മിസ്ഡ് കോള്‍ പരിചയം അവസാനിച്ചത് കൊലപാതകത്തില്‍…. കരസേനാ ജവാന്‍ കാമുകിയെ കൊന്ന് കുഴിച്ചുമൂടി…..

ജോലി സ്ഥലത്തു നിന്നും വീട്ടില്‍ എത്തിയ മോള്‍ ഏറെ സന്തോഷത്തോടെയാണ് യാത്ര പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതെന്ന് കണ്ണീരോടെ പിതാവ് രാജന്‍ പറയുന്നു. ആ സന്തോഷ മുഖം മനസ്സില്‍ നിന്ന് മായുന്നേയില്ല, പക്ഷെ ഇന്നലെ കണ്ടതാകട്ടെ ജീര്‍ണിച്ച അവളുടെ ശരീരം. ആ കാഴ്ച കണ്ട് നെഞ്ചു തകര്‍ന്നു പോയി. ഏതൊരു അച്ഛനും സഹിക്കാനാവാത്ത കാഴ്ചയായിരുന്നു അത്. ആറു വയസ്സില്‍ അമ്മയെ നഷ്ടപ്പെട്ടെങ്കിലും അമ്മയില്ലാത്ത കുറവ് അറിയിക്കാതെയാണ് രാജന്‍ മോളെ വളര്‍ത്തിയത്. കാണാതായെങ്കിലും ഏപ്പോഴെങ്കിലും അവള്‍ ചിരിതൂകി വീട്ടിലേക്ക് കടന്നു വരുമെന്ന് കരുതി കാത്തിരുന്ന അച്ഛന് ഈ കാഴ്ച സഹിക്കാനാവാത്ത നൊമ്പരമായി മാറി.

കഴിഞ്ഞ മാസം 21 ന് ഏറെ സന്തോഷത്തോടെ അച്ഛനോടും കുടുംബാംഗങ്ങളോടും യാത്ര പറഞ്ഞ് കൂട്ടുകാര്‍ക്ക് പലഹാരവും എടുത്തി അച്ഛന്‍ നല്‍കിയ പാലും കുടിച്ചാണ് രാഖി പോയത്. 33 ദിവസങ്ങള്‍ക്കു ശേഷം ദുര്‍വിധി പിതാവ് രാജനായി കരുതി വച്ചതാകട്ടെ മകളുടെ ചേതനയറ്റ് ശരീരവും.  അമ്പൂരിയില്‍ എത്തുന്നതുവരെയും തന്റെ മകള്‍ക്ക് ഒന്നും സംഭവിക്കരുതേ എന്ന് ഉള്ളിന്റെ ഉള്ളില്‍ പ്രാര്‍ത്ഥിച്ചു കൊണ്ടാണ് വന്നത് . പക്ഷെ ആ അച്ഛന്റെ പ്രാര്‍ത്ഥന ദൈവം കേട്ടില്ല. തട്ടാം മുക്കിലെത്തിയതോടെ വന്‍ ജനാവലിയെയാണ് ആദ്യം കണ്ടത്. ഇതോടെ പിതാവിന്റെ സമനില തെറ്റി.  അമ്പൂരി ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡിലെ തട്ടാംമുക്കിലെ സൈനികനായ കാമുകന്റെ പുരയിടത്തില്‍ ജീര്‍ണിച്ച നിലയില്‍ കണ്ടെത്തിയത് തന്റെ ജീവന്റെ ജീവനായ മകളാണെന്ന് തിരിച്ചറിഞ്ഞതോടെ അയാള്‍ വിറങ്ങലിച്ചു നിന്നു.

ചായക്കടയില്‍ നിന്ന് താന്‍ നല്‍കിയ പാലും കുടിച്ച് അക്കു വിളിക്കുന്നുവെന്ന് പറഞ്ഞ് ട്രെയിന്‍ ടിക്കറ്റിനുള്ള പൈസയുമായി യാത്ര പറഞ്ഞു പോയതാണ് മകളെന്ന് പിതാവ് തേങ്ങലോടെ പറയുന്നു. രാഖിയുടെ ആറാമത്തെ വയസ്സിലാണ് വെള്ളറട സ്വദേശിയായ മാതാവ് സെല്‍വി മരണമടഞ്ഞത്. സ്വന്തമായി പുത്തന്‍ കടയില്‍ ചായക്കച്ചവടം ചെയ്തു കിട്ടുന്ന വരുമാനം കൊണ്ട് മൂന്നുമക്കളെയും നല്ല നിലയിലാക്കുന്നതിനാണ് ശ്രമിച്ചത്. രാഖിയെ സിവില്‍ എന്‍ജിനീയറിംഗ് വരെ പഠിപ്പിച്ചു. അവള്‍ക്ക് വിവാഹത്തിന് ആവശ്യമായതെല്ലാം സമ്പാദിച്ചു. എപ്പോള്‍ വേണമെങ്കിലും വിവാഹം കഴിച്ച് നല്‍കാന്‍ ഒരുക്കമായിരുന്നു. എങ്ങനെയാണ് മകള്‍ ഇതില്‍ വന്ന് പെട്ടതെന്ന് അറിയില്ലെന്ന് വിങ്ങലോടെ പിതാവ് പറയുന്നു.