പ്രളയത്തിൽ അകപ്പെട്ടു ഹിമാചൽ പ്രദേശിൽ കുടുങ്ങി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സംഘം; രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫോൺ വിളിച്ചു, ഹൈബി ഈഡൻ

പ്രളയത്തിൽ അകപ്പെട്ടു ഹിമാചൽ പ്രദേശിൽ കുടുങ്ങി മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സംഘം; രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഫോൺ വിളിച്ചു, ഹൈബി ഈഡൻ
August 21 04:32 2019 Print This Article

കൊച്ചി: ഹിമാചൽ പ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യരെ രക്ഷിക്കണമെന്ന് ദിലീപും ആവശ്യപ്പെട്ടതായി ഹൈബി ഈഡൻ എംപി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഹൈബി ഇക്കാര്യം അറിയിച്ചത്. നടൻ ദിലീപാണ് തന്നെ വിളിച്ച് ഇക്കാര്യം അറിയിച്ചത്. രക്ഷപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടുവെന്ന് ഹൈബി ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.

ദിലീപിന്റെ കോളെത്തിയതിനുപിന്നാലെ കേന്ദ്ര ധനകാര്യ സഹമന്ത്രിയും ഹിമാചലിൽ നിന്നുള്ള എംപിയുമായ അനുരാഗ് താക്കൂറുമായി ബന്ധപ്പെട്ടുവെന്നും രക്ഷാ പ്രവർത്തനത്തിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും ഹൈബി ഈഡൻ പറയുന്നു.

ഹിമാചൽപ്രദേശിൽ കുടുങ്ങിയ മഞ്ജു വാര്യർ ഉൾപ്പെട്ട സംഘത്തെ രക്ഷപ്പെടുത്തിയെന്നും മണാലിയിലേക്ക് സംഘം തിരിച്ചതായി കേന്ദ്ര വിദേശ, പാർലമെന്ററി കാര്യ സഹമന്ത്രി വി. മുരളീധരന്റെ ഓഫീസ് അറിയിച്ചു. നേരത്തെ വിഷയത്തിൽ കേന്ദ്ര സഹമന്ത്രി വി.മുരളീധരൻ ഇടപെട്ടിരുന്നു. ഹിമാചൽ മുഖ്യമന്ത്രിയുമായി വി.മുരളീധരൻ സംസാരിച്ചിരുന്നു.

സംവിധായകൻ സനൽ കുമാർ ശശിധരന്റെ ‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയതായിരുന്നു മഞ്ജു വാര്യർ അടക്കമുളളം സംഘം. കനത്ത മഴയെ തുടർന്ന് സംഘം അവിടെ കുടുങ്ങുകയായിരുന്നു. മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരാണുളളത്.

മൂന്നാഴ്ച മുൻപാണ് സിനിമാ ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്‌വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചയായി ഇവിടെ ശക്തമായ മഴയാണ് ലഭിക്കുന്നത്.

സഹോദരൻ മധു വാര്യരെ മഞ്ജു വാര്യർ ഇന്നലെ വിളിച്ചിരുന്നു. സാറ്റലൈറ്റ് ഫോണിലൂടെയാണ് സംസാരിച്ചത്. 15 സെക്കൻഡ് മാത്രമേ സംസാരിക്കാൻ കഴിഞ്ഞുളളൂ. രണ്ടു ദിവസത്തെ ഭക്ഷണം മാത്രമേ കൈയ്യിലുളളൂവെന്നാണ് മഞ്ജു സഹോദരനോട് പറഞ്ഞത്. 200 ഓളം പേർ ഇവിടെയുണ്ടെന്നും മഞ്ജു പറഞ്ഞിരുന്നു.

‘ചോല’ എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കയറ്റം’. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles