Kerala

ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ തിരുവാതുക്കൽ ശ്രീവത്സം വീട്ടിൽ ടി.കെ. വിജയകുമാറിന്റെ മകൻ ഗൗതമിനെ (28) ട്രെയിൻതട്ടി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത മാറുന്നില്ല. കാരിത്താസ് റെയിൽവേ ക്രോസിനു സമീപം ശനിയാഴ്ച പുലർച്ചെയാണ് ഗൗതമിന്റെ മൃതദേഹം കണ്ടെത്തിയത്.

വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസിനു ലഭിച്ചിട്ടില്ല. മുതിർന്ന ഫൊറൻസിക് വിദഗ്ധരുടെ നിരീക്ഷണം കൂടി പരിശോധിച്ചതിനുശേഷം വിശദമായ റിപ്പോർട്ട് നൽകാമെന്നാണ് ഡോക്ടർമാർ അറിയിച്ചിരിക്കുന്നതെന്നു പൊലീസ് പറയുന്നു. ഗൗതമിന്റെ സംസ്കാരം ഇന്നു 12ന്.

മൃതദേഹം കണ്ടെത്തിയ റെയിൽവേ ക്രോസിന്റെ സമീപത്തുനിന്നു നൂറുമീറ്റർ മാറി ഗൗതമിന്റെ കാർ കണ്ടെത്തിയിരുന്നു. കാറിൽ രക്തം ചിതറിത്തെറിച്ച നിലയിലും കഴുത്തു മുറിക്കാൻ ഉപയോഗിച്ച കത്തി രക്തം പുരണ്ട നിലയിലും കാണപ്പെട്ടു. കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടപ്പോൾ ട്രെയിനിനു മുന്നിൽച്ചാടി ആത്മഹത്യ ചെയ്തതാകാമെന്നും പൊലീസ് പറയുന്നു.

കഴുത്തിലെ മുറിവ് ഒഴികെ മൃതദേഹത്തിൽ കണ്ടെത്തിയ പരുക്കുകൾ മുഴുവൻ ട്രെയിൻ ഇടിച്ചാൽ ഉണ്ടാകാവുന്ന പരുക്കുകളാണെന്നാണ് പോസ്റ്റ്മോർട്ടത്തിലെ പ്രാഥമിക നിരീക്ഷണം.കഴുത്തിലെ മുറിവ് കാറിൽ കണ്ടെത്തിയ പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന കത്തികൊണ്ടുള്ളതാണെന്നു വ്യക്തമായിട്ടുണ്ട്.

ഈ കത്തി കൊണ്ട് ആഴത്തിൽ കഴുത്തു സ്വയം മുറിക്കാൻ കഴിയുമോ എന്നതിനും ഉത്തരം ലഭിക്കേണ്ടതുണ്ട്. കഴുത്തിന്റെ ഇരുവശങ്ങളിലും ആഴത്തിൽ മുറിച്ചപ്പോൾ പ്രധാന ഞരമ്പുകൾ അറ്റുപോയിരുന്നു. ഇത്തരത്തിൽ ആഴത്തിൽ മുറിവേറ്റ ഒരാൾ ബോധത്തോടെ 100 മീറ്റർ ദൂരം നടന്നു റെയിൽവേ ട്രാക്ക് വരെ എങ്ങനെ എത്തിയെന്നുള്ളതിനും ട്രെയിൻ വരുന്നതുവരെ കാത്തുനിന്നു മുന്നിലേക്കു ചാടിയെന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്.

അച്ഛൻ വിജയകുമാറുമായി രാത്രി എട്ടിനും ഫോണിൽ സ്വഭാവികമായി സംസാരിക്കുകയും വൈകിട്ടു കഴിക്കുവാൻ ഭക്ഷണം വാങ്ങി കൊണ്ടുവരണോയെന്നു ചോദിക്കുകയും ചെയ്ത ഗൗതം മണിക്കൂറുകൾക്കുള്ളിൽ ആത്മഹത്യ ചെയ്തു എന്നതിലെ അസ്വഭാവികതയും സംശയത്തിന് ഇടനൽകുന്നുവെന്നു ബന്ധുക്കൾ പറയുന്നു.

ഗൗതമിന്റെ കാർ നിർത്തിയിട്ടിരുന്നതിനോടു ചേർന്നുള്ള വീട്ടിൽ പരിസരങ്ങൾ മുഴുവൻ വ്യക്തമാകുന്ന വിധമുള്ള സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നു. എന്നാൽ ഏതാനും മാസം മുൻപു മതിൽ പെളിച്ചുപണിതപ്പോൾ ഇതു മാറ്റി.

പകരം പുതിയത് എത്തിക്കുകയും വെള്ളിയാഴ്ച സ്ഥാപിക്കാൻ വേണ്ടി ടെക്നീഷ്യന്മാർ എത്തുകയും ചെയ്തിരുന്നു.എന്നാൽ മഴ മൂലം ശനിയാഴ്ച വന്ന് ഇവ സ്ഥാപിക്കാമെന്നു പറഞ്ഞ് ഇവർ തിരിച്ചുപോകുകയായിരുന്നു.

ജനറല്‍ ആശുപത്രിയിലെ രണ്ട് ഓപ്പറേഷന്‍ തിയറ്ററുകളും അടച്ചിട്ടിട്ട് ഒരാഴ്ച. ശുചിമുറിയിൽ നിന്നുള്ള മലിന ജലം ചോർന്നിറങ്ങിയുണ്ടായ അണുബാധയെ തുടർന്നാണ് തിയറ്ററുകളും അടച്ചിട്ടത്. പ്രസവ ശസ്ത്രക്രിയ അടക്കമുള്ള അടിയന്തര ശസ്ത്രക്രിയകൾ ആവശ്യമുള്ള രോഗികളെ മെഡിക്കൽ കോളജിലേക്കു മാറ്റി.

മെ‍ഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അണുബാധ സ്ഥിരീകരിച്ചതിനെ തുടർന്നാണ് തിയറ്ററുകള്‍ അടച്ചിട്ടത്. ആറു മാസത്തിനിടെ ഇതു രണ്ടാം തവണയാണ് അണുബാധ ഭീഷണിയെത്തുടർന്നു ജനറൽ ആശുപത്രിയിലെ തിയറ്റർ അടച്ചിടുന്നത്. മേജർ ഓപ്പറേഷൻ തിയറ്ററിനു പുറമേ കുടുംബാസൂത്രണ വിഭാഗത്തോട് അനുബന്ധിച്ചുള്ള തിയറ്ററുമാണ് ജനറൽ ആശുപത്രിയി‍ലുള്ളത്. ഇരു തിയറ്ററുകളിലും ഈർപ്പവും അണുബാധയും കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ 30 മുതലാണ് തിയറ്ററുകൾ അടച്ചത്. തിയറ്ററിനുള്ളിലെ ശീതീകരണ സംവിധാനവും പ്രവർത്തനം നിലച്ചിരിക്കയാണ്. ദിവസവും സിസേറിയനുൾപ്പടെ നിരവധി ശസ്ത്രക്രിയകളാണ് ഇവിടെ നടത്തിയിരുന്നത്. പ്രധാന തിയേറ്ററിനു സമീപമുള്ള രണ്ടാം വാർഡ് നവീകരിച്ചെങ്കിലും ഉദ്ഘാടനം കഴിയാത്തതിനാൽ പ്രവർത്തനം ആരംഭിച്ചിട്ടില്ല. ആകെ ആറ് പേ വാർഡുള്ളതിൽ നല്ലൊരു ശതമാനവും ഒഴിഞ്ഞു കിടക്കയാണ്. ആശുപത്രിയുടെ ലേബർ റൂമിൽ അടിസ്ഥാന സൗകര്യങ്ങളുമില്ല. മിക്ക വാർഡുകളിലും വേണ്ടത്ര സൗകര്യങ്ങളില്ലാത്തതിനാൽ രോഗികള്‍ക്ക് മറ്റ് ആശുപത്രികളിലേക്ക് മാറേണ്ട സ്ഥിതിയിലാണ്.

നാഗ്പൂരിൽ മലയാളിയുവാവ് ദുരൂഹസാഹചര്യത്തിൽ മരിച്ചകേസിൽ ഭാര്യയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലക്കാട് തേങ്കുറിശ്ശി സ്വദേശിനി സ്വാതിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഏപ്രിൽ 29നാണ് കായംകുളംസ്വദേശി നിതിൻനായരെ വീടിനുള്ളിൽ മരിച്ചനിലയിൽകണ്ടെത്തിയത്.

മധ്യപ്രദേശിലെ ബേതുളിൽ താമസിക്കുന്ന കായംകുളം പുല്ലുകുളങ്ങര സ്വദേശി നിതിൻനായരെ കഴിഞ്ഞ ഏപ്രിൽ 29 നാണ് നാഗ്പൂരിലെ വാടകവീട്ടിൽ മരിച്ചനിലയിൽ കാണപ്പെട്ടത്. പാലക്കാട് തേങ്കുറുശി വിളയംചാത്തന്നൂർ ഗീതാലയത്തിൽ സ്വാതിയാണ് നിതിന്റെ ഭാര്യ. തലയിടിച്ചുവീണ് മരിച്ചെന്നായിരുന്നു സ്വാതി വീട്ടുകാരോടും നിതിന്റെ ബന്ധുക്കളോടും പറഞ്ഞിരുന്നത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കഴുത്തു ഞെരിച്ചാണ് മരണമെന്ന് തെളിഞ്ഞു. ഇതിനെ തുടർന്നാണ് നിതിന്റെ മരണത്തിൽ സ്വാതിയുടെ പങ്ക് പുറത്തായത്.

മറ്റൊരു ബന്ധത്തിൽ വിവാഹമോചിതയായ ശേഷമാണ് സ്വാതി നിതിനുമായി അടുക്കുന്നത്. കഴിഞ്ഞ വർഷം സെപ്റ്റംബറിലായിരുന്നു നിതിനും സ്വാതിയും തമ്മിലുളള വിവാഹം. പിതാവ് രമേശ്നായരുടെ ചികിൽസയ്ക്കുവേണ്ടിയാണ് നിതിൻ നാഗ്പൂരിൽ വാടകവീടെടുത്തത്. നിതിന്റെ മരണത്തിനു പിന്നാലെ പിതാവ് രമേശ്നായരും മരിച്ചു. നാഗ്പൂരിലെ ബജാജ് നഗർ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇന്ന്‍ കേരളത്തിലെത്തുന്നു. മൂന്ന് ദിവസത്തെ പര്യടനത്തിനായാണ് അദ്ദേഹം ഇന്ന് കൊച്ചിയില്‍ എത്തുക. തെരഞ്ഞെടുപ്പിന് മുന്‍പ് സംസ്ഥാനത്ത് ബിജെപിയുടെ അടിത്തറ വിപുലമാക്കുക എന്ന ലക്ഷ്യവുമായാണ് അമിത് ഷാ കേരളത്തിലെത്തുന്നത്. ബിജെപി കോർ കമ്മിറ്റി യോഗത്തിലും എൻഡിഎ നേതൃയോഗത്തിലും അദ്ദേഹം പങ്കെടുക്കും കൂടിക്കാഴ്ചയിൽ മലങ്കര സഭാദ്ധ്യക്ഷൻ ക‌ദ്ദിനാൾ ബസേലിയൂസ് മാർ ക്ലിമ്മിസ്, ലത്തീൻ സഭാ മേജ‌ർ ആർച്ചുബിഷപ്പും കേരള കത്തോലിക്കാ ബിഷപ്പ് കൗൺസിൽ അധ്യക്ഷൻ സൂസൈപാക്യം എന്നിവർ പങ്കെടുക്കില്ല. സീറോ മലബാർ സഭാദ്ധ്യക്ഷൻ ക‌ർദ്ദിനാൾ ജോ‌ജ് ആലഞ്ചേരി മാത്രമാണ് കൂടിക്കാഴ്ചയ്ക്കു തയ്യാറായത്.

Image result for KERALA CATHOLIC BISHOPS MEET NARENDRA AND MODI

സൂസൈപാക്യം സംസ്ഥാനത്തെ മുഴുവൻ ബിഷപ്പുമാരേയും പ്രതിനീധീകരിക്കുന്ന സാന്നിധ്യമാണ്. ക്ലിമ്മിസ് കാത്തലിക് ബിഷപ്പ് കോൺ​ഗ്രസ് ഓഫ് ഇന്ത്യയുടെ ദേശീയ അധ്യക്ഷനാണ്. ഇരുവരുമായുള്ള കൂടിക്കാഴ്ച നടക്കില്ലെന്നത് സഭയുടെ കൃത്യമായ സൂചനയാണ്. ആലഞ്ചേരി കലൂർ റിന്യുവൽ സെന്ററിൽ വെച്ചാണ് അമിത് ഷായെ കാണുന്നത്. ബിഷപ്പ് ഹൗസിലേയ്ക്ക് ക്ഷണിക്കാൻ കൂട്ടാക്കിയിട്ടില്ല. ആലഞ്ചേരിയുടെ മൃദുസമീപനത്തിനെതിരെ കത്തോലിക്കാ സഭയ്ക്കുള്ളിൽ എതി‌ർപ്പുകൾ ശക്തമാകുന്നുണ്ട്.

മാണിയെ കൂടെക്കൂട്ടാൻ ക്രൈസ്തവ വോട്ട് മാത്രം ലക്ഷ്യമിട്ട് വരുന്ന അമിത്ഷായുമായുള്ള കൂടിക്കാഴ്ചയെ പ്രോത്സാഹിപ്പിക്കേണ്ടെന്നാണ് സഭയിൽ ഭൂരിഭാ​ഗത്തിന്റേയും നിലപാട്. മുമ്പും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ ക‌ദ്ദിനാൾ ആലഞ്ചേരിയുടെ നിലപാട് സഭയിൽ ചോദ്യം ചെയ്യപ്പെട്ടിരുന്നു. ഇന്ത്യൻ പ്രധാനമന്ത്രിയെ കാണുന്ന പോലെയത്ര നിസാരമായ അർത്ഥമല്ല ബിജെപി ദേശീയ പ്രസിഡന്റായ അമിത് ഷായുമായുള്ള കൂടിക്കാഴ്ച . ഇത് വിശ്വാസികളിൽ സംശയങ്ങൾക്കിട വരുത്തും

അമിത് ഷായുടെ സന്ദർശനം വൻ വിജയമാക്കുന്നതിനു കുമ്മനം രാജശേഖരൻ നേരിട്ടാണ് ബിഷപ്പ് ഹൗസുകളിലെത്തിയാണ് ക്ഷണിച്ചത്. എന്നാൽ ലത്തീൻ, മലങ്കര സഭാദ്ധ്യക്ഷന്മാർ പിന്മാറിയതോടെ ബിജെപിയുടെ തന്ത്രം പൊളിയുകയാണ്. ക്രൈസ്തവ സഭകളെ കൂടെ നി‌ർത്താനുള്ള തന്ത്രങ്ങൾ മെനയുന്നതിനുള്ള അവസാനവട്ട ശ്രമങ്ങളും ബിജെപി നടത്തുന്നുണ്ട്.

അടുക്കാനാകാത്ത രാഷ്ട്രീയ കക്ഷിയാണ് ബിജെപിയെന്ന പ്രതീതി വിശ്വാസികളിലില്ലാതാക്കുകയാണ് തുടർച്ചയായുള്ള കൂടിക്കാഴ്ചകളുടെ ലക്ഷ്യം. പിന്നാലെ കെ എം മാണിയെ പാളയത്തിലെത്തിക്കാമെന്നും ബിജെപി കണക്കുകൂട്ടുന്നു. എന്നാൽ സീറോ മലബാ‌‌ർ ഒഴികെയുള്ള കത്തോലിക്കാ സഭകൾ മാറിനിന്നതോടെ കേരളത്തിൽ ന്യൂനപക്ഷ പിന്തുണ ആർജിക്കുന്നതിനു കേന്ദ്രനേതൃത്വം നടത്തിയ ശ്രമങ്ങൾക്ക് തുടക്കത്തിലേ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ബിജെപി നേതാവായ ജോ‌ർജ് കുര്യനെ ദേശീയ ന്യൂനപക്ഷ കമ്മിഷൻ ഉപാദ്ധ്യക്ഷനായി നിയമിച്ചത് അമിത്ഷായുടെ സന്ദർശനം മുന്നിൽ കണ്ടാണ്. അമിത് ഷായുമായുള്ള വിഐപി കൂടിക്കാഴ്ചയ്ക്ക് മത-സമുദായ നേതാക്കളേയും വ്യവസായ പ്രമുഖരേയും ഇതര രാഷ്ട്രീയ നേതാക്കളേയും പങ്കെടുപ്പിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം.

വ്യോമസേനയുടെ സുഖോയ് വിമാന അപകടത്തിൽ കൊല്ലപ്പെട്ട മലയാളി വൈമാനികൻ അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു. ബന്ധുക്കളും വ്യോമസേന അധികൃതരും ചേർന്ന് ഭൗതികശരീരം ഏറ്റുവാങ്ങി. ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം സ്വവസതിയിൽ പൊതുദർശനത്തിന് വയ്ക്കും.

പൊതുദർശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തിൽ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും. പൂർണ സൈനിക ബഹുമതികളോടെ ഉച്ചയോടെ സംസ്ക്കാരം നടക്കും.

പാലക്കാട്: കന്നുകാലി കടത്ത് തടഞ്ഞുകൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം നടപ്പാക്കാന്‍ ഉറച്ച് ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍. പാലക്കാട് വേലന്താവളത്ത് ചെക്ക്‌പോസ്റ്റിനു സമീപം കന്നുകാലികളുമായി വന്ന ലോറികള്‍ ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ തടഞ്ഞു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നും കാലികളുമായി വന്ന ലോറികളാണ് തടഞ്ഞിട്ടത്.

കന്നുകാലി കശാപ്പ് നിയന്ത്രിക്കാനുള്ള കേന്ദ്ര വിജ്ഞാപനം കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ച് നാലാഴ്ചത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഇത് വകവയ്ക്കാതൊണ് അതിര്‍ത്തിയില്‍ ലോറികള്‍ തടയുന്നത്.

പല ഹിന്ദു സംഘടനകള്‍ സംഘടിച്ച് വന്നാണ് ഇന്നലെ രാത്രി ലോറികള്‍ തടഞ്ഞതെന്ന് മീറ്റ് മെര്‍ച്ചന്റസ് വെല്‍ഫെയര്‍ അസോസിയേഷന്‍ നേതാവ് എം.എ സലീം പ്രതികരിച്ചു. ലോറിയിലെ തൊഴിലാളികളെ ഇവര്‍ മര്‍ദ്ദിച്ചു. ലോറി തടയുന്നത് അറിഞ്ഞ് ചില കച്ചവടക്കാര്‍ കോയമ്പത്തൂരും പൊള്ളാച്ചിയലും കാലിച്ചന്തയില്‍ ലോറികള്‍ കൊണ്ടുപോയി ഇട്ടുവെന്നും സലീം പറഞ്ഞു. ഹിന്ദു മുന്നണി പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ പോലീസ് കാഴ്ചക്കാരായ നോക്കിനില്‍ക്കുകയായിരുന്നുവെന്നും സലീം ആരോപിച്ചു.

ഹിന്ദുമക്കള്‍ മുന്നണി എന്ന സമിതി അടുത്ത കാലത്ത് ലോറികള്‍ തടയുന്നത് പതിവാണെന്നും 22ന് തടഞ്ഞ ലോറികള്‍ ഒരു ലക്ഷം രൂപ അവര്‍ക്ക് കൊടുത്ത ശേഷമാണ് വിട്ടയച്ചതെന്നും സലീം പറഞ്ഞു. പിടിച്ചെടുക്കുന്ന ലോറികളിലെ മാടുകളെ അവര്‍ ഗോശാലകള്‍ക്ക് വില്‍ക്കുമെന്നും രാത്രിയില്‍ അറവുശാലകള്‍ക്ക് മറിച്ചുവില്‍ക്കുന്നത് പതിവാണെന്നും ഇത് കാണിച്ച് പ്രധാനമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും സലീം പറഞ്ഞു. കേരള, തമിഴ്‌നാട് മുഖ്യമന്ത്രിമാര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം കയ്യിലെടുക്കാന്‍ മത സംഘടനകള്‍ നടത്തുന്ന ശ്രമം അപകടകരമായ പ്രവണതയായി തുടരുകയാണ്.

കശാപ്പ് നിരോധനത്തിൽ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് കേരള ഹൈക്കോടതി. കാലികളെ കശാപ്പിനായി കന്നുകാലി ചന്തകളിൽ വിൽ‌ക്കുന്നതാണ് കേന്ദ്രം നിരോധിച്ചതെന്നും ഒരാൾക്കു തന്റെ വീട്ടിലുള്ള കന്നുകാലികളെ കശാപ്പിനായി വിൽക്കാമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിരീക്ഷണം. കന്നുകാലികളെ വില്‍ക്കരുത്, കൊല്ലരുത് എന്ന് ഉത്തരവില്‍ പറയുന്നില്ല. കന്നുകാലി വിൽപ്പന വഴിവക്കില്‍ നിന്നോ വീട്ടില്‍ നിന്നോ നടത്താം. അതിനു ചന്തയില്‍ പോവേണ്ടതില്ലല്ലോ എന്ന് കോടതി അഭിപ്രായപ്പെട്ടു. ഇതോടെ പരാതിക്കാരന്‍ ഹരജി പിന്‍വലിച്ചു.

ചട്ടങ്ങൾ വായിച്ചുനോക്കാതെയാണ് പലരും ഇക്കാര്യത്തിൽ പ്രതിഷേധം നടത്തുന്നതെന്നും നിരോധനം സ്റ്റേ ചെയ്ത മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കോടതി പറഞ്ഞു. കശാപ്പ് നിരോധന വിഷയത്തിൽ സുപ്രീംകോടതിയെ സമീപിക്കാൻ സംസ്ഥാന മന്ത്രിസഭായോ​ഗം തീരുമാനിച്ചതിനു തൊട്ടുപിന്നാലെയാണ് ഹൈക്കോടതിയുടെ നിലപാട് പുറത്തുവരുന്നത്.

കഴിഞ്ഞദിവസം യൂത്ത് കോൺ​ഗ്രസ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ടി ജി സജി നൽകിയ ഹർജി പരിഗണിച്ച കോടതി കേന്ദ്രത്തോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നൽകിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

സംസ്ഥാന പരിധിയിൽ വരുന്ന വിഷയത്തിൽ കേന്ദ്രം ഇടപെടുകയാണെന്ന് ഹരജിയിന്മേൽ സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിന്റെ ഭാഗമായാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഉത്തരവ് പുറത്തിറക്കിയത്. എന്നാല്‍ ഇത് ഭക്ഷണത്തെ ബാധിക്കുന്ന വിഷയം കൂടിയാണെന്നും കേന്ദ്രത്തിന്റെ നിലപാടിൽ വിയോജിപ്പ് അറിയിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിക്കു കത്തയച്ചിട്ടുണ്ടെന്നും സർക്കാർ കോടതിയെ ബോധിപ്പിച്ചിരുന്നു.

കോടതിയുടെ നിരീക്ഷണം കേന്ദ്രത്തിനു അനൂകൂലമായ സാഹചര്യത്തിൽ സുപ്രീംകോടതി ഇക്കാര്യത്തിൽ എന്തു നിലപാടെടുക്കും എന്നാണ് കേരളം ആശങ്കയോടെ കാത്തിരിക്കുന്നത്. സംസ്ഥാനത്തിന്റെ അധികാരത്തില്‍ കേന്ദ്രം കൈകടത്തുന്നു എന്നു ചൂണ്ടിക്കാട്ടിയാണ് സംസ്ഥാനം കോടതിയെ സമീപിക്കാനൊരുങ്ങുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോ​ഗത്തിനു ശേഷം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.

കൂടുതല്‍ തീരുമാനം കൈക്കൊള്ളാന്‍ നാളെ പ്രത്യേക മന്ത്രിസഭായോഗവും വിളിച്ചിട്ടുണ്ട്. നിരോധത്തിനെതിരേ എന്തൊക്കെ നിയമനടപടികള്‍ കൈക്കൊള്ളണമെന്ന് നാളത്തെ യോഗം ചര്‍ച്ച ചെയ്യും.

 

തിരുവനന്തപുരം: ജയിലിനുള്ളില്‍ തടവുകാരെക്കൊണ്ട് നടത്തുന്ന കശാപ്പിനോട് തനിക്ക് യോജിപ്പില്ലെന്ന് ജയില്‍ ഡിജിപി ആര്‍. ശ്രീലേഖ. കത്തിയും രക്തവുമൊക്കെയാണ് അവരെ തടവുകാരാക്കിയത് അങ്ങനെയുള്ള അവരെ കശാപ്പിന്റെ പേരില്‍ വീണ്ടും അത്തരം പ്രവൃത്തികളിലേക്ക് നയിക്കുന്നത് ശരിയല്ല. നെട്ടുകാല്‍ത്തേരിയിലുള്ള തുറന്ന ജയിലില്‍ തടവുകാര്‍ കശാപ്പ് ചെയ്യുന്ന മാംസം ഉപയോഗിച്ചാണ് സെന്‍ട്രല്‍ ജയില്‍ വഴിയുള്ള ജയില്‍ വകുപ്പിന്റെ മാംസാഹാര വില്‍പ്പന. അതിനാല്‍ തന്നെ ജയില്‍ മെനുവില്‍ നിന്നും മട്ടനൊഴിവാക്കി ചിക്കനും മുട്ടയും ആക്കുന്നത് പരിഗണനയിലാണെന്നും ഡിജിപി പറഞ്ഞു.

നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ താറാവ് ഫാം ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ജയില്‍ മേധാവിയുടെ പ്രതികരണം. പശുവും കോഴിയും ആടുമടക്കം നിരവധി വളര്‍ത്തുമൃഗങ്ങളെ നെട്ടുകാല്‍ത്തേരിയിലെ തടവുകാരുടെ നേതൃത്വത്തില്‍ സംരക്ഷിക്കുന്നുണ്ട്. എന്നാല്‍ മാംസത്തിനായി ഇവയെ കൊല്ലുന്നതിലൂടെ തടവുകാരുടെ മനസ്സില്‍ വീണ്ടും ക്രൂരമായ ചിന്താഗതി വളരാന്‍ സാധ്യതയുണ്ട്. അതിനാലാണ് താറാവ് ഫാമിനെക്കുറിച്ച് ആലോചിച്ചപ്പോള്‍ തന്നെ മുട്ടത്താറാവുകള്‍ മതിയെന്ന അഭിപ്രായം താന്‍ മുന്നോട്ട് വെച്ചതെന്നും ആണ്‍ താരാവുകളാണെങ്കില്‍ അവയേയും മാംസത്തിനായി കശാപ്പ് ചെയ്യുന്നത് ഒഴിവാക്കാനായാണ് ഇങ്ങനൊരു തീരുമാനത്തില്‍ എത്തിയതെന്നും ഡിജിപി വ്യക്തമാക്കി.

നെട്ടുകാല്‍ത്തേരിയിലെ തുറന്ന ജയിലില്‍ തടവുകാര്‍ക്ക് പൊതുവേ മറ്റു ജയിലുകളേക്കാള്‍ കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. പക്ഷേ പുറത്തുള്ള ആള്‍ക്കാരുമായി തടവുകാര്‍ രഹസ്യബന്ധം നടത്തുന്നതായും ജയിലിനുള്ളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതായും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇത് നല്‍കുന്ന സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യുന്ന നടപടിയാണെന്നും ഇത്തരം കാര്യങ്ങള്‍ ഇനിയും ശ്രദ്ധയില്‍ പെട്ടാല്‍ ജയിലില്‍ മൊബൈല്‍ ജാമര്‍ ഘടിപ്പിക്കുന്നതടക്കമുള്ള ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡിജിപി വ്യക്തമാക്കി.

തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ഓരോന്നിയും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്. മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നതിനാല്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നും എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോയ്‌സ് സന്ദേശങ്ങളെ എന്‍ഡിടിവി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെ: ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.’
മറ്റൊരു വോയ്‌സ് സന്ദേശത്തില്‍ സമാധനപരമായ പ്രാര്‍ത്ഥനകളല്ല ജിഹാദാണ് ആവശ്യമെന്നും ഇസ്ലാമിനായി ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ആളാണ് അബ്ദുല്‍ റഷീദ്. കേരളത്തിലെ 21 പേരെ ഐഎസില്‍ ചേര്‍ത്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്

എറണാകുളം ജില്ലയിൽ മുസ്ലിം ഏകോപന സമിതി നടത്തുന്ന ഹ​ർത്താൽ പുരോ​ഗമിക്കുന്നു. പൊതുവെ സമാധാനപരമായാണ് ഹർത്താൽ. ചിലയിടങ്ങളിൽ വാഹനം തടയാൻ പ്രതിഷേധക്കാർ ശ്രമിച്ചെങ്കിലും പൊലീസ് ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

എറണാകുളം, പെരുമ്പാവൂർ, ആലുവ, പരവൂർ, കലൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഹർത്താലനുകൂലികൾ പ്രതിഷേധ പ്രകടനം നടത്തി. കടകളെല്ലാം അടഞ്ഞുകിടക്കുകയാണ്. സ്വകാര്യ ബസ്സുകൾ സർവീസ് നടത്തുന്നില്ല. ദീർഘദൂര കെഎസ്ആർടിസി ബസ്സുകളും സിറ്റി ബസ്സുകളും സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയിട്ടുണ്ട്. ചുരുക്കം ഓട്ടോറിക്ഷകളും സർവീസ് നടത്തുന്നുണ്ട്.

മതം മാറിയ ഹാദിയ എന്ന യുവതിയുടെ വിവാഹം റദ്ദാക്കിയ വിധിയിൽ പ്രതിഷേധിച്ചു ഇന്നലെ മുസ്ലിം ഏകോപന സമിതി നടത്തിയ ഹൈക്കോടതി മാർച്ചിനെതിരെയുള്ള പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. കലൂരിനടുത്ത് മണപ്പാട്ടിപ്പറമ്പില്‍ നിന്നാരംഭിച്ച മാര്‍ച്ച് സെന്റ് ആല്‍ബര്‍ട്സ് കോളേജിനു മുന്നില്‍ പൊലീസ് തടയുകയായിരുന്നു. പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പൊട്ടിച്ചു. എന്നാല്‍ പിന്മാറാന്‍ തയാറാവാതെ പ്രതിഷേധക്കാര്‍ ബാരിക്കേഡ് മറികടന്നത് സംഘര്‍ഷത്തിന് വഴിവച്ചു. ഇതോടെ പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ഇതിൽ നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.

 

RECENT POSTS
Copyright © . All rights reserved