വൈക്കം മുണ്ടാര്‍ തുരുത്തില് വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ ചാനല്‍ സംഘത്തില്‍ പെട്ടവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞു. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരനെയും തിരുവല്ല ബ്യൂറോ ക്യാമറാമാന് അഭിലാഷിനെയും നാട്ടുകാര്‍ രക്ഷപ്പെടുത്തി മുട്ടുചിറയിലെ ഹോളി ഗോസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കൂടെ കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. ഉച്ചയ്ക്ക് 12.45 ഓടെ എഴുമാന്തുരുത്തിലാണ് അപകടം.
കോണ്‍ഗ്രസ് യുവ എംഎല്‍എയ്ക്കെതിരെ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റു കച്ചവടം നടത്തിയെന്ന ഗുരുതര ആരോപണം. മൂന്നു നിയമസഭാ സീറ്റുകള്‍ നല്‍കുന്നതിന് രണ്ടു കോടി രൂപ വീതം വാങ്ങിയെന്ന ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. സീറ്റ് ലഭിച്ച മൂന്നു പേരും തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പണം നല്‍കിയെന്ന തെളിവു സഹിതം കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തു വന്നത്. കര്‍ണാടക പിസിസി ഇതു സംബന്ധിച്ച് അന്വേഷണം നടത്തുകയും ക്രമക്കേട് നടന്നിട്ടുണ്ടെന്ന തരത്തിലുള്ള റിപ്പോര്‍ട്ട് എ.ഐ.സി.സിക്ക് നല്‍കുകയും ചെയ്തു.
ഈ റിപ്പോര്‍ട്ടിന്റെ കോപ്പി യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനും കൈമാറി. യൂത്തു കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായതിനാലാണ് റിപ്പോര്‍ട്ട് യൂത്തു കോണ്‍ഗ്രസ് നേതൃത്വത്തിനും കൈമാറിയത്. യൂത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയും ആരോപണത്തെക്കുറിച്ച് എഐസിസി അന്വേഷിക്കണമെന്ന റിപ്പോര്‍ട്ട് കൈമാറുകയും ചെയ്തു. ഇപ്പോള്‍ ഇതേക്കുറിച്ച് ഐ.ഐ.സി.സി അന്വേഷണം നടത്തുകയാണ്. ഇതിനിടെ യൂത്തു കോണ്‍ഗ്രസ് ഭാരവാഹിത്വം എംഎല്‍എ രാജി വയ്ക്കുകയും ചെയ്തു.
കേരളത്തിലെ യൂത്തു കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് മാറുന്ന ഘട്ടത്തില്‍ സംസ്ഥാന പ്രസിഡന്റാകാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന തരത്തില്‍ ഇതിനിടെ വാര്‍ത്തകളും പ്രചരിച്ചു.
എന്നാല്‍ കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ അടിസ്ഥാനത്തിലല്ല തന്നെ ദേശീയ സെക്രട്ടറി സ്ഥാനത്തു നിന്നു മാറ്റിയതെന്നും സംസ്ഥാന കോണ്‍ഗ്രസില്‍ സജീവമാകുന്നതിനായി രാജിവയ്ക്കുകയായിരുന്നുവെന്നും മറിച്ചുള്ള ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്നുമാണ് എംഎല്‍എ പ്രതികരിച്ചു.കേരളത്തിലെ പ്രമുഖ പത്ര മാധ്യമമാണ് വാർത്ത പുറത്തു കൊണ്ടുവന്നത് .ആരോപണങ്ങളെല്ലാം അടിസ്ഥാന രഹിതമാണെന്ന് യുത്തു കോണ്‍ഗ്രസ് ദേശീയ നേതൃത്വം തന്നെ പ്രതികരിച്ചിട്ടുണ്ടെണ്ടെന്നും അദ്ദഹേം പറഞ്ഞു.
ഇടുക്കി മുതിരപ്പുഴയാറ്റില്‍ കണ്ടെത്തിയ യുവതിയുടെ കാല് പത്തനംതിട്ടയില്‍നിന്ന് കാണാതായ ജെസ്നയുടേതെന്ന് സംശയം ബലപ്പെടുത്തി പൊലീസ്. കാൽ ഡി.എന്‍.എ പരിശോധനയ്ക്ക് അയക്കുന്നത് ഈ സാഹചര്യത്തിലാണെന്നാണ് സൂചന. ജസ്ന നെടുങ്കണ്ടം രാമക്കല്‍മേട്ടിലെത്തിയതായി പൊലീസിന് ലഭിച്ച രഹസ്യവിവരവും സംശയം വര്‍ദ്ധിപ്പിക്കുന്നു.
ഡി.എന്‍.എ പരിശോധനയ്ക്ക് വേണ്ടി ജെസ്നയുടെ പിതാവിന്റെ രക്തസാംപിള്‍ ശേഖരിച്ചിട്ടുണ്ട്. പരിശോധനയ്ക്ക് അനുമതി തേടി പൊലീസ് ഹൈക്കോടതിയെയും സമീപിച്ചു. രണ്ടാഴ്ച്ച മുന്‍പ് കുഞ്ചിത്തണ്ണി സര്‍ക്കാര്‍ സ്കൂളിന് സമീപമുള്ള മുതിരപ്പുഴയാറ്റില്‍ നിന്നാണ് ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള യുവതിയുടേതെന്ന് സംശയിക്കുന്ന കാല് കണ്ടെത്തിയത്. കാലിന് മൂന്ന് ദിവസം മുതല്‍ ഒരുമാസം വരെ പഴക്കമുണ്ടാകാമെന്നും പുഴയിലെ തണുത്ത കാലാവസ്ഥയാണ് മാംസം അഴുകാതിരിക്കാന്‍ കാരണമെന്നും പൊലീസ് പറയുന്നു.
കോട്ടയം മെഡിക്കല്‍ കോളജിലായിരുന്നു പോസ്റ്റുമാര്‍ട്ടം നടത്തിയ്ത്. എന്നാല്‍ ഫോറന്‍സിക്ക് പരിശോധനാ ഫലം കിട്ടിയാലെ ഡി എന്‍ എ പരിശോധന നടത്തുകയുള്ളുവെന്ന് കെമിക്കല്‍ ലാബില്‍ നിന്ന് അറിയിപ്പ് ലഭിച്ചതിനാല്‍ ഫോറന്‍സിക്ക് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പൊലീസ് കത്തുനല്‍കിയിട്ടുണ്ട് .ഒരു മാസത്തിനുള്ളില്‍ മൂന്നാര്‍ ആറ്റുകാട്, പവ്വര്‍ ഹൗസ് എന്നിവിടങ്ങളില്‍ നിന്ന് രണ്ട് സ്ത്രീകളെ കാണാതായിരുന്നു. ഇവരുടെ ശരീര ഭാഗമാണോ എന്നും അന്വേഷിക്കുന്നുണ്ട്.
കൊടുങ്ങല്ലൂരിലെ ഫ്ളാറ്റിലേക്ക് കണ്ണൂരുകാരനായ എന്‍ജിനീയറെ വിളിച്ചുവരുത്തി ചിത്രങ്ങളും വീഡിയോയും പകര്‍ത്തി പണം തട്ടിയ കേസില്‍ഒളിവിലായിരുന്ന ദമ്പതികള്‍ അറസ്റ്റില്‍. ഗൂഡല്ലൂരില്‍ കാറില്‍ പോകുന്നതിനിടെ കൊടുങ്ങല്ലൂര്‍ പൊലീസ് പിന്തുടര്ന്ന് പിടികൂടുകയായിരുന്നു. ഇതോടെ ഈ കേസില്‍അറസ്റ്റിലായവരുടെ എണ്ണം ആറായി.
കണ്ണൂര്‍ സ്വദേശിയായ എന്‍ജിനീയറെ യുവതിയുടെ ഫോട്ടോ കാട്ടി പ്രലോഭിപ്പിച്ചാണ് കൊടുങ്ങല്ലൂരിലെ ഫ്ളാറ്റില്‍ എത്തിച്ചത്. കൊടുങ്ങല്ലൂര്‍ സ്വദേശിയായ നസീമയായിരുന്നു എന്‍ജീനിയറെ വിളിച്ചുവരുത്തിയത്. സുഹൃത്ത് ഷെമീനയേയും ഫ്ളാറ്റില്‍ എത്തിച്ചു. ഈ സമയം, നസീമയുടെ ഭര്‍ത്താവ് അക്ബര്‍ഷായും ഷെമീനയുടെ ഭര്‍ത്താവ് ശ്യാമും ഒളിച്ചുനിന്നു. പിന്നെ, ഇവരുടെ രണ്ട് സുഹൃത്തുക്കളും. നസീമയും ഷെമീനയും ഫ്ളാറ്റില്‍ സംസാരിച്ചിരിക്കുമ്പോള്‍ ഭര്ത്താക്കന്മാരും സുഹൃത്തുക്കളും ഫ്ളാറ്റില്‍ എത്തി എന്‍ജീനിയറെ ഭീഷണിപ്പെടുത്തി.
പിന്നെ, പണം ആവശ്യപ്പെട്ടു. ക്രൂരമായി മര്‍ദ്ദിച്ചു. 35,000 രൂപ തട്ടിയെടുത്തു. മൂന്നു ലക്ഷം രൂപ ഷെമീനയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന ഉറപ്പില്‍ വിട്ടയച്ചു. ഈ സമയമത്രയും ഷെമീനയും നസീമയും നിലവിളിച്ച് ഭയമുള്ളതായി അഭിനയിച്ചു. സദാചാര പൊലീസാണെന്ന് എന്‍ജിനീയറെ ധരിപ്പിക്കുകയും ചെയ്തു. ഇവരുടെ ഫ്ളാറ്റില്‍ നിന്ന് പുറത്തിറങ്ങിയ എന്‍ജിനീയറാകട്ടെ കൊടുങ്ങല്ലൂര്‍ പൊലീസിനെ പരാതിയുമായി സമീപിച്ചു. ഇതറിഞ്ഞ നസീമയും ഷെമീനയും ഭര്ത്താക്കന്മാരും സുഹൃത്തുക്കളും നാടുവിട്ടു. വയനാട്ടില്‍ ഒളിവില്‍ കഴിഞ്ഞു.
ഇതിനിടെയാണ്, രണ്ടു സമയത്തായി ഇവര്‍ അറസ്റ്റിലായത്. ഖത്തറില്‍ അനാശാസ്യത്തിന് സസീമയെ നേരത്തെ പിടിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇപ്പോള്‍ ഒപ്പം താമസിക്കുന്ന അക്ബര്‍ഷാ മൂന്നാം ഭര്‍ത്താവാണ്. ഷെമീനയേയും മൂന്നു യുവാക്കളേയും കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ആറു പേരും ഇപ്പോള്‍ ജയിലിലാണ്. നാണക്കേട് ഭയന്ന് എന്‍ജിനീയര്‍ പരാതിനല്‍കില്ലെന്ന കണക്കുകൂട്ടലിലായിരുന്നു പ്രതികള്‍. പണം നഷ്ടപ്പെട്ടതിന്റേയും മര്‍ദ്ദനമേറ്റതിന്റേയും വിഷമത്തില്‍ എന്‍ജിനീയറാകട്ടെ പൊലീസിനെ സമീപിക്കുകയായിരുന്നു.
പുലർച്ചെ വിജനമായ സ്റ്റോപ്പിൽ ബസിറങ്ങിയ വീട്ടമ്മയ്ക്കു ഭർത്താവ് എത്തുന്നതു വരെ കൂട്ടായി കെഎസ്ആർടിസി ജീവനക്കാർ. ഇരിങ്ങാലക്കുട സ്വദേശിയും കുടുംബശ്രീ ജില്ലാ മിഷനിലെ പ്രോഗ്രാം മാനേജരുമായ റെജി തോമസിനാണു ബസ് ജീവനക്കാർ തുണയായത്.
തിരുവനന്തപുരം തമ്പാനൂരിൽനിന്നു മൈസൂരുവിലേക്കു പോകുന്ന ബസിൽ ഇരിങ്ങാലക്കുടയ്ക്കു പുറപ്പെട്ട റെജി ഇന്നലെ പുലർച്ചെ ഒന്നേമുക്കാലോടെ ചാലക്കുടി പനമ്പിള്ളി കോളജ് സ്റ്റോപ്പിൽ ഇറങ്ങി. എന്നാൽ റെജിയെ കൊണ്ടുപോകാൻ ഭർത്താവ് സ്റ്റോപ്പിൽ എത്തിയിരുന്നില്ല.
വിജനമായ സ്റ്റോപ്പിൽ ആ സമയത്തു യുവതിയായ വീട്ടമ്മയെ ഒറ്റയ്ക്കു നിർത്തുന്നതു സുരക്ഷിതമല്ലെന്നു തോന്നിയ ബസ് ഡ്രൈവറും കണ്ടക്ടറും ഭർത്താവ് വരുന്നതു വരെ ബസ് നിർത്തി കാത്തുനിന്നു. യാത്രക്കാരും ജീവനക്കാരുടെ നടപടിയെ പിന്തുണച്ചു.
പിന്നീടു പത്തു മിനിറ്റ് കഴിഞ്ഞു ഭർത്താവെത്തി റെജിയെ സുരക്ഷിതമായി ഏൽപ്പിച്ചാണു ബസ് ജീവനക്കാർ യാത്ര തുടർന്നത്. ബസ് ജീവനക്കാരുടെ പേരുകൾ പ്രകാശ്, ഹനീഷ് എന്നാണെന്നു മാത്രമേ റെജിക്ക് അറിയൂ.
ഇതിനുമുമ്പും കെഎസ്ആർടിസി ജീവനക്കാരുടെ സ്നേഹം മലയാളികൾ അറിഞ്ഞിട്ടുണ്ട്. ആതിര ജയന് എന്ന യുവതി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച സ്വന്തം അനുഭവം കേരളത്തിലെങ്ങും ചര്‍ച്ചയായിരുന്നു. പുലര്‍ച്ചെ ഒന്നരയ്ക്ക് വിജനമായ സ്ഥലത്ത് ഇറങ്ങേണ്ടി വന്ന പെണ്‍കുട്ടിയുടെ സഹോദരന് വരുന്നത് വരെ ഒരു കെഎസ്ആര്‍ടിസി ബസും യാത്രക്കാരും അവള്‍ക്ക് കൂട്ടായി നിലയുറപ്പിച്ചു. ഒടുവില്‍ സഹോദരന് എത്തിയ ശേഷമാണ് ബസ് യാത്രതുടര്‍ന്നത്. പെണ്‍കുട്ടി തന്നെയാണ് ഈ വിവരം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
സഹോദരന് എത്തുന്നതുവരെയാണു കണ്ടക്ടര്‍ പി.ബി. ഷൈജുവും ഡ്രൈവര്‍ കെ. ഗോപകുമാറും മറ്റു യാത്രക്കാരും ഏഴു മിനിട്ടോളം കൂട്ടുനിന്നത്. കോയമ്പത്തൂരില്‍നിന്നു തിരുവനന്തപുരത്തേക്കുള്ള സൂപ്പര്‍ ഫാസ്റ്റില്‍, ജോലിസ്ഥലമായ അങ്കമാലി അത്താണിയില്‍നിന്നു രാത്രി 9.30നു ബസില്‍ കയറിയതായിരുന്നു യുവതി. ഇരുചക്രവാഹനത്തിലെത്തേണ്ട സഹോദരന് മഴ കാരണം വൈകിയതിനാലാണു സ്റ്റോപ്പിലിറങ്ങിയപ്പോള്‍ കാത്തിരിക്കേണ്ടിവന്നത്.
അന്ന് ഷൈജുവിനെയും ഗോപകുമാറിനെയും തേടി അഭിനന്ദന പ്രവാഹം ഇവരെയും കണ്ടു പിടിച്ചു തേടി എത്തട്ടെ…?
കോഴിക്കോട്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ കോഴിക്കോട് ജില്ലയില്‍ ഷിഗെല്ല ബാക്ടീരിയയും പടരുന്നതായി റിപ്പോര്‍ട്ട്. കോഴിക്കോടിനടുത്ത് പുതുപ്പാടിയില്‍ ഷിഗല്ലെ ബാധിച്ച് രണ്ടുവയസുകാരന് മരിച്ചു. മരണപ്പെട്ട സിയാദിന്റെ ഇരട്ട സഹോദരനും ബാക്ടീരയ ബാധിച്ച് ചികിത്സയിലാണ്. ഇരുവരും ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
ശക്തമായ വയറിളക്കവും പനിയുമുണ്ടായതിനെ തുടര്‍ന്നാണ് സിയാദിനെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയത്. ഇവിടെ നിന്ന് ഷിഗെല്ല ബാക്ടീരിയ സ്ഥിരീകരിക്കുകയായിരുന്നു. കുടലിന്റെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുന്ന ബാക്ടീരിയയാണ് ഷിഗെല്ല. കുടല് കരളുന്ന ബാക്ടീരിയ എന്നാണ് ഇവ പൊതുവെ അറിയപ്പെടുന്നത്. പനിയും വയറിളക്കവുമാണ് പ്രധാന ലക്ഷണം. ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ മഴ കനത്തതോടെ ഷിഗെല്ല ബാധ കൂടുതല്‍ പേരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.
രോഗം വന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മലത്തിനൊപ്പം രക്തവും പഴുപ്പും പുറത്തേക്ക് വന്ന് രോഗം മാരകമാവും. വയറിളക്കത്തിന് പുറമെ വയറു വേദനയും ചര്‍ദിയുമുണ്ടാവുകയും ശരീരത്തിന് ചൂട് കൂടുകയും ചെയ്യും വിദഗ്ദ്ധ ചികിത്സ തേടിയില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന രോഗമാണിത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ നാലുപേര്‍ക്കാണ് ഷിഗെല്ല ബാധ ഉണ്ടായിരിക്കുന്നത്. ഇതില്‍ രണ്ട് പേര് കോഴിക്കോടും രണ്ട് പേര് തിരുവനന്തപുരത്തുമാണ്. കുട്ടികളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്.
വെള്ളപ്പൊക്ക ദുരിതമേഖലകളിലേക്കു കാരുണ്യത്തിന്റെ സഹായഹസ്തവുമായി ചങ്ങനാശേരി അതിരൂപത ഇറങ്ങിച്ചെല്ലുന്നു. അതിരൂപതയുടെ സാമൂഹ്യസേവന വിഭാഗമായ സോഷ്യൽ സർവീസ് സൊസൈറ്റി-ചാസിന്റെ നേതൃത്വത്തിലാണ് പ്രധാനമായും ദുരിതമേഖലകളിൽ ഭക്ഷണസാധനം എത്തിക്കുന്നത്. കൂടാതെ വിവിധ ഇടവകകൾ, കത്തോലിക്കാ കോണ്‍ഗ്രസ്, യുവദീപ്തി-എസ്എംവൈഎം, കേരള ലേബർ മൂവ്മെന്റ്, മാതൃപിതൃവേദി, വിൻസെന്റ് ഡി പോൾ, ചങ്ങനാശേരി റേഡിയോ മീഡിയ വില്ലേജ് എന്നിവയുടെ നേതൃത്വത്തിലും ദുരിതാശ്വാസപ്രവർത്തനം പുരോഗമിക്കുകയാണ്. അറുപത് കേന്ദ്രങ്ങളിൽ ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം കഴിഞ്ഞ ദിവസങ്ങളിൽ ചങ്ങനാശേരിയിലെയും കുട്ടനാട്ടിലെയും വെള്ളപ്പൊക്ക ദുരിതമേഖലകളും ക്യാന്പുകളും സന്ദർശിച്ചിരുന്നു. ആർച്ച്ബിഷപ്പിന്റെ നിർദേശാനുസരണം ചാസിന്റെ ദുരിതാശ്വാസ പ്രവർത്തനം കഴിഞ്ഞ തിങ്കളാഴ്ചതന്നെ ആരംഭിച്ചു.
കോട്ടയം,ആലപ്പുഴ ജില്ലകളിലെ ദുരിതബാധിതർക്ക് ചാസിന്റെ നേതൃത്വത്തിൽ അറുപതിലധികം കേന്ദ്രങ്ങളിലൂടെയാണ് അരിയും പയറും മറ്റു ഭക്ഷ്യധാന്യങ്ങളും വിതരണം ചെയ്യുന്നത്. ചാസിന്റെ ഗ്രാമതലയൂണിറ്റുകളുടെ നേതൃത്വത്തിലാണ് ഇടവകാതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. അതിരൂപതാതിർത്തിയിലെ സ്കൂളുകളും പാരീഷ് ഹാളുകളും ദുരിതാശ്വാസകേന്ദ്രങ്ങളായി തുറന്നുകൊടുക്കാൻ ആർച്ച്ബിഷപ് നിർദേശിച്ചിരുന്നു.
ചാസിന്റെ നേതൃത്വത്തിൽ ഇപ്പോൾതന്നെ 30 ലക്ഷത്തിലധികം രൂപയുടെ ഭക്ഷ്യവിഭവങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു. പുളിങ്കുന്ന് പള്ളി അസിസ്റ്റന്റ് വികാരി ജയ്സൺ പോൾ വേങ്ങശ്ശേരി യുടെ നേത്രത്തിൽ പുളിങ്കുന്ന് ഇടവകയിൽ സഹായ ഹസ്തയുമായി മുന്നോട്ടു ഇറങ്ങിയത് ജാതി മത ബേധമന്യേ നാട്ടുകാർ നന്ദിയോടെ സ്വീകരിച്ചിരുന്നു…..
അതിരൂപതാതിർത്തിയിലെ ദുരിതബാധിതമല്ലാത്ത മേഖലകളിലുള്ള ഇടവകളുടെയും ചാസ് യൂണിറ്റുകളുടെയുംനേതൃത്വത്തിൽ വിഭവസമാഹരണം തുടരുകയാണ്. വെള്ളപ്പൊക്കാനന്തര പകർച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കാൻ ബോധവത്കരണ ക്ലാസുകൾക്കും മെഡിക്കൽ ക്യാന്പുകൾക്കുമായുള്ള രൂപരേഖയും തയാറാക്കി. കഴിഞ്ഞ ജൂണ്‍ മാസത്തിൽ കുട്ടനാട്ടിലുണ്ടായ വെള്ളപ്പൊക്കത്തോടനുബന്ധിച്ചും ചാസിന്റെയും ഇടവകകളുടെയും നേതൃത്വത്തിൽ വിപുലമായ ദുരിതാശ്വാസപ്രവർത്തനം സംഘടിപ്പിച്ചിരുന്നു. ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അസിസ്റ്റന്റ് ഡയറക്ടർമാരായ ഫാ.ജോർജ് മാന്തുരുത്തിൽ, ഫാ. തോമസ് കുളത്തുങ്കൽ, പ്രോഗ്രാം ഡയറക്ടർ ജോസ് പുതുപ്പള്ളി എന്നിവരാണു നേതൃത്വം നൽകുന്നത്.
വൈ ദികരുടെ നേതൃത്വത്തിലും ഇടവകകളുടെ നേതൃത്വത്തിലും വിവിധ കോണ്‍വന്റുകളും ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഈര, ചങ്ങങ്കരി, തകഴി മേഖലകളിൽ പായ്ക്കറ്റ് പാലും ബ്രഡും വിതരണം ചെയ്തു. അതിരൂപത വികാരി ജനറാൾ മോണ്‍.തോമസ് പാടിയത്ത്, പ്രെക്യുറേറ്റർ ഫാ.ഫിലിപ്പ് തയ്യിൽ, ഫാ.റോജൻ പുരക്കൽ എന്നിവരാണ് ഇതിനു നേതൃത്വം നൽകുന്നത്. വിവിധ ഇടവകകളുടെയും ഭക്തസംഘടനകലുടേയും നേതൃത്വത്തിൽ മുക്കാൽ കോടിയിലേറെ രൂപയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങളാണ് ഇതിനകം നടന്നത്.
അതിരൂപതയുവദീപ്തി-എസ്എം വൈഎം ഡയറക്ടർ ഫാ.ജേക്കബ് ചക്കാത്രയുടെ നേതൃത്വത്തിൽ മഹോന്ദ്രപുരം, അറുനൂറ്റിപ്പാടം, കുട്ടമംഗലം, കൈനകരി, കിടങ്ങറ, കായൽപ്പുറം മേഖലകളിൽ ഭക്ഷണ സാധനങ്ങളും തുണിത്തരങ്ങളും വിതരണം ചെയ്തു.
കാട്ടാനശല്യം കൊണ്ട് പൊറുതി മുട്ടിയിരിക്കുകയായിരുന്നു ഷോളയൂര്‍ ദീപ്തി കോണ്‍വെന്റിലെ അന്തേവാസികള്‍. ഒരു മാസത്തിനിടെ 10 തവണയാണ് ഇവരുടെ കോണ്‍വെന്റ് വളപ്പില്‍ കാട്ടാനയെത്തിയത്. അവസാനം ഗതികെട്ടപ്പോഴാണ് കോണ്‍വെന്റിലെ അന്തേവാസിയായ സിസ്റ്റര്‍ റിന്‍സി മന്ത്രി കെ രാജുവിന്റെ വാഹനം ഒറ്റക്ക് തടഞ്ഞത്. ഷോളയൂരില്‍ ക്ഷീര കര്‍ഷക സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിയെ വേദിയിലേക്കുള്ള റോഡിലാണ് സിസ്റ്റര്‍ റിന്‍സി തടഞ്ഞത്. ഷോളയൂര്‍ അങ്ങാടിക്കടുത്ത് പ്രധാന റോഡരികിലാണ് കോണ്‍വെന്റ് സ്ഥിതി ചെയ്യുന്നത്. അഞ്ച് തവണയാണ് കാട്ടാന കോണ്‍വെന്റിന്റെ ഗേറ്റ് തകര്‍ത്തത്. ചുമരും കന്നുകാലിത്തൊഴുത്തും തകര്‍ത്തു. കപ്പ, തെങ്ങ് കൃഷികളും നശിപ്പിച്ചു. സമീപത്തെ വീടുകളിലും സമാന സ്ഥിതിയാണ്.
കോണ്‍വെന്റിനു മുമ്പിലാണ് മന്ത്രിയുടെ വാഹനം തടഞ്ഞ് സിസ്റ്റര്‍ അദ്ദേഹത്തോട് പരാതി പറഞ്ഞത്. മന്ത്രിയോട് ആന നശിപ്പിച്ച സ്ഥലം കാണണമെന്ന് ആവശ്യപ്പെട്ടു. മന്ത്രി പരാതി കേള്‍ക്കുമെന്നും അങ്ങോട്ട് വരുമെന്നും സുരക്ഷ ഉദ്യോഗസ്ഥര്‍ പറഞ്ഞെങ്കിലും സിസ്റ്റര്‍ ചെവിക്കൊണ്ടില്ല. കാറില്‍ ഇരുന്നാല്‍ കാണാന്‍ പറ്റില്ലെന്നും മന്ത്രി പുറത്തിറങ്ങണമെന്നും സിസ്റ്റര്‍ ആവശ്യപ്പെട്ടു. എന്നാല്‍, മന്ത്രി പുറത്തിറങ്ങാന്‍ തയ്യാറായില്ല. പ്രശ്നങ്ങള്‍ സംഗമം നടക്കുന്നിടത്ത് അവതരിപ്പിക്കാന്‍ അവസരം നല്‍കാമെന്നുപറഞ്ഞ് ബ്ലോക്ക് പ്രസിഡന്റ് ഈശ്വരിരേശന്‍ വിഷയത്തില്‍ ഇടപെട്ട് മന്ത്രിയുടെ വാഹനം കടത്തിവിട്ടു. എന്നാല്‍ സിസ്റ്റര്‍ മന്ത്രിയെ തടയുന്ന വീഡിയോ ഫെയ്സ്ബുക്കില്‍ വൈറലായി.
കടപ്പാട് : ദീപിക ന്യൂസ്
കൊടുങ്ങല്ലൂര്‍: യുവാവിനെ മുറിയില്‍ പൂട്ടിയിട്ട് മര്‍ദ്ദിച്ച് പണം തട്ടിയ സംഘം പിടിയില്‍. തലശ്ശേരി സ്വദേശിയായ മുപ്പത്തിരണ്ടുകാരനെ യുവതിയുടെ നേതൃത്വത്തില്‍ വിളിച്ചുവരുത്തി സദാചാര പോലീസ് ചമഞ്ഞായിരുന്നു തട്ടിപ്പ്. തട്ടിപ്പിന് നേതൃത്വം നല്കിയ യുവതി ഒളിവിലാണ്. ഇവര്‍ക്കായി ഊര്‍ജിതമായ അന്വേഷണം ആരംഭിച്ച് കഴിഞ്ഞതായി പോലീസ് വ്യക്തമാക്കി. കേസില്‍ വള്ളിവട്ടംതറ ഇടവഴിക്കല്‍ ഷെമീന (26), ചേറ്റുപുഴ മുടത്തോളി അനീഷ് മോഹന്‍ (34), വെളപ്പായ ചൈനബസാര്‍ കുണ്ടോളില്‍ ശ്യാംബാബു (25), അവണന്നൂര്‍ വരടിയം കാക്കനാട്ട് വീട്ടില്‍ സംഗീത് (26) എന്നിവരെയാണ് ഇരിങ്ങാലക്കുട പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വയനാട് വൈത്തിരി സ്വദേശി നസീമ തലശ്ശേരി സ്വദേശിയായ യുവതിയുമായി ഏറെ നാളത്തെ സൗഹൃദമുണ്ട്. ഇവരുവരും സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ടവരാണ്. പതിനായിരം രൂപ കൊടുത്താല്‍ മറ്റൊരു പെണ്‍കുട്ടിയെ പരിചയപ്പെടുത്തിക്കൊടുക്കാമെന്ന വ്യാജേന യുവാവിനെ കൊടുങ്ങല്ലൂരിലെത്തിച്ച ശേഷം ഷെമീനയെ പരിചയപ്പെടുത്തി. ഷെമീനയ തലശ്ശേരി സ്വദേശിയുടെ കാറില്‍ കയറുകയും പതിനായിരം രൂപ വാങ്ങുകയും ചെയ്തു.
പിന്നീട് കൊടുങ്ങല്ലൂരിന് പടിഞ്ഞാറുള്ള അപ്പാര്‍ട്ട്മെന്റില്‍ എത്തി മുറിയില്‍ കയറി വിശ്രമിക്കുന്നതിനിടയിലാണ് നസീമയുടെയും ഷെമീനയുടെയും സുഹൃത്തുക്കളായ നാലുപേര്‍ മുറിയിലെത്തി സദാചാരപോലീസ് ചമഞ്ഞ് ഇവരെ ഭീഷണിപ്പെടുത്തിയത്. യുവതിയോടൊപ്പം നിര്‍ത്തി ഇയാളുടെ പലതരത്തിലുള്ള ഫോട്ടോകള്‍ എടുക്കുകയും ചെയ്തു. ഇത് പുറത്തുവിടാതിരിക്കണമെങ്കില്‍ മൂന്നുലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. യുവാവിന്റെ കൈവശമുണ്ടായിരുന്ന 25000 രൂപയോളം ഇവര്‍ കൈക്കലാക്കിയിരുന്നു. എടിഎം ഉപയോഗിച്ച് പണം തട്ടാനും ശ്രമിച്ചതായി പരാതിയില്‍ പറയുന്നു.
യുവതിയുടെ സുഹൃത്തുക്കള്‍ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതിക്കാരന് വ്യക്തമാക്കി. സമീപത്തുള്ള ആശുപത്രിയിലെത്തി ചികിത്സ തേടിയശേഷം കൊടുങ്ങല്ലൂര്‍ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് തൃശ്ശൂര്‍ എല്‍ത്തുരുത്തില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഷെമീനയെ അറസ്റ്റ് ചെയ്തത്. മറ്റുള്ളവരെ ഷെമീനയെക്കൊണ്ട് വിളിപ്പിച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു.
കോഴിക്കോട്: വടകരയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത 6000 കിലോ മത്സ്യം പിടിച്ചെടുത്തു. തമിഴ്നാട് നാഗപട്ടണത്തുനിന്ന് കൊണ്ടുവന്ന മത്സ്യമാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് പിടികൂടിയത്.
കോഴിക്കോട് മാര്‍ക്കറ്റില്‍ നിന്ന് കണ്ണൂരേക്ക് കൊണ്ടുപോയതാണ് മത്സ്യം. പഴകിയ മത്സ്യമായതുകൊണ്ട് ഇത് സ്വീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്കുതന്നെ തിരിച്ചുകൊണ്ടുവരുന്നതിനിടയില്‍ വടകര കോട്ടക്കടവിലെ വളവില്‍ വാഹനം തകരാറിലായി. വാഹനത്തില്‍ നിന്നും രൂക്ഷമായ ദുര്‍ഗന്ധം വന്നതിനെ തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം കണ്ടെത്തിയത്.
തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ഫോര്‍മാലിന്‍ ചേര്‍ത്ത മത്സ്യമാണെന്ന് വ്യക്തമാകുകയായിരുന്നു. കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷമേ മത്സ്യത്തില്‍ ചേര്‍ത്തിട്ടുള്ള മറ്റു രാസവസ്തുക്കള്‍ തിരിച്ചറിയാന്‍ സാധിക്കുകയുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പഴകിയ മത്സ്യങ്ങള്‍ക്കായി ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന സംസ്ഥാനത്തെമ്പാടും നടക്കുന്നതിനിടയിലാണ് ഇത്രയധികം പഴയ മത്സ്യം ഒന്നിച്ച് പിടിച്ചെടുത്തത്. ചെറുകിട വ്യാപാരികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ചതാണ് ഇതെന്നാണ് വിവരം.