കോട്ടയം: ഭാര്യയുടെ കാമുകനെ കഷ്ണങ്ങളാക്കിയ കൊലപാതകക്കേസില്‍ പ്രതികളായ മാതാപിതാക്കള്‍ തടവറയിലായതോടെ സമൂഹം ഒറ്റപ്പെടുത്തിയ നാലു കുട്ടികള്‍ക്കു വീടൊരുക്കി പോലീസ്. ഓഗസ്റ്റ് 23നു പയ്യപ്പാടി മലകുന്നം പുന്നാപറമ്പില്‍ സന്തോഷിനെ കൊന്ന കേസില്‍ പ്രതികളായ വിനോദ്കുമാര്‍ (കമ്മല്‍ വിനോദ്38), ഭാര്യ കുഞ്ഞുമോള്‍ (34) എന്നിവരെ വാടക വീട്ടില്‍ നിന്നും വീട്ടുടമ ഇറക്കി വിട്ടതിനെ തുടര്‍ന്ന് മക്കളേയും കൊണ്ട് മുത്തശ്ശി തങ്കമ്മ തെരുവില്‍ ഒരുമാസമായി തെരുവില്‍ അലയുകയായിരുന്നു.

വീട് കിട്ടാതായ സാഹചര്യത്തില്‍ സബ്ജയിലിന് സമീപത്ത് തന്നെ ആക്രിക്കാരനില്‍ നിന്നും 15,000 രൂപയ്ക്ക് വാങ്ങിയ മാരുതിവാനില്‍ താമസിക്കുകയായിരുന്ന ഇവരെ കഴിഞ്ഞ ദിവസം രാത്രി പോലീസ് ഇവിടെ നിന്നും രാത്രി ഒഴിപ്പിക്കുകയും മൂന്നിടത്തായി പാര്‍പ്പിക്കുകയും ചെയ്തിരുന്നു. ഇളയ പെണ്‍കുട്ടിയെ തോട്ടയ്ക്കാട് ഇന്റഫെന്റ് ജീസസ് ശിശുഭവനിലും മൂത്ത മൂന്ന് ആണ്‍കുട്ടികളെ തിരുവഞ്ചൂര്‍ ജൂവനൈല്‍ ഹോമിലും തങ്കമ്മയെ കോട്ടയം സാന്ത്വനത്തിലുമാണ് പാര്‍പ്പിച്ചിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ ദമ്പതികളും ജയിലിലായതോടെ താമസിച്ചിരുന്ന വാടകവീട്ടില്‍ നിന്നും ഉടമ ഇറക്കിവിട്ടിരുന്നു. വേറെ വീടു തെരഞ്ഞെങ്കിലും ആരും വാടകവീട് കൊടുക്കാനും തയ്യാറല്ല. കുടുംബം ആശ്രയമില്ലാതെ തെരുവിലായ സാഹചര്യത്തില്‍ നഗരത്തിലും സമീപപ്രദേശങ്ങളിലും 5,000 രൂപ പ്രതിമാസ വാടകവീട് തരപെടുത്തി ആവശ്യമായ സൗകര്യമൊരുക്കാന്‍ പോലീസ് നടപടി ആരംഭിച്ചു. പോലീസ് നല്‍കുന്ന ഉറപ്പില്‍ വാടകവീട് ശരിയാക്കി ഇവരെ താമസിപ്പിക്കും.

കോട്ടയം നഗരത്തിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വന്നുപോകുന്നതിന് സൗകര്യപ്രദമായ കോട്ടയം, മണര്‍കാട്, നാട്ടകം, പരിപ്പ് തുടങ്ങിയ പ്രദേശങ്ങളില്‍ വാടകവീട് കണ്ടെത്താനാണ് ശ്രമം. മാതാപിതാക്കള്‍ അറസ്റ്റിലായതോടെ മുത്തശിയെയും ചെറുമക്കളെയും വാടക വീട്ടില്‍ നിന്നു പുറത്താക്കിയിരുന്നു. ഇതേത്തുടര്‍ന്നു ആക്രിക്കടയില്‍ നിന്നു വാങ്ങിയ മാരുതി വാനിലായിരുന്നു അഞ്ചു പേരുടെയും താമസം. ഇതു ശ്രദ്ധയില്‍പ്പെട്ടാണു പോലീസ് അടിയന്തിര നടപടി സ്വീകരിച്ചത്. അതേസമയം കുട്ടിക ളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ ജില്ല ശിശുക്ഷേമസമിതി തീരുമാനിച്ചു. ജില്ല െചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.യു.മേരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

ഓഗസ്റ്റ് 23 നായിരുന്നു പയ്യപ്പാടി സ്വദേശിയായ സന്തോഷിനെ കൊന്ന് പല കഷ്ണങ്ങളാക്കി പുതുപ്പള്ളിയില്‍ പാടത്ത് ഉപേക്ഷിച്ച കേസില്‍ വിനോദ് കുമാറും കൂട്ടുപ്രതിയായ ഭാര്യ കുഞ്ഞുമോളും ജയിലിലായത്. പിതാവിനെ ചവുട്ടി കൊന്ന കേസില്‍ വിചാരണ നേരിടുന്ന വിനോദ് മീനടത്തെ പീടികപ്പടിയിലെ വാടക വീട്ടില്‍ താമസിക്കുമ്പോഴാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഇതോടെ കുടുംബത്തെ വാടക വീട്ടില്‍ നിന്നും ഇറക്കിവിട്ടു. രണ്ടു ദിവസം കോട്ടയത്തെ ഒരു അഗതി മന്ദിരത്തില്‍ അഭയം തേടിയെങ്കിലും അവിടെ കഴിയാനാകാതെ വന്നതോടെ തെരുവിലേക്ക തിരിച്ചു പോകുകയായിരുന്നു. ഒരുമാസത്തോളം ഇവര്‍ തെരുവിലായിരുന്നു.

അതിന് ശേഷമാണ് മാരുതി വാനിലേക്ക് താമസം മാറ്റിയത്. കയ്യിലുണ്ടായിരുന്ന സ്വര്‍ണ്ണമാല വിറ്റായിരുന്നു ഇവര്‍ ഈ മാരുതി വാന്‍ വാങ്ങിയത്. കോട്ടയം സബ്ജയിലിന് മുന്നിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇട്ടിരുന്നത്. എന്നാല്‍ വിവരം അറിഞ്ഞ അധികൃതര്‍ ഞായറാഴ്ച രാത്രി ഇവിടെ നിന്നും ഇവരെ മാറ്റി.

കൊലപാതകവും മറ്റും കണ്ടു വളര്‍ന്ന മൂത്ത ആണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. മാസം 12,000 രൂപ പെന്‍ഷന്‍ കിട്ടുന്ന താന്‍ ഒരു വീട് വാടകയ്ക്ക് കിട്ടിയാല്‍ കുട്ടികളെ നോക്കിക്കൊള്ളാമെന്നും പറയുന്ന തങ്കമ്മ കുട്ടികളുമായി വേര്‍പിരിയേണ്ടി വന്നതില്‍ അതീവ ദു:ഖത്തിലായിരുന്നു. പിതാവിനെ കൊലപ്പെടുത്തിയതിന്റെ പേരില്‍ വിചാരണ നേരിടുന്ന വിനോദ് ഭാര്യയുമായുള്ള ബന്ധത്തിന്റെ പേരിലാണ് സന്തോഷിനെ കൊലപ്പെടുത്തിയത്. ഭാര്യയെ കൊണ്ടു തന്നെ വീട്ടിലേക്ക് സന്തോഷിനെ വിളിച്ചു വരുത്തിയ ശേഷം കമ്പിവടി ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് മൃതദേഹം പല ഭാഗങ്ങളായി മുറിച്ച ശേഷം ചാക്കിലാക്കി പാടത്ത് കൊണ്ടിടുകയായിരുന്നു.