പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക നല്‍കി. കലക്ടറേറ്റില്‍ പ്രിയങ്ക ഗാന്ധിക്കൊപ്പമെത്തിയാണ് പത്രിക നല്‍കിയത്. മലപ്പുറം, വയനാട് ഡിസിസി പ്രസിഡന്റുമാര്‍, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് നിന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം പുറപ്പെട്ടെ രാഹുലും പ്രിയങ്കയും കല്‍പറ്റ എസ്കെഎംജെ സ്കൂള്‍ ഗ്രൗണ്ടിലിറങ്ങി.

ഇരുവരെയും യുഡിഎഫ് നേതാക്കള്‍ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹത്തില്‍ കലക്ടറേറ്റിലേക്ക് തിരിച്ചു. നാലുസെറ്റ് നാമനിര്‍ദേശ പത്രിക, സത്യവാങ്മൂലം തുടങ്ങിയ രേഖകള്‍ വരണാധികാരിയായ കലക്ടര്‍ക്ക് മുന്നില്‍ രാഹുല്‍ സമര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന റോഡ് ഷോയില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാഹുലിന്റെ ചിത്രമുള്ള ടീഷര്‍ട്ടും തൊപ്പിയും ധരിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരിപാടി കൊഴുപ്പിച്ചു.

ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണു വയനാട്ടില്‍ മല്‍സരിക്കുന്നതെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ദക്ഷിണേന്ത്യ ഒറ്റപ്പെട്ടെന്ന പ്രതീതിയുണ്ടെന്നും രാഹുല്‍ പറഞ്ഞു. സിപിഎമ്മിലെ എന്റെ സഹോദരന്മാരും സഹോദരിമാരും ഇനി എനിക്കെതിരെ സംസാരിക്കുമെന്ന് അറിയാം. സിപിഎമ്മിന്റെ വിമര്‍ശനങ്ങളെ താൻ സന്തോഷത്തോടെ നേരിടും. എന്നാല്‍ മറുപടി പറയില്ലെന്നും രാഹുല്‍ പറഞ്ഞു.

സിപിഎമ്മിന്റെ നിരന്തര വിമര്ശനങ്ങശ്ക്ക് മറുപടിയുമായി കോണ്ഗ്രസ് അധ്യക്ഷന്. കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം പോരാട്ടത്തിലാണ്. അത് തുടര്‍ന്നേ പറ്റൂ. എനിക്ക് സിപിഎമ്മിലെയും കോണ്‍ഗ്രസിലെയും സഹോദരങ്ങളോട് പറയാനുള്ളത് ഇതാണ്. സിപിഎം എന്നെ ആക്രമിക്കണം. അത് ഞാന്‍ മനസ്സിലാക്കുന്നു. നിങ്ങളുടെ ആക്രമണം ഞാന്‍ സന്തോഷത്തോടെ സ്വീകരിക്കുന്നു. തിരിച്ച് ഒരു വാക്ക് പോലും ഞാന്‍ നിങ്ങള്‍ക്കെതിരെ ഈ പ്രചാരണത്തിനിടെ പറയില്ല– അദ്ദേഹം പറഞ്ഞു. ഇന്ത്യ ഒന്നാണെന്ന സന്ദേശം നല്‍കാനാണ് വയനാട്ടിലെ തന്റെ മല്‍സരം. ദക്ഷിണ ഇന്ത്യ ഒറ്റപ്പെട്ടെന്ന ഒരു പ്രതീതിയുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു.

വൈത്തിരി വെടിവയ്പിനു തിരിച്ചടിക്കുമെന്ന മാവോയിസ്റ്റ് മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അതീവ സുരക്ഷയിലാണ് മേഖല . എസ്പിജി നിയന്ത്രണത്തിലാണ് കല്പറ്റ നഗരം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറുവരെ താമരശേരി ചുരത്തില്‍ ചരക്ക് വാഹനങ്ങള്‍ക്ക് പൂര്‍ണ നിയന്ത്രണമേര്‍പ്പെടുത്തി