Kerala

സര്‍ സിപിയുടെ പട്ടാളത്തോക്കുകള്‍ വയലാറിന്റെ മണ്ണില്‍ കമ്യൂണിസ്റ്റുകാരുടെ ഇടനെഞ്ചു നോക്കി ഗര്‍ജ്ജിച്ചതിനു സാക്ഷികളായാവരില്‍ ബാക്കിയാവുന്നവരിലൊരാളാണ് സഖാവ് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതയിലും മനസിലെ വിപ്ലവവീര്യം ചോരാത്ത സഖാവ്. കൃഷ്ണപിള്ളയും എകെജിയുമൊക്കെ ഇന്നും സിരകളിലെ ഊര്‍ജ്ജപ്രവാഹമാണ് ഭാഗീരഥിയമ്മയ്ക്ക്. അതുകൊണ്ട് തന്നെ വി.ടി ബല്‍റാം എംഎല്‍എ, എകെജിയെ കുറിച്ച് പറഞ്ഞതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ സഖാവ് ഭാഗീരഥിയമ്മയുടെ ശബ്ദം വിറച്ചിരുന്നു…

മനുഷ്യനെ അറിഞ്ഞ കമ്യൂണിസ്റ്റ് ആയിരുന്നു സഖാവ് എകെജി. ആ സഖാവിനെ കുറിച്ച് ഇത്തരത്തിലോരൊന്നും പറഞ്ഞു കേള്‍ക്കുമ്പോള്‍, സഹിക്കാന്‍ കഴിയില്ല.

സ്റ്റേജില്‍ നിന്നും പ്രസംഗിക്കുന്ന എകെജിയെയാണ് ഞാന്‍ ആദ്യം കാണുന്നത്. എകെജിയുടെയും ഇംഎസ്സിന്റെയുുമൊക്കെ പ്രസംഗമുണ്ടെന്ന് കേട്ടാല്‍ ഞങ്ങളെല്ലാവരും പോകും. ഉത്സവത്തിന് പോകുന്നപോലെയാണത്. ഒരിക്കല്‍ വയലാറിനടുത്തുള്ള കൊല്ലപ്പള്ളിയില്‍ എകെജിയുടെ പ്രസംഗമുണ്ടായിരുന്നു. ഇന്നും ഞാനോര്‍ക്കുന്നുണ്ട്. ‘പാഠം ഒന്ന് പശു നമുക്ക് പാലു തരും, പാലു കുടിക്കാഞ്ഞാല്‍ അമ്മ കരയും, അമ്മ കരഞ്ഞാല്‍ ഞാന്‍ പാലു കുടിക്കും. ഇതുവായിച്ചു പഠിക്കുന്ന നമ്മുടെ കുട്ടികള്‍ക്ക് പാലിന്റെ നിറം എന്താണെന്നുപോലും അറിയില്ല’, അദ്ദേഹത്തിന്റെ വാക്കുകളാണിത്; ഭാഗീരഥിയമ്മ ഓര്‍ത്തെടുക്കുന്നു.

പലരും അന്നു പറയുമായിരുന്നു എകെജിയുടെ കാലം കഴിഞ്ഞാല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്ന്. അന്നൊക്കെ ഞങ്ങള്‍ പറയും, ഒരിക്കലുമില്ല, അദ്ദേഹം കൊളുത്തി തന്നിട്ടുള്ള ജ്വാല കെടാതെ സൂക്ഷിക്കാന്‍ പതിനായിരങ്ങള്‍ പുറകിലുണ്ടെന്ന്. ഈ പ്രസ്ഥാനം ഇന്നും ശക്തിയോടെ നിലനില്‍ക്കുന്നത് ഈ നാട്ടിലെ സാധാരണക്കാര്‍ സഖാവ് എകെജിയോടും കൃഷ്ണപിള്ള സഖാവിനോടും ഈയെമ്മിനോടുമൊക്കെ പുലര്‍ത്തുന്ന വിശ്വാസം കൊണ്ടാണ്. ബല്‍റാമിനെ പോലുള്ളവര്‍ അപമാനിക്കുന്നത് ഈ സാധാരണക്കാരെയാണ്.

കമ്യൂണിസ്റ്റുകാര്‍ ഒളിവില്‍ കഴിഞ്ഞിരുന്നതിനെ പരിഹസിക്കുന്ന ബല്‍റാമിനെ പോലുള്ളവര്‍ ചരിത്രം പഠിക്കാന്‍ ശ്രമിക്കണം. എന്റെ വീട്ടിലും സഖാക്കന്മാര്‍ ഒളിച്ചു താമസിച്ചിട്ടുണ്ട്, ഞാനവര്‍ക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്… എന്നോടവരാരും ഒരു മോശവും പറഞ്ഞിട്ടില്ല. അതിനായിരുന്നില്ല അവര്‍ക്കു സമയം. സ്വന്തം ജീവന്‍ രക്ഷിക്കാന്‍ വെപ്രാളപ്പെട്ട് എവിടെയെങ്കിലും ഒളിച്ചിരിക്കാന്‍ വരുന്ന ഭീരുക്കളായിരുന്നില്ല സഖാക്കള്‍. ഞങ്ങളുടെ സഖാക്കള്‍ ധീരന്മാരായിരുന്നു. അവരുടെ ജീവന്‍ സംരക്ഷിക്കാന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ അത് പ്രസ്ഥാനത്തിനും നാടിനും വേണ്ടിയായിരുന്നു. ബല്‍റാമിനെ പോലുള്ളവര്‍ കളിക്കുന്ന രാഷ്ട്രീയമായിരുന്നില്ല അന്ന് സഖാക്കന്മാര്‍ നടത്തിയിരുന്നത്. അതേക്കുറിച്ചൊക്കെ പറയാന്‍ തന്നെ വേണം ചങ്കൂറ്റം.

എന്റെ കുടുംബം തുടക്കംതൊട്ട് അടിയുറച്ച പാര്‍ട്ടി വിശ്വാസികളായിരുന്നു. പലപ്പോഴും പാര്‍ട്ടി മീറ്റിംഗുകള്‍ കൂടുന്നത് ഞങ്ങളുടെ വീട്ടില്‍വച്ചാണ്. പലനേതാക്കളും അന്നവിടെ വന്നുപോകുമായിരുന്നു. പിന്നീട് കമ്യൂണിസ്റ്റുകാര്‍ വേട്ടയാടപ്പെട്ടിരുന്ന കാലത്ത് പലരും ഞങ്ങളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചിട്ടുണ്ട്. അതാരൊക്കെയാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ചേട്ടന്‍ ഒന്നും ഞങ്ങളോട് പറയുകയുമില്ല. എന്നാല്‍ വീട്ടിലെ തട്ടിന്‍പുറത്ത് ഒളിവിലിരുന്ന ഒരു സഖാവിനെ പിന്നീട് ഞാന്‍ തിരിച്ചറിഞ്ഞു. ആ പേര് കേട്ടപ്പോള്‍ ഉണ്ടായ തരിപ്പ് ഇന്നും എന്നില്‍ നിന്ന് വിട്ടുപോയിട്ടില്ല; സഖാക്കന്മാരുടെ സഖാവ് പി കൃഷ്ണപിള്ളയായിരുന്നു അത്. ഞങ്ങളുടെ വീട്ടിലെ തട്ടിന്‍പുറം അന്നത്തെ കമ്യൂണിസ്റ്റുകരുടെ പ്രധാന ഒളിത്താവളം ആയിരുന്നു. എന്റെ അമ്മയ്ക്ക് നല്ല ധൈര്യമായിരുന്നു. പട്ടാളമോ പോലീസോ വീട്ടില്‍ തിരക്കിവന്നാല്‍ അമ്മ അവരോട് തട്ടിക്കയറും. പിന്നീട് പട്ടാളം വീട്ടില്‍ കയറി അക്രമം കാണിച്ചിട്ടുണ്ടെങ്കിലും ഒളിച്ചിരുന്ന ഒരാളെയും ഞങ്ങളുടെ വീട്ടില്‍ നിന്ന് പിടികൂടാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. ഒളിവിലിരിക്കുന്നവര്‍ക്ക് കഞ്ഞി വിളമ്പി കൊടുക്കുന്നത് എന്റെ ചുമതലയാണ്. ഞങ്ങളുടെ വീടിന് ചുറ്റിലുമുള്ള ചിലരൊക്കെ ബ്രിട്ടീഷ് പക്ഷമാണ്. അതുകൊണ്ട് കഞ്ഞികൊടുക്കുന്ന സമയമാകുമ്പോള്‍ അമ്മ പുറത്ത് വേലിക്കലിറങ്ങി നില്‍ക്കും. ആരെങ്കിലും വരുന്നുണ്ടോയെന്നറിയാന്‍. ഈ സമയം ഞാന്‍ കഞ്ഞി കൊടുക്കും. ഒരു ദിവസം അമ്മ വീട്ടില്‍ ഇല്ലാതിരുന്നപ്പോള്‍ ഒരു സഖാവിന് ഭക്ഷണം ഉണ്ടാക്കി കൊടുക്കേണ്ട ചുമതല എനിക്കായിരുന്നു. ഞാന്‍ ഉണ്ടാക്കിയ കഞ്ഞിയും കൂട്ടാനും അദ്ദേഹം സ്വാദോടെ കുടിച്ചു. കുറച്ചു കഴിഞ്ഞ് ചേട്ടന്‍ വന്നു. കൂട്ടാനെടുത്ത് വായില്‍ വച്ചപ്പോഴാണ് ചേട്ടന്‍ പറയുന്നത് ഇതിനൊട്ടും ഉപ്പില്ലല്ലോടിയെന്ന്. ഞാന്‍ പെട്ടെന്ന് തട്ടിലിരിക്കുന്ന സഖാവിനെ നോക്കി അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. സാരമില്ലെന്ന് തലയാട്ടി. ഞങ്ങളുടെ വീടിനു മാറിയിട്ടുള്ള മറ്റൊരു വീട്ടിലും ഒരു സഖാവ് ഒളിവില്‍ ഇരിപ്പുണ്ടായിരുന്നു. അന്നൊക്കെ ഭക്ഷണത്തിനൊക്കെ വല്ലാത്ത ബുദ്ധിമുട്ടുള്ള കാലമാണ്. ആ വീട്ടിലാണെങ്കില്‍ ഒരു ദിവസം കഴിക്കാന്‍ ഒന്നുമില്ലാത്ത അവസ്ഥ വന്നു. സഖാവ് ഒളിവിലിരിക്കുകയല്ലേ, എന്തു ചെയ്യുമെന്ന് ആലോചിച്ച് ആകെ വിഷമിച്ചിരിക്കുകയാണ് അവിടുത്തെ ചേച്ചി. അപ്പോഴാണ് ഉണ്ടായിരുന്നതില്‍ ഒരു കോഴി മുട്ടയിടുന്നത്. ഉടനെ ആ മുട്ടയെടുത്ത് പുഴുങ്ങി ഒരു ഗ്ലാസ് പച്ചവെള്ളവുമായി സഖാവിനു കൊടുത്തു. ആ സഖാവ് അപ്പോള്‍ എന്തോ എഴുതി കൊണ്ടിരിക്കുകയാണ്. ഇതു മാത്രമേയുള്ളൂവെന്നു പറഞ്ഞപ്പോള്‍ സഖാവ് ചിരിയോടെ പറഞ്ഞത് എന്റെ വിശപ്പല്ല, നിങ്ങളുടെയൊക്കെ വിശപ്പാണ് വലുത് എന്നായിരുന്നു. വൈകിട്ട് ചെന്നു നോക്കുമ്പോഴും സഖാവ് എഴുതി കൊണ്ടിരിക്കുകയാണ്, മുട്ടയും വെള്ളവും അതുപോലെ തന്നെ…. രാവിലെ തുടങ്ങിയ എഴുത്ത്, വൈകും വരെ, ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാതെ. ഒടുവില്‍ ആ ചേച്ചി നിര്‍ബന്ധിച്ചപ്പോഴാണ് കഴിക്കാന്‍ തയ്യാറായത്. ഇക്കാര്യം ആ ചേച്ചി വന്നു പറഞ്ഞത് ഇന്നും ഞാന്‍ മറന്നിട്ടില്ല; ഭാഗീരഥിയമ്മ പറയുന്നു.

വലിയ കോണ്‍ഗ്രസ് നേതാവായ വിടി ബല്‍റാമിനെ ഒരു സംഭവം കൂടി ഓര്‍മിപ്പിക്കാം…

വയലാര്‍ വെടിവപ്പിനുശേഷമാണ്, ഒരിക്കല്‍ എകെജി വയലാറില്‍ ഒളിവില്‍ താമസിക്കാനെത്തി. അന്നദ്ദേഹം ഒളിവിലിരുന്നത് ദേവകി ചേച്ചിയുടെ വീട്ടിലാണ്. ദേവകി ചേച്ചിയെന്നാല്‍ വയലാര്‍ രവിയുടെ അമ്മ ദേവകി കൃഷ്ണന്‍. ദേവകി ചേച്ചിയും കൃഷ്ണന്‍ ചേട്ടനും അന്ന് കമ്യൂണിസ്റ്റുകാരായിരുന്നു. എകെജിയെ വീട്ടില്‍ ഒളിച്ചു താമസിപ്പിക്കുന്നതില്‍ കൃഷ്ണന്‍ ചേട്ടന്‍ ആദ്യം ചെറിയൊരു എതിര്‍പ്പ് പറഞ്ഞു. മറ്റൊന്നുമായിരുന്നില്ല, അവിടെവച്ചെങ്ങാനും പോലീസ് സഖാവിനെ പിടിക്കുകയാണെങ്കില്‍ അത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. പക്ഷേ ദേവകി ചേച്ചിക്ക് നല്ല ധൈര്യമായിരുന്നു.

എകെജിയെ തേടി ഒരു ദിവസം അവിടെ പോലീസ് എത്തി. ദേവകി ചേച്ചി ഉടന്‍ തന്നെ അകത്തിരുന്ന കോടാലിയെടുത്ത് എകെജിയുടെ കൈയില്‍ കൊടുത്തിട്ട് പുറത്ത് കിടക്കുന്ന വിറക് കീറിക്കോളാന്‍ പറഞ്ഞു. എകെജി ഉടന്‍ തന്നെ കള്ളിമുണ്ടൊക്കെ ഉടുത്ത് തലേല്‍ക്കെട്ടുമൊക്കെ കെട്ടി വിറകു കീറാന്‍ കൂടി. പോലീസ് വീട്ടിലെത്തിയപ്പോള്‍ ഒരു കൂസലുമില്ലാതെ അകത്തുകേറി പരിശോധിച്ചോളാന്‍ ദേവകി ചേച്ചി പറഞ്ഞു. പോലീസുകാര്‍ക്ക് ആരെയും വീടിനകത്ത് നിന്ന് കിട്ടിയില്ല. പോകാാന്‍ നേരത്താണ് വിറകു കീറുന്നയാളെ കാണുന്നത്. എന്നാല്‍ ആയാളെക്കൂടി ഒന്നു ചോദ്യം ചെയ്‌തേക്കാമെന്ന് പോലീസുകാര്‍ പറഞ്ഞു. ഉടനെ കൂട്ടത്തിലുണ്ടായിരുന്ന എസ് ഐ അവരെ തടഞ്ഞു. നിങ്ങള്‍ പുറത്തേക്കു പോയ്‌ക്കോളൂ ഞാന്‍ പോയി അയാളോട് സംസാരിക്കാമെന്ന് എസ് ഐ. എസ് ഐ അടുത്തേക്ക് വരുന്നത് കണ്ട് എകെജി കരുതലോടെ നില്‍ക്കുകയാണ്. അടുത്തെത്തിയ ആ പോലീസുകാരന്‍ ശബ്ദം താഴ്ത്തി പറഞ്ഞു ‘സഖാവേ… കഴിവതും വേഗം ഇവിടെ നിന്ന് രക്ഷപ്പെട്ടോളണം’. എകെജിയെ സ്‌നേഹിക്കുന്നവരില്‍ ഒരാളായിരുന്നു ആ എസ്‌ഐയും.

പറയാന്‍ ഉണ്ടെങ്കില്‍ ഇനിയുമുണ്ട് ഞങ്ങളുടെ സഖാവിനെ കുറിച്ച്… പക്ഷേ നീചമനഃസ്ഥിതിക്കാര്‍ക്ക് എകെജിയെ പോലൊരു മനുഷ്യനെ കുറിച്ച് പറഞ്ഞു കൊടുത്തിട്ട് എന്തു കാര്യം… ഞങ്ങള്‍ നടത്തുന്ന പോരാട്ടം നിങ്ങള്‍ക്കു വേണ്ടിയാണ് എന്നു നിറതോക്കിനു മുന്നില്‍ നിന്ന് ഉശിരോടെ വിളിച്ചു പറഞ്ഞ സഖാക്കന്മാര്‍ ഉറങ്ങുന്ന വയലാറിന്റെ മണ്ണില്‍ നിന്നു കൊണ്ട് ഒരു കാര്യം കൂടി ബല്‍റാമിനെ പോലുള്ളവരോട് പറയാം;

നിങ്ങള്‍ എകെജിയെ അപമാനിച്ചാല്‍ വേദനിക്കുന്നത് ഞങ്ങളെ പോലുള്ള സാധാരണക്കാര്‍ക്കാണ്…

തിരുവനന്തപുരം: പോലീസിന്റെ ക്രമസമാധാനപാലനവും നിരീക്ഷണവും ഇനി ഉന്നത ഉദ്യോഗസ്ഥര്‍ക്കു തത്സമയം വീക്ഷിക്കാം. തല്‍ക്ഷണം ഇടപെട്ടു നിര്‍ദേശവും നല്‍കാം. യൂണിഫോമില്‍ അത്യാധുനിക നിരീക്ഷണക്യാമറകള്‍ ഘടിപ്പിക്കുകയാണ്. ഇതോടെ, പട്രോളിങ്ങും അനുബന്ധപ്രവര്‍ത്തനങ്ങളും ശക്തമാക്കും. പോലീസിനെ സുതാര്യമാക്കാനും പുതിയ സംവിധാനം വഴിയൊരുക്കും.

പരീക്ഷണാടിസ്ഥാനത്തില്‍ കൊച്ചിയിലും തിരുവനന്തപുരത്തും നടപ്പാക്കുന്ന പദ്ധതിക്കു പോലീസ് ആസ്ഥാനത്ത് തുടക്കമായി. ഉദ്യോഗസ്ഥര്‍ക്ക് ക്യാമറകള്‍ െകെമാറി പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉദ്ഘാടനം ചെയ്തു. ഈ വര്‍ഷം തന്നെ പദ്ധതി സംസ്ഥാനത്തു നടപ്പാക്കുമെന്നു അദ്ദേഹം പറഞ്ഞു. ബ്രോഡ്കാസ്റ്റിങ് സംവിധാനമുള്ള ക്യാമറകളാണ് പോലീസ് ഉപയോഗിക്കുന്നത്.

പൊതുമേഖലാ സ്ഥാപനമായ ബ്രോഡ്കാസ്റ്റിങ് കണ്‍സള്‍ട്ടന്റ് ഇന്ത്യ ലിമിറ്റഡ് എന്ന മിനിരത്ന കമ്പനിയാണ് ഇവ നിര്‍മിച്ചത്. തല്‍സമയ ദൃശ്യങ്ങളാണു ഇതിന്റെ സവിഷേത. 4 ജി സിം ഉപയോഗിച്ച് ക്യാമറാദൃശൃങ്ങളും ശബ്ദവും ജി.എസ്.എം. സംവിധാനം വഴി കണ്‍ട്രോള്‍ റൂമിലേക്കോ ആവശ്യമുള്ള മറ്റേതെങ്കിലും കേന്ദ്രത്തിലേക്കോ അയയ്ക്കാം. ക്രമസമാധാനപാലനവേളയില്‍ ജില്ലാ പോലീസ് മേധാവി, റേഞ്ച് ഐജി, എഡി ജി.പി, സംസ്ഥാന പോലീസ് മേധാവി തുടങ്ങിയവര്‍ക്ക് ഈ ദൃശ്യങ്ങള്‍ കാണാനും നിര്‍ദേശം നല്‍കാനും സാധിക്കും.

സീനിയര്‍ ഓഫീസര്‍ക്ക് ക്യാമറ ഘടിപ്പിച്ച പോലീസ് ഓഫീസറോടും തിരിച്ചും പുഷ് ടു ടാക് സംവിധാനം വഴി സംസാരിക്കാനാവും. ഒരു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് പരസ്പരം സംസാരിക്കാനും കഴിയും. ഇവയ്ക്കുപുറമേ, 64 ജിബി മെമ്മറിയുള്ള ക്യാമറകളില്‍ ഓഡിയോ വീഡിയോ റെക്കോഡിങ് സൗകര്യമുള്‍പ്പെടെ മറ്റു സാധാരണ ക്യാമറകളിലുള്ള സംവിധാനങ്ങളുമുണ്ട്. ഓരോ ദിവസത്തെയും റെക്കോഡിങ് അതതു ദിവസം കണ്‍ട്രോള്‍ റൂമില്‍ ശേഖരിക്കുന്നതിനും പിന്നീടുള്ള വിശകലനത്തിന് ഉപയോഗിക്കുന്നതിനും കഴിയും. എ.ഡി.ജി.പി: ആനന്ദകൃഷ്ണന്‍, ഐ.ജിമാരായ മനോജ് എബ്രഹാം, ദിനേന്ദ്ര കശ്യപ്, സിറ്റി പോലീസ് കമ്മിഷണര്‍ പി. പ്രകാശ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു.

 

കൊച്ചി: സിറോ മലബാര്‍ സഭയെ പിടിച്ചുകുലുക്കിയ എറണാകുളം- അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടിലെ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ പ്രതിരോധത്തിലാക്കുന്ന നിലപാടില്‍ ഉറച്ച് വൈദികര്‍. അടുത്തയാഴ്ച ചേരുന്ന സിനഡ് യോഗത്തില്‍ ഭൂമി ഇടപാട് ചര്‍ച്ച ചെയ്യണമെന്ന് വൈദികര്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി യോഗവും വിളിക്കണമെന്നും വൈദികര്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് പരാതി നല്‍കും. അന്വേഷണ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ഉള്‍പ്പെടെയായിരിക്കും പരാതി നല്‍കുക.

അടുത്ത തിങ്കളാഴ്ചയാണ് കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ സിനഡ് ചേരുക. സിറോ മലബാര്‍ സഭയുടെ കീഴിലുള്ള എല്ലാ ബിഷപ്പുമാര്‍ സിനഡില്‍ പങ്കെടുക്കും. സിനഡിനു തൊട്ടുപിന്നാലെ വൈദിക സമിതി വിളിക്കണമെന്നാണ് വൈദികരുടെ ആവശ്യം. സിനഡ് യോഗം തടസ്സപ്പെടുത്തുന്ന ഒരു നടപടിയും വൈദികരുടെ ഭാഗത്തുനിന്ന് ഉണ്ടാവില്ല. ഈ സമയത്ത് മാര്‍പാപ്പയ്ക്ക് പരാതിയും നല്‍കില്ല. സിനഡ് കഴിയുന്നതുവരെ സംയമനത്തോടെ കാത്തിരിക്കും.

കഴിഞ്ഞ ദിവസം കര്‍ദ്ദിനാള്‍ വിളിച്ച വൈദിക സമിതി യോഗം മൂന്നു വിശ്വാസികള്‍ കര്‍ദ്ദിനാളിനെ തടഞ്ഞുവച്ചതിനെ തുടര്‍ന്ന് തടസ്സപ്പെട്ടിരുന്നു. ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് അവതരിപ്പിക്കാനിരിക്കേയാണ് സഭയുടെ ചരിത്രത്തില്‍ ആദ്യമായി വൈദിക സമിതി യോഗം തടസ്സപ്പെടുന്നത്. വൈദിക സമിതിയുടെ അധ്യക്ഷന്‍ ആര്‍ച്ച് ബിഷപ്പ് കൂടിയായ കര്‍ദ്ദിനാള്‍ ആയതിനാല്‍ അദ്ദേഹത്തിന്റെ സാന്നിധ്യമില്ലാതെ യോഗം ചേരാനും കഴിയില്ലായിരുന്നു. ഇതേതുടര്‍ന്ന് യോഗം അനിശ്ചിതകാലത്തേക്ക് നീട്ടിവയ്ക്കുകയായിരുന്നു.

 

കോട്ടയം ചിങ്ങവനത്താണു സംഭവം. ഭാര്യയെ കാണാനില്ല എന്നു ഭര്‍ത്താവും ഭര്‍ത്താവിനെ കാണാനില്ല എന്ന അയല്‍വാസിയായ ഭാര്യയും പോലീസില്‍ പരാതി നല്‍കി.മൂന്നു കുട്ടികളുമായി വീട്ടമ്മ രണ്ടു കുട്ടികളുള്ള അയല്‍വാസിക്കാപ്പം ഒളിച്ചോടി. രണ്ടു വീട്ടുകാരുടെയും പരാതി സ്വീകരിച്ച പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാവിലെ മൂന്നു കുട്ടികളുള്ള വീട്ടമ്മയുടെ ഭര്‍ത്താവ് ജോലിക്കു പോയി എങ്കിലും ബാഗ് എടുക്കാന്‍ മറന്നതിനെ തുടര്‍ന്നു തിരികെ വരികയായിരുന്നു. വീട്ടില്‍ എത്തിയപ്പോള്‍ അയല്‍വാസിയെ ഭാര്യക്കൊപ്പം മുറിയില്‍ കണ്ടെത്തുകയായിരുന്നു.

ഇതിനെ തുടര്‍ന്നു ഭര്‍ത്താവ് അയല്‍വാസിയെ അടിക്കുകയും ചെയ്തിരുന്നു. പിന്നീട് ജോലി കഴിഞ്ഞ എത്തിയപ്പോള്‍ ഭാര്യയെയും കുട്ടികളെയും കാണാനില്ല എന്നു ഇയാള്‍ പരാതി നല്‍കുകയായിരുന്നു. ആറിലും രണ്ടിലും നഴ്സറിയിലും പഠിക്കുന്ന കുട്ടികളുമായാണു വീട്ടമ്മ ഒളിച്ചോടിയത്.

‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു.

പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല.

തിരുവനന്തപുരം: മെഡിക്കല്‍ റീഇമ്പേഴ്‌സ്മെന്റ് ആനുകൂല്യങ്ങള്‍ അനര്‍ഹമായി കൈപ്പറ്റിയെന്ന ആരോപണത്തില്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ വിജിലന്‍സ് പ്രാഥമികാന്വേഷണം. പരാതിയില്‍ കഴമ്പുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. ബിജെപി സസംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ നല്‍കിയ പരാതിയിലാണ് വിജിലന്‍സ് നടപടി.

തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക യൂണിറ്റിനാണ് അന്വേഷണച്ചുമതല. റീ ഇമ്പോഴ്‌സ്‌മെന്റ് കൈപ്പറ്റുന്നതിനായി മന്ത്രി വ്യാജ കണക്കുകള്‍ നല്‍കിയെന്നാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ സുരേന്ദ്രന്‍ ആരോപിക്കുന്നത്. സ്വകാര്യ ആശുപത്രികളിലെ ചികിത്സക്ക് 3,81,876 രൂപ ചെലവാക്കിയെന്നും ഭക്ഷണത്തിനുള്‍പ്പെടെയുള്ള തുക സര്‍ക്കാരില്‍ നിന്ന് തിരികെ വാങ്ങിയെന്നുമാണ് ആരോപണം.

മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റിനായി സമര്‍പ്പിച്ച ബില്ലുകളില്‍ ഭക്ഷണ ബില്ലുകള്‍ തിരുകിക്കയറ്റിയെന്നാണ് ബിജെപി ഉന്നയിച്ച ആരോപണം. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മന്ത്രി കെ.കെ ശൈലജ വ്യക്തമാക്കിയിരുന്നു. പദവി ഉപയോഗിച്ച് ഭര്‍ത്താവിന്റെ ചികിത്സയ്ക്കുള്ള ധനസഹായം അനധികൃതമായി കൈപ്പറ്റിയെന്ന ആരോപണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും നിയമപരമല്ലാത്ത ഒരു കാര്യംപോലും മെഡിക്കല്‍ റീ-ഇമ്പേഴ്സ്മെന്റിന്റെ പേരില്‍ നടത്തിയിട്ടില്ലെന്നും മന്ത്രി അറിയിച്ചിരുന്നു.

പത്തനംതിട്ട ജില്ലയിലെ കാര്‍ഷിക രംഗത്തിന് വേണ്ട സഹായം നല്‍കാമെന്ന യുക്മ പ്രസിഡന്‍റ് മാമന്‍ ഫിലിപ്പിന്റെ വാഗ്ദാനം. കെപിസിസി ഗാന്ധി ഹരിത സമൃദ്ധിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ബ്ലോക്ക് തല കര്‍ഷക കൂട്ടായ്മയില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് മാമന്‍ ഫിലിപ്പ് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്ന ഈ വാഗ്ദാനം നല്‍കിയിരിക്കുന്നത്.

യോഗത്തില്‍ ബ്ലോക്ക് കോഓർഡിനേറ്റർ സനോജ് വർഗീസ് അധ്യക്ഷത വഹിച്ചു. കെപിസിസി അംഗം കെ.കെ. റോയ്സൺ, അശോക് ഗോപിനാഥ്, രാജൻ ചേക്കുളത്ത്, പഞ്ചായത്ത് അംഗങ്ങളായ ജോമോൻ പുതുപ്പറമ്പിൽ, സാറാമ്മ ഷാജൻ, ജിജി ചെറിയാൻ മാത്യു, ടോണി വട്ടംപറമ്പിൽ, ജോസ് പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. കാർഷിക വിളകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനും വിപണനത്തിന് നൂതനമാർഗം കണ്ടെത്തുന്നതിനും യോഗം തീരുമാനിച്ചു. യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻ പ്രസിഡന്റായി തിരഞ്ഞെടുത്ത മാമ്മൻ ഫിലിപ്പിനെ യോഗത്തിൽ ആദരിച്ചു.

വിദേശത്ത് പല മലയാളി അസോസിയേഷനുകളുടെയും തലപ്പത്ത് എത്തിക്കഴിയുമ്പോള്‍ നാട്ടിലും തങ്ങള്‍ക്ക് ആദരവ് ലഭിക്കണം എന്ന ആഗ്രഹത്തില്‍ പലരും നടത്തുന്ന പതിവ് പ്രഹസനങ്ങളില്‍ ഒന്നായി ഈ വാഗ്ദാനം തീരില്ല എന്ന് പത്തനംതിട്ട ജില്ലയിലെ കര്‍ഷകര്‍ ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. പ്രത്യേകിച്ച് യുകെ മലയാളികള്‍ അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കണ്ടെത്തിയ യുക്മയുടെ പ്രസിഡന്‍റ് നല്‍കുന്ന വാഗ്ദാനം ആകുമ്പോള്‍ അത് നടപ്പിലാകും എന്ന് തന്നെയാണ് ഇവര്‍ കരുതുന്നത്.

‘എല്ലാം അല്ലാഹുവിന്റെ നിശ്ചയം. ഇനിയാർക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. അത് അവളുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി. ബസിലെ ഏതെങ്കിലും ഒരാള്‍ക്ക് അവള്‍ക്ക് സീറ്റൊഴിഞ്ഞു കൊടുക്കാനുള്ള മനസുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെ.’- കോട്ടയം സ്വദേശിയായ താഹയുടെ വാക്കുകളാണിത്. താഹയുടെ പേര് നിങ്ങള്‍ ഓര്‍ക്കാന്‍ വഴിയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ഭാര്യ നാഷിദ നീറുന്ന ഓര്‍മ്മയായി മലയാളികളുടെ ഉള്ളിലുണ്ട്.

കഴിഞ്ഞ ദിവസമാണ് എട്ട് മാസം ഗര്‍ഭിണിയായ നാഷിദ ഓടുന്ന ബസ്സില്‍ നിന്ന് തെറിച്ചുവീണ് മരിച്ചത്. അഞ്ച് കിലോ മീറ്ററിന്റെ യാത്ര മാത്രമാണ് നാഷിദയ്ക്ക് പോകാനുണ്ടായത്. വളവ് തിരിഞ്ഞപ്പോള്‍ ഇവര്‍ പുറത്തേക്ക് തെറിച്ചുപോവുകയായിരുന്നു. എട്ട് മാസം വളര്‍ച്ചയെത്തിയ കുട്ടിയെ പുറത്തെടുക്കാന്‍ ഡോക്റ്റര്‍മാര്‍ക്കായി. മൂന്ന് മക്കളേയും താഹയുടെ കൈകളില്‍ ഏല്‍പ്പിച്ചാണ് നാഷിദ പോയത്.

‘ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണെന്ന് ഭര്‍ത്താവ് താഹ പറഞ്ഞു. ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പോലും സീറ്റ് നല്‍കി എന്റെ ഭാര്യയെ സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവറെ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട് എന്നാല്‍ അവര്‍ അത് ചെയ്തില്ല.’ – അദ്ദേഹം പറഞ്ഞു.

സഹോദരിക്കും ഇളയ മകള്‍ക്കുമൊപ്പമാണ് നാഷിദ ബസ്സില്‍ കയറിയത്. 30 മിനിറ്റോളം കാത്ത് നിന്നാണ് ഇവര്‍ക്ക് ബസ് കിട്ടിയത്. അതിനാലാണ് തിരക്കുള്ള ബസ്സില്‍ കയറിയതെന്ന് സഹോദരി ഷാനിദ പറഞ്ഞു. തിരക്കുള്ള ബസ്സായിരുന്നു അത്. ശരിക്ക് നില്‍ക്കാന്‍ സ്ഥലം കണ്ടെത്തുന്നതിന് മുന്‍പു തന്നെ വണ്ടി എടുത്തു. നാഷിദയെ ആരും ശ്രദ്ധിക്കുകയോ സീറ്റ് നല്‍കുകയോ ചെയ്തില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബസ്സുകാരുടെ അശ്രദ്ധയും ഡോര്‍ തുറന്നിട്ടതുമാണ് സഹോദരിയുടെ മരണത്തിന് കാരണമായതെന്നും ഷാനിദ കൂട്ടിച്ചേര്‍ത്തു.

ഒരാഴ്ചയോളമായി ദുബായിലെ ജോലി സ്ഥലത്ത് നിന്ന് കാണാതായ മലയാളി യുവാവിനെ സമൂഹമാധ്യമങ്ങളുടെ സഹായത്തോടെ കണ്ടെത്തി. കാസർകോട് നീലേശ്വരം സ്വദേശി രാഹുലിനെ(26)യാണ് സമൂഹമാധ്യമങ്ങളുടെ ഇടപെടലിനെ തുടർന്ന് സാമൂഹിക പ്രവർത്തകരും ബന്ധുക്കളും ചേർന്ന് ഇന്ന് വൈകിട്ട് മൂന്നരയോടെ കണ്ടെത്തിയത്.

അടുത്തിടെയാണ് രാഹുലിന്റെ പിതാവ് മരിച്ചത്. അച്ഛനുമായി ഏറെ ആത്മബന്ധമുണ്ടായിരുന്ന രാഹുലിന് ഈ സമയത്ത് നാട്ടിൽ പോകാൻ സാധിച്ചിരുന്നില്ല. ഇതേ തുടർന്നുള്ള മനോവിഷമത്തിലാണ് രാഹുൽ കഴിഞ്ഞ മുപ്പതിന് ജോലി സ്ഥലത്ത് നിന്നു ആരോടും പറയാതെ പോയത്. അന്നു മുതൽ രാഹുലിനെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളിലായിരുന്നു സുഹൃത്തുക്കൾ. ഇന്നലെ ഉച്ച മുതൽ സുഹൃത്തുക്കളും ബന്ധുക്കളും സാമൂഹിക പ്രവർത്തകരും രാഹുലിന് വേണ്ടി വ്യാപകമായ തിരച്ചിലിലായിരുന്നു

ഇന്നലെ  ഉച്ചയ്ക്കാണ് തൊട്ടടുത്തെ സ്വദേശി വീട്ടിൽ ഡ്രൈവറായ പാലക്കാട് ചെർപുളശ്ശേരി സ്വദേശി ഉമർ ഫാറൂഖ് രാഹുലിനെ പാർക്കിൽ കണ്ടെത്തിയത്. രണ്ട് ദിവസമായി തണുപ്പു സഹിച്ച് പാർക്കിൽ ചെലവഴിക്കുകയായിരുന്നു യുവാവ്. മുഷിഞ്ഞ വസ്ത്രങ്ങളിലായിരുന്ന രാഹുൽ ഭക്ഷണം കഴിച്ചിട്ടും കുളിച്ചിട്ടും നാളുകളായിരുന്നു.

കാര്യങ്ങൾ ചോദിച്ചറിഞ്ഞ ഉമർ രാഹുലിന് ഭക്ഷണം നൽകുകയും പൊലീസിൽ വിവരം ധരിപ്പിക്കുകയും ചെയ്തു. ഇതിനിടെ യുവാവിന്റെ വീഡിയോ ചിത്രീകരിച്ചിരുന്നത് വിവരണം സഹിതം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. എന്നാൽ, പൊലീസ് എത്തും മുൻപേ യുവാവ് സ്ഥലം വിടുകയും ചെയ്തു. വീഡിയോ വൈറലായതോടെ രാഹുൽ പാർക്കിൽ നിന്നു അപ്രത്യക്ഷനായി. തുടർന്ന് ഉമർ, സാമൂഹിക പ്രവർത്തകനായ സിജു പന്തളം, പാർക്കിന്റെ സുരക്ഷാ ജീവനക്കാരൻ ഗംഗ എന്നിവരുടെ നേതൃത്വത്തിൽ ബർഷ മേഖലയിൽ നടത്തിയ അന്വേഷണത്തിലാണ് രാഹുലിനെ കണ്ടെത്തിയത്. ആദ്യം ഒപ്പം പോരാൻ വിസമ്മതിച്ചെങ്കിലും നിർബന്ധിച്ചപ്പോൾ സമ്മതിച്ചു.

 

തിരുവനന്തപുരം: തിരുവനന്തപുരം ബോണക്കാട് കുരിശുമലയിലേക്ക്  വിശ്വാസികള്‍ നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്. നെയ്യാറ്റിന്‍കര അതിരൂപതയുടെ കീഴിലുള്ളവര്‍ നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷം. കുരിശിന്റെ വഴിയെ എന്ന പേരില്‍ ബോണക്കാട് മലയിലേക്ക് യാത്ര നടത്തിയ നെയ്യാറ്റിന്‍കര രൂപതയിലെ വിശ്വാസികളും പൊലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

മലയില്‍ പുതിയ കുരിശ് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടായിരുന്നു വിശ്വാസികളുടെ യാത്ര. എന്നാല്‍ യാത്ര പോലീസ് തടഞ്ഞതോടെ വിശ്വാസികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ബാരിക്കേഡ് തകര്‍ത്ത വിശ്വാസികള്‍ക്കെതിരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. വൈദികരടക്കമുള്ളവര്‍ പൊലീസിനെതിരെ കല്ലെറിഞ്ഞു. പൊലീസ് ലാത്തി വീശിയതോടെ വിശ്വാസികളില്‍ കുറെ പേര്‍ കാട്ടിലേക്ക് ഓടിക്കയറി. സ്ഥലത്ത് ഇപ്പോഴും സംഘര്‍ഷം തുടരുകയാണ്. കുരിശ് പുനഃസ്ഥാപിക്കാനാകില്ലെന്ന നിലപാടിലാണ് വനംവകുപ്പ്.

ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന കുരിശും അള്‍ത്താരയും നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ സര്‍ക്കാരിനെതിരെ നെയ്യാറ്റിന്‍കര അതിരൂപത ഇടയലേഖനം ഇറക്കിയിരുന്നു.മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങള്‍ ബോധിപ്പിച്ചിട്ടും നടപടിയുണ്ടായിട്ടില്ല. ഇടപെടേണ്ട സര്‍ക്കാര്‍ നിസംഗത പുലര്‍ത്തുന്നത് ആശങ്കാജനകമാണെന്നും ഇടയലേഖനത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണെന്നും പറഞ്ഞിരുന്നു.

തിരുവനന്തപുരം ബോണക്കാട് വനഭൂമിയില്‍ സ്ഥാപിച്ചിരുന്ന രണ്ടു കോണ്‍ക്രീറ്റ് കുരിശുകളും അള്‍ത്താരയുമാണ് തകര്‍ക്കപ്പെട്ടത്. ഇതില്‍ പ്രതിഷേധിച്ച് നേരത്തെ ഇവിടെ ചെറിയതോതില്‍ സംഘര്‍ഷം ഉണ്ടായിരുന്നതാണ്. സംഘടിച്ചെത്തിയ വിശ്വാസികളെ കാണിത്തടം ചെക്‌പോസ്റ്റില്‍ തടയുകയും തുടര്‍ന്ന് പൊലീസ്, ഫോറസ്റ്റ് ഉദ്യോഗസ്ഥരുമായി മണിക്കൂറുകള്‍ നീണ്ട വാക്കേറ്റം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.

പിന്നീട് മുഖ്യമന്ത്രിയെ കണ്ട് സഭാനേതൃത്വം കുരിശും അള്‍ത്താരയും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അറുപത് വര്‍ഷമായി നിലനില്‍ക്കുന്ന കുരിശ്മലയിലെ ആരാധനാകര്‍മ്മങ്ങള്‍ക്ക് മുടക്കം വരരുതെന്നും മുഖ്യമന്ത്രിയോട് സഭാ നേതൃത്വം നിവേദനത്തിലൂടെ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ വേണ്ടവിധത്തില്‍ ഇടപെട്ടിട്ടില്ലെന്ന് ആരോപിച്ചായിരുന്നു സഭയുടെ ഇടയലേഖനം.

RECENT POSTS
Copyright © . All rights reserved