തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദ്ദനത്തിനിരയായ ഏഴ് വയസ്സുകാരന്റെ ആരോഗ്യനില മോശമായി തുടരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. അമ്മയും രണ്ടാനച്ഛനും പുറത്തുപോയി വന്നപ്പോള്‍ ഇളയ കുട്ടി സോഫയില്‍ മൂത്രമൊഴിച്ചിട്ടുണ്ടായിരുന്നു. അതിനെക്കുറിച്ച് ഏഴുവയസ്സുകാരനോട് രണ്ടാനച്ഛന്‍ ചോദിച്ചു. വ്യക്തമായ ഉത്തരം കിട്ടാത്തതിനെ തുടര്‍ന്നാണ് രണ്ടാനച്ഛന്‍ മൂത്ത കുഞ്ഞിനെ മര്‍ദ്ദിച്ചത്. രണ്ടാനച്ഛന്‍ കുട്ടിയെ നിലത്തിട്ട് പല തവണ ചവിട്ടിയെന്ന് അമ്മ പൊലീസിന് മൊഴി നല്‍കി. തടയാന്‍ ശ്രമിച്ച അമ്മയുടെ മുഖത്ത് അടിക്കുകയും ചെയ്തു. ഇത് കണ്ട് പേടിച്ച് കരഞ്ഞ മൂത്തകുട്ടിയെ ഇയാള്‍ നിലത്തിട്ട് പല തവണ തലയില്‍ ചവിട്ടി. ഇളയ കുഞ്ഞിനും മര്‍ദ്ദനമേറ്റു. ഏഴുവയസ്സുകാരന്റെ തലയ്ക്ക് പിന്നില്‍ ആഴത്തില്‍ മുറിവുണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേയും ഇയാള്‍ കുഞ്ഞുങ്ങളെ അടിച്ചിട്ടുണ്ടെന്ന് അമ്മ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
കുട്ടിയെ അബോധാവസ്ഥയില്‍ കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. അബോധാവസ്ഥയിലായ ബാലന്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. അമ്മയുടേയും ഇളയ കുട്ടിയുടെയും മൊഴി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി രേഖപ്പെടുത്തിയിട്ടുണ്ട്. പത്ത് മാസം മുമ്പാണ് കുട്ടികളുടെ പിതാവ് മരിച്ചത്. തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മുപ്പത്തഞ്ചുകാരനെ കുട്ടികളുടെ അമ്മ വിവാഹം കഴിക്കുകയായിരുന്നു. പൊലീസ് നിരീക്ഷണത്തിലുള്ള ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടിയുടെ ഇളയ സഹോദരനെയും (നാല്) രണ്ടാനച്ഛന്‍ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. ഈ മര്‍ദനത്തില്‍ കുട്ടിയുടെ പല്ലു തകര്‍ന്നു. കാലുകളില്‍ അടിയേറ്റ പാടുകളുണ്ട്. ഈ കുട്ടിയെ തൊടുപുഴയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബുധനാഴ്ച വൈകീട്ടൊടെയാണ് തൊടുപുഴയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഏഴ് വയസുകാരനെ ഗുരുതരാവസ്ഥയില്‍ എത്തിച്ചത്. അസ്വാഭാവികത തോന്നിയ ഡോക്ടര്‍മാര്‍ പൊലീസിനെ വിവരമറിയിച്ചു. തലയ്ക്കാണ് ഗുരുതമായി പരിക്കേറ്റത്. സോഫയില്‍ നിന്ന് വീണാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് അമ്മ പറഞ്ഞതെങ്കിലും മുറിവുകള്‍ അങ്ങനെ ഉണ്ടായതല്ലെന്ന് ലക്ഷണങ്ങളില്‍നിന്ന് ഡോക്ടര്‍മാര്‍ക്ക് വ്യക്തമായി. തുടര്‍ന്ന് കൂടുതല്‍ ചികിത്സക്കായി കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
പൊലീസ് എത്തിയതോടെയാണ് കാര്യങ്ങള്‍ക്ക് വ്യക്തത വന്നത്. രണ്ടാമത്തെ കുട്ടിക്ക് പരിക്കുണ്ടായതാണ് സംശയങ്ങള്‍ക്ക് ഇട നല്‍കിയത്. കുട്ടികളെ മര്‍ദിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദ് എന്ന യുവാവിനെ തൊടുപുഴ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണെന്നും ഇടുക്കി ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി.ജോസ് പറഞ്ഞു.
ഏതെങ്കിലും ഭാരമുള്ള വസ്തുകൊണ്ട് കുട്ടിയെ അടിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സഹോദരനില്‍ നിന്ന് ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം. കുട്ടിയുടെ മൊഴി പൂര്‍ണ്ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല. എന്നാല്‍ ഏഴു വയസുകാരന്റെ പരിക്ക് വിലയിരുത്തുമ്പോള്‍ അതിക്രൂരമായ മര്‍ദ്ദനം നടന്നുവെന്നാണ് നിഗമനം. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഇളയ കുട്ടിയെ താല്‍ക്കാലിക സംരക്ഷണത്തിനു വല്യമ്മയെ ഏല്‍പിച്ചു. യുവതിയുടെ ആദ്യ ഭര്‍ത്താവ് ഒരു വര്‍ഷം മുന്‍പ് മരിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ അടുത്ത ബന്ധുവായ അരുണ്‍ യുവതിക്കും മക്കള്‍ക്കുമൊപ്പം താമസിക്കുകയായിരുന്നു. ഇവര്‍ നിയമ പ്രകാരം വിവാഹിതരല്ലെന്നാണ് സൂചന.
തലയോട്ടിക്ക് ഗുരുതര പരിക്കേറ്റ് അബോധാവസ്ഥയിലായ ബാലന് കാഴ്ചശക്തിയില്ലെന്നും ഡോക്ടര്‍ അറിയിച്ചു. രണ്ടാനച്ഛന്‍ ജ്യേഷ്ഠനെയും തന്നെയും മര്‍ദ്ദിച്ചെന്ന് അനുജന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കി. ജ്യേഷ്ഠനെ വടി ഉപയോഗിച്ച് തലയിലും മുഖത്തും കണ്ണിനും അടിച്ച് നിലത്തു വീഴിച്ചെന്നും ചോര വന്നുവെന്നും കുട്ടി പറഞ്ഞു. ചോര തൂത്തുകളഞ്ഞത് താനാണെന്നുമാണ് കുട്ടിയുടെ മൊഴി. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ അരുണ്‍ ആനന്ദിനെതിരെ ജുവനൈല്‍ ജസ്റ്റിസ് ആക്ട് 75-ാം വകുപ്പു പ്രകാരം കേസെടുക്കാന്‍ ആവശ്യപ്പെട്ട് തൊടുപുഴ പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ചെയര്‍മാന്‍ ഡോ. ജോസഫ് അഗസ്റ്റിന്‍ പറഞ്ഞു. രണ്ടാനച്ഛന്‍ പൊലീസിന്റെ നിരീക്ഷണത്തിലാണെന്ന് തൊടുപുഴ സിഐ അഭിലാഷ് ടോമി പറഞ്ഞു.
ശബിരമലയിൽ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയിൽ കേസ് നൽകിയ പ്രേരണാ കുമാരി ബിഡെപി തന്നെയെന്ന് ചൂണ്ടിക്കാട്ടി തെളിവുകളുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇവര്‍ക്കുള്ള സംഘപരിവാർ – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്– കടകംപള്ളി കുറിച്ചു.
ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണമെന്നും കടകംപള്ളി തുറന്നടിച്ചു. ചൗക്കിദാര്‍ പ്രേരണ എന്ന ട്വിറ്റര്‍ അക്കൗണ്ടിലെ സ്‌ക്രീന്‍ ഷോട്ടും ബി.ജെ.പി പതാക പിടിച്ചു നില്‍ക്കുന്ന പ്രേരണയുടെ ചിത്രവും കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.
കുറിപ്പിന്റെ പൂർണ്ണരൂപം:
നിങ്ങളോര്‍ക്കുന്നില്ലേ പ്രേരണാ കുമാരി എന്ന അഭിഭാഷകയെ. ശബരിമലയില്‍ യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നല്‍കിയ അഞ്ച് യുവതികളില്‍ പ്രമുഖയായിരുന്നു പ്രേരണാകുമാരി. പ്രേരണാകുമാരി, ഭക്തി പസ്രീജ സേഥി, ലക്ഷ‌്മി ശാസ‌്ത്രി, അൽക്കശർമ, സുധപാൽ എന്നിവരാണ് 12 വർഷം ശബരിമല യുവതീ പ്രവേശനത്തിനായി സുപ്രീംകോടതിയില്‍ കേസ് നടത്തിയത്. ഇവര്‍ക്കുള്ള സംഘപരിവാര – ബിജെപി ബന്ധം വെളിപ്പെടുത്തിയപ്പോള്‍ അവര്‍ക്ക് ബിജെപി ബന്ധമില്ലെന്നായിരുന്നു കേരളത്തിലെ ബിജെപി നേതാക്കളുടെ അവകാശവാദം. പ്രേരണാകുമാരി ബിജെപിക്കാരിയാണെന്ന് ഞാന്‍ പ്രസംഗിച്ചതിന് എനിക്കെതിരെ ഒരു സുപ്രീം കോടതി അഭിഭാഷകന്‍ വഴി വക്കീല്‍ നോട്ടീസ് അയച്ച പ്രേരണാകുമാരി കേസ് കൊടുക്കാന്‍ തയ്യാറായില്ല. അന്ന് മുങ്ങിയ പ്രേരണാകുമാരി ഇപ്പോള്‍ ചൗക്കീദാര്‍ പ്രേരണയാണ്. ദില്ലിയിലെ ബിജെപി നേതൃനിരയിലുള്ള പ്രേരണാകുമാരി ബിജെപി ലീഗല്‍ സെല്ലിന്റെ സുപ്രീം കോടതി യൂണിറ്റ് സെക്രട്ടറിയും, ബിജെപി പോഷകസംഘടനയുടെ ഔദ്യോഗിക വക്താവുമാണ്. ബിജെപിയുടെ നേതൃനിരയില്‍ പെട്ട പ്രേരണാകുമാരിയെ കൊണ്ട് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നല്‍കിയതിന് പിന്നിലെ ഗൂഢശക്തി ആരെന്നത് ഇപ്പോള്‍ പകല്‍ പോലെ വ്യക്തമാണ്.
പ്രേരണാകുമാരിയുടെ ഭര്‍ത്താവ് സിദ്ധാര്‍ത്ഥ് ശംഭു ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി അടുത്ത ബന്ധമുള്ള വ്യക്തിയും, ബിജെപിയുടെ സജീവപ്രവര്‍ത്തകനുമാണെന്നതും ഇതിനോട് കൂട്ടിവായിക്കണം. ശബരിമല യുവതീപ്രവേശനത്തിനായി വാദിച്ചതും, അനുകൂല വിധിക്കായി 12 വര്‍ഷം കേസ് നടത്തിച്ചതും ചൗക്കീദാര്‍ പ്രേരണാകുമാരി അടക്കമുളള സംഘപരിവാറുകാരായ, ബിജെപിക്കാരായ സ്ത്രീകളാണെന്നത് കേരളം കലാപ കലുഷിതമാക്കാന്‍ ആര്‍എസ്എസ് നീക്കം നടത്തിയപ്പോള്‍ ഞങ്ങള്‍ വിളിച്ചു പറഞ്ഞതാണ്. അന്ന് അത് വിശ്വസിക്കാന്‍ കൂട്ടാക്കാത്തവര്‍ക്കുള്ള കാലത്തിന്റെ മറുപടിയാണ് ഇപ്പോള്‍ പുറത്തുവരുന്ന കുറേക്കൂടി ദൃഢമായ തെളിവുകള്‍.
ആര്‍എസ്എസുകാരാണ് ശബരിമല യുവതീ പ്രവേശനത്തിനായി കേസ് നടത്തിയതെങ്കില്‍ നിങ്ങളെന്തിനാണ് അത് നടപ്പാക്കാന്‍ ശ്രമിക്കുന്നതെന്ന വിവരക്കേട് ചോദിച്ച് വരുന്നവര്‍ക്കായി മുന്‍കൂര്‍ മറുപടി നല്‍കാം. വിധി പുറപ്പെടുവിച്ചത് സുപ്രീംകോടതിയാണ്. ഭരണഘടനാ ബഞ്ചിന്റെ വിധിയാണ് സര്‍ക്കാരിന് ബാധകം. അത് പുനപരിശോധിക്കപ്പെട്ടാല്‍ അതും സര്‍ക്കാര്‍ അനുസരിക്കും. ആടിനെ പട്ടിയാക്കുന്ന നുണപ്രചാരണ വേലയുമായി വീടുകള്‍ കയറിയിറങ്ങുന്ന സംഘപരിവാറുകാരന്റെ ദുഷ്ടലാക്ക് ഈ നാട് തിരിച്ചറിയുന്നുണ്ട്. ഇനിയെങ്കിലും ശബരിമല യുവതീപ്രവേശന കേസ് നൽകിയത് സംഘപരിവാറാണെന്നത് തുറന്നുപറയാനുള്ള മര്യാദ കുമ്മനവും ശ്രീധരൻ പിള്ളയും അടക്കമുള്ളവർ കാട്ടണം. ശബരിമല ക്ഷേത്ര സന്നിധി മുതൽ തെരുവോരങ്ങളിൽ വരെ സംഘർഷാവസ്ഥ സൃഷ്ടിച്ചതിന് പൊതുസമൂഹത്തോട് നിങ്ങൾ മാപ്പ് പറയണം.
“കൊണ്ടു നടന്നതും നീയേ ചൗക്കീദാറേ
കൊണ്ടു കൊല്ലിച്ചതും നീയേ ചൗക്കീദാറേ….”
– കടകംപളളി സുരേന്ദ്രൻ
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് സരിത എസ് നായര്‍. എറണാകുളം മണ്ഡലത്തില്‍ ഹൈബി ഈഡനെതിരെയായിരിക്കും മത്സരിക്കുകയെന്നും സരിത അറിയിച്ചു. എറണാകുളം കളക്ട്രേറ്റിലെത്തിയ സരിത നാമനിര്‍ദേശ പത്രിക വാങ്ങിയാണ് മടങ്ങിയത്.
കോണ്‍ഗ്രസ് പാര്‍ട്ടിയിലെ പന്ത്രണ്ടോളം നേതാക്കള്‍ക്കെതിരെ കേസെടുക്കണം എന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ കഴിഞ്ഞ ഒരു വര്‍ഷക്കാലമായി മെയിലുകളും ഫാക്‌സുകളും അയക്കുന്നുണ്ടെന്നും തനിക്ക് മറുപടി നല്‍കാന്‍ അദ്ദേഹം തയ്യാറായില്ലെന്നും സരിത കൊച്ചിയില്‍ പറഞ്ഞു.
എല്ലാ തെരഞ്ഞെടുപ്പ് കാലത്തും തട്ടിപ്പുകാരി എന്ന് പറഞ്ഞ് പാര്‍ട്ടിക്കാര്‍ തന്നെ ആക്ഷേപിക്കുകയാണ്. എന്‍റെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രാഥമിക അന്വേഷണം നടത്തി എഫ്ഐആര്‍ ഇട്ട ആളുകള്‍ ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ഈ നടപടിയെ ചോദ്യം ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നതെന്നും അല്ലാതെ ജയിച്ച് പാർലമെന്റിൽ പോകാനല്ലെന്നും സരിത പറഞ്ഞു.
തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ചില കോൺഗ്രസ് എംഎൽഎമാർക്കെതിരെ പ്രചാരണം നടത്തുമെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു.
കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് ബന്ധുക്കള്‍. കെടുങ്ങോന്‍കണ്ടിയില്‍ രാജേഷിനെയാണ് കഴിഞ്ഞദിവസം വീടിന് സമീപത്തായി തൂങ്ങിയനിലയില്‍ കണ്ടെത്തിയത്. പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന സംഘം വീട്ടില്‍ കയറി മര്‍ദിച്ച ശേഷം കൊലപ്പെടുത്തി കെട്ടിത്തൂക്കിയെന്നാണ് മാതാവും സഹാദരിയും ആരോപിക്കുന്നത്.
കഴിഞ്ഞദിവസം രാത്രിയിലാണ് പിതൃസഹോദരനും മകനുമുള്‍പ്പെടുന്ന ആറംഗസംഘം രാജേഷിനെ വീട് കയറി ആക്രമിച്ചത്. ജനലും, വാതിലും നിര്‍ത്തിയിട്ടിരുന്ന വാഹനവുമുള്‍പ്പെടെ തല്ലിത്തകര്‍ത്തു. മുറിപൂട്ടി രാജേഷിനെ ക്രൂരമായി മര്‍ദിച്ചു. തടയാനെത്തിയ രാജേഷിന്റെ മാതാവിനും സഹോദരിയ്ക്കും ആക്രമണത്തില്‍ പരുക്കേറ്റു. ആക്രമിച്ചവര്‍ നേരത്തെയും രാജേഷിനെ തട്ടിക്കൊണ്ടുപോയി അപായപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സഹോദരി.
സമീപത്തെ വീട്ടുകാര്‍ രക്ഷിക്കാനെത്തിയെങ്കിലും കത്തികാട്ടി സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഒരു മണിക്കൂറിലധികം സംഘര്‍ഷം തുടര്‍ന്നു. വീടിന് പുറത്തിറക്കി വലിച്ചിഴച്ച് കൊണ്ടുപോയി വീണ്ടും രാജേഷിനെ മര്‍ദിച്ചു. പതിനൊന്നരയോടെയെത്തിയ സംഘം ഒരു മണിയോടെയാണ് മടങ്ങിയത്. പിന്നീട് പലയിടത്തും രാജേഷിനെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.
വീട്ടില്‍ നിന്ന് അരക്കിലോമീറ്റര്‍ അകലെയുള്ള പുരയിടത്തില്‍ പുലര്‍ച്ചെ രാജേഷിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തിന്റെ പലഭാഗങ്ങളിലും മുറിവുണ്ട്. കാലൊടിഞ്ഞ് തൂങ്ങിയ നിലയിലായിരുന്നു. ഇതാണ് കൊലപാതകമെന്ന സംശയം ബലപ്പെടുത്തുന്നത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ലെന്നും വിശദമായി പരിശോധിക്കുകയാണെന്നും ബാലുശേരി പൊലീസ് അറിയിച്ചു.
അതേസമയം, കോഴിക്കോട് നന്‍മണ്ടയില്‍ യുവാവിനെ ആക്രമിക്കുന്നത് പൊലീസിനെ അറിയിച്ചെങ്കിലും ഇടപെടാന്‍ വൈകി. ബാലുശേരി പൊലീസ് രാജേഷിനെ ആക്രമിച്ച പിതൃസഹോദരന്റെ വീട്ടിലെത്തി സംസാരിച്ച് മടങ്ങിയെന്നാണ് ആക്ഷേപം. രാഷ്ട്രീയ സമ്മര്‍ദ്ധമുണ്ടെന്നും നീതിപൂര്‍വമായ അന്വേഷണം വേണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.
രാത്രി പതിനൊന്നരയ്ക്കാണ് ആറംഗ സംഘം രാജേഷിന്റെ വീട്ടിലെത്തുന്നത്. ആക്രമണം തുടങ്ങിയ ഉടന്‍ സഹോദരി ബാലുശേരി പൊലീസില്‍ വിവരമറിയിച്ചു. നാട്ടുകാരില്‍ ചിലരും പൊലീസിനെ ബന്ധപ്പെട്ടെങ്കിലും വരാന്‍ ഒന്നരമണിക്കൂറിലധികം വൈകിയെന്നാണ് പറയുന്നത്. ആക്രമണം നടത്തിയതിന് ശേഷം രാജേഷിന്റെ പിതൃസഹോദരനും മകനും സമീപത്തെ വീട്ടിലേക്ക് മടങ്ങി. പിന്നാലെയെത്തിയ പൊലീസ് ഇവരോട് രഹസ്യമായി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ് പിന്‍വാങ്ങിയെന്നാണ് പരാതി. വ്യക്തമായ തെളിവുകള്‍ നല്‍കിയിട്ടും ഇവരെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുന്നതിന് തയാറായില്ല. ആക്രമണ വിവരം ഇവര്‍ നേരത്തെ തന്നെ പൊലീസിനെ അറിയിച്ചിരുന്നതായും മൃദുസമീപനം സംശയം ബലപ്പെടുത്തുന്നതായും ആക്ഷേപമുണ്ട്.
രാജേഷിനായുള്ള തെരച്ചിലിനിടെ രാത്രിയില്‍ പലതവണ ബന്ധുക്കളും സുഹൃത്തുക്കളും മൊബൈല്‍ ഫോണില്‍ വിളിച്ചു. ബെല്ല് കേട്ടയുടന്‍ ഫോണ്‍ നിശ്ചലമാക്കുകയായിരുന്നു. ഇത് അക്രമി സംഘത്തിലെ ആളുകളാണെന്ന സംശയമാണ് ബലപ്പെടുത്തുന്നത്. അങ്ങനെയെങ്കില്‍ രാജേഷും ഇവര്‍ക്കൊപ്പമുണ്ടായിരിന്നിരിക്കാം. എന്നാല്‍ ഈ നമ്പര്‍ പിന്തുടര്‍ന്നുള്ള അന്വേഷണത്തിന് പൊലീസ് ശ്രമിച്ചില്ല. രാഷ്ട്രീയ സമ്മര്‍ദ്ധമാണ് പൊലീസ് അന്വേഷണത്തിന് തടസമിടുന്നതെന്നാണ് ബന്ധുക്കളുടെ സംശയം.
ആലപ്പുഴയിൽ തീരദേശ പാതയിലുണ്ടായ വാഹന അപകടത്തില്‍ അദ്ധ്യാപിക മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് 3 വാർഡിൽ അറയ്ക്കൽ പയസിന്‍റെ ഭാര്യ അനിത 53 ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.30 ന് പെരുന്നോർ മംഗലം സെന്‍റ് ആന്‍റണീസ് ദേവാലയത്തിലെ കുർബാനയിൽ പങ്കെടുക്കാൻ പോകുന്ന വഴി പനയ്ക്കൽ ജംങ്ങ്ഷന് തെക്ക് വശത്ത് കലിങ്കിന് സമീപമാണ് അപകടം നടന്നത്. അമിത വേഗതയിൽ അർത്തുങ്കൽ ഭാഗത്ത് നിന്നും ബ്രോയിലർ ചിക്കൻ കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ അനിതയെ ഇടിച്ച ശേഷം കലിങ്കിൽ ഇടിച്ച് മറിയുകയായിരുന്നു. അന്യസംസ്ഥാന തൊഴിലാളിയായ ഡ്രൈവർ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
കണക്ക് ടീച്ചറുടെ മരണം എസ്എസ്എൽസി കണക്ക് പരീക്ഷാദിവസം
‘രാത്രിയിൽ ഇരുന്നു പഠിക്കണം. സംശയങ്ങളുണ്ടെങ്കിൽ രാവിലെ വിളിച്ചോളൂ…’ – എസ്എസ്എൽസി കണക്ക് പരീക്ഷയുടെ തലേന്ന് അനിത ടീച്ചർ വിദ്യാർഥികളോട് ഇങ്ങനെ പറഞ്ഞതാണ്. പക്ഷേ, കുട്ടികളുടെ വിളിയെത്തുന്നതിനു മുൻപേ ടീച്ചർ എന്നന്നേക്കുമായി യാത്ര പറഞ്ഞുകഴിഞ്ഞിരുന്നു.
ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിലെ കണക്ക് അധ്യാപിക അനിത ജോസ്(53) അപകടത്തിൽ മരിച്ചത് ഇന്നലെ അതിരാവിലെയാണ്. ചൊവ്വാഴ്ച പരീക്ഷയില്ലാഞ്ഞതിനാൽ അനിത, വിദ്യാർഥികൾക്കു പ്രത്യേക ക്ലാസ് നടത്തിയിരുന്നു.
ടീച്ചറുടെ മരണം അറിയാതെയാണു സെന്റ് ജോസഫ്സിലെ പല വിദ്യാർഥികളും ഇന്നലെ പരീക്ഷയെഴുതിയത്. രാവിലെ ആറരയോടെയുണ്ടായ അപകടത്തിൽ അനിത മരിച്ചെന്നു വിദ്യാർഥികളെ അറിയിക്കാതെ ശ്രദ്ധിച്ചിരുന്നു.
സംസ്കാരം ഇന്നു വൈകിട്ടു 4നു ചേന്നവേലി സെന്റ് ആന്റണീസ് പള്ളിയിൽ.
രാവിലെ 9ന് ആലപ്പുഴ സെന്റ് ജോസഫ്സ് സ്കൂളിൽ മൃതദേഹം പൊതുദർശനത്തിനു വച്ച ശേഷം വീട്ടിലെത്തിക്കും. അർത്തുങ്കൽ കാട്ടിപ്പറമ്പിൽ അച്ചപിള്ളയുടെയും പരേതയായ മോളിക്കുട്ടിയുടെയും മകളാണ് അനിത.
കാത്തിരിപ്പിനൊടുവില്‍ ലൂസിഫര്‍ എത്തി. യങ് സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭം, ‘ഒടിയനു’ശേഷം മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം കൂടെ വമ്പന്‍ താരനിര. ഇത്രയുമൊക്കെ മതി മലയാളി സിനിമാ ആരാധകരെ ആകാംക്ഷയുടെ മുള്‍മുനയില്‍ എത്തിക്കാന്‍. പുലർച്ചെ മുതലേ ഫാൻസ് ഷോകൾ ആരംഭിച്ചിരുന്നു.
View this post on Instagram
With the heroes of the hour! #Achan’sBlessings#God’sGrace#Gratitude & 💖 #LuciferIsHere
മോഹന്‍ലാല്‍ നായകനാകുന്ന മുരളി ഗോപി രചിച്ച ചിത്രത്തില്‍ മഞ്ജു വാര്യര്‍, ടോവിനോ തോമസ്, ബോളിവുഡ് താരം വിവേക് ഒബ്രോയ് തുടങ്ങി ഒരു വലിയ താരനിര തന്നെയുണ്ട്.
പൊളിറ്റിക്കല്‍ ത്രില്ലെര്‍ ഗണത്തില്‍പ്പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുംപുള്ളി എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. രു വലിയ രാഷ്ട്രീയ നേതാവിന്റെ മരണവും തുടര്‍ന്നുണ്ടാകുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ഉദയവുമെല്ലാമാണ് ചിത്രത്തിന്റെ കഥയെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്.
സായ്‌കുമാർ, ഇന്ദ്രജിത്ത്, കലാഭവൻ ഷാജോൺ, സച്ചിൻ കടേക്കർ, ശിവജി ഗുരുവായൂർ, ജോണി വിജയ്, സുനിൽ സുഖദ, ആദിൽ ഇബ്രാഹിം, നന്ദു, ബാല, വി.കെ. പ്രകാശ്, അനീഷ് ജി. മേനോൻ, ബാബുരാജ്, സാനിയ അയ്യപ്പൻ, ഷോൺ റോമി, മാലാ പാർവതി, ശ്രേയാ രമേശ്, താരാ കല്യാൺ, കൈനകരി തങ്കരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റുതാരങ്ങൾ.
തന്റെ അഭിനയ ജീവിതത്തിന്റെ അര്‍ത്ഥവത്തായ അനുഭവങ്ങളില്‍ ഒന്നായിരുന്നു പ്രിഥ്വിരാജ് എന്ന സംവിധായകനുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ഉണ്ടായത് എന്ന് മോഹന്‍ലാല്‍ ലൂസിഫറുമായി ബന്ധപ്പെട്ട അഭിമുഖ സംഭാഷങ്ങളില്‍ വ്യക്തമാക്കിയിരുന്നു.
06.45 AM: പാലക്കാട് പ്രിയ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചു
07.00 AM: പബ്ലിക്കിനായുള്ള ‘ലൂസിഫർ’ പ്രദർശനം ആരംഭിച്ചു
07.15 AM: മോഹൻലാൽ, പൃഥ്വിരാജ്, സുചിത്ര, സുപ്രിയ, ആന്റണി പെരുമ്പാവൂർ തുടങ്ങിയവർ സിനിമ കാണാൻ തിയേറ്ററിലെത്തി. കാലങ്ങൾക്ക് ശേഷം മോഹൻലാൽ ആരാധകർക്കൊപ്പം കാണുന്ന ചിത്രം.
08.14 AM: ആരാധകർക്കൊപ്പം മോഹൻലാലും തിയേറ്ററിൽ ലൂസിഫർ കാണുന്നു
10.30 AM: ആദ്യ പ്രദർശനത്തിനു ശേഷം തിയേറ്ററുകൾക്ക് മുമ്പിൽ ആഘോഷിച്ച് ആരാധകർ
10:13 AM: മികച്ച പ്രതികരണങ്ങളോടെ ആദ്യ പ്രദർശനം അവസാനിച്ചു. ആഘോഷത്തിനൊരുങ്ങി ആരാധകർ
8.18 AM: ആദ്യ പകുതി തീരുമ്പോൾ ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് വരുന്നത്
8.17 AM: കോഴിക്കോട് കോറണേഷൻ തിയേറ്ററിൽ രാവിലെ 10.30നുള്ള ആദ്യ ഷോ കാണാൻ രാവിലെ മുതലേ ആരാധകരുടെ ബഹളം
Finally the day has arrived..!! Long wait of 2.5 years..!! Shows started at few centres of Kerala. Heavy croud at every centres.. #LuciferMovie will cover 312 shows in Kerala by 9.30 AM. 🙏🏻
All the best team #Lucifer, #Lalettan & @PrithviOfficial🤞🏻 pic.twitter.com/N2R8PgDEMM
— Snehasallapam (@SSTweeps) March 28, 2019
പാട്ടുപാടി തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ താരമാകുകയാണ് പി.ജെ. ജോസഫ് എംഎല്‍എ. ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഡീന്‍ കുര്യാക്കോസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് പി.ജെ. ജോസഫ് പാട്ടുപാടി പാര്‍ട്ടി പ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തിയത്. ‘താരാര…താര പോടടാ…ഇഡ്‌ലി മേലെ ചട്‌നി പോടടാ…’എന്ന ഗാനമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് പി.ജെ. ജോസഫ് ആലപിച്ചത്. ഡീന്‍ കുര്യാക്കോസ് ഇതിന്റെ വീഡിയോ ഫേസ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട്. ആലത്തൂര്‍ മാത്രമല്ല, ഇടുക്കിയിലും ഞങ്ങള്‍ പാടുമെന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനായുള്ള തിരഞ്ഞെടുപ്പ് പ്രചാരണത്തിലും പി.ജെ. ജോസഫ് പാട്ടുപാടിയിരുന്നു. ഇതിന്റെ വീഡിയോയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായി. സ്ഥാനാര്‍ത്ഥി രമ്യാ ഹരിദാസിനെ ഒപ്പം നിര്‍ത്തിയാണ് ‘താരാര…താര പോടടാ….ഇഡ്‌ലി മേലെ ചട്‌നി പോടടാ…’ എന്ന പാട്ട് പി.ജെ ജോസഫ് പാടിയത്.
കോട്ടയം സീറ്റുമായി ബന്ധപ്പെട്ട് കേരളാ കോണ്‍ഗ്രസില്‍ കലാപക്കൊടി ഉയര്‍ത്തിയ പി.ജെ. ജോസഫ് മുന്നണിയിലെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയത്. കോട്ടയത്ത് തോമസ് ചാഴികാടനായി പ്രചാരണം നടത്തുമെന്നും പി.ജെ. ജോസഫ് പറഞ്ഞിരുന്നു. കോട്ടയം സീറ്റ് തനിക്ക് നല്‍കാതെ കെ.എം. മാണി തന്നോട് വിവേചനം കാണിച്ചെന്ന് ആരോപിച്ചാണ് പി.ജെ. ജോസഫ് പാര്‍ട്ടിക്കെതിരെ രംഗത്തുവന്നത്.
കോഴിക്കോട്: വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഉമ്മന്‍ ചാണ്ടി. മത്സരിക്കണമെന്ന ആവശ്യം ഉന്നയിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും വയനാട്ടില്‍ മത്സരിക്കുന്ന കാര്യത്തെക്കുറിച്ച് രാഹുലിന് മാത്രമേ സൂചന നല്‍കാന്‍ കഴിയുകയുള്ളുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തമിഴ്നാട്ടിലും കര്‍ണാടകത്തിലും രാഹുല്‍ ഗാന്ധി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കേരളത്തിലും രാഹുല്‍ മത്സരിക്കണമെന്ന താല്‍പര്യം താന്‍ അറിയിക്കുക മാത്രമേ ചെയ്തിട്ടുള്ളുവെന്നും ഉമ്മന്‍ ചാണ്ടി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
അമേഠിക്കൊപ്പം മറ്റൊരു മണ്ഡലത്തില്‍ കൂടി രാഹുല്‍ മത്സരിക്കണമെന്ന ആവശ്യം പാര്‍ട്ടിയിലുണ്ട്. എന്നാല്‍ വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്ന കാര്യത്തില്‍ ഇതു വരെ തീരുമാനമായിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നില്ലെങ്കില്‍ ആര് സ്ഥാനാര്‍ഥിയാകുമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനിക്കും. ടി.സിദ്ദിഖിന്റെ പേരാണ് വയനാട്ടില്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നതെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തതയുണ്ടെന്നാണ് ഉമ്മന്‍ ചാണ്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നത്.
വയനാട്ടിലെ പാര്‍ട്ടി സ്ഥാനാര്‍ഥി ആരാകുമെന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇപ്പോഴും തീരുമാനമെടുത്തിട്ടില്ല എന്നാണ് ഇത് നല്‍കുന്ന സൂചന. കോട്ടയത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഉമ്മന്‍ ചാണ്ടി തന്നെയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുമെന്ന സൂചന നല്‍കിയത്.
സ്കൂൾ ഫീസ് അടക്കാത്തതിന്റെ പേരിൽ കാഴ്ചവൈകല്യമുള്ള വിദ്യാർത്ഥിയെ അടക്കം രണ്ടരമണിക്കൂറോളം പരീക്ഷാഹാളിന് പുറത്ത് നിർത്തിയതായി പരാതി. ആലുവ സെറ്റിൽമെന്റ് ഹൈസ്കൂളിലെ രണ്ടാംക്ലാസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. കൊടുംചൂടിൽ പുറത്തുനിർത്തിയതിനെത്തുടര്‍ന്ന് അവശനായ ഒരു വിദ്യാര്‍ഥിയെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആലുവ പൊലീസ് കേസെടുത്തു.
ഏഴുവയസുകാരായ രണ്ട് വിദ്യാര്‍ഥികളാണ് ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്കൂള്‍ അധികൃതരുടെ പീഡനത്തിന് ഇരയായത്. ഈ മാസത്തെ ഫീസടയ്ക്കാത്തതിന്റെ പേരിലാണ് പരീക്ഷ എഴുതാനെത്തിയ രണ്ടുപേരെയും അധ്യാപകൻ പരീക്ഷാ ഹാളിൽനിന്ന് പുറത്താക്കിയത്. വിദ്യാര്‍ഥികളില്‍ ഒരാള്‍ കാഴ്ചവൈക്യലമുള്ളയാളാണ്. ഹാളിന് പുറത്തെ കൊടുംചൂടില്‍ രണ്ടരമണിക്കൂറോളം ഇരുന്ന കുട്ടികള്‍ അവശരായി വീട്ടിലെത്തിയപ്പോഴാണ് മാതാപിതാക്കള്‍ വിവരമറിഞ്ഞത്. കുട്ടികളിലൊരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മാനേജ്മെന്റ് നിര്‍ദേശപ്രകാരമായിരുന്നു നടപടിയെന്നാണ് അധ്യാപകരുടെ വിശദീകരണം. എന്നാല്‍ ജന്മനാ കാഴച വൈകല്യമുള്ള വിദ്യാര്‍ഥിയെ അടക്കം പുറത്തുനിര്‍ത്തിയത് ചോദ്യംചെയ്ത് നാട്ടുകാര്‍ സ്കൂള്‍ ഉപരോധിച്ചു. സ്ഥലത്തെത്തിയ ഡി.ഇ.ഒ സ്കൂള്‍ അധികൃതര്‍ക്കെതിെര നടപടിക്ക് ശുപാര്‍ശയും നല്‍കി. ബാലാവകാശ നിയമപ്രകാരമാണ് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ സ്ഥാനാര്‍ഥികളുടെ നാമനിര്‍ദ്ദേശ പത്രിക ഇന്ന് മുതല്‍ സ്വീകരിച്ച് തുടങ്ങും. ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം. അഞ്ചാം തീയതിയാണ് സൂക്ഷ്മ പരിശോധന. ഏപ്രില്‍ എട്ടാണ് പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. ഏപ്രില്‍ 23ന് ആണ് സംസ്ഥാനത്തെ വോട്ടെടുപ്പ്.
പത്രിക സ്വീകരിക്കാനുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്രിമിനല്‍ കേസുകളെ കുറിച്ചുള്ള വിവരങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കണമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിട്ടുണ്ട്.
കേസുകളെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.