Kerala

തിരുവനന്തപുരം ശ്രീകാര്യത്ത് പൊലീസ് ജീപ്പിടിച്ച് പരുക്കേറ്റ വിദ്യാര്‍ഥിയുടെ നില ഗുരുതരമായി തുടരുന്നു. കാര്യവട്ടം സ്വദേശി ആശംസ് ജോയിയുെട തലച്ചോറില്‍ രക്തം കട്ടപിടിച്ച നിലയിലാണ്. അപകടത്തിന് ശേഷം പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്ന് കുടുംബം പരാതിപ്പെട്ടു. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഡി.ജി.പി നിര്‍ദേശം നല്‍കി.

ഇന്നലെ വൈകിട്ട് നാല് മണിക്കാണ് ബൈക്കില്‍ സഞ്ചരിച്ച വിദ്യാര്‍ഥികളെ പൊലീസ് ജീപ്പ് ഇടിച്ച് തെറിപ്പിച്ചത്. കാര്യവട്ടം ലക്ഷമിഭായി ലെയിനില്‍ ക്രിസ്റ്റഫര്‍ ജോയിയുടെ മകന്‍ ആശംസിനും സുഹൃത്ത് സൂര്യ സുബ്രഹ്മണ്യനുമാണ് പരുക്കേറ്റത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ ആശംസിന്റെ നിലയാണ് ഗുരുതരമായി തുടരുന്നത്. തലക്ക് പരുക്കേറ്റ ആശംസ് ഇതുവരെ ബോദം വീണ്ടെടുത്തിട്ടില്ല. ഇത്ര ഗുരുതരമായി പരുക്കേറ്റിട്ടും പൊലീസ് തിരിഞ്ഞ് നോക്കിയില്ലെന്നാണ് കുടുംബത്തിന്റെ പരാതി.

പൊലീസ് ജീപ്പിന്റെ അമിത വേഗമാണ് അപകടകാരണമെന്ന് ആക്ഷേപമുണ്ട്. പരുക്കേറ്റ് വീണ വിദ്യാര്‍ഥികളെ മെഡിക്കല്‍ കോളജിലാക്കിയ ശേഷം പൊലീസ് മുങ്ങിയെന്നാണ് പരാതി. ഏത് പൊലീസ് ജീപ്പാണ് ഇടിച്ചതെന്ന് വ്യക്തമാക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനും പ്രതിപക്ഷ നേതാവിനുമെല്ലാം പരാതി നല്‍കിയിരിക്കുകയാണ് കുടുംബം. ആശുപത്രിയിലെത്തിയ ഫയര്‍ഫോഴ്സ് മേധാവി ടോമിന്‍ തച്ചങ്കരിക്കും പരാതി നല്‍കി. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതായി പൊലീസ് ആസ്ഥാനത്ത് നിന്ന് അറിയിച്ചു.

കൊച്ചി: നടി ആക്രമക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും ഹോക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി വരുന്ന തിങ്കളാഴ്ച്ച കോടതി പരിഗണിക്കും. നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ഒഴികെയുള്ള എല്ലാ തെളിവുകളും നേരത്തെ കോടതിയുടെ നിര്‍ദേശപ്രകാരം അന്വേഷണ സംഘം പ്രതിയായ ദിലീപിന് കൈമാറിയിരുന്നു. എന്നാല്‍ ദൃശ്യങ്ങള്‍ കൈമാറേണ്ടതില്ലെന്ന് കോടതി തീരുമാനിക്കുകയായിരുന്നു.

ദൃശ്യങ്ങള്‍ ദിലീപിന് കൈമാറിയാല്‍ അത് ദുരൂപയോഗം ചെയ്യാനുള്ള സാധ്യതയുണ്ടെന്നും നടിയുടെ സ്വകാര്യതയെ ബാധിക്കുമെന്നും ചൂണ്ടി കാണിച്ച് അന്വേഷണ സംഘം രംഗത്ത് വന്നിരുന്നു. ദൃശ്യങ്ങള്‍ യാതൊരു കാരണവശാലും കൈമാറാന്‍ സാധിക്കില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. ഫോറന്‍സിക് പരിശോധനാ ഫലങ്ങളും വൈദ്യപരിശോധന ഫലങ്ങളും മറ്റു സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള തെളിവുകള്‍ പ്രതികള്‍ക്ക് കൈമാറിയിട്ടുണ്ട്.

വിചാരണാ നടപടികള്‍ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. ദൃശ്യങ്ങള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയാണ് തീരുമാനം എടുക്കേണ്ടതെന്ന് സെഷന്‍സ് കോടതി വ്യക്തമാക്കിയിരുന്നത്. പ്രതികള്‍ക്ക് തങ്ങള്‍ക്കെതിരെയുള്ള മുഴുവന്‍ തെളിവുകള്‍ പരിശോധിക്കാനുള്ള അനുമതി നേരത്തെ കോടതി നല്‍കിയിരുന്നു. ഇതനുസരിച്ച് ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള തെളിവുകള്‍ കോടതിയുടെ സാന്നിധ്യത്തില്‍ ദിലീപിന്റെ അഭിഭാഷകന്‍ പരിശോധിച്ചിരുന്നു.

മദ്യത്തിനു പകരം കട്ടൻചായ വിൽപന നടത്തിയയാളെ പൊലീസ് മൊബൈൽ മോഷണ കേസിൽ പിടികൂടി. കുന്നമംഗലം കൂടത്തലുമ്മൽ അശോകൻ (49) ആണ് പിടിയിലായത്. ശ്രീകണ്ഠേശ്വരത്തിൽ തൊഴാനെത്തിയ ഭക്തന്റെ കയ്യിൽ നിന്ന് ഫോൺ വിളിക്കാനായി മൊബൈൽ ചോദിച്ചുവാങ്ങി, ഫോണുമായി കടന്നുകളയുകയായിരുന്നു. ഇയാളെ കസബ പൊലീസ് പിടികൂടി ചോദ്യം ചെയ്തതിൽ മദ്യത്തിനു പകരം കുപ്പിയിൽ കട്ടൻചായ നിറച്ച് മദ്യഷാപ്പുകളുടെ മുൻപിൽ വിൽപന നടത്തുകയാണ് പ്രധാന തൊഴിലെന്നു പറഞ്ഞു.

കുന്നമംഗലത്തെ ഒരു കടയിൽ വിൽപന നടത്തിയ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തു. ഒട്ടേറെപ്പേർക്ക് മദ്യം വാങ്ങി തരാമെന്നു പറഞ്ഞ് പണം വാങ്ങി കട്ടൻചായ നിറച്ച കുപ്പികൾ നൽകും. ഇതുവരെ ആരും ഈ കാരണത്തിൽ പരാതി നൽകിയില്ലെന്നു കസബ എസ്ഐ വി. സിജിത് പറ‍ഞ്ഞു. എന്നാൽ മൊബൈൽ ഫോൺ തട്ടിയെടുത്ത കേസിൽ ഇയാൾക്കെതിരെ പരാതിയുണ്ടെന്നും എസ്ഐ അറിയിച്ചു. ദിവസം അഞ്ച് കുപ്പിയിൽ അധികം ഇയാൾ വിൽപന നടത്തും. ഓരോരോ ദിവസം ഓരോരോ മദ്യഷാപ്പിനു മുൻപിലാണ് കച്ചവടം. മദ്യംവാങ്ങാൻ വരി നിൽക്കാൻ മടിക്കുന്നവർക്ക് ഒരു കുപ്പിക്ക് 50 രൂപ അധികം വിലയിട്ടാണ് കട്ടൻചായ മദ്യമെന്ന വ്യാജേന വിൽപന നടത്തുന്നത്.

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയ പാത ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കര്‍ഷകര്‍ നടത്തിവരുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് സി.പി.ഐ രംഗത്ത്. നാളെ എ.ഐ.വൈ.എഫ് നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിക്കും. സിപിഎമ്മിന്റെ നിലപാടുകള്‍ക്കെതിരെ പരസ്യ നിലപാടെടുത്താണ് ഘടകകക്ഷിയായ സിപിഐ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്.

നേരത്തെ കൃഷിമന്ത്രി വി.എസ്.സുനില്‍കുമാര്‍ വയല്‍കിളികള്‍ നടത്തുന്ന പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നു. സമരത്തിന്റെ ആദ്യഘട്ടങ്ങള്‍ മുതല്‍ സിപിഐയുടെ പിന്തുണ വയല്‍കിളികള്‍ക്ക് ലഭിച്ചിരുന്നു. എന്നാല്‍ പിന്തുണ പരസ്യമായി പ്രഖ്യാപിച്ച് രംഗത്ത് വന്നിരുന്നില്ല. ഇന്നു ചേര്‍ന്ന എ.ഐ.വൈ.എഫിന്റെ സംസ്ഥാന നേതൃയോഗമാണ് വയല്‍ക്കിളികള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.

സിപിഐ സംസ്ഥാന അധ്യക്ഷന്‍ കാനം രാജേന്ദ്രന്റെ നിര്‍ദേശപ്രകാരമാണ് എ.ഐ.വൈ.എഫ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടിരിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. സിപിഐ സമരത്തോടൊപ്പം ചേര്‍ന്നതോടെ സിപിഎമ്മിന് മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കും. നേരത്തെ സമരസമിതി ഉയര്‍ത്തിയ പന്തല്‍ സിപിഎം അനുകൂലികള്‍ കത്തിച്ചിരുന്നു.

തിരുവനന്തപുരം: സഹകരണ മേഖലയ്ക്ക് കേന്ദ്രം 2014മുതല്‍ ഒരു രൂപ പോലും അനുവദിച്ചിട്ടില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. 2014-15 കാലയളവു മുതല്‍ 2017- 18 കാലയളവുവരെ സംസ്ഥാനത്തെ സഹകരണ മേഖലയ്ക്കു എത്ര തുക കേന്ദ്രഫണ്ടായി ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി എം.എല്‍.എ ഒ. രാജഗോപാലിന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. രാജഗോപാലിന്റെ ചോദ്യവും കടകംപള്ളിയുടെ മറുപടിയും പുറത്ത് വന്നതോടെ ബിജെപി എംഎല്‍എയെ ട്രോളി സോഷ്യല്‍ മീഡിയ രംഗത്ത് വന്നു

കേന്ദ്ര ഫണ്ടിനെക്കുറിച്ച് ധാരണയില്ലാതെയാണ് ബി.ജെ.പി എം.എല്‍.എ നിയമ സഭയിലിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ പരിഹസിച്ചു. സഹകരണമേഖലയ്ക്ക് ലഭിച്ച കേന്ദ്രഫണ്ടിന്റെ കണക്കുകള്‍ വ്യക്തമാക്കണമെന്നും ഫണ്ട അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് ഏതുരീതിയിലാണ് ചെലവഴിച്ചതെന്നുമായിരുന്നു രാജഗോപാലിന്റെ ചോദ്യം. അഥവാ ഫണ്ട് ചെലവഴിച്ചില്ലെങ്കില്‍ അത് എന്തുകൊണ്ടാണെന്ന് മന്ത്രി വ്യക്തമാക്കണമെന്നും ബിജെപി എം.എ.എല്‍ ആവശ്യപ്പെട്ടു.

എന്നാല്‍ കേന്ദ്രത്തില്‍ നിന്ന് സഹകരണ മേഖലയ്ക്ക് യാതൊരുവിധ ഫണ്ടും 2014ന് ശേഷം ലഭിച്ചിട്ടില്ലെന്ന് കടകംപള്ളി രേഖാമൂലം മറുപടി നല്‍കി. വാസ്തവത്തില്‍ മന്ത്രിയുടെ മറുപടിക്ക് ശേഷമാണ് കേന്ദ്രം ഫണ്ട് നല്‍കിയിട്ടില്ലെന്ന് ഒ. രാജഗോപാലിന് മനസ്സിലായതെന്ന് നവമാധ്യമങ്ങള്‍ പറയുന്നു.

കൊച്ചി: താന്‍ എഴുതിയ കവിതകള്‍ പഠിപ്പിക്കരുതെന്നും അവ പാഠ്യപദ്ധതിയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്ത്. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തിലാണ് ചുള്ളിക്കാട് ഈ ആവശ്യം ഉന്നയിച്ചത്. ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ അറിവില്ലാത്തവര്‍ അധ്യാപകരാകുന്നതിനാലാണ് താന്‍ ഈ ആവശ്യമുന്നയിക്കുന്നതെന്നും ചുള്ളിക്കാട് പറഞ്ഞു.

സ്‌കൂളുകളിലും കോളേജുകളിലും സര്‍വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുത്. എല്ലാ പാഠ്യപദ്ധതികളില്‍നിന്നും തന്റെ രചനകള്‍ ഒഴിവാക്കണമെന്നാണ് ആവശ്യം. അക്കാഡമിക് ആവശ്യങ്ങള്‍ക്ക് തന്റെ കവിതകള്‍ ദുരുപയോഗം ചെയ്യാന്‍ പാടില്ലെന്നും തന്റ് കവിതകളില്‍ ഗവേഷണം അനുവദിക്കരുതെന്നും ചുള്ളിക്കാട് ആവശ്യപ്പെട്ടു.

അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കോരി മാര്‍ക്കു കൊടുത്ത് വിദ്യാര്‍ഥികളെ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുകയാണ്. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥനത്തില്‍ അധ്യാപകരായി നിയമിക്കുന്നു.

അബദ്ധപഞ്ചാംഗങ്ങളായ പ്രബന്ധങ്ങള്‍ക്കുപോലും ഡോക്ടറേറ്റ് നല്‍കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇവയാണ് ഇത്തരമൊരു നിലപാടെടുക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും ചുള്ളിക്കാട് വ്യക്തമാക്കി.

തിരുവനന്തപുരം കുറ്റിച്ചലില്‍ കനത്തമഴയിലും കാറ്റിലും അന്‍പതോളം വീടുകള്‍ നശിച്ചു. മരങ്ങള്‍ കടപുഴകി വീണാണ് കൂടുതലും വീടുകള്‍ തകര്‍ന്നത്.പ‍ഞ്ചായത്തിലെ പലയിടത്തും കൃഷിയും നശിച്ചു.

ഇന്നലെ വൈകുന്നേരത്തോടെ വീശിയടിച്ച കാറ്റാണ് വന്‍നാശം വിതച്ചത്. പഞ്ചായത്തിലെ നിലമ,രാജഗിരി,മൈലമൂട്,പച്ചക്കാട് എന്നിവിടങ്ങളിലാണ് കൂടുതലും നാശം . പലവീടുകളുടേയും മേല്‍ക്കൂരകള്‍ കാറ്റില്‍ പറന്നുപോയി.

ചിലയിടങ്ങളില്‍ വീടുകള്‍ക്ക് മേല്‍ മരങ്ങള്‍ കടപുഴകി വീണു. തലനാരിഴയ്ക്കാണ് വീട്ടുകാര്‍ രക്ഷപെട്ടത്. മരങ്ങള്‍ വൈദ്യുതി ലൈനിലേക്ക് ഒടിഞ്ഞ് വീണ് വൈദ്യുതിബന്ധവും തടസപ്പെട്ടു. അഗ്നിശമന സേനയെത്തി മരങ്ങള്‍ മുറിച്ചുമാറ്റിയാണ് പലയിടത്തും ഗതാഗതം പുനസ്ഥാപിച്ചത് റബറിന് പുറമെ വാഴയും മരിച്ചീനിയുമാണ് കാറ്റില്‍ നശിച്ചത്.

തൊടുപുഴ: വിശപ്പു കാരണം ക്ഷേത്രത്തിലെ കാണിക്കവഞ്ചിയില്‍ നിന്ന് 20 രൂപ എടുത്തയാള്‍ക്ക് 500 രൂപ നല്‍കി പോലീസ്. തൊടുപുഴ പോലീസ് സ്റ്റേഷനിലാണ് പോലീസുകാരുടെ മാതൃകപരമായ പ്രവര്‍ത്തനം. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റിക്കാരനായ 57കാരനാണ് തൊടുപുഴ പോലീസ് പണം നല്‍കിയത്. ഇന്നലെ പുലര്‍ച്ചെയോടെ അമ്പലത്തില്‍ തൊഴാനെത്തിയ ഭക്തനാണ് ഇയാള്‍ കാണിക്കവഞ്ചിയില്‍ നിന്ന് പണമെടുക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാള്‍ ക്ഷേത്ര ഭാരവാഹികളെ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി ഇയാളെ സ്റ്റേഷനിലേക്ക് കൊണ്ടു വരികയുമായിരുന്നു.

സ്റ്റേഷനിലെത്തി ദേഹ പരിശോധ നടത്തിയപ്പോള്‍ വെറും ഇരുപത് രൂപ മാത്രമാണ് സെക്യൂരിറ്റി ജീവനക്കാരന്‍ എടുത്തതെന്ന് പോലീസുകാര്‍ക്ക് മനസ്സിലായി. മോഷ്ടിക്കാനുള്ള കാരണം അന്വേഷിച്ചപ്പോള്‍ വിശന്നിട്ടായിരുന്നുവെന്ന് ഇയാള്‍ മറുപടിയും നല്‍കി. തുടര്‍ന്ന് സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാര്‍ എല്ലാവരും ചേര്‍ന്ന് പിരിവെടുത്ത് ഇയാള്‍ക്ക് 500 രൂപ നല്‍കുകയായിരുന്നു.

കോട്ടയം മോനിപ്പള്ളി സ്വദേശിയായ അന്‍പത്തേഴുകാരന്‍ രണ്ടാഴ്ച മുന്‍പാണ് സെക്യൂരിറ്റി ജോലിക്കായി തൊടുപുഴയില്‍ എത്തിയത്. ഇയാള്‍ക്കെതിരെ മറ്റ് സ്റ്റേഷനുകളില്‍ യാതൊരു പരാതിയും നിലനില്‍ക്കുന്നില്ലെന്ന് പോലീസ് അറിയിച്ചു. മാതൃകാപരമായ പ്രവര്‍ത്തനത്തിന് പോലീസിനെ അഭിനന്ദിച്ച് ആളുകള്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നു.

കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ വയോധികയ്ക്ക് ചെറുമകളുടെ ക്രൂര മര്‍ദ്ദനം. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയല്‍വാസികളാണ് ദീപ എന്ന യുവതിയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. ജനങ്ങളുടെ മുന്നിലിട്ട് ചെറുമകള്‍ വൃദ്ധയെ യാതൊരു പ്രകോപനവും കൂടാതെയാണ് മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദിക്കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ അയല്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ദീപ മര്‍ദ്ദനം തുടര്‍ന്നു.

ദീപയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ ദീപയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അമ്മൂമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെയാണ് യുവതിയുടെ ക്രൂരത. പോലീസിനെ വിളിച്ചോളൂവെന്ന് ദീപ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.

ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറുമകളുടെ അക്രമത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ട് ജാനുവമ്മയെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി ദീപ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു.

ഫറൂഖ് കോളേജ് അധ്യാപകന്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിനെതിരെ മാറ് തുറക്കല്‍ സമരവുമായി സോഷ്യല്‍ മീഡിയ. ആരതി എസ്.എ എന്ന അധ്യാപികയാണ് ആദ്യമായി ഫേസ്ബുക്കില്‍ മാറ് തുറക്കല്‍ സമരത്തിന് തുടക്കം കുറിച്ചത്. ഫറൂഖ് കോളേജ് അധ്യാപകന്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളുടെ വസ്ത്രധാരണത്തെ അപമാനിച്ച് രംഗത്ത് വന്നതോടെയാണ് സമരം ആരംഭിച്ചത്.

ആരതിക്ക് പിന്നാലെ മോഡലും സോഷ്യല്‍ ആക്ടിവിസ്റ്റുമായ രെഹ് നാ ഫാത്തിമയും പ്രതിഷേധവുമായി രംഗത്ത് വന്നു. മാറ് ദൃശ്യമാകുന്ന വിധത്തില്‍ ഫോട്ടോ പ്രസിദ്ധീകരിച്ചാണ് ഇവര്‍ പ്രതിഷേധം രേഖപ്പെടുത്തിയിരിക്കുന്നത്. അധ്യാപകന്റെ ബത്തക്ക പരാമര്‍ശത്തിനെതിരെ ഫറൂഖ് കോളേജില്‍ വിദ്യാര്‍ത്ഥിനികള്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

വിഷയത്തില്‍ ദിയ സനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മാറുതുറക്കല്‍സമരം….

പലരും പറയുന്ന പോലെ ‘മാറു തുറക്കല്‍ സമരം ‘, പഴയ ‘മാറു മറയ്ക്കാനുള്ള അവകാശ’ പോരാട്ടത്തെ റദ്ദുചെയ്യുന്നു എന്നൊരഭിപ്രായം എനിക്കില്ല. പകരം അത് പഴയ പോരാട്ടങ്ങളുടെ തുടര്‍ച്ച മാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

അധികാര പ്രമത്തതയുടെ ബാഹ്യലോകത്തു നിന്ന് ആണ്‍- വരേണ്യബോധം പെണ്‍ ദളിത് അപകര്‍ഷതയെ ന്യൂനീകരിച്ചതിന്റെ ബഹിര്‍സ്ഫുരണമായിരുന്നു മാറുമറയ്ക്കല്‍ സമരം. പെണ്ണിന്റെ ‘ചോയ്സ് ‘ പ്രാചീന ആണ്‍ഹുങ്കുകള്‍ വകവെച്ചു കൊടുക്കാതിരുന്നതിന്റെ അധികാരത്തുടര്‍ച്ചയില്‍ ക്യൂവിലാണ് ഇന്നും നവീന ആണ്‍മത ശരീരങ്ങള്‍ എന്നു തോന്നുന്നു. ഈയൊരു സമരരീതിയോടെ സ്ത്രീകള്‍ മുഴുവന്‍ മാറുതുറന്ന് നടക്കണമെന്നോ നടക്കുമോയെന്നുമല്ല അര്‍ത്ഥമാക്കേണ്ടത്. മറിച്ച് അവര്‍ക്ക് അതിനുള്ള അധികാരമുണ്ടെന്ന് രേഖപ്പെടുത്തുക മാത്രമാണ്.

പൊതു ഇടങ്ങളില്‍ ആണ്‍ ശരീരം അനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന്റെ അതേ അളവില്‍, അതല്ലെങ്കില്‍ ആണ്‍ ശരീരത്തിന്റെ തുറന്നു കാട്ടപ്പെടലിന്റെ അതേ സ്വാതന്ത്യ ബോധം പെണ്ണിനും ബാധകമാണ്. ആണിന്റെ ഉദാരതയില്‍ മാത്രം അവളുടെ സ്വാതന്ത്ര്യത്തെ നിര്‍വചിക്കാന്‍ ശ്രമിക്കുമ്പോഴാണ് പ്രശ്നം. പുറംകാഴ്ചയുടെ സങ്കുചിത ലൈംഗിക ബോധത്തിനപ്പുറത്ത് പെണ്‍ശരീരത്തിന്റെ ‘അത്ഭുത’ങ്ങളില്‍ നിന്ന് മനുഷ്യ ശരീരത്തിലേക്കുള്ള പരിണാമം അനിവാര്യമായി തീര്‍ന്നിരിക്കുന്ന ഒരു കാലത്ത്, അങ്ങനെയൊരു പരിഷ്‌കരണത്തിലേക്ക് വിപ്ലവച്ചൂട്ട് ഉയര്‍ത്തിപ്പിടിക്കുകയാണ് ഇത്തരമൊരു സമരമാര്‍ഗത്തിലൂടെ!

Copyright © . All rights reserved