Kerala

മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.

സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.

ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.

എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബന്ധം വിലക്കിയതിന്റെ പേരിൽ ഭർത്താവിനെ ഭാര്യയും കാമുകനും ചേർന്നു കല്ലുകൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയിൽ ചെല്ലത്തുരയാണ് (49) കൊല്ലപ്പെട്ടത്. ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകർ (29) എന്നിവർ പിടിയിലായി. ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിനോടു പറഞ്ഞു.

17 വർഷം മുൻപ് പ്രണയ വിവാഹിതരായ ചെല്ലത്തുരയ്ക്കും ജലീനക്കും മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണു കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവർ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു.

കണ്ണീർപ്പെയ്ത്തിനു നടുവിലേക്ക് സന്തോഷക്കടലായി അവർ ഇരമ്പിയെത്തി. 4 നാൾ മുൻപു കടലിൽ കാണാതായ 4 മത്സ്യത്തൊഴിലാളികൾ സ്വന്തം പരിശ്രമത്താൽ ആശ്വാസതീരമണഞ്ഞതു അദ്ഭുതകരമായ രക്ഷപ്പെടലും അതിജീവനവുമായി. പുല്ലുവിള കൊച്ചുപള്ളി പള്ളികെട്ടിയ പുരയിടത്തിൽ യേശുദാസൻ (55), കൊച്ചുപള്ളി പുതിയതുറ പുരയിടത്തിൽ ആന്റണി (50), പുതിയതുറ കിണറുവിള പുരയിടത്തിൽ ലൂയിസ് (53), പുതിയതുറ നെടിയവിളാകം പുരയിടത്തിൽ ബെന്നി (33) എന്നിവരാണ് ഇന്നലെ ഉച്ചയോടെ സുരക്ഷിതരായി മടങ്ങിയെത്തിയത്. കേടായ എൻജിനുകളിലൊന്നു പ്രവർത്തനക്ഷമായതാണു രക്ഷയായത്.

ബുധനാഴ്ച ഉച്ചയ്ക്കു കടലിൽ പോയ ഇവർ ജോലി കഴിഞ്ഞു മടങ്ങുമ്പോൾ 2 ഔട്ട്ബോർഡ് എൻജിനുകളും കേടാവുകയായിരുന്നു. പച്ചവെള്ളം മാത്രം കുടിച്ചു കഴിഞ്ഞ ഇവർ രൂക്ഷമായ കടൽക്ഷോഭത്തിനിടെ പലവട്ടം മരണത്തെ മുഖാമുഖം കണ്ടു. ‘ഒഴുക്കിൽ പെട്ടു വള്ളം കന്യാകുമാരി ഭാഗത്തേക്കു നീങ്ങി. രക്ഷയ്ക്കായി ഞങ്ങൾ നിലവിളിച്ചു. അതിനിടെ നങ്കൂരം പാരുകളിൽ വള്ളം നിന്നു. സമീപത്തു കൂടി കപ്പലുകൾ കടന്നുപോയപ്പോൾ സഹായത്തിനായി അലമുറയിട്ടു. ആരും ഗൗനിച്ചില്ല. ഒരു കൂറ്റൻ ചരക്കു കപ്പൽ വള്ളത്തിനു നേർക്കു വന്നപ്പോൾ പേടിച്ചു. ഭാഗ്യത്തിന് അതു ഗതിമാറി. പക്ഷേ ശക്തമായ തിരമാലകളിൽ വള്ളം പലപ്പോഴും തലകീഴായി മറിയാനാഞ്ഞു. പകുതിയോളം വെള്ളം കയറി.

കനത്ത കാറ്റിൽ വാരിയെല്ലിൽ വള്ളത്തിന്റെ അടിയേറ്റു ലൂയിസ് അതിനിടെ കടലിൽ മുങ്ങി. ഒരു വിധത്തിലാണു തിരികെ നീന്തിക്കയറിയത്. വാരിയെല്ലിനു ഗുരുതരമായ പരുക്കുണ്ട്. കൂട്ടത്തിൽ പ്രായം ചെന്ന യേശുദാസൻ ആകെ അവശനായി. ശ്വാസതടസ്സം നേരിട്ടു. രക്ഷാദൗത്യത്തിന്റെ സൂചനകളൊന്നുമില്ല. എങ്കിലും പ്രാർഥനയോടെ കാത്തു, കരയണയാൻ പറ്റുമെന്ന് ഉറച്ചു വിശ്വസിച്ചു. എൻജിൻ അറ്റകുറ്റപ്പണി അൽപം അറിയാവുന്നതു തുണച്ചു. ഇന്നലെ രാവിലെ ഏഴോടെ എൻജിൻ സ്റ്റാർട്ടായി.’– നാലു ദിവസങ്ങളുടെ ദുരിതാനുഭവം മടങ്ങിയെത്തിയവർ പങ്കുവച്ചു.

ഇതിനിടെ, തിരച്ചിൽ നടത്താൻ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായ അനാസ്ഥയ്ക്കെതിരെ തീരവാസികൾ പ്രതിഷേധമുയർത്തി. കോസ്റ്റ് ഗാർഡ്-നാവിക സേനാ കപ്പലുകളുൾപ്പെടെയുള്ളവയുടെ തിരച്ചിലിലൊന്നും വള്ളത്തെ കണ്ടെത്താനായില്ലെന്നത് ആക്ഷേപത്തിനിടയാക്കി. ഇതുവഴി പോയ എല്ലാ കപ്പലുകൾക്കും സന്ദേശം കൈമാറിയെന്നുള്ള അധികൃതരുടെ വെളിപ്പെടുത്തലും പൊള്ളയാണെന്നു തെളിയിക്കുന്നതായി രക്ഷപ്പെട്ടവരുടെ വെളിപ്പെടുത്തൽ.

നാവികസേനയുടെ സഹായത്തിനായി 2 ദിവസമായി തീരദേശവാസികൾ അഭ്യർഥിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെടെ സാന്ത്വനവുമായി ഇന്നലെ രാവിലെ ഇവിടെയെത്തി. മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയുമായി അദ്ദേഹം ബന്ധപ്പെട്ടു. അതിനിടെ തീരത്തു നിന്നു 10 വള്ളങ്ങളിലായി മത്സ്യത്തൊഴിലാളികൾ തന്നെ തങ്ങളുടെ കൂടപ്പിറപ്പുകളെത്തേടി കടലിലിറങ്ങുകപോലും ചെയ്തു.

പത്തനംതിട്ട∙ കുപ്പിവെള്ളം ലിറ്ററിന് 11 രൂപയ്ക്ക് ഇനി റേഷൻ കടകളിലും ലഭിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറങ്ങി. റേഷൻ കടകളുടെ വൈവിധ്യവൽക്കരണത്തിന്റെ ഭാഗമായും റേഷൻ വ്യാപാരികൾക്കു വരുമാന വർധനയും ലക്ഷ്യമിട്ടാണ് റേഷൻ ഇതര സാധനങ്ങളും റേഷൻ കടകൾ വഴി വിതരണം െചയ്യുന്നത്. റേഷൻ കടകള്‍ വഴി മറ്റു സാധനങ്ങൾ വിൽക്കുന്നതിനുള്ള തടസം ഒഴിവാക്കിയാണു പുതിയ സർക്കാര്‍ ഉത്തരവ്. സപ്ലൈകോ ശബരി ബ്രാൻഡിന്റെ 23 സാധനങ്ങൾ ഉൾപ്പെടെ ഇനി ലഭിക്കും.

കുപ്പിവെള്ളത്തിന്റെ കാര്യത്തിൽ കൃത്യമായ നിബന്ധനയുണ്ട്. ബിഐഎസ് അംഗീകാരമുള്ള കുപ്പിവെള്ളം മാത്രമേ വിൽക്കാൻ പാടുള്ളു. 11 രൂപ എന്നതു വില വിവരപട്ടികയിൽ ഉൾപ്പെടുത്തണം. സപ്ലൈകോയുടെ ശബരി ഉൽപന്നങ്ങൾ അല്ലാതെ മറ്റൊന്നും വിൽക്കാനും പാടില്ല. വെളിച്ചെണ്ണ, തേയില, വാഷിങ് സോപ്പ്, പുട്ടുപൊടി, അപ്പം പൊടി, കായം, ഉപ്പ് പൊടി തുടങ്ങി 23 ശബരി ബ്രാൻഡുകളാണ് വിൽപനയ്ക്കു വരുന്നത്.

ഇതൊക്കെ എംആർപി വിലയെക്കാൾ താഴ്ന്ന വിലയ്ക്കു നൽകാനാകുമെന്നാണു സർക്കാർ വാദം. റേഷൻ കടകൾ ജിഎസ്ടിയുടെ പരിധിയിൽ വരാത്തതിനാലാണ് ഇത്തരത്തിൽ വില താഴ്ത്തി വിൽക്കാനാകുന്നതത്രെ. 14,336 റേഷൻ കടകളാണു കേരളത്തിലുള്ളത്. തൊട്ടടുത്ത മാവേലി സ്റ്റോറുകളിൽ നിന്ന് ശബരി സാധനങ്ങൾ വാങ്ങണമെന്നാണ് റേഷൻ കടകൾക്ക് നൽകിയ നിർദേശം.

എന്നാൽ തുവരപരിപ്പ്, കടല, പയർ, വൻപയർ, ചെറുപയർ, ഉഴുന്ന്, വറ്റൽ മുളക്, പഞ്ചസാര, മല്ലിപ്പൊടി തുടങ്ങി മാവേലി സ്റ്റോറുകൾ വഴി വിലകുറച്ച് നൽകുന്ന 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ റേഷൻ കടകൾ വഴി ലഭ്യമാക്കിയാലെ ജനങ്ങൾക്ക് ഇൗ തീരുമാനംകൊണ്ടു ഗുണമുണ്ടാകുവെന്നാണു റേഷൻ കടക്കാരുടെ അഭിപ്രായം. റേഷൻകടകളെ വിലനിയന്ത്രണ വിൽപന കേന്ദ്രമാക്കുമെന്നായിരുന്നു ഇടതു മുന്നണിയുടെ പ്രകടന പത്രികയിലും വ്യക്തമാക്കിയിരുന്നത്. ഇൗ ലക്ഷ്യത്തിലെത്താൻ വില കുറച്ചു നിത്യോപയോഗ സാധനങ്ങൾ റേഷൻ കടകൾ വഴി ലഭ്യമാക്കണമെന്നതാണ് ഉയരുന്ന ആവശ്യം.

ആലപ്പുഴ: ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട സീറ്റിനെ ചൊല്ലി ബിഡിജെഎസിൽ ആശയക്കുഴപ്പം. അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്ന നിലപാടിലാണ് ബിഡിജെഎസിലെ ഒരു വിഭാഗം നേതാക്കൾ. എന്നാൽ നേരത്തെ മത്സരിച്ച അരൂ‍ർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ബിജെപി.

ബിഡിജെഎസിന് ഭേദപ്പെട്ട സംഘടനാസംവിധാനമുള്ള മണ്ഡലമാണ് അരൂർ. എന്നാൽ മണ്ഡലത്തിലെ നിലവിലെ സാഹചര്യങ്ങൾ പാർട്ടിക്ക് പ്രതികൂലമാണെന്നാണ് ബിഡിജെഎസിന്‍റെ വിലയിരുത്തല്‍. എസ്എൻഡിപിയുടെ പിന്തുണയില്ലാത്തതുതന്നെയാണ് പ്രധാന കാരണം. അങ്ങനെയെങ്കിൽ അരൂരിന് പകരം കോന്നി സീറ്റ് ആവശ്യപ്പെടണമെന്നാണ് സംസ്ഥാന കൗൺസിലിൽ വന്ന നിർദ്ദേശം. ലോക്സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്ക് കോന്നി മണ്ഡലത്തിൽ കാര്യമായി വോട്ട് വ‍ർധിച്ചിരുന്നു. സാമുദായിക ഘടകങ്ങൾ അരൂരിനെക്കാൾ അനുകൂലം കോന്നിയിലാണെന്നും ഒരുവിഭാഗം നേതാക്കൾ ചൂണ്ടിക്കാട്ടുന്നു.

അടുത്ത ദിവസങ്ങളിൽ ബിജെപിയുമായുള്ള ഉഭയകക്ഷിചർച്ചകളിൽ സീറ്റ് സംബന്ധിച്ച അന്തിമധാരണയുണ്ടാകും. എന്നാൽ അരൂർ അല്ലാതെ മറ്റൊരു സീറ്റും ബിഡിജെഎസിന് നൽകാൻ ബിജെപി ഒരുക്കമല്ല. തുഷാർ തന്നെ മത്സരിക്കണമെന്ന ആവശ്യവും ബിജെപി നേതാക്കൾ മുന്നോട്ടുവച്ചിരുന്നു. വട്ടിയൂർക്കാവ് പോലെ മുതിർന്ന നേതാക്കളെ രംഗത്ത് ഇറക്കാൻ ബിജെപി ലക്ഷ്യമിടുന്ന മണ്ഡലം കൂടിയാണ് കോന്നി.

ചിറിപാഞ്ഞുവന്ന ബസില്‍ നിന്നും തലനാരിഴക്കാണ് കാര്‍ യാത്രികര്‍ രക്ഷപെട്ടത്. സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്നവരുടെ ജീവന് എത്രത്തോളം ഭീഷണിയുണ്ടെന്ന് വ്യക്തമാക്കും വിധമാണ് അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ ഈ വീഡിയോ.

മരണം മുന്നില്‍ കണ്ട നിമിഷത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കാര്‍ യാത്രികരായ ഈ കുടുംബം.മലപ്പുറം തിരൂര്‍-താനൂര്‍ റോഡില്‍ കാര്‍ യാത്രികരായ കുടുംബം എതിര്‍ ദിശയില്‍ പാഞ്ഞുവന്ന ബസില്‍ നിന്നും കഷ്ടിച്ചാണ് രക്ഷപ്പെട്ടത്.

അമിത വേഗത്തില്‍ വരികയായിരുന്ന ബസ് മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിയന്ത്രണം തെറ്റുകയും ഉടന്‍ ബ്രേക്ക് പിടിക്കുകയും ചെയ്ത ബസ് എതിരെ വന്ന കാറിന് തൊട്ടുമുന്നില്‍ റോഡിന് വിലങ്ങനെ നിന്നു. കാറില്‍ ഇടിക്കാതിരുന്നത് തലനാരിഴക്ക് മാത്രമാണ്.

 

വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു.ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണിമുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്.

L

പശുവിനെ കുറിച്ചുള്ള ചോദ്യത്തിന് നാലാം ക്ലാസ് വിരുതന്റെ ഉത്തരം; ചിരിപടർത്തിയെങ്കിലും ഒടുവിൽ ടീച്ചറും സമ്മതിച്ചു സർവ്വവിജ്ഞാനിയെന്ന്, സോഷ്യൽ മീഡിയയിൽ വൈറൽ അറിയാത്ത ചോദ്യങ്ങൾക്കു ഉത്തരമെഴുതി ചിരിപ്പിച്ച സംഭവം മുൻപും പല പ്രാവിശ്യം ഉണ്ടായിട്ടുണ്ട്. അത് വായിച്ചു നമ്മളിൽ പലരും ചിരിച്ചിട്ടും ഉണ്ട്. എന്നാൽ അറിയുന്ന കാര്യങ്ങളെ ബന്ധിപ്പിച്ച് ഉത്തരമെഴുതുക ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരത്തിലൊരു ഉത്തരക്കടലാസ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ പ്രചരിക്കുന്നത്.

പശുവിനെക്കുറിച്ച് വിവരിക്കുക എന്നാണ് ചോദ്യം. നാലാം ക്ലാസിലെ വിദ്യാർഥിയുടെ പേര് ബുക്കിൽ കാണാം. പശു ഒരു വളർത്തുമൃഗമാണ് എന്ന വാചകത്തിൽ തുടങ്ങി അമേരിക്കയിലെത്തി നിൽക്കുന്ന ഉത്തരം. കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ചും ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെക്കുറിച്ചും ഈ വിരുതൻ എഴുതിയിട്ടുണ്ട്.

ഉത്തരത്തിനൊടുവിൽ വലിയ ടിക്ക് മാർക്കിനൊപ്പം ചുവന്ന മഷി കൊണ്ട് സർവ്വവിജ്ഞാനി എന്ന് എഴുതിയിരിക്കുന്നത് കാണാം. ഭാവിയുടെ വാഗ്ദാനം എന്ന ക്യാപ്ഷനോടെ നിരവധി പേർ ഈ ഉത്തരക്കടലാസ് ഷെയർ ചെയ്യുന്നുണ്ട്.

ഉത്തരം ഇങ്ങനെ: പശു ഒരു വളർത്തുമൃഗമാണ്. പശു പാൽ തരുന്നു. പശുവിനെ കെട്ടിടുന്നത് തെങ്ങിലാണ്. തെങ്ങ് ഒരു കൽപ്പനവൃക്ഷമാണ്. ധാരാളം തെങ്ങുകൾ ഉള്ളതിനാലാണ് കേരളത്തിന് ആ പേര് വന്നത്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനാണ്. തെരഞ്ഞെടുപ്പിലൂടെയാണ് മുഖ്യമന്ത്രിയായത്. പ്രധാനമന്ത്രിയും തെരഞ്ഞെടുക്കുന്നത് ഇങ്ങനെയാണ്. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി നെഹ്റുവാണ്. നെഹ്റുവും ഗാന്ധിജിയും ഒന്നിച്ചാണ് സ്വാതന്ത്ര്യസമരം ചെയ്തത്. ഗാന്ധിജി ആദ്യം ദക്ഷിണാഫ്രിക്കയിലായിരുന്നു. ദക്ഷിണാഫ്രിക്ക അമേരിക്കയുടെ കീഴിലായിരുന്നു. അമേരിക്കയാണ് ഏറ്റവും പൈസയുള്ള നാട്.

രണ്ടുദിവസം മുന്‍പ് കാണാതായ മലയാളിയെ സുഹൃത്തിന്റെ കാറില്‍ മരിച്ചനിലയില്‍ കണ്ടെത്തി. സ്വകാര്യ കമ്പനിയിൽ അക്കൗണ്ടന്റ് ആയ എറണാകുളം ചോറ്റാനിക്കര കുരീക്കാട് വെണ്ട്രാപ്പിള്ളില്‍ ദീപു സോമന്‍ (39) ആണു മരിച്ചത്. പരേതനായ സോമന്റെയും ലിസമ്മയുടെയും മകനാണ്. രണ്ടു ദിവസം മുന്‍പ് ഓഫീസില്‍ പോകാനെന്നു പറഞ്ഞു വീട്ടില്‍ നിന്നിറങ്ങിയ ദീപുവിനെ പിന്നീട് കാണാതാവുകയായിരുന്നു.

ഫോണ്‍ വിളിച്ചെങ്കിലും കിട്ടിയിരുന്നില്ല. തുടര്‍ന്ന് ഇതുസംബന്ധിച്ച്‌ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ അബു ഷഹാരയിലെ ഒറ്റപ്പെട്ട സ്ഥലത്ത് തന്റെ കാര്‍ കിടക്കുന്നതു കണ്ട് സുഹൃത്ത് പരിശോധിച്ചപ്പോഴാണ് ദീപുവിനെ കാറിമുള്ളില്‍ മരിച്ചനിലയില്‍ കണ്ടതെന്നാണ് ലഭ്യമായ വിവരം. ഭാര്യ: റിങ്കു മക്കള്‍: ഇവാന്‍, എല്‍വിന, സഹോദരന്‍: ഫെബു സോമന്‍.

പ്രതിപക്ഷ നേതാക്കളെ ബിജെപി ചാക്കിട്ട് പിടിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടെ ബിജെപി ദേശീയ അധ്യക്ഷനും കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ അമിത് ഷായില്‍ നിന്നുണ്ടായ അനുഭവം വെളിപ്പെടുത്തി ത്രിപുരയിലെ സിപിഎം എം.പി. ബിജെപിയില്‍ ചേരാനുള്ള ക്ഷണത്തിന് അവര്‍ നല്‍കിയ മറുപടിയും കുറിക്കുകൊള്ളുന്നതായിരുന്നു.
ജര്‍ണാദാസ് ബൈദ്യ. സിപിഎമ്മിന്‍റെ ത്രിപുരയില്‍ നിന്നുള്ള രാജ്യസഭാംഗം. ത്രിപുരയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കുനേരെയുള്ള അക്രമങ്ങളെക്കുറിച്ച് പരാതിപ്പെടാനാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ പാര്‍ലമെന്‍റിലെ ഒാഫീസില്‍വച്ച് കണ്ടത്. എന്നാല്‍ അമിത് ഷായുടെ പ്രതികരണം എന്തായിരുന്നുവെന്ന് ജര്‍ണാദാസ് പറയുന്നതിങ്ങിനെ.

‘കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തീര്‍ന്നു. താങ്കള്‍ക്ക് ബിജെപിയില്‍ ചേര്‍ന്നുകൂടെ’യെന്ന് അമിത് ഷാ ചോദിച്ചു. കനലൊരുതരി മതി ബിജെപിയെ നേരിടാനെന്ന ലൈനില്‍ ബൈദ്യയുടെ മറുപടി. താന്‍ നിലപാട് കടുപ്പിച്ചതോടെ അമിത് ഷാ വിഷയം മാറ്റിയെന്ന് ബൈദ്യ. സംഘര്‍ഷസാഹചര്യം നേരിട്ട് കണ്ട് മനസിലാക്കാന്‍ ത്രിപുരയില്‍ എത്തണമെന്ന് ആഭ്യന്തരമന്ത്രിയോട് അഭ്യര്‍ഥിച്ചാണ് ബൈദ്യ കൂടിക്കാഴ്ച്ച അവസാനിപ്പിച്ചത്.

അമിത് ഷാക്ക് രൂക്ഷമറുപടിയുമായി എംബി രാജേഷ്. രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എംപിയാണ് ഝര്‍ണാദാസ്. തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണെന്നും എംബി രാജേഷ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.

പോസ്റ്റിന്റെ പൂർണരൂപം:

”അമിത് ഷാ നിങ്ങൾക്ക് ആളു തെറ്റിപ്പോയി. ഒരു കമ്യൂണിസ്റ്റിനോടാണ് നിങ്ങൾ സംസാരിച്ചത്. ഝർണാദാസ്‌ അസാമാന്യമായ ധീരതയുള്ള വനിതയാണ്. എനിക്കവരെ 10 വർഷമായിട്ടറിയാം. അന്നും അവർ രാജ്യസഭയിൽ ത്രിപുരയിൽ നിന്നുള്ള ഏക എം പിയാണ്. ത്രിപുരയിൽ തീവ്രവാദം കൊടികുത്തി വാണ തൊണ്ണൂറുകളിൽ അവരുടെ വീടാക്രമിച്ച തീവ്രവാദികൾ കൺമുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നിട്ടുണ്ട്. ജീവൻ പണയം വെച്ചാണ് ചെങ്കൊടിയേന്തി അവർ അന്ന് കമ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ചത്. അവരെയാണ് ഒരു നിവേദനം നൽകാൻ ചെന്നപ്പോൾ അമിത് ഷാ ബി.ജെ.പി.യിൽ ചേരാൻ ക്ഷണിച്ചത്. “ഞാൻ കാണാൻ വന്നത് രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയേയാണ് ബി.ജെ.പി. അദ്ധ്യക്ഷനെയല്ല” എന്ന് മുഖമടച്ച മറുപടി കൊടുത്ത ഝർണ ഇത്രയും കൂടി കൂറുമാറാൻ പറഞ്ഞ അമിത് ഷാ യോട് പറഞ്ഞിട്ടാണ് വന്നത്.” ഒരു മാർക്സിസ്റ്റ് ഒറ്റക്കാണെങ്കിലും നിങ്ങളുടെ വർഗ്ഗീയ പ്രത്യയശാസ്ത്രത്തിനെതിരെ പൊരുതും”. ഇതിനാണ് പ്രത്യയശാസ്ത്ര പ്രതിബദ്ധത എന്നു പറയുക. നിലപാട് എന്നും. അതില്ലാത്തതുകൊണ്ടാണ് കർണാടകയിലേയും ഗോവയിലേയുമൊക്കെ കോൺഗ്രസ് ജനപ്രതിനിധികൾ അമിത് ഷാ ഒരു വിരൽ ഞൊടിച്ചപ്പോൾ പിന്നാലെ പോയത്. അത് തിരിച്ചറിയുന്നതിനാലാണ് രാഹുൽ രാജിവെച്ച് പോയതും.
പ്രത്യയശാസത്രവും നിലപാടും അപ്പോഴത്തെ ലാഭത്തിന് അടിയറ വെക്കാനുള്ളതല്ല എന്ന് എന്തും വിലക്കെടുക്കാമെന്ന അധികാര ധാർഷ്ട്യത്തിന്റെ മുഖത്തു നോക്കി പറഞ്ഞ ഝർണക്ക് അഭിവാദ്യങ്ങൾ.
ലാൽസലാം ഝർണാദാസ്”.

RECENT POSTS
Copyright © . All rights reserved