Kerala

കോഴിക്കോട്: സിപിഎം പ്രതിക്കൂട്ടിലായ ശുഹൈബ് വധം മുതല്‍ നഴ്‌സിംഗ് സമരം വരെയുളള നിരവധി വിഷയങ്ങളുണ്ടായിട്ടും ഒന്നിലും പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളില്‍ മാധ്യമപ്രവര്‍ത്തകരെ പരമാവധി അകറ്റി നിര്‍ത്താനാണ് ശ്രമിക്കുന്നത്. നഴ്‌സിംഗ് സമരത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു പോലും മറുപടി നല്‍കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല.

മുഖ്യമന്ത്രിക്ക് മുമ്പില്ലാത്ത വിധത്തില്‍ പോലീസ് സുരക്ഷ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ചടങ്ങുകള്‍ക്കെത്തുന്ന മുഖ്യമന്ത്രി പോലീസുകാരുടെ വലയത്തിനുള്ളിലാകുന്നതിനാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സമീപിക്കാന്‍ കഴിയുന്നില്ല. ശുഹൈബ് വധം നടന്ന സമയത്ത് ടി.പി.കേസിലെ പ്രതികള്‍ക്ക് ഒരുമിച്ച് പരോള്‍ നല്‍കിയ സംഭവം, സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ആക്രമണത്തില്‍ യുവതിയുടെ ഗര്‍ഭം അലസിയത്, നഴ്‌സിംഗ് സമരം, ത്രിപുരയില്‍ പ്രചാരണത്തില്‍ നിന്ന് സിപിഎം കേരള ഘടകം ഒഴിവാക്കപ്പെട്ടത് തുടങ്ങി ഒട്ടേറെ വിഷയങ്ങളില്‍ ഉയരാനിടയുള്ള ചോദ്യങ്ങളില്‍ നിന്നാണ് ഈ വിധത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഒഴിവാകുന്നത്.

മുഖ്യമന്ത്രിയുടെ നിശബ്ദദതയില്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുള്‍പ്പെടെ ചോദ്യങ്ങള്‍ ഉയര്‍ന്നു കഴിഞ്ഞു. സിപിഎം അനുകൂല നിലപാടുകള്‍ എടുക്കുന്ന പ്രൊഫൈലുകളില്‍ നിന്നു പോലും വിമര്‍ശനങ്ങള്‍ ഉയരുകയാണ്. അതിനിടെ ശുഹൈബ് വധത്തില്‍ കീഴടങ്ങിയ പ്രതികള്‍ പി.ജയരാജനും തനിക്കുമൊപ്പം നില്‍ക്കുന്ന ചിത്രങ്ങളും പുറത്തു വന്നത് മുഖ്യമന്ത്രിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയേക്കും.

ആലപ്പുഴ സ്വദേശിയായ ശ്രീമോളാണ് വഴിയോരത്ത് കച്ചവടത്തിന് വെച്ച ടെഡി ബെയര്‍ മകള്‍ക്ക് വാങ്ങിക്കൊടുത്തത്. രൂക്ഷമായ ദുര്‍ഗന്ധം കാരണം പാവ തുറന്ന് നോക്കിയപ്പോഴാണ് രക്തവും മരുന്നും കലര്‍ന്ന പഞ്ഞിയും ബാന്‍ഡ്എയ്ഡും കണ്ടെത്തിയത്.

തങ്ങള്‍ക്കുണ്ടായ ദുരനുഭവം ശ്രീമോള്‍ ഫെയ്‌സ്ബുക്ക് ലൈവിലൂടെ പങ്കുവെച്ചു. ആശുപത്രികളില്‍ രക്തം തുടയ്ക്കാനും മറ്റും ഉപയോഗിച്ച പഞ്ഞിയാണ് ഇതെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുറന്നതിന് ശേഷവും രൂക്ഷമായ ഗന്ധമാണുള്ളതെന്നും കൈകൊണ്ട് തൊടാന്‍ പോലുമാകാത്തത്ര മാലിന്യങ്ങളാണ് പാവയ്ക്കുള്ളിലെന്നും ശ്രീമോള്‍ പറയുന്നു.

കഴിഞ്ഞ മാസം ഊട്ടിയിലേക്കുള്ള യാത്രയിലാണ് ശ്രീമോള്‍ പാവ വാങ്ങിയത്. മകള്‍ വാശി പിടിച്ച് കരഞ്ഞപ്പോള്‍ പാവയെ വാങ്ങുകയായിരുന്നെന്ന് ശ്രീമോള്‍ പറയുന്നു. പാവ വാങ്ങിയപ്പോള്‍ മുതല്‍ വീട്ടില്‍ ദുര്‍ഗന്ധമുണ്ടായിരുന്നെങ്കിലും യാതൊരു സംശയവും തോന്നിയില്ല. എന്നാല്‍ ദുര്‍ഗന്ധം തുടര്‍ന്നപ്പോള്‍ പാവയെ തുറന്ന് നോക്കുകയായിരുന്നു. വയനാടിനും ഗൂഡല്ലൂരിനും ഇടയില്‍ ഒരു വഴിയോരക്കച്ചവടക്കാരന്റെ കയ്യില്‍ നിന്നാണ് ഇവര്‍ ടെഡി ബെയറിനെ വാങ്ങിയത്. 350 രൂപയായിരുന്നു ടെഡിയുടെ വില.

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ പൊലീസില്‍ കീഴടങ്ങി. ആകാശ്, റിജിന്‍ രാജ് എന്നിവരാണ് ഇന്ന് രാവിലെ പൊലീസില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തുവെന്ന് പൊലീസ് സംശയിക്കുന്ന രണ്ടു പേരാണ് ആകാശ്, റിജിന്‍ രാജ് എന്നിവര്‍. കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവര്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ശക്തമാക്കിയിരുന്നു.

സിപിഎം പ്രദേശിക നേതാക്കള്‍ക്കൊപ്പമാണ് പ്രതികള്‍ പൊലീസില്‍ കീഴടങ്ങാനെത്തിയത്. ഇതോടെ ശുഹൈബിന്റെ കൊലപാതകത്തില്‍ പങ്കില്ലെന്ന് സിപിഎം വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടിരിക്കുകയാണ്. പിടിയിലായ ആകാശിന് സിപിഎം അംഗത്വം ഇല്ലെങ്കിലും ഇയാളുടെ കുടുംബം സജീവ സിപിഎം പ്രവര്‍ത്തകരാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ആകാശിനായുള്ള തെരെച്ചില്‍ പൊലീസ് ഊര്‍ജ്ജിതമാക്കിയിരുന്നു.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിനീഷിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി ഒളിവില്‍ കഴിയുന്നയാളാണ് ആകാശ്. കൊലപാതകം നടന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാന്‍ സാധിക്കാതിരുന്ന പൊലീസ് അതീവ സമ്മര്‍ദ്ദത്തില്‍ തുടരുന്ന സാഹചര്യത്തിലാണ് പ്രതികളുടെ കീഴടങ്ങല്‍. കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ പ്രതികളെ പിടികൂടാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് നിരാഹാര സമരം പ്രഖ്യാപിച്ചിരിന്നു.

കൊച്ചി: സംസ്ഥാനത്ത് മതപരിവര്‍ത്തനം നടത്തി വിവാഹിതരായ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ സംഘടന രൂപീകരിക്കുന്നു. മതപരിവര്‍ത്തനത്തിനു ശേഷം സിറിയയിലേക്ക് കടന്നുവെന്ന് കരുതുന്ന നിമിഷയുടെ അമ്മ കെ.ബിന്ദുവും ഹാദിയയുടെ പിതാവ് അശോകനുമാണ് ഇക്കാര്യം വാര്‍ത്താസമ്മേളനം നടത്തി അറിയിച്ചത്. പ്രണയത്തിലൂടെ മതപരിവര്‍ത്തനം നടത്തി വിവാഹങ്ങള്‍ നടത്തുന്നത് തടയാനാണ് സംഘടനയെന്ന് ഇവര്‍ പറഞ്ഞു.

മതപരിവര്‍ത്തന വിവാഹങ്ങള്‍ വഴി വിവിധ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന പെണ്‍കുട്ടികളെ സഹായിക്കാനും വിവിധ കോടതികളിലായി നടക്കുന്ന നിയമപോരാട്ടങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിനുമാണ് സംഘടന വരുന്നത്. നിലവില്‍ നടക്കുന്ന അന്വേഷണങ്ങളില്‍ തൃപ്തരല്ലെന്ന് ഇവര്‍ അറിയിച്ചു. വിഷയം ഉന്നയിച്ച് കേന്ദ്രമന്ത്രി സുഷമ സ്വരാജുമായി കൂടിക്കാഴ്ച നടത്താന്‍ ശ്രമിക്കുകയാണെന്നും ബിന്ദു വ്യക്തമാക്കി.

ട്രെയിന്‍ യാത്രക്കിടെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ നടി സനുഷ കോടതിയില്‍ രഹസ്യ മൊഴി രേഖപ്പെടുത്തി. തൃശൂര്‍ രണ്ടാം നമ്പര്‍ സെഷന്‍സ് കോടതിയില്‍ നേരിട്ടെത്തിയാണ് സനൂഷ മൊഴിനല്‍കിയത്. പതിനഞ്ച് മിനിറ്റോളം നീണ്ടുനിന്ന കോടതി നടപടിക്രമങ്ങള്‍ക്ക് ശേഷമാണ് നടി മടങ്ങിയത്.

ഈ മാസം 1ന് മാവേലി എക്‌സ്പ്രസില്‍ വെച്ചാണ് നടിക്കെതിരെ പീഡന ശ്രമം ഉണ്ടായത്. സംഭവത്തില്‍ കേസ് നല്‍കാനും പ്രതിക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കാനും മുതിര്‍ന്ന സനുഷയുടെ നടപടിയെ അഭിനന്ദിച്ച് കേരള പൊലീസ് നടിക്ക് സ്വീകരണമൊരുക്കിയിരുന്നു. ഡിജിപി ലോക്‌നാഥ് ബെഹറ ഇക്കാര്യത്തില്‍ സനൂഷയെ പ്രത്യേകം അഭിനന്ദിച്ചു. മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന മാവേലി എക്സ്പ്രസിലായിരുന്നു സംഭവം.

എസി എ വണ്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്ന സനൂഷയെ ഉറക്കത്തിനിടെ സഹയാത്രികനായ ആന്റോ ബോസ് അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. നടി റെയില്‍വെ പൊലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ തൃശൂരിലെത്തിയപ്പോള്‍ ഇയാളെ പിടികൂടുകയായിരുന്നു. എന്നാല്‍ ബ്ലഡ് ഷുഗര്‍ നിലയില്‍ വ്യത്യാസം ഉണ്ടായപ്പോള്‍ അറിയാതെ കൈ തട്ടിയതാണെന്നായിരുന്നു പ്രതിയുടെ വാദം.

റെക്‌സം രൂപതാ വികാരി ഫാദര്‍ ഷാജി പൂനാട്ടിന്റ പിതാവ് തോമസ് 84 വയസ് നാട്ടില്‍ വെള്ളിയാഴ്ച വെളുപ്പിന് 8 മണിക്ക് നിര്യാതനായി . ടിയാന് നാലു മക്കള്‍ രണ്ട് ആണ്‍മക്കള്‍ രണ്ട് പെണ്‍ മക്കള്‍’ ഒരു മകള്‍ ബെനഡിക്റ്റയിന്‍ സഭാംഗം സിസ്റ്റര്‍ ബെറ്റി ഡോക്ടര്‍ ആയി സേവനം ചെയ്യുന്നു. ഷാജി അച്ചന്റെ പിതാവിന്റ സംസ്‌കാര ചടങ്ങുകള്‍ 19 തിയതി തിങ്കളാഴ്ച 10 മണിക്ക് ഇന്‍ഫന്റ് ജീസസ് ചര്‍ച്ച് പട്ടാണി മുക്കില്‍ നടത്തപെടുന്നു. ഫാദര്‍ ഷാജി സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കുന്നതിനായി നാട്ടിലേക്കുറപ്പെട്ടു. ഷാജി അച്ചന്റ പിതാവിന്റെ വേര്‍പാടില്‍ റെക്‌സം രൂപത മലയാളി കമ്മ്യൂണിറ്റിയുടെ പ്രാര്‍ത്ഥനകളും അനുശോദനവും നേരുന്നു.

കൊല്ലം : ഓരമ്മയോടും മക്കള്‍ ഇങ്ങനെ ചെയ്യരുത് . എന്തൊരു ക്രൂരത . കൊടും ചൂടില്‍ മണിക്കൂറുകള്‍ പെറ്റമ്മയെ വണ്ടിയുടെ ഡിക്കിയില്‍ അടച്ചിട്ടിരിക്കുന്നു . രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും കൊടുക്കാതെ. മനസ്സ് മരവിക്കുന്ന ഈ സംഭവം നടന്നത് കരുനാഗപ്പള്ളിയിലാണ്.

നാല് പേര് അടങ്ങുന്ന ഒരു കുടുംബം കരുനാഗപ്പള്ളിയിലെ ഒരു ഹോട്ടലില്‍ (പുട്ടുകട) യില്‍ ഭക്ഷണം കഴിയ്ക്കാന്‍ കാറില്‍ നിന്ന് ഇറങ്ങി വരുന്നു. കാറിന്റെ ഡിക്കിയില്‍ പ്രായം ചെന്ന ഒരു അമ്മയെ ലോക്ക് ചെയ്തിരിക്കുന്നു. അവര്‍ ഇറങ്ങിയപ്പോള്‍ ആ അമ്മക്ക് ഭക്ഷണം വാങ്ങിക്കൊടുക്കാന്‍ മകന്‍ തയ്യാറായില്ല. അവിടെ കൂടിയിരുന്ന കുറച്ച് ചെറുപ്പക്കാരാണ് ഇത് കണ്ടത്. ഒരു അമ്മ കാറിന്റെ പിറകില്‍ കിടക്കുന്നു. അവര്‍ കാര്‍ലോക്ക് ചെയ്തു പോയപ്പോള്‍ അവിടെ നിന്നവര്‍ കാര്യം തിരക്കി ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു. ആദ്യം സമ്മതിച്ചില്ല. മനസികരോഗി ആണ്  , അതുകൊണ്ട് പുറത്ത് ഇറക്കിയാല്‍ കുഴപ്പം ആണ് എന്ന് പറഞ്ഞു. അത് കുഴപ്പം ഇല്ല എന്ന് പറഞ്ഞു കൊണ്ട് ലോക്ക് എടുക്കാന്‍ ആവശ്യപ്പെട്ടു ചെറുപ്പക്കാര്‍. തുറന്നില്ലെങ്കില്‍ തല്ലി പൊട്ടിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ ആ അമ്മയെ പുറത്ത് ഇറക്കി.

കാര്യം തിരക്കിയപ്പോള്‍ അമ്മ പറഞ്ഞു രാവിലെ മുതല്‍ കഴിക്കാന്‍ ഒന്നും വാങ്ങി തന്നിട്ടില്ല എന്നും , തുറവൂര്‍ മുതല്‍ അവരെ ഡിക്കിയില്‍ ആണ് കിടത്തിയിരിക്കുന്നത് എന്നും.  അത് ചോദിച്ചപ്പോള്‍ മകന്‍ നാട്ടുകാരോട് ചൂടായി . ആ മകനെ അവിടെ കൂടി നിന്ന ചെറുപ്പക്കാരില്‍ ഒരാള്‍ ചെകിട്ടത്ത് അടിക്കുകയും പോലീസിനെ വിളിച്ച് ആ അമ്മയെ അവരെ ഏല്‍പ്പിക്കുകയും ചെയ്തു . ഇതുപോലെ തന്നെ വീട്ടിലും മരുമകളായ ടീച്ചര്‍ തന്നെ ഉപദ്രവിക്കുകയും , ആഹാരം കൊടുക്കാതെ കിടത്തുകയും ചെയ്യാറുണ്ടെന്ന് ആ അമ്മ പറഞ്ഞു. പിന്നീട് അമ്മയെ മറ്റ് മക്കള്‍ വന്ന് കൂട്ടികൊണ്ടുപോയി . മകന്റെയും ഭാര്യയുടെയും പേരില്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്.

കൊച്ചി: നെടുമ്പാശേരിയില്‍ വന്‍ ലഹരിമരുന്ന് വേട്ട. അഞ്ച് കിലോയോളം എംഡിഎംഎ (മെതിലീന്‍ ഡയോക്‌സി മീതാംഫെറ്റാമിന്‍) ആണ് പിടികൂടിയത്. എക്‌സൈസ് സ്‌പെഷ്യല്‍ സക്വാഡ് നടത്തിയ പരിശോധനയിലാണ് ഇത്രയും ലഹരി മരുന്ന് പിടിച്ചെടുത്തത്. വിപണിയില്‍ 30 കോടി രൂപ മൂല്യം ഇതിന് കണക്കാക്കുന്നു.

പാലക്കാട് സ്വദേശികളായ രണ്ട് പേരം എക്‌സൈസ് പിടികൂടിയിട്ടുണ്ട്. നേരത്തേ 5 കോടി രൂപയുടെ എംഡിഎംഎ കൊച്ചിയില്‍ നിന്ന് പിടികൂടിയിട്ടുണ്ടെങ്കിലും ഇത്രയും വലിയ വേട്ട നടക്കുന്നത് ആദ്യമായാണെന്നാണ് കരുതുന്നത്.

ആദ്യ വേട്ടയില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇത്രയും ലഹരിമരുന്ന് പിടിച്ചെടുത്തത്. വിവിധിടങ്ങളില്‍ നടത്തിയ പരിശോധനകള്‍ക്കൊടുവിലാണ് നെടുമ്പാശേരിയില്‍ നിന്ന് ലഹരിമരുന്ന് പിടിച്ചെടുത്തത്.

ഇന്ന് ഫെബ്രുവരി 17, കേരളത്തിന്റെ സിനിമാ മേഖലയെ നടുക്കിക്കൊണ്ട് നടി അക്രമിക്കപ്പട്ടെ ദിവസം. ആക്രമണത്തിന്റെ ഒന്നാം വാര്‍ഷികത്തില്‍ നടിക്കൊപ്പമെന്ന് ആവര്‍ത്തിച്ച് വിമന്‍ ഇന്‍ സിനിമാ കളക്ടീവ്. അവള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടു കൂടിയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് ഫേസ്ബുക്ക് പേജില്‍ കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും പോസ്റ്റിലുണ്ട്.

ഒരു വര്‍ഷം മുമ്പ് മലയാള ചലച്ചിത്ര മേഖലയെ പിടിച്ചു കുലുക്കിയ സംഭവത്തെ ദുഖത്തോടെയും നടുക്കത്തോടെയും വിമന്‍ ഇന്‍ സിനി് കളക്ടീവ് സ്മരിക്കുന്നു. മാനസികവും ശാരീരികവും സാമൂഹികവുമായ സമ്മര്‍ദ്ദങ്ങളില്‍ പതറാതെ പിടിച്ചുനിന്ന സഹപ്രവര്‍ത്തകയെ ഞങ്ങള്‍ ബഹുമാനിക്കുന്നു. പോരാട്ടം ഇപ്പോള്‍ ഞങ്ങളുടേതാണ്, ചലച്ചിത്ര മേഖലയിലെ ഓരോ പ്രവര്‍ത്തകരുടെയും, ഈ മേഖലയെ സമത്വമുള്ളതാക്കാനും ഭയരഹിതമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന വിധത്തിലാക്കാനും. ഞങ്ങളുടെ സഹപ്രവര്‍ത്തകയ്ക്ക് നീതിയാണ് ആവശ്യമെന്ന് വിമന്‍ ഇന്‍ സിനിമ കളക്ടീവ് ഈ ദിവസത്തില്‍ ഒന്നു കൂടി ഓര്‍മിപ്പിക്കുകയാണ്. നീതി വൈകുന്നത് നീതി നിഷേധിക്കപ്പെടുന്നതിന് തുല്യമാണ്. #അവള്‍ക്കൊപ്പം. എന്നാണ് പോസ്റ്റ് പറയുന്നത്.

ഒരു വര്‍ഷം മുന്‍പ് സിനിമാ മേഖലയാകെ നടുക്കത്തോട് കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട വാര്‍ത്തയോട് പ്രതികരിച്ചത്. ഓടുന്ന വാഹനത്തിനുള്ളില്‍ വെച്ചായിരുന്നു നടി അക്രമിക്കപ്പെടുന്നത്. മലയാള സിനിമാ രംഗത്ത് സൂപ്പര്‍ താരങ്ങളിലൊരാളായ ദിലീപ് കേസില്‍ അകപ്പെട്ടതോടെ ഉന്നതരായ പലരും കേസില്‍ ഉള്‍പ്പെട്ടതായി വാദങ്ങള്‍ ഉയര്‍ന്നിരുന്നു. നടന്‍ ദിലീപിനെ കൂടാതെ 11 പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയെന്ന് അറിയപ്പെടുന്ന സുനില്‍ കുമാറാണ്. അതേസമയം കേസ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ കുറ്റവാളികളായ മുഴുവന്‍ പേരെയും നീതി പീഠത്തിന് മുന്നിലെത്തിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന വാദം ശക്തമാണ്.

കേസില്‍ ഗൂഢാലോചന നടന്നിട്ടുണ്ട് എന്നതു സംബന്ധിച്ച് ആദ്യ പരാമര്‍ശം നടത്തുന്നത് ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യരാണ്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് നടന്‍ ദിലീപ് ഉള്‍പ്പെടെ കുടുങ്ങിയത്. നീണ്ട ചോദ്യചെയ്യലിനും തെളിവ് ശേഖരിക്കലിനും ഒടുവിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്യുന്നത്. ഇപ്പോള്‍ ജാമ്യത്തിലുള്ള ദിലീപ് നടി അക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട നല്‍കിയ ഹര്‍ജി അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു.

ചേര്‍ത്തല കെവിഎം ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം ഒത്തുതീര്‍പ്പാക്കാത്തതില്‍ പ്രതിഷേധിച്ച് നഴ്‌സുമാര്‍ നടത്തി വരുന്ന സമരം സംസ്ഥാന വ്യാപകമാക്കുന്നു. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി അനിശ്ചിതകാല സമരം ആരംഭിക്കുന്നത്. 2013 ലെ മിനിമം വേജസും ത്രീ ഷിഫ്റ്റ് സമ്പ്രദായവും നടപ്പില്‍ വരുത്തുക എന്നാവശ്യപ്പെട്ട് സമരം തുടരവേ പ്രതികാര നടപടിയായി പരിചയ സമ്പന്നരായ രണ്ടു നേഴ്സുമാരെ ട്രെയിനികളാണെന്ന് പറഞ്ഞ് മാനേജ്‌മെന്റ് പുറത്താക്കിയിരുന്നു.

കഴിഞ്ഞ ദിവസം റോഡ് ഉപരോധ സമരം നടത്തി പിരിഞ്ഞു പോയവരെ നഴ്‌സുമാര്‍ക്ക് നേരം പോലീസ് ലാത്തി ചാര്‍ജ് നടത്തി. യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ഷാ അടമുള്ളവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചും സമരത്തില്‍ ഉന്നയിച്ച ആവശ്യങ്ങള്‍ അടിയന്തരമായി പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം സംസ്ഥാന വ്യാപകമായി നേഴ്സിങ് സമൂഹം സൂചനാ പണിമുടക്ക് നടത്തിയിരുന്നു.

സൂചനാ പണിമുടക്കില്‍ പങ്കെടുത്ത് ആയിരക്കണക്കിന് നഴ്‌സുമാരാണ് വിവിധയിടങ്ങളില്‍ നിന്നായി ചേര്‍ത്തലയിലേക്ക് എത്തിയത്. ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെയും പിന്‍ ബലമില്ലാതെ ഇത്രയും പേരെ അണി നിരത്തി ഒരു സമരം നടത്തിയത് കേരള ചരിത്രത്തില്‍ തന്നെ ഒരു അപൂര്‍വ്വതയാണെന്നാണ് വിലയിരുത്തല്‍. 15-ാം തിയതി നടന്ന സമരത്തില്‍ 20 ശതമാനം നഴ്‌സുമാരെ അത്യാഹിത വിഭാഗങ്ങളിലെ ഡ്യൂട്ടിക്ക് വിട്ടു നല്‍കിയെങ്കിലും അനിശ്ചിതകാല സമരത്തില്‍ ആരെയും നല്‍കില്ലെന്നാണ് ജാസ്മിന്‍ ഷാ അറിയിച്ചത്. ഇങ്ങനെ സംഭവിച്ചാല്‍ കേരളത്തിലെ ആരോഗ്യ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും വിലയിരുത്തപ്പെടുന്നു.

RECENT POSTS
Copyright © . All rights reserved