കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ കൊലപ്പെടുത്തിയത് ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കിര്‍മാണി മനോജാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. മനോജ് പരോളില്‍ ഇറങ്ങിയ സമയത്താണ് ശുഹൈബ് വധിക്കപ്പെട്ടതെന്നത് ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുണ്ടെന്നുമാണ് കെ.സുധാകരന്‍ ആരോപിക്കുന്നത്. ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ രീതിക്ക് സമാനമായാണ് ശുഹൈബിനെ വധിച്ചിരിക്കുന്നത്.
ശുഹൈബിന്റെ ശരീരത്തിലെ മുറിവുകളുടെ സ്വഭാവം ഇതു വ്യക്തമാക്കുന്നതായും സുധാകരന്‍ ആരോപിക്കുന്നു. ശുഹൈബിനെ ആക്രമിക്കുമ്പോള്‍ പ്രതികള്‍ ഉപയോഗിച്ചിരുന്ന വാഹനം പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വാടകയ്‌ക്കെടുത്ത രണ്ട് കാറുകളിലാണ് പ്രതികള്‍ കൃത്യം നടത്താന്‍ എത്തിയത്. ഈ വാഹനങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് പറയുന്നു.
കേസിലെ മറ്റു പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അടുത്തുള്ള സംസ്ഥാനങ്ങളിലേക്ക് പ്രതികള്‍ രക്ഷപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും വിവരങ്ങള്‍ കൈമാറിയതായി പോലീസ് വ്യക്തമാക്കി.
കൊടുക്രൂരയായ മറ്റൊരു പെറ്റമ്മ കൂടി ! ക്രൂര കഥകൾ പറഞ്ഞ് സഹോദരങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റ്. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ അമൃതയും, അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ആദിത്യന്‍ എന്ന കുഞ്ഞനുജനുമാണ് വീഡിയോയിലൂടെ തങ്ങളുടെ അമ്മയുടെ ക്രൂരതകള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുന്നത്. ഇരുവരും മലപ്പുറം നിലമ്പൂര്‍ സ്വദേശികളാണ്. കാണുന്ന ഏതൊരാളുടേയും കണ്ണുകളെ ഈറനണിയിക്കുന്ന തങ്ങളുടെ ജീവിതമാണ് ഇവര്‍ വീഡിയോയില്‍ തുറന്ന് കാണിക്കുന്നത്. ഞങ്ങളുടെ അമ്മയുടെ സ്വഭാവം ശരിയല്ലെന്നു ഒരു സമൂഹത്തിനു മുമ്പില്‍ തുറന്ന് സമ്മതിക്കേണ്ടി വരുന്ന കുരുന്നുകളുടെ മാനസീകാവസ്ഥ വാക്കുകള്‍ക്കും വരികള്‍ക്കും അതീതമാണ്. അമ്മ അച്ഛനെ കൊല്ലുമെന്നും തങ്ങള്‍ക്ക് ആരുമില്ലെന്നും വീഡിയോ കാണുന്ന സുമനസുകള്‍ തങ്ങളെ സഹായിക്കണം എന്നുമെല്ലാമാണ് ഈ കുഞ്ഞുങ്ങള്‍ പറയുന്നത്.
ആശുപത്രി ഫാര്‍മസിസ്റ്റ്് ആയ അമ്മ ആശുപത്രിയില്‍ നിന്നും മരുന്നും പണവും, വിലകൂടിയ ഇഞ്ചക്ഷനുകളുമെല്ലാം മോഷ്ടിക്കുമായിരുന്നു എന്നും കുട്ടികള്‍ തുറന്നു പറയുന്നു. അമ്മ സ്‌നേഹിച്ചത് തങ്ങളുടെ അച്ഛന്റെ പണമാണെന്നും അത് ഇല്ലാതായതോടെ അമ്മ വീട്ടില്‍ വഴക്ക് തുടങ്ങിയെന്നും കുട്ടികള്‍ വെളിപ്പെടുത്തുന്നു. അച്ചമ്മയുമായി ആശുപത്രിയില്‍ കിടന്ന സമത്ത് തങ്ങളുടെ അമ്മയെ ആശുപത്രിയിലെ ഡോക്ടറോടൊപ്പം കാണാന്‍ പാടില്ലാത്ത സാഹചര്യത്തില്‍ കണ്ടുവെന്നും നാക്കുറക്കാത്ത അഞ്ചാം ക്ലാസുകാരനായ ആദിത്യന്‍ എന്ന കുരുന്ന് പറയുന്നത് കേട്ടാല്‍ ഇവള്‍ ഒരു അമ്മ തന്നെയാണൊ എന്ന സംശയം ആരിലും ഉടലെടുക്കും.
അമ്മയുടെ കള്ളത്തരങ്ങള്‍ അച്ഛനോട് പറഞ്ഞാല്‍ അച്ഛനെ കൊല്ലുമെന്നു അമ്മ ഭീഷണിപ്പെടുത്തിയെന്നും കുട്ടികള്‍ നിറകണ്ണുകളോടെ പറയുന്നു. ഇതെല്ലാം അച്ഛനോട് പറയാതിരിക്കാന്‍ അമ്മ തങ്ങളെ നിരന്തരം ഉപദ്രവിക്കുമായിരുന്നുവെന്നും മക്കള്‍ വെളിപ്പെടുത്തുന്നു. ഇതാണ് ഞങ്ങളുടെ അമ്മ എന്ന് പറഞ്ഞ് ഒരു ഫോട്ടോയും കുട്ടികള്‍ വീഡിയോയില്‍ കാണിക്കുന്നുണ്ട്. ഈ കുരുന്നുകളുടെ ദയനീയാവസ്ഥയുടെ നേര്‍ക്കാഴ്ചയായ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. നിരവധി പ്രതികരണങ്ങളാണ് കമന്റുകളായി എത്തുന്നത്. ഇതോടകം നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്തു കഴിഞ്ഞു. അച്ഛനൊ ഞങ്ങള്‍ക്കൊ എന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ കാരണക്കാരി ഞങ്ങളുടെ അമ്മ ആണെന്നു പറഞ്ഞ് നിറകണ്ണുകളോടെയാണ് കുട്ടികള്‍ വീഡിയോ അവസാനിപ്പിക്കുന്നത്.
സോഷ്യല്‍ മീഡിയ
ഇന്നത്തെ കേരളത്തിലെയും , ഇന്ത്യയിലെയും രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും , രാഷ്ട്രീയക്കാര്‍ക്ക് വേണ്ടി ജീവന്‍ കൊടുക്കുന്ന രക്തസാക്ഷികളെക്കുറിച്ചും പ്രതിപാദിക്കുന്ന ” നീയെന്ത് നേടി ……? ” എന്ന പേരില്‍ ദൈവത്തിന്റെ ചോദ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ശരിക്കും അര്‍ത്ഥവത്തായ ഒരു സന്ദേശമാണ് ഈ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രചരിക്കുന്നത്. രക്തസാക്ഷിയായി പരലോകത്ത് ചെന്ന ഒരു രക്തസാക്ഷിയോട് ദൈവം ചോദിച്ച ചോദ്യങ്ങളും അതിന് രക്തസാക്ഷി നല്‍കുന്ന മറുപടിയും ഏറെ ചിന്തിപ്പിക്കുന്നതാണ്. ആയിരക്കണക്കിന് ആളുകളാണ് ഈ നല്ല ഫേസ്ബുക്ക് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്തിരിക്കുന്നത് .
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.
നീയെന്ത് നേടി ……?
××××××××××××××××××
രക്തസാക്ഷിയായി പരലോകത്ത് ചെന്ന അയാളോട് ദൈവം ചോദിച്ചു .
നീയാണോ പുതിയ രക്തസാക്ഷി ? ഈയിടയായി കുറെയെണ്ണം വരുന്നുണ്ട് . എവിടുന്നാ കണ്ണുരിൽ നിന്നാണോ ..?
അയാൾ തല താഴ്ത്തി പറഞ്ഞു . അതെ .
ആഹാ അതൊരു പുതുമയല്ലല്ലോ ..! ആട്ടെ എത്ര വെട്ടു കൊണ്ടു ..?
ദേഹത്തെ മുറിപ്പാടുകൾ എണ്ണി തിട്ടപ്പെടുത്തി അയാൾ പറഞ്ഞു അമ്പത്തിയെട്ട് .
ഉം … ദൈവം നീട്ടി മുളി കൊണ്ട് പറഞ്ഞു കഴിഞ്ഞ പ്രാവശ്യം വന്നവന് അമ്പത്തിയാറ് , രണ്ടെണ്ണം കൂടിയിട്ടുണ്ട് ഇനി സെഞ്ച്വറിയുമായി ആര് വരും ..?
ദൈവം എന്തോ ചിന്തിച്ച് എഴുന്നേറ്റു നടന്നു. വാ എന്റെ കൂടെ… ഒരു കാഴ്ച്ച കാണിച്ചു തരാം .
അയാൾ ദൈവത്തെ പിന്തുടർന്നു .
മേഘത്തിലൂടെ കുറച്ച് നടന്നതിനു ശേഷം ദൈവം താഴേക്ക് വിരൽ ചൂണ്ടി .
ആ കാണുന്നതെന്താണ് ..?
അയാൾ ദൈവം വിരൽ ചൂണ്ടിയ ദിശയിലേക്ക് നോക്കിയിട്ട് ഉച്ചത്തിൽ പറഞ്ഞു .
എന്റെ വീട് , എന്റെ പ്രിയപ്പെട്ടവർ .
ദൈവം ചിരിച്ചു അങ്ങനത്തെ വികാരമൊക്കെയുണ്ടോ ..? ബാക്കി കുടി കാണുക.
അയാളുടെ കാഴ്ച്ചയിൽ ദു:ഖത്തിന്റെ കാഴ്ച്ചകൾ തെളിഞ്ഞു തുടങ്ങി .
ശവമടക്ക് കഴിഞ്ഞ തന്റെ വീട് , മൂകമായ ചുറ്റുപ്പാട് , ആളുകളൊക്കെ ഒഴിഞ്ഞു പോയിരിക്കുന്നു. വീടിന്റെ കോലായിൽ ഒന്നുമറിയാതെ ഓടിക്കളിക്കുന്ന തന്റെ മുന്നു വയസ്സുകാരി മകൾ ..,
അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ഒലിച്ചിറങ്ങുവാൻ തുടങ്ങി .., എന്റെ മോളെ ., അയാൾ ഉച്ചത്തിൽ വിളിച്ചു . ആരും കേൾക്കാത്ത ആ നിലവിളി ആകാശത്ത് മാത്രം പ്രതിധ്വനിച്ചു.
അയാൾ തന്റെ ഭാര്യയെ തിരഞ്ഞു .
അകത്തെ മുറിയിൽ തേങ്ങലോടെ കിടക്കുന്ന തന്റെ പ്രിയതമ . ദു:ഖം തളം കെട്ടിയ കണ്ണുകൾ .
തന്റെ മകൾ അമ്മയോടെന്തോ ചോദിക്കുന്നു. അയാൾ ചെവികൾ കൂർമ്മിച്ചു .,
അമ്മെ , എന്റെ അച്ഛനെവിടെ ?
അവളുടെ ചോദ്യം അയാളിൽ തുളച്ചു കയറി .. പുറകെ ഭാര്യയുടെ നിലവിളിയും .
ഒരു തുള്ളി വെള്ളം പോലുമിറക്കാതെ മോനെ വിളിച്ചു കരയുന്ന ആ മാതാവിനെ അയാൾക്ക് ഒരു വട്ടമേ നോക്കാൻ കഴിഞ്ഞുള്ളു .
വലിച്ചിട്ട ബീഡി കുറ്റിയുടെ അരികിലിരിക്കുന്ന അച്ഛന്റെ മുഖത്ത് ഉത്തരമില്ലാത്ത ചോദ്യങ്ങൾ തളം കെട്ടി കിടക്കുന്നുണ്ടായിരുന്നു . വലിച്ച ബീഡി മുറ്റത്തേക്കെറിഞ്ഞ് അകത്തേക്ക് നടന്ന അച്ഛനെ അയാളുടെ കണ്ണുകൾ പിന്തുടർന്നു .
അകത്തെ ചായ്പ്പിലെ ഇരുമ്പുപ്പെട്ടിയിൽ നിന്നും അച്ഛനെന്തോ തിരയുന്നു . നിമിഷ നേരത്തെ തിരച്ചിലിന് ശേഷം അച്ഛന്റെ അഴിച്ചു വെച്ച പഴയ ചുമട്ടു തൊഴിലാളിയുടെ വേഷം പുറത്തെടുത്തു . ഹൃദയത്തിൽ ഒരു ദു:ഖകടൽ ആർത്തിരമ്പുന്ന അച്ഛന്റെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ല.
നീയെന്തു നേടി …?
ദൈവത്തിന്റെ ചോദ്യം കേട്ട് അയാൾ ദു:ഖ കാഴ്ച്ചയിൽ നിന്നു കണ്ണെടുത്തു .
നിന്റെ അച്ഛൻ ഇപ്പോൾ ചിന്തിക്കുന്നത് എന്താണെന്ന് നിനക്കറിയുമോ …?
ഇല്ല … അയാൾ വാവിട്ടു കരഞ്ഞു.
പ്രായം തളർത്തിയ ചുമലുകൾ , ഇനിയെന്തു വന്നാലും ഭാരം ചുമക്കണം . അവൻ വിട്ടിട്ടു പോയ കുഞ്ഞുമോളെയും , ഭാര്യയും , രോഗിയായ അവന്റെ അമ്മയേയും നോക്കേണ്ടത് ഞാനാണ് . അതുകൊണ്ട് തളരാൻ പാടില്ല , കരയാൻ പാടില്ല …. ഇല്ല ഞാൻ കരയില്ല …,
അച്ഛന്റെ ചിന്തകൾ ദൈവം അയാൾക്ക് പകർത്തി നൽകിയപ്പോൾ അയാൾ നിലവിളിക്കുകയായിരുന്നു .
നീയെന്ത് നേടി ….? ദൈവത്തിന്റെ ശബ്ദം ഉച്ചത്തിലായി . നിന്റെ പ്രിയപ്പെട്ടവർക്ക് ആര് ജീവിതം നൽകും …?
അയാൾക്ക് ഉത്തരമുണ്ടായിരുന്നില്ല .
ഇനിയൊരു വേറെ കാഴ്ച്ച കാണിച്ചു തരാം . ദൈവം വീണ്ടും വിരൽ ചൂണ്ടി . അയാളുടെ നേതാവിന്റെ വീട്ടിലേക്കായിരുന്നു ദൈവം വിരൽ ചൂണ്ടിയത് .
അയാളുടെ കണ്ണിൽ തെളിഞ്ഞ കാഴ്ച്ചയിൽ ,
നേതാവും കുടുംബവും സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു . ദു:ഖത്തിന്റെ ഒരു ചെറു നിഴൽ പോലും അവിടെ അലയടിച്ചിരുന്നില്ല. ചിരിയും കളിയുമായി സുഖത്തിന്റെ, സന്തോഷത്തിന്റെ അലയടി മാത്രം. പുറത്ത് കാവൽക്കാരും , കാറുകളും . സുഖസൗകര്യങ്ങളുടെ പറുദീസയാണ് അയാൾക്ക് കാണാൻ കഴിഞ്ഞത് .
ചിന്തയിൽ തന്റെ വീടും നേതാവിന്റെ വീടും അയാൾ താരതമ്യം ചെയ്തു .
നീ എന്തു നേടി …?
അയാൾ ദൈവത്തെ ദയനീയമായി നോക്കി .
വീണ്ടും ചോദ്യങ്ങളുടെ ഒരു നിര ദൈവം നിരത്തി .
നിങ്ങളിൽ മരിച്ചു വീണ ഏതെങ്കിലും ഒരാളിൽ പ്രമുഖനായ നേതാവുണ്ടായിരുന്നോ …?
ഉത്തരമില്ല ..,
കച്ചവടത്തിൽ നഷ്ടം നിനക്കും നിന്റെ പ്രിയപ്പെട്ടവർക്കും , ലാഭം നേതാക്കൾക്കും പാർട്ടിക്കും ഇനിയെങ്കിലും നിന്റെ പിൻഗാമികൾ ചിന്തിച്ചു തുടങ്ങുമോ ..?
ഉത്തരമില്ല …,
നിങ്ങൾ അണികൾ തമ്മിൽ തല്ലുന്നു , മരിച്ചു വീഴുന്നു നിന്റെ പാർട്ടിയിലേയോ എതിർ പാർട്ടിയിലേയോ നേതാക്കന്മാർ വാക്കിലൂടെ ., അല്ലാതെ തമ്മിൽ തല്ലു കൂടുന്നത് നീയോ നിന്റെ പിൻഗാമികളോ കണ്ടിട്ടുണ്ടോ ..?
ഉത്തരമില്ല ..,
രക്തസാക്ഷി പട്ടം നിനക്കിപ്പോൾ ഭാരമായി തോന്നുന്നുണ്ടോ ..?
ഉത്തരത്തിന് പകരം കണ്ണുനീർ നികത്താന്‍ പറ്റാത്ത വിടവുകളിലേക്ക് ഒലിച്ചിറങ്ങി ……
ദാനമായി നൽകിയ ജീവിതം ഭാരമായി വലിച്ചെറിയുന്ന വിഡ്ഢികൾ . ദൈവം പുച്ഛത്തോടെ ചിരിച്ചു കൊണ്ട് മുന്നോട്ടു നടന്നു അയാൾ പുറകേയും.
ഒലിച്ചിറങ്ങിയ അയാളുടെ കണ്ണുനീർ ഒരു പെരുമഴയായി ഭൂമിയിൽ പതിച്ചു. ആ മഴ അയാളുടെ വീടിനെയും നനച്ചുകൊണ്ടിരുന്നു .
ഇടിമുഴങ്ങുന്ന പോലെ ഒരു ചോദ്യം മാത്രം അട്ടഹസിച്ചു ….
നീയെന്ത് നേടി …???
നീയെന്ത് നേടി …???
നീയെന്ത് നേടി …???
തൃശൂര്‍: ഒല്ലൂര്‍ ഫൊറോന പള്ളിയില്‍ കുറേ നാളുകളായി നീറിപ്പുകയുന്ന പ്രശ്‌നങ്ങള്‍ മൂര്‍ധന്യത്തില്‍ എത്തിയതോടെ വന്‍ സംഘര്‍ഷം ഉടലെടുത്തിരിക്കുന്നു. വലിയൊരു വിഭാഗം വിശ്വാസികള്‍ വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ രംഗത്തെത്തിയതോടെ ഇന്നലെ പള്ളിയില്‍ നടന്ന യോഗം കയ്യാങ്കളിയിലേക്ക് എത്തുകയായിരുന്നു.
വിശ്വാസികളുടെ പൊതുയോഗം വിളിക്കാതെ ഫാദര്‍ ജോണ്‍ അയ്യങ്കാന തനിക്ക് താല്‍പ്പര്യമുള്ള ഗുണ്ടകളെ വച്ച് പള്ളിഭരണം കയ്യാളുന്നുവെന്നും എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും ആരോപിച്ചാണ് വലിയൊരു വിഭാഗം വിശ്വാസികളും ഇന്നലെ വികാരിക്ക് എതിരെ രംഗത്ത് എത്തിയത്. കഴിഞ്ഞ കുറെ നാളുകളായി ഒല്ലൂര്‍ പള്ളിയില്‍ വിശ്വാസികള്‍ കലാപം ആരംഭിച്ചിട്ട്. ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ പിന്‍ബലത്തില്‍ ഒല്ലൂര്‍ പള്ളി വികാരി ഫാദര്‍ ജോണ്‍ അയ്യങ്കാനയിലിന്റെ ഗുണ്ടാവിളയാട്ടമാണ് പള്ളിയില്‍ നടക്കുന്നതെന്ന് ഒരു വിഭാഗം വിശ്വാസികള്‍ ആക്ഷേപിക്കുന്നു.
വികാരി ജോണ്‍ അയ്യങ്കാന പൊതുയോഗം വിളിക്കാതെ പ്രതിനിധി യോഗം വിളിച്ചതിനെ ചൊല്ലിയാണ് ഇന്നലെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയത്. ഇന്നലെ രാവിലെ പ്രതിനിധി യോഗം തുടങ്ങിയപ്പോള്‍ വികാരിയുടെ നടപടികള്‍ക്ക് എതിരെ ഇവര്‍ ചോദ്യമുയര്‍ത്തി. ഇതിനിടെ വാക്കേറ്റം കയ്യാങ്കളിയിലേക്ക് നീങ്ങി. മുന്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ വികാരിയെ അനുകൂലിക്കുന്ന ചിലര്‍ മര്‍ദ്ദിക്കുകയും ചെയ്തു.
കുറച്ചു സമയത്തിനകം മുന്‍ കൗണ്‍സിലറെ അനുകൂലിക്കുന്നവര്‍ കൂട്ടമായി എത്തുകയും വികാരിക്ക് എതിരെ ശക്തമായ ആരോപണങ്ങളുയര്‍ത്തുകയുമായിരുന്നു. ഇവരും വികാരിയെ അനുകൂലിക്കുന്നവരും തമ്മില്‍ ഇതേത്തുടര്‍ന്ന് സംഘര്‍ഷവുമുണ്ടായി. ഇതിനിടെ ചിലര്‍ ബിഷപ്പ്‌സ് ഹൗസിലെത്തി വികാരിക്കെതിരെ നടപടിയുണ്ടാവണമെന്നും അടിയന്തിരമായി വികാരി ജോണ്‍ അയ്യങ്കാനയെ മാറ്റണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ ആര്‍ച്ച് ബിഷപ്പ് ആന്‍ഡ്രൂസ് താഴത്ത് ഇവരുടെ ആവശ്യം ചെവിക്കൊണ്ടില്ല. ഇതേത്തുടര്‍ന്ന് സംഘര്‍ഷം മൂര്‍ച്ഛിച്ചു.
ഫാദര്‍ ജോണ്‍ അയ്യങ്കാനയെ അനുകൂലിക്കുന്നവര്‍ പള്ളിയുടെ താക്കോല്‍ക്കൂട്ടം കൊണ്ട് വിശ്വാസിയായ മുന്‍ കോര്‍പറേഷന്‍ കൗണ്‍സിലര്‍ ജോണ്‍ കാഞ്ഞിരത്തിങ്കലിനെ ഇടിച്ചുവീഴ്ത്തിയെന്നാണ് വികാരിക്ക് എതിരെ നിലകൊള്ളുന്ന വിശ്വാസികള്‍ ആരോപിക്കുന്നത്. ഇതേത്തുടര്‍ന്നാണ് വിശ്വാസികള്‍ അരമനയിലേക്ക് മാര്‍ച്ച് നടത്തിയത്. പൊറുതിമുട്ടിയ വിശ്വാസികള്‍ തൃശൂര്‍ ആര്‍ച്ച് ബിഷപ് ആണ്ട്രൂസ് താഴത്തിനെ കണ്ടു സങ്കടം ഉണര്‍ത്തിക്കവെ വീണ്ടും പ്രശ്‌നമുണ്ടായി. അരമനയില്‍ അപ്പോള്‍ ഫാദര്‍ ജോണ്‍ അയ്യങ്കാനയോടൊപ്പം സംരക്ഷകര്‍ എന്ന മട്ടില്‍ മൂന്നുപേര്‍ ഉണ്ടായിരുന്നു. അവര്‍ ആരെന്നു വിശ്വാസികള്‍ ചോദിച്ചതോടെ മറുപടി നല്‍കാതെ വിശ്വാസികളെ ആക്രമിച്ചുവെന്നാണ് ആരോപണം.
വിഷയം ഉന്നയിക്കാന്‍ വിശ്വാസികള്‍ എത്തിയ വേളയില്‍ ആര്‍ച്ച് ബിഷപ്പ് ആലപ്പുഴയിലേക്ക് പോകുകയാണെന്ന് പറഞ്ഞെന്നും ഇതേത്തുടര്‍ന്ന് ബിഷപ്പിന്റെ കാര്‍ തടഞ്ഞ് പ്രശ്‌നപരിഹാരം ഉണ്ടാവണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുകയുമായിരുന്നു. എന്നാല്‍ ”തല്ലുകൊണ്ടവര്‍ ആശുപത്രിയില്‍ പോയി കിടക്കടാ. അരമനയില്‍ അല്ലടാ വരേണ്ടത്.” എന്ന് ബിഷപ്പ് ആക്രോശിച്ചുവെന്ന് വിശ്വാസികള്‍ പറയുന്നു. ഇതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. ആര്‍ച്ച് ബിഷപ്പില്‍ നിന്ന് നടപടി പ്രതീക്ഷിക്കേണ്ടെന്നും വികാരിയുടെ പക്ഷംപിടിക്കുകയാണ് ആര്‍ച്ച് ബിഷപ്പെന്നും ആക്ഷേപം ശക്തമായി.
പിന്നീട് രാത്രി എട്ടു മണിക്ക് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞ് ആര്‍ച്ച് ബിഷപ് സ്ഥലം വിട്ടു. വൈകീട്ട് എഴുമണി മുതല്‍ അരമനയില്‍ വിശ്വാസികള്‍ തടിച്ചുകൂടി. ഏകദേശം അഞ്ഞൂറോളം വിശ്വാസികള്‍ അരമനയില്‍ തടിച്ചുകൂടിയിരുന്നു. ഏറെ വൈകിയിട്ടും ആര്‍ച്ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് സ്ഥലത്തെത്തിയില്ല. പിന്നീട് പത്തു മണിയോടെ പൊലീസ് അകമ്പടിയോടെയാണ് ആര്‍ച്ച് ബിഷപ്പ് സ്ഥലത്തെത്തിയത്. ചര്‍ച്ചയില്‍ ബിഷപ്പ് വിശ്വാസികളോട് സംസാരിക്കാന്‍ തയ്യാറായില്ല. പൊലീസിനെ മധ്യവര്‍ത്തിയാക്കിയായിരുന്നു ചര്‍ച്ചകള്‍. എന്നാല്‍ വികാരിയെ മാറ്റണമെന്ന ആവശ്യത്തില്‍ വിശ്വാസികള്‍ ഉറച്ചുനിന്നതോടെ വിഷയം പതിനാലാം തിയതി വിശദമായി ചര്‍ച്ചചെയ്യാം എന്ന ധാരണയില്‍ തല്‍ക്കാലം പ്രശ്‌നം ഒത്തുതീര്‍പ്പാക്കുകയായിരുന്നു.
പള്ളിയുടെ ഫണ്ട് ധൂര്‍ത്തടിക്കുന്നുവെന്നും തന്നിഷ്ടപ്രകാരം പള്ളിവാതിലുകള്‍ അടച്ചിട്ട് വിശ്വാസികളെ തുരത്തുന്നുവെന്നും എല്ലാമാണ് വികാരി ജോണ്‍ അയ്യങ്കാനയ്ക്ക് എതിരെ ഉയരുന്ന പ്രധാന ആക്ഷേപങ്ങള്‍. പ്രശ്‌നമുണ്ടായാല്‍ അത് പരിഹരിക്കുന്നതിന് പകരം സ്വകാര്യമുറിയില്‍ കടന്ന് വാതിലടയ്ക്കുന്നയാളാണ് ഫാദര്‍ ജോണ്‍ എന്നും എതിര്‍ക്കുന്നവര്‍ ആരോപിക്കുന്നു. വിവാഹത്തിന് മുമ്പായി ഇടവകയിലെ പെണ്‍കുട്ടികളുടെ വീട്ടില്‍ നിന്ന് വന്‍ തുകകള്‍ വാങ്ങുന്നതായും ആരോപണം ഉയരുന്നുണ്ട്. ഫാദര്‍ ജോണ്‍ അയ്യങ്കാന വികാരിയായ എല്ലാ പള്ളികളിലും പ്രശ്‌നക്കാരന്‍ ആയിരുന്നുവെന്നും വിശ്വാസികള്‍ പറയുന്നു. നടപടികളെ എതിര്‍ക്കുന്നവരെ ഗുണ്ടകളെ വിളിച്ച് അടിച്ചമര്‍ത്തുന്നതായും അഭിസംബോധന ചെയ്യുന്നതുപോലും എടാപോടാ വിളികളോടെ ആണെന്നുമാണ് ആക്ഷേപം.
ഇതിന് അടിസ്ഥാനമായ ഒരു സംഭവവും വിശ്വാസികള്‍ വിവരിക്കുന്നു. പുല്ലൂരിലെ ഹോളി ഫാമിലി ഹോസ്പിറ്റലിലെ ഡോ. ആന്റൊ മകന്റെ വിവാഹക്കാര്യം പറയാനാണ് പണ്ട് ഫാദര്‍ ജോണ്‍ കുരിയച്ചിറ എന്ന സ്ഥലത്തെ വികാരിയായ സമയത്ത് ചെന്നത്. എടോ പോടോ എന്ന വിളികേട്ട ഡോ. ആന്റോ ഫാദറിനോട് പറഞ്ഞു; ”എന്നെ ഒന്നുകില്‍ ഡോക്ടര്‍ അല്ലെങ്കില്‍ ആന്റോ എന്ന് വിളിച്ചാല്‍ മതി.” അങ്ങനെ പറഞ്ഞതിന് ഡോക്ടറോട് പ്രതികാരം ചെയ്തത് മകന്റെ വിവാഹത്തിന് അമ്പതിനായിരം രൂപ ചോദിച്ചാണെന്നാണ് ആക്ഷേപം. പിന്നീട് പലരും ഇടപ്പെട്ട് തുക അയ്യായിരമാക്കിയെങ്കിലും ഡോ. ആന്റോവിന്റെ മകന്റെ വിവാഹത്തിന് ഫാദര്‍ ജോണ്‍ അയ്യങ്കാനയില്‍ പങ്കെടുത്തില്ല. പകരം മറ്റൊരു വൈദികനെ വച്ചു കൊണ്ട് വിവാഹ കൂദാശ നിര്‍വഹിക്കുകയായിരുന്നുവെന്നാണ് ആരോപണം.
ഇത്തരത്തില്‍ വിശ്വാസികളെ വെല്ലുവിളിച്ച് തന്നിഷ്ടം നടത്തുകയും വിശ്വാസികളെ തല്ലിയൊതുക്കാന്‍ ആളെ ഏര്‍പ്പാടാക്കുകയും ചെയ്യുന്ന വികാരിക്ക് ആര്‍ച്ച് ബിഷപ്പ് സംരക്ഷണം കൊടുക്കുകയാണെന്നും വിശ്വാസികള്‍ പറയുന്നു. ഇന്നലത്തെ സംഘര്‍ഷത്തോടെ പ്രശ്‌നം അതീവ ഗുരുതരമായിരിക്കുകയാണ് ഒല്ലൂരില്‍. 14 നടക്കുന്ന ചര്‍ച്ചയില്‍ വികാരിയുടെ സ്ഥലംമാറ്റം ഉണ്ടാവണമെന്ന വാദവുമായി കൂടുതല്‍ പേര്‍ എത്തുമെന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
പള്ളിയില്‍ നടന്ന സംഘര്‍ഷത്തിന്റെ വീഡിയോ കാണാം
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകര്‍ തന്നെയെന്ന് ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍. അറസ്റ്റിലായവര്‍ സിപിഎം പ്രവര്‍ത്തകരാണ്. ഇവര്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ട്. അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന വാദം തെറ്റാണെന്നും ഉത്തരമേഖല ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെന്നും കേസുമായി ബന്ധപ്പെട്ട എല്ലാ ഗുഢാലോചനയും തെളിയിക്കുമെന്നും രാജേഷ് ദിവാന്‍ അറിയിച്ചു. ഇതുവരെ 15 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 55 സ്ഥലത്ത് പരിശോധന നടത്തി. ബാക്കിയുള്ള പ്രതികളും ഉടന്‍ അറസ്റ്റിലാവും. പോലീസ് അന്വേഷണത്തില്‍ സംശയമുള്ളവര്‍ക്ക് കോടതിയെ സമീപിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാമെന്നും രാജേഷ് ദിവാന്‍ പറഞ്ഞു.
നേരത്തെ പിടിയിലായ പ്രതികള്‍ സിപിഎം പ്രവര്‍ത്തകരെല്ലെന്ന് വാദിച്ച് കോടിയേരി ബാലകൃഷ്ണന്‍ രംഗത്തു വന്നിരുന്നു. ഈ വാദം തെറ്റാണെന്ന് ഉറപ്പിക്കുന്നതാണ് ഉത്തരമേഖല ഡിജിപിയുടെ പ്രസ്താവന. പിടിയിലായ ആകാശ് തില്ലങ്കേരിയും സിപിഎം നേതാക്കളുമായുള്ള ചിത്രങ്ങള്‍ നവ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിനെ വെട്ടിക്കൊന്നവര്‍ ഒളിച്ചു താമസിച്ചത് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ ഒളിവില്‍ കഴിഞ്ഞ മുഴക്കുന്ന് മുടക്കോഴി മലയില്‍. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളിലേക്ക് പോലീസ് തെരെച്ചില്‍ വ്യാപിപ്പിച്ചതായി വിവരം ലഭിച്ച ശേഷം ആകാശ് തില്ലങ്കേരിയും റിജിന്‍ രാജും ഇവിടെ നിന്ന് രക്ഷപ്പെടുകയായിരുന്നു. അന്വേഷണം ഊര്‍ജിതമായി തുടരുന്നതിനിടയില്‍ പ്രതികള്‍ ഇന്നലെ പോലീസില്‍ കീഴടങ്ങി.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. ആകാശ് തില്ലങ്കേരിയും, റിജിന്‍രാജും സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍. പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും. പരോളിലായിരുന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് ശുഹൈബ് വധവുമായി ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്.
കൊച്ചി: നെടുമ്പാശേരിയില്‍ വിമാനത്താവളത്തിന് സമീപത്തു നിന്ന് 30 കോടി രൂപ മൂല്യമുള്ള ലഹരിമരുന്ന് വേട്ട നടത്തിയ എക്‌സൈസ് സംഘത്തിന് വധഭീഷണി. ഇന്റര്‍നെറ്റ് കോള്‍ വഴി വന്ന ഭീഷണിയിവല്‍ ഇനി നിങ്ങള്‍ ഞങ്ങളെ ബുദ്ധിമുട്ടിക്കില്ലെന്നാണ് പറയുന്നത്. എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡായിരുന്നു 5 കിലോ എംഡിഎംഎ പിടിച്ചെടുത്തത്.
സ്‌ക്വാഡിലെ എല്ലാ അംഗങ്ങളുടെയും ചിത്രങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നും സന്ദേശത്തില്‍ പറയുന്നു. മയക്കുമരുന്നിനേക്കുറിച്ച് വിവരം നല്‍കിയ ആള്‍ക്കാണ് സന്ദേശം ലഭിച്ചത്. ഇതിന്റെ ഉറവിടം മുംബൈ ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. വിമാനത്താവളം വഴി കടത്താനെത്തിച്ച് മയക്കുമരുന്നാണ് കഴിഞ്ഞ ശനിയാഴ്ച പിടിച്ചെടുത്തത്.
പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശികളായ ഫൈസല്‍, അബ്ദുള്‍ സലാം എന്നിവരെ ഇതോടനുബന്ധിച്ച് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ നേരത്തേയും മയക്കു മരുന്ന് കടത്തിയിട്ടുള്ളവരാണ്. മാസങ്ങള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് ഇത്രയം അളവില്‍ മയക്കുമരുന്ന് പിടിച്ചെടുക്കാനായത്. റഷ്യയില്‍ നിര്‍മിക്കുന്ന ഈ ലഹരിമരുന്ന് അഫ്ഗാനിസ്ഥാന്‍ വഴി കാശ്മീരിലെത്തിച്ച ശേഷമാണ് കേരളത്തില്‍ എത്തിയത്.
പിടിയിലായ പ്രതികള്‍ക്കായി മണിക്കൂറുകള്‍ക്കകം അഡ്വ.ബി.എ.ആളൂര്‍ ഹാജരാകുകയും ചെയ്തു. വിപണിയില്‍ ലഭിക്കുന്ന ഏറ്റവും മുന്തിയ എംഡിഎംഎയാണ് പിടിച്ചെടുത്തതെന്നാണ് വിവരം. കേരളത്തില്‍ വന്‍ ശൃംഖല ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സംശയിക്കുന്നു.
മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ കൊലപ്പെടുത്തിയത് സി.പി.എം പ്രാദേശിക നേതൃത്വത്തിന്‍റെ അറിവോടെയെന്ന് പൊലീസ്. പ്രാദേശിക സംഘര്‍ഷങ്ങളെ തുടര്‍ന്നുണ്ടായ വൈരാഗ്യമാണ് ക്വട്ടേഷന് കാരണം. അഞ്ചുപ്രതികളില്‍ ഇനി മൂന്നുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. പിടിയിലായവരെ ഇന്ന് മട്ടന്നൂര്‍ കോടതിയില്‍ ഹാജരാക്കും.
കൊല്ലാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും കാലുവെട്ടുക മാത്രമായിരുന്നു ലക്ഷ്യമെന്നുമാണ് കേസില്‍ അറസ്റ്റിലായ പ്രതികളുടെ മൊഴി. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയുള്ള ക്വട്ടേഷനാണ് കൊലപാതകമെന്ന് പൊലീസും വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത അഞ്ചുപേരില്‍ ഇനി മൂന്നുപേരാണ് അറസ്റ്റിലാകാനുള്ളത്. ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാക്കളായ രണ്ടുപേര്‍ക്കും ഡ്രൈവര്‍ക്കുമായി തിരച്ചില്‍ തുടരുകയാണ്. അതേസമയം അറസ്റ്റിലായ സി.പി.എം പ്രവര്‍ത്തകരായ ആകാശ് തില്ലങ്കേരിയേയും രജിന്‍ രാജിനെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. രാവിലെ പത്തരയോടെയാണ് ഇരുവരെയും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മാലൂര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയ പ്രതികളുെട അറസ്റ്റ് രാത്രി പത്തരയോടെയാണ് രേഖപ്പെടുത്തിയത്. ഒന്നരവര്‍ഷം മുന്‍പ് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളാണ് രണ്ടുപേരും.
എന്നാല്‍ അറസ്റ്റിലായവര്‍ ഡമ്മി പ്രതികളാണെന്ന ആരോപണത്തില്‍ ഉറച്ചുനല്‍ക്കുകയാണ് കോണ്‍ഗ്രസ്. കേസ് അട്ടിമറിക്കാന്‍ ഉദ്യോഗ്സ്ഥര്‍ കൂട്ടുനില്‍ക്കുന്നതായി കണ്ണൂര്‍ ജില്ലാ നേതൃത്വം ആരോപിച്ചു. വധത്തില്‍ പാര്‍ട്ടിക്ക് ബന്ധമില്ല വാദത്തില്‍ സി.പി.എമ്മും ഉറച്ചുനല്‍ക്കുന്നു. കണ്ണൂരില്‍ ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ സമാധാനയോഗം ചേരാനും തീരുമാനമായി.
അന്വേഷണ ഉദ്യോഗസ്ഥനായ ഇരിട്ടി ഡിവൈഎസ്പി കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്നതാണ് കോണ്‍ഗ്രസിന്‍റെ പ്രധാന ആരോപണം. എസ്.പി ലീവില്‍പോയത് ഇതില്‍ മനംമടുത്താണെന്നും ജില്ലാ നേതൃത്വം ആരോപിച്ചു.
യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് കെ. സുധാകരന്‍ കണ്ണൂരും യൂത്ത് കോണ്‍ഗ്രസ് സെക്രട്ടറിയേറ്റിനു മുന്നിലും ഉപവാസസമരം തുടങ്ങി. ബുധനാഴ്ച മന്ത്രി എ.കെ. ബാലന്‍റെ അധ്യക്ഷതയില്‍ ചേരുന്ന സമാധാനയോഗത്തില്‍ കോണ്‍ഗ്രസ് പങ്കെടുക്കും.
വധവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് സി.പി.എം ഇന്നും ആവര്‍ത്തിച്ചു. പൊലീസ് അന്വേഷണത്തില്‍ ഇടപെടലുകള്‍ ഉണ്ടാകില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.
തൃശൂര്‍: അല്‍പ നേരം ളോഹ ഊരിവെച്ച് പള്ളി വികാരി ബോഡി ബില്‍ഡറായി. ചാലക്കുടി തുരുത്തിപ്പറമ്പ് വരപ്രസാദനാഥ പള്ളിയിലെ വൈദികനായ ഫാ. ജോസഫാണ് ബോഡി ബിന്‍ഡര്‍ വേഷത്തിലെത്തി കാണികളെ ഞെട്ടിച്ചത്. 37 കാരനായ ഫാ. ജോസഫ് മോഡല്‍ ഫിസിക് വിഭാഗത്തിലാണ് മത്സരാര്‍ഥിയായത്.
തൃശുര്‍ ജില്ലാ ശരീര സൗന്ദര്യ മത്സരത്തിലാണ് അച്ചന്റെ മാസ് എന്‍ട്രി. സെമിനാരി കാലഘട്ടം മുതല്‍ക്കെ ബാഡ്മിന്റണും ബാസ്‌കറ്റ്‌ബോളുമൊക്കെ കളിച്ചിരുന്ന അച്ചന്‍ കായിക വിനോദങ്ങളില്‍ അതീവ തല്‍പരനായിരുന്നു. എന്നാല്‍ അടുത്തിടെ കാലിനേറ്റ പരിക്ക് അച്ചന് വിനയായി. തുടര്‍ന്നാണ് ബോഡിബില്‍ഡിംഗില്‍ താല്‍പര്യമുണ്ടായത്.
ഏഴുമാസത്തെ വര്‍ക്ക് ഔട്ട് കണ്ടപ്പോള്‍ പരിശീലകന്‍ സന്തോഷ് ആണ് മത്സരത്തില്‍ പങ്കെടുക്കാന്‍ നിര്‍ദേശിച്ചത്. തുടര്‍ന്നാണ് ബോഡി ബില്‍ഡറുടെ വേഷം കെട്ടാന്‍ പള്ളി വികാരി തീരുമാനിച്ചത്.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക മൊഴികള്‍ പുറത്ത്. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന് ശുഹൈബ് അക്രമിക്കപ്പെടുമെന്നതിനെക്കുറിച്ച അറിവുണ്ടായിരുന്നു. ശുഹൈബിന്റെ കാലുകള്‍ വെട്ടിയെടുക്കാനായിരുന്നു ക്വട്ടേഷന്‍ കിട്ടിയതെന്നും കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പ്രതികള്‍ പോലീസിന് മൊഴി നല്‍കി. സംഭവത്തില്‍ ഇനി പിടികൂടാനുള്ളവര്‍ സിപിഎം സംരക്ഷണത്തില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒളിവില്‍ കഴിയുകയാണെന്നും പ്രതികള്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ പറയുന്നു.
കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് അഞ്ച് പേരെന്നാണ് പോലീസിന്റെ നിഗമനം. ഇപ്പോള്‍ പിടിയിലായ രണ്ട് പേര്‍ ശുഹൈബിന് വെട്ടി വീഴ്ത്തിയവരില്‍ ഉള്‍പ്പെട്ടവരാണ്. തില്ലങ്കേരി സ്വദേശിയായ ആകാശ്, റിജിന്‍രാജ് എന്നിവര്‍ സിപിഎം പ്രദേശിക നേതൃത്വവുമായി നല്ല അടുപ്പം സൂക്ഷിക്കുന്ന പാര്‍ട്ടി അനുയായികളാണ്. ആകാശും പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ കൂടെയുള്ള ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകത്തില്‍ പ്രതികളായവരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുള്ളത്. കസ്റ്റഡിയിലുള്ള ആകാശ് തില്ലങ്കേരി, റിജിന്‍ രാജ് ഇവരുടെ സുഹൃത്ത് ശ്രീജിത്ത് എന്നിവര്‍ക്കെതിരെ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസ് നിലനില്‍ക്കുന്നുണ്ട്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.