Kerala

അടിമാലി: റിസപ്ഷന്റെ സമീപത്ത് കാര്‍ പാര്‍ക്ക് ചെയ്ത് ഗസ്റ്റിനെ ഇറക്കുന്നതിനിടെ സെക്യൂരിറ്റി ജീവനക്കാരനും മറ്റ് ചിലരും ചേര്‍ന്ന് കാറില്‍ നിന്നും വലിച്ചിഴച്ച് സമീപത്തെ കെട്ടിടത്തിനടുത്തേക്ക് കൊണ്ടുപോയി. പിന്നെ ഇവരിലൊരാള്‍ കൈയിലിരുന്ന ഇരുമ്പു ദണ്ഡുകൊണ്ട് തലങ്ങും വിലങ്ങും തല്ലി. തലപൊട്ടി രക്തം ചീറ്റിയിട്ടും നിലത്തിട്ട് ചവിട്ടിക്കൂട്ടി. കൊല്ലുമെന്ന് ഉറപ്പായതോടെ സര്‍വ്വശക്തിയുമെടുത്ത് ഇറങ്ങിയോടി. റോഡില്‍ അവശനായി വീണു. കരുണതോന്നിയ ഓട്ടോ ഡ്രൈവര്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ ജീവന്‍ രക്ഷപെട്ടു.

ഇന്നലെ വൈകിട്ട് നടന്‍ ബാബുരാജിന്റെ കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടില്‍ എത്തിയപ്പോള്‍ തനിക്ക് നേരെയുണ്ടായ ക്രൂരമര്‍ദ്ദനത്തെക്കുറിച്ച് അടിമാലി താലൂക്ക് ആശുപത്രിയില്‍ ചികത്സയില്‍ക്കഴിയുന്ന ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍ പത്തനംതിട്ട തടത്തില്‍ കുഞ്ഞുമോന്‍ മുഹമ്മദ് പറയുന്നത് ഇങ്ങനെ:

കൊച്ചി കത്രിക്കടവ് കൊക്കൗ ട്രയല്‍ ഹോളിഡെയിസ് എന്ന സ്ഥാപനത്തിനുവേണ്ടി കഴിഞ്ഞ മൂന്നുമാസത്തോളമായി കാറോടിക്കുകയാണ്. 24 നുള്ള ട്രിപ്പില്‍ മുബൈയില്‍ നിന്നെത്തിയ ദമ്പതികളും പെണ്‍കുഞ്ഞുമായിരുന്നു യാത്രക്കാര്‍. ആദ്യം ആലപ്പുഴയ്ക്കായിരുന്നു യാത്ര. പിറ്റേന്ന് ഇവിടെ നിന്നും മൂന്നാറിന് തിരിച്ചു. ഇവിടെ ചുറ്റിക്കറങ്ങിയ ശേഷം താമസ സൗകര്യം ഏര്‍പ്പെടുത്തിയിരുന്ന കല്ലാറിലെ വൈറ്റ് മിസ്റ്റ് റിസോര്‍ട്ടിലേക്ക് 4 ണിയോടെ യാത്ര തിരിച്ചു.മൂന്നാറും വെള്ളത്തൂവലും കറങ്ങി കല്ലാറിലെത്തിയപ്പോള്‍ 6 മണിയോടുത്തിരുന്നു. ഇതിനിടയില്‍ റിസോര്‍ട്ടിലേക്കുള്ള വഴിയെക്കുറിച്ച് കൊച്ചിയിലെ ട്രാവല്‍ ഏജന്‍സിയില്‍ നിന്നും മൊബൈലില്‍ വിളിച്ച് അറിയിച്ച വിവരങ്ങള്‍ പരസ്പര വിരുദ്ധമായി.

ഇതേത്തുടര്‍ന്ന് സഞ്ചരിച്ച വഴികളിലൂടെ തന്നെ വീണ്ടും കടന്നുപോകേണ്ട ഗതികേടുണ്ടായി. ഇതിനിടയില്‍ കാറിലെ യാത്രക്കാരായിരുന്ന ദമ്പതികളിലെ യുവതി ഭീതിയും ശാരീരിക അസ്വസ്ഥതകളും മൂലം അവശയായി. റിസോര്‍ട്ടില്‍ നിന്നുള്ളവരുടെ തുടര്‍ച്ചയായ വിളി മൂലം കാര്‍ ഓടിക്കാന്‍ വിഷമം നേരിട്ടതോടെ മൊബൈല്‍ ഓഫാക്കി. ഏഴു മണിയായതോടെ തപ്പിപ്പിടിച്ച് ഗസ്റ്റുകളെയും കൊണ്ട് റിസോര്‍ട്ടിലെത്തി. യാത്രക്കാരി അവശയാണെന്ന് അറിയിച്ചിട്ടും സെക്യൂരിറ്റി ജീവനക്കാരന്‍ ഗെയിറ്റ് തുറന്നില്ല.

തുടര്‍ന്ന് റിസപ്ഷനില്‍ വിളിച്ചുപറഞ്ഞപ്പോഴാണ് ഗെയിറ്റ് തുറന്നത്. പിന്നീടായിരുന്നു കൂട്ടം ചേര്‍ന്നുള്ള മര്‍ദ്ദനം റിസോര്‍ട്ടിലെത്താന്‍ വൈകിയത് മനഃപ്പൂര്‍വ്വമാണെന്നും ഇത് മൂലം സ്ഥാപനത്തെക്കുറിച്ച് ഗസ്റ്റ് മോശമായ പരാമര്‍ശം നടത്തിയെന്നും മറ്റും പറഞ്ഞായിരുന്നു മര്‍ദ്ദനം. തെറ്റ് തന്റേതല്ലെന്ന് കാര്‍ യാത്രക്കാര്‍ വ്യക്തമാക്കിയിട്ടും ഇവര്‍ക്കൊപ്പമുണ്ടായിരുന്ന പിഞ്ചുകുഞ്ഞ് നോക്കി നില്‍ക്കുന്നത് കാര്യമാക്കാതെ ജീവനക്കാര്‍ വളഞ്ഞിട്ട് മര്‍ദിക്കുകയായിരുന്നു.

രക്തത്തില്‍കുളിച്ച നിലയില്‍ റോഡിലേക്ക് ഓടിയ കുഞ്ഞുമോന്‍ റോഡില്‍ അവശനായി വീഴുന്നത് നാട്ടുകാരനായ ശ്യാം കണ്ടു. തുടര്‍ന്ന് ഇയാള്‍ വിളിച്ചറിയിച്ചത് പ്രകാരം സ്ഥലത്തെത്തിയ ഓട്ടോയിലെ ഡ്രൈവര്‍ ബേബിയാണ് കുഞ്ഞുമോനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രയില്‍ ഇടക്ക് ബോധം മറഞ്ഞ അവസ്ഥയിലായ കുഞ്ഞുമോനെ മുഖത്ത് വെള്ളം തളിച്ചും നാവില്‍ വെള്ളം ഇറ്റിച്ച് നല്‍കിയും മറ്റുമാണ് താന്‍ അടിമാലിയില്‍ വരെ എത്തിച്ചതെന്നും ഇവിടെ പൊലീസ് സ്റ്റേഷനിലെത്തിച്ച് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിയ ശേഷമാണ് ആശുപത്രിയിലേക്ക് മാറ്റിയതെന്നും കമ്പിലൈനിലെ ഓട്ടോ ഡ്രൈവര്‍ ബേബി പറഞ്ഞു.

20 വര്‍ഷത്തോളമായി ടുറിസ്റ്റുകള്‍ക്കായി വാഹനമോടിക്കുന്ന തന്റെ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമായിട്ടാണെന്നാണ് കുഞ്ഞുമോന്റെ വെളിപ്പെടുത്തല്‍. തൊട്ടുമുമ്പ് നാല് വര്‍ഷത്തോളം ഗള്‍ഫിലായിരുന്നു.മടങ്ങിവന്നിട്ട് മൂന്നുമാസമേ ആയിട്ടുള്ളു.തലയില്‍ നാല് തുന്നിക്കെട്ടുണ്ട്.ദേഹമാസകലം കടുത്ത വേദനയുണ്ട്. കുഞ്ഞുമുഹമ്മദ് വ്യക്തമാക്കി.

സംഭവം ടൂറിസ്റ്റ് ടാക്‌സി ഡ്രൈവര്‍മാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധമുയര്‍ത്തിയിട്ടുണ്ട്.സംസ്ഥാനത്തെ 14 ജില്ലകളിലെ ടൂറിസ്റ്റ് ടാക്‌സീ ഡ്രൈവര്‍മാരുടെ വാട്‌സാപ് കൂട്ടായ്മയിലെ അംഗങ്ങള്‍ നാളെ റിസോര്‍ട്ടിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ടാക്‌സി ഡ്രൈവേഴ്‌സ് യൂണിയന്‍ (സി ഐ ടി യു)ഇടുക്കി ജില്ലാ പ്രസിഡന്റ് സിജി ഇടുക്കി അറിയിച്ചു.

എന്നാല്‍ സംഭവത്തില്‍ കുഞ്ഞുമോന്റെ വാദം ശരിയല്ലന്നാണ് അടിമാലി സിഐ പി കെ സാബുവിന്റെ വിവരണം. ദമ്പതികളിലെ സ്ത്രീയോടും റിസോര്‍ട്ടിലെ റിസപ്ഷിനിസ്റ്റായ യുവതിയോടും കുഞ്ഞുമോന്‍ മോശമായി സംസാരിച്ചെന്നും ഇത് ചോദ്യം ചെയ്ത ജീവനക്കാരെ കുഞ്ഞുമോന്‍ കയ്യേറ്റത്തിന് മുതിരുകയായിരുന്നെന്നും ഇതിനിടയില്‍ ഉണ്ടായ ഉന്തിലും തള്ളിലുമാവാം ഇയാള്‍ക്ക് പരിക്കേറ്റതെന്നുമാണ് തനിക്ക് ലഭിച്ച വിവരമെന്ന് സി ഐ പറഞ്ഞു.

സ്വന്തം ലേഖകന്‍

ഡെല്‍ഹി :   ” എന്റെ ജീവന്‍ കാര്യമാക്കേണ്ട , ദൈവം എനിക്കു നൽകിയ എന്റെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കണം ” എന്ന വാക്കുകളോടെ ദൈവസന്നിധിയിലേക്ക് യാത്രയായി പില്‍ക്കാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ട വിശുദ്ധ ജിയാന്ന ബെരെറ്റയുടെ ജീവിതത്തിന്റെ തനിയാവര്‍ത്തനമായി കേരളത്തില്‍ നിന്നും ഒരു അമ്മ. ഒരുപക്ഷേ ആ അമ്മയുടെ പേര് എല്ലാവരും ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ നിന്ന് അറിഞ്ഞു കാണും. സപ്ന ജോജു.

കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാന്‍ മടി കാണിക്കുന്ന അമ്മമാരും ഉദരത്തില്‍ രൂപം കൊണ്ട കുഞ്ഞുങ്ങളെ നിഷ്‌കരുണം കൊലയ്‌ക്കു കൊടുക്കുന്ന എല്ലാ അമ്മമാരും തിരിച്ച്‌ ചിന്തിക്കുന്നതിന് വലിയൊരു സന്ദേശം ലോകത്തിന് നല്‍കി വിടവാങ്ങിയ ഒരു അമ്മ. അതിലും ഉപരി അടുത്തറിയുന്നവരുടെ ഭാഷയില്‍ ‘ ഒരു വിശുദ്ധ ‘.

തൃശ്ശൂര്‍ സ്വദേശി ജോജുവിന്റെ ഭാര്യയായ സപ്ന ഡല്‍ഹി എയിംസ് ഹോസ്പിറ്റലിലെ സ്റ്റാഫ്‌ നേഴ്സായിരിന്നു. അതിലും ഉപരി ജീവന്റെ മഹത്വവും പ്രാധാന്യവും അടുത്തറിഞ്ഞു എട്ട് മക്കള്‍ക്ക് ജന്മം നല്‍കിയ ഒരു അമ്മയായിരിന്നു അവര്‍. 14 വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ ദൈവം നല്‍കിയ മക്കളെ അവര്‍ ഏറ്റുവാങ്ങി. എട്ടാമത് കുഞ്ഞിനെ ഗര്‍ഭത്തില്‍ ധരിച്ചിരിക്കുന്ന സമയത്താണ് കാന്‍സര്‍ രോഗബാധിതയാണെന്ന് സപ്ന തിരിച്ചറിയുന്നത്.

ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിച്ച് ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടതെല്ലാം ചെയ്യാമെന്ന് ഡോക്ടര്‍മാരുടെ സംഘം ഒരു പോലെ വാഗ്ദാനം നല്‍കിയെങ്കിലും അതിനു വഴങ്ങാന്‍ സപ്ന തയാറായിരിന്നില്ല. ” തനിക്ക് ജീവിക്കാനുള്ള അവകാശം പോലെ തന്നെ തന്റെ കുഞ്ഞിനും ജീവിക്കാൻ അവകാശമുണ്ട് ” എന്നായിരുന്നു ജീവന്റെ മഹത്വവും പ്രാധാന്യവും മനസ്സിലാക്കിയ അവളുടെ ആദര്‍ശവാക്യം. മാസം തികയാതെ സപ്‌ന എട്ടാമത് കുഞ്ഞിനെ പ്രസവിച്ചു. ഫിലോമിന എന്നായിരുന്നു അവള്‍ക്ക് പേരു നല്കിയത്.

ഇന്നലെ ഡിസംബര്‍ 25 ക്രിസ്തുമസ് ദിനത്തില്‍ തന്റെ 44- മത്തെ വയസ്സില്‍ സപ്ന നിത്യതയിലേക്ക് യാത്രയായി. അതേ, ജീവന്റെ മഹത്വം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് തന്നെ സപ്ന വിടവാങ്ങി. തിരുപിറവിയുടെ ദിനത്തില്‍ തന്നെയുള്ള സപ്നയുടെ വിടവാങ്ങല്‍ അത്ഭുതത്തോടെയാണ് ബന്ധുക്കളും സുഹൃത്തുക്കളും ഓരോരുത്തരും സ്മരിക്കുന്നത്. ഇന്ന് വൈകുന്നേരം 4.30 ന് ചിറ്റാട്ടുകര സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിലാണ് സപ്‌നയുടെ മൃതസംസ്‌കാരശുശ്രൂഷകള്‍ നടക്കുക.

സപ്നയുടെ ജീവത്യാഗം സോഷ്യല്‍ മീഡിയയില്‍ മൊത്തം ചര്‍ച്ചയാകുകയാണ്. പലരും പങ്കുവെക്കുന്നു ” സപ്ന കേരളത്തില്‍ നിന്നുമുള്ള മറ്റൊരു വിശുദ്ധയായി തീരും “. നമ്മുക്ക് പ്രാര്‍ത്ഥിക്കാം, സപ്നയുടെ ആത്മശാന്തിയ്ക്കായി , ജോജുവിനും മക്കള്‍ക്കും പ്രത്യാശ ലഭിക്കുന്നതിനായി, നമ്മുക്ക് പ്രാര്‍ത്ഥിക്കാം.

പൊന്നാനി: മലപ്പുറത്ത് കടത്തുതോണിമറിഞ്ഞ് ഒരുകുടുംബത്തിലെ ആറുപേര്‍ മരിച്ചു. ചങ്ങരം കുളത്താണ് അപകടം നടന്നത്. നന്നംമുക്ക് നരണിപ്പുഴയിലാണ് കടത്തുതോണി മറിഞ്ഞത്. ഒമ്പത് പേരാണ് തോണിയിലുണ്ടായിരുന്നത്. മരിച്ചവരില്‍ നാല് പെണ്‍കുട്ടികളും രണ്ട് ആണ്‍കുട്ടികളുമുണ്ട്. പ്രസീന(12), വൈഷ്ണ(15), ജെനീഷ(11), പൂജ(15), ആദിനാഥ്(14), ആദിദേവ്(8) എന്നിവരാണ് മരിച്ചത്. മുന്നുപേരെ രക്ഷപ്പെടുത്തി. തോണി തുഴഞ്ഞ വേലായുധന്‍, ശവഖി, ഫാത്തിമ എന്നിവരെയാണ് രക്ഷപ്പെടുത്തിയത്.

വേലായുധനെ തൃശൂര്‍ അമല മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. മരിച്ചവരുടെ മൃതദേഹങ്ങള്‍ ചങ്ങരംകുളം സണ്‍റൈസ് ഹോസ്പിറ്റലില്‍ ആണുള്ളത്. വൈകിട്ട് 5.30 നായിരുന്നു അപകടം. അവധി ആഘോഷിക്കാനെത്തിയവര്‍ സമീപത്തുള്ള ബണ്ട് പൊട്ടിയുണ്ടായ ജലപ്രവാഹം കാണാന്‍ പോകും വഴിയാണ് അപകടം ഉണ്ടായതെന്ന് പറയപ്പെടുന്നു. തോണിയിലുണ്ടായിരുന്ന വിടവില്‍ കൂടി വെള്ളം കയറിയാണ് തോണി മുങ്ങിയതെന്നാണ് രക്ഷപ്പെട്ടവര്‍ പറയുന്നത്.
ദുരന്തം ഉണ്ടായപ്പോള്‍ തന്നെ കരയില്‍ നിന്നവര്‍ രക്ഷാപ്രവര്‍ത്തനത്തിനായി ഇറങ്ങിയെങ്കിലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. എടപ്പാളിനടുത്തുള്ള അറഫ ആശുപത്രിയിലാണ് കുട്ടികളുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരിക്കുന്നത്.

ഇളയമ്മയുടെ മക്കള്‍ രണ്ടാംക്ലാസിലും നാലാം ക്ലാസിലും പഠിക്കുന്ന കാലത്ത് തന്നെ ബലാല്‍സംഗം ചെയ്തതായി പെണ്‍കുട്ടിയുടെ പരാതി. ഇതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കളായ രണ്ടുപേരെ തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് ചപ്പാരപ്പടവ് സ്വദേശിനിയായ 17 കാരിയാണ് രക്ഷിതാക്കളുടെയും ബന്ധുക്കളുടെയും എതിര്‍പ്പുകളെ അവഗണിച്ച് കഴിഞ്ഞ ദിവസം തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലെത്തി മൊഴിനല്‍കിയത്.

പരാതിയെ തുടര്‍ന്ന് പോലീസ് ഐപിസി-376(എഫ്) പ്രകാരം ബലാല്‍സംഗത്തിന് കേസെടുത്തു. ജീവപര്യന്തം വരെ തടവുശിക്ഷ കിട്ടാവുന്ന കേസാണിതെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടി രണ്ടാംക്ലാസില്‍ പഠിക്കുന്ന കാലത്ത് വാടകവീട്ടിലും ബന്ധുവിന്റെ വീട്ടിലും കൊണ്ടുപോയി ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. രണ്ടുവ്യത്യസ്ത കേസുകളാണ് പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.

സംഭവം നടക്കുന്ന കാലത്ത് പോക്‌സോ നിയമം നിലവിലില്ലാത്തതിനാലാണ് മറ്റ് വകുപ്പുകള്‍ പ്രകാരം കേസെടുത്തതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്‍ഡ് ചെയ്തു.

താമരശ്ശേരി രൂപതയുടെ കീഴിലുള്ള ചെമ്പുകടവ് സെന്‍റ്. ജോര്‍ജ്ജ് ദേവാലയത്തില്‍ ക്രിസ്തുമസ് പാതിരാകുര്‍ബാന മദ്ധ്യേ തിരുവോസ്തി കടത്തിക്കൊണ്ടുപോകാന്‍ ശ്രമം. അപരിചിതരായ രണ്ട് പേര്‍ വിശുദ്ധ കുർബാന സ്വീകരിക്കുന്ന രീതി കണ്ടപ്പോളാണ് വിശ്വാസികളില്‍ സംശയമുയര്‍ന്നത്. നാവിൽ സ്വീകരിച്ച പരിശുദ്ധ കുർബാന വിരൽകൊണ്ട് തട്ടി പോക്കറ്റിലേക്ക് മാറ്റുന്നത് കണ്ടപ്പോള്‍ വിശ്വാസികളുടെ സംശയം പൂര്‍ണ്ണമാകുകയായിരിന്നു. ഇതിനിടെ ഒരാളുടെ വായിൽ നിന്നും വീണ തിരുവോസ്തി പോക്കറ്റിൽ വീഴാതെ നിലത്തു പോയപ്പോള്‍ ചവിട്ടി പിടിക്കാനും പിന്നെ എടുത്ത് പോക്കറ്റിൽ ഇടാനും ശ്രമമുണ്ടായി.

ഇതോടെ ഇടവകക്കാര്‍ ഇവരെ പിടികൂടുകയായിരുന്നു. പേരുകൾ ചോദിച്ചപ്പോൾ ക്രിസ്ത്യൻ പേരുകൾ പറഞ്ഞെങ്കിലും തിരിച്ചറിയല്‍ കാർഡുകൾ പരിശോധിച്ചപ്പോൾ മറ്റു മതസ്ഥരാണെന്നു തെളിഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവരുടെ കൂടെ അഞ്ചു പേര്‍ കൂടിയുണ്ടെന്ന് പിന്നീട് മനസ്സിലായി.

പുലര്‍ച്ചെ രണ്ടുമണിയോടെ കോടഞ്ചേരി പോലീസ് ദേവാലയത്തിലെത്തി ഏഴു പേരെയും കസ്റ്റഡിയിൽ എടുത്തു. പിടിയിലായ എല്ലാവരും യുവജനങ്ങളാണ്. സാത്താന്‍ സേവയ്ക്കായി തിരുവോസ്തി കടത്താനായിരിന്നു ഇവരുടെ ശ്രമമെന്നാണ് വിലയിരുത്തപ്പെടുന്നത്. യേശുക്രിസ്തുവിന്റെ നിറസാന്നിധ്യമുള്ള ഓരോ തിരുവോസ്തിയ്ക്കും ലക്ഷങ്ങളാണ് സാത്താന്‍ സേവകരുടെ സംഘം വിലയിടുന്നത്. ഗോവ, മുംബൈ, മിസ്സോറാം എന്നീ പ്രദേശങ്ങളിൽ നിലനിന്നിരുന്ന സാത്താൻ സേവ സംഘം കേരളത്തില്‍ വ്യാപകമാകുന്നുവെന്ന റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവരുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ നഗരങ്ങള്‍ സാത്താന്‍ സേവകരുടെ ഇഷ്ടകേന്ദ്രങ്ങളായി മാറിക്കൊണ്ടിരിക്കുകയാണെന്ന് സംസ്ഥാന ഇന്റലിജന്‍സ് നേരത്തെ കണ്ടെത്തിയിരുന്നു.

തിരുവനന്തപുരം. പുതുച്ചേരിയില്‍ നടന്‍ ഫഹദ് ഫാസില്‍ കാര്‍ റജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ടുള്ള കേസില്‍ വാഹനത്തിന്റെ ഡീലര്‍മാരെയും പ്രതി ചേര്‍ക്കും. കഴിഞ്ഞ ദിവസം ചോദ്യം ചെയ്യലിനിടെ വ്യാജരേഖ ചമച്ചതില്‍ ഡീലര്‍മാര്‍ക്കുള്ള പങ്കിനെപ്പറ്റി ഫഹദ് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ഡല്‍ഹിയിലും ബെംഗളൂരുവിലുമുള്ള ഡീലര്‍മാരുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഇവരെ വൈകാതെ ചോദ്യം ചെയ്യും.
നികുതി സംബന്ധമായ കാര്യങ്ങളൊന്നും അറിയില്ലായിരുന്നുവെന്നും ഡീലര്‍മാരാണ് കാറുകള്‍ റജിസ്റ്റര്‍ ചെയ്ത് ഇവിടെയെത്തിച്ചതെന്നും ഫഹദ് മൊഴി നല്‍കിയിരുന്നു. നികുതി നിയമങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടാണ് ഇതെല്ലാം സംഭവിച്ചത്.

നിയമം ലംഘിക്കണമെന്ന ഉദ്ദേശമുണ്ടായിരുന്നില്ല. എത്ര പിഴ വേണമെങ്കിലും നല്‍കാന്‍ തയാറാണെന്നും ഫഹദ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഫഹദിന്റെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയായിരുന്നു. രണ്ടു പേരുടെ ആള്‍ജാമ്യത്തിലും 50,000 രൂപയുടെ ബോണ്ടിലുമാണ് ജാമ്യം.
25നു രാവിലെ പത്തരയോടെയാണ് തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ ഫഹദ് എത്തിയത്. ഒരുമണിയോടെ ചോദ്യം ചെയ്യല്‍ അവസാനിച്ചു. നേരത്തെ ഈ കേസില്‍ ഫഹദിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം ബ്രാ!ഞ്ച് ആന്റി ടെസ്റ്റ് ടെംപിള്‍ സ്‌ക്വാഡ് എസ്പി സന്തോഷ് കുമാറിന്റെ മുന്നില്‍ ഹാജരാകണം എന്നതടക്കം ഉപാധിയോടെയായിരുന്നു ജാമ്യം.

പുതുച്ചേരിയില്‍ റജിസ്റ്റര്‍ ചെയ്തു തട്ടിപ്പ് നടത്തിയെന്ന വ്യാജ പരാതി ഉണ്ടായപ്പോള്‍ത്തന്നെ റജിസ്‌ട്രേഷന്‍ ആലപ്പുഴയിലേക്കു മാറ്റുകയും 19 ലക്ഷം രൂപ നികുതിയടച്ചു സര്‍ക്കാരിനുണ്ടായ നഷ്ടം നികത്തുകയും ചെയ്‌തെന്നു ഫഹദിന്റെ അഭിഭാഷകന്‍ കോടതിയില്‍ വിശദീകരിച്ചിരുന്നു. ഇതിനായി പുതുച്ചേരിയിലെ വാഹന വകുപ്പി!ല്‍നിന്നു നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റും വാങ്ങി.

അഭിനയത്തിന്റെ തിരക്കിനിടയില്‍ വാഹന റജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നടത്തിയതു നടന്റെ ഓഫിസായിരുന്നെന്നും അന്വേഷണത്തോടു സഹകരിക്കുമെന്നും ബോധ്യപ്പെടുത്തി.
കേരളത്തില്‍ മോട്ടോര്‍ വാഹന നികുതി വെട്ടിക്കാനായി വ്യാജരേഖ ചമച്ചതിനു നടന്‍ ഫഹദ് ഫാസിലിനും നടി അമല പോളിനുമെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചിരുന്നു. ആലപ്പുഴയിലെ വിലാസത്തില്‍ വായ്പ എടുത്തു വാഹനം വാങ്ങിയ ഫഹദ് പുതുച്ചേരിയില്‍ താമസിക്കുന്നെന്ന വ്യാജരേഖ ഉണ്ടാക്കിയെന്നു ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ തട്ടിപ്പ് േകസില്‍ നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിട്ടു. നിയമത്തിലെ അറിവില്ലായ്മ മൂലമാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തതെന്ന് പറഞ്ഞ് ഫഹദ് കുറ്റസമ്മതം നടത്തി. നിയമപ്രകാരമുള്ള പിഴ അടക്കാന്‍ തയാറാണന്നും ക്രൈംബ്രാഞ്ചിനെ അറിയിച്ചു..

ആലപ്പുഴ ജില്ലാ കോടതിയുടെ നിര്‍ദേശപ്രകാരമാണ് ഫഫദ് ഫാസില്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് ചോദ്യം ചെയ്യലിന് ഹാജരായത്. 2015ലും 2016ലുമായി വാങ്ങിയ രണ്ട് കാറുകള്‍ പുതുച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത് ലക്ഷങ്ങളുടെ നികുതി വെട്ടിച്ചതിനെ അടിസ്ഥാനമാക്കിയായിരുന്നു ചോദ്യം ചെയ്യല്‍. ന്യായീകരണങ്ങളൊന്നും നിരത്താതിരുന്ന ഫഹദ് തെറ്റുപറ്റിയതാണെന്ന് തുറന്ന് പറഞ്ഞു.

ഡല്‍ഹിയിലെ വാഹന ഡീലര്‍ വഴിയാണ് കാര്‍ വാങ്ങിയതും രജിസ്റ്റര്‍ ചെയ്തതും. നിയമത്തിലെ അറിവില്ലായ്മയാണ് പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും നികുതി കുറച്ചടയ്ക്കാനും കാരണമായത്. മോട്ടോര്‍ വാഹന വകുപ്പ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ 2016ല്‍ വാങ്ങിയ കാറിന്റെ പിഴ അടച്ചു. നിയമപ്രകാരം അടക്കേണ്ട പിഴ 16 ലക്ഷമായിരുന്നെങ്കില്‍ മുന്‍കൂര്‍ പ്രാബല്യത്തോടെ 19 ലക്ഷം രൂപ പിഴ അടച്ചതിന്റെ രേഖകളും ഹാജരാക്കി. നികുതിവെട്ടിക്കാനോ വഞ്ചിക്കാനോ യാതൊരു ഉദേശ്യവുമില്ലായിരുന്നൂവെന്ന് ആവര്‍ത്തിച്ച ഫഹദ് രണ്ടാമത്തെ കാറിനും പിഴ അടക്കാന്‍ തയാറാണെന്നും അറിയിച്ചു. ഇതോടെയാണ് ഫഹദിന്റെ അറസ്റ്റ് സാങ്കേതികമായി രേഖപ്പെടുത്താന്്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

അറസ്ററ് രേഖപ്പെടുത്തിയാല്‍ രണ്ട് ആളിന്റെയും അമ്പതിനായിരം രൂപയുടെയും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച കോടതി നിര്‍ദേശിച്ചിരുന്നു. ക്രൈംബ്രാഞ്ച് ഐ.ജി എസ്. ശ്രീജിത്തിന്റെയും എസ്.പി. കെ.വി. സന്തോഷിന്റെയും നേതൃത്വത്തിലായിരുന്നു നടപടികള്‍.

തിരുവനന്തപുരം: അനശ്വര നടന്‍ ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നത് കുറച്ചു കാലം മുമ്പാണ്. സീരിയല്‍ നടി ഉമ നായര്‍ ഒരു ചാനല്‍ ഷോയില്‍ കയറി വല്ല്യച്ചനെന്നാണ് ജയനെ വിളിക്കുന്നതെന്ന് പറഞ്ഞതിനെ എതിര്‍ത്ത് ജയന്റെ അനുജന്റെ പുത്രി ലക്ഷ്മി ശ്രീദേവി ഫേസ്ബുക്കിലൂടെ രംഗത്തെത്തിയതാണ് വിവാദമായത്. ഈ വിഷയം ഏറ്റുപിടിച്ച് ലക്ഷ്മിയുടെ ജ്യേഷ്ഠനും സീരിയല്‍ താരവുമായ ആദിത്യനും രംഗത്തെത്തിയിരുന്നു. ഇവര്‍ പരസ്പ്പരം ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും ചെയ്തു. ആദിത്യന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പറഞ്ഞ ഫേസ്ബുക്ക് വീഡിയോയില്‍ മുമ്പൊരാള്‍ ജയന്റെ മകനാണെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ കാര്യവും ചൂണ്ടിക്കാട്ടിയിരുന്നു.

ജയന്‍ തന്റെ അച്ഛനാണെന്ന് പറഞ്ഞ് രംഗത്തെത്തിയ തേവള്ളി പുത്തന്മഠം കുഴയില്‍ വീട്ടില്‍ മുരളീധരന്‍ എന്ന മുരളിയെയാണ് ആദിത്യന്‍ ഉദ്ദേശിച്ചിരുന്നത്. ആദിത്യന്റെ പരാമര്‍ശം ശ്രദ്ധയില്‍ പെട്ടതോടെ വിവാദത്തില്‍ പങ്കുചേര്‍ന്ന് മുരളി ജയനും രംഗത്തെത്തി. ഫേസ്ബുക്കിലൂടെയാണ് മുരളി രംഗത്തെത്തിയത്. ജയന്‍ തന്റെ അച്ഛനാണെന്ന് തെളിയിക്കുമെന്ന് പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ജയന്റെ ബന്ധുത്വ തര്‍ക്കം മുറുകുന്നതിനിടെ ഇനി ആരെങ്കിലും അച്ഛനാണെന്നോ വല്ല്യച്ഛനാണെന്നോ അവകാശപ്പെട്ട് രംഗത്തെത്തിയാല്‍ നിയമ നടപടി സ്വീകരിക്കും എന്നായിരുന്നു ആദിത്യന്‍ പറഞ്ഞിരുനന്ത്. ഇതിനാണ് മുരളി ഫേസ്ബുക്ക് വീഡിയോയിലൂടെ മറുപടിയുമായി എത്തിയത്.

എന്റെ അച്ഛന്റെ വീട്ടുകാരുടെ വെല്ലുവിളി ഏറ്റെടുക്കുന്നു എന്നു പറഞ്ഞു കൊണ്ടാണ് മുരളി ജയന്‍ രംഗത്തെത്തിയത്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്. ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചുവെന്നും മുരളി പറയുന്നു.

മുരളിയുടെ വാക്കുകള്‍ ഇങ്ങനെ:

ഞാന്‍ ജയന്റെ മകനാണെന്ന് പറഞ്ഞപ്പോള്‍ എന്റെ അച്ഛന്റെ വീട്ടുകാരായ പൊന്നച്ചന്‍ വീട്ടുകാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എന്റെ പേരില്‍ കേസ് കൊടുക്കാനോ തയാറായിട്ടില്ല. ഇതില്‍ നിന്നും ഈ സമൂഹത്തിന് മനസ്സിലാക്കാം, ഞാന്‍ പറഞ്ഞ കഥയില്‍ സത്യമുണ്ടെന്ന്. ഇനി കണ്ണന്‍ നായരെയും ആദിത്യനെയും ഡോ. ലക്ഷ്മിയെയും എന്നെയും ചേര്‍ത്ത് ഡിഎന്‍എ ടെസ്റ്റ് നടത്താന്‍ സമൂഹം തയാറാണെങ്കില്‍ ഞാനും തയാറാണ്.
ഒരു പ്രശസ്തനായ വ്യക്തിയുടെ മകനായി ജനിച്ച എനിക്ക് ഒരു താലിച്ചരടിന്റെ പേരിലും എന്റെ അമ്മ ഒരു വിശ്വകര്‍മ്മ സമുദായത്തില്‍ പെട്ടതുകൊണ്ടും ഈ കൊല്ലം ജില്ലയുടെ തെരുവില്‍ കിടന്ന് ഞാന്‍ പീഡനങ്ങളും നൊമ്പരങ്ങളും അനുഭവിച്ചു. നിങ്ങളും നിങ്ങളുടെ കുടുംബവും ചേര്‍ന്ന് വലിയ സത്യത്തെ കുഴിച്ചുമൂടുകയാണ്.ഏതോ ഒരുത്തന്‍ എന്ന് നിങ്ങള്‍ പറഞ്ഞ അതേ നാവ് കൊണ്ട് ഞാന്‍ പറയിപ്പിക്കും ഇത് ഞങ്ങളുടെ വല്ല്യച്ഛന്റെ മകനാണെന്ന്.
നമ്മുടെ പ്രശ്‌സതമായ കെപിഎസിയുടെ നാടാകത്തില്‍ ബഷീറിന്റെ കഥയില്‍ എനിക്ക് ഒരു വേഷം ലഭിച്ചിരുന്നു. ഈ നാടകത്തിന് കേരള സര്‍ക്കാറിന് ആറ് അവാര്‍ഡ് ലഭിക്കുകയും ചെയ്തു. ആ ചടങ്ങില്‍വെച്ച് മാമുക്കോയ സാറിനെ പരിചയപ്പെടുകയും ചെയ്തിരുന്നു. അന്ന് മാമുക്കോയ സാറിനോട് ഞാന്‍ മരിച്ചു പോയ ജയന്റെ മകനാണെന്ന് മകനാണെന്ന് പറയുകയും ചെയ്തു. അപ്പോള്‍ അദ്ദേഹം എന്നെ നോക്കി ചോദിച്ചു അതിന് ഓന്‍ കല്യാണം ഒന്നും കഴിച്ചിട്ടില്ലല്ലോ എന്ന്. ഇതു കേട്ട ഞാന്‍ എന്തു പറയണം എന്നറിയാതെ വിഷമിച്ചു പോയി. അവസാനം ഞാന്‍ എന്നോടു തന്നെ ചോദിച്ചു പോയി ഒരു കുഞ്ഞു ജനിക്കാന്‍ വിവാഹം കഴിക്കണോ എന്ന്.
മോനോ ആദിത്യാ മലയാള സിനിമയുടെ സൂര്യ തേജസാണ് എന്റെ അച്ഛന്‍. ആ സൂര്യ തേജസിനെ അച്ഛനാണെന്ന് ചൂണ്ടിക്കാട്ടിയ സത്യത്തെയാണ് 44 കൊല്ലമായി നിങ്ങളുടെ കുടുംബക്കാര്‍ കുഴിച്ചു മൂടുന്നത്. അതേ എന്നെ കുറിച്ച് ഏതോ ഒരുത്തന്‍ എന്നല്ലേ പറഞ്ഞ്. ആ നിങ്ങളെ കൊണ്ട് ഞാന്‍ പറയിക്കും നിങ്ങളുടെ വല്ല്യച്ഛന്‍ ആണെന്ന്. മക്കളേ, ആദിത്യാ ഇനി ഈ വിഷയത്തില്‍ ഒരു ഡിഎന്‍എ ടെസ്റ്റിന്റെ ആവശ്യമേയൂള്ളൂ. ഇങ്ങനെ ഒരു അവസരം ഒരുക്കി തന്നെ ഉമ നായര്‍ക്ക് നന്ദി പറയുന്നു. എന്തായാലും ഞാന്‍ നനഞ്ഞു, ഇനി കുളിച്ചേ കേറുന്നുള്ളൂ..

ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ തങ്കമ്മ ഒരു തീപ്പെട്ടിക്കമ്പനിയില്‍ ജോലിചെയ്തു വരവെയാണ് ജയന്റെ അമ്മയുമായി അടുപ്പത്തിലാകുന്നതും സഹായിയായി ജോലി നോക്കിയതെന്നുമായിരുന്നു അവകാശപ്പെട്ടാണ് മുരളി നേരത്തെ രംഗത്തെത്തിയിരുന്നത്. നാവികസേനയിലെ സേവനത്തിനു ശേഷം നാട്ടിലെത്തിയപ്പോഴാണ് തങ്കമ്മ ജയനുമായി ബന്ധപ്പെടുന്നതെന്ന് വരെ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു.

ഗവണ്‍മെന്റ് വിക്ടോറിയ ആശുപത്രിയില്‍ വച്ചാണ് തങ്കമ്മ മുരളിക്ക് ജന്മം നല്‍കുന്നത്. തന്റെ പ്രസവശുശ്രൂഷയ്ക്ക് ഭാരതിയമ്മ എത്തിയതായും തങ്കമ്മ പറഞ്ഞു. ജയന്‍ തന്റെ മകനെ അംഗീകരിക്കാന്‍ തയ്യാറായിരുന്നു. എന്നാല്‍ ആ സമയത്ത് ജയന്‍ സിനിമയില്‍ ചുവടുറപ്പിച്ച പ്രശസ്തനായതിനെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ ഭാവിയെക്കരുതി താന്‍ ഒഴിഞ്ഞുമാറുകയായിരുന്നുവെന്ന് തങ്കമ്മ പറഞ്ഞിരുന്നു. എങ്കിലും തന്നെയല്ലാതെ ആരെയും വിവാഹം കഴിക്കില്ലെന്ന് ജയന്‍ ഉറപ്പു നല്‍കിയിരുന്നുവെന്ന് തങ്കമ്മ പറഞ്ഞു. അതിനാലാണ് മരണം വരെ ജയന്‍ അവിവാഹിതനായി ജീവിച്ചത് എന്നായിരുന്നു തങ്കമ്മയുടെ വാദം.

25 വര്‍ഷം മുമ്പ് സിനിമാരംഗത്ത് പ്രശസ്തനായപ്പോള്‍ ഒരിക്കല്‍ ജയന്‍ വിവാഹിതനാകാന്‍ തീരുമാനിച്ചപ്പോള്‍ താന്‍ കൊല്ലം കോടതിയില്‍ കേസ് കൊടുത്തിരുന്ന കാര്യവും തങ്കമ്മ അന്ന് ഓര്‍ത്തെടുത്തു പറഞ്ഞിരുന്നു. എസ്എസ്എല്‍സി ബുക്കില്‍ പിതാവിന്റെ പേര് കൃഷ്ണന്‍ നായര്‍ (ജയന്റെ യഥാര്‍ത്ഥ പേര്) എന്ന് മാറ്റിക്കിട്ടാനാണ് മുരളീധരന്‍ കൊല്ലം മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നത്. മുരളീധരന്‍ ജനിക്കുന്നതിനു മുമ്പ് വിവാഹബന്ധം ഉപേക്ഷിച്ചു പോയ തങ്കമ്മയുടെ ഭര്‍ത്താവ് രാമകൃഷ്ണന്‍ ആചാരിയുടെ പേരായിരുന്നു അതുവരെ എസ്എസ്എല്‍സി ബുക്കില്‍ രേഖപ്പെടുത്തിയരുന്നത്.
ഈ വിവാദം മാധ്യമങ്ങളില്‍ അന്ന് വാര്‍ത്തയായിരുന്നു.

ജിദ്ദ ഇന്ത്യന്‍ തീരത്തു നാശം വിതച്ച ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരെയോ അവരുടെ മൃതദേഹങ്ങളോ സൗദി സമുദ്ര മേഖലയിലോ തീരത്തോ കണ്ടെത്താനായിട്ടില്ലെന്ന് സൗദി തീരദേശസുരക്ഷാ അധികൃതര്‍ അറിയിച്ചതായി റിയാദിലെ ഇന്ത്യന്‍ എംബസി ക്ഷേമവിഭാഗം കോണ്‍സല്‍ അനില്‍ നോട്ടിയാല്‍. കേന്ദ്ര വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചതനുസരിച്ചു റിയാദിലെ എംബസി സൗദി അധികൃതരുടെ സഹായം തേടുകയായിരുന്നു. അതിനുള്ള മറുപടിയിലാണ് സൗദി കോസ്റ്റല്‍ ഗാര്‍ഡ് ഇതുവരെയുള്ള സ്ഥിതി എംബസിയെ അറിയിച്ചത്.

തമിഴ്‌നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു സൗദി സമുദ്ര മേഖലയിലും തീരത്തും കൂടി ഓഖി ഇരകളെ കണ്ടെത്തുന്നതില്‍ എംബസി മുഖേന സൗദി അധികൃതരുടെ സഹകരണം വിദേശകാര്യ മന്ത്രാലയം തേടിയത്. ദമാം, അല്‍ഖോബാര്‍, അല്‍ഖഫ്ജി, ജുബൈല്‍ എന്നീ സൗദി തീരങ്ങളിലെ അധികൃതരുടെ സഹകരണം എംബസി തേടിയതായും അവിടങ്ങളില്‍നിന്ന് ലഭിച്ച വിവരങ്ങളനുസരിച് അത്തരം യാതൊരു മൃതദേഹവും സൗദി കടലില്‍നിന്നോ തീരത്തുനിന്നോ കണ്ടെത്താനായിട്ടില്ലെന്നാണ് കോസ്റ്റല്‍ ഗാര്‍ഡ് അറിയിച്ചതെന്നും കോണ്‍സല്‍ നോട്ടിയാല്‍ പറഞ്ഞു.

ഇനിയും ഓഖി ഇരകളായ നിരവധി ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയോ അവരുടെ മൃതദേഹങ്ങളോ കണ്ടുകിട്ടാനുണ്ട്. മാത്രമല്ല, ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലുണ്ടായിരുന്ന മല്‍സ്യബന്ധന ബോട്ടുകള്‍ നിയന്ത്രണം വിട്ട് ഗള്‍ഫ് തീരങ്ങളിലേയ്ക്കു നീങ്ങിപ്പോകാനും മൃതദേഹങ്ങള്‍ അവിടങ്ങളിലെ കരയ്ക്കണയാനുമുള്ള സാധ്യത നിരീക്ഷകര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടൊപ്പം, സൗദി തീരങ്ങളില്‍ ഏതാനും മൃതദേഹങ്ങള്‍ ഒഴുകിയെത്തിയതായും അവ ഓഖി ഇരകളുടേതാണെന്നുമുള്ള വ്യാജ വാര്‍ത്തകളും പ്രചരിച്ചിരുന്നു.

ഇതിനെ തുടര്‍ന്നായിരുന്നു സൗദി തീര്‍ത്ത് തിരച്ചില്‍ നടത്തേണ്ടതിന്റെ ആവശ്യകത തമിഴ്‌നാട് സര്‍ക്കാര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ഇന്ത്യന്‍ എംബസി സൗദി അധികൃതരുമായി ബന്ധപ്പെട്ട് വ്യക്തത തേടിയതും. ഓഖി ഇരകള്‍ക്കായുള്ള സൗദി തീര്‍ത്തെ തിരച്ചിലും ഇക്കാര്യത്തില്‍ സൗദി കോസ്റ്റ് ഗാര്‍ഡുമായുള്ള തുടര്‍ നടപടികളും അവരില്‍ നിന്നുള്ള വിവര ശേഖരണവും എല്ലാ ദിവസവും തുടരുന്നതായും ഇന്ത്യന്‍ കോണ്‍സല്‍ പറഞ്ഞു.

ഹോസ്റ്റലില്‍ പോസ്റ്റര്‍ പതിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നത്തില്‍ ദളിത് ഗവേഷണ വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ജാതീയമായി അധിക്ഷേപിക്കുകയും വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആര്‍ത്തവ പരിഹാസങ്ങള്‍ വരെ ഉപയോഗിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന നിലപാടില്‍ നിന്നും സര്‍വകാലശാല മാറണം. വിദ്യാര്‍ത്തിനികളുടെ സമരം സന്ദര്‍ശിച്ച ആം ആദ്മി പാര്‍ട്ടി സംസ്ഥാന കന്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍ കുറ്റക്കാര്‍ക്കെതിരെ പട്ടിക ജാതി/പട്ടിക വര്‍ഗ പീഡനം, സ്ത്രീ പീഡനം എന്നീ നിയമ പ്രകാരം കേസെടുക്കാന്‍ സര്‍വകലാശാല തന്നെ മുന്‍കയ്യെടുത്ത് ആറു ദിവസമായി നിരാഹാരം തുടരുന്ന വിദ്യാര്‍ത്ഥിനികള്‍ക്ക് നീതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

ഇടതുപക്ഷമാണ് ഭരണത്തില്‍ എന്ന ധാര്‍ഷ്ട്യത്തിലാണ് എസ്.എഫ്.ഐ ഇത്തരത്തില്‍ ആക്രമണത്തിനു മുതിരുന്നത്. കാമ്പസുകളില്‍ ജനാധിപത്യം വേണമെന്ന കോടിയേരിയുടെ ഉപദേശം കേവലം രാഷ്ട്രീയ കസര്‍ത്ത് മാത്രമാണെന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ തന്നെ തെളിയിക്കുന്നു. ജനകീയ സമരങ്ങളെയും, ദളിത് ന്യൂനപക്ഷങ്ങളെയും അടിച്ചമര്‍ത്തുന്ന സി.പി.എം അജണ്ട ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പോലെയുള്ള യുവ സംഘടനകളിലൂടെയും നടപ്പാക്കിക്കൊണ്ടിരിക്കുന്നു. അതിന്റെ ഫലമാണ് കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനികള്‍ക്ക് നേരിടേണ്ടി വന്നത്.

വിദ്യാര്‍ത്ഥികളില്‍ പോലും വളരുന്ന ഈ ഫാസിസ്റ്റ് മനോഭാവം ചെറുക്കേണ്ടത് അനിവാര്യമാണ്. നിരാഹാരമിരിക്കുന്ന വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യവും നീതിയും സര്‍വകലാശാലയുടെ മാത്രം ഉത്തരവാദിത്വമല്ല, സര്‍ക്കാരിന്റെ കൂടിയാണ്.

RECENT POSTS
Copyright © . All rights reserved