കണ്ണൂര്‍: കണ്ണൂര്‍ തളിപ്പറമ്പില്‍ എസ്എഫ്‌ഐ നേതാവിന് കുത്തേറ്റു. ഞാറ്റുവയല്‍ സ്വദേശിയായ എന്‍.വി കിരണിനാണ് അജ്ഞാതരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്. കിരണിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. നെഞ്ചിലും കാലിനും കുത്തേറ്റ കിരണിന്റെ ആരോഗ്യനിലയില്‍ കാര്യമായി പുരോഗതി കൈവന്നിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
ഇന്നു പുലര്‍ച്ചെ നാലു മണിക്ക് തൃച്ചംബരം ഡ്രീം പാലസിനു സമീപത്തുവെച്ചാണ് 19 കാരനായ കിരണ്‍ ആക്രമിക്കപ്പെടുന്നത്. ഇയാളെ ആക്രമിക്കാനുണ്ടായ കാരണങ്ങള്‍ വ്യക്തമല്ല. എന്നാല്‍ ബിജെപി അനുകൂലികളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സംഭവത്തില്‍ നാല് പേര്‍ പോലീസ് കസ്റ്റഡിയിലായിട്ടുണ്ട്. പതിനഞ്ചംഗ സംഘമാണ് കിരണിനെ കുത്തിയെതെന്നും മുഴുവന്‍ പ്രതികളും ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
സജീവ എസ്എഫ്‌ഐ പ്രവര്‍ത്തകനായ കിരണിനെ ആക്രമിച്ചതിന് പിന്നില്‍ രാഷ്ട്രീയ വൈര്യാഗ്യമാണോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. കോ ഓപ്പറേറ്റീവ് കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായും എസ്എഫ്‌ഐ യൂണിറ്റ് ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുള്ള കിരണ്‍ എസ്എഫ്‌ഐയുടെ വളര്‍ന്നു വരുന്ന നേതാക്കളില്‍ ഒരാളാണ്. കേസില്‍ കൂടുതല്‍ അറസ്റ്റ് ഉടനുണ്ടായേക്കുമെന്നാണ് പോലീസ് നല്‍കുന്ന സൂചനകള്‍.
ഭോപ്പാലിലെ മലയാളി ദമ്പതികളുടെ കൊലപാതകത്തില്‍ വീട്ടുജോലിക്കാരനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാവിലെയാണ് ജി.കെ നായരേയും(62) ഭാര്യ ഗോമതിയേയും വീട്ടിനുള്ളില്‍ കഴുത്തറുത്ത് നിലയില്‍ കാണപ്പെട്ടത്. ഭോപ്പാല്‍ സ്വദേശി രാജു ധാഖഡാണ് അറസ്റ്റിലായത്.
മോഷണ ശ്രമത്തിനിടെ ദമ്പതികള്‍ കൊല്ലപ്പെട്ടതാവാം എന്നായിരുന്നു പ്രാഥമിക നിഗമനം. രാവിലെ വീട്ടുവേലക്കാരാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യോമസേന മുന്‍ ഉദ്യോഗസ്ഥനാണ് മരിച്ച ജി.കെ നായര്‍. സര്‍ക്കാര്‍ ആശുപത്രിയിലെ നഴ്‌സ് ആയിരുന്നു ഭാര്യ ഗോമതി. ഇവര്‍ക്ക് മൂന്ന് പെണ്‍മക്കളാണ്. മക്കളുടെ വിവാഹം കഴിഞ്ഞശേഷം ദമ്പതികള്‍ മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്.
കോട്ടയം: ഭൂമി വില്‍പ്പന വിവാദം പരിഹരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി എറണാകുളം-അങ്കമാലി അതിരൂപത വിഭജിച്ചേക്കും. പ്രശ്‌നത്തില്‍ വത്തിക്കാന്‍ ഇടപെടുമെന്നാണ് റിപ്പോര്‍ട്ട്. സീറോ മലബാര്‍ സഭ അധ്യക്ഷനായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പ്രതിഷേധവുമായി വൈദികര്‍ രംഗത്തു വന്നതോടെയാണ് പുതിയ നീക്കത്തിന് സഭ ഒരുങ്ങുന്നത്. അതിരൂപത വിഭജിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങള്‍ക്കായി സീറോ മലബാര്‍ സഭ സ്ഥിരം സിനഡ് വത്തിക്കാന്റെ അഭിപ്രായം തേടുമെന്ന് ഉറപ്പായിട്ടുണ്ട്.
മാര്‍ ജോര്‍ജ് ആലഞ്ചേരി ഇപ്പോള്‍ വഹിക്കുന്ന സ്ഥാനത്ത് നിന്ന് മാറി നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് വൈദികര്‍ പരസ്യ പ്രതിഷേധവുമായി രംഗത്തു വന്നിരുന്നു. പ്രധിഷേധകരുമായി ചര്‍ച്ച നടത്താനുള്ള തയ്യാറെടുപ്പിലാണ് സഭാ നേതൃത്വം. അതിരൂപത വിഭജിച്ചുകൊണ്ടുള്ള പരിഹാര മാര്‍ഗങ്ങളടക്കം ചര്‍ച്ചയില്‍ വിഷയമാകും. എന്നാല്‍ അതിരൂപത വിഭജിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം വത്തിക്കാന്‍ അനുമതിയില്ലാതെ നടപ്പിലാക്കാന്‍ കഴിയില്ല. നേരത്തെ മേജര്‍ ആര്‍ച് ബിഷപ്പിനായി പുതിയ അതിരൂപത സ്ഥാപിക്കാനുള്ള അനുമതി തേടി സീറോ മലബാര്‍ സിനഡ് വത്തിക്കാനെ സമീപിച്ചിരുന്നെങ്കിലും ആവശ്യം നിരസിക്കപ്പെടുകയായിരുന്നു.
പുതിയ പ്രശ്‌നങ്ങള്‍ ഉടലെടുത്ത സാഹചര്യത്തില്‍ വത്തിക്കാന്റെ സമീപനത്തില്‍ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. കാക്കനാട് സെന്റ് തോമസ് കേന്ദ്രമാക്കി ഒരു ചെറിയ രൂപത നിര്‍മ്മിക്കാനാണ് ആലോചനകള്‍ നടക്കുന്നത്. ഇതിന്റെ ചുമതല ജോര്‍ജ് ആലഞ്ചേരിക്കായിരിക്കും. അതേ സമയം എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണച്ചുമതല പൂര്‍ണമായും മെത്രാന് കൈമാറുകയും ചെയ്യും. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടെത്താനുള്ള തീവ്ര ശ്രമത്തിലാണ് സഭാ നേതൃത്വം.
കൊച്ചി: കൊച്ചി കേന്ദ്രീകരിച്ച് വലിയ ബിസിനസ് സ്ഥാപനങ്ങള്‍ക്ക് കൊള്ളപ്പലിശ വാങ്ങി പണം നല്‍കുന്ന സംഘം അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശികളാണ് അറസ്റ്റിലായിരിക്കുന്നത്. അറസ്റ്റിലായ ഇസക്ക്മുത്ത്, ചിറ്റരശ്, ടി.രാജ്കുമാര്‍ എന്നിവരെ പോലീസ് കൂടുതല്‍ ചോദ്യം ചെയ്തു വരികയാണ്. ചെന്നൈയിലെ ടിഡി അസോസിയേറ്റ്സ് ഉടമ മഹാരാജ് എന്നയാളാണ് പലിശയ്ക്ക് പണം നല്‍കാന്‍ ഇത്രയും തുക തങ്ങള്‍ക്ക് കൈമാറിയതെന്നാണ് അറസ്റ്റിലായവര്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
ചെന്നൈ കേന്ദ്രീകരിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. സംസ്ഥാനത്ത് ആകെ 500 കോടിയോളം രൂപ ഇവര്‍ പലിശയ്ക്ക് നല്‍കിയതായിട്ടാണ് വിവരം. പ്രോമിസറി നോട്ടുകളും കടം നല്‍കിയ വിവരങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളം സ്വദേശി ഫിലിപ്പ് ജേക്കബിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഫിലിപ്പ് ജേക്കബ് ഇവരുടെ കൈയ്യില്‍ നിന്നും 40 ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. പണം തിരികെ നല്‍കിയിട്ടും ഫിലിപ്പിന്റെ ആഢംബര വാഹനം ഇവര്‍ പിടിച്ചെടുത്തു. ഇതേത്തുടര്‍ന്നാണ് ഇയാള്‍ പോലീസില്‍ പരാതി നല്‍കിയത്. കൊച്ചിയിലും തിരുവനന്തപുരത്തുമായി കോടിക്കണക്കിന് രൂപയുടെ കൈമാറ്റം നടത്തിയതായി സംഘത്തിന്റെ കൈയ്യില്‍ നിന്നും പിടിച്ചെടുത്ത രേഖകളില്‍ നിന്നും വ്യക്തമായിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യാന്‍ സാധ്യതയുണ്ട്.
ദാഹം തീര്‍ക്കാന്‍ ടാങ്കറില്‍ തുമ്പിക്കൈയിട്ട് വെള്ളം കോരിക്കുടിച്ച് കാട്ടാന. കണ്ണന്‍ദേവന്‍ പ്ലാന്റേഷനില്‍ തേയിലച്ചെടികള്‍ നനയ്ക്കാനായി എത്തിച്ച ടാങ്കറില്‍ നിന്നാണ് ആന വെള്ളം കുടിച്ചത്. വനത്തില്‍ രൂക്ഷമായ വരള്‍ച്ചയുടെ കാഠിന്യമാണ് ഇത് വ്യക്തമാക്കുന്നതെന്ന് വനംവകുപ്പ് ജീവനക്കാരും പരിസ്ഥിതി പ്രവര്‍ത്തകരും നാട്ടുകാരും പറയുന്നു.
മൂന്നാര്‍ ടൗണിലും പരിസര പ്രദേശങ്ങളിലുമായി കാട്ടാനകള്‍ കറങ്ങിനടക്കുകയാണ്. വരള്‍ച്ച രൂക്ഷമായതോടെയാണ് കാട്ടാനകളുടെ നാടിറക്കം കൂടുതലായിരിക്കുന്നത്.
ഡാമുകള്‍, നദികള്‍, തോടുകള്‍, കിണറുകള്‍ തുടങ്ങിയ ജലസ്രോതസുകള്‍ പതിവിലും നേരത്തേ വറ്റി തുടങ്ങി. കേരളത്തില്‍ 44 പുഴകളുണ്ടെങ്കിലും ഭൂരിഭാഗം പുഴകളിലും വരള്‍ച്ചയുടെ ലക്ഷണങ്ങളുണ്ട്. സംസ്ഥാനത്തെ 33 ഡാമുകളിലെ ജലനിരപ്പും അരനൂറ്റാണ്ടിനിടയിലെ പരിതാപകരമായ സ്ഥിതിയിലാണ്. ഈ വര്‍ഷം കാലവര്‍ഷത്തില്‍ മാത്രം 34 ശതമാനം മഴക്കുറവുണ്ടായി.
ഇത്തവണ ഡാമുകളില്‍നിന്നും കാര്‍ഷികാവശ്യങ്ങള്‍ക്ക് വെള്ളംകൊടുക്കാന്‍ പ്രയാസമാകും. കുടിവെള്ളത്തിനാകും മുന്‍ഗണന. കേന്ദ്ര ജലവിഭവ വികസന കേന്ദ്രത്തിന്റെ കണക്കനുസരിച്ച് കേരളത്തില്‍ 45ലക്ഷം കിണറുകളുണ്ട്. സംസ്ഥാന ഭൂഗര്‍ഭജല വകുപ്പിന്റെ പഠനപ്രകാരം തീരദേശത്ത് ഒരു ചതുരശ്ര കിലോമീറ്ററില്‍ 200 കിണറുകളും ഇടനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 150 കിണറുകളും മലനാട്ടില്‍ ചതുരശ്ര കിലോമീറ്ററില്‍ 70 കിണറുകളുമുണ്ട്. കിണറുകളിലെ വെള്ളത്തിന്റെ അളവ് മഴ പോലെ പുഴകളേയും ആശ്രയിച്ചാണ്. 44 പുഴകളില്‍ കബനി, ഭവാനി, പാമ്പാറ ഒഴികെയുള്ളവ പടിഞ്ഞാറോട്ട് ഒഴുകി അറബിക്കടലില്‍ പതിക്കുന്നവയാണ്. വൈദ്യുതി ഉല്‍പ്പാദനവും ഗണ്യമായി കുറയും. ഹോട്ടലുകളുടെയും സ്ഥാപനങ്ങളുടെയും നടത്തിപ്പും പ്രതിസന്ധിയിലാകും.
വെള്ളവും തീറ്റയും തേടി കാട്ടാനകള്‍ ഇറങ്ങുമ്പോള്‍ ജീവനില്‍ ഭയന്നു സഞ്ചരിക്കേണ്ടി വരുന്നത് പാവം പ്രദേശവാസികള്‍ക്കാണ്. വനത്തിനുള്ളില്‍ ജലലഭ്യത ഉറപ്പുവരുത്തിയാല്‍ ആനകള്‍ ഉള്‍പ്പടെയുള്ള മൃഗങ്ങള്‍ ജനവാസകേന്ദ്രങ്ങളിലേക്കിറങ്ങുന്നതു തടയാനാവുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം ചിന്നാര്‍ വന്യ ജീവി സങ്കേതം അധികൃതര്‍ വനത്തിനുള്ളിലെ കുളങ്ങളിലും മറ്റും ടാങ്കറില്‍ വെള്ളം എത്തിച്ചിരുന്നു. വെള്ളം സമൃദ്ധമായി ലഭിച്ചതോടെ മൃഗങ്ങള്‍ പുറത്തേയ്ക്കിറങ്ങുന്നതു കുറഞ്ഞിരുന്നു. ഇതേ മാതൃകയില്‍ വനത്തിനുള്ളില്‍ വെള്ളമെത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
എറണാകുളം അങ്കമാലി അതിരൂപതാ ഭൂമി ഇടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വി എസ് അച്യുതാനന്ദന്‍. പൊതു സ്വത്തുക്കള്‍ സ്വകാര്യ മുതല്‍ പോലെ കൈകാര്യം ചെയ്യുന്നത് ശരിയല്ലെന്ന് വി.എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂമി ഇടപാട് വിഷയം ഗൗരവതരമാണ്. പൊലീസ് കേസെടുത്ത് അന്വേഷിക്കണമെന്നും വിഎസ് ആവശ്യപ്പെട്ടു.
അങ്കമാലി രൂപതയുടെ ഭൂമിയിടപാട് സംബന്ധിച്ച് ഹൈക്കോടതി ഉത്തരവിട്ട അന്വേഷണം തടസപ്പെടുത്താനുള്ള ശ്രമങ്ങളില്‍ നിന്ന് കര്‍ദിനാളും അദ്ദേഹത്തെ പിന്തുണക്കുന്ന വിഭാഗവും പിന്മാറണമെന്നും വി.എസ് അഭിപ്രായപ്പെട്ടു.
ഭൂമിയിടപാട് കേസിൽ കോടതി നിർദേശിച്ച രൂപത്തില്‍ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാകണം. ജസ്റ്റിസ് വി.ആര്‍ കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നിർദേശിച്ച ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കുന്ന കാര്യവും സര്‍ക്കാര്‍ പരിഗണിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.
തിരുവനന്തപുരം: തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന് ജേക്കബ് തോമസ്. ഇതു സംബന്ധിച്ച് കേന്ദ്ര വിജിലന്‍സ് കമ്മീഷണര്‍ക്ക് ജേക്കബ് തോമസ് പരാതി സമര്‍പ്പിച്ചു. ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരെയും പരാതിയില്‍ ആരോപണമുന്നയിച്ചിട്ടുണ്ട്. ജഡ്ജിമാരായ പി.ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി തോമസ് എന്നിവരടക്കമുള്ളവര്‍ക്ക് ഗൂഢാലോചനയില്‍ പങ്കുണ്ടെന്നും ജേക്കബ് തോമസ് പരാതിയില്‍ പറയുന്നു.
പരാതിയുടെ പകര്‍പ്പ് സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കൈമാറിയിട്ടുണ്ട്. പാറ്റൂര്‍, ബാര്‍കോഴ തുടങ്ങിയ കേസുകള്‍ ഹൈക്കോടതി ഇടപെട്ട് ദുര്‍ബലമാക്കിയതായും. ഇവ പുന:പരിശോധിച്ച് വേണ്ട നടപടിക്രമങ്ങള്‍ സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി വഴി നല്‍കിയ പരാതിയില്‍ ജേക്കബ് തോമസ് പറയുന്നു.
ഹൈക്കോടതി ജഡ്ജിമാര്‍ ജുഡീഷ്യറിയുടെ സ്വാധീനം ദൂരുപയോഗം ചെയ്യുന്നതായും പരാതിയില്‍ ആരോപണം ഉയര്‍ന്നിട്ടുണ്ട്. വിജിലന്‍സിന്റെ അഴിമതി വിരുദ്ധ നീക്കങ്ങളുടെ മുനയൊടിക്കുന്നതായിരുന്നു പല ഇടപെടലുകളുമെന്നും ജേക്കബ് തോമസ് പറയുന്നു.
കൊച്ചി: സീറോ മലബാര്‍ സഭ ഭൂമി കച്ചവട വിവാദത്തെ തുടര്‍ന്ന് മാര്‍ ആലഞ്ചേരി സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് വൈദികരുടെ പ്രതിഷേധം. നേരത്തെ ഭൂമി ഇടപാട് കേസില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇടപാട് വിവാദമായതിനെത്തുടര്‍ന്ന് മാര്‍ ആലഞ്ചേരി രൂപതാധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് വൈദികരുടെ ആവശ്യം.
ഭൂമി ഇടപാട് വിവാദമാകുകയും സംഭവത്തില്‍ മാര്‍ ആലഞ്ചേരിക്കെതിരെ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തില്‍ നിലവിലെ സ്ഥാനത്ത് നിന്ന് അദ്ദേഹം മാറി നില്‍ക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നല്‍കിയ രൂപത വൈദിക സമിതി ചെയര്‍മാനും അങ്കമാലി ഫൊറോന പള്ളി വികാരിയുമായ ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ ആവശ്യപ്പെട്ടു. മലയാറ്റൂര്‍ കുരിശുമുടി പള്ളിയിലെ വികാരി കൊല്ലപ്പെട്ട സംഭവത്തില്‍ മാര്‍ ആലഞ്ചേരി അനുശോചനം അറിയിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും ഫാദര്‍ കുര്യാക്കോസ് മുണ്ടാടന്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം സംഘടിപ്പിച്ച വൈദികര്‍ മാര്‍ ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് അതിരൂപതയ്ക്ക് നിവേദനം നല്‍കിയിട്ടുണ്ട്. നേരത്തെ ആലഞ്ചേരിയെ അനുകൂലിച്ച് രംഗത്തു വന്ന ഒരുപറ്റം വൈദികര്‍ പ്രതിഷേധകരെ തടയാനുള്ള ശ്രമം നടത്തിയിരുന്നു. എന്നാല്‍ മറ്റു വൈദികര്‍ ഇടപെട്ട് സ്ഥിതിഗതികള്‍ നിയന്ത്രിക്കുകയായിരുന്നു.
തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.
സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ന്യൂഡല്‍ഹി: ഹാദിയ-ഷെഫിന്‍ ജഹാന്‍ വിവാഹം റദ്ദാക്കിയ ഹൈക്കോടതി വിധി സുപ്രീംകോടതി അസാധുവാക്ക്കി. ഇരുവര്‍ക്കും ഒരുമിച്ച് ജീവിക്കാമെന്നും ഹാദിയക്ക് പഠനവുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി വ്യക്തമാക്കി. ഷെഫിന്‍ ജഹാനുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തുന്ന അന്വേഷണത്തില്‍ ഇടപെടില്ലെന്നും കോടതി അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ നിയമവശം മാത്രം പരിഗണിച്ച കോടതി വിവാഹം നിയമപരമാണെന്ന് വിധിക്കുകയായിരുന്നു.
ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലൂടെ രണ്ടുപേരുടെ വിവാഹം റാദ്ദാക്കാന്‍ കഴിയുമോയെന്നാണ് കോടതി പരിശോധിച്ചത്. ഹൈക്കോടതി വിധിക്കെതിരെ ഷെഫിന്‍ ജഹാന്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പറഞ്ഞത്. നവംബര്‍ 27ന് കോടതി ഹാദിയയെ നേരിട്ട് വിളിച്ചു വരുത്തി മൊഴിയെടുത്തിരുന്നു. ഇതിനു ശേഷമാണ് സേലത്തെ ഹോമിയോ മെഡിക്കല്‍ കോളേജില്‍ തുടര്‍ പഠനത്തിനായി ഹാദിയയെ അയക്കാന്‍ കോടതി ഉത്തരവിട്ടത്.
കഴിഞ്ഞ മേയ് 24-നാണ് ഹാദിയയുടെയും ഷെഫിന്‍ ജഹാന്റെയും വിവാഹം ഹൈക്കോടതി അസാധുവാക്കിയത്. ഹാദിയയുടെ പിതാവ് അശോകന്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയിലായിരുന്നു നടപടി. നിര്‍ബന്ധിച്ച് മതം മാറ്റിയെന്നായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. തുടര്‍ന്ന് മാതാപിതാക്കളോടൊപ്പം അയക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.