തൃശ്ശൂര്: ശബരിമല കര്മ്മ സമിതി നടത്തുന്ന ഹര്ത്താലില് പരക്കെ അക്രമം. തൃശ്ശൂരില് തൃശ്ശൂരില് ബിജെപി-എസ്ഡിപിഐ സംഘര്ഷം ഉണ്ടായി. തുടര്ന്ന് ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. വാടാനപ്പള്ളിയിലാണ് അക്രമം ഉണ്ടായത്.
എസ്ഡിപിഐ അനുഭാവികള് നടത്തുന്ന ഹോട്ടല് ഹര്ത്താല് ബഹിഷ്കരിച്ച് തുറന്ന് പ്രവര്ത്തിച്ചിരുന്നു. അത് അടപ്പിക്കാനായി പ്രതിഷേധക്കാര് എത്തി. തുടര്ന്നാണ് സംഘര്ഷമുണ്ടായത്.
തിരുവനന്തപുരം: ശബരിമല കർമസമിതി ആഹ്വാനം ചെയ്ത ഹർത്താലിൽ തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകർക്കു നേരെ വ്യാപക അക്രമം. ബിജെപിയുടെ സെക്രട്ടറിയേറ്റ് മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കാണ് മർദനമേറ്റത്. ഏഷ്യാനെറ്റിന്റേയും മനോരമയുടെയും കാമറാമാന്മാര്ക്ക് ക്രൂരമായി മര്ദനമേറ്റു. അക്രമത്തില് പ്രതിഷേധിച്ച് റിപ്പോര്ട്ടിംഗ് നിര്ത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസവും വനിതാ മാധ്യമ പ്രവർത്തകരുൾപ്പെടെയുള്ളവരെ പ്രതിഷേധക്കാർ ആക്രമിക്കാൻ ശ്രമിച്ചിരുന്നു.
ശബരിമല കര്മസമിതിയുടെ ഹര്ത്താലില് സംസ്ഥാനത്ത് വ്യാപക അക്രമം. കര്മസമിതി കോഴിക്കോട്ടും പാലക്കാട്ടും തൃശൂരും നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി. കോഴിക്കോട് മിഠായിത്തെരുവില് തുറന്ന കടകള് അടപ്പിക്കാന് കര്മസമിതി പ്രവര്ത്തകര് ശ്രമിച്ചതാണ് സംഘര്ഷത്തിന് വഴിവെച്ചത്. തൃശൂരില് കടകള് തുറക്കാനെത്തിയവരെ കര്മസമിതി തടഞ്ഞു. സ്വരാജ് റൗണ്ടിന് സമീപം ഏറെ നേരം സംഘര്ഷം നീണ്ടു. കണ്ണൂര് തലശ്ശേരിയില് ദിനേശ് ബീഡി കമ്പനിക്ക് നേരെ ഹര്ത്താല് അനുകൂലികള് ബോംബെറിഞ്ഞു.
പാലക്കാട്ട് വിക്ടോറിയ കോളജിനുസമീപം കര്മസമിതിയുടെ മാര്ച്ച് എത്തിയപ്പോള് കല്ലേറുണ്ടായി. സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസിന് സമീപത്തുണ്ടായിരുന്ന സിപിഎം– ഡി.വൈ.എഫ്.ഐ. പ്രവര്ത്തകരും കര്മസമിതി പ്രവര്ത്തകരും പരസ്പരം കല്ലേറിഞ്ഞു. മാധ്യമപ്രവര്ത്തര് അടക്കമുളളവര്ക്ക് പരുക്കേറ്റു. ഒറ്റപ്പാലത്ത് പൊലീസും കര്മസമിതി പ്രവര്ത്തകരും തമ്മില് ഏറ്റുമുട്ടി. പ്രതിഷേധക്കാര് പൊലീസ് ജീപ്പ് തകര്ത്തു. അഞ്ച് പൊലീസുകാര്ക്ക് പരുക്കേറ്റു.
പൊന്നാനിയിലും പെരുമ്പാവൂരിലും കര്മസമിതി പ്രവര്ത്തകരും പൊലീസും തമ്മില് സംഘര്ഷമുണ്ടായി. മലപ്പുറം വാഴയൂര് കാരാട് ഹര്ത്താല് അനുകൂലികളുടെ കല്ലേറില് എസ്.ഐയ്ക്കും എ.എസ്.ഐക്കും പരുക്കേറ്റു. കായംകുളത്തും കര്മസമിതിയുടെ പ്രതിഷേധം സംഘര്ഷത്തില് കലാശിച്ചു.
കോഴിക്കോട് രാവിലെ റോഡില് ടയറുകള് കത്തിച്ചും കല്ലുകള് നിരത്തിയും ഗതാഗതം തടസപ്പെടുത്തി. കുന്നമംഗലത്തും കൊയിലാണ്ടിയിലും വാഹനങ്ങള്ക്കുനേരെ കല്ലേറുണ്ടായി. പാലക്കാട് മരുതറോഡില് കല്ലേറില് ആംബുലന്സിന്റെ ചില്ലുകള് തകര്ന്നു. കൊല്ലം കൊട്ടാരക്കര പള്ളിക്കലിലും കോട്ടാത്തലയിലും ബി.ജെ.പി- ഡി.വൈ.എഫ് .ഐ പ്രവര്ത്തകര് തമ്മില് സംഘർഷമുണ്ടായി. ആറു പേർക്ക് പരുക്കേറ്റു. റാന്നി താലൂക്കാശുപത്രിയിലേക്ക് ജീവനക്കാരുമായി വന്ന ആംബുലന്സ് ഹര്ത്താല് അനുകൂലികള് തടഞ്ഞ് കാറ്റഴിച്ചുവിട്ടു. കണ്ണൂർ നഗരത്തിൽ നിർത്തിയിട്ടിരുന്ന സേവാഭാരതിയുടെ ആംബുലൻസിന് നേരെ അക്രമo. ഡ്രൈവറുടെ വീടിന് മുന്നിൽ നിർത്തിയിട്ട ആംബുലൻസിന്റെ ചില്ലുകൾ ബൈക്കിലെത്തിലെ രണ്ടുപേർ അടിച്ച് തകർത്തു.
കൊട്ടാരക്കര വെട്ടിക്കവലയിൽ കെ.എസ് ആർ ടി സി.ബസിന് നേരെ കല്ലേറുണ്ടായി. ഇന്നലെയും ഇന്നുമായി കെ.എസ്.ആര്.ടി.സിയുടെ 79 ബസുകള് കല്ലേറില് തകര്ന്നു. അക്രമത്തെ തുടര്ന്ന് കെ.എസ്.ആര്.ടി.സി സര്വീസ് നടത്തുന്നില്ല. പത്തനംതിട്ട ജില്ലയില് കെ.എസ്.ആര്.ടി.സി പമ്പ സര്വീസ് മാത്രം നടത്തുന്നുണ്ട്. കണ്ണൂരില് അക്രമം നടത്തിയ ആറുപേര് അറസ്റ്റിലായി. 10 പേരെ കസ്റ്റഡിയിലെടുത്തു. മലപ്പുറം തവനൂരില് പ്രതിഷേധക്കാര് സിപിഎം ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയില് ഇ.എം.എസ് സ്മാരക വായനശാലയ്ക്ക് രാത്രി തീയിട്ടു.
പന്തളത്ത് ശബരിമല കര്മസമിതി പ്രവര്ത്തകന്റെ മരണം ഹൃദയസ്തംഭനം മൂലമെന്ന് മുഖ്യമന്ത്രി. പന്തളത്ത് കല്ലേറില് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ശബരിമല കര്മസമിതി പ്രവര്ത്തകന് ഇന്നലെയാണ് മരിച്ചത്. കുരമ്പാല കുറ്റിയില് ചന്ദ്രന് ഉണ്ണിത്താന് ആണ് മരിച്ചത്. കര്മ സമിതിയുടെ പ്രതിഷേധപ്രകടനം കടന്നുപോകുമ്പോഴാണ് കല്ലേറുണ്ടായത്. സി.പി.എം. ഓഫിസിന് മുകളില്നിന്ന് കല്ലേറുണ്ടാവുകയായിരുന്നുവെന്ന് കര്മസമിതി ആരോപിച്ചു. തലയ്ക്ക് പരുക്കേറ്റ ചന്ദ്രന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് മരിച്ചത്. സംഘര്ഷസാധ്യത കണക്കിലെടുത്ത് പന്തളത്തും സമീപപ്രദേശങ്ങളിലും പൊലീസ് സുരക്ഷാസംവിധാനം ശക്തിപ്പെടുത്തി.
സംഭവത്തിൽ രണ്ട് സി പി എം പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. കടയ്ക്കാട് സ്വദേശി ആശാരി കണ്ണൻ എന്നു വിളിക്കുന്ന കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് കസ്റ്റഡിയിലുള്ളത്. സംഭവത്തെ തുടർന്ന് രാത്രിയിൽ സി പി എം പ്രവർത്തകരുടെ വീടുകളുടെ നേരെ വ്യാപക അക്രമം ഉണ്ടായി. എൽ ഡി എഫ് പന്തളം മുൻസിപ്പൽ കൺവീനർ എം.ജെ ജയകുമാറിന്റെ വീട് അടിച്ചുതകർത്തു. മുളമ്പുഴ, മംഗാരം പ്രദേശങ്ങളിലെ ഏഴോളം സി പി എം പ്രവർത്തകരുടെ വീടിന് നേരെ അക്രമുണ്ടായി.
പൊലീസിനെതിരെ മരിച്ച ചന്ദ്രന്റെ കുടുംബം രംഗത്തുവന്നു. പന്തളത്ത് കല്ലേറുണ്ടായപ്പോള് പൊലീസ് ഇടപെട്ടില്ല. കര്മസമിതിയുടെ പ്രതിഷേധപ്രകടനം സമാധാനപരമായിരുന്നുവെന്നും അതിനുനേരെയാണ് കല്ലേറുണ്ടായതെന്നും മരിച്ച ചന്ദ്രന്റെ ഭാര്യ ആരോപിച്ചു. പൊലീസ് ശരിയായ അന്വേഷണം നടത്തണമെന്നും ചന്ദ്രന്റെ ഭാര്യ പറഞ്ഞു.
തിരുവനന്തപുരം: ശബരിമലയില് യുവതികള് ദര്ശനം നടത്തിയതില് പ്രതിഷേധിച്ച് ശബരിമല കര്മ്മസമിതി ബി.ജെ.പിയുടെ പിന്തുണയോടെ ആഹ്വാനം ചെയ്ത ഹര്ത്താലില് സംസ്ഥാനത്ത് പരക്കെ അക്രമം. ഹര്ത്താല് അനുകൂലികള് റോഡില് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ്. പലയിടങ്ങളിലും പോലീസുകാര്ക്കെതിരെ അക്രമങ്ങളുണ്ടായി. പോലീസ് വാഹനങ്ങള്ക്ക് നേരെയും കെ.എസ്.ആര്.ടി.സി ബസുകള്ക്ക് നേരെയും കല്ലേറുണ്ടായി. കണ്ണൂര്, പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ജില്ലകളില് അക്രമസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ജില്ലകളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം വന് പോലീസ് സന്നാഹമാണ് ഏര്പ്പെടുത്തിയിരിക്കുന്നത്.
ആര്.സി.സിയില് ചികിത്സയ്ക്കെത്തിയ വയനാട് സ്വദേശിനി റെയില്വേ സ്റ്റേഷനില് കുഴഞ്ഞ് വീണ് മരിച്ചു. ആശുപത്രിയിലേക്ക് മാറ്റാന് വാഹനങ്ങള് ലഭിക്കാത്തതാണ് ഇവര് മരിക്കാന് കാരണമെന്ന് ബന്ധുക്കള് പറയുന്നു. പാത്തുമ്മ (64) ആണ് തമ്പാനൂര് റെയില്വേ പ്ലാറ്റ്ഫോമില് കുഴഞ്ഞുവീണ് മരിച്ചത്. ന്യസംസ്ഥാനത്ത് നിന്നുള്ള ബസുകള്ക്ക് നേരെയും ആക്രമണമുണ്ടായി. ടയര് കത്തിച്ചും കല്ലും മരക്കഷ്ണങ്ങളും നിരത്തിയും പ്രതിഷേധക്കാര് വഴിതടഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള സിപിഎം ഓഫീസുകള്ക്ക് നേരെ സംഘ്പരിവാര് ആക്രമണം ഉണ്ടായിട്ടുണ്ട്.
എറണാകുളം ജില്ലയിലെ ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫീസിന്റെ ചില്ലുകള് അക്രമികള് എറിഞ്ഞ് തകര്ത്തു. മലപ്പുറം തവനൂരില് സിപിഎം ലോക്കല് കമ്മിറ്റി ഓഫീസിന് തീയിട്ടു. പാലക്കാട് വെണ്ണക്കരയിലും സിപിഎം നിയന്ത്രണത്തിലുള്ള വായനശാലക്ക് നേരെ ആക്രമണമുണ്ടായി. ഇ എം എസ് സ്മാരക വായനശാലയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. കാസര്ക്കോട് നീലേശ്വരത്ത് ബിജെപി ഓഫീസിന് നേരെയും ആക്രമണം ഉണ്ടായി. കോഴിക്കോട് പോലീസ് വാഹനങ്ങള്ക്ക് നേരെ കല്ലേറുണ്ടായി. കടകള് വ്യാപകമായി അടപ്പിക്കുകയാണ്. കടകള് അടയ്ക്കാന് വിസമ്മതിക്കുന്ന വ്യാപാരികള്ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.
കോട്ടയം റെയില്വേ സ്റ്റേഷനില് നിന്നും പമ്പയിലേക്ക് കെ എസ് ആര് ടി സി സര്വ്വീസ് നടത്തുന്നുണ്ടെങ്കിലും ബസുകളുടെ എണ്ണം കുറവാണ്. ശബരിമലയില് ദര്ശനത്തിനായി എത്തിയ ആയിരങ്ങളാണ് റെയില് വേ സ്റ്റേഷനുകളിലും ബസ്റ്റാന്റുകളിലും കുടുങ്ങിക്കിടക്കുന്നത്. ഇവര്ക്ക് ഭക്ഷണം പോലും ലഭ്യമല്ല. പത്തനംതിട്ടയില് നിന്നുള്ള കെ എസ് ആര് ടി സി ബസ്സുകള് സര്വ്വിസുകള് നിര്ത്തിവെച്ചു. പമ്പയിലേക്ക് ചെങ്ങന്നൂരില് നിന്നും 16 സര്വ്വീസുകള് പമ്പയിലേക്ക് നടത്തി.
കോതമംഗലത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ഭർത്താവ് ജീവനൊടുക്കി. കോതമംഗലം ഊന്നുകല് നമ്പൂരികുപ്പില് ആമക്കാട് സജി(42)യാണ് ജീവനൊടുക്കിയത്. മക്കളുടെ മുന്നിലിട്ട് ഭാര്യ പ്രിയയെ(38) ഇയാൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സംശയ രോഗത്തെത്തുടർന്നായിരുന്നു സജി പ്രിയയെ കൊലപ്പെടുത്തിയത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചിനായിരുന്നു കൊലപാതകം നടന്നത്. കൊലപാതകത്തിന് ഉപയോഗിച്ച ചെറിയ വാക്കത്തിയും സജിയുടെ മൊബൈല് ഫോണും സ്ഥലത്ത് കിടപ്പുണ്ടായിരുന്നു.എന്നാൽ കൃത്യത്തിനു ശേഷം പ്രതി ഒളിവിലായിരുന്നു.തുടർന്ന് ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു.അതിനിടയിലാണ് ഇയാളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. സജി കെട്ടിടം പണി ജീവനക്കാരനാണ്. പ്രിയ ഊന്നുകലില് തയ്യല്തൊഴിലാളിയും. ഇവര്ക്ക് രണ്ട് ആണ്കുട്ടികളാണ്.
ശബരിമലയില് പ്രവേശിച്ച് ചരിത്രം സൃഷ്ടിച്ച രണ്ടുയുവതികളെയും ശബരിമലയില് നിന്ന് മാറ്റി. ഇവര് പൊലീസിനൊപ്പം അങ്കമാലിയില് ഒരു വീട്ടിലെത്തി. പിന്നാലെ ഇവരെ തൃശൂര് ഭാഗത്തേക്കു കൊണ്ടുപോയി. താനും കനകദുര്ഗയും ശബരിമലയില് പുലര്ച്ചെ ദര്ശനം നടത്തിയെന്ന് ബിന്ദു വിശദീകരിച്ചു. സാധാരണ ഭക്തര്ക്കൊപ്പമാണ് കയറിയത്. ആരില്നിന്നും എതിര്പ്പുകളൊന്നും ഉണ്ടായില്ലെന്നും ബിന്ദു പറഞ്ഞു.
പൊലീസ് വാഹനത്തില് തന്നെയാണ് ഇവരെ കൊണ്ടുപോകുന്നത്. വലിയ സുരക്ഷ ഉറപ്പാക്കിയാണ് ഇവരെ കൊണ്ടുപോകുന്നത്. കൃത്യമായ ജാഗ്രത പുലര്ത്തിയാണ് പൊലീസ് മുന്നോട്ടുനീങ്ങുന്നത്.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില് ഇന്ന് പുലര്ച്ചെയാണ് ഇരുവരും ദര്ശനം നടത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ബിന്ദുവും മലപ്പുറം അങ്ങാടിപ്പുറം സ്വദേശി കനകദുര്ഗയും പൊലീസ് സുരക്ഷയില് ശബരിമലയിലെത്തിയത് അതീവ രഹസ്യമായി.
മുഖ്യമന്ത്രിയാണ് യുവതികള് ദര്ശനം നടത്തിയ കാര്യം ആദ്യം സ്ഥിരീകരിച്ചത്. പുലര്ച്ചെ 3.48നാണ് സുപ്രീംകോടതി വിധിക്ക് ശേഷം ആദ്യമായി യുവതികള് സന്നിധാനത്തെത്തി ദര്ശനം നേടിയത്. അധികമാരും അറിയും മുന്പ് സുരക്ഷിതമായി മലയിറങ്ങുകയും ചെയ്തു.
24ന് പൊലീസ് സുരക്ഷയില് ദര്ശനത്തിന് ശ്രമിച്ച് എതിര്പ്പ് മൂലം പിന്മാറേണ്ടി വന്നവരാണ് കനകദുര്ഗയും ബിന്ദുവും. ഇത്തവണത്തെ നീക്കങ്ങള് അതീവരഹസ്യമായായിരുന്നു. ഇന്നലെ വൈകിട്ട് എറണാകുളത്ത് നിന്ന് യാത്ര പുറപ്പെട്ട് രാത്രി 12 മണിയോടെ പമ്പയിലെത്തി. നാല് പുരുഷന്മാരടക്കം ആറ് പേര് സംഘത്തിലുണ്ടായിരുന്നു.
പമ്പയിലെ പൊലീസ് ഉദ്യോഗസ്ഥരെ കണ്ട് യാത്രയുടെ കാര്യം അറിയിച്ചു. പ്രതിഷേധമടക്കമുള്ള പ്രായോഗിക ബുദ്ധിമുട്ടുകള് പൊലീസ് വിശദീകരിച്ചു. സ്വന്തം നിലയില് മലകയറിക്കോളാമെന്ന് ഇരുവരും നിലപാടെടുത്തതോടെ പൊലീസ് തടഞ്ഞില്ല. ഒരു മണിയോടെ സാധാരണ തീര്ത്ഥാടകരെ പോലെ ഇരുവരും മലകയറിത്തുടങ്ങി.
കാക്കിവേഷം ഉപേക്ഷിച്ച്, യുവതികളില് നിന്ന് അല്പം അകന്ന് സുരക്ഷയൊരുക്കി ആറ് പൊലീസും പിന്തുടര്ന്നു. വലിയനടപ്പന്തലിലെ ക്യൂ നില്ക്കാതെ പതിനെട്ടാംപടി ചവിട്ടാതെ വടക്കേനട വഴി സന്നിധാനത്തെത്തി. കൊടിമരത്തിന് മുന്നിലൂടെ നേരെ ശ്രീകോവിലിലേക്ക് പൊലീസ് വഴിയൊരുക്കി. പത്ത് മിനിറ്റിനകം തൊഴുത് മടങ്ങുകയും ചെയ്തു.
ഇരുവരും പമ്പയിലെത്തിയ ശേഷമാണ് യുവതിദര്ശനം പുറത്തറിയുന്നത്. യുവതികളുടെ യാത്ര മുന്കൂട്ടി അറിഞ്ഞിരുന്നില്ലെന്ന് പൊലീസ് വാദിക്കുന്നുണ്ടെങ്കിലും പൊലീസിന്റെ കൃത്യമായ ആസൂത്രണമാണ് ദര്ശനം സാധ്യമാക്കിയതെന്നതില് സംശയമില്ല.
പതിവില് നിന്ന് വ്യത്യസ്തമായി വലിയ സുരക്ഷ ഒരുക്കാതെയാണ് പൊലീസ് യുവതികളെ പിന്തുടര്ന്നത്. പകലിന് പകരം രാത്രി നട അടച്ച് സമയം ലകയറാന് തിരഞ്ഞെടുത്തതും പ്രതിേഷധക്കാരും തീര്ത്ഥാടകരും തിരിച്ചറിഞ്ഞ് തടയാതിരിക്കാന് സഹായകമായി. പ്രായം നോക്കി സ്ത്രീകളം തടയേണ്ടതല്ല പൊലീസിന്റെ ജോലിയെന്നും സുരക്ഷ ഒരുക്കലാണെന്നും ഡി.ജി.പിയും വിശദീകരിച്ചു.
ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനെതിരെ പ്രതിഷേധം ശക്തം. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെ കരിെങ്കാടി പ്രയോഗം. മലബാർ ദേവസ്വം ബോർഡ് ഭരണ സമിതിയുടെ സത്യപ്രതിജ്ഞക്ക് ഗുരുവായൂർ പാർത്ഥസാരഥി ക്ഷേത്രത്തിൽ എത്തിയ കടകംപള്ളി സുരേന്ദ്രനു നേരെ യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാണിക്കുകയായിരുന്നു. പരിപാടിക്കായി വേദിയിലേക്ക് കയറുന്നതിനിടെ കരിങ്കൊടി കാണിക്കാൻ ശ്രമിച്ചവരെ പൊലീസ് തടഞ്ഞിരുന്നു. പിന്നീട് പരിപാടി നടക്കുന്നതിനിടക്കാണ് ബി.ജെ.പി ജില്ലാ പ്രസിഡൻറ് പി. ഗോപിനാഥും മറ്റൊരു പ്രവർത്തകനും കരിങ്കൊടി കാണിച്ചത്. ഇവരെ അറസ്റ്റ് ചെയ്ത് കൊണ്ടുപോയ ജീപ്പ് തടയാൻ എൽ.ഡി.എഫ് പ്രവർത്തകർ ശ്രമിച്ചതും കുറച്ചു നേരം സംഘർഷാവസ്ഥ സൃഷ്ടിച്ചു.
അതേസമയം ഇരിട്ടിയിൽ ആരോഗ്യമന്ത്രി കെ.കെ ഷൈലജയ്ക്ക് നേരെയും യുവമോർച്ച പ്രവർത്തകരുടെ നേതൃത്വത്തിൽ കരിങ്കൊടി വീശി പ്രതിഷേധിച്ചു. ശബരിമലയിൽ യുവതികൾ കയറിയതുമായി ബന്ധപ്പെട്ടായിരുന്നു യുവമോർച്ചയുടെ പ്രതിഷേധം. പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി.പലയിടത്തും പ്രതിഷേധം അക്രമാസക്തമായി. സെക്രട്ടറിയേറ്റിലേയ്ക്ക് ബിജെപി പ്രവര്ത്തകര് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. പ്രതിഷേധത്തിനിടെ മാധ്യമപ്രവര്ത്തകര്ക്ക് നേരെയും ആക്രമണമുണ്ടായി. യുവതീപ്രവേശനത്തിനെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം കത്തിപ്പടരുകയാണ്.
ശബരിമലയില് നടന്നിരിക്കുന്നത് ഭക്തരോടുള്ള ചതിയാണെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന് പിഎസ് ശ്രീധരന്പിള്ള പറഞ്ഞത്. ശക്തമായി പ്രതിഷേധിക്കുമെന്നും ശബരിമല കര്മ്മസമിതിയും സന്യാസിമാരും തീരുമാനം എടുക്കുമെന്നും ബിജെപി അരയും തലയും മുറുക്കി പിന്തുണയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു.
ശബരിമല സന്നിധാനത്ത് ദര്ശനം നടത്തിയെന്ന അവകാശവാദവുമായി യുവതികള് രംഗത്ത് എത്തിയിരുന്നു. നേരത്തെ ശബരിമല കയറാന് ശ്രമിച്ച് പരാജയപ്പെട്ട കനകദുര്ഗ, ബിന്ദു എന്നിവരാണ് ശബരിമല സന്നിധാനത്ത് എത്തി പ്രാര്ത്ഥിച്ചു എന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുന്നത്. ശബരിമല വിവാദത്തിന്റെ പശ്ചാത്തലത്തില് സര്ക്കാര് നേതൃത്വത്തില് വനിതാ മതില് സംഘടിപ്പിച്ചതിന് പിന്നാലെയാണ് സുപ്രീം കോടതി വിധി നടപ്പിലാക്കപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മാസം 24ന് ബിന്ദുവും കനക ദുര്ഗയും ശബരിമല പ്രവേശനത്തിന് ശ്രമിച്ചിരുന്നു.എന്നാല് പ്രതിഷേധത്തെ തുടര്ന്ന് ഇവര്ക്ക് അന്ന് പിന്മാറേണ്ടതായി വന്നു. തുടര്ന്ന് കോട്ടയം മെഡിക്കല് കോളേജില് നിരാഹാര സമരം നടത്തിയ ഇവരെ പിന്നീട് സന്നിധാനത്ത് എത്തിക്കുമെന്ന് പോലീസ് ഉറപ്പ് നല്കിയിരുന്നു.
ശബരിമലയില് ബിന്ദുവും കനക ദുര്ഗയും ദര്ശനം നടന്നതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ദര്ശനം നടത്തിയതിന്റെ മൊബൈല് ഫോണ് വീഡിയോ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളുമാണ് പുറത്തെത്തിയത്. ഇരുവരും കറുപ്പ് വേഷധാരികളായാണ് സന്നിധാനത്തെത്തിയതെന്ന് ദൃശ്യങ്ങളില് കാണാം. ഇവിടെ ഇവര്ക്കു നേരെ പ്രതിഷേധമൊന്നും ഉണ്ടായില്ല. സന്നിധാനത്തെത്തിയ യുവതികള് അതിവേഗം സോപാനത്തേക്ക് പോകുന്നതാണ് ദൃശ്യങ്ങളില് കാണുന്നത്.
അതേസമയം യുവതി പ്രവേശനത്തെ തുടർന്ന് ശുദ്ധിക്രിയകൾക്ക് വേണ്ടി അടച്ച ശബരിമലനട വീണ്ടും തുറന്നു. തന്ത്രി കണ്ഠരര് രാജീവരരുടെ നേതൃത്വത്തിൽ ശുദ്ധിക്രിയകൾ പൂർത്തിയാക്കിയതിന് ശേഷമാണ് നടവീണ്ടും തുറന്നത്. ഇതിനെ തുടർന്ന് സന്നിധാനത്തേയ്ക്ക് വീണ്ടും ഭക്തരെ കയറ്റിവിട്ടുതുടങ്ങി. പഞ്ചപുണ്യാഹം, ബിബശുദ്ധി ക്രിയ, പ്രസാദശുദ്ധി, പ്രായശ്ചിത്തഹോമം, കലശം വിളിച്ചു ചൊല്ലി പ്രായശ്ചിത്തം എന്നിവയ്ക്ക് ശേഷമാണ് നടതുറന്നത്.
ശബരിമലയില് യുവതികള് പ്രവേശിച്ചതിനെ തുടര്ന്ന് പ്രതിഷേധ പരിപാടികള് ബിജെപി ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി ഹര്ത്താല് നടത്തുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്പിള്ള വാര്ത്താ സമ്മേളനത്തില് അറിയിച്ചു.
ഹര്ത്താലിനെതിരേ കഴിഞ്ഞ ദിവസം വ്യാപാരികള് ശക്തമായ നിലപാടുമായി രംഗത്ത് വന്നിരുന്നു. ഹര്ത്താലുകള്ക്കെതിരേ കടകള് തുറന്ന് പ്രതിഷേധിക്കുമെന്ന് വ്യാപാരികള് വ്യക്തമാക്കിയിരുന്നു. അതേസമയം, യുവതികള് പ്രവേശിച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം സംഘപരിവാര് സംഘടനകള് അക്രമം അഴിച്ചുവിടുകയാണ്.
സെക്രട്ടറിയേറ്റിലേക്ക് യുവമോര്ച്ച നടത്തിയ മാര്ച്ചില് സംഘര്ഷമുണ്ടായി. നെയ്യാറ്റികരയില് ശബരിമല കര്മ്മസമിതി ദേശീയപാത ഉപരോധിച്ചു. കൊച്ചി കച്ചേരിപ്പടയിലും റോഡ് ഉപരോധിച്ചു. കൊടുങ്ങല്ലൂര്, നെയ്യാറ്റിന്കര എന്നിവിടങ്ങളില് കടകള് അടപ്പിക്കുകയും ബസിന് കല്ലെറിയുകയും ചെയ്തു.
ചരിത്രമതിലായി മാറിയ വനിതാമതിൽ ലോക റെക്കോഡിലേക്കും സ്ഥാനം പിടിച്ചു. യൂണിവേഴ്സൽ റെക്കോർഡ്സ് ഫോറം, അമേരിക്ക ബുക്ക് ഓഫ് റെക്കോർഡ്, ഒഫീഷ്യൽ ബുക്ക് ഓഫ് റെക്കോർഡ് എന്നീ മൂന്ന് ഏജൻസികളാണ് പ്രഖ്യാപനം നടത്തിയത്. ഏറ്റവും കൂടുതൽ വനിതകൾ പങ്കെടുത്ത ദൂരമേറിയ പരിപാടിയാണ് വനിതാമതിലെന്നും പ്രതീക്ഷിച്ചതിനേക്കാൾ പങ്കാളിത്തമായിരുന്നു കാണാൻ കഴിഞ്ഞതെന്നും പ്രഖ്യാപനം നടത്തിയ യൂണിവേഴ്സൽ റെക്കാർഡ്സ് ഫോറം പ്രതിനിധി ഗിന്നസ് സുനിൽ ജോസഫ് പറഞ്ഞു.
കൃത്യമായ വീഡിയോനിരീക്ഷണത്തിലാണ് ഏജൻസികൾ പരിശോധനനടത്തിയത്. ഒരു സ്റ്റേറ്റ് കോർഡിനേറ്ററിന്റെ കീഴിൽ ജില്ലാകോർഡിനേറ്റർ ഉൾപ്പടെ 620 കിലോമീറ്ററിൽ 620 പ്രതിനിധികളാണ് പരിശോധന നടത്തിയത്. ഒരിടത്തുപോലും വാഹന ഗതാഗതം തടസമായില്ല. ജാതി മത വർണ വർഗ വ്യത്യാസമില്ലാതെയാണ് ചരിത്രത്തിന്റെ ഭാഗമായ വനിതാമതിലിൽ പങ്കെടുക്കാൻ ജനങ്ങൾ ഒഴുകിയെത്തിയത്. സർക്കാർ ജീവനക്കാർ മുതൽ സാധാരണക്കാരയവർവരെ ചരിത്രമതിലിന്റെ ഭാഗമായി മാറി എന്നതും റെക്കോർഡിനായുള്ള പരിശോധനയില് പരിഗണിച്ചു.