മലപ്പുറം: ശബരിമലയില്‍ പോകാനായി വ്രതമെടുത്ത യുവതിയുടെ നേരെ ആക്രമണം. ഇന്നലെ രാത്രി ഒരു മണിയോടെയാണ് മലപ്പുറം കാക്കഞ്ചേരി സ്വദേശിയായ അപര്‍ണ ശിവകാമിയുടെ വീടിന് നേരെ ആക്രമണമുണ്ടായിരിക്കുന്നത്. ഇവരുടെ വീടിന്റെ ജനല്‍ ചില്ലുകള്‍ ആക്രമണത്തില്‍ തകര്‍ന്നിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബൈക്കിലെത്തിയ നാലംഗ സംഘമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

അക്രമികളെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. നേരത്തെ ശബരിമലയില്‍ പോകാന്‍ ആഗ്രഹമുണ്ടെന്ന് വ്യക്തമാക്കി അപര്‍ണ ഉള്‍പ്പെടെയുള്ള മൂന്ന് യുവതികള്‍ വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. പോലീസ് സുരക്ഷ വാഗ്ദാനം ചെയ്താല്‍ തങ്ങള്‍ മല ചവിട്ടുമെന്നും എന്നാല്‍ ശബരിമലയെ കലാപഭൂമിയാക്കി ദര്‍ശനം നടത്താന്‍ താല്‍പ്പര്യമില്ലെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ആക്രമണം നടന്നിരിക്കുന്നത്.

വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അപര്‍ണയുള്‍പ്പെടെയുള്ളവര്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത വിധം സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായി ആരോപണം ഉണ്ടായിട്ടുണ്ട്. അപര്‍ണയ്ക്കെതിരെ നേരത്തെയും ഭീഷണി ഉയര്‍ന്നിരുന്നു. അയ്യപ്പനെ കാണാന്‍ സാധിക്കുന്ന കാലം വരെ വ്രതം തുടരുമെന്ന് വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്ത അയ്യപ്പ ഭക്ത രേഷ്മ വ്യക്തമാക്കിയിരുന്നു. ശബരിമലയില്‍ ദര്‍ശനം നടത്താനായി മാലയിട്ട ശേഷം കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണ് താനെന്നും രേഷ്മ പറഞ്ഞു.