ശബരിമല കര്‍മസമിതി നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തും. ഹര്‍ത്താലിന് ബിജെപി പിന്തുണയുണ്ടെന്ന് പാര്‍ട്ടി നേതൃത്വം വ്യക്തമാക്കി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് നാമജപങ്ങളുമായി സമാധാനപരമായ മാര്‍ഗ്ഗത്തില്‍ പ്രക്ഷോഭം നയിച്ച് വന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പോലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ചുള്ള ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചതായി മുന്നണി നേതൃത്വവും അറിയിച്ചു.
പത്തനംതിട്ടയില്‍ എന്‍.ഡി.എ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ പത്രസമ്മേളത്തിലാണ് ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചത്. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരിക്കണെമെന്ന് നേതാക്കള്‍ പറഞ്ഞു.
അയ്യപ്പഭക്തരുടെ വേഷത്തിലെത്തിയത് ആർഎസ്എസ് ക്രമിനലുകളെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ തുറന്നടിച്ചു. സ്ത്രീകൾക്കും മാധ്യമപ്രവർത്തകർക്കും നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ അനുവദിക്കാനാകില്ല. അക്രമം കാണിച്ചിട്ട് അത് അയ്യപ്പഭക്തന്റെ തലയിൽവെച്ച് കെട്ടാൻ ശ്രമിക്കുന്നുവെന്നും കടകംപള്ളി പറഞ്ഞു.
നിലയ്ക്കലിലെ ഏറ്റുമുട്ടലിന് പിന്നാലെ പമ്പയിലും സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതോടെയാണ് നിരോധനാഞ്ജ തീരുമാനം വന്നത്. പൊലീസിനുനേരെ വ്യാപക കല്ലേറാണ് ഉണ്ടായത്.
പിന്നാലെ പൊലീസ് ലാത്തിവീശി. സമരക്കാരെ അറസ്റ്റ് ചെയ്തുനീക്കിത്തുടങ്ങി. സ്ത്രീകളുള്‍പ്പെടെ ഒട്ടേറെപ്പേര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു. പിരിഞ്ഞുപോകാനുള്ള നിര്‍ദേശം അവഗണിച്ചവരെ ബലംപ്രയോഗിച്ച് നീക്കി.
യുവതീ പ്രവേശനവിരുദ്ധസമരത്തിന്റെ പേരില്‍ നിലയ്ക്കലില്‍ തെരുവുയുദ്ധമാണ് നടന്നത്. വാഹനങ്ങള്‍ ആക്രമിച്ച സമരക്കാരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തിവീശിയതോടെ മറുപക്ഷത്തുനിന്ന് വന്‍തോതില്‍ കല്ലേറുണ്ടായി. പൊലീസ് തിരിച്ചും കല്ലെറിഞ്ഞു. ഓടിപ്പോയവര്‍ പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിച്ചു. ക്യാമറയും ഡിഎസ്എന്‍ജിയും ഉള്‍പ്പെടെ മാധ്യമങ്ങളുടെ വാഹനങ്ങളും ഉപകരണങ്ങളും അക്രമികള്‍ തകര്‍ത്തു. രാവിലെ മുതല്‍ സമരക്കാര്‍ വാഹനങ്ങള്‍ക്കുനേരെ നിരന്തരം ആക്രമണം നടത്തിയിരുന്നു.
എട്ട് മാധ്യമപ്രവര്‍ത്തകരടക്കം നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. നിലയ്ക്കല്‍ വഴി കടന്നുപോയ കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെയും കല്ലേറുണ്ടായി. ഉച്ചവരെ എണ്ണത്തില്‍ കുറവായിരുന്നതിനാല്‍ സമരക്കാര്‍ നിലയ്ക്കലിന്റെ നിയന്ത്രണം കൈവശപ്പെടുത്തുന്ന സ്ഥിതിയായിരുന്നു. ഇതേത്തുടര്‍ന്ന് മുന്നൂറോളം പൊലീസുകാരെ അധികം വിന്യസിച്ചാണ് പൊലീസ് കര്‍ശന നടപടിയിലേക്ക് കടന്നത്.
പലയിടങ്ങളില്‍ മറഞ്ഞുനിന്ന് ഒരേസമയം പൊലീസിനെ ആക്രമിക്കുന്ന കാഴ്ചയാണ് കാണുന്നത്. രാവിലെ മുതല്‍ സമരക്കാര്‍ നിരന്തരം വാഹനങ്ങള്‍ ആക്രമിച്ചിരുന്നു. എട്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റു. നിലയ്ക്കലില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ നിരന്തരം ആക്രമണമുണ്ടായി. കെഎസ്ആര്‍ടിസി ബസും പൊലീസ് വാഹനവും മാധ്യമങ്ങളുടെ കാറുകളും തകര്‍ന്നു. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. അക്രമികള്‍ എണ്ണത്തില്‍ കൂടുതലായതിനാല്‍ നിലയ്ക്കലേക്ക് കൂടുതല്‍ പൊലീസിനെ വിന്യസിക്കും.
സന്നിധാനത്ത് നാമജപപ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകള്‍ രംഗത്തെത്തിയതും ആശങ്കയേറ്റി. പതിനെട്ടാംപടിക്കുമുന്നിലാണ് ഹിന്ദുമഹാസഭയുടെ പ്രതിഷേധം.
ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ സുപ്രീംകോടതിവിധി നടപ്പാക്കുകയല്ലാതെ സർക്കാരിന് ഒന്നും ചെയ്യാനില്ലെന്ന് മന്ത്രി കെ.ടി.ജലീല്‍. ല്‍സുപ്രീംകോടതിവിധി നടപ്പാക്കാനാകില്ലെന്ന് പറയുന്നത് ഭരണഘടനയോടുള്ള വെല്ലുവിളി. വിധി നടപ്പിലാക്കാനാകാതെ പോയാൽ രാജ്യത്തെ ഒരു കോടതിവിധിയും നടപ്പാക്കാനാകാത്ത സ്ഥിതി വരും. വിധിക്കെതിരെ സുപ്രീംകോടതിയെ തന്നെ സമീപിക്കുകയായിരുന്നു സ്ത്രീ പ്രവേശനത്തെ എതിർക്കുന്നവർ ചെയ്യേണ്ടിരുന്നതെന്നും മന്ത്രി കൊച്ചിയില്‍ പറഞ്ഞു.
ശബരിമലയിൽ നടക്കുന്ന സംഘർഷത്തിൽ ബിജെപിക്ക് യാതൊരു ഉത്തരവാദിത്തവുമില്ലെന്ന് ബിജെപി സംസ്ഥാന നേതാവ് കെസുരേന്ദ്രൻ. അമ്മമാരുടെ പ്രാർഥനാ നിരാഹാര സമരം മാത്രമാണ് ബിജെപി ആഹ്വാനം ചെയ്തത്. ഇപ്പോൾ നടക്കുന്ന അക്രമം അയ്യപ്പഭക്തരുടേതാണ്. ഇതിന് പ്രകോപനമുണ്ടാക്കിയത് സർക്കാരാണ്. സുപ്രീം കോടതി വിധി നടപ്പാക്കുകയല്ലാതെ വേറൊന്നും ചെയ്യില്ലെന്ന് സർക്കാർ ഇന്നലെ പറഞ്ഞിരുന്നു. എന്നാൽ ഇന്നലെ രാത്രിമുതൽ സർക്കാരും ദേവസ്വം ബോർഡും വിധിനടപ്പാക്കാൻ തിടുക്കം കാട്ടുകയായിരുന്നു.
ബിജെപി സംഘപരിവാർ പ്രവർത്തകർ വളരെ സമാധാനപരമായാണ് സമരം ആഹ്വാനം ചെയ്തത്.
മാധ്യമപ്രവർത്തകരെ ആക്രമിച്ചത് ബിജെപി അല്ല. അക്രമണത്തെ ശക്തമായി അപലപിച്ചിട്ടുണ്ട്. ശബരിമലയിൽ തടിച്ചുകൂടിയ അയ്യപ്പഭക്തരുടെ ഉത്തരവാദിത്വം ബിജെപിക്കില്ല. അവരെല്ലാം ആർഎസ്എസും ബിജെപിയുമാണെന്ന് എങ്ങനെ വ്യാഖ്യാനിക്കാനാകും, സുരേന്ദ്രൻ പ്രതികരിച്ചു.
രാവിലെ മുതല്‍തന്നെ പമ്പയും പരിസരവും സംഘര്‍ഷഭൂമിയായി മാറിയിരുന്നു. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മലകയറാനെത്തിയ യുവതിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു മടക്കിയയച്ചു. പമ്പയില്‍ നാമജപം നടത്തി പ്രതിഷേധിച്ച തന്ത്രി കുടുംബാംഗങ്ങളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് അതേസ്ഥലത്ത് ബിജെപി സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും, 19ന് നടക്കുന്ന യോഗംവരെ ക്ഷമിക്കണമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മനോരമ ന്യൂസിനോട് പറഞ്ഞു.
40 വയസുകഴിഞ്ഞ ആന്ധ്ര ഗോതാവരി സ്വദേശി മാധവിയാണ് സുപ്രീംകോടതി വിധിക്കുശേഷം മലചവിട്ടിത്തുടങ്ങിയ ആദ്യ യുവതി. മാധവിക്കും കുടുംബത്തിനും ആദ്യം പൊലീസ് സംരക്ഷണം ഒരുക്കി. എന്നാല്‍ പൊലീസ് പിന്‍മാറിയ ഉടന്‍ പ്രതിഷേധക്കാര്‍ യുവതിയെ കൂട്ടമായെത്തി പിന്‍തിരിപ്പിച്ചു. ഭയന്നുപോയ അവര്‍ പമ്പയിലേക്ക് മടങ്ങി. മലചവിട്ടാനെത്തുന്ന യുവതികള്‍ക്ക് സുരക്ഷ ഒരുക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പായി ഇതോടെ പഴ്‍വാക്കായി
രാവിലെ മുതല്‍ രാഹുല്‍ ഈശ്വരന്‍റെ നേതൃത്വത്തില്‍ അയ്യപ്പ ധര്‍മസേന പ്രവര്‍ത്തകര്‍ പമ്പയില്‍ നിലയുറപ്പിച്ചു. ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സ്ത്രീകളുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ പരിശോധിച്ചശേഷമാണ് മലചവിട്ടാന്‍ അനുദിച്ചത്. അന്തരിച്ച തന്ത്രി കണ്ഠര് മഹേശ്വരരിന്‍റെ ഭാര്യ ദേവകി അന്തര്‍ജനവും കുടുംബാംഗങ്ങളും പന്തളം കൊട്ടാരപ്രതിനിധികളും പിന്നീട് പ്രാര്‍ഥനയില്‍ അണിചേര്‍ന്നു. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കാന്‍ ഇവരെ അറസ്റ്റുചെയ്തു നീക്കി. ഇതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍ അതേസ്ഥലത്ത് സമരം തുടങ്ങി. ഇപ്പോഴത്തെ പ്രശ്നങ്ങളെല്ലാം പരിഹരിക്കുമെന്ന ഉറച്ചവിശ്വാസത്തിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്.
പമ്പയിലേക്കുള്ള ശബരിമല തീർഥാടകരെ തടയുന്നതിനെ തുടർന്ന് നിലയ്ക്കലിൽ സംഘർഷം കൂടുതൽ ശക്തമാകുന്നു. പമ്പയിലേക്കുള്ള പൊലീസ് വാഹനം തടഞ്ഞ് പരിശോധിക്കാൻ സമരക്കാരുടെ ശ്രമം. ഇതു പൊലീസ് തടഞ്ഞതോടെ പ്രതിഷേധക്കാരുമായി സംഘർഷമുണ്ടായി. ഇതോടെ പൊലീസ് റോഡിന്റെ ഇരുവശത്തും നിലയുറപ്പിച്ച് വാഹനങ്ങൾ കടത്തിവിടാൻ തുടങ്ങിയിട്ടുണ്ട്. വനിത ബറ്റാലിയനെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ഇനി വാഹനങ്ങൾ പരിശോധിക്കാൻ അനുവദിക്കില്ലെന്ന് അവർ വ്യക്തമാക്കി. ഇവിടെ നിന്ന് എട്ടുപേരെ അറസ്റ്റു ചെയ്തു. പൊലീസ് ലാത്തി വീശി.
ചെന്നൈയിൽ നിന്നെത്തിയ ദമ്പതികളെയാണു സമരം ചെയ്യുന്ന സ്ത്രീകളടങ്ങുന്ന സംഘം രാത്രിയിൽ തടഞ്ഞിരുന്നു. വിവിധ തീർഥാടന കേന്ദ്രങ്ങൾ സന്ദർശിച്ച് എത്തിയ പഴനി (45), ഭാര്യ പഞ്ചവർണം(40) എന്നിവർ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കു ബസിൽ പുറപ്പെടാൻ ഒരുങ്ങുമ്പോഴാണ് സമരക്കാർ തടഞ്ഞത്. പമ്പ വരെയേ പോകുന്നുള്ളു എന്നു പറഞ്ഞിട്ടും സമരക്കാർ വഴങ്ങിയില്ല. ബസിൽ നിന്നു വലിച്ചു പുറത്തിറക്കിയ ശേഷം പഞ്ചവർണത്തോട് സമരപ്പന്തലിൽ ഇരിക്കാൻ ആവശ്യപ്പെട്ടു. പറ്റില്ലെന്നു പറഞ്ഞതോടെ പഞ്ചവർണത്തയെ നിർബന്ധിച്ച് സമരപ്പന്തലിലേക്കു കൊണ്ടുപോയി. ഒടുവിൽ പൊലീസ് ഇടപെട്ട് പഴനിയെയും പഞ്ചവർണത്തെയും രക്ഷപ്പെടുത്തി കൊണ്ടുപോകുകയായിരുന്നു. തീർഥാടകരെ തടഞ്ഞാൽ കർശന നടപടി ഉണ്ടാകുമെന്ന് പൊലീസ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്
ബുധനാഴ്ച നടതുറക്കുന്ന ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ സര്‍ക്കാര്‍ നടത്തുന്നതിനിടെ പ്രതിഷേധം കടുപ്പിച്ച് ഹൈന്ദവ സംഘടനകള്‍ രംഗത്ത്. നിലയ്ക്കലിലെത്തുന്ന എല്ലാ വാഹനങ്ങളും പ്രതിഷേധക്കാര്‍ തടഞ്ഞ് യുവതികളില്ലെന്ന് ഉറപ്പുവരുത്തിയാണ് കടത്തിവിടുന്നത്. കെ.എസ്.ആര്‍.ടി.സി ബസില്‍ പമ്പയിലേക്ക് പോയ വനിതാമാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ ബസ് തടഞ്ഞ് പ്രതിഷേധക്കാര്‍ ഇറക്കിവിട്ടു.
സ്ത്രീകളായ പ്രതിഷേധക്കാരാണ് ബസിനുളളില്‍ കയറി ഇംഗ്ലീഷ്, ഹിന്ദി ചാനല്‍ പ്രവര്‍ത്തകരെ ഇറക്കിവിട്ടത്. മാധ്യമപ്രവര്‍ത്തകരെ ഇറക്കിയശേഷം ബസ് യാത്ര തുടര്‍ന്നു. സ്ത്രീകളെ പമ്പയിലേക്ക് വിടില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാര്‍. പൊലീസിന്‍റെ സാന്നിധ്യത്തിലും പരിശോധന തുടരുന്നു.
നിലയ്ക്കലിലെ രാപ്പകല്‍ സമരപ്പന്തലിലേക്ക് കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ വനിത പൊലീസിനെ നിലയ്ക്കലിലും പമ്പയിലും നിയോഗിച്ചു. എഡിജിപി അനില്‍കാന്ത് ഉള്‍പ്പെടെയുള്ള ഉന്നത പൊലീസുദ്യോഗസ്ഥര്‍ നിലയ്ക്കിലിലെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി.
ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നുവന്ന രാപ്പകല്‍സമരപ്പന്തല്‍ പൊലീസ് പൊളിച്ചുനീക്കി.
ചില പ്രതിഷേധക്കാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് ശ്രമിച്ചതിനെ തുടര്‍ന്ന് രാവിലെ നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായി. പ്രതിഷേക്കാരെ വിരട്ടിയോടിച്ചശേഷമാണ് പൊലീസ് സമരപ്പന്തല്‍ പൊളിച്ചത്. നിലയ്ക്കലിന്‍റെ പൂര്‍ണ നിയന്ത്രണം പൊലീസ് ഏറ്റെടുത്തു
ശബരിമലയിലെ യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്, പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രി കുടുംബാംങ്ങളും ഉള്‍പ്പെടെയുള്ളവരുമായി ദേവസ്വംബോര്‍ഡ് നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇന്നുതന്നെ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്ന ആവശ്യം അംഗീകരിക്കാത്തതിനെത്തുടര്‍ന്ന് കൊട്ടാരം, തന്ത്രികുടുംബം പ്രതിനിധികള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി. പുനഃപരിശോധനാഹാര്‍ജിയുടെ കാര്യം 19ന് ചേരുന്ന യോഗത്തില്‍ പരിഗണിക്കാമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ അറിയിച്ചെങ്കിലും പ്രയോജനമുണ്ടായില്ല.
ശബരിമലയില്‍ എല്ലാപ്രായത്തിലുമുളള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി അംഗീകരിക്കാനാവില്ലെന്നും ദേവസ്വം ബോര്‍ഡ് ഉടന്‍ പുനഃപരിശോധനാഹര്‍ജി നല്‍കണമെന്നും പന്തളം കൊട്ടാരം പ്രതിനിധികളും തന്ത്രിമാരും ചര്‍ച്ചക്കെത്തിയ മറ്റ് സംഘടനകളും ശക്തമായ നിലപാടെടുത്തു. എന്നാല്‍ തുലാമാസ പൂജകള്‍ക്ക് ശബരിമല നടതുറക്കുന്നതുമായി ബന്ധപ്പെട്ട് ഒരുക്കങ്ങള്‍ പൂര്‍ത്തിക്കേണ്ടതിനാല്‍ 19 ന് ചേരുന്ന ദേവസ്വംബോര്‍ഡ് സമ്പൂര്‍ണ യോഗത്തില്‍ ഇക്കാര്യം പരിഗണിക്കാമെന്നായിരുന്നു ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ഇത് അംഗീകരിക്കാന്‍ ചര്‍ച്ചക്കെത്തിവര്‍ തയാറായില്ല. തുടര്‍ന്ന് അവര്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി
സമവായത്തിനുള്ള എല്ലാ മാര്‍ഗങ്ങളും ഇനിയും സ്വീകരിക്കുമെന്നും വീണ്ടും ചര്‍ച്ചയാകാമെന്നും ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രിയെ വിവരങ്ങള്‍ ധരിപ്പിക്കും. പ്രളയം സൃഷ്ടിച്ച പ്രതിസന്ധിപോലും ഇന്ന് ചര്‍ച്ചയ്ക്കെത്തിയവര്‍ കണക്കിലെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞിട്ടില്ല. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിലപാടിനൊപ്പമാണ് ബോര്‍ഡ് മുന്നോട്ടുപോകുന്നത് എന്നാണ് സൂചന.
ശബരിമല യുവതീ പ്രവേശ വിഷയത്തില്‍ പുനപരിശോധനാ ഹര്‍ജി നല്‍കാനോ പുതിയ നിയമനിര്‍മ്മാണത്തിനോ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദേവസ്വംബോര്‍ഡിന് അവരുടെ തീരുമാനം എടുക്കാം. നിയമം കൈയ്യിലെടുക്കാന്‍ ആരെയും അനുവദിക്കില്ല, ക്രമസമാധാന പ്രശ്നമുണ്ടാക്കിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.
ശബരിമലയില്‍ യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി നല്‍കാനോ നിയമ നിര്‍മ്മാണത്തിനോ സര്‍ക്കാരില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. കോടതിവിധി അനുസരിക്കുമെന്നും പ്രശ്നം വിലയിരുത്താന്‍ വിശ്വാസകാര്യങ്ങളില്‍ വിദഗ്ധരായവരുടെ സമിതിവേണമെന്നും നേരത്തെ കോടതിയെ അറിയിച്ചതാണ്. ഇക്കാര്യത്തില്‍ദേവസ്വം ബോര്‍ഡിന് അവരുടെ നിലപാട് തീരുമാനിക്കാം. ശബരിമല സന്ദര്‍ശിക്കാനുള്ള എല്ലാവിശ്വാസികളുടെയും അവകാശം സംരക്ഷിക്കും. നിലക്കലിലും മറ്റും ചിലര്‍ സ്വമേധായാ നടത്തുന്ന വാഹനപരിശോധന അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിലവിലെ സാഹചര്യത്തില്‍ ശബരിമലയില്‍പോകാന്‍ ഏതെങ്കിലും വിശ്വാസികള്‍ ഭയക്കുന്നുണ്ടോ എന്ന് അറിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്ത്രീകളെ വലിച്ചുകീറുമെന്ന് പറയുന്നവരുണ്ടാക്കുന്ന പ്രശ്നങ്ങള്‍ക്ക് സര്‍ക്കാരെങ്ങിനെ ഉത്തരവാദിയാകുമെന്നും മുഖ്യമന്ത്രി ചോദിച്ചു.
ദേവസ്വം കമ്മിഷണറായി ഹിന്ദുക്കളെ മാത്രമേ നിയമിക്കൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിയമഭേദഗതിക്കെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്.ശ്രീധരന്‍പിള്ള നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്. ഇക്കാര്യം സത്യവാങ്മൂലമായി സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം നല്‍കി. നിയമഭേദഗതി പ്രകാരം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റേയും കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റേയും കമ്മിഷണര്‍മാരായി ഹിന്ദുക്കളല്ലാത്തവരേയും നിയമിക്കാന്‍ കഴിയുമെന്നായിരുന്നു ശ്രീധരന്‍പിള്ളയുടെ വാദം. എന്നാല്‍ അഹിന്ദുക്കളെ ദേവസ്വം കമ്മിഷണറാക്കില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയായിരുന്നു.
നിലയ്ക്കല്‍: ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കുന്നത് തടയുന്നതിനായി നിലയ്ക്കലില്‍ നടന്നു വരുന്ന സമരം പുനരാരംഭിച്ചു. ഇന്നലെ സമരം ചെയ്ത സ്ത്രീകള്‍ വാഹനങ്ങള്‍ തടഞ്ഞ് പരിശോധന നടത്തുകയും സ്ത്രീകളെ തടയുകയും ചെയ്തതോടെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു മാറ്റിയിരുന്നു. സമരപ്പന്തലുകളും പോലീസ് നീക്കം ചെയ്തു.
രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പ്രതിഷേധക്കാര്‍ വീണ്ടും സമരം ആരംഭിച്ചു. പന്തല്‍ പൊളിച്ചുമാറ്റിയ സ്ഥലത്തുതന്നെ അയ്യപ്പ ആചാര സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പന്തല്‍ കെട്ടി സമരം പുനരാരംഭിച്ചിട്ടുണ്ട്. റോഡിലിരുന്ന് ശരണം വിളിച്ച ബിജെപി പ്രവര്‍ത്തകരെ പോലീസ് ഇടപെട്ട് റോഡില്‍നിന്ന് മാറ്റി. കൂടുതല്‍ പോലീസിനെ സ്ഥലത്തേക്ക് നിയോഗിച്ചിട്ടുണ്ട്.
ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ ഉപവാസ സമരം ആരംഭിച്ചിട്ടുണ്ട്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലാണ് സമരം. കോണ്‍ഗ്രസിന്റെ ഉപവാസ സമരവും ആരംഭിച്ചിട്ടുണ്ട്. നേതാക്കളായ കെ.സുധാകരന്‍, അടൂര്‍ പ്രകാശ്, പിസി ജോര്‍ജ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. പമ്പയില്‍ തന്ത്രി കുടുംബത്തിന്റെ നാമജപ യജ്ഞവും നടക്കുന്നുണ്ട്.
ബുധനാഴ്ച വൈകുന്നേരം ശബരിമല നട തുറക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ സമരക്കാര്‍ സ്ഥലം കൈയ്യടക്കുന്നതും ക്രമസമാധാന പ്രശ്‌നം ഉണ്ടാകുന്നതും ഒഴിവാക്കാനാണ് പോലീസിന്റെ നീക്കം.
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ മിന്നല്‍ സമരത്തില്‍.തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം, കണ്ണൂര്‍, ജില്ലകളിലാണ് ജീവനക്കാര്‍ മിന്നല്‍ സമരം പ്രഖ്യാപിച്ചത്. ഇതേത്തുടര്‍ന്ന് സര്‍വീസുകള്‍ നിര്‍ത്തിവെച്ചു. തിരുവനന്തപുരത്ത് ജീവനക്കാരുടെ മിന്നല്‍ സമരം നടന്നതിന് പുറകെയാണ് മറ്റു ജില്ലകളിലേക്ക് കൂടി സമരം വ്യാപിച്ചത്.
റിസര്‍വേഷന്‍ കൗണ്ടര്‍ ജോലി കുടുംബശ്രീയെ ഏല്‍പ്പിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം. സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാനാണ് സമരക്കാരുടെ തീരുമാനം. വിഷയത്തില്‍ തിരുവനന്തപുരത്ത് നടന്ന ഉപരോധ സമരത്തില്‍ നേരിയതോതില്‍ സംഘര്‍ഷമുണ്ടായി.
കുടുംബശ്രീ ജീവനക്കാര്‍ കൗണ്ടറുകളിലേക്ക് പ്രവേശിക്കുന്നത് തടയാനായി കൗണ്ടറുകള്‍ക്ക് മുന്നിലാണ് ഇവര്‍ സമരം നടത്തിയത്. ഇതേത്തുടര്‍ന്ന് ജീവനക്കാരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് എത്തിയപ്പോളാണ് സംഘര്‍ഷമുണ്ടായത്.
എടത്വാ: ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാനും അടിയന്തിരമായി നടത്തുന്നതിനുള്ള കര്‍മ്മ പദ്ധതികള്‍ക്ക് വേണ്ടിയുള്ള സര്‍വ്വേ നടപടികള്‍ ന്യൂജേഴ്സി ആസ്ഥാനമായി ഉള്ള ഗ്ലോബല്‍ പീസ് വിഷന്‍ ആരംഭിച്ചു. ഇന്നലെ എടത്വാ പഞ്ചായത്തിലെ നാലാം വാര്‍ഡിലെ മുപ്പത്തിമൂന്നില്‍ചിറ കോളനിയില്‍ എത്തിയ രാജ്യാന്തര ഡയറക്ടര്‍ വനറ്റാ ആനിന് പ്രദേശവാസികള്‍ ഊഷ്മള സ്വീകരണം നല്‍കി സ്വീകരിച്ചു. പ്രളയത്തെ അതിജീവിച്ചെങ്കിലും ജനം അനുഭവിക്കുന്ന ആശങ്കകളും ആകുലതകളും അകറ്റി ആത്മവിശ്വാസം നല്‍കുന്നതിന് ആവശ്യമായ ഗ്രൂപ്പ് കൗണ്‍സിലിംങ്ങ് നടത്താനും സംഘടന ലക്ഷ്യമിട്ടിരിക്കുന്നതായി അവര്‍ അറിയിച്ചു.
സര്‍വ്വേയില്‍ രാജ്യാന്തര ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ.ജോണ്‍സണ്‍ വി ഇടിക്കുള, ഇന്ത്യന്‍ പ്രതിനിധി പ്രസാദ് ജോണ്‍ നാസിക്ക് എന്നിവര്‍ പങ്കെടുത്തു. ദുരിത അനുഭവങ്ങള്‍ നേരിട്ട് മനസിലാക്കിയ സംഘം പ്രാരംഭമായി കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് ‘ലിവിങ്ങ് വാട്ടര്‍ വിഷന്‍ 2020’ എന്ന പേരില്‍ പദ്ധതി ആരംഭിക്കും. എല്ലാ വീടുകളിലും ജലസംഭരണികള്‍ സൗജന്യമായി നല്‍കുന്നതോടൊപ്പം ആഴ്ചയില്‍ നിശ്ചിത ദിവസം കുടിവെള്ളം എത്തിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കൊല്ലം: ശബരിമലയില്‍ പ്രവേശിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന പരാമര്‍ശത്തില്‍ നടനും ബിജെപി നേതാവുമായ കൊല്ലം തുളസിക്കെതിരെ അന്വേഷണം തുടങ്ങി. എന്‍.ഡി.എ.യുടെ ശബരിമല സംരക്ഷണയാത്രയ്ക്ക് ചവറയില്‍ നല്‍കിയ സ്വീകരണത്തിലായിരുന്നു കൊല്ലം തുളസി സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയത്. സ്ത്രീകളെ പൊതുസ്ഥലത്ത് ആക്ഷേപിച്ചതിനും ക്രമസമാധാനം തകര്‍ക്കുന്നതരത്തില്‍ പരാമര്‍ശം നടത്തിയതിനുമാണ് കേസ്.
ചവറ പോലീസാണ് അന്വേഷണം നടത്തുന്നത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കും. പരിപാടിയില്‍ പങ്കെടുത്തവരില്‍നിന്ന് പോലീസ് തെളിവു ശേഖരിക്കും. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കേസില്‍ വിധിപറഞ്ഞ ജഡ്ജിമാരെ അവഹേളിച്ചതിന് കേസെടുക്കുന്നതുസംബന്ധിച്ച് പോലീസ് നിയമോപദേശം തേടും. ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്നും തുളസി വിശേഷിപ്പിച്ചിരുന്നു.
സംസ്ഥാന വനിതാ കമ്മിഷന്‍ എടുത്ത കേസിലും കൊല്ലം തുളസിയെ വിളിച്ചുവരുത്തി വിശദീകരണം തേടും. ഇതിനായി ഉടന്‍ തന്നെ നോട്ടീസ് അയക്കുമെന്നാണ് വിവരം. ചവറ സി.ഐ. ചന്ദ്രദാസിന്റെ നേതൃത്വത്തിലാണ് തുളസിക്കെതിരെ അന്വേഷണം നടക്കുന്നത്. ഡി.വൈ.എഫ്.ഐ. ബ്ലോക്ക് കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.
കുമ്പള: വാഹനം കിട്ടാത്തതിനാല്‍ ആശുപത്രിയിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ഏഴ് വയസുകാരി മരിച്ചു. ശ്വാസതടസ്സം അനുഭവപ്പെട്ട മകളെയുമെടുത്ത് നടന്നാണ് മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
കുമ്പള കുണ്ടങ്കാരടുക്ക ഗവ. വെല്‍ഫെയര്‍ സ്‌കൂളിനടുത്ത് ടെന്റ് കെട്ടി താമസിക്കുന്ന കര്‍ണാടക സ്വദേശികളായ മാറപ്പജയലക്ഷ്മി ദമ്പതിമാരുടെ മകള്‍ സുപ്രീത (ഏഴ്) യാണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. കുട്ടിക്ക് ശ്വാസതടസ്സവുമായി ബന്ധപ്പെട്ട രോഗം നേരത്തേയുണ്ടായിരുന്നു.
വെള്ളിയാഴ്ച രാത്രി അസുഖം കൂടുതലായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പോകാനായി മാറപ്പ റോഡിലിറങ്ങി. അതുവഴിവന്ന മുഴുവന്‍ വാഹനങ്ങള്‍ക്കും കൈകാണിച്ചുവെങ്കിലും ആരും നിര്‍ത്തിയില്ല. തുടര്‍ന്ന് കുമ്പള സഹകരണാശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല.
കുമ്പള പൊലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം മൃതദേഹപരിശോധനയ്ക്കായി പരിയാരം മെഡിക്കല്‍ കോളെജിലേക്കയച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവികമരണത്തിന് കേസെടുത്തതായി കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പ്രേംസദന്‍ പറഞ്ഞു.
തിരുവനന്തപുരം: ഫോണ്‍ വിളിക്കാന്‍ മറന്ന എസ്‌ഐക്ക് പാറാവ് പണികൊടുത്ത എഎസ്പിയുടെ നടപടി വിവാദത്തില്‍. നെടുമങ്ങാട് എഎസ്പി സുജിത് ദാസാണ് എസ്‌ഐയെ ഒരു പകല്‍ മുഴുവന്‍ പാറാവ് നിര്‍ത്തി വിവാദത്തില്‍ പെട്ടിരിക്കുന്നത്.
രാവിലെ 10 മുതല്‍ രാത്രി വൈകിയും ശിക്ഷ നടത്തുകയായിരുന്നു. രാവിലെ മണിക്കൂറുകളില്‍ നിര്‍ത്തിയും തുടര്‍ന്ന് കസേര നല്‍കി ഇരുത്തിയമാണ് ശിക്ഷ നടത്തിയത്.
തന്റെ അധികാരപരിധിയിലുള്ള എസ്‌ഐയോട് രാവിലെ തന്നെ വിളിക്കുവാന്‍ ആവശ്യപ്പെട്ടെങ്കിലും പിന്നീട് അതില്‍ നിന്നും വീഴ്ച വരുത്തിയതിനാണ് എഎസ്പി ശിക്ഷിക്കാന്‍ കാരണമായത്. തുടര്‍ന്നാണ് എസ്‌ഐയെ വിളിച്ചുവരുത്തി ശിക്ഷിച്ചത്.
എസ്‌ഐക്ക് പാറാവ് നില്‍ക്കുന്നതിന് വേണ്ടി നേരത്തെ ഡ്യൂട്ടിയിലുണ്ടായിരുന്ന ആളെ മാറ്റിയെന്നും റിപ്പോര്‍ട്ടുണ്ട്. സന്ദര്‍ശകര്‍ എത്തുമ്പോള്‍ വാതില്‍ തുറന്നുകൊടുക്കണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, യോഗത്തിനു വിളിപ്പിച്ചതാണെന്നും മറ്റുള്ളതെല്ലാം ആരോപണങ്ങളുമാണെന്നും എഎസ്പി പറഞ്ഞു.
കൊച്ചി: മലയാള സിനിമാ താരങ്ങളുടെ സംഘടനയായ എ.എം.എം.എയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്ത് വന്ന വിമണ്‍ ഇന്‍ സിനിമാ കളക്ടീവിനെതിരെ ഫാന്‍സുകാരുടെ സൈബര്‍ ആക്രമണം. ഇന്നലെ എ.എം.എം.എ പ്രസിഡന്റും നടനുമായ മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിട്ട് ഡബ്ല്യുസിസി നടത്തിയ വാര്‍ത്താ സമ്മേളനത്തിന് പിന്നാലെയാണ് സൈബര്‍ ആക്രമണം ആരംഭിച്ചിരിക്കുന്നത്. വാര്‍ത്താ സമ്മേളനം നടത്തിയ നടിമാരെ അസഭ്യം പറയുന്നതും ഭീഷണിപ്പെടുത്തുന്നതും തുടരുകയാണ്.
മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളാണ് സൈബര്‍ ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. കൂടാതെ നടി ആക്രമണ കേസിലെ പ്രതിയായ ദിലീപ് ഫാന്‍സ് അംഗങ്ങളും ആക്രമണത്തിന് നേതൃത്വം നല്‍കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ നടന്ന വാര്‍ത്താ സമ്മേളനത്തിന്റെ ലൈവ് വീഡിയോ ണഇഇ യുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ ലൈവായി ഷെയര്‍ ചെയ്തിരുന്നു. ലൈവിന്റെ തൊട്ടു താഴെയുള്ള കമന്റുകളിലാണ് ആരാധകരുടെ അശ്ലീല പ്രകടനം അരങ്ങേറിയത്.
തീയേറ്ററില്‍ നിങ്ങളുടെ സിനിമ ഇറങ്ങുമ്പോള്‍ കാണിച്ചു തരാമെന്നാണ് ചിലരുടെ ഭീഷണി. ചിലര്‍ നടിമാരുടെ സ്ത്രീത്വത്തെയും അപമാനിക്കുന്ന രീതിയില്‍ തെറിവിളികളുമായി രംഗത്ത് വന്നു. ചിലര്‍ മോഹന്‍ലാല്‍ മഹാനടനാണെന്നും നിങ്ങളൊക്കെ ഫീല്‍ഡ് ഔട്ടാണെന്നും വാദം ഉന്നയിക്കുന്നു. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി വ്യക്തമാക്കിയിട്ടുണ്ട്. ഇത് ആദ്യമായിട്ടല്ല ഡബ്ല്യുസിസി സൈബര്‍ ഇടത്തില്‍ ആക്രമിക്കപ്പെടുന്നത്. നേരത്തെ ദിലീപിനെതിരെ ശക്തമായ നിലപാടുകളുമായി രംഗത്ത് വന്ന സമയത്ത് സമാന രീതിയില്‍ ആക്രമണമുണ്ടായിരുന്നു.
തിരുവനന്തപുരം: പ്രളയക്കെടുതി നേരിടാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവച്ച ഗ്ലോബല്‍ സാലറി ചലഞ്ച് പ്രതിസന്ധിയില്‍. ധനസമാഹരണത്തിനായി മന്ത്രിമാരുടെ വിദേശയാത്രയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഇതുവരെ അനുമതി നല്‍കിയില്ല. മുഖ്യമന്ത്രിയും 17 മന്ത്രിമാരും വിവിധ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തി സഹായം സ്വീകരിക്കാനായിരുന്നു പരിപാടി. മുഖ്യമന്ത്രിയുടെ യാത്രയ്ക്കു മാത്രം കര്‍ശന നിബന്ധനകളോടെ അനുമതി നല്‍കിയെങ്കിലും മറ്റു മന്ത്രിമാരുടെയും യാത്രയ്ക്ക് അനുമതിയായില്ല. അതോടൊപ്പം തന്നെ കേരളത്തിനുള്ള പരിധി ഉയര്‍ത്തുന്നതിലും കേന്ദ്രം ഇതുവരെ തീരുമാനമെടുത്തിട്ടില്ല.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്രയ്ക്കുള്ള അപേക്ഷ ഒരുമിച്ചായിരുന്നു കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നത്. രണ്ടാഴ്ച മുന്‍പാണ് അപേക്ഷ സമര്‍പ്പിച്ചത്. എന്നാല്‍ മുഖ്യമന്ത്രി ഒഴികെ മറ്റാര്‍ക്കും ഇതുവരെ കേന്ദ്രസര്‍ക്കാര്‍ വിദേശയാത്രയ്ക്ക് അനുമതി നല്‍കിയിട്ടില്ല. മുഖ്യമന്ത്രിക്കാകട്ടെ കര്‍ശന നിബന്ധനകളോടെയാണ് ദുബായ് യാത്രയ്ക്ക് അനുമതി നല്‍കിയത്. ഔദ്യോഗിക കൂടിക്കാഴ്ചകള്‍ പാടില്ലെന്നും ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ മാത്രമേ പാടൂള്ളൂവെന്നും നിബന്ധനയില്‍ പറയുന്നു. വിദേശഫണ്ട് സ്വീകരിക്കരുത്. വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുത് എന്നും കേന്ദ്രം നിര്‍ദേശിക്കുന്നു.
ഈ മാസം 18 മുതലാണ് സന്ദര്‍ശനം നിശ്ചയിച്ചിരുന്നത്. മന്ത്രിമാര്‍ക്ക് പുറമേ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും യാത്രയ്ക്ക് പദ്ധതിയിട്ടിരുന്നു. മുഖ്യമന്ത്രി ഈ മാസം 17 മുതല്‍ 20 വരെ അബുദാബി, ദുബായ്. ഷാര്‍ജ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം നടത്താന്‍ നിശ്ചയിച്ചിരുന്നത്.
നവകേരള സൃഷ്ടിക്ക് 30,000 കോടി രൂപയെങ്കിലും വേണ്ടിവരുമെന്നാണ് കണക്ക്. വിദേശത്തുനിന്നുള്ള പിരിവിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതിനു പിന്നാലെ വായ്പാ പരിധിയും അനിശ്ചിതത്വത്തിലാണ്. കടമെടുപ്പ് പരിധി സംബന്ധിച്ച് കേന്ദ്രം തീരുമാനം എടുക്കാത്തതാണ് കാരണം. ലോകബാങ്ക്, എ.ഡി.ബി വായ്പകളും ഇതോടെ അനിശ്ചിതത്വത്തിലായി. ലോകബാങ്ക്, എ.ഡി.ബി പ്രതിനിധികള്‍ കേരളത്തിലെത്തി സ്ഥിതിഗതികള്‍ നിരീക്ഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ട് ഒരു മാസം പിന്നിട്ടുകഴിഞ്ഞു.