ശബരിമലയില്‍ തുലാമാസ പൂജ മുതല്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്ന് ഡി.ജി.പി; സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല

ശബരിമലയില്‍ തുലാമാസ പൂജ മുതല്‍ വനിതാ പോലീസിനെ വിന്യസിക്കുമെന്ന് ഡി.ജി.പി; സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ല
October 05 10:53 2018 Print This Article

തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി അനുമതി നല്‍കിയതിനു പിന്നാലെ വിധി നടപ്പാക്കുന്നതിനുള്ള നടപടികള്‍ ഊര്‍ജിതമാക്കി പോലീസും. ഈ മണ്ഡലകാലം മുതല്‍ ശബരിമലയില്‍ വനിതാ പോലീസും സുരക്ഷാജോലിക്ക് ഉണ്ടാകുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തുലാമാസ പൂജയ്ക്ക് നട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസിനെ നിയോഗിക്കും. ജോലിയും വിശ്വാസവും രണ്ടാണ്. സേനയില്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലെന്നും ഡി.ജി.പി. പറഞ്ഞു.

ശബരിമലയില്‍ 500 വനിതാ പോലീസുകാരെയെങ്കിലും സുരക്ഷയ്ക്ക് വേണ്ടിവരുമെന്നാണ് പോലീസിന്റെ വിലയിരുത്തല്‍. വനിതാ പോലീസുകാരെ വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ട് പുതുച്ചേരിയടക്കം അഞ്ചു സംസ്ഥാനങ്ങളിലേക്ക് കത്ത് അയച്ചുകഴിഞ്ഞു. വിധി നടപ്പാക്കുന്നതില്‍ വിവിധ സംഘടനകളുടെ ഭാഗത്തുനിന്നും പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും കോടതി നിര്‍ദേശവുമായി മുന്നോട്ടുപോകാനാണ് പോലീസ് തീരുമാനം. വിധിയോട് സര്‍ക്കാരും പൂര്‍ണ്ണമായ യോജിപ്പ് പ്രകടിപ്പിച്ച സാഹചര്യത്തില്‍ പോലീസിന് സംശയിച്ചുനില്‍ക്കേണ്ട കാര്യവുമില്ല. അതിനാല്‍തന്നെ എത്രയുംവേഗത്തില്‍ സുരക്ഷാ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. തിങ്കളാഴ്ചയോടെ പോലീസ് വിന്യാസം സംബന്ധിച്ച് അന്തിമ ധാരണയിലെത്തുമെന്നാണ് കരുതുന്നത്.

ഈ മാസം 18നാണ് തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുന്നത്. ഈ സമയത്തുതന്നെ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം നിരവധി സ്ത്രീകള്‍ ശബരിമലയില്‍ എത്തിയേക്കുമെന്ന കണക്കുകൂട്ടലിലാണ് പോലീസ്. വനിതാപോലീസിനെ ഈ സമയത്തുതന്നെ ശബരിമലയില്‍ വിന്യസിക്കാനാണ് തീരുമാനം. തമിഴ്‌നാട്, പുതുച്ചേരി, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നിവിടങ്ങളില്‍ നിന്നാണ് വനിതാ പോലീസിന്റെ സേവനം തേടിയിരിക്കുന്നത്.

കേരള സേനയില്‍ നിന്നും 400 ഓളം വനിതാ പോലീസുകാരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുക. മറ്റ് സംസ്ഥാനങ്ങളോട് കുറഞ്ഞത് ഓരോ പ്ലറ്റൂണ്‍ പോലീസിനെയെങ്കിലും വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യം അംഗീകരിച്ചാല്‍ 150 ഓളം വനിതാ പോലീസുകാര്‍ അയല്‍നാടുകളില്‍ നിന്നും ഇവിടെയെത്തും.

സന്നിധാനത്ത് വനിതാ പോലീസ് സാന്നിധ്യമുണ്ടാകുമെങ്കിലും പതിനെട്ടാംപടിയിലും തിരക്ക് കൂടുതലുള്ള ഇടങ്ങളിലും പുരുഷ പോലീസ് തന്നെയായിരിക്കും ഡ്യൂട്ടിയിലുണ്ടാകുക. അതേസമയം, ശബരിമല ഡ്യൂട്ടിയോട് വനിതാ പോലീസില്‍ ചിലര്‍ക്ക് എതിര്‍പ്പുള്ളതായും രഹസ്യാന്വേഷണ വിഭാഗം ഡി.ജി.പിയെ അറിയിച്ചിട്ടുണ്ട്. ഇവരെ ഒഴിവാക്കി വിമണ്‍ ബറ്റാലിയനില്‍നിന്നും കൂടുതല്‍ വനിതകളെ കണ്ടെത്താന്‍ ഡി.ജി.പി നിര്‍ദേശം നല്‍കിക്കഴിഞ്ഞു.

 

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles