Kerala

കൊല്ലം: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ കേസെടുക്കാനാകില്ലെന്ന് പോലീസ്. മതസ്പര്‍ദ്ദയുണ്ടാക്കുന്ന വിധത്തില്‍ പ്രസംഗിച്ചെന്ന പരാതിയിലാണ് പോലീസ് നിലപാട് അറിയിച്ചത്. ബിജെപി പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ തെളിവില്ലെന്ന് പോലീസ് അറിയിച്ചു.

കൊല്ലം അഞ്ചല്‍ കോട്ടുകാലില്‍ ഗ്രന്ഥശാലയുടെ പരിപാടിയില്‍ നടത്തിയ പ്രസംഗത്തിനിടെ വടയമ്പാടി വിഷയത്തെക്കുറിച്ചും അശാന്തന്റെ മൃതദേഹത്തോട് കാട്ടിയ അനാദരവിനെക്കുറിച്ചും കുരീപ്പുഴ സംസാരിച്ചിരുന്നു. പ്രസംഗത്തിനു ശേഷം പോകാന്‍ തയ്യാറെടുത്തപ്പോളായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കുരീപ്പുഴയെ ആക്രമിച്ചത്.

സംഭവം വിവാദമായതോടെയാണ് കുരീപ്പുഴ ഹിന്ദു ദൈവങ്ങളെ അവഹേളിച്ചുവെന്ന വാദവുമായി ബിജെപി രംഗത്തെത്തിയത്. ഇേവര്‍ നല്‍കിയ പരാതിയിലാണ് കേസെടുക്കാനാകില്ലെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുന്നത്.

കുരീപ്പുഴയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. കടയ്ക്കല്‍ മജിസ്ട്രേറ്റ് കോടതിയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. ആര്‍എസ്എസ് പ്രവര്‍ത്തകരായ മനു, ദീപു, ലൈജു, ശ്യാം, കിരണ്‍, വിഷ്ണു, സുജിത്ത് എന്നിവരെയാണ് പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻറെ മകൻ ബിനീഷ് കോടിയേരി പിടികിട്ടാപ്പുള്ളിയെന്ന് ദുബായ് പൊലീസ്. ബിനീഷ് യുഎഇയിലെത്തിയാൽ ഉടൻ അറസ്റ്റിലാകും. വായ്പ തിരിച്ചടയ്ക്കാത്ത കേസിലാണ് ബിനീഷിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരിക്കുന്നത്. സൗദി കേന്ദ്രമായി പ്രവർത്തിക്കുന്ന സാംബാ ഫിനാൻസിയേഴ്സിൻറെ ദുബായ് ശാഖയിൽ നിന്ന് എടുത്ത ലോൺ തിരിച്ചടയ്ക്കാത്ത കേസിൽ ദുബായ് കോടതി ബിനീഷിനെ രണ്ട് മാസം തടവിന് ശിക്ഷിച്ചിരുന്നു. ബിനീഷിൻറെ അസാന്നിധ്യത്തിൽ കഴിഞ്ഞ വർഷം ഡിസംബർ പത്തിനായിരുന്നു ഈ വിധി.

സാംബ ഫിനാൻസിൻറെ പരാതിയിൽ 2015 ഓഗസ്റ്റ് ആറിനാണ് ബിനിഷ് കോടിയേരിക്കെതിരെ ഖിസൈസ് പൊലീസ് സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തത്. പൊലീസിൽനിന്നു ദുബായ് പ്രോസിക്യൂഷനിലേക്കും പിന്നീട് കേസ് കോടതിയിലുമെത്തുകയായിരുന്നു. രണ്ടേകാൽ ലക്ഷം ദിർഹം ബിനീഷ് വായ്പ എടുത്തതെന്നാണ് സൂചന. പണം തിരിച്ചു പിടിക്കാൻ ബാങ്ക് റിക്കവറി ഏജൻസിയെ നിയോഗിച്ചെങ്കിലും ഫലമുണ്ടായില്ല. പ്രതി കേരളത്തിലെ ഉന്നതനായ രാഷ്ട്രീയ നേതാവിന്റെ മകനെന്നാണു ബാങ്കിനു ലഭിച്ച റിപ്പോർട്ട്. ദുബായ് പൊലീസ് ബിനീഷിനെ പിടികിട്ടാപുള്ളിയായി രേഖപ്പെടുത്തിയിരിക്കുന്നതിനാൽ രാജ്യത്ത് പ്രവേശിച്ച ഉടൻ അറസ്റ്റിലാകും.

ബിനീഷ് യുഎഇയിലെത്തിയാൽ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ സിഐഡി വിഭാഗം അറസ്റ്റു രേഖപ്പെടുത്തുകയും പൊലീസ് ആസ്ഥാനത്തേയ്ക്കു കൈമാറുകയും ചെയ്യും. പിന്നീട് കോടതിക്കുള്ളിൽ പ്രവർത്തിക്കുന്ന സിഐഡി ഓഫിസിനു കൈമാറും. ശേഷം, വിധി പ്രഖ്യാപിച്ച ജഡ്ജിക്കു മുമ്പാകെ ഹാജരാക്കും. പ്രതി വിധി അംഗീകരിക്കുന്നില്ലെങ്കിൽ കേസ് റീ ഓപ്പൺ ചെയ്യാൻ അവസരമുണ്ട്. വിധി അംഗീകരിക്കുകയാണങ്കിൽ ജയിലിൽ അടയ്ക്കും. യുഎഇയിലെ നിയമപ്രകാരം ശിക്ഷ വിധിച്ചുകഴിഞ്ഞാലും കേസിൽ പറഞ്ഞിരിക്കുന്ന തുക വാദിക്ക് നൽകി ഒത്തുതീർപ്പാക്കാൻ സാധിക്കും. വാദി നൽകിയ മോചന കത്ത് ശിക്ഷ റദ്ദാക്കുകയും ചെയ്യും.

കുരിപ്പുഴ ശ്രീകുമാറിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് കെ സുരേന്ദ്രന് ട്രോളന്മാരുടെ പൊങ്കാല. ബിജെപി നേതാവ് സുരേന്ദ്രന്‍ പല പ്രസ്താവനകളും ഇതിനു മുന്‍പ് പൊങ്കാലയ്ക്ക് ഇടയാക്കിയിട്ടുണ്ട്. ഇത്തവണ കൊല്ലം അഞ്ചല്‍ കോട്ടുക്കാലില്‍ വെച്ച് ഒരു പരിപാടിയില്‍ പങ്കെടുത്തു മടങ്ങവെയാണ് കുരിപ്പുഴ ശ്രീകുമാറിനെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തെ ന്യായീകരിച്ച സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റാണ് പൊങ്കാലയ്ക്ക് കാരണം.

നേരത്തെ കൊല്ലത്തെ പരിപാടി ഉദ്ഘാടനം ചെയ്ത് കുരീപ്പുഴ നടത്തിയ പ്രസംഗത്തില്‍ ആര്‍എസ്എസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് ആര്‍എസ്എസ് പ്രവര്‍ത്തകരെ പ്രകോപിതരാക്കിയത്. സ്‌കൂളില്‍ കൃത്യമായി പോകാത്തത് കൊണ്ടാണ് സുരേന്ദ്രന് കുരിപ്പുഴ ശ്രീകുമാറിനെ അറിയാതെ പോയതെന്ന് ടോളന്മാര്‍ കളിയാക്കുന്നു.

 

കൊച്ചി: നടി അക്രമിക്കപ്പെട്ട സംഭവത്തിലെ പ്രധാന തെളിവായ അക്രമത്തിന്റെ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് കൈമാറേണ്ടതില്ലെന്ന് കോടതി. ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കൊണ്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളി. കേസിലെ സുപ്രധാന തെളിവായി കണക്കാക്കുന്ന ഈ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് ദിലീപിന് കൈമാറെരുതെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചിരുന്നത്. അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ദിലീപിന് നല്‍കുന്നത് നടിയുടെ സുരക്ഷയ്ക്കും സ്വകാര്യജീവിതത്തിനും ഭീഷണിയെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

കേസിലെ പ്രധാന ദൃശ്യങ്ങള്‍ കൈമാറുന്നതു വഴി ദിലീപ് കേസ് അട്ടിമറിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുമെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. ഈ വാദം അംഗീകരിച്ചു കൊണ്ടാണ് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയത്. കേസില്‍ പൊലീസ് ഹാജരാക്കിയ തെളിവുകള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് കോടതിയെ സമീപിച്ചത്. നേരത്തെ ദിലീപിന്റെ ഹര്‍ജി പരിഗണിച്ച കോടതി ഗൗരവ സ്വഭാവമില്ലാത്ത തെളിവുകള്‍ കൈമാറാന്‍ ഉത്തരവിട്ടിരുന്നു. ഇതനുസരിച്ച് മൊഴിപ്പകര്‍പ്പുകള്‍, വിവിധ പരിശോധനാ ഫലങ്ങള്‍, സിസിടിവി ദൃശ്യങ്ങള്‍, ഫോണ്‍ വിളി വിവരങ്ങള്‍ തുടങ്ങിയവ പൊലീസ് കൈമാറിയിരുന്നു.

പക്ഷേ കൈമാറിയ രേഖകളില്‍ ഗൗരവ സ്വഭാവമുള്ളവ ഉള്‍പ്പെട്ടിരുന്നില്ല. രണ്ട് പ്രതികളുടെ സംഭാഷണത്തിന്റെ ഫോറന്‍സിക് പരിശോധന ഫലവും അക്രമിക്കപ്പെടുന്ന സമയത്ത് നടിയുടെ വാഹനം കടന്നു പോയ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും ഉള്‍പ്പെടെയുള്ള രേഖകള്‍ മാത്രമാണ് ദിലീപിന് കൈമാറിയിട്ടുള്ളത്.

കടയ്ക്കല്‍:  കവി കുരീപ്പുഴ ശ്രീകുമാറിനെ ആക്രമിച്ച സംഭവത്തില്‍ പഞ്ചായത്തംഗം ഉള്‍പ്പെടെ ബിജെപി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ആറുപേര്‍ അറസ്റ്റിലായി. ഇട്ടിവ പഞ്ചായത്തംഗം കോട്ടുക്കല്‍ ശ്യാമള മന്ദിരത്തില്‍ വി എസ് ദീപു(30), ബിജെപി ചടയമംഗലം മണ്ഡലം സെക്രട്ടറി കോട്ടുക്കല്‍ കൊട്ടാരഴികം വീട്ടില്‍ മനു ദീപം (30), ആര്‍എസ്‌എസ് പ്രവര്‍ത്തകരായ ഫില്‍ഗിരി സരിത വിലാസത്തില്‍ ശ്യാം (29), യുപി സ്കൂളിന് സമീപം കടമ്ബാട്ട് വീട്ടില്‍ ലൈജു (32), കോട്ടുക്കല്‍ സുചിത്രഭവനില്‍ സുജിത്ത് (31), കാവതിയോട് തടത്തരികത്ത് വീട്ടില്‍ കിരണ്‍ (31) എന്നിവരാണ് അറസ്റ്റിലായത്. കടയ്ക്കല്‍ സിഐ സാനിയുടെ നേതൃത്വത്തില്‍ അഞ്ചല്‍ പുത്തയത്ത് നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ 25 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

കോട്ടുക്കല്‍ ത്രാങ്ങോട് കൈരളി ഗ്രന്ഥശാലയുടെ വാര്‍ഷികാഘോഷത്തില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ തിങ്കളാഴ്ച രാത്രി ഒമ്പതിനാണ് കുരീപ്പുഴയെ ആര്‍എസ്‌എസ് സംഘം ആക്രമിച്ചത്. വാഹനത്തിന് കേടുവരുത്തി. ഗ്രന്ഥശാലയില്‍ നടത്തിയ പ്രസംഗം തടസ്സപ്പെടുത്താനും ആര്‍എസ്‌എസ് ബിജെപി പ്രവര്‍ത്തകര്‍ ശ്രമിച്ചിരുന്നു. പ്രസംഗം കഴിഞ്ഞ് കാറില്‍ കയറുന്നതിനിടെയാണ് സംഘടിച്ചെത്തിയ അക്രമിസംഘം അസഭ്യം പറഞ്ഞ് കുരീപ്പുഴ ശ്രീകുമാറിനെ വളഞ്ഞിട്ട് ആക്രമിച്ചത്. ഓടിയെത്തിയ ഗ്രന്ഥശാല പ്രവര്‍ത്തകരാണ് കവിയെ രക്ഷിച്ച്‌ കാറില്‍ കയറ്റി വിട്ടത്.

ഇതിനിടെ ഹിന്ദുത്വത്തെ അപമാനിച്ചെന്നും ആര്‍എസ്‌എസിനെയും ബിജെപിയെയും അധിക്ഷേപിച്ചെന്നും ആരോപിച്ച്‌ ബിജെപി മണ്ഡലം കമ്മിറ്റി കുരീപ്പുഴ ശ്രീകുമാറിനെതിരെ കടയ്ക്കല്‍ പൊലീസില്‍ പരാതിനല്‍കി.

മാധവിക്കുട്ടിയുടെ ജീവിതം ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ചിത്രം ആമിയുടെ പ്രദര്‍ശനം തടയില്ലെന്ന് ഹൈക്കോടതി. ഇതു സംബന്ധിച്ച് എറണാകുളം ഇടപ്പള്ളി സ്വദേശിയായ കെ പി രാമചന്ദ്രന്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഇതു സംബന്ധിച്ച് ഉചിതമായ തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് അധികാരമുണ്ട്. അതു കൊണ്ട് സിനിമ തടയുന്നില്ലെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ തിരക്കഥ ഹൈക്കോടതി പരിശോധിക്കണമെന്നും മതവികാരത്തെ വ്രണപ്പെടുത്തുന്ന തരത്തില്‍ എന്തെങ്കിലും രംഗങ്ങള്‍ ചിത്രത്തിലുണ്ടെങ്കില്‍ അത് നീക്കം ചെയ്യണമെന്നും അതുവരെ ഈ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുതെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്. മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറയുന്ന ചിത്രത്തില്‍ പല യഥാര്‍ത്ഥ സംഭവങ്ങളും ഒഴിവാക്കിയാണ് സിനിമ ചെയ്തിരിക്കുന്നത്.

സിനിമയെടുക്കാനുള്ള സ്വാതന്ത്ര്യം ഒരു സംവിധായകനുണ്ട് എന്ന ഒറ്റക്കാരണത്താല്‍ യഥാര്‍ത്ഥ വസ്തുതകളെ മറയ്ക്കാനോ കരിവാരിതേയ്ക്കാനോ ആര്‍ക്കും അവകാശമില്ലെന്നും പരാതിക്കാരന്‍ പറയുന്നു. നിലവില്‍ ചിത്രം തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ചിരിക്കുകയാണ്. വെള്ളിയാഴ്ചയാണ് ആമി റിലീസ്.

കൊച്ചി: മുടി നീട്ടി വളര്‍ത്തി സ്‌കൂളിലെത്തിയ ഫ്രീക്കന്‍മാരെ പിടികൂടി ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടിവെട്ടിച്ച അധ്യാപകന്റെ വീഡിയോ വൈറല്‍. എറണാകുളം ഇടപ്പള്ളി ഹൈസ്‌കൂളിലെ ഹിന്ദി അധ്യാപകനായ ശ്രീകുമാറാണ് കുട്ടികളെ നിര്‍ബന്ധിച്ച് ബാര്‍ബര്‍ ഷോപ്പിലെത്തിച്ച് മുടി വെട്ടിയത്. സ്‌കൂള്‍ യൂണിഫോമില്‍ കുട്ടികളെ ബാര്‍ബര്‍ ഷോപ്പില്‍ അധ്യാപകനുമൊത്ത് കണ്ട നാട്ടുകാരന്‍ പകര്‍ത്തിയ വീഡിയോയാണ് വൈറലായത്.

സ്‌കൂളിന്റെ അച്ചടക്കം, വിദ്യാര്‍ത്ഥികളുടെ വ്യക്തിശുചിത്വം എന്നിവയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്തതെന്നാണ് അവകാശവാദം. മുടി നീട്ടി വളര്‍ത്തി വരുന്ന ആണ്‍കുട്ടികളെ ശാസിച്ചും ഉപദേശിച്ചും രക്ഷിതാക്കളോട് കാര്യം പറഞ്ഞും നോക്കിയിട്ട് രക്ഷയില്ലാതായപ്പോളാണ് നേരിട്ട് ബാര്‍ബര്‍ ഷോപ്പിലേക്ക് പോകാന്‍ തീരുമാനിച്ചതെന്നാണ് അധ്യാപകന്‍ പറയുന്നത്.

സോഷ്യല്‍ മീഡിയയിലെത്തിയ വീഡിയോക്ക് 11,000ത്തിലധികം ഷെയറുകളും 44.000ത്തിലധികം സന്ദര്‍ശകരുമാണ് ഇതുവരെ ഉണ്ടായത്. വീഡിയോ വൈറലാകട്ടെയെന്ന് ഷൂട്ട് ചെയ്തയാളോട് ശ്രീകുമാര്‍ പറയുന്നതും കേള്‍ക്കാം.

തൃശൂര്‍: സഹോദരിയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മിഥുന്‍ റിമാന്‍ഡില്‍. കൊരുമ്പിശ്ശേരി സ്വദേശി സുജിത്ത് വേണുഗോപാലിനെയാണ് മിഥുന്‍ കമ്പിവടി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയത്. ഇതേത്തുടര്‍ന്ന് ഒളിവില്‍ പോയ മിഥുന്‍ പിന്നീട് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച ഇയാള്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആത്മഹത്യാശ്രമത്തിനിടെയുണ്ടായ പരിക്കുകള്‍ പൂര്‍ണ്ണമായും ഭേദമായിട്ടില്ല.

മിഥുനെ ഠാണാവിലെ സബ്ജയിലിലേക്ക് മാറ്റി. ചെയ്തു പോയ തെറ്റിന് എന്റെ ജീവനെ നിങ്ങള്‍ക്കു തരാന്‍ ഉള്ളു അതില്‍ കുറഞ്ഞു എന്തു തന്നാലും മതിയാവില്ല എന്നെനിക്കറിയാം ഒരു മനുഷ്യന്‍ എന്റെ കൈ കൊണ്ട് ഇല്ലാതായിട്ട് എനിക്കൊരിക്കലും ജീവിക്കാന്‍ കഴിയില്ലെന്ന് മിഥുന്റെ ആത്മഹത്യാശ്രമത്തിന് മുമ്പ് എഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നു.

ഓട്ടോ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്ന മിഥുന്‍ കൊരുമ്പിശ്ശേരി സ്വദേശിയായ സുജിത്തിന്റെ സഹോദരിയെ സ്ഥിരമായി ശല്യം ചെയ്യാറുണ്ടായിരുന്നു. ഇത് ചോദ്യം ചെയ്ത സുജിത്തിനെ ഇയാള്‍ നഗര മദ്ധ്യത്തില്‍ വെച്ച് ഇരുമ്പു വടികൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

മെഡിക്കൽ ഷോപ്പുകളോടു ചേർന്ന് സർക്കാർ ഡോക്ടർമാരുടെ അനധികൃത പ്രാക്ടീസിനെതിരെ ‘രോഗി ചമഞ്ഞ്’ ആരോഗ്യ‍‍‍ ഡയറക്ടറുടെ മിന്നൽ പരിശോധന. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാർ സർക്കാർ ഉത്തരവു ലംഘിച്ചതു കണ്ടെത്തി. സർക്കാർ ഡോക്ടർമാർ താമസസ്ഥലത്തല്ലാതെ സ്വകാര്യ പ്രക്ടീസ് നടത്തരുതെന്നാണ് നിയമമെന്ന് അധികൃതർ പറഞ്ഞു.

രോഗി എന്നു നടിച്ച് ഡോക്ടറുടെ പരിശോധനാ സമയം തിരക്കിയാണ് നഗരത്തിലെ ഒരു മെഡിക്കൽ ഷോപ്പിൽ ഇന്നലെ ഉച്ചയ്ക്ക് ഡയറക്ടർ ഡോ. ആർ.എൽ.സരിത എത്തിയത്. ജില്ലാ ആശുപത്രിയിലേത് ഉൾപ്പെടെ ഡോക്ടർമാരുടെ ബോർഡുകൾ കടയ്ക്കു സമീപം പ്രദർശിപ്പിച്ചിട്ടുണ്ട്. പദവി വ്യക്തമാക്കി വിവരം ചോദിച്ചപ്പോൾ കടയുടമ ഉരുണ്ടുകളിച്ചു. ഡോക്ടർമാർ അവിടെ താമസക്കാരാണെന്നു വിശദീകരിച്ചു. പരിശോധനയിൽ താമസത്തിന്റെ ലക്ഷണങ്ങൾ കണ്ടില്ല.

മറ്റൊരിടത്ത് എത്തിയപ്പോൾ ഉച്ചയ്ക്ക് ശേഷമാണ് ഡോക്ടർമാരുടെ പ്രാക്ടീസെന്ന് കടയുടമ വിശദീകരിച്ചു. കടയുടെ ബോർഡിൽ മൂന്നു ഡോക്ടർമാരുടെ പേരുകൾ പ്രദർശിപ്പിച്ചതിന്റെ ചിത്രവും ഡയറക്ടർ ക്യാമറയിൽ പകർത്തി. ജില്ലാ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ ഡോക്ടർമാർ പുറത്തേക്ക് നിർദേശിക്കുന്നുണ്ടോ എന്നും പരിശോധിച്ചു. ഡിഎംഒ ഡോ. എം.സക്കീന, ആർഎംഒ ഡോ. നീതു കെ.നാരായണൻ എന്നിവർ ഒപ്പമുണ്ടായിരുന്നു. ക്രമക്കേടുകൾക്ക് ബന്ധപ്പെട്ടവരിൽനിന്നു വിശദീകരണം തേടും.

നിയമസഭാ സ്‌‌‌പീക്കര്‍ പി ശ്രീരാമകൃഷ്‌‌‌ണന്‍ കണ്ണട വാങ്ങിയതുമായി ബന്ധപ്പെടുത്തി കുപ്രചരണം നടത്തുന്നവര്‍ക്കുള്ള മറുപടി വൈറലാകുന്നു. കളങ്കമില്ലാത്ത പൊതുജീവിതം തുടരുന്ന കമ്മ്യൂണിസ്റ്റുകാര്‍ മാത്രം സോഷ്യല്‍ ഓഡിറ്റിന് വിധേയമാകുന്നതിന്റെയും ചര്‍ച്ചയാകുന്നതിന്റെയും പൊള്ളത്തരം തുറന്നുകാട്ടുന്നതാണ് കുറിപ്പ്. കൊള്ളയും കൊലയും നടത്തുന്ന ഇതര രാഷ്‌ട്രീയപ്രവര്‍ത്തകരില്‍ നിന്ന് വ്യത്യസ്തമായി പൊതുസമൂഹം പ്രതീക്ഷയര്‍പ്പിക്കുന്നത് കമ്മ്യൂണിസ്റ്റുകാരില്‍ മാത്രമാണ്. ത്യാഗോജ്ജ്വലമായ ജീവിതം നയിക്കുന്നവരെ വീട്ടിലും ഫേസ്‌‌‌ബുക്കിലുമിരുന്ന് അളന്ന് മുറിക്കുന്നവര്‍ക്കുള്ള മറുപടി എഴുതിയിരിക്കുന്നത് യുകെയില്‍ നിന്ന് രാജേഷ് കൃഷ്‌‌‌‌‌‌‌‌ണയാണ്. ബിബിസിയില്‍ മുന്‍ മാധ്യമ പ്രവര്‍ത്തകനും നിലവില്‍  ലോക കേരള സഭയുടെ യുകെയില്‍ നിന്നുള്ള അംഗവുമാണ് രാജേഷ്‌ കൃഷ്ണ …

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം താഴെ 

കണ്ണടയുടെ രാഷ്ട്രീയം

ഒരു രാഷ്‌ട്രീയ സമൂഹത്തില്‍ കമ്മ്യൂണിസ്റ്റ്കാരന്‍ മാത്രമാണ് സോഷ്യല്‍ ഓഡിറ്റിന് വിധേയനാക്കപ്പെടേണ്ടത് കാരണം പൊതു സമൂഹം അവനില്‍ നിന്നു മാത്രമാണ് പ്രതീക്ഷിക്കുന്നതെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. കോണ്‍ഗ്രെസ്സുകാരന് പൊതു സമൂഹം കല്പിച്ചനുവദിച്ചു കൊടുത്തിട്ടുള്ള അവകാശങ്ങളെന്തെല്ലാമാണെന്ന് നോക്കൂ. അവര്‍ക്ക് കൈക്കൂലി വാങ്ങാം, നല്ല കാറില്‍ സഞ്ചരിക്കാം, നല്ല വസ്ത്രം ധരിക്കാം. കേരളാ കോണ്‍ഗ്രെസ്സുകാരന് ഒരു പടി മുകളില്‍ പരസ്യമായി മദ്യപിക്കുകയും ആവാം. ബിജെപിക്കാരന് കൊല്ലും കൊലയും നടത്താം. ഇപ്പറഞ്ഞതൊന്നും ചെയ്തിട്ട് എന്നത് പോയിട്ട് ചെറുത്തുനില്‍ക്കാന്‍ പോലും കമ്മ്യൂണിസ്റ്റുകാരന് അവകാശമില്ല. സിനിമയിലെപ്പോലെ അവന്‍ എന്നും നായകന്റെ തല്ലുകൊള്ളാന്‍ വിധിക്കപ്പെട്ട സൗന്ദര്യമില്ലാത്ത അന്യ സംസ്ഥാന വില്ലനാണ് …!

കമ്മ്യൂണിസ്‌റ്കാര്‍ മണ്ടന്മാരാണ്. പൊതു ഖജനാവിലെ പണം കൊണ്ട് ചികിത്സിക്കുന്നതും കണ്ണട വാങ്ങുന്നതും ഇന്ന് എന്തുകൊണ്ട് ചര്‍ച്ചയായി. അവര്‍ കൈക്കൂലിയോ സമ്മാനമോ ആയി ഇത് വാങ്ങിയിരുന്നെങ്കില്‍ ഇത് ചര്‍ച്ചയാകുമായിരുന്നോ ? 5000 രൂപയില്‍ കൂടിയ ലെന്‍സ് വാങ്ങാന്‍ ഇവര്‍ക്കെന്തവകാശം. 5000 വരെ വാങ്ങാം ട്ടോ, കാരണം കളക്‌‌‌ടര്‍ ബ്രോ യുടെ കണ്ണടയ്ക്ക് വില 5000 ആണ്…! അതാവണം ബഞ്ച് മാര്‍ക്ക് …! കളക്ടര്‍ ബ്രോയുടെ 5000 രൂപയുടെ കണ്ണടയ്ക്കു ‘സെലെക്‌‌‌ടിവ് ബ്ലൈന്‍ഡ്നെസ്സ്’ ഉണ്ടെന്നു ദോഷൈകദൃക്കുകള്‍ പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനുമാവില്ല…!

ഇനി ചിലവേറിയ ചികിത്സയുടെ കാര്യം. സഖാവ് ശ്രീരാമകൃഷ്‌‌‌‌ണനെ അടുത്ത് കിട്ടുമ്പോള്‍ ഒന്ന് തലകുനിക്കാന്‍ പറയണം. അനുസരിക്കുന്നില്ലെങ്കില്‍ നിര്‍ബന്ധിച്ചു കുനിപ്പിക്കണം ഉച്ചിയില്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തിപോലെ ഒരു മുറിവുകാണാം.സമാധാനത്തിന്റെ കാവലാളുകളായ RSS ന്റെ സംഭാവനയാണ്. നിങ്ങള്‍ക്ക് പരിചിതമായ ഒരേ ഒരു സംഖ്യയായ ’52’ ഒന്നുമില്ല, ഒരു 25 തുന്നലെങ്കിലും കാണും. നടക്കുമ്പോള്‍ ദൂരെ നിന്നും ഒന്ന് നോക്കണം ഒരു ഘട്ടത്തില്‍ കാലുവയ്ക്കാന്‍ ഒരു ചെറിയ ‘ഡിലേ’ കാണും. തലച്ചോറിന് പണ്ടേറ്റ ക്ഷതത്തിന്റെ ബാക്കിപത്രം. ഇനി അടുത്ത പരിശോധനയ്ക്കും അവസരം തരാം അടുത്ത് ചെന്ന് ആ മുണ്ട് മുട്ടുവരെ ഒന്ന് ഉയര്‍ത്തി നോക്കിക്കോളൂ,സമ്മതിച്ചില്ലെങ്കില്‍ ബലമായിത്തന്നെ ചെയ്യണം. രണ്ടു കാലിന്റെയും മുട്ടിന് ‘knee’ ക്യാപ്പ് കാണാം. വിദേശിയാണ്,കൈക്കൂലിയല്ല തെറ്റിദ്ധരിക്കരുത്, സുഹൃത്തുക്കള്‍ അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് കൊണ്ടു കൊടുത്തതാണ്. ദോഷം പറയരുതല്ലോ ഇത് നമ്മുടെ സ്വന്തം കേരളാ പോലീസിന്റെ സംഭാവനയാണ്.

അദ്ദേഹത്തിന്റെ ഭാര്യക്കും രണ്ടു കുട്ടികള്‍ക്കും വേണ്ടി വാങ്ങിയതല്ല. കാലാകാലങ്ങളില്‍ വീട്ടിലിരുന്നും ഫേസ്‌‌‌‌ബുക്കിലിരുന്നും ഓഡിറ്റ് ചെയ്തു മറിക്കുന്ന ഞാനടക്കമുള്ള കേരളത്തിലെ പൊതു സമൂഹത്തിന്റെ പ്രശ്‌നങ്ങള്‍ക്കു വേണ്ടി വാങ്ങിയ തല്ലുകളുടെ ബാക്കിപത്രം. ഇപ്പറഞ്ഞ രണ്ടു കാര്യങ്ങള്‍ ദൃശ്യമായത്. അദൃശ്യമായ എത്രയോ ക്ഷതങ്ങള്‍ ആ ശരീരത്തില്‍ ഉണ്ട്. കാരണം ഞങ്ങളുടെ സഖാക്കള്‍ AC മുറികളിലെയും സംരക്ഷിത ഫേസ്‌‌‌ബുക്ക് ഇടങ്ങളിലെയും രാഷ്‌ട്രീയം പരിചയിച്ചവരല്ല.

എന്റെ അറിവില്‍ രണ്ടോ മൂന്നോ പ്രാവശ്യം രണ്ടു വര്‍ഷത്തിനുള്ളില്‍ ചികിത്സ കഴിഞ്ഞു. കോയമ്പത്തൂര്‍, കോട്ടക്കല്‍ ആര്യവൈദ്യശാലകളിലെ ചികിത്സയുടെ ചിലവൊന്ന് എടുത്തു നോക്കൂ. ഇനി കോട്ടക്കല്‍ പോകാതെ കോയമ്പത്തൂര്‍ പോയതിനെ കുറ്റമായി കണ്ടു പിടിക്കേണ്ട. വൈദ്യശാലക്കാര്‍ തന്നെയാണ്, കോട്ടക്കല്‍ ആണെങ്കില്‍ ശ്രീരാമകൃഷ്‌‌ണനോടുള്ള സ്വാതന്ത്ര്യത്തിന്റെ കൂടുതല്‍കൊണ്ട് ആളുകള്‍ ആവശ്യങ്ങളുമായി നിരന്തരം കയറിയിറങ്ങും എന്നതിനാല്‍ കോയമ്പത്തൂരിലേക്ക് ആക്കാം എന്ന് തീരുമാനിച്ചത്. കമ്മ്യൂണിസ്റ്റ്കാരനായ പൊതുപ്രവര്‍ത്തകന് വിശ്രമം അനുവദനീയമല്ലല്ലോ. ആവശ്യക്കാരന് ഔചിത്യവുമില്ലല്ലോ …!

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് എന്റെ അച്ഛന്റെ തിമിര ശസ്ത്രക്രിയ ചെയ്ത സമയത്തെ ഒരു സംഭവം പറയാം. ഒരു ദിവസം വിളിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഒരു കണ്ണട ക്ലിനിക്കില്‍ പോയിവന്നിരിക്കുകയാണ് അച്ഛന്‍. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അവര്‍ 5000,15000,25000 എന്നിങ്ങനെ മൂന്നുതരം ലെന്‍സിനെക്കുറിച്ചു പറഞ്ഞു. കൂട്ടത്തില്‍ അച്ഛന്‍ ഒന്നുകൂടി പറഞ്ഞു, മക്കള്‍ ഒക്കെ എവിടെ എന്ന് സൗഹാര്‍ദ്ദപൂര്‍വം വിശദമായി ചോദിച്ചറിഞ്ഞ ശേഷമാണ് വില വിവര പട്ടിക നിരത്തിയതെന്ന്.

ഞാന്‍ എന്റെ അടുത്ത സുഹൃത്തിന്റെ ചേട്ടനെ വിളിച്ചു ആള്‍ തിരുവനന്തപുരത്തെ ഏറ്റവും പ്രശസ്തമായ ഐ ഹോസ്പിറ്റലിലെ ഒഫ്താല്‍മോളജിസ്റ്റാണ്. തിരക്കുമൂലമാവും കിട്ടിയില്ല. അടുത്ത ഓപ്ഷനായി എന്റെ സഹപാഠിയുടെ ഭര്‍ത്താവും ആലപ്പുഴ മെഡിക്കല്‍ കോളേജിലെ വളരെ പ്രശസ്തനായ ഒഫ്താല്‍മോളജിസ്റ്റുമായ സുഹൃത്തിനെ വിളിച്ചു തിരക്കി. അദ്ദേഹത്തിന്റെ ഉത്തരം അദ്ദേഹത്തിന്റെ വാക്കുകളില്‍ ‘ ഇത് ബ്രാന്‍ഡ് കോണ്‍ഷസ് ആയ സമൂഹത്തില്‍ നടത്തുന്ന വെറും മുതലെടുപ്പാണ്, രാജേഷ് എന്റെ കൂടെ കയറാറുണ്ടോ സര്‍ജറിക്ക്, ഇല്ലല്ലോ, ഇതിന്റെ ഗുണനിലവാരം പിന്നീട് പൊളിച്ചു നോക്കി ചെക്ക് ചെയ്യാറുമില്ലലോ. ആരും ലെന്‌സ് മോശമായതുകൊണ്ട് വീണ്ടും ചെയ്തതായും അറിവില്ല.

അത് കൊണ്ട് വിലകൂടിയതിന്റെ പിന്നാലെ പോകണ്ട’ അടുത്ത ദിവസം തിരുവന്തപുരത്തെ ഡോക്ടര്‍ പറഞ്ഞതും സമാനമായ ഉത്തരമാണ്. അദ്ദേഹത്തിന്റെ തിരക്ക് കാരണം ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയിരുന്നതിനെ റൂള്‍ ഔട്ട് ചെയ്‌‌‌ത് അദ്ദേഹം തന്നെ സര്‍ജറിയും ചെയ്തു. അച്ഛന്‍ ഒരു റിട്ടയേഡ് പ്രൊഫെസര്‍ ആണ്, വിദ്യാഭ്യാസമുള്ള അദ്ദേഹത്തിനുപോലും ഒരുനിമിഷം രണ്ടുചിന്തയുണ്ടാക്കി എന്നതാണ് ഇതിന്റെ വ്യാപ്തി. നാട്ടില്‍ കൂണുപോലെ മുളച്ചിരിക്കുന്ന ഹൈടെക് ലാബുകളും കണ്ണട ക്ലിനിക്കുകളും ‘ക്വാളിറ്റി’ എന്ന പുകമറ സൃഷ്ടിച്ച് സാധാരണ ജനങ്ങളില്‍ വലിയ കണ്‍ഫ്യൂഷനാണ് വിതച്ചിരിക്കുന്നത്.

SFI ക്കാലം മുതല്‍ അടുത്തു നിന്ന് കാണുന്ന ജ്യേഷ്‌‌ഠ തുല്യനായ സഖാവാണ് ശ്രീരാമകൃഷ്ണന്‍. അന്നും ഇന്നും സൗഹൃദത്തിലോ പെരുമാറ്റത്തിലോ കാപട്യം കാണിക്കാത്ത, ‘നേതാവ്’ എന്ന വിശേഷണത്തിന് തീര്‍ത്തും അര്‍ഹന്‍. അദ്ദേഹത്തെ ‘ഗ്ലോറിഫൈ’ ചെയ്യാന്‍ കഴിയുന്ന ഒരു നൂറു സംഭവങ്ങള്‍ എന്റെ ഓര്‍മയിലുണ്ട്. അതൊക്കെ അടുത്തു നിന്ന് നേരിട്ട് കണ്ടു സ്വയം ബോധ്യപ്പെട്ടിട്ടുള്ളതിനാലും, അതൊന്നും ഇവിടെ ഇപ്പോള്‍ വിളമ്പേണ്ടതല്ലാത്തതിനാലും മൗനം പാലിക്കുന്നു. എന്റെ നാട്ടിലെ ഒരു ഐ ക്ലിനിക്കിന്റെ വെബ്‌സൈറ്റിലെ വിലവിവരകണക്കുകളാണ് ചിത്രത്തില്‍.

എന്നെ ന്യായീകരണ തൊഴിലാളി എന്ന് വിളിക്കുന്നവരോട് ഒരു പരിഭവവുമില്ല. ഇത് ന്യായീകരണം തന്നെയാണ്,കൂട്ടത്തില്‍ ചെറുത്തുനില്‍പ്പും.ഒരു ചില്ലിക്കാശിന്റെ അഴിമതി കാട്ടാത്ത,സ്വജന പക്ഷപാതം കാട്ടാത്ത,ഒട്ടേറെ ആക്രമണങ്ങളെ ആയുസ്സിന്റെ ബലംകൊണ്ടുമാത്രം അതിജീവിച്ച ഒരു യഥാര്‍ഥ കമ്മ്യൂണിസ്റ്റ് നേതാവിനെ ചെളിവാരിയെറിയാനുള്ള നീക്കത്തെ ചെറുത്തില്ലെങ്കില്‍ പിന്നെ എന്ത് രാഷ്‌ട്രീയം.

 

RECENT POSTS
Copyright © . All rights reserved