തൃശൂര്‍: ആംബുലന്‍സിനുള്ളില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിന് സ്ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി മരിച്ചു. തൃശൂര്‍ മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവമുണ്ടായത്. പാലക്കാട് ദേശീയപാതയില്‍ തച്ചനാട്ടുകരയില്‍ വെച്ച് ബൈക്കിടിച്ചാണ് ഇയാള്‍ക്ക് പരിക്കേറ്റത്.
പരിക്കേറ്റ് വഴിയിരികില്‍ കിടക്കുകയായിരുന്ന ഇയാളെ ജില്ലാ ആശുപത്രിയിലാണ് ആദ്യം പ്രവേശിപ്പിച്ചത്. പിന്നീട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുന്നതിനിടെ ആംബുലന്‍സില്‍ മലമൂത്രവിസര്‍ജനം നടത്തിയതാണ് ഡ്രൈവറെ പ്രകോപിപ്പിച്ചത്. സ്ട്രെച്ചറിന്റെ ഒരു ഭാഗം ആംബുലന്‍സിലും മറുഭാഗം നിലത്തുമായാണ് രോഗിയെ മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ കിടത്തിയത്.
എണീറ്റു നില്ക്കാന് ശേഷിയില്ലാതിരുന്ന രോഗിയോട് ആംബുലന്‍സില്‍ നിന്ന് ഇറങ്ങാന്‍ ഡ്രൈവര്‍ ആവശ്യപ്പെട്ടു. പ്രതികരിക്കാതിരുന്നതിനെത്തുടര്‍ന്നാണ് ഡ്രൈവര്‍ സ്ട്രെച്ചര്‍ വലിച്ച് നിലത്തിട്ടത്. മദ്യപിച്ചി്ട്ടുണ്ടെന്ന് പറഞ്ഞാണ് ഡ്രൈവ്രര്‍ രോഗിയോട് മോശമായി പെരുമാറിയതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ഡ്രൈവറായ പാലക്കാട് സ്വദേശി ഷെരീഫിനെതിരെ പോലീസ് കേസെടുത്തു. രോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തെന്നാണ് കേസ്.
പ്രണവ് രാജ്
ചെങ്ങന്നൂര്‍ : ഇടത് – വലത് – ബിജെപി മുന്നണികളിലെ രാഷ്ട്രീയ മാലിന്യങ്ങളെ തൂത്തു വാരി വേസ്റ്റ് ബക്കറ്റിലെറിയാന്‍ രാജീവ് പള്ളത്ത് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരില്‍ മത്സരിക്കുന്നു . ആം ആദ്മി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തെ ഭയപ്പാടോടെയാണ് ഇടത് – വലത് – ബി ജെ പി മുന്നണികള്‍ കാണുന്നത് . കാരണം മുന്‍ വര്‍ഷങ്ങളെക്കാള്‍ വലിയ രീതിയില്‍ തന്നെ കേരളത്തിലും , ഇന്ത്യയിലും ആം ആദ്മി പാര്‍ട്ടി വളര്‍ന്നു കഴിഞ്ഞു എന്ന് അവര്‍ തിരിച്ചറിയുന്നു . പതിനായിരക്കണക്കിന് സജീവ പ്രവര്‍ത്തകരാണ് ഇപ്പോള്‍ ആം ആദ്മി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ കേരളത്തിലുള്ളത് . ഇവര്‍ ഒന്നിച്ച് നിന്ന് ചെങ്ങന്നൂരിലെ വീടുകളില്‍ കയറി ഇറങ്ങി പ്രചാരണം നടത്തിയാല്‍ അത് തങ്ങളെ ഇല്ലാതാക്കുമെന്ന് കേരളത്തിലെ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികള്‍ ഭയപ്പെടുന്നു .
ഇന്ത്യന്‍ ജനതയുടെ വിശ്വാസം നഷടപ്പെട്ട ഈ പരമ്പരാഗത രാഷ്ട്രീയ പാര്‍ട്ടികളെ ഇല്ലാതാക്കി കെജരിവാളിന്റെ നേതൃത്വത്തില്‍ നല്ലൊരു സര്‍ക്കാര്‍ ഇന്ത്യ ഭരിക്കണമെന്നാണ് ഇന്ന് ഇന്ത്യയിലെ മഹാഭുരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് . അതുകൊണ്ട് തന്നെ സമൂഹത്തിന്റെ നാനാ മേഖലകളിലുമുള്ള ലക്ഷക്കണക്കിന് ആളുകളാണ് ദിനംപ്രതി ആം ആദ്മി പാര്‍ട്ടിക്ക് പിന്തുണയുമായി എത്തുന്നത് . നൂറുകണക്കിന് വിദേശ മലയാളികളായ ആം ആദ്മി പ്രവര്‍ത്തകരാണ് രാജീവ് പള്ളത്തിനുവേണ്ടി ചെങ്ങന്നൂരില്‍ പ്രചാരണത്തിനെത്താന്‍ തയാറെടുക്കുന്നത് . ആയിരക്കണക്കിന് വിദേശ മലയാളികളാണ് ചെങ്ങന്നൂരില്‍ ആം ആദ്മി പാര്‍ട്ടി മത്സരിക്കുകയാണെങ്കില്‍ തെരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്ക് സംഭാവന നല്കി സഹായിക്കുവാനും മുന്നോട്ട് വന്നിരിക്കുന്നത് .
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി രാജീവ് പള്ളത്ത് 1979 ഡിസംബര്‍ 12ന് ചെങ്ങന്നൂര്‍ വാഴാര്‍മംഗലം പള്ളത്ത് വീട്ടില്‍ കെ രാഘവന്റെയും സി കെ ഗോമതിയുടേയും മകനായി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം 14 വര്‍ഷം മുംബയിലും പൂനയിലുമായി സ്വകര്യ സ്ഥാപനങ്ങളില്‍ സേവനമനുഷ്ഠിച്ചു. 2011 ല്‍ അണ്ണാ ഹസാരയുടെ നേതൃത്വത്തില്‍ ഇന്ത്യ ഒട്ടാകെ കത്തി പടര്‍ന്ന അഴിമതി വിരുദ്ധ പോരാട്ടമായ ഇന്ത്യാ എഗൈന്‍സ്റ്റ് കറപ്ഷന്റെ ഭാഗമായി. ജന്‍ ലോക്പാല്‍ ബില്ലിനായി ഡല്‍ഹിയില്‍ നടന്ന അണ്ണാ ഹസാരെയുടെ നിരാഹാര സമരത്തില്‍ പങ്കാളിയായി. തുടര്‍ന്ന് ആം ആദ്മി പാര്‍ട്ടിയുടെ രൂപീകരണം മുതല്‍ സജീവ പാര്‍ട്ടി പ്രവര്ത്തകന്. ആലപ്പുഴയിലെ ആം ആദ്മി പാര്‍ട്ടിയുടെ ആദ്യ ജില്ലാ കമ്മറ്റി അംഗം. ചെങ്ങന്നൂര്‍ എല്‍ എ സി ഒ ആയ രാജിവ് പള്ളത്ത് ചെങ്ങന്നൂരിലെ സാമൂഹിക സാംസ്കാരിക പരിസ്ഥിതി പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്നു.
അധികാര കേന്ദ്രങ്ങളിലെ അഴിമതിയും ക്രമക്കേടും പുറത്തു കൊണ്ടുവരാന്‍ വിവരാവകാര നിയമ പ്രകാരം രേഖകള്‍ ശേഖരിച്ച് നിയമ പോരാട്ടം നടത്തുന്ന രാജീവ് പള്ളത്ത് , സുപ്രസിദ്ധ വിവരാവകാശ പ്രവര്‍ത്തകനായ അഡ്വ: ഡി ബി ബിനു നേതൃത്വം നല്കുന്ന വിവരാവകാശ പ്രവര്‍ത്തകരുടെ സംഘടനയായ ആര് ടി ഐ കേരളാ ഫെഡറേഷന്റെ ചെങ്ങന്നൂര്‍ താലൂക്ക് കോ-ഓര്‍ഡിനേറ്റര്‍ ആയി പ്രവര്‍ത്തിക്കുന്നു. ദേശിയ മനുഷ്യാവകാശ സംഘടനയായ നാഷണല്‍ ഫോറം ഫോര്‍ പീപ്പിള്‍സ് റൈറ്റ്സിന്റെ ചെങ്ങന്നൂര്‍ താലൂക്ക് പ്രസിഡന്റെ ആയി പ്രവര്‍ത്തിക്കുന്നു.
ചെങ്ങന്നൂരിന്റെ പ്രധാന ജലസ്രോതസ്സായ വരട്ടാറിന്റെ പുനരുജ്ജീവനത്തിനായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു കൊണ്ടിരുന്ന രാജീവ് പള്ളത്ത് വിവിധ പഞ്ചായത്തുകളില്‍ വരട്ടാറിനായി പ്രവര്‍ത്തിക്കുന്നവരെ ഏകോപിപിക്കുന്നതിനായി 2012 ല്‍ സേവ് വരട്ടാര്‍ എന്ന പേരില്‍ ഒരു നവ മാധ്യമ കൂട്ടയ്മക്ക് രൂപം കൊടുത്തു. 2017ല്‍ തുടക്കമിട്ട വരട്ടാര്‍ പുനരുജ്ജീവന പ്രര്ത്തനക്കള്ക്കായുള്ള ചര്‍ച്ചകള്‍ക്കും ധനസമാഹരണത്തിനുമായി വരട്ടെ ആറ് എന്ന നവ മാധ്യമ കൂട്ടായ്മ രൂപീകരിച്ചു.
നികുതി വെട്ടിപ്പ് നടത്തിയും ജനങ്ങളെ ചൂഷണം ചെയ്തും ചെങ്ങന്നൂര്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ലോട്ടറി പ്രവര്‍ത്തനങ്ങള്‍ക്ക് 2014ല്‍ അന്ത്യം കുറുപ്പിക്കുകയും തുടര്‍ന്നുള്ള നിയമ പോരാടങ്ങള്‍ നടത്തി വരികയും ചെയ്യുന്നു.ചെങ്ങന്നൂര്‍ നഗരമധ്യത്തിലെ അഞ്ഞൂറോളം കുടുംബങ്ങള്‍ വസിക്കുന്ന ജനവാസ കേന്ദ്രത്തില്‍ മാലിന്യം തള്ളുന്ന നഗരസഭയുടെ നടപടിക്കെതിരെ പ്രദേശത്തെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ പങ്കാളികളാക്കി കൊണ്ട് നഗരസഭയ്ക്കതിരെ സമരം ചെയ്തു. പിന്നീട് നഗരസഭക്കെതിരെ കോടതിയില്‍ അന്യായം ഫയല്‍ ചെയ്ത് നിയമ പോരാട്ടം തുടരുന്നു.
ചെങ്ങന്നൂര്‍ നഗരസഭയുടെ സ്റ്റേഡിയം നിര്‍മ്മാണത്തിലെ ഒന്നര കോടി രൂപയുടെ അഴിമതി വിവരാവകാശ പ്രവര്‍ത്തനത്തിലൂടെ പുറത്ത് കൊണ്ടുവന്നു. അഴിമതിക്കെതിരായി വിജിലന്‍സ് അന്വേഷണം നടന്നു വരുന്നു. 2016 തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവും ബി ജെ പിയും കോണ്‍ഗ്രസിനെതിരെ നടത്തിയ പ്രധാന ആരോപണം രാജീവ് പള്ളത്ത് പുറത്ത് കൊണ്ടുവന്ന സ്റ്റേഡിയം അഴിമതിയാണ്. ഈ അഴിമതി പൊതുജന സമക്ഷത്തില്‍ എത്തിച്ചതിന് യുത്ത് കോണ്‍ഗ്രസുകാരാലും പോലിസിനാലും മര്‍ദ്ദനം നേരിടേണ്ടി വന്നിട്ടുണ്ട്. പോലീസ് മര്‍ദ്ദനത്തില്‍ മനുഷ്യാവകാശ കമ്മീഷന് ഇടപെടലും ഉണ്ടായി.
മുന്‍സിപ്പല്‍ സ്റ്റേഡിയത്തില്‍ മാലിന്യം നിക്ഷേപിക്കുന്നത്തില് സ്റ്റേഡിയം യുവാക്കള്‍ക്കും കായിക പ്രേമികള്‍ക്കും ഉപയോഗിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ നിരവധി പരാതികള്‍ അധികാരികള്‍ക്ക് നല്കി. അധികാരികളുടെ നിഷേധാത്മക നിലപാടില്‍ പ്രതിഷേധിച്ച് സ്റ്റേഡിയത്തിലെ മാലിന്യം വാരി വേസ്റ്റ് ബക്കറ്റ് ചലഞ്ച് എന്ന പേരില്‍ മുന്‍സിപ്പല്‍ ചെയര്‍മാനെയും സ്ഥലം എം എല്‍ എ യും വെല്ലുവിളിച്ചത് ചെങ്ങന്നൂരിലെ സാമൂഹിക മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും, മുന്‍സിപ്പല്‍ അധികാരികള്‍ ഒറ്റ രാത്രി കൊണ്ട് സ്റ്റേഡിയം വൃത്തിയാക്കുകയും ചെയ്തത് രാജീവ് പള്ളത്തിന്റെ പോരാട്ട വീര്യത്തിന്റെ വിജയമാണ്.
അഴിമതിക്കെതിരെയും പരിസ്ഥിതി സംരക്ഷണത്തിനും , സമൂഹിക സുരക്ഷക്കുവേണ്ടിയും പോരാടിയ ചെങ്ങന്നൂരിന്റെ സ്വന്തം യുവപോരാളി രാജീവ് പള്ളത്തുമായി ആം ആദ്മി പാര്‍ട്ടി എത്തുന്നതോടു കൂടി ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കടുത്ത പോരാട്ടം ഉറപ്പായി കഴിഞ്ഞു . കേരളത്തിലും , ഇന്ത്യയിലും വിദേശ മലയാളികള്‍ക്കിടയിലും ആം ആദ്മി പാര്‍ട്ടിക്ക് വര്‍ധിച്ചുവരുന്ന വരുന്ന ജനപിന്തുണയെ മറ്റ് എല്ലാ പാര്‍ട്ടികളും ഭയപ്പാടോടെയാണ് കാണുന്നത് . ഇത് മുതലാക്കാനുള്ള പരിശ്രമത്തിലാണ് കേരളത്തിലെ ആം ആദ്മി പാര്‍ട്ടിയും പ്രവര്‍ത്തകരും .
തോട്ടപ്പള്ളി കൽപ്പകവാടിയ്ക്ക് സമീപം ലോറിക്കുപിന്നിൽ കാറിടിച്ച് മൂന്നുപേർ മരിച്ചു. ദേശീയ പാതയിൽ തോട്ടപ്പള്ളി കൊട്ടാരവളവ് കല്പകവാടിക്ക് മുൻവശം ഇന്നു പുലർച്ചെ ഒന്നോടെയായിരുന്നു അപകടം.
ആലപ്പുഴ ഭാഗത്ത് നിന്ന് ഹരിപ്പാട് ഭാഗത്തേക്ക് ടാർ കയറ്റിവന്ന ലോറിയ്ക്ക് പിന്നിൽ ഇന്നോവ കാർ ഇടിച്ചു കയറുകയായിരുന്നു. കാർ ഓടിച്ചിരുന്ന ചെറിയഴീക്കൽ ആലുമ്മൂട്ടിൽ ശ്രീധരന്റെ മകൻ ബാബു (48), ബാബുവിന്റെ മക്കളായ അഭിജിത്ത് (20), അമൽജിത്ത് (16) എന്നിവരാണ് മരിച്ചത്. ബാബു സംഭവസ്ഥലത്തു വച്ചും മക്കൾ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ രാവിലെയുമാണ് മരിച്ചത്. മരിച്ച ബാബുവിന്റെ ഭാര്യ ലിസി (37)യുടെ നിലയും ഗുരുതരമാണ്. ഇവർ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മരിച്ച ബാബുവിന്റെ ജ്യേഷ്ഠന്റെ മകളുടെ അന്പലപ്പുഴ കാക്കാഴത്തുള്ള വീട്ടിനടുത്തുള്ള ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിൽ പങ്കെടുത്തിട്ട് തിരികെ വരുന്ന വഴിയായിരുന്നു അപകടം. ബാബു മത്സ്യത്തൊഴിലാളിയാണ്. അമൽജിത്ത് കരുനാഗപ്പള്ളി ഗവ. ബോയ്സ് ഹൈസ്കൂളിൽ എസ്എസ്എൽസി പരീക്ഷ എഴുതിയിട്ടിയിരിയ്ക്കുകയായിരുന്നു.
മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. ഹരിപ്പാട് നിന്നുള്ള ഫയർഫോഴ്സ് സംഘം ലോറിയ്ക്കടിയിൽ കുടുങ്ങിയ കാർ വെട്ടിപ്പൊളിച്ചാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഒന്നര മണിക്കൂറോളം ഗതാഗത തടസമുണ്ടായി. ഹൈവേ പോലീസ്, ഹരിപ്പാട് പോലീസ്, ഫയർഫോഴ്സ് എന്നിവരുടെ നേതൃത്വത്തിൽ ഗതാഗത തടസം നീക്കി.
കാസര്‍കോഡ്: ഐസിസിലേക്ക് മലയാളികളെ റിക്രൂട്ട് ചെയ്ത കേസില്‍ ആദ്യ ശിക്ഷ പ്രഖ്യാപിച്ചു. ബിഹാര്‍ സ്വദേശിനി യാസ്മിന് മുഹമ്മദിന് ഏഴ് വര്‍ഷത്തെ കഠിന തടവാണ് കോടതി വിധിച്ചത്. കാസര്‍കോട് സ്വദേശികളായ 15 യുവാക്കളെ അഫ്ഗാനിസ്ഥാനിലേക്ക് കടത്തിയെന്നാണ് കേസ്. സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത ഐസിസ് കേസുകളില്‍ ശിക്ഷ പ്രഖ്യാപിക്കുന്ന ആദ്യ കേസാണിത്.
കാസര്‍ഗോഡ് പോലീസ് റജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് എന്‍.ഐ.എക്ക് കൈമാറുകയായിരുന്നു. എന്‍.ഐ.എ കോടതിയാണ് വിധി പുറപ്പെടുവിച്ചത്. കേസില്‍ യാസ്മിന് മാത്രമാണ് അറസ്റ്റിലായിട്ടുള്ളത്. വിചാരണക്കാലയളവില്‍ ജയിലില്‍ കഴിഞ്ഞ കാലാവധി ശിക്ഷയില്‍ നിന്ന് ഇളവ് ചെയ്യാനും കോടതി നിര്‍ദേശിച്ചു.
കാസര്‍കോട് ഉടുമ്പുന്തല അല്‍ നൂറില്‍ റാഷി എന്ന അബ്ദുല്‍ റാഷിദ് അബ്ദുള്ളയാണ് കേസിലെ ഒന്നാം പ്രതി. 2006ലാണ് ഇയാള്‍ ഉള്‍പ്പെടെ 14 പേരെ കാസര്‍കോഡ് നിന്ന് ദുരൂഹ സാഹചര്യത്തില്‍ കാണാതായത്. അതേ വര്‍ഷം ജൂലൈ 31ന് കാബൂളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് യാസ്മിനെ കേരള പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏക്കറുകളോളം വരുന്ന ചിലവന്നൂര്‍ കായല്‍ കൈയേറ്റങ്ങള്‍ തിരിച്ചു പിടിക്കുക, ചിലവന്നൂര്‍ ബണ്ട് പഴയ പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകളും അവശിഷ്ടങ്ങളും നീക്കം ചെയ്ത് കായലിലേക്ക് നീരൊഴുക്കും ജല ഗതാഗതവും പുനര്‍സ്ഥാപിക്കണം എന്നും കനാല്‍ റോഡ് സഞ്ചാര യോഗ്യമാക്കണം എന്നും ആവശ്യപ്പെട്ടു ആം ആദ്മി പാര്‍ടി ചിലവന്നൂര്‍ കായല്‍ സംരക്ഷണ ധര്‍ണ നടത്തി. ധര്‍ണ്ണ ചിലവന്നൂര്‍ ബണ്ട്പാലത്തിന് സമീപം ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി.ആര്. നീലകണ്ഠന് ഉദ്ഘാടനം ചെയ്തു.
കായല്‍ കയ്യേറ്റം തുടര്‍ക്കഥയായി തുടരുകയാണെന്നും കയ്യേറ്റങ്ങള്‍ക്കെതിരെ അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കുന്നില്ല എന്നും സി.ആര്.നീലകണ്ഠന് പറയുകയുണ്ടായി. വര്‍ഷങ്ങളായിട്ടും പഴയ പാലത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാത്തത് മൂലം മത്സ്യത്തൊഴിലാളികള്‍ക്കും ഓരു ജലം കയറിയിറങ്ങുന്നതിനും വളരെ ബുദ്ധിമുട്ടും നേരിടുന്നുണ്ട്.
യോഗത്തില്‍ ആം ആദ്മി നേതാക്കളായ ഡോ.മന്‍സൂര്‍ ഹുസ്സൈന്‍, ജോര്‍ജ് തൃക്കാക്കര, വിന്‍സെന്റ് ജോണ്‍, ബോബന് കെ.എസ്, ഫോജി ജോണ്‍, സുനില്‍ സ്റ്റീഫന്‍ എന്നിവര്‍ സംസാരിച്ചു.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസും കെ.എം.മാണിയുമായി സഹകരിക്കുന്ന വിഷയത്തില്‍ കേരളത്തിലെ എല്‍ഡിഎഫ് നേതാക്കള്‍ തീരുമാനം എടുക്കുമെന്ന് സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപിക്കെതിരെ പ്രവര്‍ത്തിക്കാന്‍ മതേതര പാര്‍ട്ടികളുടെ വോട്ടുകള്‍ ഏകീകരിക്കുമെന്നും യെച്ചൂരി പറഞ്ഞു.
ബിജെപിയെ എതിര്‍ക്കാന്‍ ദേശീയ തലത്തില്‍ മറ്റൊരു മുന്നണിയുമായി സഹകരിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. ഹൈദരാബാദില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇക്കാര്യം ചര്‍ച്ചയാകും.
മാണിയുമായി സഹകരിക്കുന്നത് കേരളത്തിലെ മാത്രം പ്രശ്നമാണ്. ഇക്കാര്യത്തില്‍ സിപിഎം, സിപിഐ നേതാക്കളും എല്‍ഡിഎഫിലെ മറ്റ് പാര്‍ട്ടികളും ചേര്‍ന്നാണ് അനുയോജ്യമായ തീരുമാനമെടുക്കണമെന്നും തിരുവനന്തപുരം വിമാനത്താവളത്തില്‍ വെച്ച് യെച്ചൂരി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
കോഴിക്കോട്: സാഹിത്യത്തിന് ഇടമില്ലെങ്കില്‍ തന്റെ പുസ്തകവും പഠിപ്പിക്കേണ്ടെന്ന് എം.ടി.വാസുദേവന്‍ നായര്‍. സാഹിത്യത്തെ പാഠ്യപദ്ധതിയില്‍ നിന്ന് ആട്ടിപ്പായിക്കുകയാണ്. കുട്ടികള്‍ക്ക് ഭാഷയും സാഹിത്യവും അറിയില്ല. ബാലചന്ദ്രന് ചുള്ളിക്കാട് പറഞ്ഞത് ശരിയാണെന്നും എംടി പറഞ്ഞു. ന്യൂസ് 18 കേരളത്തിന് നല്കിയ അഭിമുഖത്തിലാണ് എംടി ഇക്കാര്യം പറഞ്ഞത്.
തന്റെ കവിതകള്‍ പാഠപുസ്തകങ്ങളിലും ഗവേഷണങ്ങള്‍ക്കും ഉപയോഗിക്കരുതെന്നായിരുന്നു ബാലചന്ദ്രന് ചുള്ളിക്കാട് കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ ആവശ്യപ്പെട്ടത്. ഒരു പൊതുപരിപാടിയില്‍ അക്ഷരത്തെറ്റുകള്‍ നിറഞ്ഞ കുറിപ്പ് ഒരു വിദ്യാര്‍ത്ഥി കൈമാറിയതിനെത്തുടര്‍ന്നാണ് നിലവിലുള്ള പാഠ്യപദ്ധതിക്കെതിരെ പ്രതിഷേധവുമായി ചുള്ളിക്കാട് രംഗത്തെത്തിയത്.
ചുള്ളിക്കാടിന് പിന്തുണയുമായി നിരവധി പേര് രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ സാഹിത്യകാരന് സി.രാധാകൃഷ്ണന് ചുള്ളിക്കാടിന്റെ വാദത്തെ എതിര്‍ത്തു. എല്ലാവരും ഇത്തരം പ്രസ്താവനകള്‍ ഇറക്കിയാല്‍ ഭാഷ എങ്ങനെ പഠിപ്പിക്കുമെന്ന ചോദ്യമാണ് രാധാകൃഷ്ണന് ഉന്നയിച്ചത്.
കണ്ണൂര്‍: വയല്‍കിളി സമര നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരന് തൊഴില്‍ വിലക്ക് .ചുമട്ട് തൊഴിലാളിയായ രതീഷ് ചന്ദ്രോത്തിനെയാണ് സിഐടിയു തൊഴില്‍ വിലക്കിയത്. ബൈപ്പാസ് വിരുദ്ധ സമരത്തില്‍ പങ്കെടുത്തതിനാണ് വിലക്ക്. മാപ്പ് പറഞ്ഞാല്‍ ജോലി നല്‍കാമെന്ന് സിഐടിയു അറിയിച്ചു. അസി. ലേബര്‍ ഓഫീസര്‍ക്ക് രതീഷ് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായിട്ടില്ല.
സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെയാണ് പുതിയ നടപടി. ബൈക്കിലെത്തിയ അജ്ഞാതരാണ് വീടിന് കല്ലെറിഞ്ഞത്.
സിപിഐഎം പ്രവര്‍ത്തകര്‍ സമരപ്പന്തല്‍ കത്തിച്ചതോടെയാണ് സമരക്കാരും പാര്‍ട്ടിയും നേര്‍ക്കുനേര്‍ വന്നത്. സമരപ്പന്തല്‍ പുനസ്ഥാപിച്ച് പൂര്‍വാധികം ശക്തമായി സമരം തുടരാനാണ് വയല്‍ക്കിളികളുടെ തീരുമാനം. ഇതിനുവേണ്ടി സമരത്തെ പിന്തുണയ്ക്കുന്നവരെ അണിനിരത്തി തളിപ്പറമ്പില്‍ നിന്ന് കീഴാറ്റൂരേക്ക് പ്രകടനം നടത്തും.
എന്നാല്‍ ഇതിനെ സര്‍വശക്തിയും ഉപയോഗിച്ച് ചെറുക്കാനാണ് സിപിഐഎം നീക്കം. പുറത്തുനിന്നെത്തുന്നവരെ തടയാന്‍ കാവല്‍ സമരം എന്ന പേരില്‍ സിപിഐഎം പ്രവര്‍ത്തകരേയും അനുഭാവികളേയും അണിനിരത്തും. ബൈപാസിനുവേണ്ടി സ്ഥലം വിട്ടുകൊടുത്തവരേയും പങ്കെടുപ്പിക്കും. വയല്‍ക്കിളികള്‍ സമരപ്പന്തല്‍ കെട്ടിയാല്‍ കാവല്‍ സമരപ്പന്തലും നിര്‍മിക്കും.
ഇരുവിഭാഗവും നിലപാട് കടുപ്പിച്ചതോടെ സംഘര്‍ഷസാധ്യതയെക്കുറിച്ചും ആശങ്ക ഉയര്‍ന്നിട്ടുണ്ട്. കീഴാറ്റൂര്‍ സമരത്തില്‍ എല്‍ഡിഎഫിലും പുറത്തും ഒരുപോലെ സമ്മര്‍ദത്തിലായ സിപിഐഎമ്മിനും സര്‍ക്കാരിനും പുതിയ സംഭവവികാസങ്ങള്‍ കൂടുതല്‍ തലവേദന സൃഷ്ടിക്കും.
കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകനായിരുന് ശുഹൈബിനെ വധിച്ച കേസിലെ മുഖ്യപ്രതി ആകാശ് തില്ലങ്കേരിക്ക് ജയിലില്‍ വഴിവിട്ട സഹായങ്ങള്‍ ലഭിക്കുന്നുവെന്ന ആരോപണവുമായി കെ.സുധാകരന്. കണ്ണൂര്‍ സ്പെഷ്യല്‍ ജയിലില്‍ കഴിയുന്ന ആകാശിനെ കാണാന്‍ കൂത്തുപറമ്പ് സ്വദേശിയായ യുവതിക്ക് അധികൃതര്‍ സൗകര്യമൊരുക്കുന്നതായും യുവതി ആകാശിനൊപ്പം പകല്‍ മുഴുവന്‍ ചെലവഴിച്ചതായും സുധാകരന് ആരോപിച്ചു.
ഇക്കാര്യം ചൂണ്ടിക്കാട്ടി സുധാകരന് ജയില്‍ ഡി.ജി.പിക്ക് പരാതി നല്കി. ആകാശിന് ജയിലില്‍ പ്രത്യേക പരിഗണനയാണ് നല്‍കുന്നതെന്നും ആകാശിന്റെ സെല്‍ പൂട്ടാറില്ലെന്നും സുധാകരന് ആരോപിച്ചു. ജയിലില്‍ എല്ലാ സ്വാതന്ത്ര്യവും ആകാശിനുണ്ട്. മൂന്ന് ദിവസങ്ങളായി പല തവണ ആകാശിന് യുവതിയെ കാണാന്‍ അധികൃതര്‍ അവസരമൊരുക്കി.
ഇത് കൂടാതെ മറ്റു പല സഹായങ്ങളും ആകാശിന് ജയിലധികൃതര്‍ നല്‍കുന്നുണ്ട്. ശുഹൈബ് വധക്കേസ് പ്രതികളെ സിപിഎമ്മില്‍ നിന്നും പുറത്താക്കിയത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണെന്നും ഭരണത്തിന്റെ തണലില്‍ പ്രതികള്‍ക്ക് സ.ിപി.പി.ഐ.എമ്മിന്റെ എല്ലാ വിധ പിന്തുണയും ലഭിക്കുന്നുണ്ടെന്നും സുധാകരന് പറഞ്ഞു.
മലപ്പുറം: കേരളത്തിലും ദുരഭിമാനക്കൊല. മലപ്പുറത്ത് ദളിത് യുവാവിനെ പ്രണയിച്ച് വിവാഹം കഴിക്കാനൊരുങ്ങിയ യുവതിയെ വിവാഹത്തലേന്ന് പിതാന് കുത്തിക്കൊലപ്പെടുത്തി. അരീക്കോട് പൂവത്തിക്കണ്ടിയിലാണ് സംഭവം. ആതിര രാജന് (22) ആണ് കൊല്ലപ്പെട്ടത്. ബ്രിജേഷ് എന്ന യുവാവുമായി ആതിരയുടെ വിവാഹം ഇന്ന് നടക്കാനിരിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം 4 മണിയോടെയാണ് സംഭവം.
ആതിരയുടെ പിതാവ് രാജന് ഈ വിവാഹത്തില്‍ താല്പര്യമില്ലായിരുന്നു. പിന്നീട് ഇയാളുടെ സമ്മതത്തോടെയാണ് വിവാഹം നിശ്ചയിച്ചത്. ഇന്നലെ വീണ്ടും വിവാഹത്തിലുള്ള അനിഷ്ടം ഇയാള്‍ പ്രകടിപ്പിക്കുകയും തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കം കൊലയില്‍ അവസാനിക്കുകയുമായിരുന്നു. സംഘര്‍ഷത്തിനിടെ അയല്‍വീട്ടിലെ കട്ടിലിനടിയില്‍ ഒളിച്ചിരുന്ന ആതിരയെ രാജന് വലിച്ചിറക്കി കുത്തിവീഴ്ത്തുകയായിരുന്നു.
അതേസമയം ആതിരയുടെ പിതാവ് ഈ വിവാഹത്തിന് സമ്മതിച്ചത് പോലീസ് നിര്‍ദേശത്തെത്തുടര്‍ന്നാണെന്ന് പ്രതിശ്രുത വരനായി ബ്രിജേഷ് പറഞ്ഞു. വിവാഹം തീരുമാനിച്ച ശേഷവും വീട്ടില്‍ പ്രശ്നങ്ങളുണ്ടായിരുന്നു. തങ്ങളുടെ ബന്ധം സമ്മതിക്കില്ലെന്ന നിലപാടിലായിരുന്നു രാജന്.
ഇതേത്തുടര്‍ന്ന് ആതിര കുറച്ചുകാലം സുഹൃത്തിന്റെ വീട്ടില്‍ താമസിച്ചിരുന്നു. പിന്നീട് തങ്ങള്‍ പോലീസ് സ്റ്റേഷനില്‍ പോയി സംസാരിക്കുകയും വിവാഹത്തിയതിയടക്കം തീരുമാനിച്ചത് പോലീസ് മേല്‍നോട്ടത്തിലായിരുന്നെന്നും ബ്രിജേഷ് വെളിപ്പെടുത്തി.