദ്ദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ പ്രത്യേക പ്രതിനിധിയായി കൺവെൻഷനിൽ പങ്കെടുത്ത അപ്പോസ്തോലിക്ക് വിസിറ്റേറ്റർ യൂഹാനോൻ മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ഉദ്ഘാടന സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.ത്രിതൈ്വക ദൈവത്തിന്റെ മാതൃകയിൽ ഒരേമനസ്സോടെ കുടുംബജീവിതത്തെയും സഭാ ജീവിതത്തെയും പടുത്തുയർത്താൻ എല്ലാവരും പരിശ്രമിക്കണമെന്ന് അദ്ദേഹം വിശ്വാസികളെ ആഹ്വാനം ചെയ്തു.

സഭയുടെ യുകെ റീജിയൺ കോ-ഓർഡിനേറ്റർ ഫാ. തോമസ് മടുക്കംമൂട്ടിൽ സമ്മേളനത്തിൽ സ്വാഗതമാശംസിച്ചു. ബെർമിങ്ഹാം അതിരൂപത എത്തിനിക് ചാപ്ലിൻസി കോ-ഓർഡിനേറ്റർ മോൺസിഞോർ ഡാനിയേൽ, മലങ്കര കൗൺസിൽ വൈസ് പ്രസിഡന്റ് ജിജി ജേക്കബ്, സുശീല ജേക്കബ്, ജോൺസൺ ജോസഫ്, കൗൺസിൽ സെക്രട്ടറി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

രണ്ടു ദിനങ്ങളിലായി ക്രമീകരിച്ച കൺവെൻഷൻ കതോലിക്കാ പതാക ഉയർത്തിയതോടെ ആരംഭം കുറിച്ചു. തുടർന്ന് നടന്ന വി. കുർബാനയ്ക്ക് ബിഷപ്പ് യൂഹാനോൻ മാർ തിയഡോഷ്യസ് മുഖ്യകാർമികത്വം വഹിച്ചു. മോൺസിഞോർ ഡാനിയേൽ, ഫാ. തോമസ് മടുക്കംമൂട്ടിൽ, ഫാ. രഞ്ജിത്ത് മഠത്തിപറമ്പിൽ, ഫാ. ജോൺ അലക്സ്, ഫാ. ജോൺസൺ മനയിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. മാതാപിതാക്കൾ, യുവജനങ്ങൾ, കുട്ടികൾ എന്നിവർക്കായി പ്രത്യേകം ക്രമീകരിച്ച സെമിനാറുകൾക്ക് ബിഷപ്പ് തീയോഡോഷ്യസ്, ഡീക്കൻ അനിൽ, മലങ്കര ചിൽഡ്രൻസ് മിനിസ്ട്രി ടീം, ജീസസ് യൂത്ത് നേതൃത്വം നൽകി. ‘കൃപ നിറയുന്ന കുടുംബങ്ങൾ’ എന്ന വിഷയമാണ് പ്രാർത്ഥനയ്ക്കും പഠനത്തിനുമായി വിധേയമാക്കിയത്. വിശുദ്ധ കുർബാനയുടെ ആരാധനയ്ക്ക് സെഹിയോൻ യുകെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ നേതൃത്വം നൽകി.

മിഷൻ കേന്ദ്രങ്ങളുടെ ആഭിമുഖ്യത്തിൽ ക്രമീകരിച്ച കലാവിരുന്ന് – ബഥാനിയ ഏറെ ശ്രദ്ധേയമായി. നാഷണൽ തലത്തിൽ സോഫിയാ ക്വിസ് മത്സരത്തിൽ സെന്റ് ആന്റണീസ് മിഷൻ വെസ്റ്റ് ലണ്ടനും സെന്റ് അൽഫോൻസാ മിഷൻ ബ്രിസ്റ്റോളും ഒന്നാം സ്ഥാനത്തിന് അർഹരായി. സെന്റ് മേരിസ് മിഷൻ മാഞ്ചസ്റ്റർ, സെന്റ് പോൾസ് മിഷൻ ക്രോയിഡനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. പ്രഥമമായി ക്രമീകരിച്ച ബെസ്റ്റ് സൺഡേസ്കൂൾ അവാർഡ് ബിഷപ്പ് തിയോഡേഷ്യസിൽ നിന്ന് സെന്റ് ജോസഫ് മിഷൻ ഈസ്റ്റ് ലണ്ടൻ കരസ്ഥമാക്കി. എ ലെവൽ, ജി.സി.സി പരീക്ഷകളിൽ പ്രശസ്തമായ വിജയം കൈവരിച്ച വിദ്യാർത്ഥികളെ പ്രത്യേകം ആദരിച്ചു.

മലങ്കര കത്തോലിക്കാ സഭയുടെ യുകെയിലെ 16 മിഷൻ കേന്ദ്രങ്ങളിൽ നിന്നുള്ള കുടുംബങ്ങൾ കൺവൻഷനിൽ പങ്കാളികളായി. സഭാ കോഡിനേറ്റർ ഫാ.തോമസ് മടുക്കംമൂട്ടിലിന്റെയും മറ്റു വൈദികരുടെയും നേതൃത്വത്തിൽ മലങ്കര കാത്തലിക് കൗൺസിൽ രണ്ടു ദിനങ്ങളിലെ കൺവെൻഷൻ ക്രമീകരണങ്ങൾക്ക് മുഖ്യപങ്കുവഹിച്ചു.

 

ബെൽഫാസ്റ്റ് ∙ വടക്കന്‍ അയര്‍ലന്‍ഡില്‍ കാറപകടത്തില്‍ മരിച്ച ഷൈമോൾ തോമസിന്റെ (37) മൃതദേഹം ചൊവ്വാഴ്ച്ച (ജൂൺ 25 ന്) പൊതുദർശനത്തിന് വച്ചപ്പോൾ ദുഖത്തോടെ യുകെ യിലെ മലയാളി സമൂഹം അന്ത്യോപചാരമർപ്പിച്ചു . ബെൽഫാസ്റ്റ് റവൻഹിൽ ഫ്യൂണറൽ ഡയറക്ടേഴ്സിൽ ഉച്ചയ്ക്ക് 1 മുതൽ 5 വരെയായിരുന്നു പൊതുദർശനം. കഴിഞ്ഞ വെള്ളിയാഴ്ച്ച വൈകിട്ട് ബാലിമന A-26 റോഡിലാണ് വാഹനാപകടം ഉണ്ടായത്.

ആൻട്രിം ഏരിയാ ഹോസ്പിറ്റലിലെ നഴ്സ് നെൽസൺ ജോണിന്റെ ഭാര്യയാണ് ഷൈമോൾ. വൈക്കം ബ്രഹ്മമംഗലം വരിക്കാംകുന്ന് തടത്തിൽ (വീണപറമ്പിൽ) കുടുംബാംഗമാണ് നെൽസൺ. പാല കടപ്ലാമറ്റം മാറിടം രാമച്ചനാട്ട് തോമസ് മാത്യൂ– മേരി ദമ്പതികളുടെ മകളാണ് ഷൈമോൾ. മക്കൾ: ലിയോണ, റിയാന, ഈഡൻ.

ഷൈമോളുടെ നിര്യാണത്തിൽ ഈസ്റ്റ് ആൻട്രിം എംപി ഇയാൻ പെയ്സിലി അനുശോചിച്ചു.

ഉത്തർപ്രദേശിലെ മഥുരയിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. മരണത്തിൽ ദുരൂഹത ആരോപിച്ച് മകൻ ചെങ്ങന്നൂർ പൊലീസിൽ പരാതി നൽകി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമന്റെ (55) മരണത്തിലാണ് ബന്ധുക്കൾ ദുരൂഹതയുണ്ടെന്ന് പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നാണ് ഇദ്ദേഹം പുറപ്പെട്ടത്. മഥുര വൃന്ദാവൻ ആശ്രമത്തിലേക്കുള്ള വെച്ചൂർ പശുക്കളുമായാണ് വിക്രമൻ യാത്ര പോയത്. 21 നു ഡൽഹിയിലെത്തിയ വിക്രമൻ, തനിക്ക് സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപത്രിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും മക്കളെ ഫോണിൽ വിളിച്ച് പറഞ്ഞു.

ഇദ്ദേഹം 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. തന്നെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുണിനോട് ദില്ലിയിലെത്താൻ വിക്രമൻ നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ദില്ലിയിലെത്തി. ആശ്രമം അധികൃതരെ ബന്ധപ്പെട്ടപ്പോൾ അരുണിനോട് ആശ്രമത്തിലേക്ക് വരേണ്ടതില്ല, മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിക്കാം എന്നാണ് മറുപടി ലഭിച്ചത്. ഈ ഘട്ടത്തിൽ മാത്രമാണ് അച്ഛൻ മരിച്ച കാര്യം അരുൺ അറിയുന്നത്.

തിങ്കളാഴ്ച പുലർച്ചെ മൃതദേഹം വിമാനമാർഗ്ഗം നാട്ടിലെത്തിച്ചു. ചെങ്ങന്നൂർ പൊലീസ് മൃതദേഹത്തിൽ ഇൻക്വസ്റ്റ് നടത്തി. മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അതേസമയം ഇൻക്വസ്റ്റിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്ന് ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പ്രതികരിച്ചു. പോസ്റ്റുമോർട്ടം കഴിഞ്ഞാൽ മാത്രമേ അസ്വാഭാവികത ഉണ്ടോയെന്ന് പറയാനാകൂ എന്നും ഇദ്ദേഹം വ്യക്തമാക്കി. രമയാണ് വിക്രമന്റെ ഭാര്യ. വിദ്യ മകളാണ്.

ജീവനൊടുക്കിയ ആന്തൂരിലെ പ്രവാസി വ്യവസായി സാജന്‍റെ ഡയറി കണ്ടെത്തി. ആത്മഹത്യയിലേക്ക് നിര്‍ണായക തെളിവായേക്കാവുന്ന ഡയറിയാണ് അന്വേഷണ സംഘം സാജന്‍റെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ കണ്ടെടുത്തതെന്നാണ് അറിയുന്നത്. ആത്മഹത്യയ്ക്ക് മുന്‍പ് എഴുതിയ കാര്യങ്ങളാണ് ഡയറിയിലുള്ളതെന്നാണ് സൂചന.

കണ്‍വെന്‍ഷന്‍ സെന്ററിന്റെ നിര്‍മ്മാണ കാര്യങ്ങള്‍ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നഗരസഭാ ഉദ്യോഗസ്ഥരുടെ പീഡനങ്ങളെക്കുറിച്ചും ഡയറിയില്‍ പരാമര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. വ്യക്തിപരമായി സാജൻ നേരിട്ട പ്രതിസന്ധികളും ഡയറിയിൽ പരാമർശിക്കുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിച്ച കാരണങ്ങളിലേക്ക് വിരൽ ചൂണ്ടുന്നതാകും ഡയറി. ഡറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാകും അന്വേഷണം മുന്നോട്ട് പോവുക. പി കെ ശ്യാമളയെ ചോദ്യം ചെയ്യുന്നതിലടക്കമുള്ള തീരുമാനവും പിന്നീടാകും.

അതേസമയം, കണ്‍വെന്‍ഷന്‍ സെന്‍ററിന് നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ അനുമതി ലഭിച്ചേക്കും.ആന്തൂർ നഗരസഭാ ഓഫീസിലും പരിശോധന നടന്നു. ഉദ്യോഗസ്ഥർ സസ്പെൻഡ് ചെയ്യപ്പെട്ട സാഹചര്യത്തിൽ നഗരസഭാ സെക്രട്ടറിയായി മട്ടന്നൂർ നഗരസഭാ സെക്രട്ടറിയും മുനിസിപ്പൽ എഞ്ചിനിയറായി തളിപ്പറമ്പ് മുനിസിപ്പൽ എഞ്ചിനിയറും താൽക്കാലിക ചുമതലയേറ്റു.

Copyright © . All rights reserved