ആലപ്പുഴ ചേർത്തലയിൽ ഒന്നേകാൽ വയസുമാത്രം പ്രായമുള്ള പെൺകുട്ടിയെ ശ്വാസംമുട്ടിച്ചു കൊന്നത് അമ്മയാണെന്ന് തെളിഞ്ഞു. പട്ടണക്കാട് കൊല്ലംവെള്ളി കോളനിയിൽ ഷാരോണിന്റെ ഭാര്യ ആതിരയുടെ അറസ്റ്റ് പോലിസ് രേഖപ്പെടുത്തി. കൊലയ്ക്ക് കാരണമെന്താണെന്നു പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്താൻ കഴിഞ്ഞില്ലെന്നു ചേർത്തല എഎസ്പി പറഞ്ഞു. രണ്ടു മാസം മുൻപ് ഭർത്താവിന്റെ അമ്മയെ ആക്രമിച്ച കേസിൽ കുഞ്ഞിനൊപ്പം 6 ദിവസം റിമാന്‍ഡില്‍ ആയിരുന്നു ആതിര.
ശ്വാസം മുട്ടിയാണ് കുട്ടി മരിച്ചതെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വന്നതോടെയാണ് അന്വേഷണം അമ്മയിലേക്ക് തിരിഞ്ഞത്.
കുട്ടിയുടെ സംസ്കാരത്തിന് തൊട്ടുപിന്നാലെ ഉച്ചയ്ക്ക് ആതിരയെ കസ്റ്റഡിയിൽ എടുത്തു. ഭർത്താവ് ഷാരോണിനെയും ഭർതൃ മാതാപിതാക്കളെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. മൂന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ് ആതിര കുറ്റംസമ്മതിച്ചത്. ആതിര കുഞ്ഞിനെ ഉപദ്രവിച്ചിരുന്നതായി ഭർതൃ മാതാവ് കുറ്റപ്പെടുത്തി .ഇന്നലെ ഉച്ചയോടെയാണ് വീട്ടിലെ കിടപ്പു മുറിയിൽ കുട്ടി ബോധരഹിതയായി കിടക്കുന്നു എന്നകാര്യം അമ്മ ആതിര അയൽവാസികളെ അറിയിക്കുന്നത്. ചേർത്തല ആശുപത്രിയിൽ എത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു.
സംഭവത്തിൽ മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നുള്ള അന്വേഷണത്തിനാണു നീക്കം. ആതിര ആദിഷയെ കൈ കൊണ്ടു ശ്വസം മുട്ടിച്ചു കൊന്നെങ്കിൽ എന്തെങ്കിലും പാടുകൾ കുഞ്ഞിന്റെയോ അമ്മയുടെയോ ദേഹത്തുണ്ടാകും. തലയിണ ഉപയോഗിച്ചു ശ്വാസം മുട്ടിക്കാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്.
മരിച്ച ശേഷം ആശുപത്രിയിലെത്തിച്ചതിനാൽ പോസ്റ്റ്മോർട്ടം വേണമെന്നും മരണത്തിൽ സംശയമുണ്ടെന്നും ഡോക്ടർ റിപ്പോർട്ട് നൽകിയിരുന്നു. തുടർന്നു പട്ടണക്കാട് എസ്ഐ അമൃതരംഗന്റെ നേതൃത്വത്തിൽ പൊലീസ് എത്തി ഇൻക്വസ്റ്റ് തയാറാക്കി. പൊലീസ് സർജന്റെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം നടത്തിയതോടെയാണു കൊലപാതകം സ്ഥിരീകരിക്കപ്പെട്ടത്.
അമ്മയുടെ കൈകൊണ്ടു കൊല്ലപ്പെട്ട ഒന്നേകാൽ വയസ്സുകാരി ആദിഷ 8 മാസം പ്രായമുള്ളപ്പോൾ താൻ ചെയ്യാത്ത കുറ്റത്തിന് അമ്മയോടൊപ്പം ജയിൽ ശിക്ഷയും അനുഭവിച്ചു. കുടുംബവഴക്കിനെത്തുടർന്നു ഭർതൃമാതാവ് പ്രിയയെ ചിരവ കൊണ്ട് അടിച്ച കേസിലാണു പട്ടണക്കാട് കൊല്ലംവെളി കോളനിയിൽ ആതിരയും ഭർത്താവ് ഷാരോണും ആലപ്പുഴ സബ് ജയിലിൽ റിമാൻഡ് ചെയ്യപ്പെട്ടത്. ആദിഷയെ ജയിലിലേക്കു കൊണ്ടുപോകരുതെന്നും താൻ നോക്കിക്കൊള്ളാമെന്നും പ്രിയ ഉൾപ്പെടെയുള്ളവർ പറഞ്ഞെങ്കിലും ആതിര സമ്മതിച്ചില്ല. തുടർന്നാണ് ആദിഷയും ജയിൽവാസം അനുഭവിക്കേണ്ടി വന്നതെന്നു നാട്ടുകാർ പറയുന്നു.
ആദിഷയെ ആതിര പതിവായി ഉപദ്രവിക്കുന്നെന്ന പ്രിയയുടെ പരാതിയിൽ ഒന്നിലേറെത്തവണ പട്ടണക്കാട് പൊലീസ് നടപടിയെടുത്തിട്ടുണ്ട്. ഷാരോണും ആതിരയും മാതാപിതാക്കളുമായി വഴക്കു പതിവാണെന്നും നാട്ടുകാർ പറയുന്നു. ഷാരോണിന്റെ മാതാപിതാക്കളായ പ്രിയ, ബൈജു, ബൈജുവിന്റെ അമ്മ ശ്യാമള എന്നിവരാണ് ഇവരെക്കൂടാതെ വീട്ടിൽ താമസിക്കുന്നത്. ആതിരയും ഷാരോണും പ്രിയയും പീലിങ് ഷെഡ് തൊഴിലാളികളാണ്.
നാട്ടുകാരുടെ വാക്കുകളിലും കണ്ണീർനനവ് ‘ആ കുഞ്ഞിനെ കണ്ടാൽ ആരായാലും ഒന്നു നോക്കിപ്പോകും. എന്നിട്ടാണ് പെറ്റ തള്ള തന്നെ ഇങ്ങനെ…’ നാട്ടുകാരുടെ വാക്കുകളിൽ രോഷമാണ്. കൊല്ലംവെളി കോളനിയിലെ അടുത്തടുത്ത വീടുകളിലെല്ലാം ആദിഷ എത്തിയിരുന്നു. നിറഞ്ഞു ചിരിക്കുന്ന കുഞ്ഞിനെക്കുറിച്ചു എല്ലാവർക്കും പറയാനേറെ. പലരുടെയും വാക്കുകളിൽ കണ്ണീർ നനവ്. ഇന്നലെ ഉച്ചയോടെ ആദിഷയുടെ സംസ്കാരം നടത്തിയപ്പോഴും പ്രദേശവാസികൾ എല്ലാമെത്തിയിരുന്നു. അവിശ്വസനീയതയോടെയാണു പലരും കുഞ്ഞിന്റെ മരണം കൊലപാതകമെന്നു തിരിച്ചറിഞ്ഞത്.അമ്മ കുറ്റം സമ്മതിച്ചുവെന്നറിഞ്ഞപ്പോൾ ചിലരുടെ രോഷം അണപൊട്ടി. അപ്പോഴും എന്തിനാണു കുഞ്ഞിനെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഉത്തരം കിട്ടാതെ നിന്നു.
നാഗമ്പടത്തെ പഴയ റെയിൽവേ മേൽപാലത്തിൽ രണ്ടു വട്ടം നിയന്ത്രിത സ്ഫോടനം നടത്തിയിട്ടും പാലം പൊളിക്കാൻ കഴിഞ്ഞ ദിവസം കഴിഞ്ഞിരുന്നില്ല. ഇതോടെ സ്ഫോടനം നടത്തി പാലം പൊളിക്കാനുള്ള ശ്രമം റെയിൽവേ കഴിഞ്ഞ ദിവസം വൈകിട്ടോടെ ഉപേക്ഷിച്ചു. 6 മണിക്കൂറിനിടെ രണ്ടു വട്ടം സ്ഫോടനം നടത്തിയെങ്കിലും പാലത്തിന്റെ ഒരു ശതമാനം പോലും തകർന്നില്ല. തുടർന്ന് രാത്രി 9 മണിയോടെ കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു. പാലം തകർക്കുമ്പോഴുള്ള അവശിഷ്ടങ്ങൾ പാളത്തിലേക്ക് വീഴുമെന്നതിനാൽ രാവിലെ 9 മുതൽ ട്രെയിൻ ഗതാഗതം തടഞ്ഞു.
1955 ൽ നിർമ്മിച്ച നാഗമ്പടത്തെ റയിൽവേ മേൽപാലം പണിയുമ്പോൾ കോട്ടയത്ത് റെയിൽവേയിൽ അസിസ്റ്റന്റ് എൻജിനീയറായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട മെട്രോ മാൻ ഇ ശ്രീധരൻ. പാലം നിർമാണത്തിൽ അദ്ദേഹത്തിനും പങ്കുണ്ടായിരുന്നു. ‘നല്ല കരുത്തുള്ള പാലമാണത്. 2 തവണ ശ്രമിച്ചിട്ടും പാലം പൊളിക്കാൻ സാധിക്കുന്നില്ല എന്നതു തന്നെ പാലത്തിന്റെ കരുത്തിനെ കാണിക്കുന്നതാണ്’ ഇ ശ്രീധരൻ പറഞ്ഞു.
വിദേശങ്ങളിലൊക്കെ നിഷ്പ്രയാസം പാലം തകർക്കാനുള്ള സംവിധാനങ്ങളും തന്ത്രങ്ങളുമുണ്ട്. അത് ഇവിടെ പരീക്ഷിക്കാവുന്നതാണ്. മൾട്ടിപ്പിൾ ബ്ലാസ്റ്റിങ് എന്ന രീതിയാവും പാലം തകർക്കാൻ നല്ലത് എന്നും അദ്ദേഹം പറഞ്ഞു. ഒരേ സമയം 40– 50 ഇടങ്ങളിൽ ഡയനാമിറ്റ് വച്ച് അയൽ കെട്ടിടങ്ങൾക്കു കേടില്ലാതെ പാലം പൊളിക്കാവുന്ന രീതി ഫലപ്രദമാകുമെന്നുറപ്പാണന്നും ഇ ശ്രീധരൻ പറഞ്ഞു.
തിരൂപ്പൂരിലെ മാക്‌ലിങ്ക് ഇൻഫ്രാ പ്രൊജക്ട്സ് എന്ന സ്ഥാപനമാണു പാലം പൊളിക്കാൻ 35 ലക്ഷം രൂപയുടെ കരാർ എടുത്തത്. പൊളിക്കൽ പരാജയപ്പെട്ടതോടെ കമ്പനിക്കു പണം ലഭിക്കില്ല. ഇതേ കമ്പനി 2016ൽ ചെന്നൈയിൽ മൗലിവാക്കത്ത് അപകടാവസ്ഥയിലായിരുന്ന 11നില കെട്ടിടം നിയന്ത്രിത സ്ഫോടനത്തിൽ പൊളിച്ചിരുന്നു. പാലം പൊളിക്കൽ പരാജയപ്പെട്ടതു സംബന്ധിച്ചു കലക്ടർ പി.കെ. സുധീർ ബാബു റെയിൽവേയോടും കരാർ കമ്പനിയോടും വിശദീകരണം തേടി.
ട്രെയിന്‍ ഗതാഗതം ചുരുങ്ങിയ സമയം തടസപ്പെടുത്തി പാലം പൊളിച്ചുനീക്കാനുള്ള ആലോചനകളാണ് നിയന്ത്രിത സ്ഫോടനമെന്ന ആശയത്തില്‍ കലാശിച്ചത്. പാലം തകര്‍ക്കാനുള്ള രണ്ട് ശ്രമങ്ങളും പരാജയപ്പെട്ടതോടെ സ്ഫോടനമെന്ന ആശയം റെയില്‍വെ പൂര്‍ണമായും ഉപേക്ഷിച്ചു. ഒരിക്കൽ പരാജയപ്പെട്ട മാർഗം വീണ്ടും സ്വീകരിക്കരുതെന്നാണു റെയിൽവേ ചട്ടം. ഇതോടെ പാലം പൊളിക്കാന്‍ മറ്റു മാര്‍ഗങ്ങളാണ് റെയില്‍വെ പരിഗണിക്കുന്നത്. ക്രെയിനിന്‍റെ സഹായത്തോടെ പാളത്തിന് മുകളില്‍ നിന്ന് പാലം പൊക്കി മാറ്റിയ ശേഷം പൊളിച്ചു നീക്കുകയാണ് ഒരു വഴി. പാലത്തിന്റെ അടിയിൽ മറ്റൊരു താങ്ങ് നല്‍കിയ ശേഷം മെല്ലെ പൊളിച്ചു നീക്കുകയാണ് രണ്ടാംമാര്‍ഗം. പാലം മുറിച്ച് രണ്ടാക്കി മാറ്റി ക്രെയിനുകളുടെ സഹായത്തോടെ മാറ്റി പൊളിച്ചു നീക്കാനും പദ്ധതിയുണ്ട്.
ഘട്ടം ഘട്ടമായി ഗതാഗതം നിയന്ത്രിച്ച് പാലംപൊളിക്കാനുള്ള സാധ്യതകളാണ് റെയില്‍വെ നോക്കുന്നത്. പാലം പൊളിക്കൽ പൊളിഞ്ഞതു സംബന്ധിച്ച് കൊച്ചിയിലെ റെയിൽവേ എൻജിനീയറിങ് വിഭാഗം ചീഫ് ബ്രിജ് എൻജിനീയർക്കു റിപ്പോർട്ടു നൽകും. പാലം സ്ഫോടനത്തിലൂടെ പൊളിക്കാന്‍ തിരുപ്പൂര്‍ ആസ്ഥാനമായ കമ്പനിക്ക് 35ലക്ഷം രൂപയ്ക്കാണ് കരാര്‍ നല്‍കിയത്. ശ്രമം പരാജയപ്പെട്ടതോടെ റെയില്‍വെ പണം നല്‍കില്ല. പാലത്തില്‍ സ്ഥാപിച്ച സ്ഫോടകവസ്തുക്കളെല്ലാം പൂര്‍ണമായും നീക്കം ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് പാലത്തിന് നേരിയതോതില്‍ ബലക്ഷയമുണ്ടായിട്ടുണ്ട്. ഇത് പരിഗണിച്ച് വേഗത കുറച്ചാണ് ട്രെയിനുകള്‍ കടത്തിവിടുന്നത്.
ഇന്‍ഡിഗോ എയർലൈൻസ് ദോഹയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തുന്നു. മെയ് ഒന്നു തുടങ്ങി മൂന്നു മാസത്തേക്ക് സർവീസുണ്ടാകില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ജെറ്റ് എയർവെയ്സിനു പിന്നാലെ ഇൻഡിഗോയും സർവീസ് നിർത്തുന്നത് പ്രവാസികൾക്ക് തിരിച്ചടിയാണ്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലേക്കാണ് നിലവില്‍ ദോഹയില്‍ നിന്നു കേരളത്തിലേക്കു ഇന്‍ഡിഗോ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരം, അഹ്മദാബാദ് സർവീസുകൾ താൽക്കാലികമായാണ് നിർത്തുന്നതെന്നും മൂന്നു മാസത്തിനകം പുനരാരംഭിക്കുമെന്നാണ് കമ്പനിയുടെ വിശദീകരണം. വാണിജ്യകാരണങ്ങളാലാണ് തീരുമാനമെന്നും കമ്പനി വ്യക്തമാക്കുന്നു.
നിരക്കിളവുള്ളതിനാൽ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്നത് ഇൻഡിഗോ സർവീസുകളെയാണ്. വേനലവധിക്കാലമായതിനാൽ ഒട്ടേറെ യാത്രക്കാർ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നു. എന്നാൽ, മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്ക് യാത്ര മാറ്റാനാണ് കമ്പനി അധികൃതർ ആവശ്യപ്പെടുന്നത്. ഇതു കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് പ്രവാസികളുടെ ആശങ്ക. പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലേയും കന്യാകുമാരി അടക്കമുള്ള സമീപപ്രദേശങ്ങളിലേയും പ്രവാസികൾക്ക് തിരിച്ചടിയാണ് ഇൻഡിഗോ സർവീസ് നിർത്തുന്നത്.
കൂറ്റൻ തിമിംഗിലത്തിന്റെ ജഡം ചാവക്കാട് ബീച്ചില്‍ കരയ്ക്കടിഞ്ഞു. എടക്കഴിയൂര്‍ തെക്കേമദ്രസയില്‍ വെള്ളിയാഴ്ച അര്‍ധരാത്രിയോടെയാണ് തിമിംഗിലത്തിന്റെ ജഡം തിരയ്‌ക്കൊപ്പം കരയ്ക്കടിഞ്ഞത്. 25 അടി നീളവും 15 അടി വീതിയുമുള്ള തിമിംഗിലത്തിന് 10 ടണ്ണിനടുത്ത് ഭാരമുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
കാറ്റിന്റെ ഗതി കരയിലേക്കായതിനാലാണ് ഇത് കരയ്ക്കടിഞ്ഞതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. താവക്കാട് പുന്നയൂര്‍ പഞ്ചായത്ത് ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് കരയിലേക്ക് വലിച്ചുകയറ്റി. ഏറെ നേരം ശ്രമപ്പെട്ടാണ് ജഡം തീരത്തുനിന്ന് കയറ്റിയത്. തുടര്‍ന്ന് കരയില്‍ കുഴിയെടുത്ത് ജഡം മറവുചെയ്തു.
ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ സുരേഷ് കല്ലടയ്ക്ക് ക്ലീന്‍ ചിറ്റില്ല. സുരേഷ് കല്ലടയുടെ പങ്ക് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് പറഞ്ഞു. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുമെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം കല്ലട ബസില്‍ യാത്രക്കാരെ ആക്രമിച്ച കേസിൽ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളിലുള്ളവരെ പിടികൂടിക്കഴിഞ്ഞുവെന്നും തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണർ പറഞ്ഞു.
സംഭവം നടന്ന കൊച്ചി വൈറ്റിലയിലെ സുരേഷ് കല്ലട ഓഫീസിന് സമീപത്താണ് തെളിവെടുപ്പ്. ഇതിനായി പ്രതികളെ എഴുപേരെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
അന്വേഷണ ചുമതലയുള്ള തൃക്കാക്കാര അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രതികളെ ഇന്നലെ ചോദ്യം ചെയ്തു. അക്രമത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി ഇരകളായവരുടെ മൊഴിയുണ്ട്. ഇവർ ആരൊക്കെ എന്നത് സംബന്ധിച്ചും പ്രതികളിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
കൊച്ചി: ബസിനുള്ളില്‍ നിന്ന് വലിച്ചിറക്കി യാത്രക്കാരെ മര്‍ദ്ദിച്ച സംഭവത്തില്‍ കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസില്‍ ഇന്ന് തെളിവെടുപ്പ്. കേസില്‍ റിമാന്‍ഡിലായ പ്രതികളെ ഓഫീസിലെത്തിച്ചായിരിക്കും തെളിവെടുപ്പ് നടത്തുക. ഏഴു പേരാണ് കേസില്‍ റിമാന്‍ഡിലായത്. ഇവരെ നാലു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇവരെ വിശദമായി ചോദ്യം ചെയ്യും.
ചൊവ്വാഴ്ച വരെയാണ് ഇവരുടെ കസ്റ്റഡി കാലാവധി. യാത്രക്കാരെ ആക്രമിച്ചതിനു പിന്നില്‍ ഗൂഢാലോചനയുണ്ടോ എന്നതാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തില്‍ കമ്പനി ഉടമ സുരേഷ് കല്ലടയെയും പോലീസ് ചോദ്യം ചെയ്തിരുന്നു. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിലാണ് ഹാജരായത്. രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്ന് ഹാജരാകാന്‍ ആവില്ലെന്ന് ആദ്യം സുരേഷ് കല്ലട ഒഴിവുകഴിവ് പറഞ്ഞെങ്കിലും പിന്നീട് പൊലീസ് നടപടി ഭയന്ന് ഹാജരാവുകയായിരുന്നു.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ് എന്നാണ് സുരേഷ് കല്ലട ആദ്യം പൊലീസിനെ അറിയിച്ചത്. ഇതോടെ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ മരട് സിഐയുടെ ഓഫീസില്‍ ഹാജരാകാനാണ് സുരേഷിന് നോട്ടീസ് നല്‍കിയിരുന്നത്.
ബിജോ തോമസ് അടവിച്ചിറ
ആത്മഹത്യക്ക് ശ്രമിച്ച യുവതിയെ സ്വന്തം ജീവൻ പോലും മറന്ന് പമ്പയാറ്റിൽ ചാടി രക്ഷിച്ചു ധീരനായി ഓട്ടോക്കാരനായ യുവാവ്. ഇന്നലെ രാവിലെ പത്തുമണിയോടെ പുളീംകുന്നു താലൂക്ക് ആശുപതിക്കു സമീപം പാലത്തിൽ നിന്നും യുവതി ആറ്റിൽ ചാടിയത്. ഒരുവർഷം മുൻപ് വിവാഹിതയായ യുവതി ഭർത്താവുമായുള്ള സൗന്ദര്യ പിണക്കം മൂലം ആത്മഹത്യ ചെയ്യാൻ ആറ്റിൽ ചാടിയത്.
പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ സിന്ഗ്നൽ കത്ത് കിടന്ന ഓട്ടോ ഡ്രൈവർ കായൽപുറം സ്വദേശി ഷിജോയുടെ ശ്രദ്ധയിൽപ്പെടുകയും ഉടൻ തന്നെ പാലത്തിന്റെ മധ്യത്തിലേക്ക് ഓടിയെത്തി പുറകെ ചാടി യുവതിയെ രക്ഷപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ മുടിയിൽ പിടുത്തം കിട്ടിയ ഷിജോ പാലത്തിന്റെ തൂണിൽ പിടിച്ചു കിടന്നതിനാൽ ആണ് രക്ഷപ്പെട്ടത്.
സംഭവം കണ്ടുകൊണ്ടിരുന്ന മറ്റു രണ്ടുപേരും കൂടി ആറ്റിൽ ചാടി യുവതിയെ പാലത്തിന്റെ ബീമിൽ കയറ്റി ഇരുത്തിയ ശേഷം വള്ളം എത്തിച്ചാണ് കരയിലെത്തിച്ചത്. തൊട്ടടുത്തുള്ള പുളിങ്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രാഥമിക ശിശുരൂഷകൾക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളജിലേക്ക് മാറ്റി. പുളിങ്കുന്ന് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു
ഹരിപ്പാട് പള്ളിപ്പാട് നീണ്ടൂർ മുറിയിൽ കൊണ്ടൂരേത്ത് പടീറ്റതിൽ രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പ്രതികളിലൊരാൾ കൊല്ലപ്പെട്ടയാളിന്റെ ബന്ധുക്കൾക്കൊപ്പം പരാതി നൽകാനെത്തി അന്വേഷണം വഴി തിരിച്ചുവിടാനും ശ്രമിച്ചു. പ്രതികളിലൊരാളായ രാജേഷാണ് പൊലീസിനെ വഴിതെറ്റിക്കാൻ വിദഗ്ധമായി ശ്രമിച്ചത്. വഴിത്തിരിവായതു സിസിടിവി ദൃശ്യങ്ങളും ഫോൺ കോൾ വിവരങ്ങളും. ഹരിപ്പാട്ട് പണമിടപാടു നടത്തിയിരുന്ന വിമുക്തഭടന്റെ തിരോധാനം കൊലപാതകമെന്നു തെളിഞ്ഞതിനു പിന്നിൽ പൊലീസിന്റെ പഴുതടച്ച അന്വേഷണം
രാജനെ (75) തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി കുഴിച്ചു മൂടിയത് ദൃശ്യം സിനിമയിലെ രംഗങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം. പ്രതികളായ ശ്രീകാന്ത്, രാജേഷ്, വിഷ്ണു എന്നിവർ ഒരാഴ്ചകൾക്കു മുമ്പ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തിരുന്നു. സിനിമാ രംഗവുമായി ബന്ധമുള്ള വിഷ്ണുവിനെ ശ്രീകാന്തും രാജേഷും സഹായത്തിനായി കൂടെ കൂട്ടുകയായിരുന്നു.
വണ്ടി ഇടിച്ച് കൊല്ലാനും, ക്വട്ടേഷൻ നൽകി കൊലപ്പെടുത്താനും പദ്ധതി തയ്യാറാക്കിയെങ്കിലും പിന്നീട് തട്ടികൊണ്ട് പോയി ക്ലോറോഫാം മണപ്പിച്ചശേഷം കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി ശ്രമിക്കുന്നതിനിടെ രാജൻ ക്ലോറോഫാം തട്ടി മാറ്റി. തുടർന്നാണു പിന്നിൽ നിന്നു വയറും തോർത്തും ഉപയോഗിച്ച് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയത്. ശേഷം കാറിന്റെ മുമ്പിലെ സീറ്റ് പിന്നിലേക്ക് ചായ്ച്ച് സീറ്റ് ബെൽറ്റ് ഇട്ട് രാജനെ കിടത്തി ഹരിപ്പാട് നഗരത്തിലൂടെ പല തവണ സഞ്ചരിച്ചു.സന്ധ്യയോടെ രാജേഷിന്റെ വീടിനു സമീപം എത്തിച്ച് പിൻസീറ്റുകളുടെ ഇടയിലായി ബെഡ്ഷീറ്റ് ഉപയോഗിച്ചു മൃതദേഹം ഒളിപ്പിച്ചു
രാത്രിയോടെ കുരീക്കാട് ജംക്‌ഷനു സമീപം എത്തി. ഇവിടെയുള്ള പാടത്ത് കുഴിച്ച് മൂടാനായിരുന്നു തീരുമാനം. എന്നാൽ മഴ പെയ്തു വെള്ളം കയറി മൃതദേഹം പുറത്ത് വരുമെന്നതിനാൽ ഉപേക്ഷിച്ചു. തുടർന്നു പാടത്തിനു സമീപത്തെ ആൾ താമസമില്ലാത്ത മതിൽകെട്ടുള്ള വീട് തിരഞ്ഞെടുത്തു.
മൃതദേഹം പാടത്തുകൂടി കൊണ്ടുപോയി മതിലിന് മുകളിൽ കൂടി പറമ്പിലേക്കിട്ടു.തുടർന്നു കുഴിയെടുത്തു മൂടി മുകളിൽ ഹോളോബ്രിക്സ് കട്ടകൾ വച്ചു. ഇവിടെ നികത്താനായി വീട്ടുകാർ ഗ്രാവൽ ഇറക്കിയിരുന്നു. ഗ്രാവൽ നിരത്തുന്നതോടെ ദൃശ്യം സിനിമയിലെ പോലെ അന്വേഷണം എങ്ങും എത്തില്ലെന്നായിരുന്നു കരുതിയത്. രാജനു ഫോൺ ചെയ്ത ശേഷം രാജേഷ് ഫോൺ വീട്ടിൽ തന്നെ വെച്ചാണു പുറപ്പെട്ടത്. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ നിന്നു രക്ഷനേടാനാണ് ഇങ്ങനെ ചെയ്തത്.
പിന്നീടു വിഷ്ണുവിന്റെ മൊബൈൽ ഫോണിൽ നിന്നാണു വിളിച്ചത്. ചോദ്യം ചെയ്യലിൽ നിന്നു വിദഗ്ധമായി ഒഴിഞ്ഞു മാറിയിരുന്ന പ്രതികൾ സിസിടിവി ദൃശ്യത്തിലെ കാർ കണ്ടെത്തിയതോടെ കുറ്റം സമ്മതിക്കുകയായിരുന്നു. രാത്രിയിൽ വീട് വളഞ്ഞാണ് മൂന്നു പ്രതികളെയും പിടികൂടിയത്. രാജേഷിന്റെ പുതിയ വീടിന്റെ ഗൃഹപ്രവേശച്ചടങ്ങുകൾ കഴിഞ്ഞ ദിവസമായിരുന്നു.
ചിറയിൻകീഴിൽ നിന്ന് ഒന്നര വർഷത്തോളം മുൻപാണ് രാജൻ പള്ളിപ്പാട്ട് ആദ്യ ഭാര്യയുടെ വീട്ടിൽ താമസത്തിനെത്തിയത്. രാജൻ കുറെക്കാലം വിദേശത്തും ജോലി ചെയ്തിരുന്നു. പലിശയ്ക്കു പണം കൊടുക്കാൻ തുടങ്ങിയ രാജനിൽ നിന്നു രാജേഷ് 25 ലക്ഷത്തോളം രൂപ കൈപ്പറ്റിയിരുന്നു
പലതവണ ആവശ്യപ്പെട്ടെങ്കിലും പലിശയോ മുതലോ നൽകിയില്ല. നിർബന്ധം മുറുകിയപ്പോഴാണു കഴുത്തിൽ കയർ മുറുക്കാനുള്ള തീരുമാനത്തിലേക്കു രാജേഷ് എത്തിയത്. സഹായത്തിന് സുഹൃത്തുക്കളായ ശ്രീകാന്തും വിഷ്ണുവുമെത്തി. പലിശ നൽകാമെന്നു പറഞ്ഞ് കഴിഞ്ഞ് 10 ന് ഉച്ചയ്ക്കു 2ന് രാജനെ രാജേഷ് വിളിച്ചുവരുത്തി. പിന്നീടു രാജനെപ്പറ്റി ഒരു വിവരവുമുണ്ടായിരുന്നില്ല.
കോട്ടയം നാഗമ്പടം പഴയ റെയില്‍വേ മേല്‍പ്പാലം പൊളിക്കാനായി രണ്ടു സ്ഫോടനം നടത്തിയിട്ടു ഫലമുണ്ടായില്ലെന്ന് വാര്‍ത്ത സൈബര്‍ ലോകത്ത് ചിരിപൂരം ഒരുങ്ങുന്നു. സോഷ്യല്‍ മീഡിയയില്‍ വിവിധ ട്രോളുകളാണ് ഇതുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്നലെ പാലം തകരാത്തതിനെ തുടര്‍ന്ന് പൊളിക്കാനുള്ള ശ്രമം റെയില്‍വേ ഉപേഷിച്ചു. പാലം പൊളിക്കാനുള്ള ദിവസവും സമയം പിന്നീട് അറിയിക്കുമെന്ന് റെയില്‍വേ അറിയിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12.40 നും വൈകിട്ട് 5.15നുമാണ് സ്ഫോടനം നടത്തിയത്. എന്നാല്‍ പാലത്തിന്റെ കൈവരികള്‍ മാത്രമാണ് തകര്‍ന്നുവീണത്. ഇതോടെ സ്ഫോടനം നടത്താനെത്തിയവരെ നാട്ടുകാര്‍ കൂവി ഓടിക്കുകയായിരുന്നു.
ഇന്ന് 11 മണിയോടെ നിയന്ത്രിത സ്‌ഫോടനത്തിലൂടെയാണ് പാലം പൊളിക്കാന്‍ ശ്രമം ആരംഭിച്ചത്. . പൊട്ടിത്തെറിക്കുന്നതിന് പകരം പാലം താഴേക്ക് ഇടിഞ്ഞ് വീഴുന്ന രീതിയിലാണ് പാലം പൊളിക്കാന്‍ ഉദേശിച്ചിരുന്നത്. . കോട്ടയം വഴി രാവിലെ മുതല്‍ വൈകിട്ട് 6.30 വരെ ട്രെയിന്‍ ഗതാഗതം നിര്‍ത്തിവെച്ചിരിക്കുകയാണ്.
എംസി റോഡില്‍ നാഗമ്പടം പാലത്തിലൂടെ രാവിലെ 11 മുതല്‍ 12 വരെ വാഹന ഗതാഗതം നിരോധിച്ചിരുന്നു പാലത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ കാല്‍നടയാത്ര നിരോധിച്ചിട്ടുണ്ട്. കോട്ടയം റൂട്ടിലെ 12 പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കി. 10 ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടുകയും ചെയ്തു.
പാലത്തിലും കോണ്‍ക്രീറ്റ് ബീമുകളിലും സുഷിരങ്ങളുണ്ടാക്കി സ്‌ഫോടക വസ്തു ഇന്നലെ നിറച്ചിരുന്നു. പാലം മുഴുവന്‍ രാത്രിയോടെ പ്ലാസ്റ്റിക് വല കൊണ്ടു മൂടിയിരുന്നു. സ്‌ഫോടനത്തിന്റെ പൊടി പുറത്തു വരാതിരിക്കാനാണ്.
പാശ്ചാത്യ നഗരങ്ങളില്‍ സുപരിചിതമായ നിയന്ത്രിത സ്‌ഫോടന സാങ്കേതിക വിദ്യ കേരളത്തില്‍ ആദ്യമായാണ് പരീക്ഷിക്കുന്നതെന്ന് അധികൃതര്‍ പറഞ്ഞു. തിരുപ്പൂര്‍ കേന്ദ്രമായ മാഗ് ലിങ്ക് ഇന്ഫ്രാ പ്രൊജക്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാണ് പാലം പൊളിക്കുന്നതിന്റെ കരാര്‍ ഏറ്റെടുത്തത്. വന്‍ കെട്ടിട സമുച്ചയങ്ങള്‍ പൊളിക്കാന്‍ ഉപയോഗിക്കുന്ന സുരക്ഷിതമായ ഇംപ്ലോസീവ് മാര്‍ഗമാണ് നാഗമ്പടത്തും നടപ്പാക്കിയത്. എന്നാല്‍ ഇതുകൊണ്ടൊന്നും പാലം കുലുങ്ങിയില്ല.
മണിപ്പൂരിലെ ഏറ്റവും പഴക്കമേറിയ രണ്ടാമത്തെ കത്തോലിക്കാ മിഷണറി സ്കൂളായ സുഖ്നുവിലെ സെന്റ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂളിന് സാമൂഹ്യവിരുദ്ധർ തീയിട്ടു. ആറു വിദ്യാർഥികൾക്കെതിരേ അച്ചടക്കനടപടി സ്വീകരിച്ചതിന്റെ പ്രതികാരമായിട്ടാണ് സ്കൂൾ അഗ്നിക്കിരയാക്കിയതെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. സ്കൂളിന്റെയും വിദ്യാർഥികളുടെയും സുപ്രധാനമായ രേഖകളും പഠനോപകരണങ്ങളും സൂക്ഷിച്ചിരുന്ന രണ്ടു മുറികൾ ഉൾപ്പെടെ 10 മുറികൾ പൂർണമായും കത്തിനശിച്ചു. ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. സ്കൂളിനും ക്ലാസ് ടീച്ചർക്കുമെതിരേ സാമൂഹ്യ മാധ്യമങ്ങളിൽ അപമാനകരമായ പോസ്റ്റിട്ടതിനാണ് ആറ് വിദ്യാർഥികൾക്കെതിരേ ഒരാഴ്ച മുന്‍പ് അധികൃതർ അച്ചടക്ക നടപടികൾ സ്വീകരിച്ചത്. എന്നാൽ, ഇവരെ ക്ലാസുകളിൽ ഇരിക്കാൻ അനുവദിച്ചിരുന്നുവെന്നു പ്രിൻസിപ്പൽ ഫാ. ഡോമിനിക് പറഞ്ഞു.
അച്ചടക്ക നടപടികളിൽ രോഷംപൂണ്ട ഒരു പ്രാദേശിക വിദ്യാർഥി സംഘടനയും ഇതിനു പിന്നിലുണ്ടെന്നു സംശയിക്കുന്നു. വിദ്യാർഥികൾക്കെതിരേ സ്വീകരിച്ച നടപടികൾ റദ്ദാക്കാൻ അവർ സമ്മർദം ചെലുത്തി വരുകയായിരുന്നു. സ്കൂൾ അഗ്നിക്കിരയാക്കിയത് തീവ്രവാദികളാണെന്നു പറഞ്ഞ സംസ്ഥാന മന്ത്രി ലെറ്റ്പാവോ ഹോക്കിപ്, സംഭവത്തെ ശക്തമായി അപലപിച്ചു. ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ മുഴുവൻ പിടികൂടി നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അവർക്ക് മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ പുനർനിർമിക്കാൻ എല്ലാ സഹായവും ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇംഫാലിൽ നിന്ന് 65 കിലോമീറ്റർ അകലെ ചാണ്ഡൽ ജില്ലയിലെ സുഖ്നുവിലെ ഇൗ സ്കൂളിൽ 1,400 വിദ്യാർഥികളുണ്ട്.