Kerala

ആലപ്പുഴ: സിനിമയില്‍ കാണുന്ന പണക്കാരന്‍..ലണ്ടന്‍ മലയാളി.. ജീവിതം ആര്‍ഭാടം. സുഖകരം എന്നീങ്ങനെയുള്ള മോഹന വാഗ്ദാനങ്ങളില്‍ വീണുപോയി സ്ത്രീജനങ്ങള്‍. വിവാഹവാഗ്ദാനം നല്‍കി പീഡനവും 30 ലക്ഷത്തോളം രൂപയുടെ തട്ടിപ്പും നടത്തിയ ആര്‍ട്ടിസ്റ്റ് പിടിയില്‍. കണ്ണൂര്‍ തളിപ്പറമ്പ് പെരുമ്പടവ് കരിപ്പാല്‍ വടക്കേടത്തിട്ടുംകുന്നേല്‍ സൈനോജ് ശിവനെയാണ് (34) നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. തട്ടിപ്പില്‍ സൈനോജിന്റെ വീട്ടുകാര്‍ക്കും പങ്കുണ്ടെന്ന് പോലീസ് പറഞ്ഞു.

സോഷ്യല്‍മീഡിയ വഴിയാണ് സൈനോജ് സ്ത്രീകളുമായി പരിചയം സ്ഥാപിക്കുന്നതെന്നും ഇയാളുടെ പേരില്‍ ഒട്ടേറെ ഫേസ്ബുക്ക് അക്കൗണ്ടുകള്‍ നിലവിലുണ്ടെന്നും പോലീസ് കണ്ടെത്തി. ഓയില്‍ പെയിന്റിങ് കലാകാരനായ സൈനോജ് ലണ്ടനിലാണെന്നും സമ്ബന്നനാണെന്നും ധരിപ്പിച്ചാണ് പരാതിക്കാരിയുമായി ബന്ധം സ്ഥാപിച്ചത്. വിവിധ സ്ഥലങ്ങളില്‍ വ്യവസായ സ്ഥാപനങ്ങള്‍ നടത്തുന്ന സ്ത്രീയുടെ പരാതിയിലാണ് നടപടി. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. സൈനോജിന് കാറുകളും സ്വര്‍ണാഭരണങ്ങളും മറ്റും വാങ്ങിക്കൊടുത്തെന്നു പരാതിയില്‍ പറയുന്നു.

ബിഡിജെഎസ് ഇന്ന് പിളരും. രാഷ്ട്രീയ പാര്‍ട്ടികളുടെ രൂപംകൊള്ളലും പിളര്‍പ്പും പതിവായ കേരള രാഷ്ട്രീയത്തില്‍ ബിഡിജെഎസും രണ്ടാവും. എസ്എന്‍ഡിപി യോഗത്തിന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ബിഡിജെഎസ് രണ്ടാവുന്ന പ്രഖ്യാപനം ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് നടക്കും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പിളര്‍പ്പിനെ ശ്രദ്ധയോടെയാണ് രാഷ്ട്രീയ കേരളം വീക്ഷിക്കുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായി നില്‍ക്കുന്ന തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തിലുള്ള ബിഡിജെഎസ് പിളര്‍ന്ന് ബിഡിജെഎസും ബിഡിജെഎസ് ഡെമോക്രാറ്റിക്കും ആവും. ബിഡിജെഎസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തിലാണ് പുതിയ പാര്‍ട്ടി. പരസ്പരം സഹായം ചെയ്ത് നില്‍ക്കുന്ന വെള്ളാപ്പള്ളിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മിലുള്ള ധാരണയാണ് പുതിയ പാര്‍ട്ടി രൂപം കൊള്ളുന്നതിന് പിന്നിലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പുതുതായി രൂപംകൊള്ളുന്ന ബിഡിജെഎസ് ഡെമോക്രാറ്റിക്കിന്റെ ചരട് വെള്ളാപ്പള്ളിയുടെ കൈകളിലായിരിക്കുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ രഹസ്യമായി പങ്കുവയ്ക്കുന്ന വിവരം.

കഴിഞ്ഞയാഴ്ച ചൂഴാല്‍ നിര്‍മ്മലിന്റെ നേതൃത്വത്തില്‍ ജില്ലാ കമ്മറ്റി ചേര്‍ന്ന് മോദിയുടെ തുടര്‍ഭരണത്തിനായി ശക്തമായ പ്രചരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചിരുന്നു. ഇക്കാര്യം വ്യക്തമാക്കി പത്രക്കുറിപ്പിറക്കുകയും ചെയ്തു. എന്നാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ സംഭവിച്ച നിലപാട് മാറ്റത്തിന് പിന്നില്‍ വെള്ളാപ്പള്ളി നടേശന്റെ തന്ത്രമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. എസ്എന്‍ഡിപി യോഗം പാറശാല യൂണിയന്‍ സെക്രട്ടറിയും ബിഡിജെഎസ് ജില്ലാ പ്രസിഡന്റുമായ ചൂഴാല്‍ നിര്‍മ്മല്‍ എസ്എന്‍ഡിപി നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തുന്നയാളാണ് എന്നതാണ് ഈ വിലയിരുത്തിലിന് പിന്നില്‍. ഇതിനിടെ നിര്‍മ്മലിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു. ഇതാണ് പിളര്‍പ്പിലേക്ക് വഴിവക്കുന്നതെന്ന വാദം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുണ്ടെങ്കിലും ഇത് ബാലിശമായ വാദം മാത്രമാണെന്ന് മറ്റൊരു കൂട്ടം പ്രവര്‍ത്തകര്‍ പറയുന്നു. കാര്യമായ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ലാതെ ഇത്തരമൊരു പിളര്‍പ്പിലേക്ക് പോവുന്ന സാഹചര്യത്തെ സംശയത്തോടെയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ കാണുന്നത്. എന്‍ഡിഎയുടെ ഘടകകക്ഷിയായ തങ്ങളെ ബിജെപി വഞ്ചിക്കുകയായിരുന്നു എന്നാണ് നിര്‍മ്മല്‍ അടക്കമുള്ളവരുടെ ആരോപണം. എന്നാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ ഈ നിലപാട് മാറ്റം എങ്ങനെയുണ്ടായി എന്നാണ് വിമര്‍ശകര്‍ ഉന്നയിക്കുന്ന ചോദ്യം.

എന്‍ഡിഎ വിടാതെ തന്നെ എല്‍ഡിഎഫിനൊപ്പം നില്‍ക്കാനുള്ള വെള്ളാപ്പള്ളിയുടേയും തുഷാര്‍ വെള്ളാപ്പള്ളിയുടേയും തന്ത്രമാണ് ഈ പിളര്‍പ്പെന്ന് വിമര്‍ശിക്കുന്നവരുമുണ്ട്. വിയോജിപ്പുകള്‍ ധാരാളമുണ്ടായെങ്കിലും എന്‍ഡിഎയില്‍ തുടരാനാണ് തുഷാര്‍ വെള്ളാപ്പള്ളി തീരുമാനിച്ചത്. ശബരിമല യുവതീ പ്രവേശന വിഷയം ഉയര്‍ത്തി എന്‍ഡിഎ നടത്തിയ രഥയാത്ര മുന്നില്‍ നിന്ന് നയിച്ചതും തുഷാര്‍ വെള്ളാപ്പള്ളിയാണ്. തുഷാര്‍ മത്സരിച്ചാല്‍ ആലപ്പുഴ സീറ്റ് വാഗ്ദാനം ചെയ്തിരുന്നെങ്കിലും താന്‍ മത്സരത്തിനില്ലെന്ന് തുഷാര്‍ തീരുമാനിക്കുകയായിരുന്നു. വൈകിയാണെങ്കിലും ബിഡിജെഎസിനോടുണ്ടായിരുന്ന രണ്ടാംകിട സമീപനം ബിജെപി മാറ്റിയതില്‍ പ്രവര്‍ത്തകരും സംതൃപ്തരാണ്. ഏത് സമയവും സെന്‍ട്രല്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പിടി വീഴാന്‍ സാധ്യതയുള്ളതിനാല്‍ വിയോജിപ്പുകള്‍ ഉണ്ടെങ്കിലും എന്‍ഡിഎയുമായി ഒന്നിച്ച് പോവുക എന്ന സമീപനമാണ് തുഷാര്‍ വെള്ളാപ്പള്ളി സ്വീകരിക്കുന്നതെന്ന വിമര്‍ശനം ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നുമുണ്ട്. ഇതിനിടെയാണ് നിര്‍മ്മലിന്റെ നേതൃത്വത്തില്‍ പുതിയൊരു പാര്‍ട്ടി രൂപം കൊള്ളുന്നത്. എട്ട് ജില്ലകളില്‍ നിന്നുള്ള ബിഡിജെഎസ് ഭാരവാഹികള്‍ പുതിയ പാര്‍ട്ടിയിലേക്കെത്തുമന്നാണ് നിര്‍മ്മലിന്റെയും കൂട്ടരുടേയും അവകാശവാദം.

ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ആചാരലംഘനത്തിന് എതിരായിരുന്നെങ്കിലും സര്‍ക്കാര്‍ അനുകൂല നിലപാടാണ് വെള്ളാപ്പള്ളി ആദ്യം മുതല്‍ സ്വീകരിച്ചത്. സര്‍ക്കാരിനെ വിമര്‍ശിക്കുകയോ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയോ ചെയ്യാതെയായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസ്താവനകളും പ്രതികരണങ്ങളും. പിന്നീട് നവോഥാന സംഘടനകളുടെ യോഗം മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സംഘടിപ്പിച്ചപ്പോഴും മുന്‍നിരയില്‍ നിന്നത് വെള്ളാപ്പള്ളിയായിരുന്നു. നവോഥാന സംരക്ഷണ സമിതി ചെയര്‍മാനായി വെള്ളാപ്പള്ളിയെ യോഗം തീരുമാനിച്ചു. വനിതാ മതില്‍ സംഘടിപ്പിച്ചതുള്‍പ്പെടെ സര്‍ക്കാരിനെ പ്രതിസന്ധിഘട്ടത്തില്‍ സഹായിച്ച വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ തിരിച്ചും സഹായങ്ങള്‍ നല്‍കി. കണിച്ചുകുളങ്ങര ദേവീ ക്ഷേത്രത്തിനായി അനുവദിച്ച നാല് കോടി രൂപ വെള്ളാപ്പള്ളിക്ക് സര്‍ക്കാര്‍ നല്‍കിയ പ്രത്യുപകാരമായാണ് കണക്കാക്കപ്പെട്ടത്. ക്ഷേത്രത്തിലെ ബഹുനിലക്കെട്ടിടത്തിന്റെ തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യമന്ത്രി നേരിട്ടെത്തി. വെള്ളാപ്പള്ളിയുടെ സ്നേഹാദരങ്ങള്‍ ഏറ്റുവാങ്ങിയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അന്ന് മടങ്ങിയത്.

ഇതിന് പിന്നാലെയാണ് ബിഡിജെഎസ് പിളര്‍പ്പ് തീരുമാനം വരുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസ് വഴി എന്‍ഡിഎയിലേക്ക് പോവാതെ പിടിച്ചു നിര്‍ത്തുന്നതിന്റെ ഭാഗമായാണ് പുതിയ പാര്‍ട്ടി രൂപീകരണം എന്ന സൂചനയാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. എന്‍എസ്എസ് ഇടഞ്ഞു നില്‍ക്കുന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷ സമുദായ വോട്ടുകള്‍ എല്‍ഡിഎഫിന് പ്രധാനമാണ്. ബിഡിജെഎസ് ഡെമോക്രാറ്റിക് എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന സൂചനയാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്.

വരുന്ന ദിവസങ്ങളിൽ കേരളത്തില്‍ കടുത്ത ചൂടിന് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തൃശ്ശൂര്‍ മുതല്‍ കോഴിക്കോട് വരെയുള്ള ജില്ലകളില്‍ കൊടും ചൂടും അനുഭവപ്പെടാം. അതീവ ജാഗ്രതപാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു.

സംസ്ഥാനത്ത് ആകമാനം രണ്ട് മുതല്‍ നാല് ഡിഗ്രിവരെ ചൂട് ഉയരാമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇപ്പോള്‍ ഏറ്റവും ചൂട് അനുഭവപ്പെടുന്നത് പാലക്കാടാണ് , 37 ഡിഗ്രി സെല്‍സ്യസ്. തിരുവനന്തപുരം നഗരത്തില്‍ 36, കോഴിക്കോട്, ആലപ്പുഴ, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളില്‍ 35 ഡിഗ്രി സെല്‍സ്യ‌സ് വീതം രേഖപ്പെടുത്തി. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ എട്ട് ഡിഗ്രിയോളം ചൂട് കൂടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുണ്ട്.

ഈ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കാന്‍ ശ്രദ്ധിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. 11 മണി മുതല്‍ മൂന്ന് മണി വരെ കഴിയുന്നതും വെയിലത്ത് പോകുന്നത് ഒഴിവാക്കണം. പുറത്ത് ജോലിചെയ്യുന്നവരും യാത്രചെയ്യുന്നവരും എപ്പോഴും കുടിവെള്ളം കരുതണം. നിര്‍ജലീകരണം ഒഴിവാക്കാന്‍ നിശ്ചിത ഇടവേളകളില്‍വെള്ളം കുടിക്കണം. സ്്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കണമെന്നും അതേറിറ്റി നിര്‍ദ്ദേശിച്ചു. പുറംജോലികള്‍ചെയ്യുന്നവരുടെ തൊഴില്‍സമയം സര്‍ക്കാര്‍ക്രമീകരിച്ചിട്ടുണ്ട്. 11 മുതല്‍മൂന്നുമണി വരെ ചൂട് ഏറ്റവും കൂടിയ സമയത്ത് പുറം ജോലികളില്‍ നിന്ന് തൊഴിലാളികളെ ഒഴിവാക്കണം. ഈ നിര്‍ദ്ദേശം എല്ലാ തൊഴില്‍ദാതാക്കളും കര്‍ശനമായി പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്.

സി സോൺ കലോത്സവത്തെ ചൊല്ലി കാലിക്കറ്റ് സര്‍വകലാശാലയിൽ സംഘര്‍ഷം. എസ്എഫ്ഐ എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിൽ ഏറ്റുമുട്ടി.

എംഎസ്എഫുമായി സഹകരിക്കുന്ന വിദ്യാര്‍ത്ഥികളെ കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നില്ലെന്ന ആരോപണമാണ് സംഘര്‍ഷത്തിലെത്തിച്ചത്. ഇത് സംബന്ധിച്ച് വൈസ് ചാൻസിലര്‍ക്ക് പരാതിയും നൽകിയിരുന്നു. പ്രതിഷേധിച്ച എംഎസ്എഫ് പ്രവര്‍ത്തകര്‍ വൈസ് ചാൻസിലറെ സെനറ്റ് ഹാളിൽ പൂട്ടിയിടുകയും ചെയ്തു.

കലോത്സവത്തിന്റെ ഉദ്ഘാടന ചടങ്ങ് കഴിഞ്ഞ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ പ്രതിഷേധം ഇരുവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലായി. ഏതാനും വിദ്യാര്‍ത്ഥികൾക്ക് സംഘര്‍ഷത്തിൽ പരിക്കേറ്റിട്ടുണ്ട്.

കപ്പ ബിരിയാണിയില്‍ ഇറച്ചിയില്ലെന്ന് പറഞ്ഞ് ഹോട്ടലില്‍ പൊരിഞ്ഞ തല്ല്. ഹോട്ടല് ജീവനക്കാരുമായിട്ടാണ് തര്‍ക്കം നടന്നത്. തര്‍ക്കം പിന്നീട് കൈയ്യാങ്കളിയിലേക്കെത്തി. കൈയ്യാങ്കളിയില്‍ തലയടിച്ച് വീണ് ഒരാള്‍ മരിച്ചു. കണ്ണൂര്‍ ബ്ലാത്തൂര്‍ സ്വദേശി വലിയവളപ്പില്‍ വീട്ടില്‍ ഹനീഫ് (50) ആണ് മരിച്ചത്.

സംഭവത്തെ തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാരായ വടകര നവാസ് (39), മഞ്ചേരി സ്വദേശി ഹബീബ് റഹ്മാന്‍ (24), പൂവാട്ടുപറമ്പ് സ്വദേശികളായ മുഹമ്മദ് ബഷീര്‍ (48), അബ്ദുല്‍ റഷീദ് (46) എന്നിവരെ അറസ്റ്റ് ചെയ്തു.

കഴിഞ്ഞ 10-ാം തീയതി കോഴിക്കോട് മാവൂര്‍റോഡില്‍ പുതിയ സ്റ്റാന്‍ഡിനു സമീപത്തെ ഹോട്ടലിലാണ് സംഭവം. ഹനീഫും സുഹൃത്തുക്കളായ കൊട്ടിയൂര്‍ സ്വദേശി പ്ലാച്ചിമല വീട്ടില്‍ ജോസഫ്, പൂവാട്ടുപറമ്പ് കല്ലേരി സ്വദേശി രവി എന്നിവര്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തി. ഇവര്‍ മദ്യലഹരിയിലായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കപ്പ ബിരിയാണിയായിരുന്നു ഓര്‍ഡര്‍ ചെയ്തത്.

എന്നാല്‍ കഴിക്കാന്‍ വാങ്ങിയ കപ്പബിരിയാണിയില്‍ ഇറച്ചിയില്ലെന്നു പറഞ്ഞ് ഹനീഫും കൂട്ടുകാരും ഹോട്ടല്‍ ജീവനക്കാരുമായി തര്‍ക്കമായി. ഹോട്ടല്‍ ഉടമയായ ബഷീര്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല.

തര്‍ക്കത്തിനിടെ ഹനീഫ ഹോട്ടല്‍ ജീവനക്കാരിലൊരാളുടെ മുഖത്ത് തുപ്പി. ഇതോടെ പ്രശ്നം വഷളായി. ഹനീഫിനെയും കൂട്ടുകാരെയും ഹോട്ടലില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ ബഷീറിനെയും ജീവനക്കാരെയും വെല്ലുവിളിച്ചു. തുടര്‍ന്ന് ഹോട്ടല്‍ ജീവനക്കാര്‍ ഇവരെ മര്‍ദ്ദിച്ചു. ജീവനക്കാര്‍ പിടിച്ചു തള്ളിയപ്പോള്‍ തലയടിച്ചു വീണ് ഹനീഫിനു പരുക്കേറ്റു. നട്ടെല്ലിനും പരിക്കേറ്റ ഹനീഫിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മറ്റുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സയിലായിരുന്ന ഹനീഫ് പിന്നീട് മരിക്കുകയായിരുന്നു.

സംഭവത്തെ തുടര്‍ന്ന് ഒളിവില്‍പോയ പ്രതികള്‍ക്കായി കസബ സിഐ ആര്‍. ഹരിപ്രസാദും സൗത്ത് എസി എ.ജെ.ബാബുവിന്റെ നേതൃത്വത്തിലുള്ള ക്രൈം സ്‌ക്വാഡും അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

അദിലാബാദ് രൂപതയിൽ സേവനം ചെയ്യുന്ന മലയാളിയായ യുവ വൈദികനെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.  ഇടുക്കി തങ്കമണി സ്വദേശിയായ ഫാ. ജെബിൻ മരുത്തൂരാണ് മരണമടഞ്ഞത്. ഉദയഗിരി ഇടവകാംഗമാണ്. മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരിനടുത്ത് ബാബുപ്പെട്ടിലെ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്.

Image result for kerala state film award

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളില്‍ മിന്നിത്തിളങ്ങി സുഡാനി ഫ്രം നൈജീരിയ. ക്യാപ്ടന്‍ , ഞാന്‍ മേരിക്കുട്ടി എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ച ജയസൂര്യയൊക്കൊപ്പം സുഡാനിയിലെ ക്ലബ് മാനേജരെ അവതരിപ്പിച്ച സൗബിന്‍ ഷാഹിറും ഇതേ പുരസ്കാരം പങ്കിട്ടു. ചോല, ഒരുകുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് നിമിഷ സജയന്‍ മികച്ച നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച നവഗാത സംവിധായകനുള്ള അവാര്‍ഡ് ഉള്‍പ്പടെ അഞ്ചു പുരസ്കാരങ്ങളാണ് സുഡാനി നേടിയത്. ഒരു ഞായറാഴ്ച ഒരുക്കിയ ശ്യാമപ്രസാദാണ് മികച്ച സംവിധായകന്‍ . സി.ഷെരീഫ് നിര്‍മിച്ച് സംവിധാനം ചെയ്ത കാന്തന്‍– ദി ലവര്‍ ഒാഫ് കളര്‍ മികച്ച ചിത്രമായി.

ജോസഫിലെയും ചോലയിലെയും അഭിനയത്തിന് ജോജു ജോര്‍ജ് മികച്ച സ്വഭാവ നടനായി . സുഡാനിയിലെ അമ്മമാരായ സാവിത്രീ ശ്രീധരനും, സരസ ബാലുശേരിയും മികച്ച സ്വഭാവനടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. വിജയ് യേശുദാസ് ഗായകനും ശ്രേയാ ഘോഷാല്‍ ഗായികയുമാണ്. കാര്‍ബണിലെ ഗാനങ്ങളൊരുക്കിയ വിശാല്‍ ഭരദ്വാജാണ് സംഗീത സംവിധായകന്‍. ആമിയിലൂടെ ബിജിബാല്‍ പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം നേടി. മന്ത്രി എ.കെ. ബാലന്‍ തിരുവനന്തപുരത്ത് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാങ്കേതിക രംഗത്തെ പുരസ്കാരങ്ങള്‍ ഉള്‍പ്പടെ കാര്‍ബണ്‍ ആറ് അവാര്‍ഡുകള്‍ നേടി.

ദിനേശ് വെള്ളാപ്പള്ളി

മാര്‍ച്ച് നാലാം തിയതി ആലുവ ശിവരാത്രി മഹോത്സവം ആരംഭിക്കുകയാണ്. ലക്ഷക്കണക്കിന് ഭക്തരാണ് ദര്‍ശനത്തിനായി എത്തുക. ഈ മഹനീയ ദിവസങ്ങളില്‍ ഭക്തര്‍ക്ക് കൈതാങ്ങാകുകയാണ് സേവനം വീണ്ടും യു.കെ.

ശിവരാത്രി മണല്‍പ്പുറത്ത് ഉറക്കം ഒഴിച്ചില്‍ കഴിഞ്ഞ് പിതൃക്കളുടെ ആത്മാവിന് ശാന്തി നല്‍കാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ പെരിയാറിന്റെ കര ഭക്തിസാന്ദ്രമാകും. തിരക്കേറിയ ഈ അവസരത്തില്‍ അടിയന്തര ഘട്ടങ്ങള്‍ നേരിടാന്‍ സുസജ്ജമായ മെഡിക്കല്‍ ടീമും, വെന്റിലേറ്റര്‍ സൗകര്യത്തോടു കൂടിയ സൗജന്യ ആംബുലന്‍സ് സൗകര്യവും ഒരുക്കി സേവനം യു.കെ ഇക്കുറിയും കര്‍മ്മനിരതരായി രംഗത്തുണ്ട്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ശിവരാത്രിയോട് അനുബന്ധിച്ച് സേവനം യുകെ സൗജന്യ ആംബുലന്‍സ്, മെഡിക്കല്‍ സേവനം എന്നിവ ലഭ്യമാക്കിയിരുന്നു. നിരവധി പേരാണ് ഈ മഹത്തായ സേവനത്തെ ആത്മമാര്‍ത്ഥമായി പ്രശംസിച്ച് രംഗത്തെത്തിയത്. ഇത് ഒരു പ്രചോദനം കൂടിയായി സേവനം യുകെ ഭാരവാഹികള്‍ക്ക്. ഗുരുദേവ ആശയങ്ങള്‍ ഉള്‍ക്കൊണ്ട് മനുഷ്യരാശിയുടെ നന്മയ്ക്കായി പ്രവര്‍ത്തിക്കുകയെന്ന ആശയം പ്രാവര്‍ത്തികമാക്കുകയാണ് സേവനം യുകെ.

വിദഗ്ധരായ ഡോക്ടര്‍മാരും, നഴ്സുമാരും ഉള്‍പ്പെടുള്ള സുസജ്ജമായ മെഡിക്കല്‍ ടീമും, വെന്റിലേറ്റര്‍ ഉള്‍പ്പെടെയുള്ള അത്യാധുനിക സംവിധാനങ്ങള്‍ ഉള്‍പ്പെട്ട ആംബുലന്‍സ് സേവനവും ഏത് അടിയന്തരഘട്ടത്തിലും പ്രയോജനകരമായ രീതിയില്‍ ഒരുക്കുകയാണ് സേവനം യുകെ. പരിപാടിയുടെ ഉദ്ഘാടനം ആലുവ അദ്വൈതാശ്രമം മഠാധിപതി നിര്‍വ്വഹിക്കും. സമ്മേളനത്തിന് വിശിഷ്ഠാതിഥിയായി സുപ്രീം കോടതി റിട്ടയര്‍ ജഡ്ജി കുര്യന്‍ ജോസഫ് പങ്കെടുക്കും.

യുകെ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സേവനം യുകെ ജാതി മത രഹിത സമൂഹം എന്ന ലക്ഷ്യവുമായി ലോക മലയാളി സമൂഹത്തിനിടയില്‍ പ്രവര്‍ത്തനം ശക്തമാക്കുകയാണ്. വര്‍ഷങ്ങളായി വിവിധ സേവനങ്ങളില്‍ പങ്കാളിയാകുന്ന സേവനം യുകെ കൂടുതല്‍ ജനങ്ങളിലേക്ക് തങ്ങളുടെ സേവനം വ്യാപിപ്പിക്കുകയാണ്.

വീഗാലാൻഡിൽ വീണു പരിക്കേറ്റ തൃശൂർ സ്വദേശി വിജേഷ് വിജയന്‍റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകാമെന്ന് കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി ഹൈക്കോടതിയിൽ. വിജേഷിന് കെ ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ അഞ്ച് ലക്ഷം രൂപ നൽകും. തുകയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് മാർച്ച് ഒന്നിന് ഹൈക്കോടതിയിൽ ഹാജരാക്കണം.

2002-ലാണ് വീഗാലാന്‍ഡ് അമ്യൂസ്മെന്‍റ് പാർക്കിലെ റൈഡില്‍നിന്നും വീണ് പരിക്കേറ്റ തൃശൂർ സ്വദേശിയായ വിജേഷ് വിജയൻ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ബക്കറ്റ് ഷവർ എന്ന പേരിലുള്ള റൈഡിൽ നിന്ന് വീണാണ് വിജേഷിന് പരിക്കേറ്റത്. നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വിജേഷിന് ചികിത്സയ്ക്കായി ഇരുപത്തിയഞ്ച് ലക്ഷം രൂപയോളം ചിലവാക്കേണ്ടി വന്നു.

ശരീരം തളർന്നു പോയ വിജേഷ് ഇപ്പോഴും വീൽചെയറിലാണ്. നഷ്ട പരിഹാരം ആവശ്യപ്പെട്ടപ്പോൾ നൽകാൻ തയ്യാറാകാതെ വന്നതിനെ തുടർന്നാണ് വിജേഷ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ സംഭവം തനിക്ക് നാണക്കേട് ഉണ്ടാക്കിയെന്നും അതിനാൽ രണ്ടര ലക്ഷം രൂപ നൽകാമെന്നുമായിരുന്നു ചിറ്റിലപ്പള്ളി ഹൈക്കോടതിയെ നേരത്തെ അറിയിച്ചത്. ഇതിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിറ്റിലപ്പള്ളിയുടെ നിലപാടിനെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി പണം എത്ര ഉണ്ടാക്കിയാലും അതിൽ ഒരു തരിപോലും മുകളിലേക്ക് കൊണ്ടുപോകാനാകില്ലെന്നും അന്ന് ഓർമ്മിപ്പിച്ചിരുന്നു.

കെ.എസ്.ആര്‍.ടി.സിയുടെ ഇലക്ട്രിക് ബസുകള്‍ ആദ്യം ദിവസം തന്നെ ചാര്‍ജ് തീര്‍ന്ന് പെരുവഴിയില്‍. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട അഞ്ചുബസുകളില്‍ നാലെണ്ണവും ചാര്‍ജ് തീര്‍ന്ന് വഴിയില്‍ കിടക്കുകയാണ്. ചേര്‍ത്തലയില്‍ നിലച്ചുപോയ ബസിലെ യാത്രക്കാരെ പിന്നാലെ വന്ന ബസില്‍ കയറ്റിവിട്ടെങ്കിലും അതും ചാര്‍ജ് തീര്‍ന്നതുകാരണം വൈറ്റിലയില്‍ സര്‍വീസ് അവസാനിപ്പിച്ചു.

223 കിലോമീറ്ററാണ് തിരുവനന്തപുരം എറണാകുളം റൂട്ട്. ഇലക്ട്രിക് ബസ് ഒരു തവണ ചാര്‍ജ് ചെയ്താന്‍ ഒാടുന്ന പരാമവധി ദൂരം 250 കിലോമീറ്റര്‍. ഗതാഗതക്കുരുക്കില്‍പെട്ടും പ്രധാന സ്റ്റോപ്പുകളിലെല്ലാം നിര്‍ത്തിയും ഒാടിയ ബസ് ചേര്‍ത്തലയിലെത്തിയപ്പോഴേക്കും ചാര്‍ജ് തീര്‍ന്നു. ബസ് വഴിയിലൊതുക്കിയശേഷം റിസര്‍വേഷന്‍ യാത്രക്കാരെ അടക്കം പിന്നാലെ വന്ന ഇലക്ട്രിക് ബസില്‍ കയറ്റിവിട്ടു.

ഈ ബസ് വൈറ്റിലയില്‍ എത്തിയപ്പോള്‍ ചാര്‍ജ് തീര്‍ന്നു. അപകടം മനസിലാക്കി പിന്നാലെ വന്ന രണ്ട് ബസുകള്‍ചുരുക്കം സ്റ്റോപ്പുകളില്‍ മാത്രം നിര്‍ത്തിപോയതുകാരണം കഷ്ടിച്ച് എറണാകുളത്തെത്തിയിട്ടുണ്ട്. ഇനി റീചാര്‍ജ് ചെയ്യണമെങ്കില്‍ ആലുവയില്‍ പോകണം. അവിടെവരെ എത്താനുള്ള ചാര്‍ജ് ഇല്ലാത്തതിനാല്‍ എറണാകുളം ‍‍ഡ‍ിപ്പോയില്‍തന്നെ ഒതുക്കിയിട്ടിരിക്കുകയാണ്.

ബസ് പൂര്‍ണമായും ചാര്‍ജ് ചെയ്യണമെങ്കില്‍ കുറഞ്ഞത് നാലുമണിക്കൂര്‍ വേണം. കലക്ഷനും കുറവാണ്. അഞ്ചുമണിക്ക ് പുറപ്പെട്ടിരുന്ന സര്‍വീസില്‍ ഒറ്റട്രിപ്പില്‍ കുറഞ്ഞത് 18000 രൂപ കിട്ടിയിരുന്നിടത്ത് ഇലക്ട്രിക് ബസിന് കിട്ടിയത് 11000 രൂപ. നാലുമണിക്ക് പോയ സര്‍വീസില്‍ വെറും ഏഴായിരവും. ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഇലക്ട്രിക് ബസുകള്‍ പര്യാപതമല്ലെന്ന ആക്ഷേപം നേരത്തെ ശക്തമായിരുന്നു. മതിയായ ചാര്‍ജിങ് സ്റ്റേഷന്‍ കൂടി സജ്ജീകരിക്കാതെ സര്‍വീസ് ആരംഭിച്ചത് കൂടുതല്‍ തിരിച്ചടിയായി.

ഗതാഗതക്കുരുക്കുള്ള ദേശിയപാതയിലെ ജംക്‌ഷനുകൾ കടന്ന് പറയുന്ന സമയത്ത് ബസ് എത്തിയില്ലെങ്കില്‍ ബാറ്ററി ചാർജ് തീർന്നു പോകുമെന്നു നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യത്തിൽ പഠനങ്ങൾ നടത്താതെ വേഗത്തിൽ സർവീസ് ആരംഭിച്ചത്. തിരുവനന്തപുരത്തു കൊല്ലം, ആലപ്പുഴ വഴി എറണാകുളത്തേക്ക് 5 ഇലക്ട്രിക് ബസ് സർവീസുകളാണ് ഇന്നു മുതൽ കെഎസ്ആർടിസി ആരംഭിച്ചത്. രാവിലെയും വൈകിട്ടുമാണു സർവീസുകൾ.

Copyright © . All rights reserved