സംസ്ഥാനത്ത് ഇന്നലെ ശക്തമായ ഇടിയും മഴയുമാണ് പലയിടത്തും ഉണ്ടായത്. പലയിടത്തും വെള്ളപൊക്കം ഉണ്ടായി. ഇനിയും മഴ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. അഞ്ച് ജില്ലകളില്‍ ഉരുള്‍പൊട്ടാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മലപ്പുറം, പാലക്കാട്, വയനാട്, കോഴിക്കോട്, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് ഉരുള്‍പൊട്ടാന്‍ സാധ്യത. മണിക്കൂറില്‍ 50-60 കിലോമീറ്റര്‍ വേഗതയുള്ള കാറ്റുണ്ടായേക്കാമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഇന്ന് മുതല്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ ഭാഗമായി മലപ്പുറം ജില്ലയില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നതായും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴ, പെട്ടന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
അഞ്ച് മലയോര ജില്ലകളില്‍ ഉരുള്‍പൊട്ടല്‍ സാധ്യതയുണ്ട്. രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ പുഴകളിലും ചാലുകളിലും വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും നിര്‍ദേശമുണ്ട്.
ഉത്തർപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ ഗവര്‍ണറുമായ അന്തരിച്ച എന്‍ ഡി തിവാരിയുടെ മകന്‍ രോഹിത് ശേഖര്‍ തിവാരിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് എന്‍ ഡി തിവാരി ഏറെ വിവാദങ്ങള്‍ക്ക് ശേഷം സ്വന്തം മകനെന്ന് അംഗീകരിച്ച രോഹിത് ശേഖര്‍ തിവാരിയെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാകാം എന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്.
ഹൃദയാഘാതം മൂലമാണ് രോഹിത് മരിച്ചത് എന്നായിരുന്നു ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നത്. മാക്‌സ് സാകേത് ആശുപത്രിയില്‍ എത്തിച്ചപ്പോഴെക്കും മരണം സംഭവിച്ചതായി അധികൃതര്‍ വ്യക്തമാക്കി.എന്നാൽ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് രോഹിതിന്‍റെത് കൊലപാതകമെന്ന നിഗമനത്തില്‍ പോലീസ് എത്തിയിരിക്കുന്നത്.
ഡല്‍ഹി ഡിഫന്‍സ് കോളനി ഏരിയയിലാണ് രോഹിത് താമസിച്ചിരുന്നത്. ഡിഫന്‍സ് കോളനിയിലെ രോഹിത്തിന്റെ വീട്ടില്‍ ഏഴ് സിസി ടിവി ക്യാമറകളാണുള്ളത്. ഇതില്‍ രണ്ടെണ്ണം പ്രവര്‍ത്തനരഹിതമാണെന്ന് അന്വേഷണ സംഘം കണ്ടെത്തി. ക്രൈം ബ്രാഞ്ച് സംഘം വീട്ടിലെത്തി അംഗങ്ങളെയും വീട്ടുജോലിക്കാരെയും ചോദ്യം ചെയ്യും.
രോഹിത്തിനെ അംഗീകരിക്കാന്‍ എന്‍ഡി തിവാരി തയ്യാറായിരുന്നില്ല. തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തന്നെ മകനായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍ഡി തീവാരിക്കെതിരെ രോഹിത് നീണ്ടക്കാലം നിയമയുദ്ധം നടത്തിയിരുന്നു.ഇത് വലിയ വാർത്തയായിരുന്നു.തുടര്‍ന്ന് 2007ല്‍ താന്‍ എന്‍ഡി തിവാരിയുടെ മകനാണ് എന്നത് അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് രോഹിത് കോടതിയില്‍ ഹര്‍ജി നല്‍കി.
തുടര്‍ന്ന് 2014ല്‍ രോഹിത്തിന്റെ വാദം ഡല്‍ഹി ഹൈക്കോടതി അംഗീകരിച്ചു. പിതൃത്വം നിശ്ചയിക്കുന്ന പരിശോധനഫലത്തിന്റെ അടിസ്ഥാനത്തിലായിരുന്നു രോഹിത്തിന് അനുകൂലമായ കോടതി വിധി. ഇതിന് പിന്നാലെ രോഹിത്തിന്റെ അമ്മയായ ഉജ്ജ്വല തിവാരിയെ എന്‍ഡി തിവാരി വിവാഹം ചെയ്തു.
ദുഖവെള്ളി ദിനത്തിൽ കേരളത്തിന്റെ നൊമ്പരമായി ഏലൂരിലെ ഇതര സംസ്ഥാനക്കാരനായ കുരുന്നും. കുഞ്ഞുവേദനകൾക്കിനി മറുപടി കർശനമായ നിയമ നടപടികളിലൂടെയാകുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ വ്യക്തമാക്കി.ആർക്കും സഹിക്കാനാവില്ല മൂന്നര വർഷം മാത്രം നീണ്ട ജീവിതത്തിൽ അവനനുഭവിച്ച വേദന. ശരീരമാകെ മുറിപ്പാടുകൾ, കാലിൽ പൊള്ളലേറ്റുണ്ടായ വ്രണം.
ഒടുവിൽ അടിയേറ്റ് തലയ്ക്ക് ഗുരുതര പരുക്ക്. ഒരു ജൻമത്തേക്കുള്ള വേദന അവൻ ഇതിനോടകം അനുഭവിച്ചു. ഇന്നലെ വൈകിട്ട് കുട്ടിയെ സന്ദര്‍ശിച്ച മെഡിക്കല്‍ ബോര്‍ഡും പ്രതീക്ഷയൊന്നും നല്‍കിയില്ല. . ബുധനാഴ്ച രാത്രിയോടെയാണ് തലയ്ക്ക് മാരകമായ പരുക്കുകളോടെ കുട്ടിെയ ആശുപത്രിയിലെത്തിച്ചത് . വീണുപരുക്കേറ്റു എന്നായിരുന്നു മാതാപിതാക്കള്‍ പറഞ്ഞത് . സംശയം തോന്നിയ ഡോക്ടര്‍മാര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിനൊടുവിലാണ് കുട്ടിയെ മര്‍ദിച്ചെന്ന് അമ്മസമ്മതിച്ചത് .
അനുസരണക്കേടിന് ശിക്ഷിച്ചെന്നായിരുന്നു മൊഴി. അമ്മക്കൊപ്പം താമസിക്കുന്ന ആൾ കുട്ടിയുടെ അച്ഛൻ ആണോയെന്ന് പൊലീസിന് ഉറപ്പില്ല. കുട്ടിയും അമ്മയും ജാർഖണ്ഡിൽ നിന്ന് കേരളത്തിൽ എത്തിയത് രണ്ടാഴ്ച മുൻപ് മാത്രമാണ്. ഒപ്പം താമസിക്കുന്ന പശ്ചിമ ബംഗാൾകാരൻ സ്വകാര്യ കമ്പനിയിൽ ക്രയിൻ ഓപ്പറേറ്ററായി ഒരു വർഷമായി ഇവിടെയുണ്ട്. കുട്ടിയെ മര്ദിച്ചതിൽ പങ്കില്ല എന്നാണ് ഇയാളുടെ മൊഴി. എന്തായാലും കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവരെ നേരിടാന്‍ കര്‍ശനനിയമങ്ങളുണ്ടാക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു.
മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും. ഏഴുവയസുകാരന് മര്‍ദനമേറ്റതിന്‍റെ കാരണം എവിടെനിന്നോ അമ്മ അവരുടെ പ്രിയപ്പെട്ട അഛന് പകരം കൊണ്ടുവന്ന ക്രൂരതയുടെ ആള്‍രൂപത്തെ അഛനെന്ന് വിളിക്കാത്തതിന്‍റെ പേരില്‍.
ആലുവയിലെ മൂന്നുവയസുകാരനെ തല്ലാന്‍ അമ്മയുടെ കാരണം അവന്‍റെ കുസൃതിയായിരുന്നെത്രേ. ഉരുണ്ട തടികൊണ്ട് തലക്കടിയേല്‍ക്കുമ്പോള്‍ അവന്‍ ഉച്ചത്തില്‍ അമ്മേയെന്ന് വിളിക്കുന്നത് ആ സ്ത്രീക്ക് ഇഷ്ടപ്പെട്ടിരുന്നില്ലെത്രേ. ചട്ടുകം പഴുപ്പിച്ച് ബലമായി പിടിച്ച് അവന്‍റെ പിഞ്ചുശരീരത്തില്‍ പൊള്ളലേല്‍പ്പിക്കുമ്പോള്‍ കുതറി മാറാന്‍ ശ്രമിച്ചത് ഇഷ്ടപ്പെട്ടില്ലെത്രേ. കൊടിയ പീഡനം ഏല്‍ക്കുമ്പോള്‍ അവന്‍ അലറിക്കരയുന്നത് മറ്റുവള്ളവര്‍ കേള്‍ക്കുന്നത് കുറവാണെന്ന് ആ സ്ത്രീ കരുതിക്കാണും.
ഏഴുവയസുകാരനെ തുടര്‍ച്ചയായി ക്രൂരപീഡനത്തിന് ഇരയാക്കിയിരുന്നത് കണ്ട് രസിക്കുകയായിരുന്നു അമ്മയെന്ന് പറയുന്ന ആ സ്ത്രീ. ഒരിക്കല്‍പോലും തന്‍റെ സ്വന്തം ചോരയെ രക്ഷപെടുത്താന്‍ ശ്രമിച്ചില്ല…കുരുന്ന് മരണത്തിന് കീഴടങ്ങിയപ്പോള്‍ ആസ്ത്രീയും പറഞ്ഞു താന്‍ ഒന്നും അറിഞ്ഞില്ലെത്രേ…. ആലുവയില്‍ ക്രൂരപീഡനത്തിന് ഇരയായ മകനെ ആശുപത്രിയിലെത്തിച്ച പിതാവെന്ന് വെളിപ്പെടുത്തിയ യുവാവും പറയുന്നു താനൊന്നും അറിഞ്ഞിരുന്നില്ലെന്ന്.
തൊടുപുഴ കുമാരമംഗലത്ത് ആ ഏഴുവയസുകാരനെ കൊടിയ മര്‍ദനത്തിന് ഇരയാക്കിയ പിശാചിന്‍റെ പേര് അരുണ്‍ ആനന്ദ്. ആലുവയില്‍ മൂന്നുവയസുകാരനെ തുടര്‍ച്ചയായി മര്‍ദിച്ചിരുന്നത് ജന്‍മം നല്‍കിയ അമ്മ 28 കാരി ഹെന്നാ ഖാദുണ്‍. തൊടുപുഴയിലെ ഏഴുവയസുകാരന് മര്‍ദനമേറ്റിരുന്നത് വോക്കിങ് സ്റ്റിക്കുകൊണ്ടും അരുണ്‍ ആനന്ദിന്‍റെ കൈക്കരുത്തുകൊണ്ടും.
ആലുവയില്‍ മൂന്നുവയസുകാരന്‍റെ തലക്കടിച്ചിരുന്നത് ചപ്പാത്തിപരത്തുന്ന ഉരുളന്‍ തടികൊണ്ട്.കൂടെ ചട്ടുകം ചൂടാക്കി പൊള്ളിക്കലും.
രണ്ടുപേരുടേയും പിഞ്ചുശരീരങ്ങള്‍ ആശുപത്രിക്കിടക്കയിലേക്ക്എത്തുമ്പോള്‍ തിരിച്ചുനടത്താന്‍ കഴിയാത്ത വിധം പരുക്കുകളായിരുന്നു. എന്നിട്ടും ഡോക്ടര്‍മാര്‍ കഴിവതും ശ്രമിച്ചു.. കേരളജനത പ്രാര്‍ഥനയോടെ ഒപ്പം നിന്നു..എന്നിട്ടും ആ കുരുന്നുകള്‍ രണ്ടും പീഡനങ്ങളില്ലാത്ത ലോകത്തേക്ക് യാത്രപറഞ്ഞു. അവരെ ക്രൂരമായി പീഡിപ്പിച്ചവര്‍ ,ബാല്യത്തിലേ അവരുടെ ജീവന്‍ പന്താടിയവര്‍ ,,അമ്മയെന്ന് വിളിപ്പേരുള്ളവര്‍ ..അവര്‍ നിയമനടപടികളില്‍ നിന്ന് പുറത്തുകടക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി. ഏഴുവയസുകാരനെ കൊടിയപീഡനത്തിന് ശേഷം മരണത്തിലേക്ക് വിട്ടുകൊടുക്കാന്‍ കൂട്ടുനിന്ന ആ യുവതിക്കെതിരെ കേസെടുക്കാന്‍ പോലും പൊലീസ് തയാറായില്ല. പൊലീസിന്‍റെ കൈകള്‍ക്ക് ഉന്നതര്‍ വിലങ്ങിട്ടു. ആ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്താല്‍ താന്‍ രക്ഷപെടുമെന്ന വക്കീലുപദേശം അനുസരിച്ച് നീങ്ങുകയാണ് ആ യുവതി. ആലുവയില്‍ മൂന്നുവയസുകാരനെ കൊന്ന ആ ഇരുപത്തിയെട്ടുകാരിക്കും രക്ഷപെടാനുള്ള പഴുതുകള്‍ ഒരുക്കി അഭിഭാഷകര്‍ തയാറായി നില്‍ക്കുന്നുണ്ട്…യുവതിക്ക് മനോദൗര്‍ബല്യമെന്ന് വരുത്തിതീര്‍ക്കാനും എളുപ്പം സാധിക്കും..
പ്രതികള്‍ പതിവുപോലെ രക്ഷപെടുമെന്ന് ചുരുക്കം.. ആ ഏഴുവയസുകാരനും മൂന്നുവയസുകാരനും ഈ ഭൂമിയില്‍ ജനിച്ചിട്ടില്ലെന്ന് സമാധാനിക്കേണ്ടി വരും…ഇനിയും വേട്ടയാടപ്പെടും നമ്മുടെ കുരുന്നുകള്‍ ….പുറമെ നിന്നല്ല,,,, അവര്‍ സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളില്‍ തന്നെ…അപ്പോഴും നമുക്ക് കണ്ണീര്‍ വാര്‍ക്കാം ..നൊമ്പരപ്പെടാം…മാപ്പുപറയാം….
മലപ്പുറം കാളികാവ് പൂങ്ങോട് തുഷാർ വെള്ളാപ്പള്ളിയുടെ റോഡ്ഷോക്ക് നേരെ ആക്രമണം. ഏഴ് ബി.ജെ.പി, ബി.ഡി.ജെ.എസ് പ്രവർത്തകർക്ക് പരുക്ക്. ആക്രമണത്തിന് പിന്നിൽ സി.പി.എം ആണന്ന് എൻ.ഡി.എ നേതൃത്വം ആരോപിച്ചു. അനൗൺമെൻറ് വാഹനങ്ങളുടെ ശബ്ദം വിവാഹവീട്ടിൽ പ്രയാസമുണ്ടാക്കിയെന്ന് ആരോപിച്ച വാഹനങ്ങൾ തടഞ്ഞു വച്ച് ആക്രമിച്ചുവെന്നാണ് പരാതി.
പരുക്കേറ്റവരെ വണ്ടൂരിലെ സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് ചോക്കാട് ടൗണിൽ വച്ച് യു.ഡി.എഫ് പ്രവർത്തകരും തുഷറിന്റെ റോഡ്ഷോക്ക് തടസo സൃഷ്ടിച്ചതായി നേതാക്കൾ ആരോപിച്ചു. എന്നാൽ യു.ഡി.എഫിന്റെ പൊതുസമ്മേളനം നടക്കുന്നതുകൊണ്ട് സംഭവിച്ച സ്വാഭാവിക തടസമാണന്നും തുഷാറിന്റേയും എൻ.ഡി.എ പ്രവർത്തകരുടെയും വാഹനങ്ങൾ തടഞ്ഞിട്ടില്ലെന്നും യു.ഡി.എഫ് നേതൃത്വം വ്യക്തമാക്കി.
കല്യോട്ട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ട് 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയതെന്നാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പ്രവര്‍ത്തകരുടെ ആരോപണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുമായവരാണ് കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇവര്‍ പിന്നീട് പ്രതികരിച്ചു.
കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ്. അതേസമയം തങ്ങളുടെ പ്രവര്‍ത്തകരല്ല ഈ 65 പേരുമെന്ന് സിപിഎം ആരോപിച്ചു.
നേരത്തെ സിപിഎമ്മുകാര്‍ വേട്ടയാടുന്നുവെന്ന് കാണിച്ച് കൃപേഷിന്റെ അനുജത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയിരുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയ കത്തില്‍ കുറിക്കുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന് വലിയ തിരിച്ചടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
എൽഡിഎഫ് സ്ഥാനാർഥി രാജാജി മാത്യു തോമസിന്‍റെ നേതൃത്വത്തിൽ തീരദേശത്ത് നടക്കുന്ന ലോങ്മാർച്ചിനും ഉദ്ഘാടകനായെത്തിയ കൃഷിമന്ത്രി വിഎസ് സുനില്‍കുമാറിനും നേരെ ബിജെപി പ്രവര്‍ത്തകന്‍ ആക്രമണം നടത്തിയതായി പരാതി. വാടാനപ്പള്ളി വ്യാസ നഗറില്‍ പരിപാടി ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്കും പുറപ്പെടാന്‍ തയ്യാറായി നിന്ന ജാഥാ അംഗങ്ങള്‍ക്കും നേരെ ബിജെപി പ്രവര്‍ത്തകൻ ബുള്ളറ്റ് ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു.
കുട്ടന്‍പാറന്‍ വീട്ടില്‍ അനില്‍ (28) എന്ന ബിജെപി പ്രവര്‍ത്തകനാണ് ജാഥയ്ക്ക് നേരെ ഇരുചക്രവാഹനം ഓടിച്ച് പരിഭ്രാന്തി സൃഷ്ടിച്ചത്. ഒപ്പം ഇയാള്‍ അസഭ്യ വര്‍ഷം നടത്തിയെന്നും പരാതിയില്‍ പറയുന്നു. നൂറ് കണക്കിന് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടിച്ച് കൂടി നില്‍ക്കുമ്പോഴാണ് ബിജെപി പ്രവര്‍ത്തകന്റെ ആക്രമണം നടന്നത്. ബിജെപി അതിക്രമങ്ങൾ പതിവുള്ള മേഖലയായിട്ടും മന്ത്രിയെത്തിയ പരിപാടിയിൽ പൊലീസ് സാന്നിധ്യം ഉണ്ടായിരുന്നില്ല. പരാജയത്തില്‍ ഭീതി പൂണ്ടവരാണ് ആക്രമണത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മന്ത്രി സുനിൽകുമാർ ആവശ്യപ്പെട്ടു. വാടാനപ്പള്ളി പൊലീസ് അന്വേഷണം തുടങ്ങി.
മൂന്നു വയസുകാരനെ മര്‍ദ്ദിച്ചത് അമ്മ തന്നെയെന്ന് കണ്ടെത്തി. അമ്മ തന്നെ കുറ്റം സമ്മതിച്ചു. കുട്ടിയുടെ അമ്മ പോലീസിനോട് കുറ്റം സമ്മതിക്കുകയായിരുന്നു. അമ്മയുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
പരിക്ക് മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായതെന്ന് പോലീസ് കണ്ടെത്തി. കുട്ടിയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. കുട്ടിയെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു അമ്മ. ചട്ടുകം കൊണ്ട് പൊള്ളിക്കുകയും കട്ടിയുള്ള തടി കൊണ്ടു തലയ്ക്ക് അടിക്കുകയും ചെയ്തു. കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്.
ആലുവയില്‍ ഇന്നലെയാണ് മര്‍ദ്ദനമേറ്റ് മൂന്നു വയസുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ തലയോട്ടിക്കും തലച്ചോറിനും പരുക്കുണ്ട്. തലയോട്ടിയില്‍ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുമായിട്ടാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഏലൂര്‍ പഴയ ആനവാതിലിനു സമീപം വാടകയ്ക്കു താമസിക്കുന്ന ബംഗാള്‍ സ്വദേശികളായ ദമ്പതികളുടെ മകനെയാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലാക്കിയത്. പിതാവാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്. വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ച കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി
രാഹുല്‍ഗാന്ധിയുടെ പ്രസംഗത്തിന് പത്തനാപുരത്തും തിരുവനന്തപുരത്തും ആവേശമേകിയ ജ്യോതിക്ക് മലയോരനാടിന്റെ നിലയ്ക്കാത്ത”കൈയടി’. <br> <br> കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ഗാന്ധിയുടെ വാക്കുകളുടെ അർഥവും ആഴവും അണുവിട ചോരാതെ ജനഹൃദയങ്ങളിലേക്ക് ആവേശം ചാലിച്ച് പകര്‍ന്നതോടെയാണ് ജനഹൃദയങ്ങളിൽ താരമായി മാറിയ ജ്യോതി വിജയകുമാർ തിരുവമ്പാടിയിലും ശ്രദ്ധേയയായത്. മുൻ സമ്മേളനങ്ങളിൽ രാഹുൽ ഗാന്ധിയുടെ വാക്കുകളുടെ ആവേശം പ്രവര്ത്തകരിലേക്കെത്തിച്ച ജ്യോതിയുടെ വാക്ചാതുരിയാണ് വയനാട് മണ്ഡലത്തിലെ തിരുവമ്പാടിയില്‍ സംഘടിപ്പിച്ച പൊതുപരിപാടിയിലും പരിഭാഷകയായി നിയോഗിക്കാൻ കെപിസിസി നേതൃത്വത്തെ പ്രേരിപ്പിച്ചത്.
ഉത്തരേന്ത്യയില്‍നിന്ന് വയനാട്ടിൽ മത്സരിക്കാനുള്ള കാരണവും പ്രധാനമന്ത്രിക്കു നേരെയുള്ള വിമര്‍ശനശരങ്ങളും രാഹുല്‍ഗാന്ധി ഇംഗ്ലീഷിൽ പറഞ്ഞവസാനിപ്പിക്കുമ്പോഴേക്കും അതേ വികാരത്തോടെതന്നെ മലയാളമായി പരിഭാഷപ്പെടുത്തി സദസിനെ കൈയിലെടുക്കാന്‍ ജ്യോതിക്കായി. പ്രസംഗത്തിന്റെ ആവേശം കൂടിയപ്പോൾ പരിഭാഷപ്പെടുത്താനുള്ള സമയം നല്കാന് പോലും ഒരു ഘട്ടത്തിൽ രാഹുല്‍ഗാന്ധി മറന്നു. തെറ്റ് സംഭവിച്ചത് ബോധ്യപ്പെട്ട ഉടന്‍ തന്നെ രാഹുല്‍ഗാന്ധി പ്രസംഗത്തിനിടെ ജ്യോതിയോട് മാപ്പു പറയുകയും മലയാളം പരിഭാഷ തുടരാന്‍ ആവശ്യപ്പെടുകയും ചെയ്തത് ശ്രദ്ധേയമായി.
അരമണിക്കൂറാണ് തിരുവമ്പാടിയിലെ സേക്രഡ് ഹാര്‍ട്ട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ഗ്രൗണ്ടില്‍ സംഘടിപ്പിച്ച പരിപാടിയിൽ രാഹുൽ പ്രസംഗിച്ചത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ പരിഭാഷ വ്യക്തമാകാതിരുന്നത് സ്റ്റേജിലെ സ്പീക്കറിന്റെ തകരാറാണെന്നായിരുന്നു വിശദീകരണം. എസ്പിജി (സ്പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ്) വേദിയിലെ സ്പീക്കർ മാറ്റുകയായിരുന്നു. രാഹുല്‍ തിരുവമ്പാടിയിലെ വേദിയില്‍ എത്തുന്നതിനു മണിക്കൂറുകള്‍ക്ക് മുമ്പുതന്നെ എസ്പിജി അംഗങ്ങള്‍ വേദിയിലെത്തി മൈക്കും സ്പീക്കറും പല തവണ പരിശോധിച്ച് വേണ്ട നിർദേശങ്ങൾ നല്‍കിയിരുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതലയേറ്റെടുത്ത ജ്യോതിയും ശബ്ദവ്യതിയാനങ്ങൾ മനസിലാക്കി. അതിനു ശേഷമാണ് രാഹുല്‍ ഗാന്ധി വേദിയില്‍ എത്തിയത്. പ്രസംഗം തുടങ്ങുന്നതിനു മുമ്പുതന്നെ ജ്യോതിയെ കെ.സി. വേണുഗോപാല്‍ സദസിന് പരിചയപ്പെടുത്തി. ഇതോടെ നിറഞ്ഞ കൈയടിയുമായി പ്രവര്‍ത്തകര്‍ ജ്യോതിയെ വരവേല്‍ക്കുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനു ശേഷം ജ്യോതിക്കും കൈയടി നല്‍കിയാണ് പ്രവര്‍ത്തകര്‍ മലയോരമണ്ണില്നിന്ന് യാത്രയാക്കിയത്.
ആലുവയില്‍ മര്‍ദനമേറ്റ കുട്ടിയുടെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിൽ. മാതാപിതാക്കള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ബാലനീതി നിയമപ്രകാരമുള്ള കുറ്റങ്ങളും ഇവർക്ക് മേൽ ചുമത്തി. ഡോക്ടര്‍മാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അതേസമയം കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. തലച്ചോറിനും തലയോട്ടിയിലുമാണ് പരുക്ക്. അമ്മയുടെ കയ്യില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് പറഞ്ഞ് ഇന്നലെയാണ് കുട്ടിയുടെ പിതാവ് ആലുവയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ആലുവയില്‍ വാടകയ്ക്ക് താമസിക്കുന്ന ബംഗാൾ സ്വദേശികളുടെ മകനാണ്. കുട്ടിക്ക് എങ്ങനെയാണ് പരുക്കേറ്റതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
തലയോട്ടിയിൽ പൊട്ടലും ശരീരമാസകലം പൊള്ളലേറ്റ പാടുകളുള്ള കുട്ടി അതീവ ഗുരുതരാവസ്ഥയിലാണ്. കാലുകൾക്കും പരുക്കുണ്ട്. സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ പൊള്ളലേറ്റ പാടുകള്‍ പഴക്കം ചെന്നതാകാമെന്നാണ് ഡോക്ടര്‍മാരുടെ സംശയം. കുട്ടിയുടെ പരുക്ക് ഗുരുതരമാണെന്ന് ബോധ്യപ്പെട്ടതോടെ ഉടന്‍ തന്നെ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും അപകടനില തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
കുട്ടിക്ക് പരുക്കേറ്റത് മാതാപിതാക്കളുടെ മര്‍ദനത്തെ തുടര്‍ന്നാണോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. കുട്ടിയുടെ അച്ഛനെ മണിക്കൂറുകളോളം ഏലൂർ പോലീസ് ചോദ്യം ചെയ്തു. ജില്ലാചൈൽഡ് പ്രൊട്ടക്ൻ ഓഫീസറും ചൈൽസ് ലൈൻ പ്രവർത്തകരും സംഭവമറിഞ്ഞ് ആശുപത്രിയിലെത്തിയിരുന്നു.
തൊഴിലുറപ്പും അടിസ്ഥാന വരുമാന പദ്ധതിയും വഴി കൂടുതല്‍ പാവങ്ങളെ ഐഎഎസിനു പ്രാപ്തമാക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. വയനാട്ടില്‍നിന്ന് ഐഎഎസ് ലഭിച്ച ശ്രീധന്യയെയും കുടുംബത്തെയും നേരിൽ കണ്ട ശേഷം സംസാരിക്കുകയായിരുന്നു രാഹുൽ. ശ്രീധന്യ മലയാളി സമൂഹത്തിന് മാത്രമല്ല, ഇന്ത്യന്‍ യുവത്വത്തിന് തന്നെ ഒരു റോള്‍മോഡലാണെന്നും, ഇത്തരം ധന്യമാരാണ് സമൂഹത്തില്‍ നിന്നും ഉയര്‍ന്നുവരേണ്ടതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 410 റാങ്ക് നേടി മികവ് തെളിയിച്ച കുറിച്യസമുദായത്തില്‍ നിന്നുള്ള കേരളത്തിലെ ആദ്യത്തെ പട്ടികവര്‍ഗക്കാരിയാണ് ശ്രീധന്യാ സുരേഷ്. വയനാട്ടിലെത്തിയ രാഹുല്‍ഗാന്ധി ഉച്ചഭക്ഷണം കഴിച്ചത് ശ്രീധന്യയുടെ കുടുംബത്തോടൊപ്പമായിരുന്നു. തിരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സുല്‍ത്താന്‍ബത്തേരി സെന്റ് മേരീസ് കോളജ് ഗ്രൗണ്ടില്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാൻ എത്തിയപ്പോഴാണ് രാഹുൽ ശ്രീധന്യയുമായി കൂടിക്കാഴ്ച നടത്തിയത്.
ഉച്ചയോടെ പൊതുസമ്മേളനം അവസാനിപ്പിച്ച് കോളജിലെ പ്രത്യേക മുറിയില്‍ തയ്യാറാക്കിയ ഭക്ഷണഹാളിലായിരുന്നു രാഹുൽ ശ്രീധന്യയുമായി സംസാരിച്ചത്. പട്ടികവര്‍ഗ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍, വയനാട്ടിലെ സാമൂഹിക പ്രശ്‌നങ്ങള്‍ തുടങ്ങി അന്താരാഷ്ട്ര കാര്യങ്ങള്‍ വരെ രാഹുലും ശ്രീധന്യയും തമ്മില്‍ ചര്‍ച്ച ചെയ്തു.
രാഹുൽ ഗാന്ധി സന്ദർശിച്ചപ്പോള്‍ അമ്മയും അച്ഛനും സഹോദരനും ശ്രീധന്യയ്ക്കൊപ്പം ഉണ്ടായിരുന്നു. ‘അര മണിക്കൂറോളം ഞങ്ങളോടൊപ്പം അദ്ദേഹം ചിലവഴിച്ചു. കൂടുതൽ സമയവും സിവിൽ സർവീസിന് തയാറെടുത്തതിനെക്കുറിച്ചും പരീക്ഷയിൽ നേരിട്ട ചോദ്യങ്ങളെക്കുറിച്ചുമൊക്കെയാണ് ചർച്ച ചെയ്തത്. അഭിമുഖം എങ്ങനെ നേരിട്ടുവെന്നും വരാനിരിക്കുന്ന പരിശീലനത്തെക്കുറിച്ചും ചോദിച്ചു. ഐഎഎസ് തന്നെ കിട്ടണമെന്നാണ് ആഗ്രഹമെന്നും അങ്ങനെയാണെങ്കിൽ മസൂറിയിലാകും പരിശീലനമെന്നും ഞാൻ പറഞ്ഞു. ആഗ്രഹം പോലെ തന്നെ നടക്കട്ടെ എന്ന് അദ്ദേഹം ആശീർവദിച്ചു. മാതാപിതാക്കളോടും അദ്ദേഹം സംസാരിച്ചു. എന്റെ വിജയത്തിൽ എത്രമാത്രം സന്തോഷമുണ്ടെന്ന് തിരക്കി. എങ്ങനെയാണ് എന്നെ പഠിപ്പിച്ചതെന്നും മറ്റ് കുടുംബസാഹചര്യങ്ങളും തിരക്കി. ആദിവാസി ഗോത്ര വിഭാഗങ്ങളിൽ നിന്ന് കൂടുതൽ പേർ മികച്ച വിദ്യാഭ്യാസം നേടി മുന്നോട്ട് വരേണ്ട ആവശ്യകത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിന്നീട് വയനാടിനെക്കുറിച്ചാണ് സംസാരിച്ചത്. എത്ര ഗോത്രവിഭാഗങ്ങളുണ്ടെന്നും അതിന്റെ ചരിത്രവും ചോദിച്ചു. വയനാട്ടിലെ ഗോത്രവർഗക്കാർ ഇപ്പോള്‍ 19 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതിന്റെ കാരണങ്ങളെക്കുറിച്ചും അദ്ദേഹം തിരക്കി. സഹോദരനോടും സംസാരിച്ചു. ഒരുമിച്ച് ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലിഷിലാണ് അദ്ദേഹം സംസാരിച്ചത്. ഞാൻ ഇംഗ്ലിഷിൽ തന്നെ മറുപടി നൽകി”. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തെക്കുറിച്ചുള്ള ശ്രീധന്യയുടെ വാക്കുകൾ ഇതാണ്. ബത്തേരി സെന്റ് മേരീസ് കോളജിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ഉമ്മന്‍ചാണ്ടി, കെസി വേണുഗോപാല്‍ തുടങ്ങിയവരും രാഹുലിന് ഒപ്പമുണ്ടായിരുന്നു. എന്തായാലും ജീവിതത്തിൽ മറക്കാനാകാത്ത ദിവസമാണ് രാഹുൽ ഗാന്ധി സമ്മാനിച്ചതെന്ന് ശ്രീധന്യയും കുടുംബവും പ്രതികരിച്ചു.
410–ാം റാങ്കോടെയാണ് വയനാട്ടിലെ കുറിച്യര്‍ വിഭാഗത്തില്‍ നിന്നുള്ള സുരേഷ് –കമല ദമ്പതികളുടെ മകള്‍ വിജയിച്ചത്.ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യമായിട്ടാണ് ഒരു പെണ്‍കുട്ടി സിവില്‍ സര്‍വീസ് വിജയം നേടുന്നത്. പരീക്ഷാഫലം വന്ന ദിവസം ശ്രീധന്യയെ ഫോണില്‍ വിളിച്ച് രാഹുല്‍ അഭിനന്ദനം അറിയിച്ചിരുന്നു.