എംസി റോഡിൽ തുരുത്തി കാനയ്ക്കു സമീപം കാർ പോസ്റ്റിലും മതിലിലും ഇടിച്ചുണ്ടായ അപകടത്തിൽ മൂന്നു വയസ്സുകാരൻ മരിച്ചു. ഗർഭിണിയടക്കം ആറു പേർക്ക് പരുക്കേറ്റു. ഒരു കുട്ടിയുടെ നില ഗുരുതരമാണ്.
മലപ്പുറം പയ്യനാട് വടക്കേക്കുറ്റ് മനോജിന്റെ മകൻ റിച്ചു(മൂന്ന്) ആണ് മരിച്ചത്. മനോജ് (42), ഭാര്യ റീന(40), മകൾ റിന്റു (12), റീനയുടെ മാതൃസഹോദരിയുടെ പുത്രിയും തലവടി ചൂട്ടുമാലിൽ അട്ടിപ്പറമ്പിൽ ലിജുവിന്റെ ഭാര്യയുമായ ബിജിന(25), നിഖിൽ (24), ശശി (31) എന്നിവർക്കാണു പരുക്കേറ്റത്. ഇതിൽ റിന്റുവിന്റെ നില ഗുരുതരമാണ്. ഇന്നലെ പുലർച്ചെയാണ് അപകടം.
കാർ നിയന്ത്രണംവിട്ട് റോഡരികിലുള്ള സോളർ ലൈറ്റിന്റെ പോസ്റ്റിൽ തട്ടിയ ശേഷം സമീപത്തുള്ള വീടിന്റെ മതിലിൽ ഇടിച്ചു മറിയുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാരും ഹൈവേ പൊലീസും ചേർന്ന് കാർയാത്രക്കാരെ ചങ്ങനാശേരി ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
ഗർഭിണിയായ ബിജിന മഞ്ചേരിയിൽ ലാബ് ടെക്‌നീഷ്യനായി ജോലിചെയ്തുവരികയാണ്. ഡോക്ടറുടെ നിർദ്ദേശപ്രകാരം ആറുമാസം ബഡ്റെസ്റ്റ് എടുത്തശേഷം വീട്ടിലേക്കു വരികയായിരുന്നു. ബിജിനയുടെ വയറ്റിലുള്ള കുട്ടിക്ക് ചലനമുള്ളതായി ഡോക്ടർമാർ പറഞ്ഞു.
ബിജിനയെ തലവടിയിലെ വീട്ടിലെത്തിക്കാൻ ഇന്നലെ രാത്രി 10ന് ആണ് ഇവർ പുറപ്പെട്ടത്. ബിജിനയുടെ ഭർത്താവ് ലിജു വിദേശത്താണ്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമായതെന്ന് പൊലീസ് പറഞ്ഞു.
തൃശ്ശൂര്‍: ചെരിപ്പില്‍ മൊബൈല്‍ ക്യാമറയൊളിപ്പിച്ച് സ്‌കൂള്‍ കലോത്സവ നഗരിയില്‍ കറങ്ങി നടന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂര്‍ കുരിയച്ചിറ ചിയ്യാരം സ്വദേശിയായ നാല്പതുകാരനാണ് പൊലീസ് പിടിയിലായത്. കലോത്സവ വേദികളിലും പരിസര പ്രദേശങ്ങളിലും റോന്ത് ചുറ്റി ഇയാള്‍ സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയതായി പൊലീസ് പറഞ്ഞു.
കലോത്സവനഗരിയിലെ തിരക്കേറിയ സ്ഥലങ്ങളിലെത്തി സ്ത്രീകളുടെ വസ്ത്രങ്ങള്‍ക്കിടയിലൂടെ ചിത്രങ്ങളെടുക്കുകയായിരുന്നു ഇയാളെന്ന് പൊലീസ് അറിയിച്ചു. ചെരുപ്പിന്റെ സോളിന്റെ അടിയില്‍ മൊബൈല്‍ ഫോണ്‍ ഒളിപ്പിച്ചാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. കാമറയുടെ ഭാഗം മാത്രം പുറത്തുകാണും വിധമാണ് ഫോണ്‍ ക്രമീകരിച്ചിരുന്നത്. കൂടാതെ ഫോണിന് കേടുപറ്റാതിരിക്കാന്‍ ഇരുമ്പ് കവചവും ഫിറ്റ് ചെയ്തിരുന്നു.
ഈ മൊബൈലില്‍ നിന്ന് നൂറിലേറെ ചിത്രങ്ങള്‍ കണ്ടെടുത്തതായി പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാളെ കൂടുതല്‍ ചോദ്യം ചെയ്താലെ കുറ്റകൃത്യത്തിന്റെ വ്യാപ്തി മനസ്സിലാവുകയുള്ളു. പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
പാലക്കാട്: തൃത്താലയില്‍ സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാമിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറ്. എകെജിക്കെതിരായ ബല്‍റാമിന്റെ വിവാദ പ്രസ്താവനയില്‍ പ്രതിഷേധം അറിയിച്ചെത്തിയ സിപിഎം പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കാനെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പരസ്പരം ഏറ്റുമുട്ടി. സംഘര്‍ഷം നിയന്ത്രിക്കാനാവാതെ പൊലീസ് ലാത്തിചാര്‍ജ് നടത്തി.
വിടി ബല്‍റാം സഞ്ചരിച്ച വാഹനത്തിനു നേരയും സിപിഎം പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. പൊലീസുകാരടക്കം നിരവധിപ്പേര്‍ക്ക് പരിക്കേറ്റതായിട്ടാണ് റിപ്പോര്‍ട്ട്. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ഇരു വിഭാഗത്തിലെ പ്രവര്‍ത്തകരെയും ലാത്തി വീശിയോടിച്ചു. സംഭവ സ്ഥലത്തേക്ക് കൂടുതല്‍ സേനയെ വിന്യസിച്ചിട്ടുണ്ട്.
എകെജി ബാലപീഢകനാണെന്ന ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കമന്റ് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. എകെജി-സൂശീല പ്രണയത്തെ തെറ്റായി വളച്ചൊടിക്കാന്‍ വിടി ശ്രമിച്ചതായി സിപിഎം നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ്സ് നേതൃത്വവും ബല്‍റാമിന്റെ വ്യാഖ്യാനത്തെ തള്ളിയിരുന്നു. അതേസമയം കെ.എം.ഷാജി എംഎല്‍എ, കെ.സുധാകരന്‍, എ.പി.അബ്ദുല്ലക്കുട്ടി, കെ.സുരേന്ദ്രന്‍ തുടങ്ങിയവര്‍ ബല്‍റാമിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
കൊച്ചി: അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാട് സംബന്ധിച്ച പ്രശ്‌നം പരിഹരിക്കാന്‍ സിനഡ് മെത്രാന്‍ സമിതിയെ നിയോഗിച്ചു. ഉടന്‍ ചര്‍ച്ചകള്‍ നടത്തി പരിഹാരം കണ്ടെത്താനും നിര്‍ദേശിച്ചു. ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ടാണ് സമിതിയുടെ കണ്‍വീനര്‍. മാര്‍ ജേക്കബ് മനത്തോടത്ത്, മാര്‍ തോമസ് ചക്യത്ത്, മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍, മാര്‍ ആന്റണി കരിയില്‍ എന്നിവരാണ് അംഗങ്ങളാകുക. സിനഡില്‍ നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പുതിയ സമിതിയെ നിയോഗിച്ചത്.
സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെയാണ് ഭൂമിവില്‍പന സംബന്ധിച്ച ആരോപണം ഉയര്‍ന്നത്. ബാങ്കുകളില്‍നിന്ന് വായ്പയെടുത്ത തുക തിരിച്ചടയ്ക്കുന്നതിന് നടത്തിയ ഭൂമിവില്‍പനയില്‍ സഭയ്ക്ക് വലിയ നഷ്ടമുണ്ടായെന്ന് ഒരുവിഭാഗം വൈദികര്‍ ആരോപിച്ചിരുന്നു. ഭൂമി ഇടപാടില്‍ സിറോ മലബാര്‍ സഭയ്ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്ന് സഭാ നിയമങ്ങള്‍ പാലിക്കാതെയാണ് ഇടപാട് നടന്നതെന്നും ആരോപണം അന്വേഷിച്ച അന്വേഷണ കമ്മീഷനും കണ്ടെത്തിയിരുന്നു.
അലക്സൈന്‍ സന്യാസി സഭ സിറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന വ്യവസ്ഥയിലായിരുന്നു ഇത്. 50 കോടിയോളം രൂപയുടെ കടം വീട്ടുന്നതിനാണ് 100 കോടിയുടെ ഭൂമി വിറ്റത്. എന്നാല്‍ കടം 90 കോടിയായി ഉയരുകയും ഭൂമി നഷ്ടപ്പെടുകയും ചെയ്യുന്ന സാഹചര്യമുണ്ടാവുകയും ചെയ്തതിനെ തുടര്‍ന്നാണ് സംഭവം വിവാദമായത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ ഹെലികോപ്റ്റര്‍ യാത്രയ്ക്കുള്ള പണം സംസ്ഥാന ദുരന്തനിവാരണ ഫണ്ടില്‍ നിന്നും ഈടാക്കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫിസ്. തൃശൂരിലെ പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്കും അവിടെ നിന്ന് തിരിച്ച് പാര്‍ട്ടി സമ്മേളന വേദിയിലേക്കുമുള്ള ഹെലികോപ്റ്റര്‍ യാത്രയ്ക്ക് ചിലവായ എട്ടു ലക്ഷം രൂപയാണ് ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും അനുവദിച്ചതെന്നായിരുന്നു ആക്ഷേപം.
എന്നാല്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത് ഇപ്രകാരമാണ്;
ഓഖി ദുരന്തത്തിന്റെ നാശനഷ്ടം വിലയിരുത്താന്‍ കേരളം സന്ദര്‍ശിച്ച കേന്ദ്ര സംഘവുമായി ചര്‍ച്ച നടത്തുന്നതിനുകൂടിയാണ് ഡിസംബര്‍ 26ന് മുഖ്യമന്ത്രിയും മന്ത്രിമാരും ഹെലികോപ്ടറില്‍ യാത്ര ചെയ്തത്. അതിനാല്‍ ഈ യാത്രയുടെ ചെലവ് ദേശീയ ദുരന്ത നിവാരണ നിധിയുടെ ഭാഗമായുള്ള സംസ്ഥാന ഫണ്ടില്‍ നിന്ന് നല്‍കാനുള്ള ഉത്തരവാണ് ദുരന്തനിവാരണ വകുപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഈ ഉത്തരവ് മുഖ്യമന്ത്രിയുടേയോ ഓഫീസന്റെയോ അറിവോടുകൂടിയായിരുന്നില്ല പുറപ്പെടുവിച്ചത്. മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ ഉത്തരവ് റദ്ദാക്കി.
കണ്ണൂർ∙ എകെജിക്കെതിരെ വിവാദ പരാമർശം നടത്തിയ വി.ടി.ബൽറാം എംഎൽഎയ്ക്ക് പിന്തുണയുമായി കെപിസിസി രാഷ്ട്രീയകാര്യ സമിതിയംഗം കെ.സുധാകരൻ. കണ്ണൂരിൽ ജനാധിപത്യം തകർക്കാൻ ആദ്യം ശ്രമിച്ച, പെരളശ്ശേരിയിൽ പാർട്ടി ഗ്രാമമുണ്ടാക്കാൻ വീടുകൾ ആക്രമിക്കുകയും കല്യാണം മുടക്കുകയും ആളുകളെ ഭയപ്പെടുത്തുകയും ചെയ്ത നേതാവാണ് എകെജി. ബൽറാമിനെ ഭയപ്പെടുത്തി തിരുത്താമെന്നും തീർത്തുകളയാമെന്നും സിപിഎമ്മുകാർ ധരിക്കേണ്ട. സിപിഎമ്മിന്റെ വേട്ടപ്പട്ടികൾക്കു മുന്നിൽ വേട്ടയാടാൻ ബൽറാമിനെ കോൺഗ്രസ് വിട്ടുതരില്ലെന്നും കണ്ണൂരിൽ ഡിസിസിയുടെ ക്യാംപ് എക്സിക്യുട്ടീവിൽ കെ.സുധാകരൻ പറഞ്ഞു.
ബൽറാമിന് പിന്തുണയുമായി നേരത്തെ എ.പി.അബ്ദുല്ലക്കുട്ടി, ബിജെപി നേതാവ് കെ.സുരേന്ദ്രൻ, കെ.എം.ഷാജി എംഎൽഎ, സിവിക് ചന്ദ്രൻ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു. എന്നാൽ, ബൽറാമിന്റെ അഭിപ്രായത്തോട് യോജിപ്പില്ലെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി അധ്യക്ഷൻ രമേശ് ചെന്നിത്തല തുടങ്ങിയവർ അഭിപ്രായപ്പെട്ടത്. അതേസമയം, ബൽറാമിന്റെ പരാമർശത്തിനെതിരെ കൊല്ലം പരവൂരിൽ ഡിവൈഎഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിൽ കോൺഗ്രസ് ഓഫിസിന്റെ ബോർഡുകളും മറ്റും നശിച്ചു.
വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന വിഎസിന്‍റെ പരിഹാസത്തിന് രൂക്ഷ മറുപടിയുമായി വി.ടി.ബല്‍റാം. ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബല്‍റാം തുറന്നടിച്ചു. രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളും വിഎസിന്‍റെ വീക്ക്‌നെസാണെന്നും ബല്‍റാം ഉദാഹരണങ്ങള്‍ നിരത്തി പോസ്റ്റില്‍ ആരോപിക്കുന്നു.
വി.ടി.ബല്‍റാമിന്‍റെ കുറിപ്പിന്‍റെ പൂര്‍ണരൂപം
“വിവാഹവുമായി ബന്ധപ്പെട്ട് ഗാന്ധിജി പറയുന്ന വാക്കുകൾ മനസ്സിലാക്കി ഗാന്ധിജിയെപ്പറ്റിയും എകെജിയെപ്പറ്റി പറഞ്ഞതുപോലുള്ള വല്ലതുമൊക്കെ പറയാൻ കഴിയുമോ എന്ന് മാലോകരോട് പറയണം എന്നാണ് ഞാൻ ആശിക്കുന്നത്.”
സിപിഎമ്മിന്റെ സമുന്നത നേതാവും മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്ക്കാര കമ്മീഷൻ ചെയർമാനുമായ വിഎസ് അച്യുതാനന്ദൻ ദേശാഭിമാനിയിലടക്കം എഴുതിയ ലേഖനത്തിലെ വാക്കുകളാണിത്. സാധാരണ സൈബർ സഖാക്കൾ കഴിഞ്ഞ മൂന്ന് നാല് ദിവസങ്ങളായി എന്നോടുള്ള ചോദ്യം എന്ന നിലയിൽ ഉയർത്തുന്ന അതേ കാര്യമാണ് ഏറ്റവും സീനിയറായ സിപിഎം നേതാവിനും ചോദിക്കാനുള്ളത് എന്നതിൽ നിന്ന് ആ പാർട്ടിയുടെ പൊതുചിന്താഗതി വ്യക്തമാവുന്നു. എന്താണ് ശ്രീ അച്യുതാനന്ദനും കൂട്ടരും ഉദ്ദേശിക്കുന്നത്? ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഒരു വിവാദത്തിലേക്ക് വലിച്ചിഴക്കണമെന്നോ? ഒരുഭാഗത്ത് എകെജിയുടെ രണ്ടാം വിവാഹത്തേക്കുറിച്ച് പറഞ്ഞത് ഹീനമായ വ്യക്തിഹത്യ ആണെന്ന് ആരോപിക്കുകയും എന്നാൽ മറുഭാഗത്ത് മഹാത്മാഗാന്ധിയേക്കൂടി സമാനമായ തലത്തിൽ പ്രചരണവിഷയമാക്കണമെന്ന് ആശിക്കുകയും ചെയ്യുന്നത് എത്ര വലിയ ഇരട്ടത്താപ്പാണ് ശ്രീ.അച്യുതാനന്ദൻ?
താങ്കൾ താരതമ്യപ്പെടുത്താനാഗ്രഹിക്കുന്ന ഏത് വലിയ നേതാവിനേക്കാളും എത്രയോ ഇരട്ടി വലുപ്പമുള്ള മഹാമേരുവാണ് ലോകമാദരിക്കുന്ന ഇന്ത്യയുടെ രാഷ്ട്രപിതാവ്. തന്റെ പൊതുജീവിതത്തിലെ മാത്രമല്ല, വ്യക്തിജീവിതത്തിലേയും ഓരോ നിസ്സാര കാര്യങ്ങളും അങ്ങേയറ്റം സത്യസന്ധമായി പൊതുസമൂഹത്തോട് തുറന്നുപറഞ്ഞ സുതാര്യതയുടെ ഉടമ. അന്നത്തെ നാട്ടാചാരമനുസരിച്ച് സമപ്രായക്കാരിയായ ഒരാളുമായുണ്ടായ അദ്ദേഹത്തിന്റെ വിവാഹത്തേയും മറ്റ് ആരുടേതെങ്കിലുമായി താരതമ്യം ചെയ്യാൻ കഴിയില്ല. അതുകൊണ്ട് അതും വേറെന്തെങ്കിലും തമ്മിൽ കൂട്ടിക്കെട്ടാനുള്ള താങ്കളുടെ ആശ കയ്യിൽത്തന്നെ വച്ചോളൂ, അല്ലെങ്കിൽ പതിവുപോലെ സ്വന്തം നിലക്ക് തന്നെ ആയിക്കോളൂ, എന്നെയതിന് പ്രതീക്ഷിക്കണ്ട.
രാഷ്ട്രീയ എതിരാളികളുടെ വ്യക്തിജീവിതങ്ങളിലേക്കുള്ള ഒളിഞ്ഞുനോട്ടവും അശ്ലീലാരോപണങ്ങളുമൊക്കെ താങ്കളുടെ ഒരു വീക്ക്‌നെസാണെന്ന് കേരളീയ സമൂഹത്തിന് എത്രയോ കാലമായി നേരിട്ടറിയാം. രാജ്യത്തിനുവേണ്ടി ജീവൻ വെടിഞ്ഞ ധീര സൈനികന്റെ കുടുംബത്തേക്കുറിച്ചും മത്സ്യത്തൊഴിലാളി പശ്ചാത്തലത്തിൽ നിന്നുയർന്നുവന്ന പാർട്ടിയിലെ യുവനേതാവിനേക്കുറിച്ചും മലമ്പുഴയിൽ എതിർസ്ഥാനാർത്ഥിയായി മത്സരിച്ച വനിതാ നേതാവിനെക്കുറിച്ചുമൊക്കെ താങ്കളുടെ വായിൽ നിന്ന് പുറത്തുവന്ന മൊഴിമുത്തുകൾ മലയാള സാഹിത്യത്തിന് വലിയ മുതൽക്കൂട്ടാണ്.
കേരളത്തിലെ പ്രതിപക്ഷനേതാവിന്റെ കസേരയിലിരുന്ന് അന്നത്തെ മുഖ്യമന്ത്രിയേക്കുറിച്ച് മാത്രമല്ല അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളേക്കുറിച്ചൊക്കെ നിയമസഭയിൽ അങ്ങ് നടത്തിയ ഹീനമായ അധിക്ഷേപങ്ങൾ സഭാരേഖാകളിൽ ഉണ്ടോ എന്നറിയില്ല, എന്നാൽ ഇപ്പുറത്തിരുന്ന് നേരിൽ കേട്ട ഞങ്ങളുടെയൊക്കെ കാതുകളിൽ ഇപ്പോഴും മുഴങ്ങുന്നുണ്ട്. അന്ന് അശ്ലീലാഭാസച്ചിരിയോടെ അത് കേട്ട് ഡസ്ക്കിലടിച്ച് പ്രോത്സാഹിപ്പിച്ച അങ്ങയുടെ പാർട്ടിക്കാരുടെ മുഖങ്ങളും ഞങ്ങൾക്കോർമ്മയുണ്ട്. പെട്ടെന്നുള്ള ഒരു പ്രകോപനത്താലല്ല, മറിച്ച് സർക്കാർ ചെലവിൽ നിയമിക്കപ്പെട്ട പേഴ്സണൽ സ്റ്റാഫിനേക്കൊണ്ട് എഴുതിത്തയ്യാറാക്കി കൊണ്ടുവന്ന് നിയമസഭയിൽ നോക്കിവായിച്ച, നീട്ടിയും കുറുക്കിയും ആവർത്തിച്ച, പ്രസംഗത്തിലായിരുന്നു ഈ ആഭാസഘോഷയാത്ര എന്നതും ഈ നാട് മറന്നുപോയിട്ടില്ല.
എന്നെ അമൂൽ ബേബിയെന്ന് വിളിച്ചതിൽ ഒരു വിരോധവുമില്ല, കാരണം കോൺഗ്രസിന്റെ ഇപ്പോഴത്തെ അഖിലേന്ത്യാ അധ്യക്ഷനെ അങ്ങനെ വിളിച്ചതിന്റെ തുടർച്ചയായാണ് എന്നെയും വിളിക്കുന്നതെന്ന് അങ്ങ് തന്നെ പറയുന്നുണ്ടല്ലോ. എനിക്കത് അഭിമാനമാണ്. എന്നാൽ ശ്രീ. അച്യുതാനന്ദൻ ഒന്നോർക്കുക, സർക്കാർ ചെലവിൽ കാറും ബംഗ്ലാവും പരിവാരങ്ങളുമൊക്കെയായി കാബിനറ്റ് റാങ്കോടെ ജീവിക്കുന്ന വന്ദ്യവയോധികരുടേത് മാത്രമല്ല, ഞങ്ങൾ ചെറുപ്പക്കാരുടേത് കൂടിയാണ് ഈ ലോകം. അമൂൽ ബേബിമാരെ കയർഫെഡ് എംഡി മുതൽ ഐഎച്ച്‌ആർഡി ഡയറക്റ്റർ വരെയുള്ള ഉന്നതപദവിയിലേക്ക് ചുരുങ്ങിയ സമയത്തിനുള്ളിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്ന അധികാര സാമീപ്യത്തിന്റെ ആനുകൂല്ല്യമൊന്നും എല്ലാവർക്കും ഇല്ലെങ്കിലും ഇന്നാട്ടിലെ ചെറുപ്പക്കാർ അവരവരുടെ മേഖലയിൽ മുന്നോട്ടുപോയിക്കൊണ്ടേയിരിക്കും. കാലം മാറുന്നത് ദയവായി തിരിച്ചറിയുക.
താങ്കളേപ്പോലുള്ളവരിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് കോൺഗ്രസ് നേതാക്കളെ മുഴുവൻ ലൈംഗികാരോപണങ്ങളാൽ അടച്ചാക്ഷേപിക്കുന്ന സോഷ്യൽ മീഡിയയിലെ ന്യൂജെൻ ഗോപാലസേനക്കാരിലൊരാൾക്ക് ഞാൻ അതേനാണയത്തിൽ നൽകിയ മറുപടിയിലെ രാഷ്ട്രീയ ശരിതെറ്റുകളേക്കുറിച്ചുള്ള ചർച്ചകളും വിമർശനങ്ങളും നടക്കട്ടെ. എന്നെ തിരുത്താൻ എന്റെ പാർട്ടിക്കും കേരളീയ പൊതുസമൂഹത്തിനും അർഹതയുണ്ട്. പക്ഷേ ഇക്കാര്യത്തിൽ മറ്റാരിൽ നിന്ന് പാഠമുൾക്കൊണ്ടാലും താങ്കളിൽ നിന്നോ സിപിഎമ്മിൽ നിന്നോ അത് സാധ്യമാവുമെന്ന് തോന്നുന്നില്ല.
മലപ്പുറം: നിലമ്പൂര്‍ വഴിക്കടവിനടുത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി മൂന്ന് വിദ്യാര്‍ത്ഥികള്‍ മരിച്ചതായി റിപ്പോര്‍ട്ട്. പത്തു പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ മണിമൂളില്‍ നടന്ന അപകടത്തില്‍ സികെഎച്ച്എസ്എസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ പെട്ടത്. ഒരാള്‍ സംഭവസ്ഥലത്ത് വെച്ചു തന്നെ മരണമടഞ്ഞു. രണ്ടു പേര്‍ ആശുപത്രിയില്‍ വെച്ചും മരണത്തിന് കീഴടങ്ങി. മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥികളായ മുഹമ്മദ് ഷാമില്‍, ഫിദ എന്നിവരുടെ മരണം സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.
ഒരാള്‍ ആശുപത്രിയിലേക്ക് പോകുമ്പോള്‍ മരണമടഞ്ഞതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. അപകടത്തിപെട്ടവര്‍ക്ക് ഗുരുതര പരിക്കാണ് ഏറ്റിരിക്കുന്നത്. ഇവര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. പരിക്കേറ്റവരെ എടക്കര ആശുപത്രി, നിലമ്പൂര്‍ ജില്ലാ ആശുപത്രി എന്നിവിടങ്ങളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതല്‍ ഗുരുതരാവസ്ഥയില്‍ ഉള്ളവരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയേക്കും.
കര്‍ണാടകാ റജിസ്ട്രേഷനിലുള്ള ലോറിയാണ് അപകടമുണ്ടാക്കിയത്. സ്കൂളിലേക്ക് പോകാന്‍ ബസ് കാത്തു നില്‍ക്കുയായിരുന്നു കുട്ടികളുടെ ഇടയിലേക്ക് ലോറി പാഞ്ഞുകയറുകയായിരുന്നു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണം വിട്ട ലോറി ഒരു ബൈക്കിലും ഒരു ബസിലും, ഒരു ടോറസ്, ഒരു ഓട്ടോ എന്നിവയിലെല്ലാം ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരനും പരിക്കുണ്ട്.
ലോറിയുടെ ഡ്രൈവറെ നാട്ടുകാര്‍ പിടിച്ചു വെച്ചിട്ടുള്ളതായിട്ടാണ് വിവരം. അധ്യാപകരും രക്ഷകര്‍ത്താക്കളുമെല്ലാം ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായിട്ടാണ് വിവരം. കൂടുതല്‍ പരിക്കുള്ള കുട്ടികളെ എടക്കര ആശുപത്രിയില്‍ നിന്നും നിലമ്പൂര്‍ ആശുപത്രിയിലേക്കും കൊണ്ടുപോയിട്ടുണ്ട്. ഗുരുതരാവസ്ഥയിലുള്ള കുട്ടികളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്കും മാറ്റും. ബസ് കാത്തുനിന്ന രണ്ടു നാട്ടുകാര്‍ക്കും പരിക്കേറ്റിണ്ട്. വഴിക്കടവിലെ വലിയ വളവുള്ള പ്രദേശമായതിനാല്‍ അതിവേഗതയില്‍ വാഹനം വരാന്‍ സാധ്യതയില്ലെന്നും നാട്ടുകാര്‍ പറയുന്നു.
ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പിന്റെ ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ ബോബി ചെമ്മണ്ണൂരിനെതിരെ അറസ്റ്റ് വാറണ്ട്. സഹോദരന്റെ സ്വര്‍ണ വ്യാപാര സ്ഥാപനത്തില്‍ തിരിമറി നടത്തിയ സംഭവത്തിലാണ് ബോബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
പാലക്കാട് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജനുവരി 10ന് ഹാജരാകുന്നതിനായി ജാമ്യമില്ല വാറണ്ട് പുറപ്പെടുവിച്ചത്. കോടതി വിചാരണക്കായി സമന്‍സ് കൈപ്പറ്റിയിട്ടും ഹാജരാകാത്ത സാഹചര്യത്തിലാണ് ബോബി ചെമ്മണ്ണൂരിനെതിരായ നടപടി കോടതി സ്വീകരിച്ചത്.
ബോബി ചെമ്മണ്ണൂരിന്റെ അനുജന്‍ സി.ഡി.ബോസിന്റെ ഉടമസ്ഥതയില്‍ പാലക്കാട് ജിബി റോഡിലുള്ള സ്വര്‍ണ്ണക്കടയിലെ രണ്ടു ജീവനക്കാര്‍ കമ്പ്യൂട്ടര്‍ തിരിമറിയിലൂടെ സാമ്പത്തിക ക്രമക്കേട് നടത്തിയിരുന്നു. ഇതേതുടർന്നാണ് സഹോദരൻ പരാതി നൽകിയത്. 2007ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
ഡ്രൈവിംഗിനിടെ അശ്ലീലആംഗ്യം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറിന് പണികൊടുത്ത് വനിതാ ഡോക്ടര്‍. അടൂര്‍-പത്തനംതിട്ട റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന ശ്രീദേവി മോട്ടോര്‍സിന്റെ ബസിലെ ഡ്രൈവര്‍ അടൂര്‍ സ്വദേശിയായ ഡോക്ടര്‍ക്കുനേരെ അശ്ലീല ആംഗ്യം കാണിക്കുകയായിരുന്നു. ആദ്യം അത് കണ്ടില്ലെന്ന് നടിച്ചെങ്കിലും ഡ്രൈവ ര്‍ പിന്നീടും അത്തരത്തില്‍ ചെയ്തുകൊണ്ടേയിരുന്നു. ഇതേതുടര്‍ന്ന് യുവതി ഡ്രൈവറുയെ പ്രവര്‍ത്തികള്‍ മൊബൈല്‍ കാമറയില്‍ പകര്‍ത്തുകയായിരുന്നു. യുവതി ജില്ലാ പൊലീസ് മേധാവിക്കാണ് ഇതുസംബന്ധിച്ച പരാതി നല്‍കിയിരിക്കുന്നത്.
വനിത ഡോക്ടറുടെ പരാതിയില്‍ ഇങ്ങനെ: ഡ്രൈവര്‍ സീറ്റിന് തൊട്ടുപിന്‍വശത്തെ സീറ്റിലാണ് യുവതി ഇരുന്നത്. കയറിയപ്പോള്‍ മുതല്‍ ഡ്രൈവര്‍ കണ്ണാടിയിലുടെ നോക്കി ചിരിക്കുന്നുണ്ടായിരുന്നുവെന്നും കുറച്ചുകഴിഞ്ഞതോടെ ഒരു കുപ്പിയില്‍ വിരല്‍ കയറ്റി ആംഗ്യം കാണിക്കുകയായിരുന്നെന്നും ഡോക്ടര്‍ പറഞ്ഞു.
അല്‍പം കഴിഞ്ഞപ്പോള്‍ സീറ്റിന്റെ വശത്ത് പിടിച്ചു പിറകിലേക്ക് വിരല്‍ ചലിപ്പിച്ച് അശ്ലീലത കാണിക്കുകയായിരുന്നെന്നും ഇത് തുടര്‍ന്നതോടെ മൊബൈലില്‍ പകര്‍ത്തിയെന്നും ഡോക്ടര്‍ പറയുന്നു.
ബസില്‍ നിന്ന് ഇറങ്ങിയ ശേഷം യുവതി സംഭവം സുഹൃത്തിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്നാണ് സുഹൃത്താണ് ആദ്യം പൊലീസില്‍ പരാതി നല്‍കിയത്. ഡ്രൈവറുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. പിന്നീട് യുവതിയും പത്തനംതിട്ട പൊലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു.