മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ രാജിവെച്ചു. സജീവ രാഷ്ട്രീയത്തിലേക്കിറങ്ങാനാണ് രാജി. രാഷ്ട്രപതി രാജി അംഗീകരിച്ചു. കുമ്മനം ബിജെപി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത. തിരുവനന്തപുരത്ത് മത്സരിക്കാനാണ് സാധ്യത കൂടുതലും.
ബിജെപി ദേശീയ നേതൃത്യം ഇതുസംബന്ധിച്ച തീരുമാനമെടുക്കും. കുമ്മനം ബിജെപി സംസ്ഥാന നേതാക്കളുമായി സംസാരിച്ചുവെന്നാണ് വിവരം. ആര്‍എസ്എസ് കുമ്മനം മത്സരിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ്.
തിരുവനന്തപുരത്ത് കുമ്മനം തന്നെയാണ് മികച്ച സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹത്തിന്റെ അത്ര വിജയസാധ്യത മറ്റാര്‍ക്കുമില്ലെന്നുമാണ് വിലയിരുത്തല്‍. തിരുവനന്തപുരത്തെ വോട്ടര്‍പട്ടികയിലെ കുമ്മനത്തിന്റെ പേര് സംബന്ധിച്ച വിവരങ്ങള്‍ ഇന്ന് രാവിലെ തിരക്കുക കൂടി ചെയ്തത് ഇതിന്റെ ഭാഗമാണെന്നും പറയുന്നുണ്ട്.
തിരുവനന്തപുരം തൊളിക്കോട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമി അറസ്റ്റില്‍. മൂന്നാഴ്ചയിലേറെയായി ഒളിവിലായിരുന്ന അല്‍ ഖാസിമിയെയും സഹായി ഫാസിലിനിയെയും മധുരയിലെ ലോഡ്ജില്‍ നിന്നാണ് പിടികൂടിയത്.
പതിനഞ്ച് വയസുകാരിയെ കാറില്‍ കയറ്റി വനപ്രദേശത്തെത്തിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് തൊളിക്കോട് പള്ളിയിലെ ഇമാമായിരുന്ന ഷെഫീഖ് അല്‍ ഖാസിമി പിടിയിലായത്. ആരോപണം ഉയര്‍ന്നതിന് തൊട്ടുപിന്നാലെ ഒളിവില്‍ പോയ അല്‍ ഖാസിമി മൂന്നാഴ്ചക്ക് ശേഷമാണ് പിടിയിലാകുന്നത്. അല്‍ ഖാസിമിയും സഹായിയായ ഫാസിലും മധുരയിലെ ഉള്‍പ്രദേശത്തെ ലോഡ്ജിലായിരുന്നു. നീണ്ട താടിയും മുടിയുമുണ്ടായിരുന്ന ഇമാം അതെല്ലാം മാറ്റിയാണ് ഒളിവില്‍ കഴിഞ്ഞത്. പൊള്ളാച്ചി, കോയമ്പത്തൂര്‍, വിജയവാഡ, വിശാഖപട്ടണം തുടങ്ങി നാല് സംസ്ഥാനങ്ങളിലായി പതിനാറിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ ശേഷമാണ് മധുരയിലെത്തിയത്.
ആദ്യഘട്ടത്തില്‍ ഒളിവില്‍ കഴിയാന്‍ സഹായിച്ചിരുന്ന സഹോദരന്‍ നൗഷാദ് നാല് ദിവസം മുന്‍പ് പിടിയിലായിരുന്നു. നൗഷാദ് നല്‍കിയ മൊഴിയാണ് ഇമാമിനെ കണ്ടെത്തുന്നതില്‍ നിര്‍ണായകമായത്. തമിഴ്നാട്ടിലെ അതിര്‍ത്തി നഗരങ്ങളിലുണ്ടെന്ന് പറഞ്ഞതിനൊപ്പം ഇമാം സഞ്ചരിക്കുന്ന വാഹനത്തിന്റെ നമ്പരും കൂടെയുള്ള ഫാസിലിന്റെ മൊബൈല്‍ നമ്പരും പറഞ്ഞു. ഇത് പിന്തുടര്‍ന്നായിരുന്നു അന്വേഷണം.
പ്രത്യേകസംഘത്തിന് നേതൃത്വം നല്‍കിയ ഡിവൈ.എസ്.പി ഡി.അശോകന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം റൂറല്‍ ഷാഡോ പൊലീസ് സംഘമാണ് പിടികൂടിയത്. പഠനം കഴിഞ്ഞ് മടങ്ങിയ പെണ്‍കുട്ടിയെ വനപ്രദേശത്തെത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത് തൊഴിലുറപ്പ് തൊഴിലാളികള്‍ കണ്ടതോടെയാണ് പുറത്തറിഞ്ഞത്.
പെണ്‍കുട്ടിയുടെ കുടുംബവുമായുള്ള അടുപ്പം മുതലെടുത്താണ് ലൈംഗികപീഡനം നടത്തിയതെന്ന് തൊളിക്കോട് പള്ളിയിലെ മുന്‍ ഇമാമായ ഖാസിമി പൊലീസിനോട് പറഞ്ഞു. ഈ പരിചയത്തിന്റെ പേരിലാണ് പെണ്‍കുട്ടി വാഹനത്തില്‍ കയറാന്‍ തയാറായത്. പീഡനവിവരം പുറത്തുപറയരുതെന്ന് പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്നും ഖാസിമി മൊഴിനല്‍കി. പ്രതിയെ നെടുമങ്ങാട് കോടതിയില്‍ ഹാജരാക്കും.
മധുര: തൊളിക്കോട് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മതപ്രഭാഷകൻ ഷെഫീഖ് അൽ ഖാസിമി പിടിയിലായി. ഒരു മാസത്തിലേറെയായി ഒളിവിലായിരുന്ന ഇയാളെ തമിഴ്നാട്ടിലെ മധുരയിൽ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധിയിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും വ്യാപകമായി ഇമാമിന് വേണ്ടി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. എന്നാല്‍ ഇമാം രൂപം മാറി നടക്കുകയായിരുന്നു എന്നാണ് വിവരം.
പേപ്പാറ വനത്തോട് ചേര്‍ന്ന ആളൊഴിഞ്ഞ റബര്‍ തോട്ടത്തില്‍ ഇമാമിനെയും പെണ്‍കുട്ടിയെയും ദുരൂഹസാഹചര്യത്തില്‍ തൊഴിലുറപ്പ് തൊഴിലാളികൾ കണ്ടെത്തുകയായിരുന്നു. സംഭവം വിവാദമായതോടെ ഷഫീഖ് അൽഖാസിമിയെ ഇമാം സ്ഥാനത്തുനിന്ന് പള്ളി കമ്മിറ്റി നീക്കിയിരുന്നു. ഒാൾ ഇന്ത്യ ഇമാംസ് കൗണ്‍സിൽ ഷഫീഖ് അല്‍ ഖാസിമിയെ സംഘടനയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
കരുനാഗപ്പള്ളി: കരുനാഗപ്പള്ളി തഴവ ശ്രീകൃഷ്ണ സ്വാമിയ ക്ഷേത്രത്തില്‍ ഉത്സവാഘോഷ ചടങ്ങിനിടെ സംഘടിപ്പിച്ച ഗാനമേള അവസാനിച്ചത് സംഘര്‍ഷത്തില്‍. പത്താം ഉത്സവത്തോട് അനുബന്ധിച്ചാണ് ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്. പ്രശസ്ത ഗായിക റിമി ടോമിയുടെ സംഘം നയിച്ച ഗാനമേളയ്ക്കിടെയാണ് സംഘര്‍ഷമുണ്ടായത്.
അതേസമയം സംഘര്‍ഷ സ്ഥലത്തു നിന്നും ഗായിക റിമിടോമി ഓടി രക്ഷപ്പെട്ടു. തല്ല് മുറുകിയപ്പോഴാണ് റിമി അവിടെ നിന്നും പിന്‍വാങ്ങിയത്. യുവാവിനൊപ്പമുള്ള സംഘവും നാട്ടുകാരും രണ്ട് ചേരിതിരിഞ്ഞാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ ഗാനമേള സംഘത്തിന്റെ വാദ്യോപകരണങ്ങള്‍ക്കും നാശം വരുത്തിയിട്ടുണ്ട്.
‘ചേമന്തിച്ചേലും കൊണ്ടേ’ എന്ന ഗാനം ആലപിക്കുന്നതിനിടെ ഒരു യുവാവ് കാണികള്‍ക്കിടയിലൂടെ സ്റ്റേജില്‍ കയറിവന്ന് ഗായകനൊപ്പം നൃത്തം ചെയ്യുകയായിരുന്നു. ഇടയ്ക്ക് ഗായകന്റെ ചെവിയില്‍ യുവാവ് എന്തോ പറയുകയും ചെയ്തു. തുടര്‍ന്ന് യുവാവിനെ സ്റ്റേജില്‍ നിന്ന് സംഘാടകര്‍ ഇറക്കിവിടുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
പിന്നാലെ പോലീസ് എത്തി ലാത്തി ചാര്‍ജ്ജ് വീശുകയായിരുന്നു. ആവശ്യത്തിലധികം സ്റ്റേജില്‍ കേറ്റിയല്ലോ ചേട്ടാ… എന്ന് ഗായകന്‍ മൈക്കിലൂടെ വിളിച്ചുപറയുന്നുണ്ട്. ‘ചെക്കന്‍ അധികപ്പറ്റാണ് കാണിക്കുന്നതെന്നും, ഈ വഴക്കുണ്ടാക്കേണ്ട വല്ല ആവശ്യവുമുണ്ടോ എന്ന് കാണികളില്‍ ചിലര്‍ ചോദിക്കുകയും ചെയ്യുന്നുണ്ട്’. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇതിരനോടകം വൈറലാകുന്നുണ്ട്.
പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ ഇരുപത് മണ്ഡലങ്ങളിലും പിസി ജോര്‍ജിന്‍റെ ജനപക്ഷം പാര്‍ട്ടി മത്സരിക്കും. പത്തനംതിട്ടയിൽ ജനപക്ഷം ചെയര്‍മാന്‍ പിസി ജോര്‍ജ് എംഎല്‍എ നേരിട്ട് മത്സരത്തിനിറങ്ങും.
കോട്ടയത്ത് ചേര്‍ന്ന ജനപക്ഷം എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് എല്ലാ മണ്ഡലത്തിലും മത്സരത്തിനിറങ്ങാന്‍ തീരുമാനിച്ചത്. കോട്ടയത്ത് പിജെ ജോസഫ് മത്സരിക്കുന്ന പക്ഷം ജനപക്ഷം അദ്ദേഹത്തിന് പിന്തുണ നല്‍കുമെന്ന് പിസി ജോര്‍ജ് പറഞ്ഞു.
കോണ്‍ഗ്രസുമായി സഹകരിക്കാന്‍ നേരത്തെ താത്പര്യമറിയിച്ചിരുന്നുവെങ്കിലും അവര്‍ മറുപടി നല്‍കാത്ത സാഹചര്യത്തിലാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചതെന്ന് പിസി ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പിസി ജോര്‍ജിന്‍റെ മകന്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കണം എന്ന ആവശ്യം ജനപക്ഷം എക്സിക്യൂട്ടീവില്‍ ഉയര്‍ന്നിട്ടുണ്ട്. സ്ഥാനാർത്ഥി നിർണയത്തിന് ഒമ്പതംഗ സമിതിയേയും എക്സിക്യൂട്ടീവ് കമ്മിറ്റി ചുമതലപ്പെടുത്തിയിട്ടുണ്ട്.
കോട്ടയം; ജില്ലയില്‍ നടന്ന മാല പൊട്ടിക്കലും ശ്രമങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിൽ രണ്ടംഗസംഘം അവസാനം വലയിലായി. സമ്പന്ന കുടുംബങ്ങളിലെ അംഗങ്ങളാണ് ഇരുവരും. ആറന്മുള വല്ലന പെരുമശ്ശേരില്‍ വീട്ടില്‍ ദീപക് (26), ഇരവിപേരൂര്‍ നെല്ലിമല കരയ്ക്കാട്ടു വീട്ടില്‍ വിഷ്ണു (26) എന്നിവരാണ് തിരുവല്ല പൊലീസിന്റെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍ഡ് ചെയ്തു.
പ്രായമായ സ്ത്രീകളുടെ അടുത്ത് ബൈക്കിലെത്തിയശേഷം ഒരാള്‍ ഇറങ്ങിച്ചെന്ന് വഴിയോ സ്ഥലപ്പേരോ ചോദിച്ച് അവരുടെ മാല പൊട്ടിക്കുന്നതാണ് ഇവരുടെ രീതി. ബൈക്ക് ഓടിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചും മറ്റെയാള്‍ കൈകൊണ്ട് മുഖം മറച്ചുമാണ് മാല അപഹരിച്ചിരുന്നത്. ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് ഊരി മാറ്റിയശേഷമാണ് മാല പൊട്ടിക്കാന്‍ ഇറങ്ങുന്നത്.
ചാത്തങ്കരി ഭഗവതി ക്ഷേത്രത്തിന് സമീപം മാടക്കട നടത്തുന്ന ചാത്തങ്കരി കളത്തില്‍ ശാരദാമ്മയുടെ (78) ഒന്നര പവന്റെ മാലയും പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് സമീപത്ത് ശാന്തമ്മയുടെ (63) ഒന്നര പവന്റെ മാലയും മോഷ്ടിച്ചത് തങ്ങളാണെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ജനുവരി 24ന് വൈകിട്ട് നാലിനായിരുന്നു ശാരദാമ്മയുടെ മാല മോഷ്ടിച്ചത്. ബൈക്കിലെത്തിയ വിഷ്ണുവും ദീപക്കും കടയില്‍ കയറി സോഡാ വാങ്ങി പണം നല്‍കിയശേഷമാണ് ശാരദാമ്മയുടെ മാല പൊട്ടിച്ചെടുത്ത് ഞൊടിയിടയില്‍ സ്ഥലം വിട്ടത്. വെളുത്ത രണ്ടു യുവാക്കളാണ് മാല പൊട്ടിച്ചതെന്ന് ശാരദാമ്മ പൊലീസില്‍ മൊഴി നല്‍കിയിരുന്നു. ഈ മാല ഇവരുടെ പക്കല്‍ നിന്ന് പൊലീസ് കണ്ടെടുത്തു. ഫെബ്രുവരി 9നാണ് ശാന്തമ്മയുടെയുടെ ഒന്നര പവന്റെ മാലപൊട്ടിച്ചെടുത്തത്.
തിരുവല്ല മനയ്ക്കച്ചിറയ്ക്ക് സമീപമുള്ള ഒരു സ്വകാര്യ കമ്പനിയില്‍ ജോലിക്കാരാണ് പ്രതികളായ ദീപക്കും വിഷ്ണുവും. സ്വകാര്യ സ്ഥാപനത്തില്‍ മാന്യമായ ശമ്പളത്തില്‍ ജോലി ചെയ്തുവന്ന ഇരുവരും നല്ല സാമ്പത്തികശേഷിയുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. മോഷണത്തിലൂടെ ലഭിക്കുന്ന പണം ഇവര്‍ ആര്‍ഭാട ജീവിതത്തിനായാണ് ഉപയോഗിച്ചിരുന്നത്. വിലകൂടിയ മൊബൈല്‍ ഫോണുകളാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്.
പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലും ആര്‍ടി ഓഫീസുകളില്‍ നിന്നും ഷോറൂമുകളില്‍ നിന്നും ലഭിച്ച ആയിരത്തോളം ബൈക്കിന്റെ വിവരങ്ങളുടെ അടിസ്ഥാനത്തിലുമാണ് പ്രതികളെ കുടുക്കിയത്.
തിരുവല്ല ഡിവൈ.എസ്.പി ജെ.സന്തോഷ് കുമാറിന്റ നേതൃത്വത്തില്‍ തിരുവല്ല പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.ആര്‍.സന്തോഷ്, പുളിക്കീഴ് എസ്.ഐ വിപിന്‍കുമാര്‍, എസ്.ഐ ബി.ശ്യാം, ഷാഡോ ടീമിലെ എ.എസ്.ഐമാരായ അജി ശാമുവേല്‍, എസ്.രാധാകൃഷ്ണന്‍, ടി.ഡി ഹരികുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ആര്‍.അജികുമാര്‍, വി.എസ്. സുജിത്ത്കുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.
സജീവമായിരുന്ന സുരേഷ് കുറുപ്പിന്റെയും വി.എൻ.വാസവന്റെയും പേരുകൾ തള്ളിയാണ് സിന്ധുമോൾ ജേക്കബ് കോട്ടയത്തെ സ്ഥാനാർഥിനിരയിലേക്ക് ഉയർന്നു വന്നത്. ഉഴവൂർ പഞ്ചായത്തംഗമാണ് സിന്ധുമോൾ ജേക്കബ്. ഇന്ന് ചേരുന്ന സിപിഎം പാര്‍ലമെന്‍ററി കമ്മിറ്റിയുടെ നിലപാടും സ്ഥാനാർഥി തീരുമാനത്തില്‍ നിര്‍ണായകമാകും.
അപ്രതീക്ഷിതമായാണ് ഉഴവൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കൂടിയായ സിന്ധുമോള്‍ ജേക്കബ് കോട്ടയത്തെ സ്ഥാനാര്‍ഥി ചര്‍ച്ചയില്‍ ഇടം പിടിച്ചത്. സിറ്റിങ് എംഎൽഎമാർ മത്സരിച്ചേക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കേരള സംരക്ഷണ യാത്രക്കിടെ കോട്ടയത്ത് പറഞ്ഞു. ഇതോടെ ഏറ്റുമാനൂര്‍ എംഎല്‍എ സുരേഷ് കുറുപ്പ് കോട്ടയത്ത് സ്ഥാനാര്‍ഥിയാകുമെന്ന് പലരും ഉറപ്പിച്ചു.
ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍, വൈക്കം നഗരസഭ മുന്‍ ചെയര്‍മാന്‍ പി.കെ. ഹരികുമാര്‍ എന്നിവരുടെ പേരുകളും ഉയര്‍ന്നു. പക്ഷേ ഒരുഘട്ടത്തിലും സിന്ധുമോള്‍ പരിഗണന പട്ടികയില്‍ ഉണ്ടായിരുന്നില്ല. സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് സിന്ധുമോളെ സ്ഥാനാര്‍ഥിയായി പരിഗണിക്കണമെന്ന നിര്‍ദേശം വന്നത്. പുതുമുഖ സ്ഥാനാർഥിയെ രംഗത്തിറക്കിയാൽ നേട്ടമുണ്ടാക്കാമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ വിലയിരുത്തൽ. നിലവില്‍ ഉഴവൂര്‍ പഞ്ചായത്ത് അംഗമായ സിന്ധുമോള്‍ രാഷ്ട്രീയ സാമൂഹിക രംഗത്ത് സജീവമാണ്.
പി.കെ. ഹരികുമാറിന്‍റെ പേരും സജീവ പരിഗണനയിലുണ്ട്. 2014ലെ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ഹരികുമാര്‍ ചുമരെഴുത്തും നടത്തി. എന്നാല്‍ അവസാനഘട്ടത്തില്‍ സീറ്റ് ജനതാദളിന് വിട്ട് നല്‍കുകയായിരുന്നു. വിവിധ സമുദായ സംഘടനകളുമായുള്ള ഉറ്റബന്ധവും ഹരികുമാറിനെ പരിഗണിക്കുന്നതില്‍ മുഖ്യ ഘടകമാണ്. ജനതാദളില്‍ നിന്ന് സീറ്റ് തിരിച്ചെടുക്കാന്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനിച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്ത് നിലവില്‍ അനുഭവപ്പെടുന്ന ശക്തമായ ചൂട് ഏതാനും ദിവസങ്ങള്‍ കൂടി തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന ഏറ്റവും കൂടി താപനില 38 ഡിഗ്രി സെല്‍ഷ്യസാണ്. സമാനരീതി തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ അറിയിച്ചിരിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില്‍ ചൊവ്വാഴ്ച താപനില ശരാശരിയില്‍ നിന്ന് രണ്ടുമുതല്‍ 2.3 ഡിഗ്രിവരെ ഉയര്‍ന്നു.
ഇന്ന് എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളുടെ ചില ഭാഗങ്ങളില്‍ ചൂട് കൂടാന്‍ സാധ്യതയുണ്ട്. സൂര്യതാപം ഏല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രതാ പുലര്‍ത്തണമെന്ന് ജില്ലാ അതോറിറ്റികള്‍ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും ചൂടേറിയ ജില്ല കോഴിക്കോടാണ്. കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളില്‍ ഈ മാസം ഒന്പതുവരെ താപനില 38 ഡിഗ്രിവരെയാകാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
ആലപ്പുഴ, പുനലൂര്‍ എന്നിവിടങ്ങളിലും താപനില 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഉഷ്ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ ജോലി സമയം കഴിഞ്ഞ ദിവസം പുനഃക്രമീകരിച്ചിരുന്നു. കോര്‍പറേഷനു കീഴില്‍ ജോലി ചെയ്യുന്ന ക്ലീനിംഗ് ജീവനക്കാരുടേതുള്‍പ്പെടെയുള്ളവരുടെ പ്രവൃത്തി സമയം ഉച്ചക്ക് 12 മണി വരെയായി കുറച്ചു. മാറ്റം ഒരാഴ്ചത്തേക്ക് തുടരും.
വെയിലത്ത് ജോലി ചെയ്യുന്നവരുടെ ജോലി സമയത്തിലാണ് മാറ്റം വരുത്തിയിരിക്കുന്നത്. രാവിലെ 11 മുതല്‍ വൈകിട്ട് 3 മണി വരെ തൊഴിലാളികള്‍ക്ക് സൂര്യതാപം ഏല്‍ക്കുന്ന ജോലികള്‍ നല്‍കുന്ന കമ്പനികള്‍ക്കും ഉടമകള്‍ക്കുമെതിരെ നടപടിയെടുക്കുമെന്നും മുന്നറിയിപ്പുണ്ട്. സ്‌കൂളുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. അസംബ്ലികള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. ഇവ പാലിക്കപ്പെടുന്നുണ്ടോ എന്ന് അറിയുന്നതിനായി വിദ്യാഭ്യാസ വകുപ്പ് മിന്നല്‍ പരിശോധനകള്‍ നടത്തും.
കോഴിക്കോട് ജില്ലയില്‍ പ്രത്യേക ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഉഷ്ണ തരംഗ മുന്നറിയിപ്പ് ഇന്നു കൂടി മാത്രമേ ഉള്ളുവെങ്കിലും ജാഗ്രതാ നടപടികള്‍ തുടരും. മുന്നറിയിപ്പുകള്‍ ജനങ്ങളില്‍ കാര്യക്ഷമമായി എത്തിയോ എന്നും യോഗം പരിശോധിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പി.കരുണാകരന്‍ ഒഴികെയുള്ള എല്ലാ സിറ്റിങ് എം.പിമാരേയും മല്‍സരരംഗത്തിറക്കാന്‍ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. ചാലക്കുടിയില്‍ നിന്ന് ഇന്നസെന്റിനെ എറണാകുളത്തേക്കു മാറ്റാനും ആലോചനയുണ്ട്. കോട്ടയം സീറ്റ് ജനതാദള്‍ എസില്‍ നിന്ന് തിരിച്ചെടുക്കാനും യോഗം തീരുമാനിച്ചു. സെക്രട്ടേറിയറ്റ് തിരുവനന്തപുരത്തു തുടരുകയാണ്.
ആറ്റിങ്ങലില്‍ എ.സമ്പത്തും പാലക്കാട് എം.ബി.രാജേഷും കണ്ണൂരില്‍ പി.കെ.ശ്രീമതിയും വീണ്ടും ജനവിധി തേടും. ആലത്തൂരില്‍ കെ.രാധാകൃഷ്ണന്റെ പേര് ശക്തമായി ഉയര്‍ന്നിരുന്നെങ്കിലും, പി.കെ.ബിജുവിന് വീണ്ടും അവസരം നല്‍കാനാണ് തീരുമാനം. ഇടുക്കിയില്‍ ജോയ്സ് ജോര്‍ജു തന്നെ സ്വതന്ത്രസ്ഥാനാര്‍ഥിയാകും. കൊല്ലത്ത് കെ.എന്‍.ബാലഗോപാലും സീറ്റുറപ്പിച്ചുകഴിഞ്ഞു. കാസര്‍കോട് പി.കരുണാകരന്‍ മല്‍സരരംഗത്തുണ്ടാവില്ല.
ഇന്നസെന്റിനെ ചാലക്കുടിയില്‍ നിന്നു മാറ്റി എറണാകുളത്തു മല്‍സരിപ്പിക്കാനുള്ള ചര്‍ച്ച പുരോഗമിക്കുയാണ്. കോട്ടയം തിരിച്ചെടുത്ത് പതിനാറു സീറ്റിലും സി.പി.എം മല്‍സരിക്കണമെന്നാണ് സെക്രട്ടേറിയറ്റിന്റെ പൊതുവികാരം. ഘടകകക്ഷികളുമായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കു ശേഷമായിരിക്കും അന്തിമതീരുമാനം. ഇന്ന് സെക്രട്ടേറിയറ്റ് തയാറാക്കുന്ന പട്ടിക നാളെ ലോക്സഭാ മണ്ഡലം കമ്മിറ്റികള്‍ ചര്‍ച്ച ചെയ്യും. മറ്റന്നാള്‍ മുതല്‍ ചേരുന്ന സംസ്ഥാനസമിതിക്കു ശേഷം കേന്ദ്രനേതൃത്വത്തിന്റെ അംഗീകാരത്തോടെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
കാസര്‍കോട് കെ.പി.സതീഷ് ചന്ദ്രന്‍, ചാലക്കുടിയില്‍ പി.രാജീവ്, കോട്ടയത്ത് സുരേഷ് കുറുപ്പ്, വടകരയില്‍ മുഹമ്മദ് റിയാസ്, കോഴിക്കോട് എ.പ്രദീപ് കുമാര്‍, പത്തനംതിട്ടയില്‍ രാജു എബ്രഹാം മലപ്പുറത്ത് വി.പി.സാനു എന്നിവര്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. മലപ്പുറത്തും പൊന്നാനിയിലും പൊതുസ്വതന്ത്രരെ പരീക്ഷിക്കുന്ന കാര്യവും സെക്രട്ടേറിയറ്റിന്റെ പരിഗണനയിലുണ്ട്.
അനവധി ഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള സംവിധായകനാണ് രാജസേനൻ. ഒരു കാലത്ത് കുടുംബ പ്രേക്ഷകരുടെ വലിയ പിന്തുണ തന്നെ ഉണ്ടായിരുന്നു ജയറാം-രാജസേനൻ കൂട്ടുകെട്ടിന്.
എന്നാൽ ഒരിടവേളക്ക് ശേഷം രാജസേനന്റേതായി പുറത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ പരാജയമായി മാറുന്ന കാഴ്ചയും നമ്മൾ കണ്ടതാണ്. പിന്നീട് ബി.ജെ.പിയുടെ രാഷ്ട്രീയ പ്രചാരണ പരിപാടികളിൽ സജീവമായ രാജസേനൻ തിരഞ്ഞെടുപ്പിൽ ബിജെപിക്കായി മത്സരിക്കുകയും ചെയ്തിരുന്നു.കൂടാതെ ബി.ജെ.പി സംസ്ഥാന കമ്മറ്റി അംഗവുമായി.
ഇപ്പോൾ പ്രിയപ്പെട്ടവർ എന്ന പേരിൽ എത്തുന്ന പുതിയ സിനിമയിൽ പ്രധാന കഥാപാത്രവുമായി എത്തുകയാണ് അദ്ദേഹം.കേരളത്തിലെ സംഘ് പരിവാര്‍ പ്രസ്ഥനങ്ങൾക്ക് പിന്തുണയുമായി ഒരുങ്ങിയ ചിത്രമാണ് ‘പ്രിയപ്പെട്ടവർ’.
ശക്തമായ സംഘപരിവാർ അനുകൂല പ്രമേയമാണ് ചിത്രത്തിന്റേത്. കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളെ വിമർശിക്കുന്ന ചിത്രമാണ് പ്രിയപ്പെട്ടവർ എന്ന് രാജസേനൻ നേരത്തെ പറഞ്ഞിരുന്നു. നവാഗതനായ ഖാദർ മൊയ്‌ദു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
ചിത്രം കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ചില കേന്ദ്രങ്ങളിൽ റിലീസും ചെയ്തിരുന്നു. എന്നാൽ ഈ മാസം ചിത്രം വീണ്ടും പ്രദർശനത്തിനെത്തുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് രാജസേനൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
രാജസേനന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വലിയ രീതിയിലുള്ള ട്രോളുകളാണ് വന്നിരിക്കുന്നത്. സംഘപരിവാർ രാഷ്ട്രീയത്തെ അനുകൂലിച്ചും ശക്തമായ കമ്മ്യൂണിസ്റ്റ് വിരുദ്ധത പ്രചരിപ്പിക്കുകയും ചെയുന്ന ചിത്രത്തിന് വലിയ വിമർശങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
‘ഹോ ഇനിയിപ്പോ ആരും വടക്കേടത്തമ്മ പുരസ്കാരം പ്രതീക്ഷിച്ചു ഈ വര്ഷം ഇനി പടം ഇറക്കണ്ട പോയി അത് പോയിക്കിട്ടി’,’ടിക്കറ്റ് എടുക്കുമ്പോ രാജ്യസ്നേഹി ആണോ അല്ലെ ന്ന് എങ്ങിനെ നോക്കും സേട്ടാ”പശുവിനെ തൊട്ടാൽ തല്ലി കൊല്ലുന്ന സീൻ ഉണ്ടോ’,’നിലക്കൽ ഓട്ടം… എടപ്പാൾ ഓട്ടം… ഇത് രണ്ടും.. മാറ്റി മറ്റി കാണിക്കണം…. അവസാനം മഞ്ഞൾ കൃഷി പ്രളയം വന്ന് ഒലിച്ച് പോകുന്നിടത്ത് പടം തീരും,,’എന്നിങ്ങനെ നിരവധി കമന്റുകളാണ് പോസ്റ്റിൽ വന്നിരിക്കുന്നത്