സംവിധായകന്‍ എ.എല്‍ വിജയ്‌യുമായുള്ള വിവാഹമോചനം തന്നെ ആകെ തകര്‍ത്തെന്നും അതിനെ അതിജീവിക്കാന്‍ സഹായിച്ചത് യാത്രകളിലൂടെയാണെന്നും നടി അമല പോള്‍. ഒരു ദേശീയമാധ്യമവുമായുള്ള അഭിമുഖത്തിലാണ് അമല ഇക്കാര്യം പറഞ്ഞത്. നിരവധി സുഹൃത്തുക്കളെ തനിക്ക് നഷ്ടപ്പെട്ടെന്നും ആകെ ഒറ്റപ്പെട്ട സമയത്ത് ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചെന്നും അമല പറഞ്ഞു.

‘ദാമ്പത്യജീവിതം പരാജയപ്പെട്ടപ്പോള്‍ ഞാനാകെ തകര്‍ന്നു. ഈ ലോകം മുഴുവന്‍ എനിക്കെതിരായി. ഞാനാകെ ഒറ്റപ്പെട്ട പോലെയായി. എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന് തോന്നി. ഒരുപാട് വേദനകള്‍ അനുഭവിച്ച കാലമായിരുന്നു അത്. സംഭവിച്ച എല്ലാത്തിനും ഞാന്‍ എന്നെത്തന്നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നു. അതിനു ശേഷമാണ് കണ്ണുകള്‍ തുറന്ന് ലോകം കാണാന്‍ തുടങ്ങിയത്. സുഹൃത്തുക്കള്‍ എന്നെ ചതിച്ചു. അവരെ എനിക്ക് നഷ്ടപ്പെട്ടു. സാരമില്ല. ഇതൊക്കെ ഓരോ പാഠങ്ങളാണ്.’

‘2016 ല്‍ നടത്തിയ ഹിമാലയന്‍ യാത്രയാണ് ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് മാറ്റിമറിച്ചത്. ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരമായിരുന്നു ആ യാത്ര. നഷ്ടപ്പെട്ട എന്നെ ഞാന്‍ കണ്ടെത്തി. ശാരീരികമായും മാനസികമായും ഞാനനുഭവിച്ച എല്ലാ പ്രയാസങ്ങളെയും അവിടെ ഉപേക്ഷിച്ചു. ഒറ്റക്കുള്ള യാത്രകളിലാണ് നിങ്ങള്‍ സ്വന്തം കരുത്ത് മനസ്സിലാക്കുക. ഇപ്പോള്‍ എനിക്കറിയാം, എന്തുകൊണ്ടാണ് എന്റെ ജീവിതത്തില്‍ ഇതെല്ലാം സംഭവിച്ചത് എന്ന്.’ അമല പോള്‍ പറഞ്ഞു.

2011ല്‍ പുറത്തിറങ്ങിയ ദൈവ തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് സംവിധായകന്‍ എ.എല്‍ വിജയ്‌യുമായി അമല പോള്‍ പ്രണയത്തിലാകുന്നത്. പിന്നീട് വിജയ്‌യെ നായകനാക്കി എ.എല്‍ വിജയ് നായകനായ തലൈവ എന്ന ചിത്രത്തിലും അമല ആയിരുന്നു നായിക. 2014 ജൂണ്‍ 12നായിരുന്നു വിവാഹം. ഒരു വര്‍ഷത്തെ കുടുംബ ജീവിതത്തിന് ശേഷം ഇവര്‍ വേര്‍പിരിയുകയായിരുന്നു. എ. എല്‍ വിജയ് അടുത്തിടെയാണ് വീണ്ടും വിവാഹിതനായിരുന്നു.