കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ വെളിപ്പെടുത്തലുമായി രണ്ടാം പ്രതി മാര്‍ട്ടിന്‍. നടി മഞ്ജുവാര്യരും സംവിധായകന്‍ ശ്രീകുമാര്‍ മേനോനും ചേര്‍ന്ന് ദിലീപിനെ ചതിക്കുകയായിരുന്നുവെന്ന് മാര്‍ട്ടിന്‍ മാധ്യമങ്ങളോട് പറഞ്ഞു. കേസിന്റെ ഗൂഢാലോചനയില്‍ നടി രമ്യാ നമ്പീശനും ലാലിനും പങ്കുണ്ടെന്നും മാര്‍ട്ടിന്‍ പറഞ്ഞു. കോടതിയില്‍ കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോടാണ് മാര്‍ട്ടിന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്.
ദിലീപിനെ ചതിച്ചതിന് പ്രതിഫലമായി മഞ്ജുവിന് മുംബൈയില്‍ ഫ്ളാറ്റും ഒടിയന്‍ സിനിമയില്‍ ചാന്‍സും കിട്ടിയെന്നും മാര്‍ട്ടിന്‍ പറയുന്നു. നടിയെ ആക്രമിച്ച കേസില്‍ രണ്ടാം പ്രതിയായ മാര്‍ട്ടിനാണ് ആക്രമണം നടന്ന ദിവസം നടിയുടെ വാഹനം ഓടിച്ചിരുന്നത്. നേരത്തെ കോടതി ഇയാളുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയാണ് ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് കരുതുന്നത്.
അതേസമയം നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള സുപ്രധാന തെളിവുകള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് അങ്കമാലി കോടതിയില്‍ വീണ്ടും ഹര്‍ജി സമര്‍പ്പിച്ചു. നേരത്തെ നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദുരുപയോഗം ചെയ്യുമെന്ന് ചൂണ്ടിക്കാട്ടി തെളിവുകള്‍ കൈമാറാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു. ഹൈക്കോടതിയില്‍ ഇക്കാര്യം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയുടെ വാദത്തിനിടെ ദൃശ്യങ്ങള്‍ എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലായി ജാതി- മത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയത് ഒന്നേ കാല്‍ ലക്ഷത്തോളം കുട്ടികളെന്ന് വിദ്യാഭ്യാസമന്ത്രി നിയമസഭയില്‍. ഡി.കെ മുരളിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. ജാതി-മതങ്ങള്‍ സമൂഹത്തില്‍ നിന്ന് ഇല്ലാതാകുന്നത് പ്രതീക്ഷയുണ്ടാക്കുന്നതായി സോഷ്യല്‍ മീഡിയകളില്‍ ആളുകള്‍ പ്രതികരിച്ചു
9,209 സര്‍ക്കാര്‍- എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ 1,24,147 കുട്ടികളാണ് ജാതിമത കോളം പൂരിപ്പിക്കാതെ പ്രവേശനം നേടിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജാതി-മത കോളങ്ങള്‍ പൂരിപ്പിക്കാത്തവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
2017-18 അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഒന്നുമുതല്‍ പത്തുവരെ പഠിക്കുന്ന കുട്ടികളില്‍ ജാതി, മതം എന്നിവയ്ക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ 1,23,630 കുട്ടികളും ഹയര്‍ സെക്കണ്ടറി ഒന്നാം വര്‍ഷം 278 കുട്ടികളും രണ്ടാം വര്‍ഷം 239 കുട്ടികളും പ്രവേശനം നേടി. അതേസമയം വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ജാതി മതം എന്നിവക്കുള്ള കോളങ്ങള്‍ പൂരിപ്പിക്കാതെ ആര്‍ക്കും പ്രവേശനം നല്‍കിയിട്ടില്ല.
ഫാസ്റ്റ്, സൂപ്പര്‍ഫാസ്റ്റ് തുടങ്ങിയ അതിവേഗ ബസുകളില്‍ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കി. എക്സ്പ്രസ്, ഡീലക്സ്, സൂപ്പര്‍ ഡീലക്സ് ബസുകള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. ഉയര്‍ന്ന നിരക്ക് നല്‍കുമ്പോള്‍ യാത്രക്കാരന് ഇരുന്ന് യാത്രചെയ്യാന്‍ അവകാശമുണ്ടെന്ന് കോടതി പറഞ്ഞു.
പാലായിലെ സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എജ്യുക്കേഷന്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഈ ഉത്തരവ് പുറപ്പെടുവിച്ചത്. ബസ്ചാര്‍ജ് വര്‍ധന മരവിപ്പിക്കുക, മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കാന്‍ നിര്‍ദ്ദേശിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് നല്‍കിയ ഹര്‍ജിയിലാണ് നടപടി.
എന്നാല്‍ ബസ് ചാര്‍ജ് വര്‍ധനവ് മരവിപ്പിക്കാനുള്ള ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. മോട്ടോര്‍ വാഹന ചട്ടം കൃത്യമായി പാലിക്കണം എന്ന് സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കി. ചെറിയ ദൂരത്തില്‍ യാത്ര ചെയ്യുന്നവരാണ് നിന്ന് യാത്ര ചെയ്യുന്നതെന്ന് കെഎസ്ആര്‍ടിസി വാദിച്ചെങ്കിലും അത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.
പത്തനംത്തിട്ടയില്‍ ബിരുദവിദ്യാര്‍ഥിനിയെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടും പോലീസ് അന്വേഷണത്തില്‍ തുമ്പില്ല. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നുവെന്ന് പിതാവും സഹോദരനും ആരോപിച്ചു. റാന്നി വെച്ചൂച്ചിറ മുക്കൂട്ടുതറസന്തോഷ് കവലയില്‍ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫാണ് മകള്‍ ജെസ്‌ന മരിയം ജയിംസിനെ (20) കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ഇക്കഴിഞ്ഞ 22നു രാവിലെയാണ് പെണ്‍കുട്ടിയെ കാണാതായത്. അന്നുതന്നെ എരുമേലി പോലീസ് സ്റ്റേഷനിലും പിറ്റേന്ന് വെച്ചൂച്ചിറ സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു.
വെച്ചൂച്ചിറ, എരുമേലി പോലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പുരോഗതിയുണ്ടായില്ല. കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്‌ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്‌ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്‌ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പൊതുവെ ശാന്തശീലയായ പെണ്‍കുട്ടി ഉപയോഗിക്കുന്ന മൊബൈല്‍ഫോണ്‍ പരിശോധിച്ചതില്‍ അസ്വാഭാവികമായി യാതൊന്നും കണ്ടില്ല. സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു. കോണ്‍ട്രാക്ടറായ പിതാവ് ജയിംസും എന്‍ജിനിയറിംഗ് വിദ്യാര്‍ഥിയായ സഹോദരന്‍ ജെയ്‌സും രാത്രിയില്‍ തിരികെ വീട്ടിലെത്തിയപ്പോഴാണ് ജെസ്‌ന വീട്ടില്‍ ഇല്ലെന്നറിഞ്ഞത്. ബന്ധുവീട്ടില്‍ പോയിരിക്കാമെന്നു സംശയിച്ചു. എന്നാല്‍ അന്വേഷണത്തില്‍ അവിടെയെങ്ങും എത്തിയിട്ടില്ലെന്നു മനസിലായി. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കിയത്.
ജെസ്‌നയെ കാണാതായ കേസ് വനിതാ പോലീസ് ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് അന്വേഷിക്കുന്നുണ്ടെന്ന് വെച്ചൂച്ചിറ എസ്‌ഐ ദിനേശ് കുമാര്‍ പറഞ്ഞു. പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്‌നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന ബിജു രാധാകൃഷ്ണനെ ജയില്‍ രേഖകളില്‍ ഗുരുതര രോഗിയാക്കാന്‍ ശ്രമം. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിയായ ബിജുവിന്റെ പേര് ജയില്‍ രേഖകളില്‍ ഗുരുതര രോഗികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ ശ്രമം നടക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഈ പട്ടിക തയ്യാറാക്കുന്ന മെഡിക്കല്‍ ബോര്‍ഡിന് നല്‍കിയ പട്ടികയില്‍ ബിജു രാധാകൃഷ്ണന്റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ബിജു രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുളള തടവുകാരുടെ പട്ടിക മെഡിക്കല്‍ ബോര്‍ഡിനു നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം ബിജുവിനെ പരിശോധനയ്ക്കു വിധേയനാക്കി സ്ത്രീകളെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ ശിക്ഷായിളവോ, പരോള്‍ ഉള്‍പ്പെടെയുള്ള ജയില്‍ ആനുകൂല്യങ്ങള്‍ക്ക് പരിഗണിക്കരുതെന്ന നിയമം നിലനില്‍ക്കെയാണ് ഭാര്യയെ കൊലപ്പെടുത്തിയതിന് ജയിലില്‍ കഴിയുന്ന ബിജുവിനെ ഗുരുതര രോഗിയായി ചിത്രീകരിക്കാന്‍ ശ്രമം നടക്കുന്നത്.
ഗുരുതര രോഗമുള്ളവര്‍, അടിയന്തര ചികില്‍സ വേണ്ടവര്‍ എന്നീ തടവുകാരെ പരിശോധിക്കാനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ സേവനം ആവശ്യപ്പെടുന്നത്. സെന്‍ട്രല്‍ ജയിലുകളില്‍, തൊട്ടടുത്തുള്ള സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ വിദഗ്ധ ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംഘമാണു മെഡിക്കല്‍ ബോര്‍ഡായി പ്രവര്‍ത്തിക്കുക.
തിരുവനന്തപുരം: ഫാറൂഖ് കോളജ് അധ്യാപകന്റെ സ്ത്രീ വിരുദ്ധ പ്രസംഗത്തെക്കുറിച്ചു വകുപ്പുതലത്തില്‍ അന്വേഷിക്കുമെന്നു സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു. കെ.എം. ഷാജിയുടെ ചോദ്യത്തിന് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. അന്വേഷണ നടത്തുന്ന സംബന്ധിച്ച നിര്‍ദേശം കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിവാദ പരാമര്‍ശം നടത്തിയ ഫറൂഖ് കോളേജ് അധ്യാപകന്‍ ജൗഹറിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഫാറൂഖ് കോളജ് വിദ്യാര്‍ത്ഥിനി അമൃത മേത്തര്‍ നല്‍കിയ പരാതിയിലാണ് കൊടുവള്ളി പൊലീസ് കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ പ്രസംഗം നടത്തിയതിനാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
പെണ്‍കുട്ടികളെയും അവരുടെ വസ്ത്രധാരണ രീതിയെയും അപമാനിച്ച അധ്യാപകനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. വിവാദ പ്രസംഗം പുറത്ത് വന്നതോടെ അധ്യാപകന്‍ കോളേജില്‍ നിന്നും അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
ന്യൂഡല്‍ഹി: ഹൈക്കോടതി തനിക്കെതിരായി സ്വീകരിച്ച കോടതിയലക്ഷ്യ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഉടന്‍ വാദം കേള്‍ക്കണമെന്ന ജേക്കബ് തോമസിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ഹര്‍ജി അടുത്ത തിങ്കളാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നടപടി ക്രമങ്ങള്‍ പാലിക്കാതെ ഹൈക്കോടതിക്കു ജേക്കബ് തോമസിനെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ലല്ലോയെന്ന് ചോദിച്ച കോടതി അടിയന്തര സാഹചര്യമുണ്ടെന്ന ജേക്കബ് തോമസിന്റെ അഭിഭാഷകന്റ വാദം തള്ളി. ഹൈക്കോടതി കോടതിയലക്ഷ്യക്കേസ് പരിഗണിക്കുന്നതും തിങ്കളാഴ്ചയാണ്.
ഹൈക്കോടതിയിലെ രണ്ട് ജഡ്ജിമാര്‍ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശമുന്നയിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷന് പരാതി നല്‍കിയ സംഭവത്തിലാണ് ജേക്കബ് തോമസിനെതിരെ സ്വമേധയാ കോടതിയലക്ഷ്യത്തിന് കേസെടുത്തത്. ഏപ്രില്‍ 2ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സ്പീഡ് പോസ്റ്റില്‍ അയച്ച നോട്ടീസില്‍ കോടതി അറിയിച്ചു.
രണ്ടു ജഡ്ജിമാര്‍ തനിക്കെതിരെ നിരന്തരം വിമര്‍ശനം നടത്തുകയാണെന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അഴിമതിക്കേസുകള്‍ വിജിലന്‍സ് എഴുതിത്തള്ളിയെന്നും ആരോപിച്ച ജേക്കബ് തോമസ് ഇതിനു പിന്നിലെഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായി നിലകൊണ്ട തന്നെ പീഡിപ്പിക്കാനും നിശബ്ദനാക്കാനും ശ്രമം നടന്നുവെന്ന് ജേക്കബ് തോമസ് പരാതിയില്‍ പറഞ്ഞിരുന്നു.
മലപ്പുറം തിരൂരങ്ങാടി വെന്നിയൂര്‍ ദേശീയപാതയില്‍ വന്‍ കഞ്ചാവു വേട്ട. അറുപത് കിലോ കഞ്ചാവുമായി സ്ത്രീ അടക്കം മൂന്നുപേര്‍ പിടിയിലായി. ഇടുക്കി സ്വദേശി അഖില്‍ ആന്ധ്രക്കാരായ ശ്രീനിവാസ്, നാഗദേവി എന്നിവരാണ് പിടിയിലായത്. മലപ്പുറം എസ്പിക്ക് രഹസ്യ വിവരം ലഭിച്ചതിനെതുടർന്ന് ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയത്.
രണ്ടുമുതൽ രണ്ടേകാൽ കിലോ വരെയുള്ള 27 പാക്കറ്റുകളിലായാണ് കാറിൽ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ആന്ധ്രയിൽ നിന്നാണ് കേരളത്തിലേക്ക് കഞ്ചാവെത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ജില്ലയിൽ അടുത്തിടെ നടന്ന വലിയകഞ്ചാവ് വേട്ടയാണിത്.
അറവു മാലിന്യം കയറ്റിയ കണ്ടയ്നർ കൊല്ലം തിരുമംഗലം ദേശീയ പാതയിൽ ഉപേഷിക്കപ്പെട്ട നിലയിൽ. തമിഴ്നാട്ടിൽ പ്രവേശിപ്പിക്കാതെ തിരിച്ചയച്ച കണ്ടയ്നറാണ് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്.
ആര്യക്കാവ് കോട്ടവാസൽ ഭാഗത്താണ് മൂന്ന് ദിവസമായി കണ്ടയ്നറും ലോറിയും ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്.കടുത്ത ദുർഗന്ധമാണ് പ്രദേശത്ത് .അറവുമാലിന്യമാണ് കണ്ടയ്നറിനുള്ളിലെന്ന് വ്യത്തമായി . ജനരോക്ഷം ഭയന്ന് ഡ്രൈവറും രക്ഷപെട്ടതയാണ് സൂചന.
മാലിന്യം നിറച്ച വാഹനം ദേശിയ പാതയിൽ കിടക്കുന്നതിനാൽ പരിസരവാസികൾക്കും യാത്ര ക്കാർക്കും ബുധിമുട്ട് ഉണ്ടാക്കുന്നത് പഞ്ചായത്ത് ശ്രദ്ധിക്കുന്നുമില്ല.
കൊച്ചി: നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ എന്തിനാണെന്ന് ദിലീപിനോട് ഹൈക്കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ വാദം തുടരുന്നതിനിടെയാണ് കോടതി ദിലീപിനോട് ഇങ്ങനെ ചോദിച്ചത്. ദൃശ്യങ്ങള്‍ മുമ്പ് കണ്ടതല്ലേയെന്നും കോടതി ചോദിച്ചു. അതേസമയം ശരിയായ വിചാരണയ്ക്ക് ദൃശ്യങ്ങള്‍ ആവശ്യമാണെന്നായിരുന്നു ദിലീപിന്റെ അഭിഭാഷകന്‍ വാദിച്ചത്.
ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നതായി സംശയമുണ്ട്. പോലീസ് ഇക്കാര്യം മറച്ചു പിടിക്കാന്‍ ശ്രമിക്കുകയാണ്. അക്രമിക്കപ്പെട്ട നടിയുടേത് തന്നെയാണോ വീഡിയോയിലെ സ്ത്രീശബ്ദമെന്ന് സ്ഥിരീകരിക്കണം. നടിയുടെ ശബ്ദത്തിന്റെ തീവ്രത കുറച്ചതായി സംശയമുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.
പുരുഷന്‍മാരുടെയും സ്ത്രീശബ്ദത്തിന്റെയും തീവ്രതയില്‍ വ്യത്യാസമുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. നടിയെ ആക്രമിക്കുന്നതിനിടെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി പകര്‍ത്തിയ വീഡിയോയാണ് ഇത്. തെളിവായി ഹാജരാക്കിയ ഈ ദൃശ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.