Kerala

വയനാട്: സിസ്‌റ്റർ ലൂസിക്കെതിരെ എടുത്ത നടപടി പിൻവലിച്ചു.  പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ഉണ്ടായിരുന്ന വിലക്കാണ് പിൻവലിച്ചിരിക്കുന്നത്. ഇന്ന് നടന്ന കാരക്കമല പാരീഷ് കൗൺസിൽ യോഗത്തിന് ശേഷമാണ് തീരുമാനം ഉണ്ടായിരിക്കുന്നത്. ഇന്ന് നാലുമണിക്ക് തുടങ്ങിയ പാരീഷ് കൗൺസിൽ യോഗം അനിശ്ചിതമായി നീണ്ട്പോവുകയും ചെയ്‌തതോടെ തീരുമാനത്തിനായി പുറത്തുകാത്തുനിന്നിരുന്ന നൂറ്റമ്പതോളം വിശ്വാസികളാണ് കൺസിൽ യോഗത്തിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചത്. തുടർന്നാണ് ഇടവക വികാരി നടപടികളെല്ലാം പിൻവലിച്ചതായി പറഞ്ഞത്. കൂടുതൽ വിവരങ്ങൾ ഒന്നും വെളിപ്പെടുത്തിയിട്ടില്ല. വർത്തയറിഞ്ഞ സിസ്റ്റർ ലൂസി തന്നെ പിന്തുണച്ച എല്ലാ വിശ്വാസികളോടും നന്ദിയറിയിച്ചു. തിൻമ്മക്കെതിരെ പോരാടുവാനുള്ള ഈ ഊർജം എല്ലാ വിശ്വാസികൾക്കും ഉണ്ടാകട്ടെ എന്ന് ആശംസിക്കുകയും ചെയ്‌തു.

കന്യാസ്ത്രീകളെ പിന്തുണച്ച സി.ലൂസി കളപ്പുരക്കെത്തിരെ സഭ നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥനാ, ആരാധന, കുര്‍ബാന ചുമതലകളില്‍ നിന്ന് വിലക്കുകയും ചെയ്‌തിരുന്നു. സമൂഹമാധ്യമങ്ങളില്‍ ലേഖനമെഴുതിയതുള്‍പ്പെടെ സഭയെ ധിക്കരിച്ച് പ്രവര്‍ത്തിച്ചതിന് മൂന്ന് മാസം മുന്‍പ് മാനന്തവാടി രൂപത നടപടിക്ക് ശുപാര്‍ശചെയ്തിരുന്നു. എന്നാല്‍ എന്തിനാണ് നടപടിയെടുത്തതെന്ന് അറിയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര വ്യക്തമാക്കുകയും, ചെയ്ത തെറ്റ് എന്തെന്ന് സഭ വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. മദര്‍ സൂപ്പീരിയര്‍ ആണ് ഇടവക പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കണമെന്ന് അറിയിച്ചതെന്നും സിസ്റ്റര്‍ പറഞ്ഞിരുന്നു.

ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ശരിയായില്ലെന്ന് ബിഷപ് ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി. കേസില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അറസ്റ്റ് നിയമവിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണ് എന്നതുള്‍പ്പെടെയുള്ള വാദങ്ങള്‍ ഉന്നയിച്ചാണ് ബിഷപ് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ശാസ്ത്രീയ തെളിവുകള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ പൊലീസ് ശ്രമിക്കുകയാണെന്ന് ജാമ്യാപേക്ഷയില്‍ ആരോപിക്കുന്നു. തന്റെ ആരോഗ്യനില വഷളായിക്കൊണ്ടിരിക്കുകയാണ്. ജയിലിൽ കഴിയേണ്ടി വരുന്നത് ജീവൻ അപകടത്തിലാക്കും. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനയിലിരിക്കെ അറസ്റ്റ് ചെയ്തത് ഹൈക്കോടതിയുടെ അധികാരത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും ബിഷപ്പിന്റെ അഭിഭാഷകന്‍ വാദിച്ചു. എന്നാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചപ്പോള്‍ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടില്ലല്ലോ എന്ന് കോടതി ചോദിച്ചു.

ബിഷപ്പിന്റെ അറസ്റ്റോടെ മുന്‍കൂര്‍ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി നിരീക്ഷിച്ചു. മറുപടി നല്‍കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തതോടെ, നാളെത്തന്നെ ജാമ്യാപേക്ഷ പരിഗണിക്കണമെന്ന ബിഷപ്പിന്റെ വാദം കോടതി അനുവദിച്ചില്ല. ബിഷപ് അറസ്റ്റിലാവും മുന്‍പ് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജികള്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തീര്‍പ്പാക്കി. പൊലീസ് സ്വതന്ത്രമായി അന്വേഷിക്കട്ടേയെന്ന് നിരീക്ഷിച്ച കോടതി  മറ്റെന്തെങ്കിലും താല്‍പര്യങ്ങള്‍ ഹര്‍ജികള്‍ക്ക് പിന്നിലുണ്ടോ എന്ന് ആരാഞ്ഞു. കോടതിനിലപാട് എതിരായതോടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹര്‍ജിക്കാര്‍ പിന്‍വലിച്ചു.

അതേസമയം അനുമതിയില്ലാതെ പോലീസ് തന്റെ വസ്ത്രങ്ങൾ എടുത്തുകൊണ്ടു പോയതായി ബിഷപ്പ് കോടതിയിൽ പറഞ്ഞു. പാലാ സബ് ജയിലിൽ ആണ് ബിഷപ്പിനെ പാർപ്പിച്ചിരിക്കുന്നത്.

പോലീസ് കസ്റ്റഡിയിൽ ആയിരുന്ന ബിഷപ്പിനെ ഉച്ചക്ക് ഒരു മണിയോടെ ആണ് പാലാ ഒന്നാം ക്ലാസ്സ്‌ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയത്. കോട്ടയം പോലീസ് ക്ലബ്ബിൽ വൈദ്യ പരിശോധന നടത്തിയ ശേഷമാണു ബിഷപ്പിനെ പാലാ കോടതിയിൽ എത്തിച്ചത്. പരാതികൾ എന്തെങ്കിലും ഉണ്ടോ എന്ന മജിസ്‌ട്രേറ്റിന്റെ ചോദ്യത്തിന് പരാതികളില്ല എന്നാൽ ചില കാര്യങ്ങൾ ബോധിപ്പിക്കാൻ ഉണ്ടെന്നായിരുന്നു ബിഷപ്പിന്റെ മറുപടി. അനുമതി ഇല്ലാതെ എടുത്ത വസ്ത്രങ്ങൾ ഉപയോഗിച്ച് പോലീസ് തനിക്കെതിരെ തെളിവുകൾ സൃഷ്ടിക്കുമോ എന്ന് ആശങ്ക ഉണ്ടെന്ന് ബിഷപ്പ് കോടതിയിൽ പറഞ്ഞു.

ബിഷപ്പിന്റെ അഭിഭാഷകൻ എന്നാൽ വസ്ത്രങ്ങൾ എടുത്തത് നിയമാനുസൃതം ആണെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളതിനാൽ കൃത്യമായ വൈദ്യസഹായം ലഭ്യമാക്കണം എന്നും ബിഷപ്പ് കോടതിയിൽ അഭ്യർത്ഥിച്ചു. ഈ രണ്ടു കാര്യങ്ങളും കോടതി രേഖപ്പെടുത്തി. തുടർന്നു ബിഷപ്പിനെ അടുത്ത മാസം ആറു വരെ റിമാൻഡ് ചെയ്തു

തിരുവനന്തപുരം: അടുത്ത അഞ്ച് ദിവസങ്ങളിൽ സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തിന്‍റെ പല മേഖലകളിലും മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ വ്യക്തമാക്കിരിക്കുന്നത്. ഞായറാഴ്ച മുതൽ വിവിധ പ്രദേശങ്ങളിൽ നല്ല മഴ ലഭിക്കുന്നുണ്ട്. ഇതിന്‍റെ തുടർച്ചയായിട്ടാവും വരും ദിവസങ്ങളിലും മഴ പെയ്യുക എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടർ കെ.സന്തോഷ് അറിയിച്ചു.

രാജ്യത്തെ ബാങ്കുകളില്‍ നിന്ന് സഹസ്ര കോടികള്‍ ലോണെടുത്ത് രാജ്യം വിടുന്ന വ്യവസായികളുടെ നിരയിലേക്ക് ഒരാള്‍ കൂടി. ഗുജറാത്തിലെ മരുന്ന് കമ്പനിയായ സ്റ്റെര്‍ലിങ് ബയോടെക് കമ്പനിയുടെ ഡയറക്ടര്‍ നിതിന്‍ സന്ദേശരയാണ് 5,000 കോടി രൂപ വായ്പയെടുത്ത് നൈജീരിയയിലേയ്ക്ക് മുങ്ങിയത്.

നിതിനെകൂടാതെ, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഡയറക്ടര്‍മാരുമായ ചേതന്‍ സന്ദേശര, സഹോദര ഭാര്യ ദീപ്തി ബെന്‍ സന്ദേശര എന്നിവരും നൈജീരിയയിലേയ്ക്ക് കടന്നതായാണ് സൂചന.

ആന്ധ്ര ബാങ്ക് ഉള്‍പ്പെട്ട കണ്‍സോര്‍ഷ്യത്തില്‍നിന്ന് 5,000 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് നിതിനും പങ്കാളികള്‍ക്കുമെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. 2016 വരെയുള്ള കണക്കുപ്രകാരം കമ്പനിയുടെ മൊത്തം കുടിശിക 5383 കോടി രൂപയാണ്. നിതിന്‍ സന്ദേശരക്കെതിരെ ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

യുഎഇയില്‍ ഇവരെ അറസ്റ്റ് ചെയ്യാനിരിക്കെയാണ് നൈജീരിയയിലേയ്ക്ക് കടന്നതായി സംശയിക്കുന്നത്. ഇന്ത്യയും നൈജീരിയയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള ധാരണ ഇല്ലാത്തതുകൊണ്ട് തുടര്‍ നടപടികളെ ഇത് ബാധിക്കും. മല്യയ്ക്കും,നീരവ് മോദിക്കും, മെഹുല്‍ ചോസ്കിക്കും പിന്നാലെ ബാങ്കുകളെ പറ്റിച്ച്‌ മറ്റൊരാള്‍ കൂടി സുരക്ഷിതമായി നാട് കടന്നിരിക്കുകയാണ്. രാജ്യം വിടുന്ന സാമ്പത്തിക കുറ്റവാളികളെ പിടികൂടി തിരികെയെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെടുന്നുവെന്ന് വ്യക്തമാകുന്നതാണ് പുതിയ സംഭവം.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ പായ്മരം ഒടിഞ്ഞ വഞ്ചിയില്‍ രണ്ടുദിവസമായി സമുദ്രത്തില്‍ തുടരുന്ന നാവികന്‍ അഭിലാഷ് ടോമിയെ രക്ഷപ്പെടുത്തിയതായി നാവികസേന അറിയിച്ചു. അഭിലാഷ് സുരക്ഷിതനും ബോധവാനാണെന്നും സേന ട്വിറ്ററിൽ അറിയിച്ചു. അഭിലാഷിനൊപ്പം മല്‍സരിച്ച ഗ്രെഗറെ രക്ഷിക്കാന്‍ ഒസിരിസ് നീങ്ങുകയാണ്.

ഫ്രഞ്ച് കപ്പലായ ഒസിരിസ് അഭിലാഷിന്റെ വഞ്ചിയ്ക്കടുത്തെത്തിയിരുന്നു. കപ്പലിലെ ചെറുബോട്ടില്‍ ഡോക്ടര്‍മാരടങ്ങുന്ന രക്ഷാപ്രവര്‍ത്തകര്‍ അഭിലാഷ് ടോമിയുടെ അരികിലെത്തി. അഭിലാഷിന്റെ വഞ്ചിയുടെ സ്ഥാനം നിരീക്ഷിച്ച് ഇന്ത്യന്‍ വ്യോമസേന വിമാനവും എത്തിയിട്ടുണ്ട്.

തുരിയ എന്നു പേരുള്ള പായ്‍വ‍ഞ്ചിയിലായിരുന്നു യാത്ര. നേരത്തേ അഭിലാഷ് ഒറ്റയ്‌ക്ക് ലോകം ചുറ്റിവന്ന മാദേയി എന്ന പായ്‍‍വഞ്ചിയില്‍ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ തുരിയയില്‍ ഭൂപടവും വടക്കുനോക്കിയന്ത്രവും മാത്രമാണ് ഉണ്ടായിരുന്നത്.

ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് 1,900 നോട്ടിക്കൽ മൈൽ അകലെയുള്ള സ്ഥലത്തു വെച്ചായിരുന്നു അപകടം. മണിക്കൂറില്‍ 120 കിലോമീറ്ററിലേറെ ശക്തിയില്‍ വീശിയടിച്ച കാറ്റിലും, 14 മീറ്ററിലേറെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങിയ തിരമാലയിലും പെട്ടാണ് അപകടമുണ്ടായത്.

നടുവിനു പരുക്കേറ്റ് അനങ്ങാനാവാത്ത സ്ഥിതിയിലാണെന്നും വഞ്ചിയിലുണ്ടായിരുന്ന ഐസ് ടീ കുടിച്ചതു മുഴുവൻ ഛർച്ചെന്നും അഭിലാഷ് സന്ദേശമയച്ചു. കാൽവിരലുകൾ അനക്കാം. എന്നാൽ, ദേഹത്താകെ നീരുണ്ട്. പായ്‌വഞ്ചിയിലെ ആശയവിനിമയ ഉപകരണങ്ങളുടെ ചാർജ് കഴിയാറായെന്നും സന്ദേശത്തിൽ പറഞ്ഞു.

പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു. എട്ടു മീറ്ററോളം ഉയരത്തിലുള്ള തിരമാലകളും ശക്തമായ കാറ്റുമാണു രക്ഷാദൗത്യം വൈകിപ്പിച്ചത്. അഭിലാഷിൻറെ കയ്യിലുണ്ടായിരുന്ന സാറ്റലൈറ്റ് ഫോണിന് തകരാർ സംഭവിച്ചതിനാൽ രക്ഷാപ്രവർത്തകരുമായുള്ള ആശയവിനിമയം ഇടക്കു വെച്ചു നിലച്ചു.
ഇന്ത്യൻ നേവിക്കൊപ്പം ആസ്ട്രേലിയൻ നേവിയും ഫ്ര​ഞ്ച് നേവിയും രക്ഷാപ്രവർത്തനത്തിൽ കൈകോർത്തു. ആദ്യമെത്തിയത് ഫ്ര​​ഞ്ച് കപ്പലായ ഒസിരിസ് ആണ്.

ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്.
അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത

വാര്‍ത്ത സന്തോഷകരമെന്ന് പിതാവ് ടോമി പ്രതികരിച്ചു. അഭിലാഷിനെ ഓസ്ട്രേലിയയിലേക്ക് കൊണ്ടുപോകാനാണ് സാധ്യത. . ആരോഗ്യസ്ഥ്തി മെച്ചപ്പട്ടതാണെന്ന് അറിയുന്നത് ആശ്വാസകരമാണ്. അഭിലാഷിന്റെ അനുജ‍ന്‍ ഓസ്ട്രേലിയയിലുണ്ട്. താനും പോകുമെന്ന് ടോമി പറഞ്ഞു.

മൗറീഷ്യസില്‍ നിന്ന് മൂന്നുമണിക്കൂര്‍ ദൂരത്താണ് നാവികസേനയുടെ പി.എട്ട്.ഐ വിമാനം അഭിലാഷിന്റെ പായ്‍വഞ്ചി കണ്ടെത്തിയത്. പ്രതികൂല കാലാവസ്ഥ രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് പ്രതികരിക്കുന്നുണ്ടെന്നും സേന അറിയിച്ചു. മേഖലയില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ കാറ്റും, കൂറ്റന്‍ തിരമാലയുമാണ്. കാറ്റില്‍പ്പെട്ട് പായ്‍വഞ്ചി കടലില്‍ അനിയന്ത്രിതമായി ചുറ്റിക്കറങ്ങുകയാണെന്നും നാവികസേന അറിയിച്ചു.

പായ്മരം തകര്‍ന്ന് വീണ് നടുവിന് ഗുരുതരമായി പരുക്കേറ്റ അഭിലാഷ് ചലിക്കാനാകാത്ത സ്ഥിതിയിലാണ്. ജൂലൈ ഒന്നിന് ഫ്രാന്‍സില്‍ നിന്നാണ് കമാന്‍ഡര്‍ അഭിലാഷ് ടോമി 30000 നോട്ടിക്കല്‍ മൈല്‍ കടലിലൂടെ താണ്ടാനുള്ള ഗോള്‍ഡന്‍ ഗ്ളോബ് പ്രയാണത്തിന് തുടക്കം കുറിച്ചത്

കൊച്ചി: കന്യാസ്ത്രീ പീഡനത്തില്‍ അറസ്റ്റിലായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കുന്നു. വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത ബിഷപ്പിനെ ശനിയാഴ്ച പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. പോലീസ് മൂന്നു ദിവസം കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രണ്ടു ദിവസമാണ് അനുവദിച്ചത്. ഇന്ന് ബിഷപ്പിനെ വീണ്ടും കോടതിയില്‍ ഹാജരാക്കും. ബിഷപ്പ് ഇന്ന് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കും.

ശനിയാഴ്ച ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും കോടതി തള്ളിയിരുന്നു. ഇന്ന് ഉച്ചക്ക് 2.30 വരെയാണ് ബിഷപ്പിന്റെ കസ്റ്റഡി കാലാവധി. അതുകൊണ്ടുതന്നെ ജാമ്യഹര്‍ജി ഇന്ന് കോടതി പരിഗണിച്ചേക്കില്ല. അന്വേഷണവുമായി ബിഷപ്പ് പൂര്‍ണമായും സഹകരിച്ചെന്നും അറസ്റ്റ് അനാവശ്യമായിരുന്നെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യാപേക്ഷ. എന്നാല്‍ ബിഷപ്പ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നതാണെന്നും അതില്‍ തീരുമാനമെടുക്കാന്‍ കോടതി മാറ്റിവെച്ചിരുന്നതാണെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കും. ഇന്നലെ കുറവിലങ്ങാട് മഠത്തില്‍ തെളിവെടുപ്പിന് ശേഷം ബിഷപ്പിനെ പോലീസ് ക്ലബ്ബില്‍ എത്തിച്ചിരുന്നു. ഇന്നലെ വൈകിട്ടും ബിഷപ്പിനെ പോലീസ് ചോദ്യംചെയ്തിരുന്നു. ഉച്ചയ്ക്കു ശേഷമായിരിക്കും ബിഷപ്പിനെ പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കുന്നത്.

ഗോള്‍ഡന്‍ ഗ്ലോബ് പ്രയാണത്തിനിടെ അപകടത്തില്‍പ്പെട്ട മലയാളി നാവികന്‍ അഭിലാഷ് ടോമിയുടെ പായ് വഞ്ചിയുടെ ചിത്രങ്ങള്‍ പുറത്തുവിട്ടു. ആകാശ നിരീക്ഷണം നടത്തിയ നാവികസേനയുടെ പി.8.ഐ നിരീക്ഷണ വിമാനം പകര്‍ത്തിയ ചിത്രമാണ് ഗോള്‍ഡന്‍ ഗ്ലോബ് റേസ് അധികൃതര്‍ പുറത്തുവിട്ടത്.

അഭിലാഷിനു വേണ്ടി മരുന്നും ഭക്ഷണവും പായ് വഞ്ചിയില്‍ എത്തിക്കാന്‍ രക്ഷാപ്രവര്‍ത്തക സേന ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍, കനത്ത കാറ്റും മഴയും രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുകയാണ്. പത്തടിയോളം ഉയരത്തിലുള്ള തിരമാലകളും രക്ഷാ പ്രവര്‍ത്തനത്തിന് തിരിച്ചടികുന്നു.

പ്രദേശത്ത് മണിക്കൂറില്‍ 30 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റടിക്കുന്നത്. ഓസ്‌ട്രേലിയന്‍ പ്രതിരോധവകുപ്പും ഇന്ത്യന്‍ നാവികസേനയുടെ രണ്ട് കപ്പലുകളുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നുണ്ട്.

ജൂലൈ ഒന്നിന് ഫ്രാന്‍സിലെ ‘ലെ സാബ്ലെ ദെലോന്‍’ തുറമുഖത്തുനിന്ന് ആരംഭിച്ച മല്‍സരത്തിന്റെ 83ാം ദിവസം, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ കൊടുങ്കാറ്റിലും കനത്ത തിരമാലകളിലുംപെട്ട് പായ്വഞ്ചി ‘തുരീയ’ തകര്‍ന്നുള്ള അപകടത്തില്‍ അഭിലാഷ് ടോമിക്ക് പരുക്കേറ്റിരുന്നു. ഇതിനകം 19,446 കിലോമീറ്റര്‍ താണ്ടിയ അഭിലാഷ് ടോമി മല്‍സരത്തില്‍ മൂന്നാം സ്ഥാനത്തായിരുന്നു.110 കിലോമീറ്റര്‍ വേഗത്തില്‍ ആഞ്ഞടിച്ച കാറ്റില്‍ 10 മീറ്ററോളം ഉയര്‍ന്ന തിരമാലകള്‍ക്കിടയില്‍പെട്ട് വഞ്ചിയുടെ 3 പായ്മരങ്ങളിലൊന്ന് തകരുകയായിരുന്നു.

അപകടത്തില്‍പ്പെട്ട അഭിലാഷ് സന്ദേശങ്ങളിലൂടെ പായ്വഞ്ചിയില്‍ താന്‍ സുരക്ഷിതനാണെന്നാണ് അറിയിച്ചിരുന്നു.തനിക്ക് പായ് വഞ്ചിയില്‍ നിന്നും ഇറങ്ങാന്‍ കഴിയുന്നില്ലെന്നും,നില്‍ക്കുന്ന സ്ഥലം കണ്ടുപിടിക്കാനായി ഫോണ്‍ ഓണാക്കി വച്ചിട്ടുണ്ടെന്നും അപകടത്തില്‍ തന്റെ മുതുകിന് സാരമായി പരിക്കേറ്റിടുണ്ടെന്നും അഭിലാഷ് വ്യക്തമാക്കീരുന്നു. ഇടയ്ക്ക് ബന്ധം നഷ്ടപ്പെട്ടെങ്കിലും റേഡിയോ സന്ദേശങ്ങളോട് അഭിലാഷ് ഇപ്പോള്‍ പ്രതികരിക്കുന്നുണ്ട്.

ഓസ്‌ട്രേലിയന്‍ തീരമായ പെര്‍ത്തില്‍നിന്ന് 3704 കിലോമീറ്റര്‍ അകലെയാണ് വഞ്ചി ഇപ്പോഴുള്ളത്. ഇന്ത്യന്‍ തീരമായ കന്യാകുമാരിയില്‍നിന്ന് 5020 കിലോമീറ്റര്‍ അകലെയാണിത്.

 

സഭാ നടപടികൾ വിഷമിപ്പിക്കുന്നെന്ന് കന്യാസ്ത്രീകൾ. സത്യത്തിനുവേണ്ടി നിൽക്കുന്നവരെ എന്തിനാണ് സഭ ക്രൂശിക്കുന്നത്. പ്രതികാരനടപടികൾ പ്രതീക്ഷിക്കുന്നുണ്ടെന്നും നടപടികൾ ഉണ്ടായാൽ പ്രതിഷേധിക്കുമോയെന്നു അപ്പോൾ തീരുമാനിക്കുമെന്നും സിസ്റ്റര്‍ അനുപമ കുറവിലങ്ങാട്ട് പറഞ്ഞു.

കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച പുരോഹിതനെതിരെ നടപടി സ്വീകരിച്ചു. യൂഹാനോന്‍ റമ്പാനെ യാക്കോബായ സഭ പൊതുപരിപാടികളില്‍ നിന്ന് വിലക്കി. വിലക്ക് ലംഘിച്ചാല്‍ അച്ചടക്കനടപടിയുണ്ടാകുമെന്ന് താക്കീതും നൽകി. പാത്രിയാര്‍ക്കീസ് ബാവയുടെ നിര്‍ദേശപ്രകാരമാണ് നടപടി. റമ്പാന്‍ന്മാര്‍ ദയറകളില്‍ പ്രാര്‍ഥിച്ചുകഴിയേണ്ടവരാണെന്ന് സഭാനേതൃത്വം അറിയിച്ചു.

കന്യാസ്ത്രീസമരത്തെ പിന്തുണച്ച മാനന്തവാടി രൂപതയിലെ സിസ്റ്റർ ലൂസി കളപ്പുരക്കെതിരെയും നടപടി സ്വീകരിച്ചിരുന്നു. പ്രാര്‍ഥന, ആരാധന, കുര്‍ബാന എന്നീ ചുമതലകളില്‍ നിന്ന് വിലക്കി. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് ഇടവക വികാരിയാണ് നടപടിയെടുത്തതെന്നാണ് രൂപതയുടെ വിശദീകരണം.

എഫ്.സി.സി സന്യാസസമൂഹത്തിന്റെ സെന്റ് മേരീസ് പ്രൊവിൻസ് അംഗമാണ് സിസ്റ്റർ ലൂസി കളപ്പുര. മാനന്തവാടി രൂപതയുടെ കീഴിലെ കാരക്കാട് മഠത്തിലായിരുന്നു പ്രവർത്തനം . കൊച്ചിയിൽ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് സിസ്റ്റർ ലൂസി സജീവപിന്തുണ നൽകിയിരുന്നു. സഭയെ വിമർശിച്ചു സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിടുകയും പരസ്യ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. വേദപഠനം, വിശുദ്ധകുർബാന പകർന്നു നൽകൽ ആരാധനാ പങ്കാളിത്തം എന്നിവയിൽ നിന്നും വിലക്കിയതായി മദർ സുപ്പീരിയർ ആണ് ഇന്ന് രാവിലെ സിസ്റ്ററിനെ അറിയിച്ചത്.

താൻ ചെയ്ത തെറ്റ് എന്താണെന്ന് അധികാരികൾ വ്യക്തമാക്കണമെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.
സിസ്റ്ററിനെതിരെ തങ്ങൾ യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് മാനന്തവാടി രൂപത അറിയിച്ചു. സന്യാസി സമൂഹത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി നേരത്തെ തന്നെ സിസ്റ്റർ പ്രവർത്തിച്ചിരുന്നെന്നും ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നു ഇടവക വികാരിയാണ് നടപടിയെടുത്തതെന്നുമാണ് രൂപതയുടെ വിശദീകരണം.

താൻ ബിജെപിയിൽ ചേർന്നെന്ന വാദം തെറ്റാണെന്ന് തുറന്ന് പറഞ്ഞുകൊണ്ട് ഫാദർ മാത്യു മണവത്ത് രംഗത്തെത്തിയപ്പോൾ തനിക്ക് ബിജെപിയുമായി അടുപ്പമുണ്ടെന്ന് വ്യക്തമാക്കി ഫാ. ഗീവർഗീസ് കിഴക്കേടത്ത്. ലോകത്ത് ഏറ്റവും കൂടുതല്‍ ക്രിസ്ത്യാനികളെ കൊന്നിട്ടുളള തികഞ്ഞ നിരീശ്വരവാദവും ഭൗതീകവാദവും ഉളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വൈദികരുള്‍പ്പെടെയുളള ക്രിസ്ത്യാനിക്ക് ചേരാമെങ്കില്‍ മൃദുഹിന്ദുത്വം ആരോപിക്കപ്പെടുന്ന കോൺഗ്രസിൽ ചേരാമെങ്കില്‍ എന്തുകൊണ്ട് എനിക്ക് ബിജെപി ആയിക്കൂടായെന്നും വൈദികൻ ചോദിക്കുന്നത്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അനുഭാവി ആണെന്ന് പറഞ്ഞാല്‍ തന്നെ പളളിയില്‍ നിന്ന് മഹറോന്‍ ചൊല്ലും ചത്താല്‍ കുഴിച്ചിടാന്‍ പോലും സെമിത്തേരിയിലിടം ഇല്ലാത്ത സ്ഥിതി ഇവിടെ ഉണ്ടായിരുന്നു. ഇന്ന് വൈദീകര്‍ പലരും രഹസ്യവും പരസ്യവുമായി കമ്മ്യൂണിസ്റ്റ് ആണ്. രാജ്യത്തെ വര്‍ഗീയ കൊലപാതങ്ങളുടെ കണക്ക് എടുത്താല്‍ സിക്ക് കലാപം അടക്കം കൊങ്ങിയും ചെയ്തിട്ടുണ്ട് വര്‍ഗീയത അല്ലാത്ത കൊലപാതകം കമ്മിയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോളത്തെ ട്രെന്‍റ് ഏതെങ്കിലും ദളിത് ,പശു, തുടങ്ങി വടക്കേണ്ഡ്യയിലെന്ത് കൊല നടന്നാലും അതെല്ലാം ബി ജെ പിയുടെ തലയില്‍ വക്കുകയെന്നാണ്. എനിക്ക് എന്‍റെ വിശ്വാസം കളയാതെ തന്നെ ബി ജെ പി ആകാം. അത് സഹിക്കാത്തവരുണ്ടങ്കില്‍ നാല് തെറി പറഞ്ഞ് അണ്‍ഫ്രെണ്ട് ചെയ്തോളൂ. എന്‍റെ തീരുമാനം ഉറച്ചത് തന്നെ ആണെന്ന് വൈദികന്‍ വിശദമാക്കുന്നു.

ബ്രിട്ടീഷുകാരുടെ കാലത്ത് കോണ്‍ഗ്രസില്‍ ചേരുന്നത് അപമാനവും രാജ്യത്തോട് ചെയ്യുന്ന ദ്രോഹവും ആണ് എന്ന് പഠിപ്പിച്ചിരുന്നൂ മുഹമ്മദാലി ജിന്ന. സായിപ്പ് രാജ്യം വിട്ടപ്പോള്‍ എല്ലാവര്‍ക്കും കോണ്‍ഗ്രസ് അഭിമാനം ആയി അതിലേയ്ക്ക് അധികാരം മോഹിച്ചൊഴുക്കായി. വൈദികൻ ഫേസ്ബുക്ക് കുറിപ്പൽ വ്യക്തമാക്കി.

നേരത്തെ ബിജെപിയില്‍ താന്‍ അംഗത്വമെടുത്തതായി പ്രചരിക്കുന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫാ. മാത്യു മണവത്ത് രംഗത്തെത്തിയിരുന്നു. ബിജെപി കേരളയെന്ന ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലും വിവരം തെറ്റായിട്ടാണ് നല്‍കിയിരിക്കുന്നതെന്ന് ഫാ.മാത്യു മണവത്ത് ചൂണ്ടിക്കാണിച്ചിരുന്നു.

കോട്ടയം: കന്യാസ്ത്രീ പീഡനക്കേസിന്റെ തെളിവെടുപ്പ് ഇന്ന് ആരംഭിക്കും. പ്രതിയായ മുന്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പീഡനം നടന്ന കുറവിലങ്ങാട് മഠത്തിലെത്തിച്ചായിരിക്കും തെളിവെടുപ്പ്. നിലവില്‍ പരാതിക്കാരി ഉള്‍പ്പെടെ മഠത്തില്‍ താമസിക്കുന്ന എല്ലാവരെയും മാറ്റിയ ശേഷമായിരിക്കും തെളിവെടുപ്പ്. മഠത്തിലെ 20ാം നമ്പര്‍ മുറിയില്‍ വെച്ചാണ് ഫ്രാങ്കോ പീഡനത്തിന് ഇരയാക്കിയതെന്ന് കന്യാസ്ത്രീയുടെ പരാതിയില്‍ പറയുന്നുണ്ട്. ഈ മുറിയിലായിരിക്കും തെളിവെടുപ്പ് നടക്കുക.

നാളെ ഉച്ചവരെയാണ് ഫ്രാങ്കോയെ പോലീസ് കസ്റ്റഡിയില്‍ തുടരാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. അതിനാല്‍ എത്രയും വേഗത്തില്‍ തെളിവെടുപ്പ് നടത്താനായിരിക്കും പോലീസ് ശ്രമിക്കുക. കുറവിലങ്ങാട് മഠത്തിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി പോലീസ് അറിയിച്ചിട്ടുണ്ട്.

പീഡനം നടന്ന 2014 2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്‌ടോപ് എന്നിവ വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. ഫോണ്‍ ലഭിച്ചാല്‍ കൂടുതല്‍ ശാസ്ത്രീയ രേഖകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം നാളെ ഉച്ചയ്ക്ക് ഫ്രാങ്കോയെ കോടതിയില്‍ ഹാജരാക്കേണ്ടി വരും. നാളെ ജാമ്യ ഹരജി കോടതി പരിഗണിക്കാനാണ് സാധ്യത. പോലീസ് ക്ലബില്‍ നിന്ന് ഫ്രാങ്കോയുമായി അന്വേഷണ സംഘം കുറവിലങ്ങാടേക്ക് പുറപ്പെട്ടിട്ടുണ്ട്.

Copyright © . All rights reserved