Kerala

ആലപ്പുഴ: ഇന്ന് ആലപ്പുഴയിലെത്തുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കുട്ടനാട് സന്ദര്‍ശിക്കാന്‍ സാധ്യതയില്ലെന്ന് സൂചന. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അവലോക യോഗത്തില്‍ പങ്കെടുത്ത ശേഷം പിണറായി തിരിച്ചു പോകുമെന്നാണ് നിലവില്‍ ലഭിച്ചിരിക്കുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പ്രളയം ബാധിച്ച മേഖലകളില്‍ സന്ദര്‍ശനം നടത്തുമെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കോ ജില്ലാ ഭരണകൂടത്തിനോ നിര്‍ദേശം നല്‍കിയിട്ടില്ല.

അതേസമയം ആലപ്പുഴയില്‍ എത്തിയിട്ടും കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവലോകന യോഗം ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. കുട്ടനാട് സന്ദര്‍ശിക്കാന്‍ തയ്യാറാകാത്ത മുഖ്യമന്ത്രിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നേരത്തെ പ്രതിപക്ഷം ഉയര്‍ത്തിയത്. ജില്ലയില്‍ നിന്നുള്ള മൂന്ന് മന്ത്രിമാരും സ്ഥലം എം.എല്‍.എയും കുട്ടനാട്ടിലെ ദുരിത മേഖലകള്‍ സന്ദര്‍ശിക്കാതിരുന്നത് വിവാദമായിരുന്നു.

കേരളം സന്ദര്‍ശിക്കാനെത്തുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സ്വീകരിക്കാനാണ് മുഖ്യമന്ത്രി തലസ്ഥാനത്തേക്ക് തിരക്കിട്ട് മടങ്ങുന്നതെന്നാണ് വിശദീകരണം. നേരത്തെ മന്ത്രി ജി. സുധാകരന്‍ കുട്ടനാട്ടിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ മാള്‍ ഉദ്ഘാടനം ചെയ്യാനെത്തിയ എത്തിയ സിനിമാതാരം ദുല്‍ഖര്‍ സല്‍മാനെ കാണാനെത്തിയവരുടെ തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ മരിച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം പ്രാവച്ചമ്പലം സ്വദേശി ഹരി(45) ആണ് മരിച്ചത്. തിരുവനന്തപുരത്ത് നിന്ന് ഓട്ടോയിലാണ് ഹരി കൊട്ടരക്കരയില്‍ എത്തിയത്.

കൊട്ടാരക്കയില്‍ ഐമാള്‍ ഉദ്ഘാടനത്തിന് വന്നതായിരുന്നു ദുല്‍ഖര്‍. സമീപ പ്രദേശത്തെ കടകള്‍ക്കു കെട്ടിടങ്ങള്‍ക്കു മുകളിലും മറ്റുമായി ആയിരക്കണക്കിന് പേരാണ് താരത്തെ കാണാനെത്തിയത്. ഇതിനിടയില്‍ തിക്കിലും തിരക്കിലും പെട്ടാണ് ഹരി മരണപ്പെട്ടത്.

യുജിസി നെറ്റ് പരീക്ഷയെന്നത് വിദ്യാര്‍ത്ഥികളെ സംബന്ധിച്ചടത്തോളം ബാലികേറാമല തന്നെയാണ്. ഉറക്കമിളച്ചും കഠിനാദ്ധ്വാനം ചെയ്തുമൊക്കെ തന്നെയാണ് പല വിദ്യാര്‍ത്ഥികളും അദ്ധ്യാപനമെന്ന സ്വപ്നത്തിലേക്കുള്ള ആദ്യ കടമ്പ കടക്കുന്നത്. ഇക്കുറി നെറ്റ് വന്നപ്പോഴും നമ്മള്‍ കേട്ടു. ഭഗീരഥ പ്രയത്‌നത്തിനൊടുവില്‍ നെറ്റ് നേടിയ കുറേ മിടുക്കന്‍മാരുടേയും മിടുക്കികളുടേയും കഥകള്‍. എന്നാല്‍, പത്ത് നെറ്റുണ്ടായിട്ടും ഒരു കാര്യവുമുണ്ടായിട്ടില്ലെന്ന് വ്യക്തമാക്കുകയാണ് അനുപമ എം ആചാരി എന്ന വിദ്യാര്‍ത്ഥി.

ജാതിയും മതവും പണവുമാണ് മിക്ക കോളേജുകളിലും ജോലി കിട്ടാന്‍ മാനദണ്ഡമെന്നും അനുപമ പറയുന്നു. മുപ്പത്തിയഞ്ച് ലക്ഷം വരെ ചോദിക്കുന്ന സ്ഥാപനങ്ങളുണ്ട്. അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി പി.എസ്.സി ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു. എന്നും അനുപമ ഫേസ്ബുക്കിലെഴുതിയിരിക്കുന്നു.

അനുപമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്:

ഇന്നലെ യുജിസി നെറ്റ് എക്‌സാമിന്റെ റിസല്‍ട്ട് വന്നു. ഫ്രണ്ട്‌ലിസ്റ്റില്‍ ഉള്ള പലരുടെയും വിജയം അവര്‍ പോസ്റ്റിലൂടെ എക്‌സ്പ്രസ്സ് ചെയ്യുകയും അതിനു ഞാന്‍ വരവ് വക്കുകയും ചെയ്തു. എല്ലാര്‍ക്കും അഭിനന്ദനങ്ങള്‍. അതോടൊപ്പം കയ്‌പേറിയ ഒരു സത്യം വിജയികള്‍ക്കായി പങ്ക് വയ്ക്കുന്നു. Anupama m nath എന്ന എനിക്ക് english ലിറ്ററേച്ചറില്‍ പത്തു നെറ്റ് ആണ് ഉള്ളത്. Jrf കിട്ടാനായി പലതവണ എഴുതിയപ്പോഴും അത് കിട്ടാതെ വരികയും അങ്ങനെ പത്തു നെറ്റില്‍ എത്തി നില്‍ക്കുകയും ചെയ്തു. കോളേജ് അധ്യാപിക ആവുക എന്നത് മാത്രം ആയിരുന്നു പത്താം ക്ലാസ്സ് മുതല്‍ക്കുള്ള സ്വപ്നം. പ്ലസ് ടു സയന്‍സ് എടുത്തു പഠിച്ചു ഉയര്‍ന്ന മാര്‍ക്ക് വാങ്ങിയെങ്കിലും. ഡിഗ്രി ഇംഗ്ലീഷ് ലിറ്ററേച്ചര്‍ എടുത്തു.

മഹാരാജാസില്‍ പിജി ചെയ്യുമ്പോഴും മനസ്സ് നിറയെ ആ കോളേജില്‍ തന്നെ ഭാവിയില്‍ പഠിപ്പിക്കുന്ന അനുപമ ടീച്ചര്‍ ആയിരുന്നു. കൂടെ ഉള്ള കൂട്ടുകാര്‍ പലരും മുപ്പതും, നാല്പത്തി അഞ്ചു ലക്ഷവും ഒക്കെ കൊടുത്തു മാനേജ്‌മെന്റ് കോളേജുകളില്‍ കയറിപ്പറ്റിയപ്പോള്‍ അതൊക്കെ നോക്കി നിന്നതേയുള്ളൂ. നിരാശപെട്ടില്ല. നേരത്തെ തന്നെ ഒരു കുട്ടിയോട് ലക്ഷങ്ങള്‍ വാങ്ങി സീറ്റ് ഉറപ്പിച്ചിട്ട് നമ്മളെ ഇന്റര്‍വ്യൂ എന്ന നാടകത്തിനു ക്ഷണിച്ചു മണ്ടി യാക്കിയപ്പോഴാണ് ഇതിനു പിന്നിലെ മാഫിയയെ കുറിച്ച് വ്യക്തമായി അറിയുന്നത്. ക്രിസ്ത്യന്‍ മാനേജ്‌മെന്റില്‍ ക്രിസ്ത്യാനിക്ക് ജോലി, മുസ്ലിം മാനേജ്‌മെന്റില്‍ മുസ്ലിമിന്.

ഹിന്ദുക്കള്‍ക്ക് പിന്നെ ഒരു ജാതി ഒരു മതം ആയതു കൊണ്ട്, ഏറ്റവും കൂടുതല്‍ കാശ് കൊടുക്കുന്നവരെ എടുക്കും. പറവൂര്‍ കോളേജിലെ മാനേജ്‌മെന്റിന്റെ തലപ്പത്തെ ഒരാള്‍ എന്നെ രഹസ്യമായി മാറ്റിനിര്‍ത്തി പറഞ്ഞത് ഇങ്ങനെ ‘അറിയാലോ, ഇവിടെ ടെന്‍ഡര്‍ സിസ്റ്റം ആണ്, ഇപ്പോള്‍ ഏറ്റവും മുന്‍പില്‍ നില്‍ക്കുന്നത് മുപ്പത്തിയഞ്ചു ലക്ഷം ആണ് ‘. 22വയസുള്ള എനിക്ക് ആകെ കേട്ടു കേള്‍വി രാവണപ്രഭുവിലെ concealed ടെന്‍ഡറിന്റെ സീന്‍ ആണ് ! അപ്പോഴാണ് പന്ത്രണ്ടു വര്‍ഷം കൂടി psc ലക്ചര്‍ പോസ്റ്റിലേക്ക് നോട്ടിഫിക്കേഷന്‍ വിളിക്കുന്നത്. രണ്ടായിരത്തി പന്ത്രണ്ടില്‍ അപ്ലൈ ചെയ്തു രണ്ടായിരത്തി പതിനേഴില്‍ നീണ്ട അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം റാങ്ക്‌ലിസ്റ്റ് വന്നു. ഇതിനിടയില്‍ കല്യാണം കഴിഞ്ഞു കൊച്ചിന് നാലുവയസ്സും ആയി. ജോലി കിട്ടിയിട്ടേ കല്യാണം കഴിക്കൂ എന്ന് വാശിപിടിച്ചു നിന്ന പെണ്‍കുട്ടികള്‍ക്ക് എല്ലാം തന്നെ മുപ്പത്തിയഞ്ചു കഴിഞ്ഞു.

ഈ വര്‍ഷം വളരെ കഷ്ടപ്പെട്ട് psc നൂറു അപ്പോയിന്റ്‌മെന്റ് നടത്തി. എഴുന്നൂറു പേരോളം ഉള്ള ലിസ്റ്റില്‍ നിന്നാണെന്ന് ഓര്‍ക്കണം. എന്റെ റാങ്ക് 275. ഈ ലിസ്റ്റില്‍ നിന്നു 300 പേരെ എങ്കിലും എടുക്കാന്‍ സര്‍ക്കാരിന് കഴിയും. പക്ഷെ ഫിനാന്‍സ് ഡിപ്പാര്‍ട്‌മെന്റ് സമ്മതിക്കില്ല എന്നാണ് കേള്‍ക്കുന്നത്. സര്‍ക്കാരിന് ഇത് വലിയ ബാധ്യത ആയി തീരും എന്നാണ് പറയുന്നത്. മാനേജ്‌മെന്റ് കോളേജുകളില്‍ ലക്ഷങ്ങള്‍ മേടിച്ചു അപ്പോയിന്റ്‌മെന്റ് നടത്തുന്ന അധ്യാപകര്‍ക്ക് salary നല്കുന്നത് ഗവണ്‍മെന്റ് ആണ്. അതിനു ബാധ്യത ഒന്നും ഇല്ലപോലും !! അധ്യാപകരുടെ salary അറിയാമല്ലോ. മാനേജ്‌മെന്റ് കോളേജുകളില്‍ 9 മണിക്കൂറിനാണ് ഒരു അധ്യാപകന്‍ എങ്കില്‍, govt കോളേജുകളില്‍ അത് പതിനാറു മണിക്കൂറാണ്. എന്തൊരു വിവേചനം ആണ് ഇതെന്ന് ഓര്‍ക്കണം.

പല കോളേജുകളിലും ഗസ്റ്റ് അധ്യാപകര്‍ ആണ് പഠിപ്പിക്കുന്നത്. മനപ്പൂര്‍വം ആണ് അപ്പോയിന്റ്‌മെന്റ് നടത്താത്തത്. ഗസ്റ്റുകള്‍ക്ക് കുറച്ചു കാശ് കൊടുത്താല്‍ മതിയല്ലോ. പലര്‍ക്കും salary കിട്ടാറില്ല എന്നുതന്നെ കേള്‍ക്കുന്നു. നല്ല പ്രായത്തില്‍ ldc എഴുതിയത് കൊണ്ട് ഇപ്പോള്‍ സര്‍വീസ് എട്ടുവര്‍ഷം ആയി.

അതുകൊണ്ട് നെറ്റ് കിട്ടിയവര്‍ സന്തോഷിച്ചോളു. നല്ലത് തന്നെ. ഞങ്ങളുടെ നളന്ദ അക്കാഡമിയില്‍ ഞാന്‍ പഠിപ്പിച്ച രണ്ടു പേര്‍ക്ക് ഇത്തവണ നെറ്റ് കിട്ടി. പക്ഷെ നിങ്ങള്‍ നേരിടാന്‍ പോകുന്നത് വലിയൊരു സമസ്യ ആണ്. ഞങ്ങളുടെ list ഇനിയും മൂന്നുവര്‍ഷം കൂടി ഉണ്ട്. അത് കഴിഞ്ഞേ അടുത്ത നോട്ടിഫിക്കേഷന്‍ വരികയുള്ളു. ഒരുപാടു പഠിച്ചിട്ടും റാങ്ക്‌ലിസ്റ്റില്‍ വന്നിട്ടും ജോലി കിട്ടാതെ നില്‍ക്കുന്ന ഞങ്ങളില്‍ പലരുടെയും ഗതികേട് പറഞ്ഞറിയിക്കാന്‍ കഴിയില്ല. ആത്മഹത്യ ചെയ്യും എന്നുവരെ പറയുന്ന പലരെയും എനിക്കു പരിചയം ഉണ്ട്. അഞ്ചു വര്‍ഷങ്ങള്‍ ആണ് ഒരു പരീക്ഷ എഴുതി റിസല്‍റ്റ് വന്നു റാങ്ക്‌ലിസ്‌റ് ആവാന്‍ എടുക്കുന്നത്. യുവജനങ്ങളോടുള്ള വെല്ലുവിളി ആണ് പല psc പരീക്ഷകളും. കരയുന്ന കുഞ്ഞിനെ പാലുള്ളൂ എന്ന് പറയുന്നത് പോലെ. റാങ്ക്‌ലിസ്റ്റില്‍ ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ ഇനി വല്ല മീന്‍ കച്ചവടവും നടത്തി മീഡിയ അറ്റന്‍ഷന്‍ നേടേണ്ടി വരും.

ജനാധിപത്യ കേരളത്തില്‍ ആള്‍ക്കൂട്ട ഫാസിസം വര്‍ദ്ധിച്ചു വരുന്ന ഇക്കാലത്ത് അതിന്റെ ഒരു പുതിയ ഇരകൂടിയാകുകയാണ് ശ്രീ അജയന്‍ എന്ന നോവലിസ്റ്റെന്ന് ആം ആദ് മി പാര്‍ട്ടി നേതാവ് സി.ആര്‍. നീലകണ്ഠന്‍. പുലച്ചോന്മാര്‍ എന്ന സ്വന്തം നോവലില്‍ ഗുരുദൈവമല്ല എന്നെഴുതി എന്നതാണ് അദ്ദേഹത്തിനെതിരെയുള്ള ആരോപണം. താന്‍ ദൈവമാണ് എന്ന് ഗുരുദേവന്‍ ഒരിക്കലും പറഞ്ഞിട്ടില്ല എന്ന് ഓര്‍ക്കുകയെന്നും സി.ആര്‍. നീലകണ്ഠന്‍ പറഞ്ഞു.

അദ്ദേഹത്തെ ദൈവമായി ആരാധിക്കുവാനും അതല്ലെങ്കില്‍ ഗുരുവായി ആദരിക്കുവാനും എല്ലാം നമ്മള്‍ക്ക് അവകാശമുണ്ട്. ഇത് പറഞ്ഞതിന്റ പേരില്‍ അജയന് ഊര് വിലക്ക് ഏര്‍പ്പെടുത്താന്‍ ശ്രമിക്കുന്ന സാമുദായിക നേതാക്കള്‍ ഒരിക്കലും ഗുരുവിന്റെ ശിഷ്യന്മാര്‍ അല്ല എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല. ദൈവം ഇല്ല എന്ന് വിശ്വസിച്ച സഹോദരന്‍ അയ്യപ്പന്‍ ഗുരുവിന്റെ വലങ്കൈ ആയിരുന്നു എന്നു കൂടി ഓര്‍ക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ദൈവമില്ല എന്ന പ്രശ്‌നം വിശ്വസിക്കുന്നവരെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തിന്റെ ഭാഗമാക്കാന്‍ തയ്യാറായ ഗുരുവിനോട്, ഗുരുവിന്റെപേരില്‍ ഗുരുദൈവമല്ല എന്നു വാദിക്കുന്ന അല്ലെങ്കില്‍ അങ്ങനെ എഴുതിയ അജയനെ ശിക്ഷിക്കാനുള്ള നടപടി ഒരിക്കലും ഗുരുതത്വങ്ങള്‍ക്ക് ചേര്‍ന്നതല്ല ഇത്തരം നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ കൃത്യമായ പ്രാദേശിക സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് അടിമകളാണ് അത്തരം നിലപാടുകള്‍ക്കെതിരെ കേരളനവോത്ഥാനനായകനായ ശ്രീനാരായണ ഗുരുവിന്റെ കൂടിപേരില്‍ പ്രതിഷേധിക്കുന്നു. അവരെ തുറന്നുകാട്ടാന്‍ ഗുരുദേവന്റെ ആദര്‍ശങ്ങളും സൂക്ഷിക്കുന്ന ആളുകളും കൂടി രംഗത്ത് രണമെന്ന് അഭ്യര്‍ത്ഥിക്കുന്നതായി ആം ആദ് മി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തൊടുപുഴ: ഇടുക്കി വണ്ണപ്പുറത്ത് ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പോലീസ്. കൊല്ലപ്പെട്ട കൃഷ്ണന് തനിക്കെതിരെ ആക്രമണമുണ്ടാകുമെന്ന് നേരത്തെ അറിയാമായിരുന്നുവെന്ന് വ്യക്തമായിട്ടുണ്ട്. ആക്രമണങ്ങളെ നേരിടാനായി ഇയാള്‍ വീട്ടിലെ എല്ലാ മുറിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നു. ആയുധം പണിത കൊല്ലനെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇയാളില്‍ നിന്ന് കൊലയ്ക്ക് ഉപയോഗിച്ച ആയുധങ്ങളെപ്പറ്റി നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായിട്ടാണ് സൂചന.

കൃഷ്ണന്റെ അരയില്‍ എപ്പോഴും കത്തിയുണ്ടാകുമെന്ന് അടുത്ത സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മന്ത്രവാദ ആവശ്യങ്ങള്‍ക്കും സ്വയരക്ഷയ്ക്കും വേണ്ടിയാണെന്നാണ് പോലീസ് നിഗമനം. വീടിന്റെ പല ഭാഗങ്ങളില്‍ നിന്നായി പലതരം ചുറ്റികകള്‍, കഠാരകള്‍, ഇരുമ്പു വടി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കൃഷ്ണനെയും കുടുംബത്തെയും കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ വീട്ടില്‍ ഉണ്ടായിരുന്നവയാണെന്ന് തിരിച്ചറിഞ്ഞു. നാലുപേരെയും കൊലപ്പെടുത്തിയത് അടുത്തറിയാവുന്നവരെന്ന് ജില്ലാ പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. വീട്ടിലേക്ക് അക്രമികള്‍ അതിക്രമിച്ച് കയറിയതിന് തെളിവുകളൊന്നും ലഭിച്ചിട്ടില്ല. കൊലപാതകം നടത്തിയത് പ്രൊഫഷണല്‍ ഗുണ്ടകളെല്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.

30 പവനിലധികം സ്വര്‍ണ്ണം കൊല നടന്ന വീട്ടില്‍ നിന്ന് നഷ്ടപ്പെട്ടിട്ടുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പൂജ നടത്തി കിട്ടുന്ന പണം കൊണ്ട് കൃഷ്ണന്‍ ധാരാളം സ്വര്‍ണ്ണം വാങ്ങിയിരുന്നുവെന്നും വീട്ടില്‍ സ്വര്‍ണ്ണമുണ്ടെന്ന് അറിയാവുന്ന ആരെങ്കിലുമായിരിക്കും കൊലയ്ക്ക് പിന്നിലെന്നുമായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. ഒന്നിലേറെ പേര്‍ ചേര്‍ന്നാണ് കൊലപാതകം നടത്തിയതെന്നാണ് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന. മൂന്ന് പേര്‍ ശ്രമിച്ചാല്‍ പോലും കീഴ്‌പ്പെടുത്താനാവാത്ത ശരീരമുള്ള വ്യക്തിയാണ് കൃഷ്ണന്‍.

കുടുംബത്തെ അടുത്തറിയാവുന്നവരില്‍ ആരോ വീട്ടിലെത്തി സംസാരിക്കുന്നതിനിടയില്‍ കൃഷ്ണനെ പിറകില്‍ നിന്ന് ചുറ്റികകൊണ്ട് അടിച്ചു വീഴ്ത്തിയതാകാമെന്നും പോലീസ് സംശയിക്കുന്നുണ്ട്. ചുറ്റിക കൊണ്ടുള്ള അടിയേറ്റ് കൃഷ്ണന്റെ തല തകര്‍ന്നിരുന്നു. കുത്തേറ്റ് മകന്‍ അര്‍ജുന്റെ കുടല്‍മാല വെളിയില്‍ വന്നിരുന്നു. വീടിനു സമീപത്തെ ചാണകക്കുഴിയില്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കി വച്ചനിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കൊലയ്ക്ക് പിന്നില്‍ മോഷണ ശ്രമമോ അല്ലെങ്കില്‍ മന്ത്രവാദമോ പൂജയോ സംബന്ധിച്ച തര്‍ക്കമോ ആകാമെന്ന് നേരത്തെ പോലീസ് വ്യക്തമാക്കിയിരുന്നെങ്കിലും നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകള്‍ നേരെ വിപരീതമാണ്. അതേസമയം മോഷണത്തിനിടെ തന്നെയാണ് കൊലപാതകം നടന്നിരിക്കുന്നതെന്നാണ് ബന്ധുക്കളുടെ വാദം.

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന് പരാതിയില്‍ കൂടുതല്‍ അന്വേഷണത്തിനായി പ്രത്യേക സംഘം പഞ്ചാബിലേക്ക് പുറപ്പെട്ടു. രണ്ടു ദിവസത്തിനകം ബിഷപ്പിനെ അന്വേഷണസംഘം ചോദ്യം ചെയ്യനാണ് സാധ്യത. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ ആറ് ഉദ്യോഗസ്ഥരാണുള്ളത്. കേസിലെ പ്രഥമിക ചോദ്യം ചെയ്യലായിരിക്കും ഇത്. നേരത്തെ കന്യാസ്ത്രീ ഉന്നയിച്ച ആരോപണങ്ങള്‍ നിഷേധിച്ച ബിഷപ്പ് എത് തരം അന്വേഷണത്തെയും സ്വാഗതം ചെയ്തിരുന്നു.

ഇന്ന് രാവിലെ 9 മണിയോടെ നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെട്ട സംഘം ഡല്‍ഹിയിലെത്തിയ ശേഷമായിരിക്കും പഞ്ചാബിലെ ജലന്ധറിലേക്ക് പുറപ്പെടുക. കന്യാസ്ത്രീക്കെതിരെ പരാതി നല്‍കിയ ദമ്പതികളെയും വിഷയത്തില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. തന്റെ ഭര്‍ത്താവും കന്യാസ്ത്രീയുമായി അവിഹിതബന്ധം ആരോപിച്ച് യുവതി സഭയ്ക്ക് പരാതി നല്‍കിയിരുന്നു. കാത്തലിക്ക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ(സി ബി സി ഐ) പ്രസിഡന്റ് ഓസ്വാള്‍ഡ് ഗ്രേഷ്യസില്‍നിന്നും അന്വേഷണസംഘം മൊഴിയെടുക്കുമെന്നാണ് സൂചന.

ഉജ്ജയിന്‍ ബിഷപ്പിന്റെയും മൊഴിയും രേഖപ്പെടുത്താനാണ് സാധ്യത. രണ്ട് വര്‍ഷത്തോളം ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കന്യാസ്ത്രി നല്‍കിയ പരാതിയില്‍ ഉന്നയിച്ചിരിക്കുന്നത്. പരാതി പിന്‍വലിക്കാന്‍ ബിഷപ്പ് ഇടനിലക്കാരന്‍ വഴി വന്‍ തുക വാഗ്ദാനം ചെയ്തതായി പരാതിക്കാരി ആരോപിച്ചിരുന്നു.

കാലടി ശ്രീശങ്കര സംസ്കൃത സർവകലാശാലയിൽ നൃത്ത ഗവേഷണ വിദ്യാർഥിയും ഗായികയുമായ മഞ്ജുഷ മോഹന്‍ദാസ് (27)അന്തരിച്ചു. റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയാണ് മഞ്ജുഷ. പെരുമ്പാവൂർ വളയം ചിറങ്ങര സ്വദേശിയാണ്.

ഒരാഴ്ച മുൻപ് വാഹന അപകടത്തിൽ പരിക്കേറ്റ് മഞ്ജുഷ ചികിൽസയിൽ ആയിരുന്നു. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം. മഞ്ജുഷയുടെ കൂടെ ഉണ്ടായിരുന്ന അഞ്ജനയ്ക്കും പരിക്കേറ്റിരുന്നു.

ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തായത്. വീട്ടില്‍ നിന്നും രൂക്ഷഗന്ധം ഉണ്ടായതിനെ തുടര്‍ന്ന് അയല്‍വാസികളില്‍ നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ രക്തം തളംകെട്ടി കിടക്കുന്നത് കണ്ടത്. തുടര്‍പരിശോധനയിലാണ് ഒന്നിനു മുകളില്‍ മറ്റൊന്നായി കുഴിക്കുള്ളില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

കുഴിയില്‍ നാലുപേരെയും ഒരുമിച്ചിട്ടു മൂടുകയായിരുന്നു. മൃതദേഹം കിടന്ന കുഴിക്ക് രണ്ടര അടി മാത്രമേ ആഴമുണ്ടായിരുന്നുള്ളൂ. കുഴിയില്‍ ഒന്നിനുമുകളില്‍ ഒന്നായി അടുക്കിയിട്ട നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകന്‍ അര്‍ജുന്റെ മൃതദേഹമാണ് പോലീസ് ആദ്യം പുറത്തെടുത്തത്. പിന്നീട് ആര്‍ഷയുടെയും, സുശീലയുടെയും കൃഷ്ണന്റെയും മൃതദേഹങ്ങള്‍ മണ്ണിനടയില്‍നിന്നു കണ്ടെടുത്തു. പന്ത്രണ്ടരയോടെ മതേദേഹങ്ങള്‍ ഓരോന്നായി പുറത്തെടുത്തു. ഞായറാഴ്ച വൈകിട്ടുവരെ ഇവരെ വീട്ടില്‍ കണ്ടിരുന്നതായി സമീപവാസികള്‍ പറയുന്നു. രണ്ടു ദിവസമായി ഇവരുടെ യാതൊരു വിവരവും ഇല്ലാത്തതിനാലാണ് വീട്ടിലേക്ക് അന്വേഷിച്ചെത്തിയത്.

വീട്ടിലെത്തുമ്പോള്‍ ജനലുകളെല്ലാം അടച്ച നിലയിലായിരുന്നു. അകത്ത് കയറിയവര്‍ കണ്ടത് മുറിക്കകത്ത് നിറയെ രക്തവും വെള്ളവും തളം കെട്ടിക്കിടക്കുന്നതാണ്. അടുക്കള വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ആട്ടിന്‍കൂടിനു പിറകിലായി കുഴിയെടുത്ത് എന്തോ മൂടിയിരിക്കുന്നതായി നാട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെ ഇവരുടെ വീട്ടിലെത്തിയ സമീപവാസികളായ രണ്ടു സ്ത്രീകള്‍ വീടിനുള്ളില്‍ രക്തംകെട്ടിക്കിടക്കുന്നതു കണ്ടു.

വിവരമറിഞ്ഞെത്തിയ കൃഷ്ണന്റെ സഹോദരങ്ങളും അയല്‍ക്കാരും നടത്തിയ തെരച്ചിലില്‍ വീടിനകത്തും പുറത്തും തറയിലും ചുമരുകളിലും രക്തം പടര്‍ന്നിരിക്കുന്നതായി കണ്ടെത്തി. കൃഷ്ണന്റെ സഹോദരങ്ങള്‍ വീട്ടിലെത്തിയപ്പോള്‍ ഫ്യൂസ് ഊരി മാറ്റിയിരുന്നു. കൊലചെയ്യാന്‍ ഉപയോഗിച്ച ചുറ്റികയുടെ പിടി പുതുതായി ഘടിപ്പിച്ചതാണെന്നും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്റെ മുഖം ചുറ്റികയ്ക്കടിച്ചും വെട്ടിയും പരുക്കേല്‍പ്പിച്ചിട്ടുണ്ട്. സുശീലയുടെയും മകന്‍ ആദര്‍ശിന്റെ വയറിലും കുത്തേറ്റിറ്റുണ്ട്. ഡോഗ് സ്‌ക്വാഡും ഫോറന്‍സിക് വിദഗ്ധരും പരിശോധന നടത്തി.

നാലംഗ കുടുംബത്തിന്റെ അരുംകൊല പ്രദേശവാസികളില്‍ പരിഭ്രാന്തി പടര്‍ത്തിയിട്ടുണ്ട്. തുടര്‍ന്നുള്ള അന്വേഷണത്തിനിടെ വീടിന്റെ പിന്‍ഭാഗത്ത് ആട്ടിന്‍കൂടിനു സമീപം മണ്ണു നീക്കം ചെയ്തിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെ കാളിയാര്‍ പോലീസ് സ്‌റ്റേഷനില്‍ വിവരമറിയിച്ചു. ഒന്‍പതു മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘം വീട് പൂട്ടി മുദ്രവച്ചു.

തുടര്‍ന്നു സംശയം തോന്നിയ ഭാഗത്തെ മണ്ണ് നീക്കംചെയ്തു. പന്ത്രണ്ടരയോടെ കുഴിക്കുള്ളില്‍ മൃതദേഹങ്ങളുണ്ടെന്നു വ്യക്തമായി. വീടിനു പിന്നില്‍ അടുക്കടുക്കായി കുഴിച്ചുമൂടിയ നിലയിലാണു നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഒന്നിലേറെപ്പേര്‍ ഉള്‍പ്പെട്ട സംഘം ആസൂത്രിതമായി കൊലപാതകം നടത്തിയെന്നാണു പോലീസിന്റെ നിഗമനം. നാലുപേരുടെയും തലയിലും മുഖത്തും ചുറ്റികകൊണ്ട് മാരകമായ അടിയേറ്റിട്ടുണ്ട്.

ഇവരെ കൊലപ്പെടുത്താനുപയോഗിച്ചതെന്നു കരുതുന്ന ചെറിയ ചുറ്റികയും കത്തിയും പുരയിടത്തില്‍നിന്നു കണ്ടെടുത്തു. വര്‍ഷങ്ങളായി മന്ത്രവാദക്രിയകള്‍ നടത്തിവന്ന വ്യക്തിയാണു കൊല്ലപ്പെട്ട കൃഷ്ണന്‍. ആഭിചാരക്രിയകളിലൂടെയാണു വരുമാനം കണ്ടെത്തിയിരുന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. മറ്റു ജില്ലകളില്‍നിന്നും ആഡംബര വാഹനങ്ങളില്‍ നിരവധിപേര്‍ ഇവിടെയെത്തി ദിവസങ്ങളോളം തങ്ങിയിരുന്നു. മറ്റുള്ളവരുമായി അടുത്തിടപഴകാത്ത പ്രകൃതമായിരുന്നു നാലുപേരുടെയും. റോഡില്‍നിന്നു 100 മീറ്ററോളം മാറി റബര്‍തോട്ടത്തില്‍ ഒറ്റപ്പെട്ട വീടായിരുന്നു ഇവരുടേത്.

വീട്ടിലേക്കെത്താന്‍ നടപ്പുവഴി മാത്രമാണുള്ളത്. കൊലപാതകം നടന്നതായി കരുതുന്ന ദിവസം ശക്തമായ മഴയുണ്ടായിരുന്നു. ആസൂത്രിതമായ കൊലയാണു നടന്നതെന്നു പോലീസ് സൂചിപ്പിച്ചു. നാലംഗകുടുംബത്തിനു പുറംലോകവുമായി വലിയ ബന്ധമില്ലായിരുന്നു. കൃഷ്ണന്‍ വീട്ടില്‍ മന്ത്രവാദവും പൂജയും നടത്തിയിരുന്നു. കൊല്ലപ്പെട്ട കൃഷ്ണന്‍ ആഭിചാരക്രിയകള്‍ നടത്തിയിരുന്നയാളാണ്. ഇതും കൊലപാതകവുമായി ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കൊലപാതകത്തിനുശേഷം കവര്‍ച്ച നടന്നതായും വ്യക്തമായിട്ടുണ്ട്. കൃഷ്ണന്‍ െകെയില്‍ അണിഞ്ഞിരുന്ന ഏലസുള്ള ചരട് പൊട്ടി വീടിനു പിന്നിലെ വരാന്തയില്‍ കിടപ്പുണ്ടായിരുന്നു. മല്‍പിടിത്തം നടന്നതായും വ്യക്തമായിട്ടുണ്ട്. സാമ്പത്തിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്നും സുശീലയും ആര്‍ഷയും ധാരാളം സ്വര്‍ണം ധരിച്ചിരുന്നതായും നാട്ടുകാര്‍ പറഞ്ഞു.

എന്നാല്‍ പോലീസ് പരിശോധനയില്‍ ഇവരുടെ ദേഹത്തോ വീട്ടിലെ അലമാരയിലോ സ്വര്‍ണാഭരണങ്ങള്‍ കണ്ടെത്തിയില്ല. കൊലപാതകികള്‍ വാഹനങ്ങളില്‍ എത്തിയതിനു പ്രഥമദൃഷ്ട്യാ തെളിവില്ല. ഇടുക്കി പോലീസ് ഡോഗ് സ്‌ക്വാഡില്‍നിന്നും പോലീസ് സ്‌നിഫര്‍ ഡോഗ് സ്വീറ്റിയെ സ്ഥലത്തെത്തിച്ചെങ്കിലും മഴമൂലം മണ്ണ് നനഞ്ഞിരുന്നതിനാല്‍ സൂചനകളൊന്നും ലഭിച്ചില്ല. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി. തൊടുപുഴയില്‍ സ്വകാര്യ കോളജില്‍ ബി.എഡ് വിദ്യാര്‍ഥിനിയാണ് ആര്‍ഷ.

കഞ്ഞിക്കുഴി എസ്.എന്‍.വി എച്ച്.എസില്‍ പ്ലസ്ടു വിദ്യാഥിയാണ് അര്‍ജുന്‍. മൃതദേഹങ്ങള്‍ ഇന്‍ക്വസ്റ്റിനു ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മൃതദേഹങ്ങള്‍ ഇന്ന് സംസ്കരിക്കും.

ഇടുക്കി: നീരൊഴുക്കിന്റെ ശക്തി കുറഞ്ഞതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ട് തുറക്കില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴയില്ല. അതുകൊണ്ടുതന്നെ നീരൊഴുക്ക് കാര്യമായി കുറഞ്ഞിട്ടുണ്ട്. അണക്കെട്ട് തുറക്കേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബി അധികൃതരും അറിയിച്ചിട്ടുണ്ടെന്ന് മന്ത്രി വ്യക്തമാക്കി.

2396.12 അടിയാണ് നിലവില്‍ ഇടുക്കിയിലെ ജലനിരപ്പ്. രാവിലെ ആറു മണിക്ക് ശേഷം 0.2 അടിയുടെ ഉയര്‍ച്ച മാത്രമേ ഇതില്‍ ഉണ്ടായിട്ടുള്ളൂ. കഴിഞ്ഞ രണ്ടു മൂന്ന് മണിക്കൂറുകളായി 2396.12 അടിയില്‍ നിന്ന് ഒരു മാറ്റവും ഉണ്ടായിട്ടുമില്ല. നീരൊഴുക്ക് ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്ന് തന്നെയാണ് ഇത് കാണിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു.

അണക്കെട്ടില്‍ മന്ത്രി ഇന്ന് സന്ദര്‍ശനം നടത്തും. അതിനു ശേഷം കളക്ട്രേറ്റില്‍ ഇതേക്കുറിച്ച് യോഗവും ചേരുന്നുണ്ട്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന ഡാം സേഫ്റ്റി അതോറിറ്റി വിലയിരുത്തിയിരുന്നു. സംസ്ഥാനത്തെ ഡാമുകള്‍ എല്ലാം സുരക്ഷിതമാണെന്നും അതോറിറ്റി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

തലശ്ശേരി: വൈദികന്‍ പ്രതിയായ കൊട്ടിയൂര്‍ പീഡന കേസിലെ ഇരയായ പെണ്‍കുട്ടി മൊഴി മാറ്റി. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താത്പര്യമുണ്ടെന്നുമാണ് പെണ്‍കുട്ടി മൊഴി നല്‍കിയത്. തന്റെ കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണ്. ഫാദറുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തി ആയിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി മൊഴി നല്‍കി. വൈദികന്‍ പ്രതിയായ കേസില്‍ പെണ്‍കുട്ടി കൂറ് മാറിയെന്ന് പോക്‌സോ കേസുകള്‍ കൈകാര്യം ചെയ്യുന്ന തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതി പ്രഖ്യാപിച്ചു.

സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് ബുധനാഴ്ച വിചാരണ ആരംഭിച്ചപ്പോള്‍ അതിനാടകീയമായാണ് പെണ്‍കുട്ടി തന്റെ മൊഴി മാറ്റിയത്. തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പരാതിക്കാരി കൂറുമാറിയതായി കോടതി പ്രഖ്യാപിക്കുകയായിരുന്നു. പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ക്രിസ്തുരാജ ആശുപത്രിയിലെ സിസ്റ്റര്‍ ടെസി ജോസ്, ഹൈദര്‍ അലി, സിസ്റ്റര്‍ ആന്‍സി മാത്യൂ, വയനാട് ശിശുക്ഷേ സമിതി അധ്യക്ഷന്‍ ഫാ.തോമസ് ജോസ് തേരകം, സമിതി അംഗം ബെറ്റി ജോസഫ് എന്നിവരാണ് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ചത്.

ഇതില്‍ ആദ്യത്തെ മൂന്ന് പേരെയാണ് സുപ്രീംകോടതി കുറ്റവിമുക്തരാക്കിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡനത്തിനിരയായി പ്രസവിച്ചതിനെ തുടര്‍ന്നാണു വിവരം പുറത്തറിഞ്ഞത്. കൊട്ടിയൂര്‍ നീണ്ടുനോക്കി സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയായിരുന്നു ഫാ. റോബിന്‍ വടക്കുഞ്ചേരി.

RECENT POSTS
Copyright © . All rights reserved