ശബരിമല വിധിയിലെ പിഴവുകള്‍ എന്തെന്ന് പുനപരിശോധനാഹര്‍ജിക്കാരോട് ചീഫ് ജസ്റ്റിസ്. പിഴവുകള്‍ ചൂണ്ടിക്കാട്ടാന്‍ കഴിയുമെന്ന് എൻഎസ്എസ് അഭിഭാഷകന്‍ കെ.പരാശരന്‍ ബോധിപ്പിച്ചു.

ശബരിമല കേസില്‍ വാദം കേൾക്കവെയാണ് ചീഫ് ജസ്റ്റിസിന്റെ ചോദ്യം. പുന:പരിശോധന ഹര്‍ജികളുള്‍പ്പെടെ ശബരിമല യുവതീപ്രവേശ വിധിയുമായി ബന്ധപ്പെട്ട 65 ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിക്കുന്നു. പുനപരിശോധനാഹര്‍ജികളില്‍ ആദ്യം വാദം കേള്‍ക്കുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഭരണഘടനാബഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.

ഭക്തര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കുന്നതായി പന്തളം കൊട്ടാരം പ്രതിനിധി ശശികുമാരവര്‍മ പറഞ്ഞു. സുപ്രീംകോടതി പറയുന്നത് അനുസരിക്കുമെന്ന് ദേവസ്വംബോര്‍ഡ് പ്രസിഡന്‍റ് എ. പത്മകുമാർ പറഞ്ഞു.

യുവതീപ്രവേശ വിഷയത്തില്‍ ഇന്നത്തെ സുപ്രീംകോടതി നടപടികള്‍ നിര്‍ണായകമാണ്. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാന്‍, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ.ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര എന്നിരടങ്ങിയ ബഞ്ചാണ് പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഇരുപത്തിയെട്ടിലെ വിധി പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ട് തന്ത്രിയും, അയ്യപ്പഭക്തരും ,സംഘടനകളും നല്‍കിയ 65 പുന:പരിശോധന ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.

ഇതിനുപുറമെ റിട്ട് ഹര്‍ജികളും, ട്രാന്‍സ്ഫര്‍ ഹര്‍ജികളും, സാവകാശ ഹര്‍ജിയും പരിഗണിക്കും. ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതിനാല്‍ സുപ്രീംകോടതി വിധി നടപ്പായതായി സര്‍ക്കാര്‍ കോടതിയെ അറിയിക്കും. മുന്‍ ഉത്തരവ് പുന:പരിശോധിക്കേണ്ട എന്ന നിലപാടിലാണ് ഭരണഘടനാ ബെഞ്ച് എത്തുന്നതെങ്കില്‍ ഹര്‍ജികള്‍ തള്ളും. മറിച്ചാണെങ്കില്‍ കക്ഷികള്‍ക്ക് നോട്ടീസയച്ച് തുടര്‍ വാദത്തിനുള്ള സമയക്രമം കോടതി നിശ്ചയിക്കും. വിഷയം കൂടുതല്‍ പരിശോധനയ്ക്കായി ഏഴംഗ ബെഞ്ചിന്‍റെ പരിഗണനയ്ക്ക് വിടുകയെന്നതാണ് കോടതിക്കു മുന്നിലുള്ള മറ്റൊരു സാധ്യത.