ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര.
അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം ദീപ നിശാന്ത് ഫോണില്‍ വിളിച്ചു മകളാണെന്ന് പറയരുതെന്ന് പറഞ്ഞുവെന്ന് അനില്‍ അക്കര വെളിപ്പെടുത്തി. പൊലീസുകാരന്റെ മകളാണ് എന്ന് പറയുന്നതിലുള്ള നാണക്കേടാകും അവര്‍ക്ക്.
രമ്യ ഹരിദാസിനെ ജാതീയമായി ആക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആലത്തൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്.
ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.
പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി നല്‍കി.
കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്ത്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് വീണ്ടും രംഗപ്രവേശം. പി.കെ.ബിജു എം.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് അധ്യാപികയുടെ രണ്ടാം വരവ്.
പി.സി.ജോര്‍ജ് നയിക്കുന്ന ജനപക്ഷം എന്‍ഡിഎയിലേക്ക്. മുന്നണി പ്രവേശം സംബന്ധിച്ച് പി.സി.ജോര്‍ജ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി. ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് അറിയിച്ചു. മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.
എൻഡിയുമായുള്ള ചർച്ചകൾ ഏറെ മുന്നോട്ട് പോയി. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിക്ക് അനൂകൂലനിലപാട് പി.സിജോർജ് സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് പ്രവേശനത്തിന് പി.സി.ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാൽ നേതാക്കൾ അനുകൂലനിലപാട് സ്വീകരിച്ചിരുന്നില്ല. സോണിയ ഗാന്ധിയെ കാണാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.
ആലപ്പുഴ: ബലാല്‍സംഗത്തിന് ശ്രമിച്ച യുവാവിനെ കുങ്ഫൂ അഭ്യാസിയായ പതിനഞ്ചുകാരി ഇടിച്ചിട്ടു. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ് കുമാറിനെയാണ് രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. 35 കാരനായ ഇയാളെ തിങ്കളാഴ്ച രാത്രി കിടങ്ങറയില്‍ നിന്നാണ് പിടികൂടിയത്.
പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ കുംങ്ഫൂ അറിയാമായിരുന്ന പെണ്‍കുട്ടി ഇയാളെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടു. എന്നാല്‍ മൊബൈലില്‍ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ വലയിലാക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു.
ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ന്റ് ചെയ്തു.
കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വയനാടും, കർണാടകയിൽ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്‍റി ദിനേശ് ഗുണ്ട് റാവുവുമാണ്.
രാഹുൽ ഗാന്ധി, അമേഠിക്ക് പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. വയനാട് തെരഞ്ഞെടുക്കണമോ കർണാടകയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കണമോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്.
രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.
രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കൾ എന്നിവരുമായി രാഹുൽ സംസാരിച്ചു.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുകൂല നിലപാട് അറിയിച്ചെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനുളള സാധ്യത മങ്ങിയിരിക്കുകയാണ്. മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബെംഗളൂരു സൌത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.
തെരഞ്ഞെടുപ്പ് ചൂട് കൊട്ടിക്കയറുമ്പോൾ എറണാകുളം മണ്ഡലത്തിൽ കൊച്ചി മെട്രോയാണ് പ്രചരണ രംഗത്തെ പ്രധാന തർക്ക വിഷയം. ജില്ലാ സെക്രട്ടറി ആയിരുന്ന പി രാജീവിന്‍റെ ജാഗ്രതയാണ് ഡിഎംആർസിയെയും ഇ ശ്രീധരനെയും കൊച്ചി മെട്രോയിലേക്ക് എത്തിച്ചതെന്നാണ് എൽഡിഎഫ് വാദം. മെട്രോ യുഡിഎഫ് സർക്കാരിന്‍റെ സന്തതിയാണെന്നാണ് ഹൈബി ഈഡൻ അവകാശപ്പെടുന്നു. ഇവരൊന്നുമല്ല കേന്ദ്രസർക്കാരാണ് യഥാർത്ഥ അവകാശികളെന്ന വാദവുമായി എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തിയിട്ടുണ്ട്.
കൊച്ചി മെട്രോയ്ക്കായി ഡിഎംആർസിയെയും അത് വഴി മെട്രോമാൻ ഇ ശ്രീധരനെയും എത്തിച്ചത് 2012ൽ പി രാജീവ് സംഘടിപ്പിച്ച മനുഷ്യചങ്ങലയാണെന്നും, ഡിഎംആർസിയെ ഒഴിവാക്കാൻ തത്രപ്പെട്ട അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്മേൽ സമ്മർദ്ദശക്തിയായത് ഈ ജനകീയപ്രതിഷേധമാണെന്നാണ് എൽഡിഎഫ് പറയുന്നത്. രാജീവ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഡിഎംആർസി കൊച്ചി മെട്രോ പദ്ധതിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന ഇ ശ്രീധരന്‍റെ വാക്കുകളാണ് ഇതിനായി ആയുധമാക്കുന്നത്.
വികസനവിഷയങ്ങളും,കൊച്ചി മെട്രോയും ജനശ്രദ്ധയിലേക്ക് വന്നതോടെ യുഡിഎഫും,എൻഡിഎയും പ്രചാരണത്തിൽ മെട്രോ ക്രെഡിറ്റ് ഉറപ്പാക്കി
വോട്ടുറപ്പാക്കാൻ ശ്രമം തുടങ്ങി. ഉമ്മൻ ചാണ്ടി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കൊച്ചി മെട്രോ സംഭവിക്കില്ലായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പറയുന്നു.
മെട്രോ നടപ്പാക്കിയത് എൻഡിഎ ഗവർൺമെന്‍റാണെന്ന കാര്യത്തിൽ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിനും യാതൊരു സംശയവുമില്ല. എന്തായാലും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ യഥാർത്ഥ അവകാശികളെ ഏപ്രിൽ 23ന് ജനം തെരഞ്ഞെടുക്കും വരെ ക്രെഡിറ്റിനായുള്ള ഈ മത്സരം തുടരുക തന്നെ ചെയ്യും.
ചിങ്ങവനം: പത്തു വയസുകാരി മകളെ പാളത്തിനരികിൽ നിർത്തി യുവതിയും കാമു കനും ട്രെയിനിനു മുന്നിൽ ചാടി ജീവനൊടുക്കി. ആനിക്കാട് സ്വദേശി ശ്രീകാന്ത് (36) പള്ളിക്കത്തോട് ചെളിക്കുഴി ശാന്തമന്ദിരം സ്വപ്ന വിനോദ് (33) എന്നിവരാണ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞു 3.30ന് മൂലേടം മാടന്പുകാട്ട് മുത്തൻമാലിക്കു സമീപമാണ് ഇരുവരും ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിടിച്ചു രണ്ടു പേരുടെയും ശരീരം തിരിച്ചറിയാനാവാത്ത വിധം ഛിന്നഭിന്നമായി. കോട്ടയത്തുനിന്നു ബസിൽ മണിപ്പുഴയിലിറങ്ങിയ മൂന്നു പേരും മണിപ്പുഴ ഷാപ്പിൽനിന്നു ഭക്ഷണം കഴിച്ച ശേഷം മൂലവട്ടം റെയിൽവേ മേൽപാലത്തിനു സമീപമെത്തി. തുടർന്നു റെയിൽവേ ട്രാക്കിലൂടെ നടന്നു മുത്തൻമാലിയിലെത്തുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു. ശ്രീകാന്തും സ്വപ്നയും മുന്നിലും പെൺകുട്ടി അല്പം പിന്നിലുമായിട്ടായിരുന്നു നടന്നിരുന്നത്.
പാസഞ്ചർ ട്രെയിൻ വന്ന സമയം ശ്രീകാന്ത് സ്വപ്നയെയും ചേർത്തുപിടിച്ചു പാളത്തിലേക്കു ചാടുകയായിരുന്നു. ഈ സമയം പെണ്‍കുട്ടി ഇവരുടെ പിന്നിലായിരുന്നു. സംഭവത്തെത്തുടർന്ന് പെണ്‍കുട്ടി ഓടി അടുത്ത വീട്ടിലെത്തി വിവരമറിയിക്കുകയായിരുന്നു. മേസ്തിരി പണിക്കാരനായിരുന്ന ശ്രീകാന്തിനു ഭാര്യയും രണ്ടു കുട്ടികളുമുണ്ട്. സ്വപ്നയ്ക്കും ഭർത്താവും രണ്ടു കുട്ടികളുമുണ്ട്. ഇതിൽ ഒരു കുട്ടിയാണ് കൂടെയുണ്ടായിരുന്നത്. സംഭവത്തെ തുടർന്ന് ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് മോർച്ചറിയിലേക്കു മാറ്റി. സംഭവത്തെത്തുടർന്നു സമീപവീട്ടിൽ അഭയം തേടിയ പെണ്‍കുട്ടിയെ രാത്രിയോടെ ചൈൽഡ് ലൈൻ പ്രവർത്തകരെത്തി ഏറ്റുവാങ്ങി സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി.
ബിജെപി കേരളഘടകം തയ്യാറാക്കിയ ആദ്യ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രൈസ്തവ സ്ഥാനാര്‍ത്ഥികള്‍ ആരും ഇല്ലായിരുന്നുവെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള. ഇതേ തുടര്‍ന്ന് ഈ പട്ടിക പ്രധാനമന്ത്രി തള്ളി. അങ്ങനെയാണ് എറണാകുളത്തെ സ്ഥാനാര്‍ത്ഥിയായി അല്‍ഫോണ്‍സ് കണ്ണന്താനം വന്നതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
പത്തനംതിട്ടയിൽ എൻ.ഡി.എ സ്ഥാനാർഥി കെ.സുരേന്ദ്രന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തുള്ള പ്രസംഗത്തിലായിരുന്നു ശ്രീധരൻ പിള്ളയുടെ പരാമർശം.
ബി.ജെ പി യുടെ അഞ്ച് സ്ഥാനാർഥികൾ ദുർബലരാണെന്നാണ് സി.പി.എമ്മിന്റെ വിമർശം. ബി.ജെ.പി സ്ഥാനാര്‍ത്ഥികളാരും ദുര്‍ബലരല്ല. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ വാക്കും, ചാക്കും ഒരു പോലെയാണെന്നും പിള്ള പറഞ്ഞു.
തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. മേലത്തുമല സ്വദേശി രജനി കൃഷ്ണയാണ് കൊല്ലപ്പെട്ടത്. രജനിയുടെ അച്ഛന് കൃഷ്ണന്‍, അമ്മ രമ എന്നിവര്‍ക്കും കുത്തേറ്റു. ഭര്‍ത്താവ് ശ്രീകുമാറിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശ്രീകുമാറും രജനിയും വേര്‍പെട്ടാണ് കഴിഞ്ഞിരുന്നത്. രജനിയും മാതാപിതാക്കളും കഴിഞ്ഞിരുന്ന വീട്ടിലെത്തി ശ്രീകുമാര്‍ ആക്രമിക്കുകയായിരുന്നു. കഴുത്തിന് കുത്തേറ്റ രജനി ആശുപത്രിയിലെത്തിയതോടെ മരിച്ചു. കൃഷ്ണന്റെ ആരോഗ്യനിലയും ഗുരുതരമാണ്. മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.
കൊല്ലം ബീച്ചില്‍ തിരമാലയില്‍പ്പെട്ട് കടലില്‍ കാണാതായ യുവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. കൊട്ടിയം പറക്കുളം കല്ലുവിള വീട്ടില്‍ സുനില്‍ (23), ശാന്തിനി (19) എന്നിവരുടെ മൃതദേഹങ്ങളാണ് കൊല്ലം പോര്‍ട്ടിന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെയോടെ കണ്ടെത്തിയത്. ഞായറാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് സംഭവം.
യുവതി കാല്‍ നനക്കാനിറങ്ങുന്നതിനിടെ അടിതെറ്റി തിരയിലേക്ക് വീഴുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെ സുനിലും തിരയിലകപ്പെട്ടു. ഇരുവരേയും രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും നീണ്ട ശ്രമങ്ങള്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ തീരത്ത് മൃതദേഹം അടിയുകയായിരുന്നു. അഞ്ച് മാസം മുമ്പായിരുന്നു ഇവരുടെയും വിവാഹം. പ്രണയ വിവാഹമായിരുന്നു. ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത ശേഷം വൈകിട്ട് ബീച്ചിലെത്തുകയായിരുന്നു ഇരുവരും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധിക്കും ഒരു മലയാളി ചലഞ്ച്. അമേഠിയയിലും വാരാണാസിയിലും അരയും തലയും മുറുക്കി മത്സരത്തിനിറങ്ങാൻ ഒരുങ്ങുകയാണ് എറണാകുളം ചെറായി സ്വദേശി യു.എസ് ആഷിൻ. ഇന്ത്യൻ ഗാന്ധി പാർട്ടി (ഐജിപി)യുടെ പ്രതിനിധിയാണ് ആഷിന്‍ പാർലമെന്റിലേക്ക് പോകാൻ ഒരുങ്ങുന്നത്.
നിലവിൽ ഐജിപിയുടെ തിരഞ്ഞെടുപ്പ് സംഘാടകനാണ് യു എസ് ആഷിൻ. 2011-ൽ റജിസ്റ്റർ ചെയ്ത പാർട്ടിയിൽ ഇന്ത്യ ഒട്ടാകെ 10,000 അംഗങ്ങളാണ് ഉള്ളത്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ 543 മണ്ഡലങ്ങളിലേക്കും മത്സരിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. നിഷ്പക്ഷരുടെയും നോട്ടക്ക് കുത്തുന്നവരുടെയും വോട്ട് ചെയ്യാൻ ആഗ്രഹിക്കാത്തവരുടെയും പ്രതിനിധിയാണ് താൻ എന്ന് ആഷിൻ സാക്ഷ്യപ്പെടുത്തുന്നു. ബിജെപിയും കോൺഗ്രസും മാറി മാറി ഭരിച്ചിട്ടും 130 കോടി ജനങ്ങളുള്ള ഇന്ത്യ ഇന്നും വികസിത രാഷ്ട്രം മാത്രമാണ്. അമേഠിയും വാരാണാസിയും പിടിച്ചടക്കാമെന്ന വ്യാമോഹത്തിലല്ല താൻ മത്സരത്തിനിറങ്ങുന്നത്. ഈ മത്സരത്തിലൂടെ താൻ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ നിലപാടുകൾ ഇരുവരുടെയും ശ്രദ്ധയിൽ കൊണ്ടുവരുകയാണ് ലക്ഷ്യമെന്ന് ആഷിൻ പറയുന്നു.
തൊണ്ണൂറു ശതമാനം സംരംഭകര്‍ മാത്രമുള്ള പാർട്ടിയാണ് ഇന്ത്യൻ ഗാന്ധി പാർട്ടിയെന്ന് ആഷിൻ വ്യക്തമാക്കി. മുഴുവൻ സമയം രാഷ്ട്രീയ പ്രവർത്തനമല്ല, കൂടെ ഒരു ജോലിയും ഒപ്പമുണ്ടാകണമെന്ന ശഠിക്കുന്നവരാണ് പാർട്ടിയിൽ ഏറെയും. ആമസോൺ, ഡാൽമിയ തുടങ്ങിയ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളും ഐജിപിയുടെ ഭാഗമാണ്.
ദേശീയ പാർട്ടികളുടെ നിലവിലെ തിരഞ്ഞെടുപ്പ് അജൻഡയെ പിൻതുടരുകയല്ല ഇന്ത്യൻ ഗാന്ധി പാർട്ടി. സംരംഭകത്വത്തിലൂടെ ഇന്ത്യയെ വികസിത രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമതെത്തിക്കുകയാണ് ലക്ഷ്യം. ഇന്ത്യയെ അലട്ടുന്ന പ്രധാനപ്രശ്നം കടക്കെണിയാണ്. എന്നാൽ മാറി വരുന്ന സർക്കാരുകൾ ഇതിനെതിരെ സ്വത്വരമായ നടപടി സ്വീകരിച്ചിട്ടില്ല. 3 സെന്റ് സ്ഥലം പാവപ്പെട്ടവർക്ക് പതിച്ചുകൊടുകുകയും, അതിൽ അവർ തുടങ്ങുന്ന ചെറുകിട സംരഭങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണെങ്കിൽ ഏറി വരുന്ന രാജ്യത്തിന്റെ കടത്തിന് തടയിടാനാകുമെന്ന പ്രതീക്ഷ ആഷിൻ പങ്കുവച്ചു. 18 വയസ്സു മുതൽ നിർബന്ധിത ജോലിയും വിദ്യാഭ്യാസം എന്ന ആശയവും െഎജിപി മുന്നോട്ട് വയ്ക്കുന്നു.