Kerala

ഏഷ്യാനെറ്റ് എന്തിനാണ് മലയാളികൾ കാശു കൊടുത്ത് കാണുന്നത്? യാഥാർഥ്യം എന്ത്? വൈറലായി സംവിധായകൻ സജീവന്‍ അന്തിക്കാടിൻറെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിലെ മൊത്തം പരസ്യവരുമാനത്തിന്റെ പകുതിയിലേറെയും സ്വന്തമാക്കുന്നത് ഏഷ്യാനെറ്റാണ്. ഈയിനത്തിൽ വെറും കോടികളല്ല ശതകോടികളാണ് ഏഷ്യാനെറ്റിന് കിട്ടി കൊണ്ടിരിക്കുന്നത്. ബാക്കിയുള്ള തുകക്കു വേണ്ടിയുള്ള പോരാട്ടമാണ് മറ്റു ചാനലുകളെല്ലാം ചേർന്ന് നടത്തുന്നത്.

എന്നിട്ടും ലാഭം പോരാ എന്ന് തോന്നിയിട്ടായിരിക്കണം മർഡോക്ക് മുതലാളി ഏഷ്യാനെറ്റ് ചാനലിന് 19 രൂപ വിലയിട്ടിരിക്കുന്നത്. അദ്ദേഹത്തിന് തീർച്ചയായും അതിനവകാശമുണ്ട്. മുതലാളിയാണല്ലോ. ഈ വില അനുസരിച്ച് മുതലാളിക്ക് ഇപ്പോൾ പരസ്യയിനത്തിൽ കിട്ടിക്കൊണ്ടിരിക്കുന്ന ശതകോടികൾ കൂടാതെ മാസം തോറും എത്ര കോടി കൂടുതൽ കിട്ടുമെന്ന് നോക്കാം. മലയാളികളായി അറുപത് ലക്ഷം സബ്സ്ക്രൈബേഴ്സ് ഉണ്ടെങ്കിൽ6000000 X 19 ഈ തുകയെ 12 കൊണ്ട് ഗുണിച്ചാൽ വാർഷിക വരുമാനവും പിടി കിട്ടും. ഇത്രക്കും പണം നാട്ടിൽ നിന്നും പുറത്തേക്ക് പമ്പ് ചെയ്യാനായി കേന്ദ്രസർക്കാർ സൗകര്യം ഒരുക്കിയത് എന്തിനാണ്. അത് മറ്റൊരു പകൽകൊള്ള . ഓരോ പ്രേക്ഷകനും ഏഷ്യാനെറ്റിന് കൊടുക്കുന്ന 19 രൂപയുടെ 18% സർക്കാരിനാണ്. 3 രൂപ വെച്ച് ഒരാളിൽ നിന്നും കിട്ടും. ഇത് ഒരു ചാനൽ കാണാനുള്ള ചിലവാണ്. ഇനി സൂര്യ ചാനൽ കാണണമെങ്കിലോ ? വീണ്ടും കൊടുക്കണം 14 രൂപ. അതിൽ നിന്നും സർക്കാരിന് കൊടുക്കണം 18% വിഹിതം .

പക്ഷെ പ്രേക്ഷകർ വിചാരിച്ചാൽ ഈ ചാനൽ മുതലാളി – കേന്ദ്ര സർക്കാർ അവിശുദ്ധ ഐക്യം തകർക്കാനാകും. രണ്ട് മാസം ഈ ചാനലുകൾ കാണാതിരുന്നാൽ മതി. ഇതിനായി പണം മുടക്കാതിരിക്കുക. ഈ ഉപായം എങ്ങിനെ പ്രവർത്തിക്കുമെന്ന് നോക്കാം. ഇവരുടെ പ്രധാന വരുമാനം പരസ്യമാണല്ലോ. എത്ര പേർ ഒരു ചാനൽ കാണുന്നു എന്ന് നോക്കിയാണ് ആ ചാനലിന് പരസ്യം കിട്ടുക. ഏഷ്യാനെറ്റ് ഏറ്റവുമധികം പേർ കാണുന്നു എന്നത് കൊണ്ടാണ് ആ ചാനലിന് ഏറ്റവും കൂടുതൽ പരസ്യ വരുമാനം ലഭിച്ചു കൊണ്ടിരിക്കുന്നത് .അതിന് TRP റേറ്റിങ്ങ് ഉണ്ട്. ( കമന്റ് ബോക്സ് കാണുക )

ആളുകൾ കാണാതാകുമ്പോൾ റേറ്റിങ്ങിൽ കുറവു വരും. പരസ്യ വരുമാനവും നിലയ്ക്കും. പ്രധാന വരുമാനം നിലച്ചാൽ പിന്നെ അഡീഷണനലായി പ്രേക്ഷകരിൽ നിന്നും തട്ടിപ്പറിക്കാനുദ്ദേശിച്ച 19 രൂപയും ഗോവിന്ദയാകും. പിടിച്ചു നിൽക്കാനാകാതെ ഏഷ്യാനെറ്റിനും സൂര്യക്കുമൊക്കെ ഫ്രീ ചാനൽ ആയി മാറേണ്ടി വരും. മാറിയില്ലെങ്കിൽ ഫ്രീയായി ലഭിച്ചു കൊണ്ടിരിക്കുന്ന മഴവിൽ മനോരമ, ഫ്ലവേഴ്സ് പോലുള്ള ചാനലുകളിലേക്ക് പ്രേക്ഷകർ തിരിയും. പിന്നെ ഏഷ്യാനെറ്റിന് തിരിച്ചുവരാനാകില്ല.

പ്രേക്ഷകർ വിചാരിച്ചാൽ ഏഷ്യാനെറ്റും സൂര്യയും നടത്താനുദ്ദേശിക്കുന്ന പകൽ കൊള്ളയെ ഒരൊറ്റ മാസം കൊണ്ട് പൊളിച്ചടുക്കാം എന്നിരിക്കെ എന്തുകൊണ്ട് പ്രേക്ഷകർ അങ്ങിനെ വിചാരിക്കുന്നില്ല എന്ന് കൂടി എഴുതാം. പ്രേക്ഷകർക്ക് അവരിൽ ഇങ്ങിനെ ഒരു ശക്തി കുടികൊള്ളുന്നുണ്ട് എന്ന കാര്യം അറിയില്ല എന്നതാണ് പ്രധാന കാരണം. 60 ലക്ഷമുള്ള അവർ ഒറ്റയൊറ്റയായാണ് നിലകൊള്ളുന്നത്. അവരെ ബോധവൽക്കരിച്ച് ഒറ്റക്കെട്ടാക്കേണ്ടത് രാഷ്ട്രീയക്കാരും പ്രശ്സ്ത “നായ”കരുമാണ്. എന്നാൽ അവരെല്ലാം ഏഷ്യാനെറ്റ് പോലുള്ള ചാനലുകൾക്ക് പരിപൂർണ്ണമായും വിധേയരാണ്. അവരിൽ നിന്നും ആ ചാനലിന് നോവുന്ന ഒന്നും വരില്ല. അതു കൊണ്ട് തന്നെ വളരെ എളുപ്പത്തിൽ വിജയിക്കാവുന്ന ഒരു കാര്യത്തിൽ 60 ലക്ഷം പേരും തോൽക്കേണ്ടി വരുന്നു. ആന്റണി സാർ പറയുന്ന പോലെ ക്രൂരവും പൈശാചികവുമായ തോൽവി.

വാൽക്കഷണം.

കേന്ദ്ര സർക്കാരിന്റെ പുതിയ ചാനൽ നയം വന്നപ്പോൾ ഏഷ്യാനെറ്റ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു പരസ്യം കാണിച്ചു തുടങ്ങി. മോഹൻലാലിനെ കൊണ്ടാണ് അവർ ആ പരസ്യം ചെയ്യിച്ചത്. ഏഷ്യാനെറ്റിന്റെ 9 ചാനലുകൾ കാണാൻ വെറും 39 രൂപ എന്നാണ് ലാൽ പരസ്യത്തിലൂടെ അറിയിക്കുന്നത്. ലാലിന് പോലും ആ വാർത്ത കേട്ട് വിശ്വസിക്കാനാകുന്നില്ല. ആവർത്തിച്ചാവർത്തിച്ച് 39 രൂപയെന്ന് പറഞ്ഞ് ജനങ്ങൾക്ക് കൺഫുഷൻ ഉണ്ടാക്കുക എന്ന ഉദ്ദേശമാണ് ആ പരസ്യം നിർവ്വഹിക്കുന്നത്. ജനങ്ങൾ ഇപ്പോൾ എല്ലാ ചാനലുകൾക്കുമായി നൽകി വരുന്നത് 200 മുതൽ 240 രൂപ വരെയാണ്. ഏഷ്യാനെറ്റ് അടക്കം 9 ചാനൽ കിട്ടാൽ 39 രൂപ മതി എന്ന് കേട്ടാൽ ആർക്കാണ് സന്തോഷമുണ്ടാകാതിരിക്കുക. കുടുംബ ബഡ്ജറ്റിൽ കേബിൾ ടി.വിക്ക് 39 രൂപ മാത്രം ! പക്ഷെ എന്താണ് യാഥാർത്ഥ്യം?

നൂറു ഫ്രീ ചാനലുകൾ കാണുന്നതിനായി 130 രൂപ സർക്കാർ (TRAI)മിനിമം നിശ്ചയിച്ചിട്ടുണ്ട്. അതിനൊപ്പം 18% നികുതി കൂടിയാകുമ്പോൾ 154 രൂപയാകും. അതിനോടൊപ്പമാണ് മോഹൻലാൽ ഏഷ്യാനെറ്റിനു വേണ്ടി ചോദിച്ച 39 രൂപ കൂടി അടക്കേണ്ടി വരിക. പോര! 39 രൂപയുടെ 18% നികുതി വേറെയും വേണം. അതായ് 7 രൂപ വേറെ . മൊത്തം കണക്കാക്കുമ്പോൾ 130 +24 + 39 + 7 = 200 . അതായത് മുമ്പ് ഒരു പ്രേക്ഷകൻ എല്ലാ ചാനലുകൾക്കുമായി 200 രൂപയാണ് കൊടുത്തിരുന്നതെങ്കിൽ ഇപ്പോൾ ഏഷ്യാനെറ്റിന്റെ 9 പേചാനൽ കിട്ടാൻ മാത്രമായി 200 രൂപ കൊടുക്കണം. സൂര്യ ചാനൽ കൂടി കിട്ടണമെങ്കിൽ വീണ്ടും കൊടുക്കണം 14 രൂപ. അങ്ങിനെ ഓരോ ചാനലിനും വെവ്വേറെ പണം. യാഥാർത്ഥ്യം ഇങ്ങിനെയായിരിക്കെ മൊത്തം 39 രൂപക്ക് എല്ലാം കോംപ്ലിമെൻസായി എന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് ഏഷ്യാനെറ്റ്.

തലയുള്‍പ്പെടെ വേര്‍പെടുത്തിയ നിലയില്‍ ചാക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പ്രാഥമിക പരിശോധനയില്‍ മൃതദേഹം സ്ത്രീയുടേതാണെന്ന് മാത്രമാണ് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളത്. ഡല്‍ഹിയില്‍ തുറസ്സായ സ്ഥലത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. അന്വേഷണത്തിന്റെ ഭാഗമായി പ്രദേശത്തു നിന്നും കാണാതായവരുടെ വിവരങ്ങള്‍ പരിശോധിച്ചു വരികയാണ്. തുണ്ടുകളാക്കപ്പെട്ട നിലയിലാണ് ഡല്‍ഹിയിലെ അലിപുരില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു.

ഒരു വഴിയാത്രക്കാരനാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് അയച്ചു.മൃതദേഹത്തിന്റെ പല ഭാഗങ്ങളിലും പരിക്കേറ്റ പാടുകളുണ്ട്. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ ഉണ്ടായ പരുക്കുകയാണ് ഇതെന്നാണ് സംശയം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഡിസിപി ഗൗരവ് ശര്‍മ അറിയിച്ചു.

ശബരിമല കർമസമിതി പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിൽ എന്തിന്റെ പേരിലായാലും മാതാ അമൃതാനന്ദമയി പങ്കെടുക്കാൻ പാടില്ലായിരുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിവാര സംവാദ പരിപാടിയായ ‘നാം മുന്നോട്ടി’ലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അമൃതാനന്ദമയിയെ ആരാധിക്കുന്നവരും വിശ്വസിക്കുന്നവരും കേരളത്തിനകത്തും പുറത്തും ഉണ്ട്. അവർക്കുംപോലും ഇത്തരം വേദി പങ്കിടുന്നത് ഇഷ്ടമായിട്ടില്ല.

അമൃതാനന്ദമയിയെ തെറ്റായ പാതയിലേക്കു തള്ളിവിടാനുള്ള ശ്രമം സംഘപരിവാർ നേരത്തേ നടത്തിയിരുന്നു. അതിൽ കുടുങ്ങാതെ മാറി നിൽക്കാനുള്ള ആർജവം അവർ കാണിച്ചിരുന്നു. എന്നാൽ, ഇപ്പോഴത്തെ സംഭവം ആ പ്രതിച്ഛായയ്ക്കു മങ്ങലേൽപ്പിച്ചു. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നതിൽ തെറ്റില്ല എന്ന നിലപാടാണ് അമൃതാനന്ദമയി അടുത്തകാലം വരെ എടുത്തിരുന്നത്.
സമത്വത്തിനു വേണ്ടിയുള്ള സ്ത്രീ ഇടപെടലിൽ ഏറ്റവും കരുത്തുറ്റതാണു വനിതാമതിൽ. സമൂഹത്തിലെ എല്ലാവിഭാഗവും നല്ലരീതിയിൽ അണിനിരന്നു. മതിലിന്റെ വിജയത്തെക്കുറിച്ചു സംശയം ഇല്ലായിരുന്നു. എതിർപ്പുകൾ പോലും പ്രചാരണമാകുന്ന കാഴ്ചയാണു കണ്ടത്. ഇനി വിപുലീകൃത രൂപത്തിൽ നവോത്ഥാന സംരക്ഷണത്തിനുള്ള നടപടികളാണു വേണ്ടത്. നവോത്ഥാന മൂല്യങ്ങൾ അതേരീതിയിൽ വീണ്ടും ഉയർത്തിക്കൊണ്ടുവരിക എന്നതാണു പ്രധാനം. തുടർനടപടികളിൽ എല്ലാ വിഭാഗങ്ങളുടെയും സമുദായങ്ങളുടെയും പങ്കാളിത്തമുണ്ടാക്കാൻ നവോത്ഥാന മൂല്യ സംരക്ഷണ സമിതി തീരുമാനിച്ചിട്ടുണ്ട്.
വനിതാമതിലിന്റെ പ്രവർത്തനങ്ങളിൽ തന്നെ എല്ലാ വിഭാഗങ്ങളിലുമുള്ളവർ അണിനിരന്നിരുന്നു.. തുടർപ്രവർത്തനം എല്ലാ മേഖലകളിലുമുണ്ടാകും. സമൂഹത്തിനകത്തെ ഇടപെടലും അവബോധവുമാണ് പ്രധാനം. നവോത്ഥാന സംഘടനകൾ ഇക്കാര്യത്തിലുള്ള പ്രവർത്തനങ്ങൾ നടത്തും. സ്ത്രീ ശാക്തീകരണത്തിനും സ്ത്രീപുരുഷ തുല്യതയ്ക്കും സർക്കാർതലത്തിൽ ആവശ്യമായ നടപടികൾ സ്വീകരിക്കും. വളർന്നുവരുന്ന തലമുറയ്ക്കു നവോത്ഥാന മൂല്യങ്ങൾ വളർത്താൻ അക്കാദമിക ഇടപെടലുകൾ ഉണ്ടാകും. അധ്യാപകർക്കും ബോധവത്കരണം നടത്തും.

വിവിധ സർക്കാർ വകുപ്പുകളിൽ സ്ത്രീ ശാക്തീകരണത്തിന് ആവശ്യമായ കാര്യങ്ങൾ ചെയ്യുന്നുണ്ട്. ബജറ്റിലും ഇതിന്റെ നല്ല പ്രതിഫലനമുണ്ടാകും. ജെൻഡർ ബജറ്റ് നല്ല രീതിയിൽ അവതരിപ്പിക്കാനാകും. വകുപ്പുകളിൽ സ്ത്രീകൾക്കു കൂടുതൽ പ്രാധാന്യം നൽകുന്നിന്റെ ഭാഗമാണു ഫയർഫോഴ്‌സിൽ വനിതകളെ നിയമിക്കാനുള്ള തീരുമാനവും പൊലീസിൽ പ്രാതിനിധ്യം വർധിപ്പിക്കാനുള്ള നടപടികളും. എല്ലാരംഗത്തും പുരുഷനു തുല്യമായ അവകാശം സ്ത്രീകൾക്ക് ലഭ്യമാക്കണമെന്നതാണു നിലപാടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിറയിൻകീഴിൽ വീടിനോടു ചേർന്നുള്ള കിണറ്റിൽ വീണ് പ്ളസ് ടൂ വിദ്യാർഥിനി തൽക്ഷണം മരണമടഞ്ഞു. കിഴുവിലം മുടപുരത്ത് സർക്കാർ ആയുർവേദാശുപത്രിക്കു സമീപം അപർണാ നിവാസിൽ ജയൻ– ബിന്ദു ദമ്പതികളുടെ മകൾ ചിറയിൻകീഴ് കൂന്തള്ളൂർ പ്രേംനസീർ മെമ്മോറിയൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ആര്യാദേവി (17)യാണു മരിച്ചത്.

വെള്ളിയാഴ്ച വൈകിട്ടു ആറുമണിയോടെയാണു അപകടമുണ്ടായത്. കിണറ്റിൽ വൻശബ്ദത്തോടെ എന്തോ പതിച്ചെന്നു കേട്ട ആര്യയുടെ അമ്മ പുറത്തിറങ്ങി കിണറ്റിൽ നോക്കിയപ്പോഴാണ് മകൾ വീണുകിടക്കുന്നത് കണ്ടെത്തിയത്. മുപ്പതടിയിലേറെ താഴ്ചയുള്ള കിണറ്റിൽ സമീപവാസികളിൽ ചിലർ ഇറങ്ങി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകിയെങ്കിലും പരാജയപ്പെട്ടു.

ഇതിനിടെ ചിറയിൻകീഴ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസ് ആറ്റിങ്ങൽ നിന്നും ഫയർഫോഴ്സുമായെത്തി പെൺകുട്ടിയെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.

ഒരമ്മ കുഞ്ഞിനെ നോക്കുന്നതുപോലെ നാലര വർഷമായി ഹരിയെ പരിചരിക്കുന്ന ഭാര്യ ശോഭയ്ക്കറിയാം. നഷ്ടപ്പെട്ടതൊന്നും തിരിച്ചു കിട്ടില്ലെന്ന്. കടന്നു പോയ യാതനകൾക്ക് അത്ര വേദനയായിരുന്നു. നഷ്ടമായ സ്വപ്നങ്ങൾക്ക് അത്രയും വിലയുണ്ടായിരുന്നു. എങ്കിലും ഈ നഷ്ടപരിഹാരത്തുക പിടിവള്ളിയാണ്. കാരണം ഹരിയുടെ ചികിൽസ നടത്താമല്ലോ? ശോഭ ആശ്വസിക്കുന്നത് അങ്ങിനെയാണ്. പലിശ ഉൾപ്പെടെ 2.63 കോടി രൂപയാണ് അപകടത്തിൽ തളർന്ന ഹരിയ്ക്ക് നഷ്ടപരിഹാരമായി കിട്ടിയത്.

കേരളത്തിലെ തന്നെ ഏറ്റവും വലിയ നഷ്ടപരിഹാരത്തുക ഭർത്താവിന്റെ ദുരന്തത്തിനു പകരമായി അനുവദിച്ച ദിവസം വീട്ടിലിരുന്ന് ശോഭ പഴയകാലം ഓർത്തു. വേളി ഇംഗ്ലിഷ് ഇന്ത്യൻ ക്ലേയിലെ ജോലിക്കു പുറമെ ഐഎൻടിയുസി യൂണിയൻ ജനറൽ സെക്രട്ടറിയും പാഴോട്ടുകോണം വാർഡ് പ്രസിഡന്റുമായിരുന്ന ഹരികുമാറിന്റെ ചുറുചുറുക്കുള്ള കാലം. എൻഎസ് എന്ന് ആളുകൾ സ്നേഹപൂർവം വിളിച്ചിരുന്ന സാമൂഹ്യപ്രവർത്തകൻ ഭാര്യയുടെ വാക്കുകൾ നിശ്ശബ്ദം കേട്ടിരുന്നു. ഇടയ്ക്ക് സംസാരം നിർത്തി ശോഭ ഹരിയുടെ മുഖം തുടച്ചു കൊടുത്തു.

‘‘അപകടത്തെത്തുടർന്ന് ഒന്നരമാസം അബോധാവസ്ഥയിലായിരുന്നു.. മുഖത്തെ എല്ലുകൾ പൊട്ടിപ്പൊടിഞ്ഞു. തുടരെ ശസ്ത്രക്രിയകൾ. പിന്നെ വളരെ പതുക്കെ ജീവിതത്തിലേക്ക് തിരികെ വന്നു. നിശ്ശബ്ദമായി . അപകടത്തോടെ സംസാരശേഷി പൂർണമായും അന്യമായിരുന്നു.ഭക്ഷ​ണം ആദ്യം മൂക്കിലൂടെ ട്യൂബ് ഇട്ടായിരുന്നു നൽകിയത്.. അണുബാധ ഭയന്ന് പിന്നീട് വയറ്റിൽ നിന്നു തന്നെ ട്യൂബിട്ടു. ചികിൽസയുടെ തുടർച്ചയായി ഇൻസുലിൻ കുത്തിവയ്പു വേണ്ടിവന്നു. ’

കുത്തിവയ്പ് ​എടുക്കുന്നതും മൂത്രം പോകാനുള്ള ട്യൂബ് മാറ്റുന്നതുമൊക്കെ ശോഭ തന്നെയാണ്. ഇപ്പോൾ വായിലൂടെ ഭക്ഷണം കഴിക്കാമെന്നായിട്ടുണ്ട്. എഴുന്നേൽപ്പിച്ച് ഇരുത്തിയാൽ കസേരയിൽ ചാരി ഇരിക്കാനാകും..മൂന്നു കൊല്ലംകൊണ്ടാണ്.

ഇരിക്കാൻ കഴിയുന്ന സ്ഥിതിയിലേക്ക് വന്നത്. എന്തെങ്കിലും ആവശ്യം അറിയിക്കുന്നത് ആംഗ്യം കൊണ്ടാണ്. പറഞ്ഞാൽ കേട്ടിരിക്കും. ശോഭയുടെ അമ്മ സുശീലാമ്മയും ഹരികൂമാറിനെ പരിചരിക്കാനായി ഇവർക്കൊപ്പം തന്നെയുണ്ട്. ‘‘പാഴായത് രണ്ടു ജന്മങ്ങളാണ്.’’ ശോഭ പറഞ്ഞു. ‘‘നഷ്ടം നഷ്ടം തന്നെയാണ്. പണം കൊണ്ട് ഒന്നും തിരികെകിട്ടില്ല. ചികിത്സയ്ക്കായി കമ്പനിയും പാർട്ടിയുമൊക്കെ സഹായിച്ചു.

വീടിരിക്കുന്ന സ്ഥലം ഒഴികെ ബാക്കി വിറ്റു. ഒരാളെ സഹായത്തിനു നിർത്താൻ കഴിയില്ലായിരുന്നു. ഫിസിയോ തെറപ്പി ചെയ്യുന്നതു വരെ നിർത്തേണ്ടി വന്നു. പക്ഷേ പഴയ ഹരികുമാറായി വീണ്ടും ഭർത്താവിനെ കാണണം, അതിനു വേണ്ടിയാണ് പിടിച്ചു നിന്നത്. കാണാൻ കഴിയുമെന്നാണ് വിശ്വാസവും’’. ശോഭയുടെ വാക്കുകൾക്ക് അസാധ്യമായൊരു കരുത്തുണ്ട്.അപകടത്തിനു മുൻപ് ആഘോഷമായിരുന്നു തങ്ങൾക്കു ജീവിതമെന്ന് ശോഭ ഓർക്കുന്നു. അതുകൊണ്ടു തന്നെ കരഞ്ഞിരുന്നില്ല. മക്കളുടെ പഠിപ്പു മുടക്കിയില്ല. രണ്ടാൺ മക്കളാണ് ഇവർക്ക്. മൂത്തയാൾ അനന്തകൃഷ്ണൻ സ്കോളർഷിപ്പോടെ ജർമനിയിൽ ബിബിഎയ്ക്ക് പഠിക്കുന്നു. രണ്ടാമൻ നന്ദകൃഷ്ണൻ പട്ടാളത്തിൽ ചേർന്നു.

2014 ജൂലൈ 20നു ഉച്ചയ്ക്ക് കവടിയാർ– വെള്ളയമ്പലം റോഡിലായിരുന്നു അപകടം.അപകടം നടക്കുമ്പോൾ ഹരികുമാറിന് 47 വയസായിരുന്നു. അപകടശേഷം കിടപ്പിലായ ഹരികുമാറിന് ഇപ്പോൾ കസേരയിൽ ചാരി ഇരിക്കാൻ കഴിയുന്നുണ്ടെങ്കിലും സംസാരശേഷി പൂർണമായും നഷ്ടപ്പെട്ടതു വീണ്ടെടുക്കാനായിട്ടില്ല.

ആൻലിയ എന്ന പെൺകുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ തനിക്കെതിരായി ഉയർന്ന ആരോപണങ്ങൾക്കു മറുപടിയുമായി വൈദികൻ. ഒരു കാര്യവുമില്ലാതെയാണ് തന്നെ കേസിലേയ്ക്ക് വലിച്ചിഴയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിലും മറ്റും കടുത്ത ആക്രമണം ഉള്ളതിനാൽ തന്റെ ജീവിതം ദുസ്സഹമാകുന്ന സാഹചര്യത്തിലാണ് ഈ വിശദീകരണമെന്ന് അദ്ദേഹം വ്യക്തമാക്കി.

‘പെൺകുട്ടിയുടെ പിതാവ് പറയുന്നതു പോലെ അടുത്ത ബന്ധമാണ് തനിക്ക് നേരത്തേ മുതൽ ആ കുടുംബത്തോട് ഉണ്ടായിരുന്നത്. പ്രതിസ്ഥാനത്തുള്ള ജസ്റ്റിന്റെ കുടുംബവുമായി പ്രത്യേക അടുപ്പമോ നേരത്തെ മുതലുള്ള ബന്ധമോ ഇല്ല. അദ്ദേഹം പറയുന്നതു പോലെ അവരുമായി ബന്ധപ്പെടാറുമില്ല. ഇത് എന്റെ ഫോൺ റെക്കോർഡുകൾ പരിശോധിച്ച് ബോധ്യപ്പെടാവുന്നതാണ്. ജസ്റ്റിനെതിരെ കേസ് കൊടുക്കാൻ മുതിർന്നപ്പോൾ നിരുൽസാഹപ്പെടുത്തി എന്ന ആരോപണം ശരിയല്ല, പക്ഷെ തനിക്കറിയാവുന്ന കാര്യങ്ങൾ സത്യസന്ധമായി മാത്രമേ പൊലീസിനോടു പറയൂ എന്നു പറഞ്ഞിരുന്നു. കേസ് കൊടുക്കുകയോ, കൊടുക്കാതിരിക്കുകയൊ അവരുടെ ഇഷ്ടമാണ്.’’ – അദ്ദേഹം പറഞ്ഞു.

ആൻലിയയ്ക്ക് മാനസിക പ്രശ്നമുണ്ടോ എന്ന് പൊലീസ് ചോദിച്ചപ്പോൾ ഇല്ല എന്നു തന്നെയാണ് പൊലീസിനോടു പറഞ്ഞത്. ജസ്റ്റിന്റെ മാതാപിതാക്കളും തന്നോട് ഇത് ചോദിച്ചിരുന്നു. അവരോടും അങ്ങനെയാണ് പറഞ്ഞത്. അല്ലാതെ ഒരു മൊഴി കൊടുത്തിട്ടില്ല. ആൻലിയയുടെ പിതാവിനെതിരെ കമ്മിഷണറെ സമീപിച്ചു എന്നത് ശരിയാണ്. അതിനു കാരണം ഒരു മാധ്യമത്തിൽ തന്റെ പേരു വച്ച് വാർത്ത നൽകിയിരുന്നു. ‘ജസ്റ്റിസ് ഫോർ ആൻലിയ’ എന്ന ഫെയ്സ്ബുക് പേജിൽ തനിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനെല്ലാമെതിരെയാണ് പരാതി നൽകിയത്. ഇക്കാര്യം എറണാകുളം എസിപിയോടു പറഞ്ഞിരുന്നു. മട്ടഞ്ചേരി എസിപിക്കു മുന്നിലാണ് പരാതി നൽകിയത്. കമ്മിഷണറെ കാണാൻ പറഞ്ഞെങ്കിലും ഇതിന്റെ പിന്നാലെ നടക്കാൻ താൽപര്യമില്ലാത്തതിനാലാണ് വിട്ടത്.

പെൺകുട്ടി മരിക്കുന്നതിനു മുമ്പ് പലതവണ പരാതികൾ ഉയർന്നപ്പോൾ അദ്ദേഹത്തോട് ആവശ്യപ്പെട്ടതാണ് നാട്ടിൽ വരാനും വേണ്ടതു ചെയ്യാനും. പെൺകുട്ടി ഡിവോഴ്സ് വേണമെന്ന് പറയുന്ന കാര്യവും പറഞ്ഞതാണ്. അന്ന് അദ്ദേഹം അതിന് മുതിർന്നില്ല. അതോടെ ആ കേസ് ഞാൻ ഉപേക്ഷിച്ചതാണ്. അധികമായി ലാളിച്ചു വളർത്തിയതിന്റെ കുഴപ്പങ്ങൾ പെൺകുട്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ട്. ജസ്റ്റിൻ പെൺകുട്ടിയെ അടിക്കുമായിരുന്നു എന്നു പറയുന്നത് ശരിയാണ്’ – വൈദികൻ പറഞ്ഞു.

സംവിധായകന്‍ പ്രിയനന്ദനനു നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയില്‍ വീടിനടുത്തുള്ള കടയിലേക്കു പോകുമ്പോഴായിരുന്നു തലയില്‍ ചാണക വെള്ളം ഒഴിച്ച് മര്‍ദ്ദിച്ചത്. ആക്രമിച്ച ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ സരോവറിനെ മണിക്കൂറുകള്‍ക്കകം കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് പിടികൂടി.

രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. തൃശൂര്‍ വല്ലച്ചിറയിലെ വീടിനു സമീപമുള്ള കടയില്‍ സാധാനങ്ങള്‍ വാങ്ങാന്‍ പോയതായിരുന്നു പ്രിയനന്ദന്‍. കടയുടെ പരിസരത്ത് എത്തിയപ്പോഴായിരുന്നു ആക്രമണം. തലയില്‍ ചാണകം വെള്ളം ഒഴിച്ചു. തലയിലും മുഖത്തും മര്‍ദ്ദിച്ചു. കണ്ടുനിന്ന നാട്ടുകാരും സുഹൃത്തുക്കളും ഓടി എത്തിയപ്പോഴേയ്ക്കും അക്രമി രക്ഷപെടുകയായിരുന്നു.

ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫെയ്സ്ബുക് പോസ്റ്റ് വിവാദമായിരുന്നു. ഭാഷ മോശമാണെന്ന് ബോധ്യപ്പെട്ടപ്പോള്‍ അദ്ദേഹംതന്നെ ആ പോസ്റ്റ് നീക്കം ചെയ്തിരുന്നു. പക്ഷേ, ബി.ജെ.പി., ശബരിമല കര്‍മസമിതി പ്രവര്‍ത്തകര്‍ പ്രിയനന്ദനനു നേരെ പ്രതിഷേധവുമായി രംഗത്തെത്തി. വീട്ടിലേക്ക് മാര്‍ച്ച് ചെയ്തിരുന്നു. ഈ സംഭവത്തിനു ശേഷം ഭീഷണി വ്യാപകമായിരുന്നു. പൊലീസ് സംരക്ഷണം ആവശ്യപ്പെടില്ലെന്ന് പ്രിയനന്ദനന്‍ വ്യക്തമാക്കി. പ്രിയനന്ദനനു നേരെയുണ്ടായ അക്രമത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ അപലപിച്ചു. ആവിഷ്ക്കാര സ്വാതന്ത്രത്തിനു നേരെയുണ്ടായ കടന്നാക്രമണമാണിതെന്നും മുഖ്യമന്ത്രി പ്രസ്താവിച്ചു. അതേസമയം, പങ്കില്ലെന്ന് പറഞ്ഞ് ബി.ജെ.പി തടിയൂരി.

ര‍ഞ്ജി ട്രോഫി ക്രിക്കറ്റ് സെമി ഫൈനലില്‍ വിദര്‍ഭയ്ക്കെതിരെ കേരളത്തിന് ഇന്നിങ്സ് തോല്‍വി‍.വയനാട്ടിലെ കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന സെമിപോരാട്ടത്തിൽ നിലവിലെ ചാംപ്യൻമാരായ വിദർഭയോട് ഇന്നിങ്സിനും 11 റൺസിനും കേരളം തോറ്റു.കഴിഞ്ഞ സീസണിൽ ക്വാർട്ടറിലായിരുന്നു തോൽവിയെങ്കിൽ ഇക്കുറിയത് സെമിയിലായി എന്നു മാത്രം. തോറ്റെങ്കിലും, ചരിത്രത്തിലാദ്യമായി സെമി കളിച്ചതിന്റെ ചാരിതാർഥ്യത്തോടെയാണ് കേരളത്തിന്റെ മടക്കം.

102 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങിയ കേരളത്തിന് 85 റണ്‍സെടുക്കുന്നതിനിെട ഒന്‍പത് വിക്കറ്റ് നഷ്ടമായിരുന്നു. നാല് വിക്കറ്റ് വീതം വീഴ്ത്തിയ ഉമേഷ് യാദവും യഷ് താക്കൂറുമാണ് കേരളത്തെ തകര്‍ത്തത്. 17 റണ്‍സെടുത്ത സിജോമോനാണ് അവസാനം പുറത്തായത്. ഒന്നാമിന്നിങ്സില്‍ വിദര്‍ഭ 208 റണ്‍സ് നേടിയിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് വന്‍ജയം പ്രവചിച്ച് എബിപി ന്യൂസ്- സീവോട്ടര്‍ സര്‍വ്വേ. കേരളത്തിലെ ആകെയുള്ള 20 സീറ്റുകളില്‍ 16-ലും യുഡിഎഫ് ജയിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു. നാല് സീറ്റുകളില്‍ എല്‍‍ഡിഎഫ് ജയിക്കും. ശബരിമല വിഷയം മുന്‍നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിജെപിയ്ക്കും എന്‍ഡിഎയ്ക്കും ഇക്കുറിയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും സര്‍വ്വേ പറയുന്നു.

നിലവില്‍ 12 സീറ്റുകള്‍ യുഡിഎഫും എട്ട് സീറ്റുകള്‍ എല്‍ഡിഎഫും ആണ് കൈവശം വച്ചിരിക്കുന്നത്. എല്‍ഡിഎഫിന്‍റെ എട്ട് സീറ്റില്‍ പകുതിയും യുഡിഎഫ് പിടിച്ചെടുക്കും എന്ന പ്രവചനാണ് നടത്തുന്നത്.
അതേസമയം തമിഴ്നാട്ടില്‍ ആകെയുള്ള 39 സീറ്റുകളും ഡിഎംകെ- കോണ്‍ഗ്രസ് സഖ്യം തൂത്തുവാരുമെന്നാണ് സര്‍വ്വേ പ്രവചനം.

എറണാകുളം സ്വദേശിനിയായ നഴ്‌സ് ആന്‍ലിയ ഹൈജിനസിന്റെ മരണം സംബന്ധിച്ച് തനിക്കും കുടുംബത്തിനുമെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിശദീകരണവുമായി ഭര്‍ത്താവ് ജസ്റ്റിന്‍ രംഗത്ത്. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പറയുന്ന ഭാര്യാപിതാവ് വിവാഹത്തിന് മുന്‍പ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നാണ് തൃശൂര്‍ അന്നകര സ്വദേശിയുമായ ജസ്റ്റിന്‍ നവമാധ്യമത്തിലൂടെ വെളിപ്പെടുത്തുന്നത്. തനിക്കും കുടുംബത്തിനുമെതിരേ ആന്‍ലിയയുടെ പിതാവും ബന്ധുക്കളും ഉന്നയിച്ച ആരോപണങ്ങള്‍ എല്ലാം അടിസ്ഥാനരഹിതമാണ്. ജസ്റ്റിന്റെ വിശദീകരണം 2016 ഡിസംബര്‍ ഇരുപത്താറിനാണ് ഞങ്ങളുടെ വിവാഹം കഴിഞ്ഞത്. ഇപ്പോള്‍ ഒരു വയസുള്ള ആണ്‍കുട്ടിയും ഉണ്ട്. കുട്ടി ഇപ്പോള്‍ എന്റെ കൂടെ വീട്ടിലാണ്. ആന്‍ലിയയുടെ മാതാപിതാക്കളും ബന്ധുക്കളും ചേര്‍ന്ന് എനിക്കെതിരെ ഉയര്‍ത്തുന്നത് തെറ്റായ ആരോപണങ്ങളാണ്.

മകളെ നഷ്ടപ്പെട്ട മാതാപിതാക്കളുടെ വേദനയും അതുവഴി ഉണ്ടായ സമ്മര്‍ദ്ദവും കൊണ്ടാണ് അവര്‍ എന്നെ കുറ്റക്കാരനാക്കുന്നതെന്നാണ് ആദ്യം ഞാന്‍ വിചാരിച്ചിരുന്നത്. ആരോപണങ്ങള്‍ തുടരുകയും എനിക്കും എന്റെ കുടുംബത്തിനും ഇത് ഭാരമാവുകയും ചെയ്തതിനാലാണ് ഇങ്ങനെയൊരു വിശദീകരണത്തിന് ഞാന്‍ നിര്‍ബന്ധിതനായിരിക്കുന്നത്. കോടതി വഴി നീതി ലഭിക്കാന്‍ വര്‍ഷങ്ങള്‍ എടുക്കും. എന്നാല്‍ എനിക്കും കുഞ്ഞിനും വീട്ടുകാര്‍ക്കുമൊക്കെ ഇവിടെ ജീവിക്കണ്ടതല്ലേ. ആന്‍ലിയയുടെ സ്വര്‍ണം ചോദിച്ച് ഞാന്‍ പീഡിപ്പിച്ചു എന്നതാണ് പ്രധാന ആരോപണം. വിവാഹത്തിന് രണ്ട് ദിവസങ്ങള്‍ക്കുശേഷം ബാങ്കിലെ ലോക്കറില്‍ വച്ച സ്വര്‍ണം ഇതുവരെ അവിടെ നിന്ന് ഞാന്‍ എടുത്തിട്ടില്ല. ലോക്കറ് തുറന്നിട്ടുപോലുമില്ല എന്നതാണ് സത്യം.

ആന്‍ലിയയ്ക്ക് അലമാര വാങ്ങുന്നതിനായി അവളുടെ പപ്പ തന്ന 30,000 രൂപയാണ് ഞങ്ങള്‍ തമ്മില്‍ ആകെയുണ്ടായിട്ടുള്ള പണമിടപാട്. ഇതിനെല്ലാം വ്യക്തമായ തെളിവുകളും എന്റെ കൈവശമുണ്ട്. കാണാതായ ദിവസം ആന്‍ലിയ വിളിച്ച്, ഞാന്‍ പോവുകയാണ്, ഇനി അന്വേഷിക്കരുത്, കുഞ്ഞിനെ നോക്കണം എന്നെല്ലാം പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. തിരിച്ചുവിളിച്ചപ്പോള്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പഠിക്കാനും പാട്ടുപാടാനുമൊക്കെ മിടുക്കിയായിരുന്ന ആന്‍ലിയയില്‍, വിവാഹത്തിന് കുറച്ച് നാളുകള്‍ക്കുശേഷം ചെറിയ മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദേഷ്യവും വാശിയുമൊക്കെ സ്വാഭാവിക മാറ്റമാണെന്നാണ് ഞാന്‍ കരുതിയിരുന്നത്. ഒരു വര്‍ഷം മുമ്പുതന്നെ ആന്‍ലിയയുടെ ചില ഡയറിക്കുറിപ്പുകള്‍ ഞാനും എന്റെ പപ്പയും കണ്ടിരുന്നു. അതില്‍ പലതും ആത്മഹത്യയെക്കുറിച്ചുള്ളതായിരുന്നു. അത് ആന്‍ലിയയുടെ പപ്പയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോഴും അതൊക്കെ അവളുടെ കുട്ടിക്കളിയാണെന്നാണ് അദ്ദേഹം പറഞ്ഞത്.

ഡയറി എഴുതുന്ന ആളാണെങ്കില്‍ വിവാഹത്തിനും മുന്പും എഴുതിക്കാണില്ലേ. അതൊന്നും പക്ഷേ അവര്‍ കാണിക്കുന്നുമില്ല. ഞാന്‍ ആന്‍ലിയയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു എന്നാണ് അവരുടെ മറ്റൊരാരോപണം. എങ്കില്‍ ഇതെന്തുകൊണ്ട് ആന്‍ലിയ മരിക്കുന്നതിന് മുന്പ് അവര്‍ എന്നോട് ചോദിച്ചില്ല. എല്ലാ ആരോപണങ്ങളും ആന്‍ലിയ മരിച്ചതിനുശേഷമാണ് അവര്‍ ഉയര്‍ത്തുന്നത്. നാട്ടിലെ അവസ്ഥ മോശമാണെന്നും അതുകൊണ്ട് ആന്‍ലിയയുടെ ശവസംസ്‌കാരത്തിന് വരേണ്ടെന്നും അവരുടെ പള്ളിയിലെ വൈദികന്‍ അറിയിച്ചതുകൊണ്ടാണ് മരണാനന്തര ചടങ്ങില്‍ ഞാനും വീട്ടുകാരും പങ്കെടുക്കാതിരുന്നത്. ആന്‍ലിയയുടെ അപകടകരമായ ചിന്തകളും വിഷാദവുമെല്ലാം മാറാന്‍ വേണ്ടിയാണ് അവളെ ബംഗളൂരുവില്‍ എംഎസ് സി നഴ്‌സിംഗിന് അയച്ചത്. അല്ലാതെ അവളുടെ വീട്ടുകാര്‍ ആരോപിക്കുന്നതുപോലെ നിര്‍ബന്ധിച്ച് അയച്ചതല്ല.

മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ അവരുടെ സ്‌നേഹവും വാത്സല്യവും ലഭിക്കാതെ വളര്‍ന്ന കുട്ടിയാണ് താനെന്നും ആ അവസ്ഥ നമ്മുടെ മോനുണ്ടാവരുതെന്നും ആന്‍ലിയ എപ്പോഴും പറഞ്ഞിരുന്നു. ആന്‍ലിയയ്ക്ക് ഇങ്ങനെയുള്ള സ്വഭാവം ഉണ്ടായിരുന്നെങ്കില്‍ എന്തുകൊണ്ട് ഡിവോഴ്‌സിന് ശ്രമിച്ചില്ല എന്നും ആളുകള്‍ ചോദിക്കുന്നുണ്ട്. എനിക്ക് ആന്‍ലിയയെ അത്രയ്ക്ക് ഇഷ്ടമായിരുന്നെന്നും ഞങ്ങള്‍ക്ക് കുറേ സ്വപ്നങ്ങള്‍ ഉണ്ടായിരുന്നു എന്നതുമാണ് അതിന് ഉത്തരമായി എനിക്ക് പറയാനുള്ളത്. അതുകൊണ്ടാണ് ഡിവോഴ്‌സിന് ശ്രമിക്കാതെ അവളെ ചികിത്സിച്ച് ഭേദമാക്കാന്‍ ശ്രമിച്ചത്.

എന്തൊക്കെ സംഭവിച്ചാലും തന്റെ ഭാഗം ന്യായീകരിക്കാന്‍ മതിയായ തെളിവുകളുള്ളതിനാല്‍ പതറാതെ മുന്നോട്ടുപോകാന്‍ തന്നെയാണ് തീരുമാനമെന്ന് പറഞ്ഞാണ് ജസ്റ്റിന്‍ വിശദീകരണം അവസാനിപ്പിക്കുന്നത്. സ്വപ്നങ്ങളൊന്നും നടന്നില്ലെങ്കിലും വീട്ടില്‍ കാത്തിരിക്കുന്ന കുഞ്ഞിനുവേണ്ടി എല്ലാം ധൈര്യത്തോടെ തന്നെ നേരിടുമെന്നും കുഞ്ഞുങ്ങളെ തനിച്ചാക്കി ജോലി തേടി വിദേശത്തും മറ്റും പോകുന്നവര്‍ക്ക് ആന്‍ലിയയുടെ മാനസികാവസ്ഥയും അവളുടെ ജീവിതവും പാഠമാകണമെന്നും ജസ്റ്റിന്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

സംഭവത്തില്‍ ഒട്ടേറെ ആരോപണങ്ങളും ചര്‍ച്ചകളും സമൂഹമാധ്യമങ്ങളിലടക്കം ഉയര്‍ന്നു വന്നതോടെയാണ് ജസ്റ്റിന്റെ വിശദീകരണം. കഴിഞ്ഞ ഓഗസ്റ്റ് 25 ന് തൃശൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് കാണാതായ ആന്‍ലിയയുടെ മൃതദേഹം മൂന്ന് ദിവസങ്ങള്‍ക്കുശേഷം ആലുവയ്ക്കടുത്ത് പെരിയാറില്‍ കണ്ടെത്തുകയായിരുന്നു. മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും കേസന്വേഷിക്കുന്ന തൃശൂര്‍ ലോക്കല്‍ പോലീസിന്റെ നടപടികള്‍ മന്ദഗതിയിലാണെന്നും ചൂണ്ടിക്കാട്ടി ഏറെക്കാലം ജിദ്ദയില്‍ പ്രവാസിയായിരുന്ന പിതാവ് ഫോര്‍ട്ട് കൊച്ചി നസ്രേത്ത് പാറയ്ക്കല്‍ ഹൈജിനസ് (അജി പാറയ്ക്കല്‍) മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ചിന്റെ അന്വേഷണവും പുരോഗമിക്കുകയാണ്.

RECENT POSTS
Copyright © . All rights reserved