Kerala

കോഴിക്കോട്: ഇനി ജന്മദിനവും വിവാഹവാര്‍ഷികദിനവും കോഴിക്കോട്ടെ പൊലീസുകാര്‍ക്ക് വീട്ടുകാരോടപ്പം ആഘോഷമാക്കാം. ജന്മദിനത്തിലും വിവാഹ വാര്‍ഷിക ദിനത്തിലും പൊലീസുകാര്‍ക്ക് അവധി നല്‍കി ചരിത്രത്തില്‍ ഇടം പിടിച്ചിരിക്കുകയാണ് കോഴിക്കോട് സിറ്റി പൊലീസ്. മാനസികസംഘര്‍ഷം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

പുതിയ ഉത്തരവ് കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തിങ്കളാഴ്ച പുറപ്പെടുവിച്ചു. പൊലീസുകാരുടെ ജന്മദിനവും വിവാഹദിനവും ശേഖരിച്ച ശേഷം പുതിയ ഉത്തരവ് നിലവില്‍ വരും. പൊലീസ് സേനാംഗങ്ങള്‍ക്ക് നിലവില്‍ കാഷ്വല്‍, മെഡിക്കല്‍ അവധികള്‍ ഉള്‍പ്പെടെ ഒട്ടേറെ അവധികളുണ്ട്. ഇവയില്‍ പലതും പൊലീസുകാര്‍ക്ക് എടുക്കാന്‍ കഴിയാറില്ലെന്നതാണ് വാസ്തവം. ഗുരുതര ക്രമസമാധാന പ്രശ്‌നം ഒന്നുമില്ലെങ്കില്‍ പുതിയ ഉത്തരവ് പ്രകാരമുള്ള അവധി അനുവദിക്കണമെന്നാണ് നിര്‍ദേശം.

മാനസിക പിരിമുറക്കവും കുടുംബ ജീവിതത്തിലെ പ്രശ്‌നങ്ങളുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് പ്രത്യേക അവധി ദിവസങ്ങള്‍ അനുവദിക്കാന്‍ കാരണം. നേരത്തെ ഇതു സംബന്ധിച്ച് കേരള പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കമ്മിഷണര്‍ക്ക് നിവേദനം നല്‍കിയിരുന്നു. പുതിയ ഉത്തരവ് നിലവില്‍ വന്നതോടെ ഇത്തരത്തില്‍ പ്രത്യേക അവധി നല്‍കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയായി കോഴിക്കോട് മാറി.

കൊച്ചി : കൊച്ചിയിലെ കപ്പല്‍ ശാലയില്‍ അറ്റകുറ്റപ്പണിയ്ക്കായി കൊണ്ടുവന്ന കപ്പലിനുള്ളില്‍ പൊട്ടിത്തെറി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി. ഇതില്‍ രണ്ടു ​​പേര്‍ മലയാളികളാണ്. കോട്ടയം സ്വദേശി ജിബിന്‍, വൈപ്പില്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. 13 പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരും മലയാളികളാണെന്നാണ് ലഭിക്കുന്ന വിവരം.

കപ്പലിനുള്ളിലെ വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്ന് കപ്പല്‍ശാല അവധി ആയതിനാല്‍ കപ്പലില്‍ എത്രപേര്‍ ഉണ്ടായിരുന്നുവെന്ന് വ്യക്തമല്ല. പരിക്കേറ്റവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മുംബൈയില്‍ നിന്നുള്ള 46 വര്‍ഷം പഴക്കമുള്ള സാഗര്‍ഭൂഷണ്‍ എന്ന കപ്പലാണ് ഇത്. കപ്പലിനുള്ളിലെ തീ ഇനിയും അണയ്ക്കാനായിട്ടില്ല. രണ്ടു പേര്‍ ഇപ്പോഴും കപ്പലില്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പൊള്ളലേറ്റവരില്‍ ചിലരുടെ നില അതീവ ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയുണ്ട്.

 

ചെന്നൈ: ചെന്നൈയിലെ കുപ്രസിദ്ധ ഗുണ്ടയും മലയാളിയുമായ ബിനു കീഴടങ്ങി. അമ്പത്തൂര്‍ കോടതിയിലെത്തിയാണ് ബിനു കീഴടങ്ങിയത്. ഇയാളുടെ പിറന്നാള്‍ ആഘോഷത്തിനിടെ തമിഴ്‌നാട് പോലീസ് നടത്തിയ റെയ്ഡില്‍ 73 ഗുണ്ടകള്‍ പിടിയിലായിരുന്നു. കഴിഞ്ഞ 6-ാം തിയതിയായിരുന്ന പിറന്നാള്‍ പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. അന്ന് പിടിയിലായെങ്കിലും പോലീസിനെ കബളിപ്പിച്ച് ഇയാള്‍ രക്ഷപ്പെട്ടിരുന്നു.

തൃശൂര്‍ സ്വദേശിയായ ചൂളൈമേട് ബിന്നി പാപ്പച്ചനാണ് (45) ഗുണ്ട ബിനുവെന്ന പേരില്‍ അറിയപ്പെടുന്നത്. പോലീസിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ കണ്ടാലുടന്‍ വെടിവെക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. തമിഴ്‌നാട് പോലീസ് ഇയാള്‍ക്കായുള്ള അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിച്ചിരുന്നു. പിറന്നാള്‍ പാര്‍ട്ടിയില്‍ നടന്ന പോലീസ് റെയ്ഡില്‍ നിന്ന് ബിനുവും 20ഓളം പേരുമാണ് രക്ഷപ്പെട്ടത്.

ബിനുവിന്റെ ജന്മദിനാഘോഷത്തിനു വന്ന ഗുണ്ടകള്‍ അമ്പത്തൂരിന് സമീപം ഔട്ടര്‍ റിങ് റോഡില്‍ ഗതാഗത തടസം സൃഷ്ടിച്ചിരുന്നു. പിടിയിലായ ഇവരെ പിന്നീട് വിവിധ കോടതികളില്‍ ഹാജരാക്കുകയും മൂന്ന് പേര്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. പുഴല്‍ ജയിലിലാണ് ഗുണ്ടകളെ പാര്‍പ്പിച്ചിരിക്കുന്നത്. എട്ട് കൊലക്കേസുകളില്‍ ബിനു പ്രതിയാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ചെന്നിത്തല ഇക്കാര്യം പറഞ്ഞത്.

കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്. ചെന്നിത്തല ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;

ബോംബെറിഞ്ഞു ഭീതിപരത്തിയ ശേഷമാണ് സിപിഎം ഗുണ്ടകള്‍ പ്രിയപ്പെട്ട ഷുഹൈബിനെ വെട്ടിനുറുക്കിയത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി ഷുഹൈബ് കൊലക്കത്തിക്ക് ഇരയായപ്പോള്‍ നാടിന്റെ സമാധാനത്തെ കൂടിയാണ് കൊലയ്ക്ക് കൊടുത്തത്. കീഴല്ലൂരിലെ മികച്ച സംഘാടകന്‍ എന്ന പേര് വളരെ ചെറുപ്പത്തില്‍ തന്നെ സ്വന്തമാക്കിയ ഷുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ ഫാസിസത്തിന് അറുതിയില്ല എന്ന് വിളിച്ചുപറയുകയാണ്. അധികാരത്തിന്റെ മുഷ്‌ക് ഉപയോഗിച്ചാണ് ക്രിമിനല്‍ സംഘം അഴിഞ്ഞാടുന്നത്. ഉപ്പയുടെയും ഉമ്മയുടെയും മൂന്ന് അനുജത്തിമാരുടെയും ഏകപ്രതീക്ഷയെ ആണ് സിപിഎം കൊലയാളികള്‍ ഇന്നലെ ഇരുട്ടിന്റെ മറവില്‍ ഇല്ലാതാക്കി കളഞ്ഞത്.

കൊലപാതകത്തില്‍ പ്രതിഷേധിച്ച് വൈകിട്ട് ആറു മണിവരെ കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസ് ഹര്‍ത്താലാണ്.

തലകൊയ്യുന്ന ചുവപ്പ് ഭീകരതയ്ക്ക് എതിരെ ജനമനഃസാക്ഷി ഉണരണം. എതിരാളികളെ കൊന്നൊടുക്കുന്ന രാഷ്ട്രീയ പരീക്ഷണ ശാലയായി കണ്ണൂരിനെ മാറ്റിയ സിപിഎം ഗുണ്ടകളെ ഒറ്റപ്പെടുത്തുക. സിപിഎമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിനെതിരേ നമുക്ക് ഒരുമിച്ചു പോരാടാം.

ഷുഹൈബിന്റെ ഓര്‍മയ്ക്ക് മുന്നില്‍ ആദരാഞ്ജലികള്‍ …

#CPM_terror
#കൊലയാളി_പാര്‍ട്ടി_സിപിഎം

 

കണ്ണൂര്‍: മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറി ശുഹൈബിനെതിരെ കൊലവിളി മുദ്രാവാക്യങ്ങളുമായി സിപിഐഎമ്മിന്റെ പ്രകടനം. രണ്ടാഴ്ച്ച മുന്‍പാണ് ശുഹൈബിനെ വധിക്കുമെന്ന് ഭീഷണി മുദ്രാവാക്യം വിളിച്ചുകൊണ്ട് സിപിഎം പ്രകടനം നടത്തിയത്. നിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും ഞങ്ങളോട് കളിച്ചവരാരും ജീവനോട് തിരിച്ചുപോയിട്ടില്ല പ്രകടനത്തില്‍ സിപിഎം അനുയായികള്‍ ആക്രോശിക്കുന്നത് വീഡിയോയില്‍ വ്യക്തമായി കേള്‍ക്കാം.

രണ്ടാഴ്ച്ച മുന്‍പ് കെഎസ്‌യു എസ്എഫ്‌ഐ സംഘര്‍ഷം ഉണ്ടായതിനെത്തുടര്‍ന്ന് എടയന്നൂരില്‍ നടന്ന് പ്രതിഷേധ പ്രകടനത്തിനിടെയാണ് സിപിഎം അനുഭാവികള്‍ ശുഹൈബിനെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ചത്. ഇന്നലെ രാത്രിയോടെയാണ് ശുഹൈബിനേ ബോംബിറെഞ്ഞു വാളുകൊണ്ട് വെട്ടിയും ഒരു സംഘം കൊലപ്പെടുത്തിയത്. അക്രമി സംഘത്തിന്റെ വെട്ടേറ്റ് മാരകമായി പരിക്കേറ്റ ശുഹൈബ് ആശുപത്രിയില്‍ കൊണ്ടു പോകുന്ന വഴിക്ക് മരണപ്പെടുകയായിരുന്നു.

ബോംബേറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരായ റിയാസ് പള്ളിപ്പറമ്പത്ത് നൗഷാദ് എന്നിവര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആക്രമണത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. അക്രമണത്തിന് ശേഷം വാനില്‍ കയറി രക്ഷപ്പെട്ട് കൊലയാളികളെക്കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്.

സിപിഎം പ്രകടനത്തിന്റെ വീഡിയോ..

സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ചികത്സയില്‍ കഴിയുന്നതിനാലാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത്. ഈ മാസം നാലാം തീയതി മുതലാണ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചത്. ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് ബെഹ്‌റ. ഇന്ന് ആശുപത്രി വിടുമെങ്കിലും വിശ്രമം വേണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ചുമതലകള്‍ കൈമാറിയത്.പോലീസിലെ അഡ്മിനിസ്‌ട്രേഷന്‍ ചുമതല ഹെഡ്ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി അനന്തകൃഷ്ണന് നല്‍കി. ക്രമസമാധാന ചുമതല ഡി.ജി.പി രാജേഷ് ദിവാനും എ.ഡി.ജി.പി അനില്‍കാന്തിനും നല്‍കി. ക്രമസമാധാനത്തിന്റെ ഉത്തര മേഖലയിലെ ചുമതല ഡി.ജി.പി രാജേഷ് ദിവാനും ദക്ഷിണ മേഖലയുടേത് എ.ഡി.ജി.പി അനില്‍ കാന്തിനും പകുത്ത് നല്‍കുകയായിരുന്നു. നിലവില്‍ 14 വരെ അവധി നീട്ടിയേക്കുമെന്നാണ് സൂചന.

കൊച്ചി: കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് ഹൈക്കോടതി നോട്ടീസ്. സീറോ മലബാര്‍ സഭയിലെ ഭൂമിയിടപാടില്‍ മാര്‍ ആലഞ്ചേരിക്കും ഇടനിലക്കാരായവര്‍ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പോലീസ് അന്വേഷണം ആവശ്യപ്പെട്ട് പെരുമ്പാവൂര്‍ സ്വദേശിയായ ജോഷി വര്‍ഗീസ് എന്നയാളാണ് ഹര്‍ജി നല്‍കിയിരുന്നത്.

മജിസ്ട്രേറ്റ് കോടതി അന്വേഷണം നടത്തി വരുന്നുണ്ടെങ്കിലും കേസിന്റെ ഗൗരവം പരിഗണിച്ച് പൊലീസ് തന്നെ അന്വേഷണിക്കണം എന്നാവശ്യപ്പെട്ടാണ് ഹര്‍ജി. പൊതുസമൂഹവും ഇതേ ആവശ്യം ഇന്നയിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസ് എന്ന നിലയ്ക്ക് പൊലീസ് ഇത് പരിഗണിച്ചിരുന്നില്ല. ജസ്റ്റിസ് കെമാല്‍ പാഷ അധ്യക്ഷനായ ബഞ്ചാണ് ബന്ധപ്പെട്ടവര്‍ക്ക് ദൂതന്‍ മുഖാന്തരം അടിയന്തരമായി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.

ഇതനുസരിച്ച് മാര്‍ ആലഞ്ചേരി, ജോഷ്വ പൊതുവ, ഫാ: വടക്കുമ്പാടന്‍ എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കേസ് ഈ മാസം 19 വീണ്ടും പരിഗണിയ്ക്കും. അങ്കമാലി അതിരൂപതയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് തുടങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ കടം വീട്ടാ നടത്തിയ ഭൂമിവില്‍പ്പനയില്‍ സഭയ്ക്ക് വലിയ നഷ്ടം സംഭവിച്ചെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കര്‍ദ്ദിനാളിനെതിരെ പരാതി ഉയര്‍ന്നത്.

60 കോടിയുടെ കടംവീട്ടാന്‍ 75 കോടിയോളം വിലവരുന്ന ഭൂമി 28 കോടിക്ക് വില്‍ക്കുകയും ഇതില്‍ 19 കോടി ബാക്കി കിട്ടാനിരിക്കേ ഭൂമി ആധാരം ചെയ്ത് നല്‍കുകയും ചെയ്തുവെന്നാണ് കണ്ടെത്തിയത്.

നെല്‍വയല്‍ മണ്ണിട്ട് നികത്തിയത് എതിര്‍ത്ത കര്‍ഷകര്‍ക്കെതിരെ ആന്റണി പെരുമ്പാവൂര്‍ പ്രതികാരനടപടി സ്വീകരിച്ചെന്ന് ആരോപണം. തൊട്ടടുത്തുള്ള കൃഷിയിടത്തില്‍ വെള്ളം ലഭിക്കാതിരിക്കാന്‍ നിലത്തോട് ചേര്‍ന്നുള്ള കനാല്‍ മണ്ണിട്ട് നികത്തി. തങ്ങളുടെ കൃഷിയിടത്തിലേക്ക് വെള്ളം ലഭിക്കാതായതോടെ കൃഷിയിറക്കാനാവാതെ വിഷമിക്കുകയാണ് കര്‍ഷകര്‍.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കരയിലെ നെല്‍പ്പാടം നികത്താന്‍ ശ്രമിച്ചതിന് പുറമേ ആന്റണി പെരുമ്പാവൂര്‍ തൊട്ടടുത്ത കാനയും അടച്ചു. ഇവിടെ നിന്നിപ്പോള്‍ ആന്റണിയുടെ നിലത്തിലേക്ക് മാത്രമേ വെള്ളം ലഭിക്കൂ. തെങ്ങോല ഉപയോഗിച്ച് കാനയില്‍ നിന്ന് മറ്റ് കൃഷിയിടങ്ങളിലേക്കുള്ള വെള്ളച്ചാലുകള്‍ തടയുകയായിരുന്നെന്ന് കര്‍ഷകര്‍ പറയുന്നു. നിലം നികത്തലിനെ എതിര്‍ത്തതിനുള്ള പ്രതികാര നടപടിയാണിതെന്നും കര്‍ഷകര്‍ ആരോപിക്കുന്നു. വെള്ളം ലഭിക്കാതായതോടെ കൃഷി മുടങ്ങിയ പാടങ്ങള്‍ ഇപ്പോള്‍ തരിശായിക്കിടക്കുകയാണ്.

പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കര അയ്മുറി റോഡിലാണ് ഒരേക്കര്‍ സ്ഥലം പാഴ്മരങ്ങള്‍ നട്ട് നികത്താന്‍ ആന്‍ണി പെരുമ്പാവൂര്‍ ശ്രമിക്കുന്നതെന്നാരോപണം. ഇതു സംബന്ധിച്ച് പ്രദേശവാസികള്‍ ജില്ലാ കലക്ടര്‍ക്കും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്കും പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പാടം നികത്താന്‍ ശ്രമം നടക്കുന്നെന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കണ്ടെത്തി. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണനിയമത്തിന് വിരുദ്ധമായി പ്രവര്‍ത്തനങ്ങള്‍ നടത്തരുതെന്നും ഉത്തരവിട്ടു.

ഈ ഉത്തരവിനെതിരെ ആന്റണി പെരുമ്പാവൂര്‍ ഹൈക്കോടതിയില്‍ നിന്ന് ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. പരാതിക്കാരുടെയും പ്രദേശവാസികളുടെയും വാദങ്ങള്‍ കേട്ടുതീരും വരെ യാതൊരു പ്രവൃത്തികളും പാടില്ലെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഈ ഉത്തരവ് മറികടന്നാണ് ഇപ്പോള്‍ നിര്‍മാണ പ്രവത്തനങ്ങള്‍ നടക്കുന്നതെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊച്ചി : കന്യാസ്ത്രീകള്‍ കുട്ടികളെ പീഡിപ്പിച്ച എറണാകുളം പൊന്നുരുന്നിയിലെ കിങ് ക്രൈസ്റ്റ് കോണ്‍വെന്റ് അടച്ചു പൂട്ടുന്നു. വ്യക്തമായ രേഖകള്‍ ഇല്ലാതെയാണ് കോണ്‍വെന്റ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

സ്ഥാപനങ്ങളിലെ അന്തേവാസികളായ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേയ്ക്ക് മാറ്റും. ഇന്നു രാവിലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മറ്റി രണ്ടു മണിക്കൂറോളം കുട്ടികളുടെ മൊഴി എടുത്തിരുന്നു. ഇതില്‍ നിന്നും മാനസികമായും ശാരീരികമായും പീഡനം അനുഭവിക്കുന്ന കുട്ടികള്‍ കോണ്‍വെന്റിലുണ്ടെന്ന് കണ്ടെത്തി.

സികെസി സ്‌കൂളില്‍ പഠിക്കുന്ന 20 ഓളം വിദ്യാര്‍ത്ഥികളാണ് കന്യാസ്ത്രീകള്‍ നടത്തുന്ന ബോര്‍ഡിങിലുള്ളത്. ഹോസ്റ്റല്‍ വാര്‍ഡനായ അംബികാമ്മ ക്രൂരമായി ശാരീരിക, മാനസിക പീഡനം ഏല്‍പ്പിക്കുന്നതായും ഇതേക്കുറിച്ച് പരാതി പറഞ്ഞതിന് കന്യാസ്ത്രീകള്‍ കടുത്ത രീതിയില്‍ ശിക്ഷിച്ചുവെന്നും മാനസികമായി പീഡിപ്പിച്ചുവെന്നുമായിരുന്നു കുട്ടികളുടെ പരാതി.

ആറു മുതല്‍ 12 വയസ്സുവരെയുള്ള കുട്ടികളാണ് കോണ്‍വെന്റിലുള്ളത്. ഇവരില്‍ ചിലര്‍ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിനു പുറത്ത് കരഞ്ഞുകൊണ്ട് നില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നാട്ടുകാര്‍ വിവരം അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തായത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതിനെ തുടര്‍ന്ന് പരാതി പറഞ്ഞതോടെയാണ് പീഡനം കൂടിയതെന്നും തുടര്‍ന്ന് ഭക്ഷണം തരാതെ പട്ടിണിക്കിട്ടുവെന്നും കുട്ടികള്‍ പറഞ്ഞു.

 

ആപത്തില്‍ നിന്നും മകനെ രക്ഷിക്കാന്‍ ഒരമ്മ ചെയ്ത പ്രവൃത്തി കൊണ്ട് ഇല്ലാതായത് മകന്റെ ഒരു കണ്ണിന്റെ കാഴ്ചയാണ്. ഒരമ്മയ്ക്കും സഹിക്കാനാവുന്നതല്ല ഈ ദുരന്തം. അങ്ങനെ അബദ്ധത്തില്‍ നഷ്ടപ്പെടുത്തിയ കാഴ്ച തന്റെ മരണാനന്തരം മകനു തന്നെ മടക്കി നല്‍കുകയാണ് ഈ അമ്മ. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയില്‍ രാജന്‍പിള്ളയുടെ ഭാര്യ രമാദേവിയുടെ കണ്ണ് ഇനി മകന്‍ ഗോകുല്‍രാജി(27)നു വെളിച്ചമേകും. കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കല്‍ ശസ്ത്രക്രിയ. ഒരാഴ്ച മുമ്പ് വൈകിട്ട് ഇളയ മകന്‍ രാഹുല്‍രാജിനൊപ്പം യാത്രചെയ്യുമ്പോള്‍ ബൈക്കില്‍നിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്. ചുനക്കര തെക്ക് എന്‍.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്തു. ഇതിലൊരെണ്ണമാണ് മകന് വെളിച്ചമാകാന്‍ പോകുന്നത്. രമാദേവിയ്ക്ക് സംഭവിച്ച ഒരു കൈപിഴയിലാണ് ആറാം വയസില്‍ ഗോകുലിന്റെ ഇടതു കണ്ണിന്റെ കാഴ്ച നഷ്ടമാക്കിയത്. രമാദേവിയുടെ കൈയില്‍നിന്ന് കയര്‍ വിട്ട് പശു കുതറിയോടിയപ്പോള്‍ വീട്ടുമുറ്റത്ത് കളിച്ചു നില്‍ക്കുകയായിരുന്ന മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. ഇതിലൊരെണ്ണം ഗോകുലിന്റെ കണ്ണില്‍ കൊണ്ടു. ഇതോടെ ഒരു കണ്ണിന്റെ കാഴ്ച പോയി.

കാഴ്ച ലഭിക്കാന്‍ കണ്ണു മാറ്റിവയ്ക്കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അവയവദാന സെല്ലില്‍ അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു. ജീവിച്ചിരിക്കെ തന്റെ കണ്ണുകളിലൊന്നു മകനു നല്‍കാന്‍ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ ഗോകുല്‍ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാന്‍ ഗോകുല്‍ വിസമ്മതിച്ചു. എന്നാല്‍ ബന്ധുക്കളും സുഹൃത്തുക്കളും നിര്‍ബന്ധപൂര്‍വ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു. ബി.എസ്.സി. നഴ്‌സിങ് ബിരുദധാരിയാണു ഗോകുല്‍. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുന്‍ഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കല്‍ കോളജ് അധികൃതര്‍ അറിയിച്ചു.

RECENT POSTS
Copyright © . All rights reserved