Kerala

സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കി വയനാട്ടില്‍ നിന്നും ഒരു ആദിവാസി പെണ്‍കുട്ടി. കുറിച്യ വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ സുരേഷ് ആണ് ഐഎഎസ് പരീക്ഷയില്‍ 410ാം റാങ്ക് നേടിയത്. കുറിച്യ വിഭാഗത്തില്‍ നിന്നും ഐഎഎസ് നേടുന്ന ആദ്യത്തെയാളാണ് ശ്രീധന്യ.

മകള്‍ക്ക് ഐഎഎസ് കിട്ടിയതില്‍ വളരെയധികം സന്തോഷമുണ്ടെന്ന് ശ്രീധന്യയുടെ അമ്മ കമല പറഞ്ഞു. വയനാട്ടിലെ ഓല മേഞ്ഞ കൂരയില്‍ നിന്ന് ഐഎഎസ് വരെ ശ്രീധന്യയെത്തിയത് വളരെയധികം കഷ്ടപ്പെട്ടാണെന്നും അമ്മ കമല. ശ്രീധന്യയുടെ വീട്ടിലേക്ക് അഭിനന്ദനപ്രവാഹവുമായി നാട്ടുകാര്‍ ഒന്നടങ്കം എത്തിയിട്ടുണ്ട്.

ശ്രീധന്യയെ കൂടാതെ ആര്‍ വിജയലക്ഷ്മി (29), രഞ്ജിനാ മേരി വര്‍ഗ്ഗീസ് (49), അര്‍ജുന്‍ മോഹന്‍(66) എന്നീ മലയാളികളും റാങ്ക് പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.ഐഐടി ബോബംബെയില്‍ നിന്ന് കന്യൂട്ടര്‍ ആന്‍ഡ് എന്‍ജിനീയറിംഗ് ബിരുദം നേടിയ കനിഷാക് കടാരിയക്കാണ് ഒന്നാം റാങ്ക്. വനിതകളില്‍ ശ്രുതി ജയന്ത് ദേശ്മുഖ് ഒന്നാമതെത്തി. ഓള്‍ ഇന്ത്യാ തലത്തില്‍ അഞ്ചാമതാണ് ശ്രുതിയുടെ റാങ്ക്.

ആദ്യ 25 റാങ്കുകാരില്‍ 15 പേര്‍ പുരുഷന്മാരും 10 പേര്‍ സ്ത്രീകളുമാണ്. 759 പേര്‍ നിയമനയോഗ്യത നേടി. ഇവരില്‍ 577 പുരുഷന്മാരും 182 പേര്‍ സ്ത്രീകളുമാണ്.
2018 ജൂണ്‍ മാസത്തിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്. പത്ത് ലക്ഷത്തോളം പേര്‍ എഴുതിയിരുന്നു.

ഐഎഎസ് നേടിയ ശ്രീധന്യ സുരേഷിന് ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫെയ്‌സ്ബുക്ക് പേജിലൂടെ അദ്ദേഹം ശ്രീധന്യയ്ക്ക് അഭിനന്ദനം അറിയിച്ചു.
സാമൂഹ്യ പിന്നോക്കാവസ്ഥയോട് പൊരുതി സിവില്‍ സര്‍വീസ് പരീക്ഷയില്‍ തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയ വയനാട്ടിലെ ശ്രീധന്യ സുരേഷിന് അഭിനന്ദനങ്ങള്‍.

ഗോത്ര വിഭാഗത്തില്‍പ്പെട്ട ശ്രീധന്യ 410 ാം റാങ്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. മറ്റു കുട്ടികള്‍ക്ക് ഇവരുടെ വിജയം പ്രചോദനമാകും. കൂടുതല്‍ ഉയരങ്ങളിലേക്ക് പോകാന്‍ എല്ലാവിധ ആശംസകളും. ഉയര്‍ന്ന വിജയം നേടിയ മറ്റ് മലയാളി വിദ്യാര്‍ത്ഥികള്‍ക്കും അനുമോദനങ്ങള്‍-മുഖ്യമന്ത്രി കുറിച്ചു.

 

പ്രളയത്തില്‍ ചാലക്കുടി മുങ്ങിയിരുന്നു. നിരവധി വ്യാപാര സ്ഥാപനങ്ങളും കെട്ടിടങ്ങളും വെള്ളത്തിനടിയിലായി. ഇങ്ങനെ, വെള്ളത്തില്‍ മുങ്ങിയ ഒരു ബാങ്ക് ശാഖയില്‍ നിന്ന് സ്വര്‍ണം കാണാതായി. ഏകദേശം മൂന്നു കിലോ സ്വര്‍ണം. ബാങ്ക് അധികൃതര്‍ വ്യാപകമായി തിരഞ്ഞു. ബാങ്കിന്‍റെ ലോക്കര്‍ പ്രളയത്തില്‍ തുറന്നിരുന്നില്ല. പിന്നെ, എങ്ങനെ സ്വര്‍ണം ലോക്കറില്‍ നിന്ന് അപ്രത്യക്ഷമായി. ഈ ചോദ്യത്തിനുള്ള ഉത്തരം കിട്ടാതെ ബാങ്ക് അധികൃതര്‍ വലഞ്ഞു. സംഭവം നടന്ന് എട്ടു മാസം കഴിഞ്ഞിട്ടും ഒരു തുമ്പുണ്ടായില്ല.

തിരഞ്ഞെടുപ്പിന് കള്ളപ്പണം വരുന്നുണ്ടോയെന്ന് പരിശോധിക്കാന്‍ നാടൊട്ടുക്കും പരിശോധനയുണ്ട്. പൊലീസുകാരും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് പരിശോധിക്കുന്നത്. കഴിഞ്ഞ ദിവസം തൃശൂര്‍ ചേര്‍പ്പില്‍ സമാനമായ പരിശോധന നടത്തുന്നതിനിടെ കാറില്‍ നിന്ന് സ്വര്‍ണാഭരണങ്ങള്‍ കിട്ടി. കാറിന്‍റെ ഉടമ ബാങ്കിലെ പ്യൂണ്‍ ആയിരുന്ന തൃശൂര്‍ ആറാട്ടുപുഴ സ്വദേശി ശ്യാം ആയിരുന്നു. ഇരുപത്തിയ‍ഞ്ചു വയസുകാരന്‍. ആഭരണങ്ങള്‍ ആരുടേതാണെന്ന ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് മുമ്പില്‍ പല ഉത്തരങ്ങള്‍ പറഞ്ഞു. വീട്ടുകാരുടേതാണെന്ന് ആദ്യം പറഞ്ഞു. വീട്ടുകാരെ വിളിച്ചപ്പോള്‍ അങ്ങനെയൊരു ആഭരണങ്ങള്‍ അവര്‍ക്കറിയില്ല. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ ശ്യാമിനെ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ ചോദ്യംചെയ്യലില്‍ വിദഗ്ധമായ സ്വര്‍ണ കവര്‍ച്ച തെളിഞ്ഞു.
തട്ടിയെടുത്തത് മൂന്നു കിലോ സ്വര്‍ണം

ചാലക്കുടി പ്രളയത്തില്‍ വിറങ്ങലിച്ചപ്പോള്‍ ശ്യാം മനസിന്‍റെ ആശയം തെളിഞ്ഞുവന്നു. പ്രളയത്തില്‍ മുങ്ങിയ ബാങ്കില്‍ നിന്ന് പണയ ആഭരണങ്ങള്‍ തട്ടിയെടുക്കുക. അതിനായി, പദ്ധതിയും തയാറാക്കി. ഭൂരിഭാഗം വനിതാ ജീവനക്കാരുള്ള ബാങ്ക് ശാഖയില്‍ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ വൃത്തിയാക്കാന്‍ മുന്‍പില്‍ നില്‍ക്കണം. നനഞ്ഞ ഫയലുകളും മറ്റും മാറ്റുന്നതിനിടെ പണയ സ്വര്‍ണത്തിന്റെ പായ്ക്കറ്റുകളും മാറ്റണം. ആത്മാര്‍ഥമായി ബാങ്കു വൃത്തിയാക്കാന്‍ മുന്‍പില്‍ നിന്ന പ്യൂണിനെ ജീവനക്കാര്‍ അവിശ്വസിച്ചില്ല. നനഞ്ഞ ഫയലുകളുടെ കൂട്ടത്തില്‍ ആഭരണ പായ്ക്കറ്റുകളും ശ്യാം മാറ്റി. പല സമയങ്ങളിലായി മൂന്നു കിലോ സ്വര്‍ണം ഒളിപ്പിച്ചു കടത്തി. പല ധനകാര്യ സ്ഥാപനങ്ങളിലായി പണയപ്പെടുത്തി. ഇതിനു കൂട്ടുപിടിച്ചതാകട്ടെ എ.ടി.എം. കൗണ്ടറിന്‍റെ സെക്യൂരിറ്റി ജീവനക്കാരനായ അഷ്ടമിച്ചിറ സ്വദേശി ജിതിനേയും. ചോദ്യം ചെയ്യലിനു ശേഷം ഈ സ്വര്‍ണമെല്ലാം പൊലീസ് കണ്ടെടുത്തു.

പ്രളയത്തിനു ശേഷമുള്ള വൃത്തിയാക്കല്‍ ജോലികള്‍ക്ക് ബാങ്ക് സ്തുതര്‍ഹ്യ സേവനത്തിനുള്ള പുരസ്ക്കാരം ഈ പ്യൂണിനു നല്‍കിയിരുന്നു. ‘കള്ളന്‍ കപ്പലില്‍ തന്നെയാണെന്ന്’ ബാങ്ക് അധികൃതര്‍ അറിഞ്ഞതുമില്ല. ജോലിയില്‍ കിറുകിറു കൃത്യമായി കാര്യങ്ങള്‍ ചെയ്യും. ക്ലാര്‍ക്ക് തസ്തികയിലേക്കുള്ള പരീക്ഷയില്‍ പാസായി. ഉടനെ സ്ഥാനക്കയറ്റം പ്രതീക്ഷിച്ചു നില്‍ക്കുന്ന ജീവനക്കാരന്‍ ഒരു കള്ളനാണെന്ന് തിരിച്ചറിയാന്‍ ബാങ്ക് അധികൃതര്‍ക്കു സാധിച്ചില്ല. അത്രയും മികച്ച അഭിനയമായിരുന്നു ഈ ജീവനക്കാരന്റേത്.

എങ്ങനെയും ആഡംബര കാറുകള്‍ വാങ്ങണമെന്ന നിര്‍ബന്ധം. തട്ടിയെടുത്ത സ്വര്‍ണം പണയപ്പെടുത്തി മൂന്നു കാറുകള്‍ ഇങ്ങനെ വാങ്ങി. വലിയൊരു ടൂറിസ്റ്റ് ബസ് ആയിരുന്നു അടുത്ത ഉന്നം. അതിനുള്ള പണം സമാനമായി കണ്ടെത്താനായിരുന്നു ശ്രമം. പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാന്‍ വന്ന ഇടപാടുകാര്‍ക്കു നഷ്ടപരിഹാരം നല്‍കാനുള്ള പെടാപ്പാടിലായിരുന്നു ബാങ്ക് അധികൃതര്‍. ഇതിനിടെയാണ്, സ്വര്‍ണം കൊണ്ടുപോയത് പ്രളയമല്ലെന്നും സ്വന്തം പ്യൂണാണെന്നും ബാങ്കിനു മനസിലായത്. ശ്യാമിന്‍റെ കൂട്ടാളിയെ പിടികൂടിയതും കൂടുതല്‍ സ്വര്‍ണം കണ്ടെടുത്തതും ചാലക്കുടി ഡിവൈ.എസ്.പി: ലാല്‍ജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്.

തൃശൂരില്‍ നീതുവിന്റെ അരുംകൊലയില്‍ നടുങ്ങി നില്‍ക്കുകയാണ് ഉറ്റവരും സുഹൃത്തുക്കളും. കൊടകര ആക്സിസ് എഞ്ചിനീയറിങ് കോളജിൽ ബിടെക് വിദ്യാര്‍ഥിനിയായിരുന്നു കൊല്ലപ്പെട്ട 22 വയസ്സുകാരിയായ നീതു. നീതുവിന്റെ അമ്മ നേരത്തെ മരിച്ചുപോയിരുന്നു. ഏകമകളായിരുന്നു നീതു. മുത്തശ്ശിയുടെയും അമ്മാവന്റെയും ഒപ്പമാണ് നീതു വളർന്നത്. പഠിച്ച് ജീവിതം കരക്കടുപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു ഈ പെൺകുട്ടി. വടക്കേക്കാട് സ്വദേശിയാണ് 27 വയസ്സുകാരനായ നിധീഷ്. കൊച്ചിയിൽ ഒരു സ്ഥാപനത്തിൽ ബിസിനസ് കൺസൾട്ടന്റായി ജോലി ചെയ്തു വരുകയായിരുന്നു.

‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്!..’ തൃശൂരിൽ യുവതിയെ കൊലപ്പെടുത്തിയ യുവാവിന്റെ ഫെയ്സ്ബുക്ക് കുറിപ്പിലെ വരികളാണിത്. എംബിഎ ബിരുദധാരിയായ നിധീഷും ബിടെക് വിദ്യാർത്ഥിനിയായ നീതുവും മൂന്നു വർഷമായി പ്രണയത്തിലായിരുന്നു. ഇരുവരും ഒരുമിച്ച് ചെയ്ത ടിക് ടോക് വിഡിയോകളും ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നുണ്ട്. ഇവയിലേറെയും നിധീഷും നീതുവും ഒരുമിച്ചുള്ള വിഡിയോകളാണ്. നീതുവുമായി പ്രണയത്തിലായ തിയതിയും വർഷവും ഉൾപ്പെടെ കടുത്ത പ്രണയം തുളുമ്പുന്ന വരികളും എഴുത്തുമാണ് പങ്കുവച്ചിരിക്കുന്നത്.

‘ഞങ്ങളുടെ വിവാഹം, ഓഗസ്റ്റ് 19, 2016 മുതൽ നീയെന്റേതാണ്’, ’അവൾ എന്റേതാണ്, അവളെ നോക്കിയാൽ അവരുടെ രക്തം ഞാനൂറ്റി കുടിയ്ക്കും’, ’എന്നെന്നും നീയെന്റേതാണ്’, ’മരണം വരെയും ഞാൻ നിന്നെ പ്രണയിക്കും’, ’എന്റെ പ്രിയപ്പെട്ട ഭാര്യ’ എന്നിങ്ങനെ തീവ്രമായ പ്രണയം വെളിപ്പെടുത്തുന്ന വരികളാണ് നിധീഷ് നീതുവിനായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചത്. പലതും നീതുവിന്റെ വീട്ടിൽ വച്ചു ചിത്രീകരിച്ചവയാണ്. വീട്ടുകാർക്കും ഇരുവരുടെയും പ്രണയത്തെക്കുറിച്ച് അറിവുള്ളതാണെന്ന് വ്യക്തമാക്കുന്നതാണ് ഈ വിഡിയോകൾ. ടിക് ടോക് പോലുള്ള പബ്ലിക് പ്ലാറ്റ്ഫോമിൽ ഷെയർ ചെയ്തിരുന്ന വിഡിയോ പക്ഷേ അരുംകൊലയ്ക്കു ശേഷമാണ് നാട്ടുകാർ പോലും കാണുന്നത്. വർഷം കഴിയുംതോറും തീവ്രത ഒട്ടും ചോരാതെ പ്രണയത്തിന്റെ വാർഷികം ആഘോഷിച്ചവർക്കിടയിൽ പിന്നീട് എന്ത് സംഭവിച്ചു എന്നത് ഉത്തരമില്ലാതെ അവശേഷിക്കുന്നു.

നീതുവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം പാറമേക്കാവ് ശാന്തിഘട്ടില്‍ സംസ്ക്കരിച്ചു. പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി പൊലീസ് ചോദ്യംചെയ്തേക്കും. ഫൊറന്‍സിക് വിദഗ്ധര്‍ വീട്ടില്‍ എത്തി തെളിവുകള്‍ ശേഖരിച്ചു. പെട്രോള്‍ കുപ്പിയില്‍ നിന്നും കത്തിയില്‍ നിന്നും പ്രതിയുടെ വിരലടയാളം ലഭിച്ചിട്ടുണ്ട്. മുത്തശിയുടേയും അമ്മാവന്റേയും സാക്ഷിമൊഴികളും കേസില്‍ കുറ്റം തെളിയിക്കാന്‍ പൊലീസിനെ സഹായിക്കും.

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാറിനും തിരഞ്ഞെടുപ്പ് കമ്മിഷന്റെ താക്കീത്. മതവും വിശ്വാസവും ആചാരവും പറഞ്ഞ് വോട്ടുപിടിക്കരുതെന്ന് രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ കർശന നിർദേശം നൽകി. ആന്ധ്ര മുഖ്യമന്ത്രിയുടെ എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തനെ ചീഫ് സെക്രട്ടറി സ്ഥാനത്തു നിന്നും നീക്കി.

ഇന്ത്യൻ സൈന്യത്തെ മോദിയുടെ സേന എന്ന് വിശേഷിപ്പിച്ചതിനാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന് താക്കീത്. ഇത്തരം പ്രയോഗങ്ങൾ ആവർത്തിക്കരുതെന്ന് കമ്മിഷൻ നിർദേശിച്ചു. കോൺഗ്രസിന്റെ മിനിമം വേതന വാഗ്ദാനത്തെ നീതി ആയോഗ് വൈസ് ചെയർമാൻ രാജീവ് കുമാർ വിമർശിച്ചത് മാതൃകാ പെരുമാറ്റച്ചട്ടലംഘനമാണെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് താക്കീത്.രാഷ്ട്രീയ കാര്യങ്ങളിൽ ഇടപെടുന്നതിന് ഉദ്യോഗസ്ഥർക്കുള്ള വിലക്ക് രാജീവ് കുമാർ ലംഘിച്ചുവെന്നാണ് കമ്മിഷൻ വിലയിരുത്തൽ. മതം, വിശ്വാസം, ആചാരങ്ങൾ എന്നിവ പറഞ്ഞ് വോട്ടുപിടിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം നൽകി. ആരാധനാലയങ്ങളുടെ പേരോ, ചിത്രമോ പ്രചാരണത്തിന് ഉപയോഗിക്കരുത്.

സമൂഹത്തിൽ ഭിന്നതയോ സാമുദായിക സ്പർധയോ ഉണ്ടാക്കുന്ന പ്രസംഗങ്ങളും പ്രചാരണവും പാടില്ലെന്നും കമ്മിഷൻ നിർദേശിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം വിലയിരുത്തിയിരുത്തി മാതൃക പെരുമാറ്റച്ചട്ടത്തിൽ സമയോചിതമായ ഇടപെടൽ നടത്തുന്നതിന്റെ ഭാഗമായാണ് മാർഗനിർദേശം നൽകിയിട്ടുള്ളത്. ആരുടെയും സ്വകാര്യ ജീവിതം ആയുധമാക്കരുത്. തെളിയക്കപ്പെടാത്ത ആരോപണങ്ങൾ ഉന്നയിക്കുത്. സൈന്യത്തിന്റെ നേട്ടങ്ങൾ, സൈനികരുടെ ചിത്രം എന്നിവ പ്രചാരണത്തിന് ഉപയോഗിക്കരുതെന്നും കമ്മിഷൻ നിർദേശിക്കുന്നു. മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായ്ഡുവിന്റെ വിശ്വസ്തൻ അനിൽ ചന്ദ്ര പുനേതയെ മാറ്റി എൽ വി സുബ്രഹ്മണ്യത്തെയാണ് ആന്ധ്ര ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചത്. കമ്മിഷനുമായ ഏറ്റുമുട്ടിയ അനിൽ ചന്ദ്ര പുനേതയെ തിരഞ്ഞെടുപ്പ് ചുമതലകളിൽ നിന്ന് മാറ്റി നിർത്തണമെന്നും നിർദേശിച്ചു.

ജലന്തർ ബിഷപ് ഫ്രാങ്കോ മുളക്കലിനെതതിരായ പീഡനക്കേസിലെ കുറ്റപത്രം പൊലീസ് ചൊവ്വാഴ്ച കോടതിയില്‍ സമര്‍പ്പിക്കും. അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രത്തിന് ഡിജിപി അനുമതി നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം. കുറ്റപത്രം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ അനിശ്ചിതികാല സമരം ആരംഭിക്കാനിരിക്കെയാണ് പൊലീസിന്‍റെ നടപടി.

2014നും 16നും ഇടയില്‍ നാടുക്കുന്ന് മഠത്തില്‍വെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ 13 തവണ പീഡിപ്പിച്ചുവെന്നായിരുന്നുപരാതി. വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ മാസങ്ങള്‍ നീണ്ട വിശദമായ അന്വേഷണത്തിനൊടുവില്‍ 2018 സെപ്റ്റംബര്‍ 21ന് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റിലായി. ഇരുപത്തിയഞ്ച് ദിവസം ജയിലില്‍ കിടന്ന ബിഷപിന് പിന്നീട് ജാമ്യം ലഭിച്ചു. ബിഷപ് പുറത്തിറങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും കേസിന്‍റെ കുറ്റപത്രം പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചില്ല. ഒരുമാസം മുന്‍പ് അന്വേഷണ സംഘം കുറ്റപത്രം പൂര്‍ത്തിയാക്കിയെങ്കിലും ഡിജിപിയുടെ അനുമതി ലഭിക്കാത്തതിനാല്‍ കോടതിയില്‍ സമര്‍പ്പിക്കാനായില്ല. ഇതോടെ പ്രതിഷധവും ശക്തമായി. പരാതിക്കാരിയോടൊപ്പമുള്ള കന്യാസ്ത്രീകള്‍ കോട്ടയം എസ്പിയെ നേരില്‍ കണ്ട് പരാതി അറിയിച്ചു.

ഒടുവില്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നതിനിടെയാണ് കുറ്റപത്രം സമര്‍പ്പിക്കാന്‍ ഡിജിപി അനുമതി നല്‍കിയത്. ഏറെ വിവാദമായ കേസായതിനാല്‍ അന്വേഷണ സംഘം തയ്യാറാക്കിയ കുറ്റപത്രം വിശദമായി പരിശോധിച്ചു. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിര്‍ദേശങ്ങളും പരിഗണിച്ച് തിരുത്തലുകള്‍ വരുത്തിയ ശേഷമായിരിക്കും കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക. എണ്‍പത് പേജിലേറെയുള്ള കുറ്റപത്രത്തിനോടൊപ്പം ലാപ്ടോപ്, മൊബൈല്‍ ഫോണ്‍. എന്നിവയ്ക്ക് പുറമെ മുപ്പതിലധികം രേഖകളും അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബിഷപുമാര്‍, കന്യാസ്ത്രീകള്‍ ഉള്‍പ്പെടെ 90പേരുടെ സാക്ഷിമൊഴികളും ഉള്‍പ്പെടും. സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകിയതും കുറ്റപത്രം പൂര്‍ത്തിയാക്കുന്നതിന് തടസമായി. തിരഞ്ഞെടുപ്പില്‍ ഒരു വിഭാഗം എതിരാകുമെന്ന സാധ്യതകണ്ടാണ് കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നായിരുന്നു ആരോപണം. തിരഞ്ഞെടുപ്പ് കാലത്ത് കന്യാസ്ത്രീകളുടെ നേതൃത്വത്തില്‍ സമരം ആരംഭിച്ചാല്‍ സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലും പുതിയ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

ന്യൂസ് ഡെസ്ക്

ചങ്ങനാശേരി അതിരൂപതാദ്ധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു. രാജസ്ഥാനിലെ ജയ്പൂരിൽ നടന്ന അപകടത്തിൽ അദ്ദേഹത്തിന്റെ നെറ്റിയിൽ മുറിവുണ്ടായി. കഴിഞ്ഞ രാത്രി അദ്ദേഹം സഞ്ചരിച്ച വാഹനം നിറുത്തിയിട്ടിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ഫാ.സെബാസ്റ്റ്യൻ ശൗര്യാംമാക്കൽ, ഫാ. വിൽസൺ എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഇരുവർക്കും നിസാര പരിക്കുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്ന് അറിയുന്നു.

ന്യൂസ് ഡെസ്ക്

യുഡിഎഫ് കൺവീനറും ചാലക്കുടിയിലെ സ്ഥാനാർഥിയുമായ ബെന്നി ബെഹ്നാന്റ ഹൃദയധമനികളിലൊന്ന് 90 ശതമാനവും രക്തയോട്ടം തടസ്സപ്പെട്ട നിലയിലായിരുന്നുവെന്ന് ഡോക്ടർമാർ. മരണം വരെ സംഭവിക്കാമായിരുന്ന അവസ്ഥയിലായിരുന്നു ബെന്നി ബെഹ്നാൻ എന്നും കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാനായത് ഗുണകരമായെന്നും ഡോക്ടർമാർ പറയുന്നു.

കാക്കനാടുള്ള സൺറൈസേഴ്സ് ആശുപത്രിയിലാണ് ബെന്നി ബെഹ്നാനെ പ്രവേശിപ്പിച്ചത്. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ എത്തിച്ച് 90 മിനിറ്റുള്ളിൽ ആൻജിയോ പ്ലാസ്റ്റി നടത്തിയതിനാൽ ആരോഗ്യനില പൂർവസ്ഥിതിയിൽ ആക്കാൻ സാധിച്ചുവെന്ന് ആശുപത്രി അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

ഡോക്ടർ ബാലകൃഷ്ണൻ, ഡോക്ടർ ബ്ലെസൻ വർഗീസിന്റെയും നേതൃത്വത്തിലാണ് ആൻജിയോ പ്ലാസ്റ്റി നടത്തിയത്. ആശുപത്രിയിൽ കഴിയുന്ന ബെന്നി ബെഹ്നാനെ എതിർ സ്ഥാനാർഥിയായി മത്സരിക്കുന്ന ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദർശിച്ചു. കോൺഗ്രസ് നേതാവ് എം.എം ഹസനും ആശുപത്രിയിലെത്തി ബെന്നി ബെഹ്നാന്റെ കുടുംബാംഗങ്ങളെ കണ്ടു.

നിലവിൽ ഐസിയുവിൽ നിരീക്ഷണത്തിലാണ് ബെന്നി ബെഹ്നാൻ. വെള്ളിയാഴ്ച പുലർച്ചെ 3.30 നാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ബെന്നി ബെഹ്നാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രചാരണ തിരക്കുകൾ കഴിഞ്ഞ് രാത്രി 11 മണിയോടെ ഭക്ഷണം കഴിച്ച് കിടന്നതിന് ശേഷമാണ് അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റിയത്.

ബിടെ​ക് വി​ദ്യാ​ർ​ഥി​നി നീ​തു​വി​​നെ യുവാവ് തീകൊളുത്തി കൊന്നത് ബുള്ളറ്റില്‍ നിന്ന് ഊറ്റിയ പെട്രോള്‍ ഉപയോഗിച്ചെന്ന് പൊലീസ്. നീതുവിന്റെ ദിനചര്യകള്‍ നന്നായി അറിയാവുന്ന പ്രതി പുലര്‍ച്ചെയാണ് എത്തിയത്. നീതു എഴുന്നേല്‍ക്കുന്നതും കാത്ത് പ്രതി പിന്നാമ്പുറത്ത് കാത്തിരുന്നു. നീതു ഭക്ഷണം പാചകം ചെയ്യാന്‍ എഴുന്നേറ്റ സമയത്താണ് വീടിന്റെ പിന്‍ വാതിലിന് അടുത്തെത്തിയത്.

പിന്നാമ്പുറത്ത് എത്തിയ പ്രതി നീതു വാതില്‍ തുറന്നയുടനെ കയറിപ്പിടിച്ചതായാണ് നിഗമനം. തുടര്‍ന്ന് നീതുവിനെ വായ പൊത്തി കുളിമുറിയിലേക്ക് കൊണ്ടു പോയി. യുവാവിന്റെ കൈയില്‍ കത്തിയും ബുളളറ്റില്‍ നിന്ന് ഊറ്റിയ പെട്രോളും ഉണ്ടായിരുന്നു. വായ പൊത്തിപ്പിടിച്ച പ്രതി നീതുവിനെ കത്തി കൊണ്ട് കുത്തി പരുക്കേല്‍പ്പിച്ചു. കഴുത്തില്‍ കുത്തേറ്റ നീതു നിലവിളിക്കാന്‍ കഴിയാതെ താഴെ വീണു. അപ്പോഴാണ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയത്. ഇതിനിടെ ശബ്ദം കേട്ട് അമ്മൂമ്മയും ഇവരുടെ മകനും ഓടിയെത്തി പ്രതിയെ പിടികൂടി. നാട്ടുകാര്‍ എത്തിയതോടെ പ്രതിയെ കെട്ടിയിട്ട് പൊലീസില്‍ ഏല്‍പ്പിച്ചു.

കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണെന്നതിന് സാഹചര്യ തെളിവുകള്‍ ഉണ്ട്. പ്രതിക്ക് യാതൊരു വിധ പരുക്കും പറ്റിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. യുവാവിനെ പൊലീസ് കൂടുതല്‍ ചോദ്യം ചെയ്യലിന് വിധേയമാക്കുന്നുണ്ട്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചത് തന്നെയാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഇടുക്കി: തൊടുപുഴയില്‍ അമ്മയുടെ സുഹൃത്തിന്റെ അതിക്രൂര മര്‍ദ്ദനത്തിന് ഇരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനം 90 ശതമാനം നിലച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത് ഒമ്പതാം ദിവസമാണ് കുട്ടി വെന്റിലേറ്ററില്‍ തുടരുന്നത്. സ്വന്തമായി ശ്വാസമെടുക്കുന്ന രീതിയിലേക്ക് കുട്ടിയുടെ ആരോഗ്യനില മാറിയിട്ടില്ല. കോലഞ്ചേരിയിലെ ആശുപത്രിയില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് അതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ പ്രവേശിപ്പിക്കുന്നത്.

ശരീരത്തിലെ ആന്തരിക അവയവങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ കുട്ടിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റേണ്ടതില്ലെന്ന തീരുമാനത്തിലാണ് ഡോക്ടര്‍മാര്‍. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ്ധ സംഘമാണ് കുട്ടിയുടെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിക്കുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം 90 ശതമാനവും നിലച്ച അവസ്ഥയിലാണ്. ഈ സ്ഥിതി തുടര്‍ന്നാല്‍ കാര്യങ്ങള്‍ അപകടത്തിലേക്ക് നീങ്ങും. നേരത്തെ തലച്ചോറിലെ രക്തസ്രാവം തടയാന്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ഏതാണ്ട് ആറ് സെന്റീ മീറ്റര്‍ നീളത്തില്‍ കുട്ടിയുടെ തലച്ചോറില്‍ പൊട്ടലുണ്ടായിട്ടുണ്ട്.

കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ആന്തരിക മുറിവുണ്ട്. വാരിയെല്ലിനുണ്ടായ പൊട്ടലാണ് ശ്വാസകോശത്തിലെ മുറിവിന് കാരണമായതെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. തലയോട്ടിയുടെ അകത്തായി രക്തസ്രവമുണ്ടായതാണ് ഗുരുതരാവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. രക്തം തലച്ചോറില്‍ കട്ടപിടിച്ചിരുന്നു, ഇത് നീക്കം ചെയ്തെങ്കിലും വെന്റിലേറ്ററില്‍ നിന്ന് കുട്ടിയെ മാറ്റാന്‍ സാധിച്ചില്ല.

കോഴിക്കോട് എത്തിയ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഉറക്കെംകെടുത്തി മരപ്പട്ടി. ബുധനാഴ്ച രാത്രി വെസ്റ്റ്ഹിൽ ഗസ്റ്റ്ഹൗസിൽ നാടകീയ രംഗങ്ങൾ ഉണ്ടായത് എന്നാണ് ഒരു പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗസ്റ്റ്ഹൗസിന്‍റെ തട്ടുംപുറത്തായിരുന്നു മരപ്പട്ടി.

ബുധനാഴ്ച രാത്രി പത്തരയോടെ രാഹുലിനൊപ്പമെത്തിയ പ്രിയങ്ക ചർച്ചകൾക്കുശേഷം പതിനൊന്നരയോടെയാണ് മുറിയിൽ ഉറങ്ങാനെത്തിയത്. പുലർച്ചെ രണ്ടരയോടെ തട്ടിൻമുകളിൽനിന്ന് ശബ്ദംകേട്ട് പ്രിയങ്ക ഉണർന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. മരപ്പട്ടി തട്ടിന്മുകളിൽ ഓടുന്നതാണെന്ന് വ്യക്തമായി. മരപ്പട്ടിയുടെ ഗന്ധം പ്രിയങ്കയെ വല്ലാതെ അലട്ടിയെന്നാണ് റിപ്പോര്‍ട്ട്.

സുരക്ഷ ഉദ്യോഗസ്ഥര്‍ മരപ്പട്ടിയുടെ ശല്യം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. മരപ്പട്ടി ശല്യം കൂടിയതോടെ റൂം നഗരത്തിലെ ഒരു ഹോട്ടലിലേക്ക് മാറുവാന്‍ പ്രിയങ്ക ആലോചിച്ചു. അവിടേക്ക് പോകാൻ എസ്.പി.ജി. മാനദണ്ഡപ്രകാരം വാഹനവ്യൂഹം ഉൾപ്പെടെ സൗകര്യങ്ങൾ ഒരുക്കാൻ പൊലീസിന് നിർദേശവും ലഭിച്ചു. ഇതിനിടെ മരപ്പട്ടി തന്‍റെ ശല്യപ്പെടുത്തല്‍ അവസാനിപ്പിച്ചു. ഇതോടെ മുറിമാറുന്ന കാര്യം പ്രിയങ്ക ഉപേക്ഷിച്ചു. അപ്പോഴേക്കും സമയം പുലർച്ചെ നാലുമണി കഴിഞ്ഞിരുന്നു.

RECENT POSTS
Copyright © . All rights reserved