തിരുവനന്തപുരം: മണ്ഡല-മകരവിളക്ക് തീര്‍ഥാടനകാലത്ത് ശബരിമലയില്‍ സുരക്ഷയൊരുക്കുന്നത് 15,000 പോലീസുകാര്‍. അടിയന്തര സാഹചര്യങ്ങളെ നേരിടാനും തിരക്ക് നിയന്ത്രിക്കുന്നതിനുമാണ് ഇത്രയും വലിയ സന്നാഹമൊരുക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറെടുക്കുന്നത്. പലഘട്ടങ്ങളിലായിട്ടായിരിക്കും 15000 പോലീസുകാരെ നിയമിക്കുക. 55 എസ്.പി.മാര്‍/എ.എസ്.പി.മാര്‍, 113 ഡിവൈ.എസ്.പി.മാര്‍, 1450 എസ്.ഐ./എ.എസ്.ഐ എന്നിവരും 60 വനിത എസ്.ഐമാരും പോലീസ് സംഘത്തിലുണ്ടാകും.

തുലാമാസ പൂജ, ചിത്തിര ആട്ടവിശേഷം എന്നിവയ്ക്ക് നടതുറന്നപ്പോഴുണ്ടായ അക്രമസംഭവങ്ങളെ കണക്കിലെടുത്ത് സായുധ സേനാവിഭാഗങ്ങളുടെ എണ്ണവും വര്‍ധിപ്പിച്ചിട്ടുണ്ട്. ഏത് സാഹചര്യത്തെയും നേരിടാന്‍ തക്കതായി സുരക്ഷാ സംവിധാനങ്ങളായിരിക്കും സന്നിധാനത്തും പരിസര പ്രദേശങ്ങളിലും ഒരുക്കുക. ശബരിമലയില്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും സുരക്ഷയൊരുക്കാന്‍ പ്രേരണയായിട്ടുണ്ട്.

ജലപീരങ്കി ഉള്‍പ്പെടെയുള്ള പ്രതിരോധസംവിധാനങ്ങളും ശബരിമലയിലെത്തിക്കും. ഇതിനൊപ്പം അക്രമികളെ തിരിച്ചറിയാന്‍ മുഖംതിരിച്ചറിയല്‍ സോഫ്റ്റ്വേറുകളും ഉപയോഗിക്കും. റാപ്പിഡ് ആക്ഷന്‍ ഫോഴ്സിന്റെയും ദേശീയ ദുരന്തനിവാരണ സേനയുടെയും രണ്ടു സംഘങ്ങളും സന്നിധാനത്തുണ്ടാകും. ഷാഡോ പോലീസ് ഉള്‍പ്പെടെയുള്ള രഹസ്യ സേന വിഭാഗങ്ങളും ഭക്തര്‍ക്കിടയിലുണ്ടാകുമെന്നാണ് സൂചന. വ്യോമസേനയുടെയും നാവികസേനയുടെയും നേതൃത്വത്തില്‍ ആകാശനിരീക്ഷണം ഉണ്ടാകും.