കോളേജ് വിദ്യാർത്ഥിനിയെ വെറും പതിനെട്ടു വയസുള്ള യുവാവ് പട്ടാപ്പകൽ കുത്തി വീഴ്ത്തിയും, പെട്രോളൊഴിച്ച് കത്തിച്ചും മനസിലൊലൊളിപ്പിച്ച പക തീർത്തതിന്റെ ഞെട്ടലിലാണ് തിരുവല്ല. പന്ത്രണ്ടാം ക്ലസുമുതൽ മനസ്സിൽ കൊണ്ടുനടന്ന പ്രണയമാണ് പെൺകുട്ടിക്കുമുമ്പിൽ തീഗോളമായി പടർന്നുകയറിയത്. തിരുവല്ല ചിലങ്ക ജംഗ്ഷനിലാണ് പെണ്‍കുട്ടിയെ യുവാവ് പെട്രോളൊഴിച്ച് തീ കൊളുത്തിയത്. ശരീരത്തിൽ 85ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണത്തോട് മല്ലിടുകയാണ്. അയിരൂര്‍ സ്വദേശിനി കവിത വിജയകുമാറിനാണ് പൊള്ളലേറ്റത്. സംഭവുമായി ബന്ധപ്പെട്ട് തിരുവല്ല കുമ്പനാട് സ്വദേശി അജിൻ റെജി മാത്യുവിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സംഭവത്തില്‍ ദൃസാക്ഷികള്‍ പറയുന്നത് ഇങ്ങനെ, ഇന്ന് രാവിലെ ചിലങ്ക ജംഗ്ഷനിൽ കാത്തു നിന്ന യുവാവ് പെൺകുട്ടി ക്ലാസിലേക്ക് വരുന്ന വഴി തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. കത്തി കൊണ്ട് പെൺകുട്ടിയെ കുത്തി വീഴ്ത്തിയ ശേഷം യുവാവ് പെട്രോളൊഴിച്ച് കത്തിച്ചു. തീപടര്‍ന്ന് പെണ്‍കുട്ടി നിലവിളിക്കുന്നത് കണ്ട നാട്ടുകാര്‍ വെള്ളമൊഴിച്ച് തീയണച്ച് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. പെൺകുട്ടിയുടെ മുഖവും മുടിയും ഭാഗികമായി കത്തിയമർന്ന നിലയിലാണ്. ഇതിനു പിന്നാലെയാണ് അജിനെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ബൈക്കിലാണ് ജംഗ്ഷനില്‍ എത്തിയതെന്നും കയ്യില്‍ രണ്ട് കുപ്പി പെട്രോള്‍ കരുതിയിരുന്നുവെന്നുമാണ് റിപ്പോര്‍ട്ട്.
പന്ത്രണ്ടാം ക്ലസുമുതൽ ഇയാൾക്ക് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാല്‍ അജിന്നോട് റാന്നി അയിരൂർ സ്വദേശിനിയായ പെണ്‍കുട്ടി ഒരു ഘട്ടത്തിലും താത്പര്യം കാണിച്ചിരുന്നില്ല. ഒടുവിൽ പെൺകുട്ടിയുടെ വീട്ടിലെത്തി വിവാഹം കഴിക്കാൻ താൽപര്യമുണ്ടെന്ന് ഇയാൾ അറിയിച്ചിരുന്നതായും പറയുന്നു. എന്നാൽ പെൺകുട്ടിയുടെ വീട്ടുകാരും ഈ ആവശ്യം നിരസിച്ചു. ഇതോടെയാണ് ഇയാൾ പെൺകുട്ടിയോട് പക വീട്ടാൻ തയാറെടുത്തത്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് ആക്രമണം.
അജിന്‍ നടത്തിയ വിവാഹാഭ്യര്‍ത്ഥന പെണ്‍കുട്ടി തള്ളിയതാണ് കൃത്യം നടത്താന്‍ കാരണമായി അജിന്‍ പറഞ്ഞത്. പ്‌ളസ് ടൂവിന് പഠിക്കുമ്ബോള്‍ ഇരുവരും പ്രണയിച്ചിരുന്നു. എന്നാല്‍ ബന്ധം വീട്ടുകാര്‍ എതിര്‍ത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടി പിന്മാറി. എന്നാല്‍ അജിന്‍ വിവാഹാഭ്യര്‍ത്ഥനയുമായി പെണ്‍കുട്ടിയുടെ പിന്നാലെ നടന്നെങ്കിലും അവര്‍ ഒഴിഞ്ഞുമാറി. തുടര്‍ന്ന് ഇന്ന് രാവിലെ കൃത്യം നടത്താന്‍ ലക്ഷ്യമിട്ട് രണ്ടു കുപ്പി പെട്രോളുമായി അജിന്‍ പെണ്‍കുട്ടി പഠിക്കുന്ന സ്വകാര്യ സ്ഥാപനത്തിന് മുന്നില്‍ കാത്തു നില്‍ക്കുകയും അതില്‍ ഒരു കുപ്പി പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ഒഴിച്ച് ലൈറ്റര്‍ ഉപയോഗിച്ച് തീ കത്തിക്കുകയുമായിരുന്നു.
പെണ്‍കുട്ടിയുടെ ശരീരത്ത് തീ പടരുന്നത് കണ്ട് സമീപത്ത് ഉണ്ടായിരുന്ന ആള്‍ക്കാര്‍ ഓടിക്കൂടുകയും ശരീരത്തേക്ക് വെള്ളം കോരിയൊഴിച്ച് തീയണയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. തുടര്‍ന്ന് പെണ്‍കുട്ടിയെ ജീവനോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും നാട്ടുകാരായിരുന്നു. നാട്ടുകാര്‍ തന്നെ അജിനെയും പിടിച്ചു പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇങ്ങനെയൊരു യുവാവിന്റെ ശല്യമുള്ള കാര്യം പെൺകുട്ടി പറഞ്ഞിരുന്നില്ലെന്നാണ് പെൺകുട്ടിയുടെ ബന്ധുകൾ പറയുന്നത്. നാല് ദിവസമായി പെൺകുട്ടിയുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു എന്നും അവർ പറയുന്നു. നാടിനെ ഞെട്ടിച്ച ഈ സംഭവം വളരെ ഗൗരവത്തോടെയാണ് പൊലീസ് എടുത്തിരിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.പത്തനംതിട്ട എസ്.പി സംഭവസ്ഥലം സന്ദര്‍ശിക്കുന്നുണ്ട്. സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും.
ബി.ജെ.പി സ്ഥാനാര്‍ഥികളെ ശനിയാഴ്ച പ്രഖ്യാപിച്ചേക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്.ശ്രീധരന്‍പിള്ള. കുമ്മനം രാജേശഖരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശനിയാഴ്ച ഡല്‍ഹിയില്‍ ചര്‍ച്ച നടത്തും. സ്ഥാനാര്‍ഥിത്വത്തിനായി തര്‍ക്കമില്ല, പത്തനംതിട്ട അടക്കമുള്ള സീറ്റുകളിൽ അഭിപ്രായ ഭിന്നതയില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് കുമ്മനം രാജശേഖരന്‍ കൂടി തിരികെയെത്തിയ സാഹചര്യത്തിലാണ് ബിജെപി പട്ടിക ഒരുങ്ങുന്നത്.
ഗവര്‍ണര്‍ സ്ഥാനം രാജിവച്ച് രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തിയ കുമ്മനം രാജശേഖരന് വന്‍വരവേല്‍പ് നല്‍കി ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമായി. ശബരിമല മുഖ്യതിരഞ്ഞെടുപ്പ് വിഷയമാക്കുമെന്നും അതിനെ എതിര്‍ത്ത സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുമെന്നും കുമ്മനം രാജശേഖരന്‍ അറിയിച്ചു.
രാഷ്ട്രീയത്തിലേക്കുള്ള പുനപ്രവേശവും തിരവനന്തപുരത്തെ വിജയവും ലക്ഷ്യമിട്ടെത്തിയ കുമ്മനം രാജശേഖരന് ആദ്യ സ്വീകരണം വിമാനത്താവളത്തില്‍. നേതാക്കളെ സാക്ഷിയാക്കി പ്രചാരണ വിഷയത്തിലെ നിലപാട് വ്യക്തമാക്കി.
കലാശക്കൊട്ടിന് സമാനമായ റോഡ് ഷോയായിരുന്നു അടുത്ത ഘട്ടം. ബൈക്ക് റാലിയും മേളവും അകമ്പടിയാക്കി സെക്രട്ടേറിയറ്റിന് മുന്നിലൂടെ പഴവങ്ങാടി ഗണപതിക്ഷേത്രത്തിലേക്ക്.
മാസങ്ങള്‍ക്ക് ശേഷം പാര്‍ട്ടി ഓഫീസില്‍ തിരികെയെത്തിയപ്പോള്‍ നേതാക്കളുടെ വക പ്രത്യേക സ്വീകരണം. പ്രഖ്യാപനമായില്ലങ്കിലും സ്വീകരണങ്ങളോടെ പ്രചാരണത്തിന് തുടക്കമായി. എന്നാല്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനം ഡെല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം ശനിയാഴ്ചയോടെയുണ്ടാവും. കുമ്മനം അടക്കമുള്ള പ്രധാനനേതാക്കളെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
കെഎം മാണിയുടെ കൂടെ നാണം കെട്ട് ഇനിയും തുടരണമോയെന്ന് പി ജെ ജോസഫ് ആലോചിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പിജെ ജോസഫ് മുന്നണി വിട്ട് വന്നാല്‍ കൂടെ ചേര്‍ക്കുന്ന കാര്യം ആലോചിക്കാമെന്നും ആദ്യം ജോസഫ് താല്‍പര്യം വ്യക്തമാക്കട്ടെയെന്നും കോടിയേരി പറഞ്ഞു. മഴയ്ക്ക് മുമ്പ് കുടപിടിക്കേണ്ടന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.
പി ജെ ജോസഫിനെപ്പോലൊരു സമുന്നതനായ നേതാവിന്, കേരളാ കോണ്‍ഗ്രസ് വര്‍ക്കിംങ് പ്രസിഡന്റിന് ആഗ്രഹിച്ച സീറ്റ് കിട്ടിയില്ലെങ്കില്‍ അദ്ദേഹത്തിന് ആ പാര്‍ട്ടിയില്‍ യാതൊരു വിലയുമില്ലെന്നാണ് അര്‍ത്ഥമെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തില്‍ നാണം കെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് താല്‍പര്യമെങ്കില്‍ തുടരട്ടെയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.
ആഴ്ചകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോട്ടയത്ത് തോമസ് ചാഴിക്കാടനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചത്. തീരുമാനം സ്വീകാര്യമല്ലെന്നും കടുത്ത പ്രതിഷേധമുണ്ടെന്നും പി ജെ ജോസഫ് അറിയിച്ചിരുന്നു. ജോസഫ് വികാരപരമായ തീരുമാനമെടുക്കില്ലെന്നാണ് പ്രതീക്ഷയെന്നാണ് കെ എം മാണി പ്രതികരിച്ചത്. ഒരു പകല്‍ മുഴുവന്‍ നീണ്ട കൂടിയാലോചനകള്‍ക്കൊടുവില്‍ കേരള കോണ്‍ഗ്രസ് മറ്റൊരു പിളര്‍പ്പിലേക്കെന്ന സൂചന നല്‍കിയാണ് മാണിയുടെ വാര്‍ത്താക്കുറിപ്പ് ഇറങ്ങിയത്.
സഹോദരന്‍ ബാബു ചാഴിക്കാടന്റെ അപ്രതീക്ഷിത മരണത്തെ തുടര്‍ന്ന് എംഎല്‍എ സ്ഥാനാര്‍ത്ഥിയായെത്തിയ തോമസ് ചാഴിക്കാടന്‍ അപ്രതീക്ഷിതമായാണ് പാര്‍ലമെന്റിലേക്കുള്ള മത്സര രംഗത്തും എത്തിയത്. പിജെ ജോസഫ് ഭിന്നത ഒഴിവാക്കുമെന്നും തന്റെ പ്രചാരണത്തിന് ഇറങ്ങുമെന്നും പ്രതീക്ഷിക്കുന്നതായി സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന്‍ പറയുമ്പോഴും ജോസഫിന്റെ നീക്കങ്ങള്‍ നിര്‍ണായകമാകും.
കേരള കോണ്‍ഗ്രസിലെ കലാപം കോട്ടയത്ത് വിജയസാധ്യതയെ ബാധിക്കുമെന്ന ആശങ്കയില്‍ യുഡിഎഫ് നേതൃത്വം. പി.ജെ.ജോസഫിന് സീറ്റ് നിഷേധിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ വേണ്ടിവന്നാല്‍ ഇടപെടുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വ്യക്തമാക്കി. കോട്ടയത്ത് പാളിച്ചയുണ്ടാകാന്‍ അനുവദിക്കില്ല. കേരള കോണ്‍ഗ്രസ് ഉള്‍പാര്‍ട്ടി പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കണം. ഇപ്പോഴത്തെ നിലയില്‍ മുന്നോട്ടുപോകാനാകില്ലെന്നും ബെന്നി തുറന്നുപറഞ്ഞു.
മുതിര്‍ന്ന യുഡിഎഫ് നേതാക്കളുമായി ചര്‍ച്ചനടത്തിയശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പി.ജെ.ജോസഫിന്റെ നിലപാട്. ജോസഫ് മല്‍സരിക്കണമെന്നായിരുന്നു കേരള കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയിലെ പൊതുവികാരമെന്നും ഇതിന് വിരുദ്ധമായ തീരുമാനമുണ്ടായത് എങ്ങനെയെന്നറിയില്ലെന്നും മോന്‍സ് ജോസഫ് എംഎല്‍എ പ്രതികരിച്ചു.
കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങളില്‍ ഇടപെടേണ്ട സമയത്ത് ഇടപെടുമെന്ന് പി.കെ.കുഞ്ഞാലിക്കുട്ടി എംപി. യു.ഡി.എഫ് ഇടപെടേണ്ട ഘട്ടം അറിയാം. ഇപ്പോഴത്തെ സംഭവവികാസങ്ങൾ കേരള കോൺഗ്രസിലെ ആഭ്യന്തരപ്രശ്നമാണ്. കേരള കോണ്‍ഗ്രസ് തന്നെ പരിഹരിക്കുമെന്ന ആത്മവിശ്വാസമുണ്ട്. നേതാക്കളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ പി.ജെ ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടർന്ന് കേരള കോൺഗ്രസിൽ ഉടലെടുത്ത പ്രശ്നങ്ങളുടെ പശ്ചാത്തലത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.അതേസമയം പി.ജെ. ജോസഫിന് കോട്ടയം സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേരള കോണ്‍ഗ്രസ് എമ്മില്‍ രാജി തുടരുന്നു. കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറിയും സംസ്ഥാന കമ്മിറ്റി അംഗവുമായ പി.എം. ജോര്‍ജും കണ്ണൂർ ജില്ലാ സെക്രട്ടറിയായ റോജസ് സെബാസ്റ്റ്യനുമാണ് സ്ഥാനങ്ങള്‍ രാജിവച്ചത്.
തിരുവല്ല: യുവതിയെ നടുറോഡില്‍ പെട്രോളൊഴിച്ച് തീകൊളുത്തി. യുവതിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.
സംഭവവുമായി ബന്ധപ്പെട്ട് ഡിഗ്രി വിദ്യാര്‍ഥി തിരുവല്ല കടപ്പറ കുമ്പനാട് സ്വദേശി അജിന്‍ റെജി മാത്യുവിനെ പൊലിസ് അറസ്റ്റ് ചെയ്തു. വിവാഹാഭ്യര്‍ഥന വീട്ടുകാര്‍ നിരസിച്ചതാണ് യുവാവിനെ ആക്രമണത്തിന് പ്രേരിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം.
ലോകസഭാ തെരഞ്ഞെടുപ്പിൽ എൻഡിഎക്ക് സർക്കാർ രൂപീകരിക്കാനുള്ള കേവലഭൂരിപക്ഷം ലഭിക്കില്ലെങ്കിലും തെരഞ്ഞെടുപ്പിനു ശേഷമുള്ള സഖ്യങ്ങളിലൂടെ സർക്കാർ രൂപീകരിക്കാനാകുമെന്ന് വാർത്താ ഏജൻസിയായ ഐഎഎൻഎസ് നടത്തിയ സർവ്വേ.
ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പാകാത്ത സാഹചര്യത്തിൽ എൻഡിഎക്ക് മുന്നൂറിലധികം സീറ്റുകൾ കിട്ടാനുള്ള സാധ്യതയുണ്ടെന്നും ഐഎഎൻഎസ് സര്‍വ്വേ പറയുന്നു. വാർത്താ ഏജൻസിക്കു വേണ്ടി ഈ സർവ്വേ നടത്തിയത് സിവോട്ടർ ആണ്. ‘പാകിസ്താനിലെ ജെയ്ഷെ മൊഹമ്മദ് ഭീകര ക്യാമ്പിനു നേരെ വ്യോമാക്രമണം നടത്താൻ നരേന്ദ്രമോദി നയിക്കുന്ന സർക്കാർ ധീരമായ തീരുമാനമെടുത്ത സമയത്താണ് സർവ്വേ നടത്തിയതെ’ന്ന് ഐഎഎൻഎസ് പറയുന്നു. രാജ്യത്തെമ്പാടും ദേശീയതയുടെ ഒരു പുതിയ തരംഗം ഈ വ്യോമാക്രമണത്തിലൂടെ മോദിക്ക് സൃഷ്ടിക്കാനായെന്നും ഐഎഎൻഎസ് റിപ്പോർട്ട് അവകാശപ്പെട്ടു. ഈ തരംഗം ഉപയോഗപ്പെടുത്തി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിപക്ഷത്തെ തറപറ്റിക്കാമെന്നാണ് ബിജെപിയുടെ പ്രതീക്ഷയെന്നും റിപ്പോർട്ട് വിശദീകരിക്കുന്നുണ്ട്.
എൻഡിഎ സഖ്യം ആകെ 264 സീറ്റുകൾ നേടുമെന്നാണ് ഐഎഎൻഎസ് പ്രതീക്ഷിക്കുന്നത്. യുപിഎക്ക് 241 സീറ്റുകളിൽ വിജയിക്കാനാകും. മറ്റു പാർട്ടികൾക്കെല്ലാം ചേർന്ന് 138 സീറ്റുകളും നേടാനാകും. ഉത്തർപ്രദേശിൽ മഹാസഖ്യം നടപ്പായില്ലെങ്കിൽ എൻഡിഎക്ക് 307 സീറ്റിൽ വിജയിക്കാൻ കഴിയുമെന്നും, യുപിഎ 139 സീറ്റും മറ്റു പാർട്ടികൾ 97 സീറ്റും നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
ബിജെപി ഒറ്റയ്ക്ക് 220 സീറ്റുകൾ നേടുമെന്നാണ് പ്രതീക്ഷ. സഖ്യകക്ഷികൾക്ക് 44 സീറ്റുകളും നേടാനാകും. തെരഞ്ഞെടുപ്പിനു ശേഷം ചില പ്രാദേശിക കക്ഷികളുമായി സഖ്യം ചേരാനാകുമെന്ന ഉറപ്പ് ബിജെപിക്കുണ്ട്. വൈഎസ്ആർ കോൺഗ്രസ്സ്, മിസോ നാഷണൽ ഫ്രോണ്ട്, ബിജു ജനതാദൾ, തെലങ്കാന രാഷ്ട്രസമിതി തുടങ്ങിയ കക്ഷികളിലാണ് ബിജെപിക്ക് പ്രതീക്ഷ. നിലവിലുള്ള കക്ഷികളെയും ചേർത്ത് 301 സീറ്റുകൾ ബിജെപിക്ക് സംഘടിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
യുപിഎക്ക് തെരഞ്ഞെടുപ്പിനു ശേഷം എൽഡിഎഫ്, എഐയുഡിഎഫ്, യുപിയിൽ കോൺഗ്രസ്സ് ചേരാൻ വിസമ്മതിച്ച പ്രതിപക്ഷ സഖ്യം, തൃണമൂൽ കോൺഗ്രസ്സ് എന്നിവരുമായി സഖ്യത്തിലേർപ്പെടാൻ കഴിഞ്ഞാലും ആകെ 226 സീറ്റുകളിലേക്ക് മാത്രമേ എത്തുകയുള്ളൂ. യുപിയിൽ മഹാസഖ്യം സാധ്യമായാലും 29 സീറ്റുകൾ ബിജെപിക്കുണ്ടാകുമെന്നും ഐഎഎൻഎസ് സർവ്വേ പറയുന്നു. 2014 തെരഞ്ഞെടുപ്പിൽ നേടിയ 72 സീറ്റുകളെന്ന മാർജിനിലേക്ക് എത്താൻ കഴിയില്ലെന്നുമാത്രം.
ബിജെപിക്ക് നേട്ടമുണ്ടാകാനിടയുള്ള സംസ്ഥാനങ്ങൾ
ബിഹാറിൽ 22ൽ നിന്ന് 36 സീറ്റിലേക്ക് ബിജെപി വളരുമെന്ന് ഐഎഎൻഎസ് സർവ്വേ പറയുന്നു. ഗുജറാത്തിൽ രണ്ട് സീറ്റ് നഷ്ടപ്പെടുമെങ്കിലും 24 സീറ്റിൽ ആധിപത്യം നേടും. കർണാടകത്തിൽ ഒരു സീറ്റ് നഷ്ടം വന്ന് 16 സീറ്റ് നേടും. മധ്യപ്രദേശിൽ 26 സീറ്റിൽ നിന്ന് 24 സീറ്റിലേക്കെത്തും. മഹാരാഷ്ട്രയിൽ 13 സീറ്റ് കൂടുതൽ നേടി 36 സീറ്റിലേക്കെത്തും. ഒഡിഷയിൽ വെറും ഒരു സീറ്റ് മാത്രമാണ് കഴിഞ്ഞവട്ടം ലഭിച്ചിരുന്നതെങ്കിൽ ഇത്തവണയത് 12 സീറ്റായി വർധിക്കും. രാജസ്ഥാനിൽ നാല് സീറ്റ് നഷ്ടം വന്ന് 20 സീറ്റ് നേടും.
കോൺഗ്രസ്സ് നേട്ടമുണ്ടാക്കുക ഇവിടങ്ങളിൽ
അസമിലെ മുഴുവൻ സീറ്റുകളും നേടാൻ കോൺഗ്രസ്സിന് സാധിക്കും. കഴിഞ്ഞ തവണ 3 സീറ്റ് നേടിയ സ്ഥാനത്ത് ഇത്തവണ 7 സീറ്റായി ഉയരും. ഛത്തീസ്ഗഢില്‍ 1 സീറ്റിൽ നിന്ന് 5 സീറ്റിലേക്ക് കോൺഗ്രസ്സ് വളരും. കേരളത്തിൽ കഴിഞ്ഞ വർഷത്തേതിനെ അപേക്ഷിച്ച് രണ്ട് സീറ്റ് കൂടുതൽ നേടും. 14 സീറ്റുകളാണ് യുഡിഎഫ് ഇത്തവണ നേടുക. കർണാടകത്തിൽ ആകെയുള്ള 9 സീറ്റും കോൺഗ്രസ്സ് നേടുമെന്നാണ് പ്രവചനം. തമിഴ്നാട്ടിൽ പുതിയ സഖ്യങ്ങൾ ഉപയോഗപ്പെടുത്തി 4 സീറ്റുകൾ നേടുമെന്നും ഐഎഎൻഎസ് പറയുന്നു.
വോട്ടുവിഹിതം: എൻഡിഎ – 31.1 ശതമാനം. യുപിഎ – 30.9 ശതമാനം. മറ്റു കക്ഷികൾ – 28 ശതമാനം.
ലോക് സഭ പ്രചരണത്തിന് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതിയുടെ ഇടക്കാല വിലക്ക്. ജീര്‍ണിക്കുന്ന വസ്തുക്കള്‍ മാത്രമേ പ്രചരണത്തിനായി ഉപയോഗിക്കാവൂ എന്നാണ് ഉത്തരവില്‍ പറയുന്നത്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോഡുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതു താല്‍പര്യ ഹര്‍ജിയിന്‍ മേലാണ് കോടതിയുടെ ഉത്തരവ്. പ്ലാസ്റ്റിക് ഫ്‌ളക്‌സ് ബോര്‍ഡുകളും മറ്റും ഉപയോഗിക്കുകയാണെങ്കില്‍ കര്‍ശന നടപടിയെടുക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുകള്‍ കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രചരണം നടത്തരുതെന്ന് നേരത്തെ ഇലക്ഷന്‍ കമ്മിഷന്റെ നിര്‍ദേശമുണ്ടായിരുന്നു. ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ബഞ്ചിന്റെ ഈ ഇടക്കാല ഉത്തരവ്.
സിപിഎം സ്ഥനാർഥി പട്ടിക പ്രഖ്യാപിച്ച് പ്രചാരണത്തിലും മുന്നേറ്റം തുടങ്ങിക്കഴിഞ്ഞു. ഒൗദ്യോഗികപ്രഖ്യാപനം നടന്നിട്ടില്ലെങ്കിൽ കോൺഗ്രസ് സ്ഥാനാർഥി നിർണയവും അവസാനഘട്ടത്തിലാണ്. ഇക്കൂട്ടത്തിൽ ഏറെ ശ്രദ്ധനേടുന്ന മണ്ഡലങ്ങളിലൊന്നാണ് പാലക്കാട്. പാലക്കാട് ആരെ സ്ഥാനാർഥിയാക്കണമെന്ന ചോദ്യം ഏറെ ആശങ്കയിലൂടെയും ചർച്ചകളിലൂടെയും കടന്നുപോവുകയാണ്. കോൺഗ്രസ് പ്രവർത്തകർക്കായി രാഹുൽ ഗാന്ധി അവതരിപ്പിച്ച ശക്തി മൊബൈൽ ആപ്പ് വഴി നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ പേർ പിന്തുണച്ചത് ഷാഫി പറമ്പിൽ എംഎൽഎയാണ്.
എം.ബി രാജേഷിനെ പോലെ കരുത്താനായ എതിരാളിയെ നേരിടാൻ പോന്നതാരെന്ന ചോദ്യത്തിലാണ് കോൺഗ്രസ്. എന്നാൽ മണ്ഡലത്തിലേക്ക് പരിഗണിക്കാൻ യോഗ്യരായ നിരവധി പേർ പാർട്ടിയിലുണ്ടെന്നും നിലവിലെ എംഎൽഎയായിരിക്കെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഫാഫി പറമ്പിലിന്റെ നിലപാട്. ഇക്കാര്യത്തിൽ ഹൈക്കമാൻഡിന്റെ തീരുമാനം നിർണായകമാണ്. ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠന്റെ പേരാണ് പാലക്കാട് സീറ്റിലേക്ക് കെപിസിസി പ്രഥമപരിഗണന നൽകി സമർപ്പിച്ചിട്ടുള്ളത്.
ഇപ്പോള്‍ ഡല്‍ഹിയില്‍ പുരോഗമിക്കുന്ന ചര്‍ച്ചകളില്‍ സംഭവിക്കുന്നത് ഇതാണ്: കണ്ണൂരില്‍ കെ.സുധാകരന്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയാകും. ഉമ്മൻ ചാണ്ടിയും മുല്ലപ്പള്ളി രാമചന്ദ്രനും മത്സരിക്കണമോ എന്ന കാര്യത്തിൽ തീരുമാനം രാഹുൽ ഗാന്ധിക്ക് വിട്ടു. കേരളത്തിലെ സ്ഥാനാർഥി പട്ടിക തീരുമാനിക്കുന്നതിനുള്ള കോൺഗ്രസ് സ്ക്രീനിംഗ് കമ്മിറ്റി യോഗം ഡൽഹിയിൽ പുരോഗമിക്കുന്നു.
മുതിർന്ന നേതാക്കൾ മത്സര രംഗത്ത് ഇറങ്ങണമെന്ന പൊതു വികാരാമുയർന്ന പശ്ചാത്തലത്തിലാണ് ഉമ്മൻ ചാണ്ടിയുടെയും മുല്ലപ്പള്ളി രാമചന്ദ്രന്റെയും സ്ഥാനാർത്ഥിത്വം ഡൽഹിയിൽ ചർച്ച ആയത്. നിർണായക തീരുമാനം കോൺഗ്രസ് അധ്യക്ഷന് വിടാൻ സ്ക്രീനിങ് കമ്മിറ്റി യോഗം തീരുമാനിക്കുകയായിരുന്നു.
ശാരീരിക അസ്വാസ്ഥ്യം മൂലം വിട്ടു നിൽക്കാൻ അനുവദിക്കണമെന്ന് അഭ്യര്ഥിച്ചെങ്കിലും മത്സരിക്കണമെന്ന ഹൈക്കമാൻഡ് നിർദേശം കെ സുധാകരൻ അംഗീകരിക്കുകയായിരുന്നു എന്നാണ് സൂചന. വയനാട്ടിൽ ഷാനിമോൾ ഉസ്മാന്റെ പേരിനാണ് പ്രഥമ പരിഗണന. പത്തനംതിട്ടയിൽ ആന്റോ ആന്റണി തന്നെയാകും സ്ഥാനാർഥി. ആലപ്പുഴയിൽ അടൂർ പ്രകാശിന്റെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും ആറ്റിങ്ങൽ വിട്ട് മത്സരിക്കാൻ അദ്ദേഹം തയ്യാറായേക്കില്ല. കാസർകോഡ് പി സി വിഷ്ണുനാഥിന്റെ പേരും പരിഗണനയിലുണ്ട്. എം.എൽ. എ മാരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ അഭിപ്രായ സമന്വയത്തിൽ എത്താൻ പാർട്ടിക്കായിട്ടില്ല.
ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി രാമചന്ദ്രൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ, മുകുൾ വാസ്നിക് എന്നിവരാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗത്തിൽ പങ്കെടുക്കുന്നത്.
കൊച്ചി കാക്കനാടിന് അടുത്ത് പാലച്ചുവടിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം സദാചാര കൊലപാതകമെന്ന് സ്ഥിരീകരിച്ചു. ഏഴുപേരുടെ അറസ്റ്റ് രേഖപ്പെടുത്തി. സുഹൃത്തായ യുവതിയെ കാണാൻ രാത്രിയെത്തിയ യുവാവ് ജിബിൻ വർഗീസിനെയാണ് ഒരുസംഘം ആളുകൾ തടഞ്ഞുവച്ച് മർദ്ദിച്ചത്.
മൂന്നു മണിക്കൂറിലേറെ നീണ്ട മർദനത്തിനൊടുവിൽ ജിബിൻ മരിച്ചപ്പോൾ മൃതദേഹം വഴിയിൽ ഉപേക്ഷിച്ചു. യുവതിയുടെ ഭർത്താവും പിതാവും അടക്കമുള്ളവർ കൊലക്കേസിൽ പ്രതികളായി.
പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ എസ്.സുരേന്ദ്രന്‍ അറിയിച്ചു. അറസ്റ്റിലായ ഏഴുപ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. വാഴക്കാല സ്വദേശി അസീസിന്റെ നേതൃത്വത്തില്‍ ചക്കരപ്പറമ്പ് സ്വദേശിയായ ജിബിന്‍ വര്‍ഗീസിനെ വീടിന്റെ ഏണിപ്പടിയില്‍ കെട്ടിയിട്ട് രണ്ട് മണിക്കൂറിലേറെ മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
കൊലപ്പെടുത്തിയശേഷം വാഹനാപകടമെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം റോഡില്‍ ഉപേക്ഷിക്കുകയായിരുന്നു. ജിബിനെ പ്രതികള്‍ തന്ത്രപൂര്‍വം വാഴക്കാലയിലെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം ആസൂത്രിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും പൊലീസ് അറിയിച്ചു.
ജിബിന് (34) ക്രൂര മർദനമേറ്റതായി പോസ്റ്റുമോർട്ടത്തിൽ വ്യക്തമായി. വാരിയെല്ലുകൾ തകർന്ന നിലയിലായിരുന്നു. തലയ്ക്കു ക്ഷതമേറ്റിട്ടുണ്ട്. എറണാകുളം മെഡിക്കൽ കോളജിലെ ഫൊറൻസിക് സർജൻ നടത്തിയ പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങളാണ് പൊലീസിനു ലഭിച്ചത്.
വാഴക്കാല കുണ്ടുവേലിയിലെ മർദനം നടന്ന വീട് പൊലീസ് വിശദമായി പരിശോധിച്ചു. വീട്ടിലെ സ്ത്രീകൾ സംഭവം വിശദീകരിച്ചതിന്റെ ശബ്ദരേഖ പൊലീസ് റെക്കോർഡ് ചെയ്തിട്ടുണ്ട്. ജിബിനെ കെട്ടിയിട്ടു മർദിച്ചെന്നാണ് പൊലീസിനു ലഭിച്ച വിവരം. കുണ്ടുവേലിയിലെ വീട്ടിലേക്ക് അർധരാത്രി ജിബിൻ പോകുന്നതു കണ്ട് അവിടെ നിന്നിരുന്നവർ ജിബിനെ പിന്തുടർന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ഇവരിൽ ചിലരും മർദനത്തിൽ പങ്കാളികളായി. ഇവരും കേസിൽ പ്രതികളാകും. ഏതാനും പേർ ഒളിവിലാണ്.
മർദനം നടന്ന വീട്ടിലുള്ളവരുടെ അടുത്ത ബന്ധുക്കൾ ഉൾപ്പെടെ 7 പേർ കസ്റ്റഡിയിലുണ്ട്. വാഴക്കാലയിൽ താമസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ വഴിയാണ് രണ്ടു പ്രതികൾ ഇന്നലെ രാവിലെ തൃക്കാക്കര പൊലീസ് സ്‌റ്റേഷനിൽ ഹാജരായത്. മറ്റൊരു പ്രതി ഉച്ചയ്ക്കും ഹാജരായി. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 6 പേരെക്കൂടി പൊലീസ് തിരയുന്നുണ്ട്.
ഇവരുടെ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫാണ്. ഇവർ തങ്ങളുമായി ബന്ധപ്പെടുന്നില്ലെന്നാണ് കുടുംബാംഗങ്ങൾ പൊലീസിനോടു പറയുന്നത്. ഇന്നോ നാളെയോ ഇവർ പൊലീസ് സ്‌റ്റേഷനിൽ ഹാജരാകുമെന്ന സൂചനയുമുണ്ട്. ശനിയാഴ്ച പുലർച്ചെ നാലിനാണ് ജിബിനെ മരിച്ച നിലയിൽ റോഡരികിൽ കണ്ടെത്തിയത്. ജിബിൻ സഞ്ചരിച്ചിരുന്ന സ്കൂട്ടർ മൃതദേഹത്തിനു സമീപം മറിഞ്ഞു കിടപ്പുണ്ടായിരുന്നു. റോഡപകടമെന്ന് ആദ്യം കരുതിയെങ്കിലും കൊലപാതകമാണെന്ന സൂചന ലഭിച്ചതോടെ പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
ജിബിന്റെ സുഹൃത്തുക്കളിൽ നിന്നു ലഭിച്ച വിവരമാണ് അന്വേഷണം എളുപ്പമാകാൻ പൊലീസിനു സഹായകരമായത്. വീട്ടുകാരും മറ്റു ചിലരും ചേർന്നു മർദിച്ചവശനാക്കിയ ജിബിനെ ഓട്ടോറിക്ഷയിൽ കയറ്റി പാലച്ചുവട് പാലത്തിനു സമീപം വഴിയരികിൽ തള്ളിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയത്. സ്കൂട്ടറും ഇവിടെ കൊണ്ടുവന്നു മറിച്ചിട്ടു. ജിബിനെ റോഡിൽ തള്ളാൻ കൊണ്ടുപോയ ഓട്ടോറിക്ഷ പൊലിസ് കസ്റ്റഡിയിലെടുത്തു. ഇന്നലെയും ഒട്ടേറെ പേരെ പൊലീസ് ചോദ്യം ചെയ്തു.
പത്തനംതിട്ട: ഉത്സവ-മീനമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. യുവതീ പ്രവേശനവുമായി ബന്ധപ്പെട്ടുണ്ടായ കോലാഹലങ്ങള്‍ ഏതാണ്ട് കെട്ടടിങ്ങിയതായിട്ടാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അക്രമസാധ്യതകള്‍ ഇല്ലാത്തതിനാല്‍ തന്നെ നിരോധനാജ്ഞ പ്രഖ്യാപിക്കേണ്ടെന്ന് നിലപാടിലാണ് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ്. ഇത്തവണ 300 പോലീസുകാര്‍ മാത്രമാണ് സന്നിധാനത്തും പരിസര പ്രദേശങ്ങളിലും സുരക്ഷയൊരുക്കുക.
യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം കുറവ് സുരക്ഷാ ക്രമീകരണങ്ങളുമായി ശബരിമല തുറക്കുന്നത്. കഴിഞ്ഞ മാസം പൂജകള്‍ക്കായി നട തുറന്ന സമയത്ത് ഏതാണ്ട് 1500 പോലീസുകാരാണ് സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരുന്നത്. മണ്ഡലകാലത്ത് 3000ത്തിലധികം പോലീസുകാരും ഐ.ജി നേതൃത്വത്തിലുള്ള ഉന്നത സംഘവുമാണ് സുരക്ഷയൊരുക്കിയിരുന്നത്. എന്നാല്‍ ഇത്തവണ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് പോലീസുകാരുടെ എണ്ണത്തില്‍ കുറവ് വരുത്തിയിരിക്കുന്നത്.
ലോക്‌സഭാ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കെ ശബരിമലയില്‍ അനിഷ്ട സംഭവങ്ങളൊന്നും സൃഷ്ടിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ മുതിര്‍ന്നേക്കില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഉത്സവ,മീനമാസ പൂജകള്‍ക്കായി പതിനൊന്ന് ദിവസത്തേക്കാണ് ശബരിമല തുറന്നിരിക്കുന്നത്. സ്ത്രീപ്രവേശന വിധി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട ഹര്‍ജികളില്‍ സുപ്രീം കോടതി വിധി പറയാത്തതിനാല്‍ തന്നെ യുവതികളും ദര്‍ശനത്തിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുവതികളെത്തിയാല്‍ തടയുമെന്ന നിലപാടിലാണ് ശബരിമല കര്‍മ്മ സമിതി ഉള്‍പ്പെടെയുള്ള സംഘടനകള്‍.