Kerala

കൊല്ലം: പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയായിരുന്ന ഗൗരി നേഹ സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ അധ്യാപികമാര്‍ക്ക് സ്വീകരണമൊരുക്കി കൊല്ലം ട്രിനിറ്റി സ്‌കൂള്‍ അധികൃതര്‍. അന്വേഷണത്തിന്റെ ഭാഗമായി മാറ്റിനിര്‍ത്തിയിരുന്ന ഇവരെ തിരിച്ചെടുത്തതാണ് സ്‌കൂള്‍ അധികൃതര്‍ കേക്ക് മുറിച്ച് ആഘോഷിച്ചത്. അധ്യാപികമാരായ ക്രസന്റ്, സിന്ധു എന്നിവരെ കേക്ക് മുറിച്ച് സ്വീകരിക്കുന്ന ചിത്രങ്ങളാണ് പറത്തുവന്നത്.

വെല്‍ക്കം ബാക്ക് ക്രസന്റ് ആന്റ് സിന്ധു എന്ന് എഴുതിയ കേക്ക് മുറിച്ചായിരുന്നു ആഘോഷം. ഗൗരിയുടെ ആത്മഹത്യയില്‍ പ്രതികശളായ ഇവര്‍ ഹൈക്കോടതി ജാമ്യത്തിലാണ് കഴിയുന്നത്. ഇരുവരും എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്ന് നിബന്ധനയുണ്ട്. അതിനിടെയാണ് ഇരുവരെയും സ്‌കൂള്‍ ആഘോഷമായി തിരിച്ചെടുത്തത്. കുട്ടികളെ സ്വാധീനിച്ച് അനുകൂലമായ സാക്ഷിമൊഴി സൃഷ്ടിക്കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് ശ്രമിക്കുന്നുണ്ടെന്ന് ഗൗരിയുടെ പിതാവ് പ്രസന്നകുമാര്‍ പറഞ്ഞു.

സ്‌കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിലായിരുന്നു ആഘോഷം നടന്നത്. ഇത് വേദനയുണ്ടാക്കിയെന്നും പ്രസന്നകുമാര്‍ പറഞ്ഞു. അധ്യാപകര്‍ക്ക് ക്രിമിനല്‍ സ്വഭാവമുണ്ടെന്നതിന്റെ തെളിവാണ് ആഘോഷമെന്നും പ്രസന്നകുമാര്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മൂത്ത മകന്‍ ബിനോയി കോടിയേരിക്ക് ദുബായില്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ പരിഹാസവുമായി വി.ടി.ബല്‍റാം. തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബായില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു എന്നാണ് ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ചൈനയെപ്പോലെ സാമ്രാജ്യത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞു മുറുക്കുന്ന ആ പിതാവിനൊപ്പം എന്ന് പറഞ്ഞുകൊണ്ടാണ് ബല്‍റാം പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റ് ഇങ്ങനെ

രണ്ട് ആണ്‍മക്കള്‍;
മൂത്തവന് അവിടെനിന്ന് ഇങ്ങോട്ട് വരാന്‍ പറ്റില്ല
രണ്ടാമത്തവന് ഇവിടെനിന്ന് അങ്ങോട്ടും പോവാന്‍ പറ്റില്ല
രണ്ട് മക്കളേയും ഒരുമിച്ചൊന്ന് കാണാന്‍ അദ്ദേഹത്തിനും ആഗ്രഹമുണ്ടാവില്ലേ!
തന്റേതല്ലാത്ത കാരണങ്ങളാല്‍ ദുബൈയില്‍ കുടുങ്ങിപ്പോയ കണ്ണൂര്‍ സ്വദേശി ചെറുപ്പക്കാരന്റെ മോചനത്തിനായി ബഹു. വിദേശകാര്യ മന്ത്രി ശ്രീമതി സുഷമ സ്വരാജിന്റെയും ശ്രീ കുമ്മനം രാജശേഖരന്റേയും അടിയന്തര ഇടപെടല്‍ അഭ്യര്‍ത്ഥിക്കുന്നു.

ചൈനയെപ്പോലെ സാമ്രാജ്യത്ത്വ ശക്തികള്‍ ചുറ്റിലും നിന്ന് വരിഞ്ഞുമുറുക്കുന്ന ആ പിതാവിനൊപ്പം.

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി വിദ്യാര്‍ത്ഥിനി ആത്മഹത്യക്ക് ശ്രമിച്ചു. കൊല്ലം ചാത്തിനാംകുളം എം.എസ്.എം.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ആത്മഹത്യക്ക് ശ്രമിച്ചത്. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ 9 മണിയോടെയാണ് സംഭവമുണ്ടായത്. രാവിലെ ക്ലാസ് തുടങ്ങുന്നതിന് മുമ്പ് കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് കുട്ടി താഴേക്ക് ചാടുകയായിരുന്നു. നട്ടെല്ലിന് ഗുരുതരമായ ക്ഷതം ഏറ്റിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബ പ്രശ്‌നങ്ങളാണ് കാരണമെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിക്കുന്നത്.

ഇടുക്കി: അര്‍ദ്ധരാത്രിയില്‍ മേല്‍ക്കൂര പൊളിച്ച് വീടിനുള്ളിലേക്ക് എന്തെങ്കിലും വീണാലുണ്ടാകാവുന്ന പരിഭ്രാന്തി എപ്രകാരമായിരിക്കുമെന്ന് വിവരിക്കാനാകില്ല. എന്നാല്‍ വീഴുന്നത് ഒരു കാട്ടുപോത്താണെങ്കിലോ? ഇടുക്കി മറയൂരിലുണ്ടായ സംഭവം ഇങ്ങനെയാണ്. ഇന്നലെ അര്‍ദ്ധരാത്രിയിലാണ് വിരണ്ട കാട്ടുപോത്ത് വീടിന്റെ മേല്‍ക്കൂരയിലേക്ക് ചാടി വീണത്. അടുത്ത മുറിയില്‍ കിടന്നുറങ്ങുകയായിരുന്ന വീട്ടുടമ രാംകുമാറും ഭാര്യ മേനകയും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

ഷീറ്റ് മേഞ്ഞ വീടിനു മുകളില്‍ ചാടിവീണ പോത്ത് മേല്‍ക്കൂര തകര്‍ത്ത് നേരെ താഴെയുള്ള മുറിയിലേക്ക് പതിച്ചു. വീട്ടിലെ ടിവിയും പാത്രങ്ങളും മറ്റ് വസ്തുക്കളും പോത്തിന്റെ പരാക്രമത്തില്‍ തകര്‍ന്നിട്ടുണ്ട.് നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസും വനംവകുപ്പും സ്ഥലത്തെത്തി. എന്നാല്‍ പോത്തിനെ തുറന്നു വിടാന്‍ തയ്യാറല്ലെന്ന നിലപാടിലായിരുന്നു പ്രദേശവാസികള്‍.

വീടിനുണ്ടായ കേടുപാടുകള്‍ക്ക് ബന്ധപ്പെട്ട ഉദ്യോഗസ്ഥരെത്തി നഷ്ടപരിഹാരം നല്‍കിയാല്‍ മാത്രമേ പോത്തിനെ തുറന്നു വിടാനാകൂ എന്ന നിലപാടിലായിരുന്നു അവര്‍. വനത്തോട് ചേര്‍ന്നു കിടക്കുന്ന പ്രദേശത്ത് കാട്ടുപോത്തുകള്‍ എത്തുന്നത് സാധാരണ സംഭവമാണ്.

ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. വണ്ടാനം സ്വദേശിനി ജിനി(36) ആണ് മരിച്ചത്. ചികില്‍സാപിഴവെന്ന് ആരോപിച്ച് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിക്കുകയാണ്. കഴിഞ്ഞ ദിവസം പ്രസവശസ്ത്രക്രിയ്ക്കിടെയുണ്ടായ അശ്രദ്ധമൂലം യുവതിയുടെ വയറ്റില്‍ നിന്ന് മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയിരുന്നു.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽനിന്നു മൂന്നു മീറ്ററോളം നീളമുള്ള തുണി കണ്ടെത്തിയ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഗുരുതര പിഴവിന്‍റെ പേരില്‍ ആലപ്പുഴ മെഡിക്കല്‍ കോളജിനെതിരെ പുതിയ ആരോപണം. തീർത്തും അവശയായ യുവതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ 26 നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.

പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ് ഒൻപതു ദിവസങ്ങൾക്ക് ശേഷമാണ് വയറ്റിൽ നിന്ന് തുണി പുറത്തേക്ക് വന്നത്. വീട്ടിലെത്തിയ ശേഷം പുന്നപ്ര സ്വദേശിനിയായ യുവതിക്ക്തുടർച്ചയായി അസഹനീയമായ വയറുവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ് ഇന്നലെ ശുചിമുറിയിൽവച്ചു മൂന്നു മീറ്ററോളം നീളമുള്ള തുണി പുറത്തേക്കു വന്നത്. ഇതോടെ യുവതി ബോധരഹിതയായി നിലത്തുവീണു. ആശുപത്രിയിലെത്തിച്ച് സ്കാനിങ്ങിനു വിധേയയാക്കിയ യുവതിയെ വീണ്ടും ലേബർ റൂമിലേക്കു മാറ്റി.

ക്ഷീണിതയായ യുവതിയുടെ രോഗവിവരങ്ങൾ പുറത്തുവിടാൻ ഡോക്ടർമാർ തയാറാകുന്നില്ലെന്നു ബന്ധുക്കൾ പറയുന്നു. കുഞ്ഞിനു മുലപ്പാൽ നൽകാനും കഴിയുന്നില്ല.

ശസ്ത്രക്രിയ സമയത്തുണ്ടായ അശ്രദ്ധയാണ് തുണി വയറ്റിൽ കുടുക്കാൻ കാരണമെന്നാണ് സംശയം. സംഭവത്തിൽ വകുപ്പു മേധാവിയോടും ഡ്യൂട്ടി ഡോക്ടർമാരോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും കേസ് ഷീറ്റ് ഹാജരാക്കാൻ നിർദേശിച്ചതായും മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ.വി.രാംലാൽ അറിയിച്ചു. ബന്ധുക്കൾ അമ്പലപ്പുഴ പൊലീസിൽ പരാതി നൽകിയിട്ടുമുണ്ട്.

ആലപ്പുഴ: ഭക്ഷണം നല്‍കുന്നതിനിടയില്‍ ആനയുടെ ആക്രമണത്തിന് ഇരയായ പാപ്പാന്റെ കൈ അറ്റു. ആലപ്പുഴ, കഞ്ഞിക്കുഴിയിലാണ് സംഭവം. കഞ്ഞിക്കുഴി സ്വദേശിയായ കുന്നത്ത് പടിഞ്ഞാറ് പ്രതാപനാണ് പരിക്കേറ്റത്. ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് സംഭവമുണ്ടായത്. കോഴഞ്ചേരി പുതിയകാവ് ക്ഷേത്രത്തിലെ നാരായണന്‍കുട്ടി എന്ന ആനയാണ് പാപ്പാനെ ആക്രമിച്ചത്.

പ്രതാപന്‍ പാട്ടത്തിന് എടുത്തിരുന്ന ആനയെ വീടിന് സമീപമുള്ള പറമ്പില്‍ തളച്ചിരിക്കുകയായിരുന്നു. ആനയ്ക്ക് ഏത്തപ്പഴം കൊടുക്കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പഴം വാങ്ങിയ ആന പ്രതാപന്റെ കയ്യില്‍ ചവിട്ടിയശേഷം കയ്യില്‍ പിടിച്ച് വലിക്കുകയായിരുന്നു. മുട്ടിനുമുകളില്‍ കൈ അറ്റുപോയ നിലയില്‍ പ്രതാപനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അറ്റുപോയ കൈ പോലീസും നാട്ടുകാരും ചേര്‍ന്ന് ആനയുടെ സമീപത്തുനിന്ന് തോണ്ടി മാറ്റി. പിന്നീട് കൈ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. രാത്രി 9 മണിയോടെ പ്രതാപനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രയിലേക്ക് മാറ്റി. ആനയെ തളച്ചിട്ടിരിക്കുകയാണെങ്കിലും മദപ്പാടിന്റെ ലക്ഷണം ഉണ്ടെന്നാണ് വിവരം.

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്ക് ദുബായില്‍ യാത്രാ വിലക്ക്. കേരളത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കവെ ബിനോയ് കോടിയേരിയെ വിമാനത്താവളത്തില്‍ ദുബായ് പൊലീസ് തടഞ്ഞു. ബിനോയ്‌ക്കെതിരെ ദുബായില്‍ സിവില്‍ കേസ് നിലനില്‍ക്കുന്നതാണ് യാത്രാവിലക്ക് ഏര്‍പ്പെടുത്താന്‍ കാരണം. ബിനോയ് ജാസ് ടൂറിസം കമ്പനിക്ക് നല്‍കിയ ചെക്ക് മടങ്ങിയതോടെ കമ്പനി പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന കമ്പനിയില്‍ നിന്നും 13 കോടി രൂപ വെട്ടിപ്പ് നടത്തിയെന്നാണ് ബിനോയ് കോടിയേരിക്ക് നേരെയുണ്ടായിട്ടുള്ള ആരോപണം. അതേസമയം ദുബായ് ജാസ് ടൂറിസം മാനേജിങ് ഡയറക്ടറുമായ ഹസന്‍ ഇസ്മാഈല്‍ അബ്ദുല്ല അല്‍ മര്‍സൂഖി നടത്താനിരുന്ന പത്ര സമ്മേളനം മാറ്റിവെച്ചു. ഇന്ന് തിരുവനന്തപുരം പ്രസ് ക്ലബില്‍ പത്ര സമ്മേളനം നടത്തുമെന്നാണ് നേരത്തെ മര്‍സൂഖി പ്രഖ്യാപിച്ചിരുന്നു.

ബിനോയ്‌ക്കൊപ്പം ആരോപണമുയര്‍ന്ന ചവറ എംഎല്‍എ എന്‍.വിജയന്‍പിള്ളയുടെ മകന്‍ ശ്രീജിത്ത് വിജയനെക്കുറിച്ചു പരാമര്‍ശം പാടില്ലെന്ന കോടതി ഉത്തരവിന്റെ പേരിലാണു മര്‍സൂഖി പത്രസമ്മേളനത്തില്‍ നിന്നു പിന്മാറിയത്. പത്രസമ്മേളനം നടത്തുന്നതില്‍ കോടതി വിലക്കുണ്ടെങ്കിലും ഇന്ത്യയില്‍ത്തന്നെ തുടരുമെന്നു മര്‍സൂഖി വ്യക്തമാക്കി.

നടി അക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവുകള്‍ ദിലീപിന് കൈമാറി. കോടതി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ ഏജന്‍സി തെളിവുകള്‍ കേസിലെ പ്രധാന പ്രതിയായ ദിലീപിന് കൈമാറിയിരിക്കുന്നത്. കൈമാറിയ തെളിവുകളില്‍ സിസിടിവി ദൃശ്യങ്ങളും മൊബൈല്‍ ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ഉള്‍പ്പെടും.

കേസിലെ തെളിവുകള്‍ കൈമാറണം എന്നാവിശ്യപ്പെട്ട് ദിലീപ് നേരത്തെ രണ്ട് ഹര്‍ജികള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഹര്‍ജികള്‍ പരിഗണിച്ച കോടതി തെളിവുകള്‍ കൈമാറാന്‍ ഉത്തരവിടുകയായിരുന്നു. ദിലീപിന് നല്‍കാന്‍ കഴിയുന്ന സിസിടിവി ദൃശ്യങ്ങളും കൂടാതെ 760 രേഖകളും ഇന്നലെ അന്വേഷണ ഏജന്‍സി കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കേസിലെ സുപ്രധാന തെളിവായ നടി അക്രമിക്കപ്പെടുന്ന വീഡിയോ ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയിട്ടില്ല. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ കേസിലെ പ്രതിയായ ദിലീപിന് കൈമാറിയാല്‍ നടിയുടെ സ്വകാര്യതയെ അത് ബാധിക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യാന്‍ സാധ്യയുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. നേരത്തെ ഈ ദൃശ്യങ്ങള്‍ പ്രതിഭാഗം അഭിഭാഷകര്‍ക്ക് പരിശോധിക്കാന്‍ കോടതി അനുവാദം നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഹാജരാക്കിയിരിക്കുന്ന ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തവയാണെന്നും ഇക്കാര്യം തെളിയിക്കാനായി ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്നും ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

പുലര്‍ക്കാലത്തു നടക്കാനിറങ്ങിയവര്‍ അരണ്ട വെളിച്ചത്തില്‍ കണ്ടത് ഒഴിഞ്ഞശവപ്പെട്ടി. പത്തനംതിട്ട ജില്ലയിലെ കുമ്പനാട്‌ നല്ലിമല റോഡില്‍ ആറങ്ങാട്ടുപടി കുമ്പനാടു വഴി കല്ലുമലയ്ക്കു പോകുന്ന റോഡിലാണു രാവിലെ നടക്കാനിറങ്ങിയവര്‍ ഒഴിഞ്ഞ ശവപ്പെട്ടി കണ്ടെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നു മൃതദേഹം എംബാം ചെയ്തു കൊണ്ടു വരുന്ന ശവപ്പെട്ടിയായിരുന്നു ഇത്. സംഭവം കണ്ടു ഭയന്നു പോയവര്‍ നിലവിളിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതോടെ നാട്ടുകാര്‍ കൂടി. പ്രദേശം മുഴുവന്‍ തിരഞ്ഞു എങ്കിലും മൃതദേഹം കണ്ടെത്താനായില്ല. തുടര്‍ന്നു പോലീസ് സ്ഥലത്ത് എത്തി. ഈ പ്രദേശത്ത് അടുത്ത കാലത്തെങ്ങും വിദേശത്തു നിന്നു മൃതദേഹം കൊണ്ടു വന്നിട്ടില്ല എന്നു നാട്ടുകാര്‍ പറയുന്നു. വിവരമറിഞ്ഞ് എത്തിയ പോലീസ് വിശദമായി ശവപ്പെട്ടി പരിശോധിച്ചു.

വിദേശത്തു നിന്നു തിരുവനന്തപുരത്തു മൃതദേഹം എത്തിച്ച ശവപ്പെട്ടിയാണ് ഇത് എന്നാണു സൂചന. ശവപ്പെട്ടി പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഈ പ്രദേശത്ത് ആള്‍ സഞ്ചാരം കുറവാണ്. ഇവിടെ അറവുശാല മാലിന്യങ്ങളും മനുഷ്യ വിസര്‍ജവും തള്ളുന്നതു പതിവാണ് എന്നു പറയുന്നു. മൃതദേഹം കൊണ്ടു വന്നതിനു ശേഷം ഉപേക്ഷിച്ചതാകാം ഈ പെട്ടി എന്നാണു പോലീസ് നിഗമനം.

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ പരാതി നല്‍കിയ യു.എ.ഇ പൗരന്‍ മാധ്യമങ്ങളെ കാണുന്നതില്‍ നിന്നും പിന്‍വാങ്ങി.തിങ്കളാഴ്ച വൈകുന്നേരം നാലിന് തിരുവനന്തപുരം പ്രസ്ക്ലബിലാണ് പരാതിക്കാരനായ ദുബായ് ജാസ് ടൂറിസം മാനേജിംഗ് ഡയറക്ടര്‍ ഇസ്മായില്‍ അബ്ദുള്ള അല്‍ മര്‍സൂഖി അല്‍ത്താഫ് വാര്‍ത്താ സമ്മേളനം നടത്തുമെന്ന് നേരത്ത അറിയിച്ചിരുന്നത്.

എന്നാല്‍ ചവറ എം.എല്‍.എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് പിള്ളയ്ക്കെതിരായ പരാമര്‍ശം പാടില്ലെന്നുള്ള കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് തീരുമാനത്തില്‍ നിന്നും മര്‍സുഖി മാറിയത്. ബിനോയ് കോടിയേരിക്കൊപ്പം സാമ്ബത്തിക തട്ടിപ്പു കേസില്‍ ആരോപണം നേരിട്ടയാളാണ് ശ്രീജിത്ത്.അതേസമയം മാധ്യമങ്ങളെ കാണില്ലെങ്കിലും കുറച്ച്‌ ദിവസം കൂടി താന്‍ ഇന്ത്യയില്‍ തന്നെ തുടരുമെന്ന് മര്‍സൂഖി അറിയിച്ചിട്ടുണ്ട്.

ശ്രീജിത്തിനെതിരായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നത് കരുനാഗപ്പള്ളി സബ് കോടതി വിലക്കിയിരുന്നു.രാഖുല്‍ കൃഷ്ണ എന്ന വ്യക്തി തന്റെ പേര് ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച്‌ ശ്രീജിത്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ് ക്ലബിനും മാദ്ധ്യമ സ്ഥാപനങ്ങള്‍ക്കും വിലക്കുമായി ബന്ധപ്പെട്ട് കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.കേസുമായി ബന്ധപ്പെട്ട വാര്‍ത്തകളോ ചര്‍ച്ചകളോ പ്രസ്താവനകളോ പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്.തിരുവനന്തപുരം പ്രസ്ക്ലബിന്റെ ചുമരില്‍ ഈ നോട്ടീസ് ഒട്ടിക്കുകയും ചെയ്തിരുന്നു.

RECENT POSTS
Copyright © . All rights reserved