സ്‌കൂളില്‍ നിന്നു വിദ്യാലക്ഷ്മി വരുന്നതു കാത്തു ഇരുന്ന് അമ്മ കേട്ടതു മകളുടെ മരണവാര്‍ത്ത. ഏറെ കാത്തിരുന്നു ജനിച്ച മകളുടെ ജീവന്‍ 100 മീറ്റര്‍ അകലെ വച്ചു നഷ്ട്ടപ്പെട്ട വിവരം അറിഞ്ഞു മാനസികമായി തകര്‍ന്നു പോയി വിദ്യയുടെ അമ്മ. കുഞ്ഞിന്റെ വീടും അപകടം നടന്ന സ്ഥലവും തമ്മില്‍ നൂറുമീറ്ററിന്റെ വ്യത്യാസം മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ഏറെ നാളത്തെ ചികിത്സയ്ക്കും കാത്തിരിപ്പിനും ശേഷമാണു കാക്കനാട് വാഴക്കാല സ്വദേശികളായ സനല്‍കുമാറിനും സ്മിജയ്ക്കും വിദ്യാലക്ഷ്മി ജനിച്ചത്. ആ കുരുന്നു ജീവന്‍ കണ്‍വെട്ടത്തു പൊലിഞ്ഞത് ഈ മാതാപിതാക്കള്‍ക്കു സഹിക്കാവുന്നതും അപ്പുറമാണ്. അപകടത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും മരടിലെ നാട്ടുകാര്‍. നാട്ടുകാരുടെ സമയോജിതമായ ഇടപെടലു കൊണ്ടാണ് അഞ്ചു കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞത്.
കോട്ടയം: കെവിന്‍ ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രത്യേക മെഡിക്കല്‍ സംഘം ഇന്ന് സംഭവ സ്ഥലം സന്ദര്‍ശിക്കും. കെവിന്റെ ശരീരത്തിലുണ്ടായിരിക്കുന്ന മാരക മുറിവുകളുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനായിരിക്കും ഇവര്‍ തെന്മല സന്ദര്‍ശിക്കുക. കെവിന്റെ ശരീരത്തില്‍ മാരകമായ 16 പരിക്കുകളേറ്റിട്ടുണ്ട്. ഗുണ്ടാ സംഘത്തില്‍നിന്നു രക്ഷപ്പെടാന്‍ ഓടിയ കെവിന്‍ മേയ് 27നു രാവിലെ തെന്മല ചാലിയക്കര പുഴയില്‍ മുങ്ങിമരിച്ചുവെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തലും പോസ്റ്റ്‌മോര്‍ട്ടത്തിലെ സൂചനയും.
അതേസമയം മര്‍ദ്ദനത്തില്‍ ബോധം മറഞ്ഞ കെവിന്‍ മരണപ്പെട്ടതായി സംശയിച്ച് പുഴയില്‍ തള്ളിയതാണെന്നും സംശയമുണ്ട്. കെവിന്റെ ശരീരത്തില്‍ കണ്ടെത്തിയ മുറിവുകള്‍ എങ്ങനെ സംഭവിച്ചുവെന്നായിരിക്കും മെഡിക്കല്‍ സംഘം പരിശോധിക്കുക. കെവിനെ മനഃപൂര്‍വ്വം പുഴയില്‍ തള്ളിയെന്ന സംശയവും സംഘം പരിശോധിക്കും.
മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ഡോ. കെ. ശ്രീകുമാരി, ആരോഗ്യ വകുപ്പ് ഫൊറന്‍സിക് മെഡിസിന്‍ ചീഫ് കണ്‍സള്‍ട്ടന്റ് ഡോ. പി.ബി.ഗുജ്‌റാള്‍, വിവിധ മെഡിക്കല്‍ കോളജുകളിലെ ഫൊറന്‍സിക് സര്‍ജന്മാരായ ഡോ. രഞ്ചു രവീന്ദ്രന്‍, ഡോ. കെ.ശശികല, ഡോ. വി.എന്‍.രാജീവ്, ഡോ. സന്തോഷ് ജോയ് എന്നിവര്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടം വിശകലന യോഗത്തിന് ശേഷമാണ് സ്ഥലം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
കെവിന്റെ തിരോധാനത്തല്‍ അന്വേഷണം മനഃപൂര്‍വ്വം വൈകിപ്പിച്ച കുറ്റത്തിന് അറസ്റ്റ് ചെയ്ത പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. എഎസ്‌ഐ ടി.എം. ബിജു, പൊലീസ് ഡ്രൈവര്‍ എം.എന്‍. അജയകുമാര്‍ എന്നിവരുടെ ജാമ്യം റദ്ദാക്കണമെന്നാണ് ആവശ്യം. പോലീസുകാരുടെ പങ്ക് വ്യക്തമാക്കുന്ന കേസ് ഡയറി കൃത്യമായി പരിശോധിക്കാതെയാണ് മജിസ്‌ട്രേട്ട് കോടതി അവര്‍ക്ക് ജാമ്യം നല്‍കിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പോലീസുകാര്‍ക്ക് ജാമ്യം നല്‍കിയ നടപടി അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
ആറന്മുള എംഎല്‍എ വീണാ ജോര്‍ജാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയിലെ താരം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിന്റെ ശോചനീയവസ്ഥയ്ക്ക് എതിരേ ഫേസ്ബുക്കില്‍ പോസ്റ്റിട്ടതിനാണ് സൂരാജ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ രാഷ്ട്രീയ ഭേദമന്യേ ആളുകള്‍ വീണയ്‌ക്കെതിരേ രംഗത്തെത്തിയിരിക്കുകയാണ്. വീണാ ജോര്‍ജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കും മുമ്പ് നടന്ന ഒരു സംഭവവും ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ കുത്തിപ്പൊക്കിയിട്ടുണ്ട്. സനോജ് എന്ന യുവാവിനെതിരേ വീണ നല്കിയ പരാതിയും അതിന്റെ പേരില്‍ ആ യുവാവ് അനുഭവിച്ച ദുരിതങ്ങളുമാണ് ഗിരീഷ് ജനാര്‍ദനന്‍ എന്നയാള്‍ പോസ്റ്റില്‍ വിവരിക്കുന്നത്.
ഗിരീഷിന്റെ പോസ്റ്റില്‍ നിന്ന്- വല്ലാതെ ശൂന്യമാവുന്ന നേരങ്ങളില്‍ അഭയാര്‍ത്ഥിയായി ചെന്നുപറ്റുന്ന പ്രിയപ്പെട്ട ചിലയിടങ്ങളുണ്ട്. പറവൂരില്‍ അംജാദലിയുടെ വക്കീലാപ്പീസ് അതിലൊന്നാണ്. ഇന്നലെയവിടെ കയറിച്ചെല്ലുമ്പോഴാണ് ഞാനാ ചെറുപ്പക്കാരനെ കണ്ടത്; സനോജ്…
അംജാദ് ചോദിച്ചു; ഓര്‍മയുണ്ടോ ഇയാളെ?
എവിടെയോ കണ്ട ഓര്‍മ. എന്നാലതൊട്ട് ക്ലിയറാവുന്നുമില്ല. അംജാദിന്റെ സഹചാരി അഡ്വ. സി.കെ. റഫീഖ് തന്റെ മൊബൈലില്‍ സേവ് ചെയ്തിട്ട വീഡിയോ എന്നെ കാണിക്കുകയാണ്. കഴിഞ്ഞ നവംബര്‍ ഇരുപത്താറിനോ മറ്റോ റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത ഒരു സ്റ്റോറി. മക്കളെ സ്‌ക്കൂള്‍ ബസ്സില്‍ കേറ്റിവിട്ട് വീട്ടിലേയ്ക്കു മടങ്ങുകയായിരുന്ന യുവതിയെ ബൈക്കില്‍ പിന്തുടര്‍ന്ന് അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത നിഷ്ഠുരനായ പ്രതിയായി ആ വീഡിയോയില്‍ സനോജ് മുഖം കുനിച്ചുനിന്നിരുന്നു.
റഫീഖ് വീഡിയോ ഓഫ് ചെയ്തു. സര്‍വത്ര നിശ്ശബ്ദത. ഞാന്‍ സനോജിന്റെ മുഖത്തേയ്ക്കു നോക്കി. അയാള്‍ സര്‍വം തകര്‍ന്നവന്റെ ശൂന്യതയോടെ തലകുനിച്ചിരിക്കുകയായിരുന്നു. എന്റെ മുഖത്തുനോക്കൂ സനോജ്, നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ അത് ചെയ്തിരുന്നോ? ആ നിമിഷം സനോജ് പൊട്ടിക്കരഞ്ഞു. നട്ടുച്ചയാണ്. അംജാദിന്റെ കാറില്‍ ഞങ്ങള്‍ എറണാകുളത്തേയ്ക്കു പോവുകയാണ്. ഇടയ്ക്കു ഞങ്ങള്‍ വരാപ്പുഴ പുത്തന്‍ പള്ളിക്കടുത്ത് മുഴുവഞ്ചേരി വീട്ടില്‍ക്കയറും. അവിടെ സനോജിന്റെ അമ്മ ഫിലോമിനയുടെ സങ്കടങ്ങള്‍ കേള്‍ക്കും…
ഹൈക്കോടതി പരിസരത്ത് കാറൊതുക്കി റഫീഖ്, അഡ്വ. മന്‍സൂറിന്റെ ക്യാബിന്‍ ലാക്കാക്കി മറഞ്ഞു. ഹൈക്കോടതിയിലും മനുഷ്യാവകാശ കമ്മീഷനിലും സനോജിന്റെ കേസ് നയിക്കുന്നത് റഫീഖാണ്. ‘വെലോസിറ്റി ബിയര്‍ പാര്‍ലറി’ല്‍ ആ കേസ് ഫയല്‍ മറിച്ചുനോക്കി ഞാനിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രക്ഷേപണം ചെയ്ത കഥയിലെ അപമാനിതയായ യുവതി വീണാ ജോര്‍ജ്ജായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനലിലെ ചീഫ് ന്യൂസ് എഡിറ്റര്‍. ഇപ്പോള്‍ ആറന്മുളയിലെ ഇടതുപക്ഷത്തിന്റെ കണ്‍മണി സ്ഥാനാര്‍ത്ഥി.
പൊലീസ് രേഖകള്‍ പ്രകാരം സംഭവമിങ്ങനെയാണ്. കഴിഞ്ഞ നവംബര്‍ പത്തിന് രാവിലെ ഏഴരയോടടുത്ത് കുട്ടികളെ സ്‌കൂള്‍ ബസ് കേറ്റിവിട്ടു വീട്ടിലേയ്ക്കു മടങ്ങുംവഴി KL7 രജിസ്ട്രേഷനിലുള്ളതും 77Â അവസാനിക്കുന്ന നമ്പറുള്ളതുമായ ബൈക്കില്‍ പിന്തുടര്‍ന്ന് ഒരു കറുത്ത ചെറുപ്പക്കാരന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിച്ചതായി വീണാ ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ പരാതി കൊടുക്കുന്നു. സംഭവം നടന്നതിന്റെ (? ) മൂന്നാം ദിവസം. പത്തു ദിവസം കഴിഞ്ഞ് പാലാരിവട്ടം പോലീസ് ഒരു കേസ് രജിസ്റ്റര്‍ ചെയ്യുന്നു.
ഇടപ്പള്ളിയിലെ പല ചെറുപ്പക്കാരേയും വേട്ടയാടുന്ന കൂട്ടത്തില്‍ പൊലീസ് സനോജിനേയും പൊക്കുന്നു. അയാള്‍ ഇടപ്പള്ളി അഞ്ചുമന മണല്‍ പാര്‍ക്കിലെ ലോറിഡ്രൈവറായിരുന്നു. വണ്ടിയോടിച്ചു കൊണ്ടിരിക്കുമ്പോള്‍ ഫോണ്‍ വന്നു. നീ നാളെ സ്റ്റേഷനില്‍ ഹാജരാകണം. ആരോ കളിപ്പിക്കാന്‍ വിളിച്ചതാവുമെന്ന് സനോജ് കരുതി. പിറ്റേന്ന് മണല്‍ പാര്‍ക്കില്‍ പണിക്കെത്തിയപ്പോള്‍ പണി പാളി. രണ്ടു പൊലീസുകാര്‍ കൊണ്ടുപോകാന്‍ വന്നിരിക്കുകയാണ്…കാര്യമെന്തെന്നറിയാതെ സനോജ് സ്റ്റേഷനില്‍ വിറങ്ങലിച്ചു നിന്നു. ആളിപ്പോ വരും, നിന്നെ ഞങ്ങള്‍ കാര്യമറിയിച്ചു തരാമെന്നു പൊലീസുകാര്‍ അയാളോട് പറഞ്ഞു.
പരാതിക്കാരിയായ യുവതിയും ഭര്‍ത്താവും വൈകാതെ വന്നുചേര്‍ന്നു. പൊലീസ് ചോദിച്ചു; ഇവരെ നിനക്കറിയുമോ? സനോജ് പറഞ്ഞു; അറിയും, ടിവിയില്‍ വാര്‍ത്ത വായിക്കുന്നതു കണ്ടിട്ടുണ്ട്…മുഖമടച്ചൊരു അടി കിട്ടി. അല്ലാതെ നീയിവരെ കണ്ടിട്ടില്ലേടാ പുന്നാരമോനേ…പൊലീസ് സനോജിന്റെ തലയില്‍ ഒരു ഹെല്‍മെറ്റ് വച്ചുകൊടുത്തിട്ട് വീണയോട് ചോദിച്ചു; ഇവനോണോ മാഡം? യുവതിക്ക് സംശയമില്ലായിരുന്നു; ഇവനാണ്, ഇവനാണെന്നു തോന്നുന്നു…യുവതിയുടെ പുതിയ മൊഴി പ്രകാരം യുവാവ് തന്നെ ലൈംഗികമായി അവഹേളിച്ചുവെന്നും ബൈക്കിടിച്ചു കൊല്ലാന്‍ ശ്രമിച്ചുവെന്നും കൂടി എഴുതിച്ചേര്‍ക്കപ്പെട്ടു.
വീണയും തബലയും’ പോലെ ആ ഓര്‍ത്തഡോക്സ് ദമ്പതികള്‍ ഇറങ്ങിപ്പോയി. ഐ.പി.സി 506(1), കെ.പി. ആക്ട് 119 (മ) വകുപ്പുകള്‍ ചുമത്തിയ പഴയ കേസ് ജാമ്യം കിട്ടാത്ത പുതിയ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് ശക്തമാക്കി. വധശ്രമത്തിന് ഐപിസി 308, സ്ത്രീത്വത്തെ അപമാനിച്ചതിന് 354 (ഉ), ആ ദിവസം മുഴുവന്‍ താന്‍ ചെയ്ത തെറ്റെന്തെന്നറിയാത്ത ആ ചെറുപ്പക്കാരന്‍ സ്റ്റേഷനില്‍ കുത്തിയിരുന്നു. രാത്രി മജിസ്ട്രേറ്റിന്റെ മുന്നില്‍ അയാള്‍ ഹാജരാക്കപ്പെട്ടു.
വിലങ്ങണിയിച്ച് നിരപരാധിയായ ആ ചെറുപ്പക്കാരനെ മജിസ്ട്രേറ്റിന്റെ സവിധത്തിലേയ്ക്ക് ആനയിക്കപ്പെടുന്ന ആ രാത്രിയില്‍ മഹാമാധ്യമ പ്രവര്‍ത്തകയായ വീണാ ജോര്‍ജ് ചാനലില്‍ മനുഷ്യാവകാശത്തെക്കുറിച്ചും രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ചുമൊക്കെ പുലമ്പുകയായിരുന്നിരിക്കണം…സനോജ് പതിനാലു ദിവസം റിമാന്‍ഡ് ചെയ്യപ്പെട്ടു. കാക്കനാട്ടെ ജില്ലാ ജയിലില്‍ അയാള്‍ അപമാനിതനായി കരഞ്ഞുകിടന്നുറങ്ങി. അപ്പന്‍ ഒരുനാള്‍ വന്ന് അഴികള്‍ക്കിപ്പുറം നിന്ന് അയാളെ സമാധാനിപ്പിച്ചു. നീ സങ്കടപ്പെടരുത്, നീ ജോലി ചെയ്ത സ്ഥലത്തെ വീഡിയോ കിട്ടിയിട്ടുണ്ട്…ആ പെണ്ണുമ്പിള്ള പറയുന്ന സമയത്തൊക്കെ നീ മണല്‍ പാര്‍ക്കിലുണ്ടെന്ന് വീഡിയോയിലുണ്ട്…
മണല്‍ പാര്‍ക്കിലെ ക്ഷുഭിതരായ ജീവനക്കാര്‍ വീണയെ ഫോണില്‍ വിളിച്ചു; മാഡം, നിങ്ങളിവിടെ വരൂ.. ഈ സിസി ടിവി ദൃശ്യങ്ങള്‍ കാണൂ.. നിങ്ങള്‍ കാരണം ജയിലില്‍ക്കിടക്കുന്ന സനോജ് ആ ദിവസം ഉച്ചവരെ ഇവിടെയുണ്ടായിരുന്നു എന്നു നിങ്ങളെ ഞങ്ങള്‍ ബോധ്യപ്പെടുത്താം…വീണ പേടിച്ചു; അയാളുടെ ബന്ധുക്കളൊന്നും അവിടെയില്ലെങ്കില്‍ ഞാന്‍ വരാം..
വീണയും ഭര്‍ത്താവും മണല്‍ പാര്‍ക്കിലെത്തി, വീഡിയോ കണ്ടു. താടിക്കു കൈകൊടുത്ത് മഹാ മാധ്യമപ്രവര്‍ത്തക ഇരുന്നതായി അന്നവിടെയുണ്ടായിരുന്ന സനോജിന്റെ സഹോദരന്‍ എന്നോട് പറഞ്ഞപ്പോള്‍ അമ്മ ഏങ്ങിക്കരഞ്ഞത് ഞാനോര്‍ക്കുന്നു… ഞാനുപസംഹരിക്കുകയാണ്. പ്രിയപ്പെട്ട വീണാ ജോര്‍ജ്ജ്, നിങ്ങള്‍ ചമച്ച ഒരപവാദ കഥയിലെ പ്രതി ഇപ്പോഴും ആര്‍ക്കും മുഖം കൊടുക്കാതെ വീട്ടിനുള്ളില്‍ അടച്ചിരിപ്പാണ്…
അയാള്‍ക്ക് ജാമ്യം കിട്ടിയെന്നത് ശരിയാണ്. പക്ഷേ, നിയമത്തിനു മുന്നില്‍ അയാളിപ്പോഴും പ്രതിയാണ്.. അയാളുടെ അമ്മ പള്ളിയില്‍പ്പോലും പോകാന്‍ ധൈര്യപ്പെടാതെ വീടിനുള്ളില്‍ ചുറ്റിത്തിരിയുന്നു. അയാളുടെ കല്യാണം മുടങ്ങിപ്പോയി. ഇരുപത്തിയൊമ്പതു വയസ്സു മാത്രം പ്രായമുള്ള ഒരാളുടെ ജീവിതം തകര്‍ത്തിട്ട് നിങ്ങളൊരു ഇടതുപക്ഷക്കാരിയായി വിജയരഥത്തിലേറിപ്പോവുകയാണ്..നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ ആക്രമിക്കപ്പെട്ടത് ഒമ്പതാം തിയതിയോ പത്താം തിയതിയോ? നിങ്ങളൊരിടത്തു പറയുന്നു, സംഭവിച്ചത് ലൈംഗികാക്രമണമായിരുന്നുവെന്ന്.. മറ്റൊരിടത്തു പറയുന്നു ജീവാപായമായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന്…
പ്രിയപ്പെട്ട വീണാ ജോര്‍ജ്, ആദരണീയരായ മാധ്യമപ്രവര്‍ത്തകരുടെ ലിസ്റ്റിലൊന്നും ഒരു കാലത്തും നിങ്ങളുണ്ടായിരുന്നില്ല. ഒരു ദശകക്കാലത്തെ മാധ്യമപ്രവര്‍ത്തനം കൊണ്ട് കോടികളുടെ മൂലധനം സ്വരൂപിച്ച് സ്വന്തമൊരു ചാനലുണ്ടാക്കാന്‍ കഴിഞ്ഞ കരിയറിസ്റ്റുകളുടെ ലോകത്തായിരുന്നു നിങ്ങള്‍ ജീവിച്ചത്. അവര്‍ പറഞ്ഞുതരാത്ത ഒരു ഉപദേശമാണ്, മഹാനായ എസ്. ജയചന്ദ്രന്‍ നായര്‍ എനിക്കുതന്ന ഉപദേശമാണ് ഞാനിപ്പോള്‍ നിങ്ങളോട് പറയുന്നത്… സത്യാന്വേഷണമാണ് പത്രപ്രവര്‍ത്തകന്റെ പണി. അനുകമ്പയില്ലാതെ അതൊരിക്കലും ചെയ്യരുത്…അനുകമ്പയോടെ സ്വന്തം തെറ്റ് ഏറ്റുപറയൂ.. പുത്തന്‍പള്ളിയിലെ ആ പാവം വീട്ടില്‍ച്ചെന്നിട്ട് സനോജിന്റെ അമ്മയോട് മാപ്പു പറയൂ…
തിരുവനന്തപുരം: യു.ഡി.എഫിന്റെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതിനെ തുടര്‍ന്ന് കേണ്‍ഗ്രസില്‍ ഉണ്ടായ കലാപം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി യോഗത്തിലും പ്രതിഫലിച്ചു. നേതാക്കള്‍ ഗ്രുപ്പ് തിരിഞ്ഞ് ഏറ്റുമുട്ടുന്ന കാഴ്ചയാണ് രാഷ്ട്രീയകാര്യ സമിതി യോഗത്തിലും നടക്കുന്നതെന്ന വിവരമാണ് പുറത്ത് വരുന്നത്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടോയെന്ന് രാജ്യസഭാ സീറ്റ് നഷ്ടപ്പെട്ട പി.ജെ കുര്യന്‍ ചോദിച്ചു. രാജ്യസഭാ സീറ്റ് ചര്‍ച്ചയ്ക്ക് എന്തിനാണ് ഉമ്മന്‍ ചാണ്ടിയെ ഡല്‍ഹിക്ക് വിളിപ്പിച്ചത്. എ.ഐ.സി.സി ജനറല്‍ സ്വെകട്ടറി എന്ന നിലയ്ക്കാണെങ്കില്‍ കെ.സി വേണുഗോപാലിനെയല്ലേ വിളിക്കേണ്ടതെന്നും പി.ജെ കുര്യന്‍ ചോദിച്ചു.
അതേസമയം ആക്രമണം കടുത്തതോടെ പ്രതിരോധവുമായി എ ഗ്രൂപ്പ് രംഗത്ത് വന്നു. ഉമ്മന്‍ ചാണ്ടിക്ക് കൊമ്പുണ്ടെന്ന് എ ഗ്രൂപ്പ് മറുപടി നല്‍കി. ഉമ്മന്‍ ചാണ്ടിയെ ഒറ്റതിരിഞ്ഞ് ആക്രമിച്ചാല്‍ പ്രത്യാഘാതമുണ്ടാകുമെന്ന് പി.സി വിഷ്ണുനാഥ് കുര്യന് മറുപടി നല്‍കി. വഴിയില്‍ കൊട്ടാനുള്ള ചെണ്ടയല്ല ഉമ്മന്‍ ചാണ്ടിയെന്നായിരുന്നു ബെന്നി ബെഹനാന്റെ മറുപടി.
അതേസമയം രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീഴ്ച സമ്മതിച്ചു. ഇനി നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ രാഷ്ട്രീയകാര്യ സമിതിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല പറഞ്ഞു. മുന്നണിയുടെ കെട്ടുറപ്പ് മാത്രമാണ് പരിഗണിച്ചതെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. എം.എം ഹസനും ഇതേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്.
അഭിപ്രായ ഭിന്നത രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ നേതാക്കളുടെ പരസ്യ പ്രസ്താവനകള്‍ രാഷ്ട്രീയകാര്യ സമിതി വിലക്കി. പാര്‍ട്ടിയെ അപമാനിക്കുന്ന രീതിയില്‍ വിമര്‍ശിച്ചാല്‍ നടപടി എടുക്കും. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ പറയണമെന്നും രാഷ്ട്രീയകാര്യ സമിതി നിര്‍ദ്ദേശം നല്‍കി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിതനായ ഉമ്മന്‍ ചാണ്ടി ആന്ധ്രയിലേക്ക് പോയതിനാല്‍ അദ്ദേഹത്തിന്റെ അഭാവത്തിലാണ് രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്നത്.
കൊച്ചി മരടില്‍ സ്കൂള്‍ വാൻ കുളത്തിലേക്ക് മറിഞ്ഞു മൂന്നുമരണം. രണ്ടു കുട്ടികളും ആയയുമാണ് മരിച്ചത്. കിഡ്സ് വേള്‍ഡ് ഡേ കെയര്‍ സെന്‍ററിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പെട്ടത്. വിദ്യാലക്ഷ്മി, ആദിത്യന്‍ എന്നീ കുട്ടികളും ലതാ ഉണ്ണി എന്ന ആയയുമാണ് മരിച്ചത്. മരട് കാട്ടിത്തറ റോഡിലെ ക്ഷേത്രക്കുളത്തിലേക്കാണ് വാന്‍ മറിഞ്ഞത്. ഡ്രൈവറെയും പരുക്കേറ്റ മറ്റുകുട്ടികളെയും പി.എസ് മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആയ വെള്ളത്തില്‍ മുങ്ങിയ നിലയിലായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുക്കുമ്പോള്‍ തന്നെ കുട്ടികള്‍ അവശ നിലയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. എട്ട് കുട്ടികളും ആയയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. വെള്ളത്തില്‍ വീണ അഞ്ച് കുട്ടികളെ പരിസരവാസികള്‍ ഉടന്‍ തന്നെ രക്ഷപെടുത്തി. ഇവര്‍ക്ക് പരുക്കുകളില്ല.
പരുക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്ന വിവരമാണ് കിട്ടിയതെന്ന് എം.സ്വരാജ് എംഎഎല്‍എ പറഞ്ഞു. ഡ്രൈവര്‍ ഇപ്പോള്‍ അബോധാവസ്ഥയിലാണ്.
കൊടുങ്ങല്ലൂരില്‍ പാസ്റ്ററെ ആക്രമിച്ച സംഭവത്തില്‍ പ്രതി ബിജെപി പ്രവര്‍ത്തകനായ പുളിപ്പറമ്പില്‍ ഗോപിനാഥിന് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഇയാള്‍ക്കെതിരെ ജാമ്യമില്ലാവകുപ്പ് പൊലീസ് കേസെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ഗോപിനാഥന്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പാസ്റ്റര്‍ റോയ് തോമസ് എന്ന എബ്രഹാം തോമസ്, രണ്ട് വൈദിക വിദ്യാര്‍ഥികള്‍ എന്നിവരെയാണ് ഗോപിനാഥനും സംഘവും ആക്രമിച്ചത്. മേത്തല വലിയപണിക്കന്‍ തുരുത്തിലാണ് സംഭവം . ‘ഇത് ഹിന്ദു രാഷ്ട്രം, ഇവിടെ യേശുരാജ്യം ഉണ്ടാക്കാന്‍ ശ്രമിച്ചാല്‍ വിവരം അറിയും’ എന്ന് പറഞ്ഞു കൊണ്ടായിരുന്നു പാസ്റ്ററെ ആക്രമിച്ചത്.
മേത്തല വിപി തുരുത്തില്‍ പാസ്റ്ററും വിദ്യാര്‍ഥികളും ലഘുലേഖ വിതരണം ചെയ്യുകയായിരുന്നു. ഇവിടെ സംഘടിച്ച് എത്തിയ ബിജെപി പ്രവര്‍ത്തകരാണ് പാസ്റ്ററെ കൈയേറ്റം ചെയ്തത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ആക്രമികള്‍ തന്നെയാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.
അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് പാസ്റ്റര്‍ റോയി തോമസ് കൊടുങ്ങല്ലൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് ജാമ്യമില്ലാവകുപ്പ് പ്രകാരം ഗോപിനാഥിനെതിരെ കേസെടുത്തത്. ഗോപിനാഥന്‍ മറ്റ് നിരവധി കേസുകളും പ്രതിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
തിരുവനന്തപുരം: കോണ്‍ഗ്രസ് കോട്ടയത്ത് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ പിന്തുണയ്ക്കുന്ന കാര്യം പരിഗണിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. രാജ്യസഭാ സീറ്റിന്റെ കാര്യത്തില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസുകാരാണ് അങ്ങിനെ ചിന്തിക്കേണ്ടതെന്നും അങ്ങിനെ വന്നാല്‍ പിന്തുണ നല്‍കുന്ന കാര്യം ആലോചിക്കാമെന്നും കോടിയേരി വ്യക്തമാക്കി.
രാജ്യസഭാ സീറ്റ് സംബന്ധിച്ച് കോണ്‍ഗ്രസില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള കലഹം മാത്രമാണ്. അതിനാലാണ് മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താത്തതെന്നും കോട്ടയത്ത് ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ യുഡിഎഫിന് ധൈര്യമുണ്ടോയെന്നും കോടിയേരി ചോദിച്ചു. ജോസ് കെ മാണി കോട്ടയശത്ത ജനങ്ങളെ വെല്ലുവിളിച്ചെന്നും ഏഴുകോടിയോളം മണ്ഡലത്തിന് നഷ്ടം ഉണ്ടാകുമെന്നും കോടിയേരി പറഞ്ഞു.
ജോസ്‌കെ മാണി നിലവില്‍ കേരളാകോണ്‍ഗ്രസിന്റെ ലോക്‌സഭാ എംപിയാണ്. ഈ കാലാവധി 2019 ലാണ് കഴിയുക. എംപി സ്ഥാനം രാജിവെച്ചാണ് രാജ്യസഭയിലേക്ക മത്സരിക്കുന്നതെന്നും പറഞ്ഞു.
കേരളാ കോണ്‍ഗ്രസി(എം)നു രാജ്യസഭാ സീറ്റ് നല്‍കിയതിനേത്തുടര്‍ന്നു കോണ്‍ഗ്രസിലുണ്ടായ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഇന്ന് തുടങ്ങുന്ന കെ.പി.സി.സി. നേതൃയോഗങ്ങളില്‍ വിഷയമാകും. കെ.പി.സി.സി. ആസ്ഥാനമായ ഇന്ദിരാഭവനില്‍ ഇന്ന് ഉച്ചകഴിഞ്ഞ് രാഷ്ട്രീയകാര്യസമിതിയും നാളെ ഭാരവാഹി യോഗവും ചേരും. യോഗങ്ങളില്‍ നേതൃമാറ്റത്തിനുള്ള ആവശ്യം കൂടുതല്‍ ശക്തമാകുമെന്നാണ് കരുതുന്നത്. ഇന്നു ചേരുന്ന രാഷ്ട്രീയകാര്യസമിതിയില്‍ വിമര്‍ശകരുടെ വിഭാഗത്തിനു ഭൂരിപക്ഷമുള്ളതിനാല്‍ നേതൃത്വം പ്രതിരോധത്തിലാകും.
യോഗങ്ങള്‍ക്കു മുമ്പ് പ്രശ്‌നങ്ങള്‍ തണുപ്പിക്കാനാണു കെ.പി.സി.സി. അധ്യക്ഷന്‍ എം.എം. ഹസന്‍ പത്രസമ്മേളനം നടത്തിയത്. ഇടഞ്ഞുനില്‍ക്കുന്ന പി.ജെ. കുര്യനെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സന്ദര്‍ശിച്ചതും ഇതേ ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍, പ്രശ്‌നം ഗ്രൂപ്പ് പോരിന്റെ തലത്തിലേക്കാണു നീങ്ങുന്നത്.
മലപ്പുറത്ത് കിണറ്റിൽ കാല് തെറ്റിവീണ് പ്ലസ് ടൂ വിദ്യാർത്ഥി രാഹുൽ മരിച്ചു. കിണറ്റില്‍ വീണ സുഹൃത്തിനെ രക്ഷിക്കാന്‍ കൂടെ ചാടിയ കൗമാരക്കാരനെ രക്ഷപ്പെടുത്തി. വീണു മരിച്ച കൂട്ടുകാരനുമായി കിണറ്റിനകത്ത് കഴിയേണ്ടി വന്നത് ഒരു രാത്രി മുഴുവനും ആയിരുന്നു. പുലര്‍ച്ചെ കിണറിന് സമീപമെത്തിയ നാട്ടുകാര്‍ നിലവിളി കേട്ടാണ് പ്‌ളസ് ടൂവിന് പഠിക്കുന്ന പയ്യനെ രക്ഷപ്പെടുത്തിയത്. പിന്നീട് ഇയാള്‍ നല്‍കിയ വിവരം വെച്ച് കൂട്ടുകാരന്റെ മൃതദേഹം അഗ്നിശമനസേനാ വിഭാഗം കണ്ടെത്തി.
എളങ്കൂര്‍ ചെറാംകുത്ത് പടിഞ്ഞാറേ കളത്തില വേലുക്കുട്ടിയുടെ മകന്‍ രാഹുലാണ് സംഭവത്തില്‍ മരണമടഞ്ഞത്. അരുണാണ് കൂട്ടുകാരനെ രക്ഷപ്പെടുത്താന്‍ കഴിയാതെ മൃതദേഹവുമായി കിണറ്റില്‍ 12 മണിക്കൂറിലധികം ചെലവഴിച്ചത്. ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് കഴിഞ്ഞ ദിവസം രാത്രി എട്ടു മണിയോടെയായിരുന്നു. ഇരുവരും നടന്നു വരുമ്പോൾ അടങ്ങുംപുറം ക്ഷേത്രപരിസരത്തുളള ആള്‍മറയില്ലാത്ത കിണറ്റില്‍ രാഹുല്‍ അബദ്ധത്തില്‍ വീണുപോകുകയായിരുന്നു. ഉടന്‍ രക്ഷിക്കാനായി അരുണ്‍ കിണറ്റിലേക്ക് ചാടിയെങ്കിലും രാഹുലിനെ രക്ഷിക്കാനായില്ല.
പകച്ചുപോയ അരുണ്‍ രാവിലെ ഏഴരവരെ കിണറ്റിനകത്ത് കഴിച്ചു കൂട്ടുകയായിരുന്നു. രാവിലെ കിണറ്റിനുള്ളില്‍ നിന്നും രക്ഷിക്കണേയെന്നുള്ള കരച്ചില്‍ കേട്ട സമീപവാസികളായ സ്ത്രീകള്‍ വിവരം നാട്ടുകാരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി അരുണിനെ രക്ഷപ്പെടുത്തി. അരുണ്‍നല്‍കിയ വിവരം അനുസരിച്ച് അഗ്നിശമന സേനാംഗങ്ങള്‍ കിണറ്റിലിറങ്ങി തിരച്ചില്‍ നടത്തുകയും ഒമ്ബതു മണിയോടെ രാഹുലിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. അരുണിനെ പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ജെസ്നയുടെ തിരോധാനം നിർണായക വഴിത്തിരിവിലേയ്ക്ക്. ജെസ്‌നയെ കാണാതായിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ജെസ്‌ന ജീവിച്ചിരിക്കുന്നുവെന്ന് തന്നെയാണ് വീട്ടുകാർ കരുതുന്നത്. അത് എവിടെയാണെന്ന് കണ്ടെത്താനുള്ള തുമ്പൊന്നും പൊലീസിന് ലഭിക്കുന്നുമില്ല. ഇതിനിടെ ജെസ്‌നയുടെ തിരോധാനത്തിൽ ചില സംശയങ്ങൾ പിസി ജോർജ് എംഎൽ എ ഉയർത്തി. അതിൽ കഴമ്പില്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
അതുകൊണ്ട് തന്നെ ജെസ്‌ന നാടുവിട്ടുവെന്ന നിഗമനത്തിൽ അന്വേഷണം മുന്നോട്ട് പോവുകയാണ്. ജെസ്‌നയുടെ യുവ സുഹൃത്തിന് പലതും അറിയാമെന്ന് പൊലീസ് വിലയിരുത്തുന്നു. എന്നാൽ ചോദ്യം ചെയ്യലിൽ ഇയാൾ കൃത്യമായ മറുപടി നൽകുന്നുമില്ല. ഈ സാഹചര്യത്തിൽ ശാസ്ത്രീയ അന്വേഷണത്തിലേക്ക് കടക്കുകയാണ് പൊലീസ്.
ജെസ്‌നയുമായി ഫോണിൽ സംസാരിച്ചിരുന്ന സുഹൃത്തിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ പൊലീസ് ആലോചിക്കുന്നു. ജെസ്‌നയെ കാണാതായതിനു തൊട്ട് മുമ്പ് പോലും ഇയാളുടെ ഫോണിലേക്ക് എസ്എംഎസ് സന്ദേശം പോയിട്ടുണ്ട്. അന്വേഷണ സംഘം പലതവണ ഇയാളെ ചോദ്യംചെയ്‌തെങ്കിലും ഇയാൾ ഒന്നും പറഞ്ഞില്ല. പെൺകുട്ടി എവിടെപ്പോയെന്ന് അറിയില്ലെന്നാണ് ആവർത്തിച്ചുള്ള മറുപടി.
ജെസ്‌നയെ കാണാതായതിന്റെ പിറ്റേന്ന് ഇയാൾ പരുന്തുംപാറയിൽ പോയിരുന്നതായും പൊലീസ് സൂചന നൽകി. ജെസ്‌നയെ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടു കുടുംബം ഹൈക്കോടതിയിൽ ഹേബിയസ് കോർപസ് ഫയൽ ചെയ്യും. ഈ സാഹചര്യത്തിലാണ് അന്വേഷണത്തെ പുതിയ തലത്തിലെത്തിക്കാൻ നുണ പരിശോധനയ്ക്ക് യുവാവിനെ വിധേയനാക്കാനുള്ള തീരുമാനം.
ബാങ്ക് വായ്പാ തട്ടിപ്പ് കേസില്‍ കുടുങ്ങിയ അറ്റ്ലസ് രാമചന്ദ്രന്‍ മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിന് ഒടുവിലാണ് ഇപ്പോള്‍ മോചിതനായിരിക്കുന്നത്. മൂന്നു വര്‍ഷത്തെ ജയില്‍ വാസത്തിൽ ഏറ്റവും വലിയ വേദന ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടതായിരുന്നെന്ന് അറ്റ്‌ലസ് രാമചന്ദ്രന്‍. കടലില്‍ നിന്നു പുറത്തെടുത്ത മത്സ്യത്തെപോലെ പിടയുകയായിരുന്നു ഇക്കാലമത്രയുമെന്നും അദേഹം പറഞ്ഞു.
യുഎഇയിലെ വിവിധ ബാങ്കുകള്‍ സംയുക്തമായി നല്‍കിയ പരാതിയിലാണ് എംഎം രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത്. എംഎം രാമചന്ദ്രന്‍ ജയിലിലായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഭാര്യയാണ് കേസിന്റെ നടത്തിപ്പുകള്‍ നോക്കിയിരുന്നത്. 2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്.
അറ്റ്‌ലസ് ജ്വല്ലറിയുടെ 50 ബ്രാഞ്ചുകളുടെ ഉടമയായിരുന്ന രാമചന്ദ്രന് 22 ബാങ്കുകളിലായി 500 ദശലക്ഷം ദിര്‍ഹത്തിന്റെ ബാധ്യതയാണ് ഉണ്ടായിരുന്നത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ ബാങ്ക് ഓഫ് ബറോഡയടക്കം 23 ബാങ്കുകളാണ് അറ്റ്‌ലസ് രാമചന്ദ്രനെതിരേ കേസ് നല്‍കിയത്.
പ്രമുഖ പ്രവാസി വ്യവസായിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ രണ്ടാം ജന്മത്തിനു കടപ്പാട് പ്രമുഖ വ്യവസായിയും യു.എ.ഇ. എക്സ്ചേഞ്ചിന്റെ ഉടമയുമായ ബി.ആര്‍. ഷെട്ടിയോടാണ്. ഗള്‍ഫിലെ അറ്റ്ലസിന്റെ ആശുപത്രികള്‍ അദ്ദേഹം ഏറ്റെടുത്തതോടെ കേസുകള്‍ക്കു കാരണമായ വായ്പകളുടെ തിരിച്ചടവിനുള്ള അടിസ്ഥാന മൂലധനം ലഭിക്കുകയായിരുന്നു. രാമചന്ദ്രന്റെ ദുരവസ്ഥയില്‍ അദ്ദേഹത്തിന്റെ സ്ഥാപനങ്ങള്‍ ചുളുവിലയ്ക്കു വാങ്ങാന്‍ കാത്തുനിന്ന പലരെയും ഷെട്ടിയുടെ ഇടപെടല്‍ നിരാശരാക്കുകയും ചെയ്തു. രാമചന്ദ്രന്റെ മോചനത്തിനായി ആരും ഇടപെടാതെ വന്നതോടെയുള്ള ദുരവസ്ഥ ഭാര്യ ഇന്ദിര യു.എ.ഇയിലെ പ്രമുഖ മാധ്യമത്തോടു വിവരിച്ചതു കണ്ടാണ് ഷെട്ടി ഇടപെട്ടത്. രാമചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ആശുപത്രികള്‍ ഏറ്റെടുക്കാമെന്ന് ഷെട്ടി സമ്മതിച്ചതോടെ പ്രതീക്ഷയായി.
ഇതിനിടെ സിനിമാ നിര്‍മാണ രംഗത്ത് സജീവമായ ഷെട്ടി 1000 കോടി രൂപ മുതല്‍മുടക്കില്‍ മലയാളത്തില്‍ ‘രണ്ടാമൂഴം’ എന്ന സിനിമയുടെ നിര്‍മാണമേറ്റു. അതോടെ അറ്റ്ലസിന്റെ ആശുപത്രികള്‍ ഏറ്റെടുക്കുന്നതില്‍നിന്നു പിന്മാറുമെന്ന് അഭ്യൂഹങ്ങളായി. എന്നാല്‍ ഷെട്ടി വാക്കില്‍ ഉറച്ചുനിന്നു. ഒട്ടേറെ ആശുപത്രികളുടെ ഉടമയായ ഷെട്ടിക്ക് അറ്റ്ലസ് ആശുപത്രികള്‍ ഭാരമാകില്ലെന്ന തിരിച്ചറിവും രാമചന്ദ്രന്റെ മോചനത്തിനു വേഗം കൂടി. ആഗോള ആരോഗ്യ പരിചരണ ശൃംഖലയായ എന്‍.എം.സി. ഹെല്‍ത്ത് കെയര്‍, പ്രമുഖ പണവിനിമയ സ്ഥാപനമായ യു.എ.ഇ. എക്സ്ചേഞ്ച് തുടങ്ങി നിരവധി സംരംഭങ്ങളുടെ അമരക്കാരനായ ഷെട്ടി മംഗലാപുരം ഉഡുപ്പി സ്വദേശിയാണ്.
വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന്റെ ശക്തമായ ഇടപെടലാണ് രാമചന്ദ്രന്റെ ജയില്‍ മോചനത്തിന് സഹായിച്ചത്. ദുബായ് ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയ അവര്‍, രാമചന്ദ്രന്‍ പുറത്തിറങ്ങിയാല്‍ കടങ്ങള്‍ വീട്ടുമെന്ന് ഉറപ്പുനല്‍കാന്‍ വരെ തയാറായി. ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും സുരേഷ് ഗോപി എം.പിയുമൊക്കെയാണു രാമചന്ദ്രന്റെ ദുരവസ്ഥ സുഷമയുടെ ശ്രദ്ധയില്‍ കൊണ്ടുവന്നത്. ബി.ജെ.പി. പ്രവാസി സെല്ലും സുഷമയുടെ ഇടപെല്‍ അഭ്യര്‍ഥിച്ചു.
ആദ്യഘട്ടത്തില്‍ ചില വ്യവസായ ഗ്രൂപ്പുകളുടെ സമ്മര്‍ദം മൂലം ഇടപെടാന്‍ മടിച്ച സുഷമാ സ്വരാജ്, ദുബായ് ഭരണകൂടവുമായി ബന്ധപ്പെട്ട് രാമചന്ദ്രനു മതിയായ ചികിത്സ ലഭ്യമാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. രാമചന്ദ്രന്റെ ബിസിനസുകള്‍ നേരായ വഴിയിലാണെന്നു കേരള സര്‍ക്കാര്‍ വ്യക്തമാക്കുകയും കൂടി ചെയ്തതോടെ കേന്ദ്രം സജീവമായി ഇടപെട്ടു. സുഷമ ദുബായ് സര്‍ക്കാരിനു കത്തയച്ചു. ആവശ്യമായ നടപടികള്‍ക്ക് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയെ ചുമതലപ്പെടുത്തി. അദ്ദേഹമാണ് ബാങ്കുകളുമായി സംഭാഷണം നടത്തി ഒത്തുതീര്‍പ്പുകളിലേക്കു വഴിതുറന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവും ദുബായില്‍ ചെന്ന് പ്രശ്നത്തില്‍ ഇടപെട്ട് കടമ്പകള്‍ മറികടന്നു.
ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല
‘ഞാന്‍ പൊതുജനങ്ങള്‍ക്ക് ഒപ്പമാണ് ജീവിച്ചത്. ദിവസവും നൂറുകണക്കിന് ആളുകളെ കാണുമായിരുന്നു. അതെല്ലാം വിട്ട് ഒറ്റയ്ക്കായപ്പോള്‍ കടലില്‍നിന്നും കരയ്ക്കിട്ട മത്സ്യത്തെപ്പോലെ പിടിഞ്ഞു. അത് സഹിക്കാവുന്നതായിരുന്നില്ല. ജീവിതത്തില്‍ നിരവധി ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവും. എന്നാല്‍ ഇത്തവണത്തെ പ്രയാസം അല്‍പം ദൈര്‍ഘ്യം ഏറിയാതായിപ്പോയി. ഇങ്ങനെ ഒരു തളര്‍ച്ചവരുമെന്ന് കരുതിയിരുന്നില്ല’.
വീടിന്റെ സുരക്ഷയില്‍നിന്ന് ജയിലേക്ക്
ബര്‍ദുബായി പോലീസ് സ്റ്റേഷനില്‍നിന്ന് ഒരു വിളിവന്നു. കാണാന്‍ സാധിക്കുമോ എന്നറിയാനായിരുന്നു. വീട്ടിലേക്ക് വരാന്‍ പറഞ്ഞു. അവര്‍ വീട്ടില്‍വന്ന ശേഷം സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. പിന്നീടാണ് മനസിലായത് തടവിലാക്കിയതാണ് എന്ന്.
പിറ്റേന്നാണ് കുടുംബവുമായി ബന്ധപ്പെടാന്‍ കഴിഞ്ഞത്. ജയിലില്‍ ആയിരുന്നപ്പോള്‍ പത്രങ്ങളില്‍വന്ന അവാസ്തവമായ വാര്‍ത്തകള്‍ ഏറെവേദനിപ്പിച്ചു. വലിയൊരു ഭീകരനായി അവതരിപ്പിച്ചതില്‍ വിഷമം ഉണ്ടായി. ഭാര്യ ഇന്ദുവാണ് ഇതില്‍നിന്നെല്ലാം മോചനം നേടാന്‍ സഹായിച്ചത്.
സമയം ലഭിച്ചിരുന്നെങ്കില്‍ കടം കൊടുത്തു തീര്‍ക്കാമായിരുന്നു
സമയം കിട്ടിയിരുന്നെങ്കില്‍ എല്ലാ കടങ്ങളും തിരിച്ചുകൊടുക്കാന്‍ കഴിയുമായിരുന്നു. ജയിലില്‍ ആയിരുന്നതുകൊണ്ട് ന്യായമായ വിലപോലും ലഭിക്കാതെ കിട്ടിയ വിലയ്ക്കാണ് ആശുപത്രി വില്‍ക്കേണ്ടിവന്നത്.
അതില്‍ വളരെ വിഷമം ഉണ്ടായി. ജയലിനു പുറത്തായിരുന്നെങ്കില്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ ലഭിക്കുമായിരുന്നു. കടം ഉണ്ടായിരുന്നതില്‍ കൂടുതല്‍ ആസ്തി അപ്പോള്‍ ഉണ്ടായിരുന്നു. അല്‍പം കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടമെല്ലാം കൊടുത്തു തീര്‍ക്കാന്‍ കഴിയുമായിരുന്നു. ഒന്നില്‍നിന്നും ഒളിച്ചോടാന്‍ താന്‍ ആഗ്രഹിച്ചില്ല- അദ്ദേഹം പറഞ്ഞു.
ജനകോടികളുടെ സൗഹൃദം
ചാരത്തില്‍നിന്നും പറന്നുയരുന്ന ഫിനിക്‌സിനെപ്പോലെ വീണ്ടും തിരിച്ചുവരും. ആ നിശ്ചയദാര്‍ഡ്യം തനിക്കുണ്ട്. ജനകോടികളുടെ സൗഹൃദം തനിക്ക് പിന്തുണയായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഓര്‍മക്കുറുപ്പുകള്‍
ജയിലില്‍ ഓര്‍മക്കുറുപ്പുകള്‍ എഴുതുന്നതായിരുന്നു സമയം കളയാന്‍ കണ്ടെത്തിയ മാര്‍ഗം. മനസില്‍ തിരയടിച്ച ഓര്‍മകളെല്ലാം കടലാസില്‍ കുറിച്ചുവച്ചു. കുട്ടിക്കാലത്തെ ഓര്‍മകളാണ് ആദ്യം എത്തിയത്. ജനിച്ചസമയത്തെ കാര്യങ്ങള്‍ അച്ഛന്‍ പറഞ്ഞുതന്നതുമുതല്‍, അമ്മയും അച്ഛനും പറഞ്ഞ കഥകള്‍ വരെ കുറുപ്പുകളായി പുനര്‍ജനിച്ചു.
സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രം
ഇനി ആരെയും അമിതമായി വിശ്വസിക്കില്ല. വിഷമതകളുടെ കാലത്ത് സ്‌നേഹിക്കാന്‍ ഒരാള്‍ മാത്രമാണ് ഉണ്ടായിരുന്നത്. പരിപൂര്‍ണ സ്‌നേഹം അത് തന്റെ ഇന്ദു മാത്രമാണ്. അവള്‍ ബിസിനസില്‍ പങ്കാളിയായിരുന്നെങ്കില്‍ ഇപ്പോഴുണ്ടായ വിഷമതകളൊന്നും ഉണ്ടാവുമായിരുന്നില്ല- അദ്ദേഹം പറഞ്ഞുനിര്‍ത്തി.