Kerala

കേരള കോണ്‍ഗ്രസില്‍ കോട്ടയം സീറ്റിന് വേണ്ടി നടക്കുന്ന തര്‍ക്കം പരിഹരിച്ച് ജോസഫിന് നീതിപൂര്‍വമായ പരിഗണന ലഭിക്കണമെന്ന് ജോസഫ് വിഭാഗം നിലപാട് അറിയിച്ചു. കോട്ടയത്ത് പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി പ്രശ്‌നപരിഹാരത്തിനില്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് മാണി വിഭാഗവും രംഗത്തെത്തി.

പി.ജെ.ജോസഫിനെ ഇടുക്കിയില്‍ മല്‍സരിപ്പിക്കാനാണ് സാധ്യത. യു.ഡി.എഫ് പൊതു സ്വതന്ത്രനാക്കാനാണ് കോണ്‍ഗ്രസ് നീക്കം. ഇക്കാര്യത്തില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തും. കേരള കോണ്‍ഗ്രസിലെ തര്‍ക്ക പരിഹാരത്തിന് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സമവായ ശ്രമങ്ങള്‍ തുടരുകയാണ്. അനുകൂല തീരുമാനമുണ്ടാകുമെന്ന ശുഭാപ്തിവിശ്വാസമുണ്ടെന്ന് പി.ജെ.ജോസഫ് പ്രതികരിച്ചു. കേരള കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണേണ്ട ചുമതല നിലവില്‍ കോണ്‍ഗ്രസിനും യുഡിഎഫിനുമാണെന്നും അദ്ദേഹം പ്രതികരിച്ചു.

കോട്ടയം സീറ്റിലെ സ്ഥാനാര്‍ഥിയെ മാറ്റണമെന്ന് ജോസഫ് വിഭാഗവും ആവശ്യപ്പെടുന്നില്ല. പാര്‍ട്ടിയിലും മുന്നണിയിലും ജോസഫിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. കോണ്‍ഗ്രസിന്റെ ഇടപെടലില്‍ വിശ്വാസം അര്‍പ്പിച്ചിരിക്കുകയാണ് പി.ജെ. ജോസഫ്. അതേസമയം തര്‍ക്കങ്ങള്‍ പരിഹരിച്ചാല്‍ മാത്രമെ ഒറ്റക്കെട്ടായി പ്രചാരണത്തില്‍ പങ്കെടുക്കൂ എന്നും ജോസഫ് വിഭാഗം വ്യക്തമാക്കി.

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടത്തിയ രാഹുല്‍ ഗാന്ധി കേരള കോണ്‍ഗ്രസിലെ തര്‍ക്കത്തെപ്പറ്റി വിവരങ്ങള്‍ ആരാഞ്ഞു. സമവായ ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് തോമസ് ചാഴികാടനെ മാറ്റി പ്രശ്‌നപരിഹാരത്തിന് തയ്യാറല്ലെന്ന് മാണി വിഭാഗം വ്യക്തമാക്കിയത്.

തിരുവനന്തപുരം: സംസ്ഥാനത്തെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരായാണ് കേസ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ എഫ്.ഐ.ആര്‍. എറണാകുളം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. ക്രൈം ബ്രാഞ്ചാണ് കേസെടുത്തിരിക്കുന്നത്. സോളാര്‍ വ്യവസായത്തിന് സഹായം വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. നേരത്തെ, സമാന കേസില്‍ കെ.സി. വേണുഗോപാല്‍ എംപി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്കെതിരേയും കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ഹൈബി ഈഡനെതിരെ ബലാത്സംഗ കുറ്റവും അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചു, പ്രകൃതി വിരുദ്ധ പീഡനം എന്നീ കുറ്റങ്ങളാണ് ക്രൈം ബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. മൂവര്‍ക്കുമെതിരെ കേസെടുക്കാന്‍ കഴിയുമോ എന്ന് നേരത്തെ ക്രൈം ബ്രാഞ്ച് നിയമോപദേശം തേടിയിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്യാമെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജനപ്രതിധികള്‍ക്കെതിരായ കേസുകള്‍ പരിഗണിക്കുന്ന കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ക്രൈം ബ്രാഞ്ച് ഇതുമായി ബന്ധപ്പെട്ട വിവരം നല്‍കിയത്.

കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായിരുന്ന റോസമ്മ ചാക്കോ (93) അന്തരിച്ചു. ഇന്നു രാവിലെയായിരുന്നു അന്ത്യം. സംസ്‌കാരം ഞായറാഴ്ച രണ്ടിന് കോട്ടയം തോട്ടക്കാട് സെന്റ് ജോര്‍ജ് കത്തോലിക്കാ പള്ളിയില്‍.

എട്ട്, ഒന്‍പത്, പത്ത് കേരള നിയമ സഭകളിലെ അംഗമായിരുന്നു റോസമ്മ ചാക്കോ. ഇടുക്കി, ചാലക്കുടി, മണലൂര്‍ എന്നീ മണ്ഡലങ്ങളെയാണ് അവര്‍ ഈ കാലയളവുകളില്‍ പ്രതിനിധീകരിച്ചത്. കെപിസിസി വൈസ് പ്രസിഡന്റായും മഹിളാ കോണ്‍ഗ്രസ് സെക്രട്ടറിയായും റോസമ്മ ചാക്കോ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തി സൈനികനെ പറ്റിച്ച് കടന്നു കളഞ്ഞ യുവതിക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം ഇവര്‍ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെയാണ് കബളിപ്പിച്ചത്. ബ്യൂട്ടീഷ്യൻ ആയിരുന്ന റീന ആദ്യ വിവാഹമെന്ന തരത്തിലായിരുന്നു സൈനികനുമായി അടുത്തത്.

ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റീന ചെന്നൈയിലേക്ക് പോയി. റെയില്‍വെയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്.

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിവന്നു.

വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനില്‍ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. സൈനികന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.

റീനയുടെ ബാഗില്‍ നിന്നും ഭര്‍ത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി.

റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

എഐസിസി മുൻ വക്താവും കോൺഗ്രസ് നേതാവുമായ ടോം വടക്കൻ ബിജെപിയില്‍ ചേർന്നു. കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിൽ നിന്നും അംഗത്വം സ്വീകരിച്ചാണ് ടോം വടക്കൻ ബിജെപിയുടെ ഭാഗമായത്. ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിവരം അദ്ദേഹം വ്യക്തമാക്കിയത്. മന്ത്രി രവിശങ്കർ പ്രസാദിനൊപ്പമായിരുന്നു വാർത്താ സമ്മേളനം.

നേതാക്കളെയും പ്രവർത്തരെയും ഉപയോഗിച്ച ശേഷം വലിച്ചെറിയുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്ന് കുറ്റപ്പെടുത്തിയ ടോം വടക്കൻ പുൽവാമ ആക്രമണ വിഷത്തിൽ പാര്‍ട്ടി സ്വീകരിച്ച നിലപാടിനെയും കുറ്റപ്പെടുത്തി. പുൽവാമ വിഷയത്തിലെ പാർട്ടി നിലപാട് കോണ്‍ഗ്രസ് വിടാൻ കാരണമാക്കിയെന്ന് വ്യക്തമാക്കിയ അദ്ദേഹം മോദിക്കും അമിത്ഷാക്കും നന്ദി അറയിക്കുന്നതായും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്ന ടോം വടക്കന്‍ എഐസിസി സെക്രട്ടറി, കോൺഗ്രസ് വക്താവ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലുൾപ്പെടെ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥി പട്ടികയില്‍ പലവട്ടം ടോം വടക്കന്റെ പേർ പലവട്ടം ഉയർന്ന് കേട്ടിരുന്നെങ്കിലും പിന്നീട് തള്ളിപ്പോവുകയും ചെയ്തിരുന്നു. തൃശൂര്‍ സ്വദേശിയായ ടോം വടക്കന്‍ വര്‍ഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചു വരുകയായിരുന്നു.

ടോംവടക്കന്റെ പാർട്ടിയിലേക്കുള്ള വരവിനെ കേരളാ ഘടകം സ്വാഗതം ചെയ്യുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള വ്യക്തമാക്കി. കേരളത്തില്‍ കോണ്‍ഗ്രസിന്റെ താഴോട്ടിറക്കം തുടങ്ങിയെന്നും പി എസ് ശ്രീധരന്‍ പിള്ള. കോണ്‍ഗ്രസ് മുന്‍ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനം ഇതിന്റെ തുടക്കമായി മാത്രം കണ്ടാല്‍ മതിയെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

പ്രളയകാലത്ത് കേരളത്തെ വഞ്ചിച്ചവരാണ് ബിജെപിയെന്നും ജനങ്ങൾ അത് തിരിച്ചറിയണമെന്നും സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. കേരളത്തെ വഞ്ചിക്കുകയെന്നാൽ ഇന്ത്യയെ വഞ്ചിച്ചുവെന്നാണെന്നും അഖിലേഷ് പറഞ്ഞു.

‘കേരളത്തിലേക്ക് കടക്കാൻ ബിജെപിയെ അനുവദിക്കരുത്. പ്രളയമുണ്ടായപ്പോൾ, ജനങ്ങളുടെ ജീവനും സ്വത്തും വാഹനങ്ങളുമൊക്കെ നഷ്ടമായപ്പോൾ കാർഷിക വിളകളും വളർത്തുമൃഗങ്ങളും നശിച്ചപ്പോൾ വീടുകൾ തകർന്നടിഞ്ഞപ്പോൾ ബിജെപി നിങ്ങൾക്ക് എന്ത് സഹായമാണ് നൽകിയത്? ഒരു സഹായവും അവർ ചെയ്തിരുന്നില്ല. കേരളത്തെ ബിജെപി വഞ്ചിച്ചു’-അഖിലേഷ് പറഞ്ഞു.

എസ്പി–ബിഎസ്പി സഖ്യത്തിനെതിരെ കോണ്‍ഗ്രസ് മത്സരിക്കുന്നത് നല്ല കാര്യമാണ്. ബിജെപിയെ പരാജയപ്പെടുത്താൻ എല്ലാവരും ബാധ്യസ്ഥരാണ്. ഇതിന് പ്രാദേശിക പാര്‍ട്ടികളെ പിന്തുണക്കാനുള്ള ഉത്തരവാദിത്തം കോണ്‍ഗ്രസിനുണ്ടെന്നും അഖിലേഷ് പറഞ്ഞു.

‘തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയും മത്സരിക്കാതെ വിട്ടുനിൽക്കാൻ പോകുന്നില്ല. സമാജ്‌വാദി പാർട്ടി, ബിഎസ്പി, രാഷ്ട്രീയ ലോക്ദൾ, പ്രാദേശിക സംഘടനകൾ എല്ലാവരും മത്സരരംഗത്തുണ്ട്. കോണ്‍ഗ്രസിന് രണ്ടു സീറ്റുകൾ വിട്ടുകൊടുത്തത് പോെല രണ്ട് സീറ്റുകളിൽ അവരും വിട്ടുവീഴ്ച ചെയ്യുന്നുണ്ടെന്നാണ് അറിഞ്ഞത്.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ തർക്കം രൂക്ഷമായ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുന്നു. കേരളകോൺഗ്രസിലെ തർക്കങ്ങള്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ഇടപെടലിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തല്‍. പാർട്ടിക്കുള്ളിൽ വർക്കിങ്ങ് ചെയർമാൻ പിജെ ജോസഫും കെ എം മാണി വിഭാഗവും തമ്മിലുള്ള ഭിന്നത തുടരുന്ന പക്ഷം സ്ഥാനാർത്ഥിയെ മാറ്റുന്നതുൾപ്പെടെയുള്ള വഴികൾ കോൺഗ്രസ് മുന്നോട്ട് വച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

തര്‍ക്കം കോട്ടയത്തിന് പിറകെ പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. വിഷയത്തിൽ ഇനി മൃദു സമീപനം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പാർട്ടിയുടെ രാജ്യസഭാ സീറ്റ് നല്‍കിയ കാര്യം ഉൾപ്പെടെ ഉന്നയിച്ചാണ് പാർട്ടി നിലപാട് ശക്തമാക്കുന്നത്.

സമവായത്തിനായി നിലവിൽ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുണ്ടായി തർക്കം മധ്യകേരളത്തിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുത്തുന്നതുൾപ്പെടെയുള്ള നിലയിലേക്ക് വളർന്നെന്ന വിലയിരുത്തലിൽ വിഷം ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടാക്കിയതായാണ് റിപ്പോർട്ട്. കേരളത്തിൽ സന്ദർശനം നടത്തുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ഇക്കാര്യം ചർച്ച ചെയതതായാണ് വിവരം.

എന്നാൽ , തന്റെ കാര്യത്തില്‍ മാന്യമായൊരു തീരുമാനം ഉണ്ടായാല്‍ കോട്ടയം സീറ്റിന്റെ അവകാശവാദത്തില്‍ നിന്നും പിന്മറാമെന്നു ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസിനകത്തെ മാണി-ജോസഫ് പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു. വിഷത്തിൽ നാളെയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പിജെ ജോസഫിന്റെ നിലപാട്.

ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ, ജോസഫിനോട് ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാല്ലെന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. തന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും സംഘവുമാണെന്നു ജോസഫിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ജോസഫിനെതിരേ വലിയ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നു ജോസ് കെ മാണി മാധ്യമങ്ങളോട് പറയുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞാണ് ജോസഫിന്റെ ആവശ്യങ്ങളെ ജോസ് കെ മാണി തള്ളിക്കളഞ്ഞത്.

തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റാണെന്നാണും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതാണെന്നും സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് ഉയര്‍ന്നിരുന്നില്ലെന്നും ജോസഫ് പറയുമ്പോള്‍, ഇതെല്ലാം കള്ളപ്രചാരണമാണെന്നാണ് ജോസഫിന്റെ പേരെടുത്ത് പറയാതെ ജോസ് കെ മാണി പ്രതികരിക്കുന്നത്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ജനാധിപത്യപരമായി എടുത്ത തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് എല്ലാവരും ഒപ്പിട്ട് നല്‍കിയതിന്റെ ഡോക്യുമെന്റ് ഉണ്ടെന്നുമാണ് ജോസ് കെ മാണി പറയുന്നത്. പലരും പല കള്ളപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും അതൊക്കെ നടത്തിക്കോട്ടെയെന്നും എല്ലാം കാര്യങ്ങളും ഡോക്യുമെന്റഡ് ആണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറയുന്നു.

കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി പിജെ ജോസഫ് ചർച്ചകൾ നടത്തിയിരുന്നു. രണ്ടേകാല്‍ മണിക്കൂറോളമാണ് പിജെ ജോസഫ്, മോന്‍സ് ജോസഫ്, ടിയു കരുവിള എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള സമവായ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ചര്‍ച്ചയ്ക്കു ശേഷം പി ജെ ജോസഫ് തന്നെ തന്റെ വാക്കുകളിലൂടെ സൂചന നല്‍കിയത്.

തിരുവല്ലയിലെ ചിലങ്ക ജംഗ്ഷനിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.വെന്റിലേറ്ററില്‍ കഴിയുന്ന 19കാരി ഗുരുതരമായി തുടരുകയാണ്. 60 ശതമാനത്തിലധികം പൊള്ളലേറ്റ പെണ്‍കുട്ടി ഇപ്പോള്‍ പാലരിവട്ടം മെഡിക്കല്‍ സെന്ററിലെ അത്യാഹിത വിഭാഗത്തില്‍ വെന്റിലേറ്ററിലാണ് കഴിയുന്നത്. പെണ്‍കുട്ടിക്ക് ഏറ്റ കുത്ത് സാരമുള്ളതല്ലെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. എന്നാല്‍, തല മുതല്‍ താഴോട്ട് പകുതിഭാഗത്ത് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

മുഖത്തും കഴുത്തിനുമാണ് കൂടുതലായി പൊള്ളലേറ്റത്. മുടി മുഴുവന്‍ കരിഞ്ഞ് പോയി. പേശികള്‍ക്ക് കാര്യമായി പൊള്ളലേറ്റതിനാല്‍ വൃക്കകള്‍ക്കു തകരാര്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോഴും വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ അരയ്ക്കു മുകളിലുള്ള ഭാഗത്താണ് പൊള്ളലിന്റെ 90% സംഭവിച്ചിരിക്കുന്നത്.

പെണ്‍കുട്ടിയുടെ പിതാവ് പറയുന്നതിങ്ങനെ.. അവള്‍ക്ക് 19 വയസ്സായെങ്കിലും 5 വയസ്സുകാരിയുടെ പ്രകൃതമാണ്. രാവിലെ അവള്‍ എന്റെ മുമ്പില്‍ വന്നിരുന്ന് എഴുതി പഠിച്ചു. പിന്നാലെ കുളിച്ചുവന്ന് അമ്മയോടും എന്നോടും യാത്ര പറഞ്ഞാണ് വീട്ടില്‍ നിന്നിറങ്ങിയത്. അവളിപ്പോള്‍ അത്യാസന്ന നിലയിലാണ്. സാഹായിക്കാനാണെങ്കില്‍ ആരുമില്ല. ത്രാണിയില്ലാത്തതിനാല്‍ ഞാന്‍ അവളെ കാണാനും പോയില്ല. വിതുമ്പിക്കരഞ്ഞുകൊണ്ട് വിജയകുമാര്‍ പറഞ്ഞു.

കുറച്ചുദിവസമായി അവള്‍ ഫോണ്‍ ഓഫ് ചെയ്താണ് നടന്നിരുന്നത്. അവന്റെ ശല്യം സഹിക്കാന്‍ പറ്റാത്തതിനാലാവാം അങ്ങനെ ചെയ്തത്. 11 ഉം12 ഉം ക്ലാസ്സില്‍ ഇരുവരും ഒന്നിച്ചായിരുന്നു പഠിച്ചിരുന്നത്. ഇത്രയും അറിയാമെന്നല്ലാതെ കൂടുതലൊന്നും അറിയില്ല. എന്റെ മകളെ ജീവനോടെ കിട്ടിയാല്‍ മതിയായിരുന്നുവെന്നും വിജയകുമാര്‍ പറഞ്ഞു.

തിങ്കാളാഴ്ച അമ്മയുടെ വീട്ടിലായതിനാല്‍ പെണ്‍കുട്ടി പഠിച്ചിരുന്ന തിരുവല്ല ചിലങ്ക ജംഗഷ്നിലെ സ്ഥാപനത്തില്‍ എത്തിയിരുന്നില്ല. ലാബ് ടെക്നീഷ്യന്‍ കോഴ്സിലാണ് പെണ്‍കുട്ടി ചേര്‍ന്നിരുന്നത്. മൂത്ത രണ്ട് മക്കളെയും നേഴ്സിംഗിന് വിട്ടതിനാലാണ് ഇളയ പെണ്‍കുട്ടിയെ എം എല്‍ റ്റിക്ക് വിടാന്‍ തീരുമാനിച്ചെതെന്നും ഇവര്‍ക്ക് പഠിക്കുന്നതിനും രണ്ടാമത്തെ മകള്‍ക്ക് ജോലിക്കും പോകുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചുമത്രയില്‍ വാടക വീടെടുത്ത് താമസമാക്കിയതെന്നും വിജയകുമാര്‍ പറയുന്നു.

രാവിലെ പണിക്കുപോയാല്‍ രാത്രി 8 മണിയാകും വീട്ടിലെത്താന്‍. കൂലിപ്പണിയില്‍ നിന്നുള്ള വരുമാനം കൊണ്ടാണ് കഴിഞ്ഞുകൂടിയിരുന്നത്. തലയും മുഖവുമെല്ലാം പൊള്ളി നാശമായി എന്നാണ് അവളുടെ അമ്മ പറഞ്ഞത്. ഈ അവസ്ഥയില്‍ അവളെ കാണാന്‍ വലിയപ്രയാസമാണ്. അതുകൊണ്ട് ഞാന്‍ അവള്‍ കിടക്കുന്നിടത്തേയ്ക്ക് പോയില്ല. കുറിച്ചു തരുന്ന മരുന്നുകള്‍ ആരൊക്കെയോ വാങ്ങിനല്‍കുന്നു. എത്ര തുക ചെലവായൊന്നും എനിക്കറിയില്ല. ചികത്സയ്ക്കായി ഒത്തിരി പണച്ചെലവ് വരുമെന്നാണ് എല്ലാവരും പറയുന്നത്. ഒരിടത്തു നിന്നും ഒരു സഹായവും ലഭിക്കുന്നില്ല. എന്തുചെയ്യണമെന്നും അറിയില്ലെന്നും വിജയകുമാര്‍ പറഞ്ഞു.

റോഡില്‍ നിന്നു സംസാരിക്കുന്നതിനിടെയാണ് യുവാവ് യുവതിയെ ആക്രമിച്ചത്. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസില്‍ സഹപാഠികളായിരുന്നു ഇരുവരും. പെണ്‍കുട്ടിയെ വകവരുത്തിയശേഷം ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചാണ് പ്രതി അജിന്‍ റെജി മാത്യു വന്നതെന്നുമാണ് പൊലീസ് നിഗമനം.

തിരുവനന്തപുരം: തിരുവനന്തപുരം നഗരത്തില്‍ നിന്ന് തട്ടിക്കൊണ്ടു പോയ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതികള്‍ പിറന്നാളാഘോഷിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പോലീസിന് പ്രതിയെന്നു സംശയിക്കുന്ന അരുണിന്റെ പിറന്നാളാഘോഷിക്കുന്ന ദ്യശ്യങ്ങളാണ് കിട്ടിയിരിക്കുന്നത്. ദ്യശ്യങ്ങളുടെ അടിസ്ഥാനത്തില്‍ കൂടെ ഉള്ളവരുടെ വിവരങ്ങലും പോലീസ് അന്വേഷിച്ചു വരുകയാണ്. കൊലപാതകം നടന്ന ദിവസം തന്നെ ഒന്നരയ്ക്ക് കാട്ടിനുള്ളില്‍ നടത്തിയ ആഘോഷത്തിന്റെ ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. അനന്തുവിനെ കൊല്ലാനായി തട്ടിക്കൊണ്ടുപോയതിന്റെ തൊട്ടുമുന്‍പാണ് ഈ ആഘോഷങ്ങള്‍ നടത്തിയിരിക്കുന്നത്. കൊല നടത്തി അനന്തുവിന്റെ മൃതദേഹം ഉപേക്ഷിച്ചതും കാട്ടിനുള്ളിലെ ഇതേ ഇടത്താണ്.

കരമനയില്‍ അനന്തു സുരേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അനന്തുവിന്റെ മൃതദേഹം ബൈക്ക് ഷോറൂമിന് സമീപത്തു നിന്നുമാണ് കണ്ടെത്തിയത്. അനന്തുവിനെ രണ്ടുപേര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടു പോയത്. ഉത്സവത്തിനിടെ ഒരു സംഘം അനന്തുവുമായി വാക്കുതര്‍ക്കം ഉടലെടുക്കുകയും ചെയ്തു. അനന്ദുവിന്റെ സുഹൃത്ത് ഫോണിലേക്ക് വിളിച്ചപ്പോഴാണ്അനന്തുവിനെ തട്ടിക്കൊണ്ടുപോയെന്ന് മനസിലാകുന്നത് .എന്നാല്‍ അതിന് ശേഷം ഫോണ്‍ സ്വിച്ച് ഓഫ് ആകുകയും ചെയ്തു .സംഭവത്തില്‍ പോലീസ് നഗരത്തിലെ സി സി ടി വി ക്യാമറകള്‍ ഉള്‍പ്പടെ ഉള്ളവ പരിശോധിച്ച് വരുകയാണ്. സംഭവത്തില്‍ ബാലു, റോഷന്‍ എന്നിവര്‍ പൊലീസ് പിടിയിലായിട്ടുണ്ട്. ഏഴു പേര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പ്രതികളില്‍ രണ്ടുപേര്‍ ഇതിനോടകം ചെന്നൈയിലേക്ക് കടന്നതായും സൂചനയുണ്ട്.

ഇന്നലെ വൈകിട്ട് നാലരയ്ക്കാണ് അനന്തു ഗിരീഷിനെ പ്രതികള്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. ഈ ആഘോഷം നടക്കുന്നത് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ്. പ്രതികള്‍ ഈ പ്രദേശത്ത് ഇരുന്ന് കഞ്ചാവ് ഉപയോഗിക്കുന്നുവെന്നും ശല്യമുണ്ടാക്കുന്നുവെന്നും നേരത്തെ നാട്ടുകാര്‍ പൊലീസിന് പരാതി നല്‍കിയിരുന്നതാണ്. ഇതേ ഇടത്തിരുന്ന് പ്രതികള്‍ ആഘോഷം നടത്തുന്ന ദൃശ്യങ്ങളാണിപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.

ദൃശ്യങ്ങളില്‍ ഷര്‍ട്ടിടാതെ ചുവന്ന തോര്‍ത്തുടുത്ത് നില്‍ക്കുന്നയാളാണ് മുഖ്യപ്രതികളിലൊരാളായ അനീഷ്. ബാക്കിയുള്ളവരില്‍ എത്ര പേര്‍ കൊലപാതകത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. ഈ ആഘോഷത്തില്‍ പങ്കെടുത്തവരിലേക്ക് എല്ലാവരിലേക്കും അന്വേഷണം നീളും. ദേശീയപാതയില്‍ നീറമണ്‍കരയ്ക്ക് സമീപമുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുവന്ന് മൃഗീയമായി മര്‍ദ്ദിച്ചാണ് അനന്തുവിനെ കൊലപ്പെടുത്തിയത്. മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ പ്രതികള്‍ അനന്തുവിന്റെ രണ്ട് കൈ ഞരമ്പുകളും മുറിച്ചു. കണ്ണുകളില്‍ സിഗരറ്റ് വച്ച് പൊള്ളിച്ചു. അനന്തുവിന്റെ തലയിലും കൈയ്യിലുമടക്കം ആഴത്തിലുള്ള 5 പരിക്കുകളാണ് ഉള്ളത്. മര്‍ദ്ദനത്തില്‍ തലയോട്ടി തകര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കരിക്ക്, കല്ല്, കമ്പ് എന്നിവ മര്‍ദ്ദനത്തിന് ഉപയോഗിച്ചതായാണ് കണ്ടെത്തല്‍. ദേഹമാസകലമുണ്ടായ മുറിവുകളാണ് അനന്തുവിന്റെ മരണത്തിന് കാരണമായതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അനന്തുവിനെ ഒരു മണിക്കൂറോളം ഭിത്തിയില്‍ ചേര്‍ത്തുവച്ച മര്‍ദ്ദിച്ചുവെന്നാണ് പൊലീസ് കസ്റ്റഡിയിലുള്ളവര്‍ മൊഴി നല്‍കിയിട്ടുള്ളത്.

പെരിയ ഇരട്ടക്കൊലപാതക കേസില്‍ പൊലീസിന് തിരിച്ചടിയായി ഫോറന്‍സിക് വിദഗ്ധരുടെ റിപ്പോർട്ട്. അന്വേഷണസംഘം ആദ്യം കണ്ടെത്തിയ ആയുധങ്ങളുപയോഗിച്ചല്ല കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ധർ അന്വേഷണ സംഘത്തിന് റിപ്പോർട്ട് നൽകി.

അതേസമയം രണ്ടാം ഘട്ട തെളിവെടുപ്പിനിടെ കണ്ടെത്തിയ രണ്ടു വടിവാളുകള്‍ കൊണ്ട് മരണകാരണമായ മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ടിലുണ്ട്.

മുഖ്യപ്രതി പീതാംബരനുമായി നടത്തിയ തെളിവെടുപ്പിനിടെ കല്ല്യോട്ടെ പൊട്ടക്കിണറ്റില്‍ നിന്നാണ് ഇരുമ്പുദണ്ഡുകളും, തുരുമ്പിച്ച പിടിയില്ലാത്ത ഒരു വടിവാളും പൊലീസ് കണ്ടെത്തിയത്. വിദഗ്ദ്ധ പരിശോധനയില്‍ ഈ ആയുധങ്ങള്‍ ഉപയോഗിച്ചല്ല പ്രതികള്‍ കൃത്യം നടത്തിയതെന്ന് ഫോറന്‍സിക് വിദഗ്ദ്ധര്‍ പൊലീസിനെ അറിയിച്ചു. കൊല്ലപ്പെട്ടവരുടെ ശരീരത്തില്‍‍ കണ്ടതുപൊലുള്ള മാരകമായ മുറിവുകള്‍ ഉണ്ടാക്കാന്‍ ഈ ആയുധങ്ങള്‍ മതിയാകില്ലെന്നാണ് ഫോറന്‍സിക് സംഘത്തിന്റെ അഭിപ്രായം.

RECENT POSTS
Copyright © . All rights reserved