Kerala

എരുമേലി: വനത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ അജ്ഞാതന്റെ മൃതദേഹം താഴെയിറക്കാൻ 5000 രൂപ ആവശ്യപ്പെട്ടതോടെ എസ്ഐ തന്നെ മരത്തിൽ കയറി മൃതദേഹം താഴെയിറക്കി. എരുമേലി കനകപ്പലം വനത്തിൽ ഇന്നലെ ഉച്ചയോടെയാണ് പുരുഷനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവമറിഞ്ഞു പൊലീസും നൂറുകണക്കിന് ആളുകളും സ്ഥലത്തെത്തി

മൃതദേഹം താഴെയിറക്കാൻ സഹായിക്കാൻ കൂടി നിന്നവരോട് പൊലീസ് അഭ്യർഥിച്ചെങ്കിലും ആരും അടുക്കാൻ തയാറായില്ല. ദുർഗന്ധം കാരണം എല്ലാവരും അൽപ്പം അകലെ മാറിനിന്നു മൂക്കു പൊത്തി. ഇതിനിടെയാണ് മൃതദേഹം താഴെയിറക്കാമെന്നേറ്റ് ഒരാളെത്തിയത്. പക്ഷേ അയാൾ 5000 രൂപ പ്രതിഫലം ആവശ്യപ്പെട്ടു. എന്നാൽ എസ്ഐ ഇ.ജി.വിദ്യാധരൻ ഷൂസ് അഴിച്ചു വച്ച് 40 ഇഞ്ചോളം വണ്ണമുള്ള മരത്തിൽ കയറി. 15 അടി ഉയരത്തിൽ ചെന്നു കെട്ടഴിച്ചു സാവധാനം മൃതദേഹം താഴെയിറക്കി. തുടർന്നു മൃതദേഹം പരിശോധിക്കുകയും ചെയ്തു

മൃതദേഹം പിന്നീട് കാട്ടുവള്ളി ഉപയോഗിച്ച് ഉയർത്തിയത് എസ്ഐയും സിഐ എം.ദിലീപ് ഖാനും ഉൾപ്പെടുന്ന പൊലീസുകാരും നാട്ടുകാരനായ ഒരാളും ചേർന്നാണ്. എരുമേലി – വെച്ചൂച്ചിറ പാതയിലെ പ്ലാന്റേഷനിലാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസം പഴക്കമുണ്ട്. മുണ്ടും ഷർട്ടുമാണ് വേഷം

തിരൂര്‍ മലയാള സര്‍വകലാശാലയില്‍ വോട്ടു ചോദിച്ചെത്തിയ സ്ഥാനാര്‍ഥിയെ അധ്യാപകന്‍ അധിക്ഷേപിച്ചതായി പരാതി. പൊന്നാനി ലോക്സഭാ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമയെയാണ് വര്‍ഗീയവാദിയെന്നു വിളിച്ച് അധ്യാപകന്‍ കയര്‍ത്തു സംസാരിച്ചത്.

രാവിലെ പതിനൊന്നു മണിയോടെയാണ് മലയാള സര്‍വകാശാലയില്‍ വോട്ടു ചോദിച്ച് എന്‍.ഡി.എ സ്ഥാനാര്‍ഥി വി.ടി രമ എത്തിയത്. ആദ്യം വി.സി അനില്‍ വള്ളത്തോളിനെ കണ്ടു .പിന്നീട് ലൈബ്രറിയില്‍ എത്തിയപ്പോഴാണ് സാഹിത്യ പഠനം വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ മുഹമ്മദ് റാഫി കയര്‍ത്തു സംസാരിച്ചത്.

വര്‍ഗീയവാദിയെന്നും ഗുജറാത്ത് കലാപകരിയെന്നും വിളിച്ചെന്നുമാണ് പരാതി. കോളജില്‍ നിന്ന് ഇറങ്ങിപ്പോവാന്‍ അധ്യാപകന്‍ ആവശ്യപ്പെട്ടതായും സ്ഥാനാര്‍ഥി പറഞ്ഞു.

സ്ഥാനാര്‍ഥിയെ അപമാനിച്ചതില്‍ പ്രതിഷേധിച്ച് മഹിളാമോര്‍ച്ച് പ്രവര്‍ത്തകരും രംഗത്തെത്തി.സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ പെരുമാറിയെന്നാരോപിച്ച് അധ്യാപകനെതിരെ പൊലിസിനും തിരഞ്ഞെടുപ്പ് കമ്മിഷനും ബി.ജെ.പി പരാതി നല്‍കിയിട്ടുണ്ട്.

 

ദൃശ്യങ്ങൾ കടപ്പാട് : വെട്ടം

തുഷാര്‍ വെളളാപ്പളളി തൃശൂരില്‍ ബി.ഡി.ജെ.എസ് സ്ഥാനാര്‍ഥിയാകും. വയനാട്ടില്‍ പൈലി വാത്യാട്ടിനെയും സ്ഥാനാര്‍ഥിയായി ബി.ഡി.ജെ.എസ് പ്രഖ്യാപിച്ചു. ബി.ഡി.ജെ.എസിന്റെ അഞ്ചുസീറ്റുകളില്‍ മൂന്നിടത്ത് ഇന്നലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. തുഷാറിന്റെ സ്ഥാനാർഥിത്വം സംബന്ധിച്ച് അവ്യക്തത നിലനിന്നിരുന്നു. തുഷാർ വെള്ളാപ്പള്ളി തൃശൂർ സീറ്റിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിക്കണമെന്നു ബിഡിജെഎസ് സംസ്ഥാന കൗൺസിലും എക്സിക്യൂട്ടിവും ഏകകണ്ഠമായി ആവശ്യപ്പെട്ടിരുന്നു.

തുഷാർ മത്സരിക്കുകയാണെങ്കിൽ എസ്എൻഡിപി യോഗം വൈസ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞത് ആശയക്കുഴപ്പത്തിനും ഇടയാക്കി. എന്നാൽ, എസ്എൻഡിപി യോഗം ഭാരവാഹികൾ മത്സരിക്കരുതെന്നു ജനറൽ സെക്രട്ടറി പറഞ്ഞത് അദ്ദേഹത്തിന്റെ ആഗ്രഹമാണെന്നും അതു യോഗത്തിന്റെ തീരുമാനമല്ലെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.

കള്ളില്‍ വ്യാപക മായം ചേര്‍ക്കല്‍. കഞ്ചാവിന്റെ അംശം കണ്ടെത്തിയതോടെ 22 ഷാപ്പുകള്‍ക്ക് പൂട്ടു വീണു. ആലപ്പുഴയിലെ ഷാപ്പുകളിലാണ് കഞ്ചാവിന്റെ അംശം കണ്ടെത്തിയത്. കള്ളിന്റെ വീര്യം കൂട്ടാന്‍ ചെയ്തതാണിതെന്നാണ് നിഗമനം.

സംഭവത്തില്‍ ഉടന്‍ അന്വേഷണം ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. ചേര്‍ത്തല, കുട്ടനാട്, മാവേലിക്കര ഭാഗങ്ങളിലെ ഷാപ്പുകളാണ് പൂട്ടിച്ചത്. ഒക്ടോബറില്‍ ശേഖരിച്ച സാംപിളുകളുടെ പരിശോധന ഫലം കഴിഞ്ഞ ദിവസമാണ് ലഭ്യമായത്. ഇതിലാണ് മായം ചേര്‍ക്കല്‍ കണ്ടെത്തിയത്.

കള്ള് ഉത്പാദനം കുറഞ്ഞിരുന്ന സമയത്തെ സാംപിളുകളില്‍ നിന്നുള്ള പരിശോധന ഫലമാണിത്. അതുകൊണ്ട് തന്നെ അതതു പ്രദേശങ്ങളില്‍ നിന്ന് എത്തിച്ച കള്ളിലാണോ പുറത്ത് നിന്ന് കൊണ്ടു വന്ന കള്ളിലാണോ കഞ്ചാവിന്റെ അംശം കണ്ടെത്തിയതെന്ന് വ്യക്തമല്ല. ഷാപ്പുകളുടെ ലൈസന്‍സികളുടേയും വില്‍പ്പനക്കാരുടേയും പേരില്‍ കേസെടുത്തതായി എക്സൈസ് അധികൃതര്‍ അറിയിച്ചു.

കള്ള് ഷാപ്പുകളുടെ ലൈസന്‍സും റദ്ദ് ചെയ്തിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ ജില്ലയിലെ എക്സൈസ് അധികൃതര്‍ വിവരം കമ്മീഷണറെ ധരിപ്പിച്ചിരുന്നു. കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരമാണ് ലൈസന്‍സ് റദ്ദാക്കി കേസെടുത്തത്.

ആനയെ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. കർണ്ണൻ എന്ന ആനയാണ് മനുഷ്യന്റെ ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്.

ചങ്ങലയിൽ കെട്ടിയ ആന നിൽക്കാനാകാതെ താഴെ ഇരുന്നു. ഇതുകണ്ട് ഒരു പാപ്പാൻ ആനയെ വലിയ വടികൊണ്ട് കുത്തി എഴുന്നേൽപ്പിക്കാൻ ശ്രമിച്ചു, മറ്റൊരു പാപ്പാൻ പുറകിൽ നിന്നും ആഞ്ഞടിച്ചു. ആന വേദന സഹിക്കാൻ വയ്യാതെ തളർന്ന് കിടന്നിട്ടും ദ്രോഹം തീർന്നില്ല. കിടന്ന ആനയുടെ പുറകിൽ തൊലിപൊട്ടുന്ന വിധം പിന്നെയും അടിച്ചു. മതി ചത്തുപോകുമെന്ന് വിഡിയോയിൽ ഇവർ പറയുന്നത് കേൾക്കാം. എന്നിട്ടും അടി തുടർന്നുകൊണ്ടിരുന്നു.

നിരവധി പേരാണ് ഈ വിഡിയോ ഫെയ്സ്ബുക്കിലും ട്വിറ്ററിലുമായി പങ്കുവെച്ചിരിക്കുന്നത്.

 

ആലത്തൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെ ഫെയ്സ്ബുക്കില്‍ വിമര്‍ശിച്ച എഴുത്തുകാരി ദീപ നിശാന്തിനെതിരെ തുറന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ അനില്‍ അക്കര.

അച്ഛനെ നാട്ടില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ആദരിച്ച ദിവസം ദീപ നിശാന്ത് ഫോണില്‍ വിളിച്ചു മകളാണെന്ന് പറയരുതെന്ന് പറഞ്ഞുവെന്ന് അനില്‍ അക്കര വെളിപ്പെടുത്തി. പൊലീസുകാരന്റെ മകളാണ് എന്ന് പറയുന്നതിലുള്ള നാണക്കേടാകും അവര്‍ക്ക്.

രമ്യ ഹരിദാസിനെ ജാതീയമായി ആക്ഷേപിച്ച് ഫെയ്സ്ബുക് പോസ്റ്റിട്ട അധ്യാപിക ദീപ നിശാന്തിന് എതിരെ തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി. ആലത്തൂരിലെ യു.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ചുമതലയുള്ള അനില്‍ അക്കര എം.എല്‍.എയാണ് പരാതി നല്‍കിയത്.

ആലത്തൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി രമ്യ ഹരിദാസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പാട്ടു പാടുന്നതാണ് അധ്യാപിക ദീപ നിശാന്തിനെ പ്രകോപിപ്പിച്ചത്. സ്ഥാനാര്‍ഥിയുടെ ജീവിത സാഹചര്യം പറഞ്ഞും പാട്ടുപാടിയും വോട്ടു പിടിക്കുന്നത് ജനങ്ങള്‍ തിരിച്ചറിയണമെന്നായിരുന്നു ദീപയുടെ പോസ്റ്റ്. പി.കെ.ബിജുവിന്റെ വികസനം നേരില്‍ക്കണ്ട് ബോധ്യപ്പെട്ടതായി ദീപ വ്യക്തമാക്കിയിരുന്നു.

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട രമ്യ ഹരിദാസിനെ തേജോവധം ചെയ്യുന്ന പ്രസ്താവന പെരുമാറ്റ ചട്ട ലംഘമാണെന്ന് ചൂണ്ടിക്കാട്ടി അനില്‍ അക്കര എം.എല്‍.എ. തിരഞ്ഞെടുപ്പ് കമ്മിഷന്‍റെ പരാതി നല്‍കി.

കവിത കോപ്പിയടി വിവാദത്തിനു ശേഷം സാമൂഹിക മാധ്യമങ്ങളില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ദീപ നിശാന്ത്. തിരഞ്ഞെടുപ്പ് ചൂടുപിടിക്കുന്നതിനിടെയാണ് വീണ്ടും രംഗപ്രവേശം. പി.കെ.ബിജു എം.പിയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് അധ്യാപികയുടെ രണ്ടാം വരവ്.

പി.സി.ജോര്‍ജ് നയിക്കുന്ന ജനപക്ഷം എന്‍ഡിഎയിലേക്ക്. മുന്നണി പ്രവേശം സംബന്ധിച്ച് പി.സി.ജോര്‍ജ് ബിജെപി കേന്ദ്രനേതൃത്വവുമായി ചര്‍ച്ച നടത്തി. ജനപക്ഷം സംസ്ഥാനനേതൃയോഗത്തില്‍ ഇതുസംബന്ധിച്ച് ധാരണയായെന്നും പി.സി.ജോര്‍ജ് അറിയിച്ചു. മുന്നണിപ്രവേശം സംബന്ധിച്ച് സംസ്ഥാനത്തെ ബിജെപി നേതാക്കളുമായും അനൗപചാരിക സംഭാഷണം നടത്തിയിരുന്നു. പത്തനംതിട്ടയില്‍ നിന്ന് പിന്മാറിയത് കെ.സുരേന്ദ്രന്‍ മല്‍സരിക്കുന്നതുകൊണ്ടാണെന്നും ജനപക്ഷം നേതാക്കള്‍ വ്യക്തമാക്കി.

എൻഡിയുമായുള്ള ചർച്ചകൾ ഏറെ മുന്നോട്ട് പോയി. അമിത് ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കാണാനാണ് തീരുമാനം. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ ബിജെപിക്ക് അനൂകൂലനിലപാട് പി.സിജോർജ് സ്വീകരിച്ചിരുന്നു.
തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് യുഡിഎഫ് പ്രവേശനത്തിന് പി.സി.ജോര്‍ജ് കത്ത് നല്‍കിയിരുന്നു. എന്നാൽ നേതാക്കൾ അനുകൂലനിലപാട് സ്വീകരിച്ചിരുന്നില്ല. സോണിയ ഗാന്ധിയെ കാണാനുള്ള ശ്രമവും പരാജയപ്പെട്ടിരുന്നു.

ആലപ്പുഴ: ബലാല്‍സംഗത്തിന് ശ്രമിച്ച യുവാവിനെ കുങ്ഫൂ അഭ്യാസിയായ പതിനഞ്ചുകാരി ഇടിച്ചിട്ടു. പിന്നീട് ബ്ലാക്ക് മെയില്‍ ചെയ്യാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ മാമ്പുഴക്കരി ബ്ലോക്ക് നമ്പര്‍ രണ്ടില്‍ സനീഷ് കുമാറിനെയാണ് രാമങ്കരി പോലീസ് അറസ്റ്റ് ചെയ്തത്. 35 കാരനായ ഇയാളെ തിങ്കളാഴ്ച രാത്രി കിടങ്ങറയില്‍ നിന്നാണ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ പിതാവിന്റെ സുഹൃത്തായ പ്രതി പെണ്‍കുട്ടിയുമായും പരിചയത്തിലായിരുന്നു. കഴിഞ്ഞ ഒക്ടോബറില്‍ പ്രതിയുടെ വീട്ടിലെത്തിയ പെണ്‍കുട്ടിയെ വീട്ടിനുള്ളിലേക്ക് വലിച്ചിഴച്ച് പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. എന്നാല്‍ കുംങ്ഫൂ അറിയാമായിരുന്ന പെണ്‍കുട്ടി ഇയാളെ ഇടിച്ചു വീഴ്ത്തി രക്ഷപ്പെട്ടു. എന്നാല്‍ മൊബൈലില്‍ ഫോട്ടോയെടുത്തിട്ടുണ്ടന്ന് ഭീഷണിപ്പെടുത്തി വീണ്ടും പെണ്‍കുട്ടിയെ വലയിലാക്കാന്‍ പ്രതി ശ്രമിക്കുകയായിരുന്നു.

ഇതോടെ പെണ്‍കുട്ടി വിവരം വീട്ടില്‍ അറിയിച്ചു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ന്റ് ചെയ്തു.

കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ദക്ഷിണേന്ത്യയില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം ഇന്ന്. വയനാടും, കർണാടകയിൽ നിന്നുള്ള മണ്ഡലവുമാണ് പരിഗണനയിൽ ഉള്ളതെന്നാണ് ഉന്നത കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന വിവരം. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ രാഹുല്‍ ഗാന്ധിയെ ആദ്യം സ്വാഗതം ചെയ്തത് കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാക്കളായ സിദ്ധരാമയയും കര്‍ണാടക പിസിസി പ്രസിഡന്‍റി ദിനേശ് ഗുണ്ട് റാവുവുമാണ്.

രാഹുൽ ഗാന്ധി, അമേഠിക്ക്‌ പുറമെ മറ്റൊരു മണ്ഡലത്തിൽ കൂടി മത്സരിക്കുന്ന കാര്യം പരിഗണനയിൽ ആണെന്നാണ് കോൺഗ്രസ് ഉന്നത വൃത്തങ്ങൾ നൽകുന്ന വിവരം. വയനാട് തെരഞ്ഞെടുക്കണമോ കർണാടകയിലെ ഒരു മണ്ഡലത്തിൽ മത്സരിക്കണമോ എന്ന കാര്യത്തിലാണ് തീരുമാനം എടുക്കേണ്ടത്.
രാഹുൽ ഗാന്ധി ഇന്ന് ഡൽഹിയിൽ ഉള്ളതിനാലും കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി ചേരുന്നതിനാലും ഇന്നുതന്നെ തീരുമാനം പ്രതീക്ഷിക്കാം.

രണ്ടാമതൊരു സീറ്റിൽ മത്സരിക്കുന്നത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധി, എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, മുതിർന്ന നേതാക്കൾ എന്നിവരുമായി രാഹുൽ സംസാരിച്ചു.സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുകൂല നിലപാട് അറിയിച്ചെന്നാണ് സൂചന.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണേന്ത്യയിൽ മത്സരിച്ചേക്കും എന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അതിനുളള സാധ്യത മങ്ങിയിരിക്കുകയാണ്. മോദി മത്സരിക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട ബെംഗളൂരു സൌത്തിൽ ബിജെപി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് കഴിഞ്ഞു.

തെരഞ്ഞെടുപ്പ് ചൂട് കൊട്ടിക്കയറുമ്പോൾ എറണാകുളം മണ്ഡലത്തിൽ കൊച്ചി മെട്രോയാണ് പ്രചരണ രംഗത്തെ പ്രധാന തർക്ക വിഷയം. ജില്ലാ സെക്രട്ടറി ആയിരുന്ന പി രാജീവിന്‍റെ ജാഗ്രതയാണ് ഡിഎംആർസിയെയും ഇ ശ്രീധരനെയും കൊച്ചി മെട്രോയിലേക്ക് എത്തിച്ചതെന്നാണ് എൽഡിഎഫ് വാദം. മെട്രോ യുഡിഎഫ് സർക്കാരിന്‍റെ സന്തതിയാണെന്നാണ് ഹൈബി ഈഡൻ അവകാശപ്പെടുന്നു. ഇവരൊന്നുമല്ല കേന്ദ്രസർക്കാരാണ് യഥാർത്ഥ അവകാശികളെന്ന വാദവുമായി എൻഡിഎ സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനവും രംഗത്തെത്തിയിട്ടുണ്ട്.

കൊച്ചി മെട്രോയ്ക്കായി ഡിഎംആർസിയെയും അത് വഴി മെട്രോമാൻ ഇ ശ്രീധരനെയും എത്തിച്ചത് 2012ൽ പി രാജീവ് സംഘടിപ്പിച്ച മനുഷ്യചങ്ങലയാണെന്നും, ഡിഎംആർസിയെ ഒഴിവാക്കാൻ തത്രപ്പെട്ട അന്നത്തെ ഉമ്മൻചാണ്ടി സർക്കാരിന്മേൽ സമ്മർദ്ദശക്തിയായത് ഈ ജനകീയപ്രതിഷേധമാണെന്നാണ് എൽഡിഎഫ് പറയുന്നത്. രാജീവ് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കിൽ ഡിഎംആർസി കൊച്ചി മെട്രോ പദ്ധതിയിൽ ഉണ്ടാകില്ലായിരുന്നുവെന്ന ഇ ശ്രീധരന്‍റെ വാക്കുകളാണ് ഇതിനായി ആയുധമാക്കുന്നത്.

വികസനവിഷയങ്ങളും,കൊച്ചി മെട്രോയും ജനശ്രദ്ധയിലേക്ക് വന്നതോടെ യുഡിഎഫും,എൻഡിഎയും പ്രചാരണത്തിൽ മെട്രോ ക്രെഡിറ്റ് ഉറപ്പാക്കി
വോട്ടുറപ്പാക്കാൻ ശ്രമം തുടങ്ങി. ഉമ്മൻ ചാണ്ടി സർക്കാർ ഇല്ലായിരുന്നുവെങ്കിൽ കൊച്ചി മെട്രോ സംഭവിക്കില്ലായിരുന്നുവെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ പറയുന്നു.

മെട്രോ നടപ്പാക്കിയത് എൻഡിഎ ഗവർൺമെന്‍റാണെന്ന കാര്യത്തിൽ ബിജെപി സ്ഥാനാർത്ഥി അൽഫോൺസ് കണ്ണന്താനത്തിനും യാതൊരു സംശയവുമില്ല. എന്തായാലും മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ യഥാർത്ഥ അവകാശികളെ ഏപ്രിൽ 23ന് ജനം തെരഞ്ഞെടുക്കും വരെ ക്രെഡിറ്റിനായുള്ള ഈ മത്സരം തുടരുക തന്നെ ചെയ്യും.

RECENT POSTS
Copyright © . All rights reserved