ആം ആദ്മി പാര്‍ട്ടി എം.പി ശ്രി സഞ്ജയ് സിംഗ് തന്റെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ പ്രളയ ദുരന്തത്തിനിരയായ എറണാകുളം ജില്ലയിലെ കുന്നുകര ഗ്രാമത്തിന്റെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കും. ഡല്‍ഹി സര്‍ക്കാരിന്റെ വിഹിതമായി 10 കോടി രൂപയും, കേരള ജനതയുടെ ദുരിതങ്ങള്‍ അവിടെയുള്ള ജനങ്ങളുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനായി പത്ര പരസ്യം നല്‍കുകയും അതുവഴി കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ ആഹ്വാനവും ചെയ്തിരുന്നു.

എംഎല്‍എമാരും എംപിമാരും ഒരു മാസത്തെ ശമ്പളവും സര്‍ക്കാര്‍ ജീവനക്കാരോട് രണ്ടുദിവസത്തെ ശമ്പളവും സംഭാവന നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിന്റെ ചുമതലയുള്ള സോംനാഥ് ഭാരതി എംഎല്‍എ അടിയന്തര സാഹചര്യം കണക്കിലെടുത്ത് അവശ്യസാധനങ്ങള്‍ വിമാനമാര്‍ഗം തിരുവനന്തപുരത്ത് എത്തിക്കുകയും അത് ഏറ്റവും ദുരിതം അനുഭവിക്കുന്ന ചെങ്ങന്നൂര്‍ മണ്ഡലത്തിലെ നിവാസികള്‍ക്ക് കൈമാറുന്നതിനായി അവിടെ എത്തുകയും ചെയ്തിട്ടുണ്ട്.

ഡല്‍ഹി ജങ്ക്പുര മണ്ഡലത്തിലെ എംഎല്‍എ ശ്രീ പ്രവീണ്‍കുമാര്‍ എംഎല്‍എ ഫണ്ടില്‍നിന്നും ഒരു കോടി രൂപ നല്‍കിയിട്ടുണ്ട്. കൂടാതെ കേരളത്തിലെ ഒരു പ്രദേശം ദത്തെടുത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ എംപി ഫണ്ട് വിനിയോഗിക്കാനുള്ള സഞ്ജയ് സിംഗ് എംപിയുടെ തീരുമാനം. ഇതുവഴി കേരളത്തിലെ ഒരു മാതൃകാ ഗ്രാമമായി കുന്നുകര പ്രദേശത്തെ മാറ്റുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. കക്ഷിരാഷ്ട്രീയ ഭേദമന്യേ ഇന്ത്യാമഹാരാജ്യത്തെ എല്ലാ എം.പി മാരും എംഎല്‍എമാരും ഈ മാതൃക പിന്തുടരുമെന്നു പ്രതീക്ഷിക്കുന്നതായി അദ്ദേഹം അറിയിച്ചു.