കോഴിക്കോട് : പാക് പോലീസിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത് മലയാളി ഹാക്കിങ് കൂട്ടായ്മയായ ‘മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ്’. കഴിഞ്ഞ ഓഗസ്റ്റ് 14 ന് നിരവധി പാക് സൈറ്റുകള്‍ ഹാക്ക് ചെയ്ത കൂട്ടത്തിലാണ് കറാച്ചി പോലീസിന്റെ വെബ്‌സൈറ്റും ഹാക്ക് ചെയ്തത്. എന്നാല്‍, സ്വന്തം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ട കാര്യം അഞ്ചു മാസം പിന്നിട്ടിട്ടും കറാച്ചി പോലീസ് അറിഞ്ഞിരുന്നില്ല എന്നതാണ് വാസ്തവം.
നാളുകള്‍ക്ക് ശേഷം പാകിസ്ഥാനിലെ പ്രമുഖ മാധ്യമമായ ‘ഡോണ്‍’ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കറാച്ചി പോലീസ് വിവരം അറിഞ്ഞത്. കറാച്ചി പോലീസിന്റെ ക്രിമിനല്‍ ലിസ്റ്റ് താറുമാറാക്കിയ ഹാക്കര്‍മാര്‍ മലയാള സിനിമയിലെ വിവിധ കലാപാത്രങ്ങളെ കുറ്റവാളികള്‍ക്ക് പകരം നിറച്ചുവെച്ചു. സിഐഡി മൂസയിലെ സലീംകുമാര്‍, നന്ദനത്തിലെ ജഗതി, ത്രീ കിങ്‌സിലെ സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് കറാച്ചി പോലീസ് ക്രിമിനല്‍ ലിസ്റ്റില്‍ ഇടം പിടിച്ചത്.
ഇതോടെ പാക് ഇന്റലിജന്‍സിന്റെ വന്‍ പരാജയത്തെ കുറിച്ച് അവിടുത്തെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
ഉത്തര കേരളത്തിലെ കമ്മാടം ഭവതി ക്ഷേത്രത്തിലെ ലക്ഷം ദീപം സമര്‍പ്പണത്തിനാണ് മണ്ഡപം സെന്റ് ജോസഫ് പള്ളിവികാരി ഫാദര്‍ ജോണ്‍ മുല്ലക്കര ക്ഷേത്ര നടയിലെ കല്‍വിളക്കില്‍ ദീപം കൊളുത്തി ക്ഷേത്രാങ്കണം മത സൗഹാര്‍ദ്ദത്തിന്റെ ഉദാത്ത മാതൃകയാക്കിയത്. കാസര്‍കോട് കിഴക്കന്‍ മലയോരത്തെ കമ്മാടം ക്ഷേത്രത്തില്‍ നാടിന്റെ ഐശ്വര്യത്തിനും ലോകശാന്തിക്കും വേണ്ടിയാണ് ക്ഷേത്ര ചരിത്രത്തില്‍ ആദ്യമായി ലക്ഷം ദീപം തെളിയിക്കല്‍ ചടങ്ങ് നടന്നത്.
ഒരുനാടിന്റെ ഉത്സവമായ ചടങ്ങില്‍ വ്രത ശുദ്ധിയില്‍ സ്ത്രീകളും കുട്ടികളും അമ്മമാരും ദീപം തെളിച്ചു കൊണ്ടിരിക്കെയാണ് പുരോഹിത വേഷമണിഞ്ഞ് കയ്യില്‍ ദീപവുമായി ഫാ.ജോണ്‍ മുല്ലക്കരയും ക്ഷേത്ര നടയില്‍ നിലകൊണ്ടത്. മണിക്കൂറുകള്‍ നീണ്ട ക്ഷേത്ര ചടങ്ങുകളെല്ലാം കഴിഞ്ഞാണ് ഇടവക വികാരി മടങ്ങിയത്. ലക്ഷം ദീപം സമര്‍പ്പണ ചടങ്ങിലേക്ക് ക്ഷേത്ര ഭാരവാഹികള്‍ ഇടവക വികാരിയെയും ക്ഷണിച്ചിരുന്നു.
ക്ഷണിക്കാനെത്തിയവരോട് ലക്ഷം ദീപം സമര്‍പ്പിക്കുന്ന ചടങ്ങിനെ കുറിച്ച് ചോദിച്ചറിഞ്ഞ ജോണ്‍ മുല്ലക്കരയച്ചന്‍ അന്നേദിവസം നേരത്തെ തന്നെ കമ്മാടം ക്ഷേത്രത്തിലെത്തി. ഭാരവാഹികള്‍ സ്വീകരിച്ചിരുത്തിയ വികാരിയോട് പൗരാണിക ക്ഷേത്രത്തിലെ കല്‍വിളക്ക് തന്നെ തിരിയിട്ട് തെളിയിക്കാന്‍ അവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്ര മുറ്റം ഒരു ലക്ഷം ദീപം തെളിയുന്നത് വരെ ഫാ.ജോണ്‍ മുല്ലക്കര, കമ്മാടം ഭവതിയുടെ മുന്നിലായിരുന്നു. തിരിച്ചും സഹകരണം അഭ്യര്‍ത്ഥിച്ചാണ് ഇടവക വികാരി മടങ്ങിയത്.
പാലക്കാട്ടെ ബിവറേജസ് കോര്‍പറേഷന്‍ ഗോഡൗണിലേക്ക് പുറത്തുനിന്ന് മദ്യം എത്തുന്നത് പതിവാണ്. എന്നാല്‍, കഴിഞ്ഞ ദിവസം അവിടെ ഒരു ലോഡ് മദ്യവുമായി എത്തിയ ലോറി നാട്ടിലെങ്ങും പെട്ടെന്ന് ചര്‍ച്ചാ വിഷയമായി. ലോറിയല്ല, ലോറി ഡ്രൈവറായിരുന്നു വാര്‍ത്താ കേന്ദ്രം. 45 വയസ്സു പ്രായമുള്ള യോഗിത രഘുവംശി എന്ന സ്ത്രീ. രാജ്യത്തെ ആദ്യ വനിതാ ട്രക്ക് ഡ്രൈവര്‍. 14 ടയറുകളുള്ള ലോറിയില്‍ ആയിരക്കണക്കിന് കിലോ മീറ്ററുകള്‍ താണ്ടിയാണ് യോഗിത കൂളായി പാലക്കാട്ടെത്തിയത്.
വഴി നീളെ അപകടങ്ങള്‍ പതിയിരിക്കുന്ന, ആണുങ്ങള്‍ക്ക് മാത്രം പറ്റിയതെന്നു കാലാകാലങ്ങളായി പറഞ്ഞു വരുന്ന ട്രക്ക് ഡ്രൈവര്‍മാരുടെ ജീവിതത്തിലേക്ക് യോഗിത എത്തിയത് 2000ലാണ്. ഭര്‍ത്താവിന്റെ മരണ ശേഷം, അര്‍ഹതപ്പെട്ട സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തപ്പോഴാണ്, രണ്ട് മക്കളെ പോറ്റുന്നതിന് അവര്‍ ഈ ദുര്‍ഘടം പിടിച്ച ജോലി തെരഞ്ഞെടുത്തത്. അതിനു ശേഷം അഞ്ചര ലക്ഷത്തിലേറെ കിലോ മീറ്ററുകള്‍ അവര്‍ ഈ വണ്ടിയോടിച്ചു. ആദ്യമൊന്നും സ്ത്രീകള്‍ കടന്നു വരാത്ത ഈ വഴിയിലേക്ക് പിന്നെ ചിലരൊക്കെ വന്നു. എങ്കിലും ഇപ്പോഴും സ്ത്രീകള്‍ക്ക് അന്യമായ ഒന്നായാണ് ഈ ജോലിയെ കണക്കാക്കുന്നതെന്ന് ഹിന്ദു പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ യോഗിത പറയുന്നു.
ചില്ലറക്കാരിയല്ല യോഗിത. ഉത്തര്‍പ്രദേശില്‍ പിറന്ന് മഹാരാഷ്ട്രയില്‍ വളര്‍ന്ന ഈ യുവതിക്ക് കൊമേഴസിലും നിയമത്തിലുമായി രണ്ട് ബിരുദങ്ങളുണ്ട്. അഭിഭാഷകയാവാനായിരുന്നു മോഹം. അങ്ങിനെയാണ് അഭിഭാഷകനായ ഭോപ്പാല്‍ സ്വദേശിയുടെ വിവാഹാലോചന സ്വീകരിച്ചത്. വിവാഹം കഴിഞ്ഞ് ചെന്നപ്പോഴാണ് അറിഞ്ഞത് അയാള്‍ അഭിഭാഷകനല്ല. ട്രക്ക് ഡ്രൈവറായിരുന്ന ഭര്‍ത്താവ് വാഹനാപകടത്തില്‍ മരിച്ചപ്പോള്‍ രണ്ട് മക്കളെ പോറ്റുന്ന കാര്യം യോഗിതയുടെ ചുമലില്‍ വന്നു. ഭര്‍ത്താവിന്റെ സ്വത്ത് ബന്ധുക്കള്‍ തട്ടിയെടുത്തതിനാല്‍ ദുരിതം പിന്നെയും കൂടി. ആരുടെയെങ്കിലും ജൂനിയര്‍ ആയി അഭിഭാഷക വൃത്തി ചെയ്യാം. എന്നാല്‍, രണ്ടു മക്കളെ വളര്‍ത്താന്‍ അതൊന്നും പോരാ. അതിനാല്‍, ട്രക്കിന്റെ വളയം പിടിക്കാന്‍ യോഗിത തീരുമാനിച്ചു. മക്കള്‍ ഇപ്പോള്‍ മുതിര്‍ന്നു. മകള്‍ യാഷിക എഞ്ചിനീയറിംഗ് പഠിച്ചു. മകന്‍ യശ്വിന്‍ പ്ലസ് ടു വിദ്യാര്‍ത്ഥി. ഇനിയും ഇതേ ജോലി തുടരണമെന്നാണ് യോഗിതയുടെ ആഗ്രഹം.
യോഗിതയുടെ മാതൃകയെ ഉശിരനൊരു ട്രക്ക് നല്‍കിയാണ് മഹീന്ദ്ര കമ്പനി ആദരിച്ചത്. ആദ്യമൊക്കെ തുറിച്ചു നോട്ടവും മോശം കമന്റുകളുമെല്ലാം നേരിടേണ്ടി വന്നിരുന്നുവെന്ന് യോഗിത പറയുന്നു. വൈകാതെതന്നെ ആണുങ്ങളുടെ മാത്രമായിരുന്ന ഈ ജോലിയെ വരുതിയിലാക്കാന്‍ താന്‍ പഠിച്ചതായും യോഗിത പറയുന്നു.
തിരുവനന്തപുരം പള്ളിവളപ്പിൽ കടന്നു ബൈക്ക് യാത്രികരെ പിടികൂടാനെത്തിയ പൊലീസിനെ ഒരു മണിക്കൂറോളം പൂട്ടിയിട്ടു. ഇന്നലെ രാത്രി 9.00നു ചെരുവാരക്കോണത്താണു സംഭവം. പ്രതിഷേധത്തെ തുടർന്നു രാത്രി 10.30ഒാടെ ചർച്ചകൾക്കു ശേഷം മാപ്പു പറഞ്ഞു പുറത്തേക്കിറങ്ങിയ എസ്ഐ സഞ്ചരിച്ചിരുന്ന ജീപ്പ് ആക്രമിക്കാൻ ശ്രമിച്ചതു ലാത്തിചാർജിന് ഇടയാക്കി.
മൂന്നുപേരുമായെത്തിയ ബൈക്കിനെ പിടികൂടാൻ പട്രോളിങ്ങിനു പോകുകയായിരുന്ന പൊലീസ് ശ്രമിക്കവെ ഒരാൾ പള്ളിവളപ്പിലേക്ക് ഒാടിക്കയറിയതാണു സംഭവങ്ങൾക്കു തുടക്കം. പിന്തുടർന്നെത്തിയ എസ്ഐയും സംഘവും പള്ളിവളപ്പിൽ കയറി പിടികൂടാൻ ശ്രമിച്ചു. ക്രിസ്മസ് പരിപാടികൾക്കായി പള്ളിവളപ്പിൽ പുൽക്കൂട് ഒരുക്കുകയായിരുന്ന യുവാക്കളാണു ബൈക്കിൽ പോയതെന്ന് അറിയിച്ചെങ്കിലും വിടാൻ പൊലീസ് തയാറായില്ല.
ഇതിനിടെ പള്ളിവളപ്പിൽ അകാരണമായി പൊലീസ് കടന്നതിനെ വന്നുകൂടിയവർ ചോദ്യം ചെയ്തു. സംഭവം വഷളാകുന്നതു കണ്ടു വൈദികർ പൊലീസുകാരെ കമ്മിറ്റിഒാഫിസിലേക്ക് എത്തിച്ചതോടെ പിന്തുടർന്നെത്തിയ ജനക്കൂട്ടം ഒാഫിസ് വളഞ്ഞതു സ്ഥിതിഗതികൾ രൂക്ഷമാക്കി. വൈദികരും, ഇടവക ഭാരവാഹികളും ഇടപെട്ടെങ്കിലും പിരിഞ്ഞു പോകാൻ ആരും തയാറായില്ല.
പാറശാല സിഐ സ്ഥലത്തെത്തി പള്ളി വളപ്പിൽ പൊലീസ് കടക്കില്ലെന്ന് എഴുതി നല്കിയെങ്കിലും എസ്ഐ മാപ്പു പറയാതെ വിടില്ലെന്ന നിലപാടിലായിരുന്നു വിശ്വാസികൾ. രാത്രി 10.30ഒാടെ എസ്ഐ മാപ്പു പറയാൻ തയ്യാറായതിനെ തുടർന്നാണു രംഗം ശാന്തമായത്.
കൂടുതൽ പൊലീസെത്തി എസ്ഐയെ ജീപ്പിലെത്തിച്ചു റോഡിലേക്ക് ഇറങ്ങവേ ജിപ്പിനു നേരെ കല്ലേറുണ്ടായി. ഇതോടെ സ്ഥലത്തുണ്ടായിരുന്ന പൊലീസ് സംഘം ലാത്തി ചാർജ് നടത്തി. കഴിഞ്ഞ ദിവസങ്ങളിൽ പ്രദേശവാസികളായ ചില യുവാക്കളെ കഞ്ചാവു വിൽപന നടത്തുവെന്ന് ആരോപിച്ചു പൊലീസ് പിടികൂടി മർദിച്ചിരുന്നതായി നാട്ടുകാർ പറയുന്നു.
കോഴിക്കോട്: ചാരക്കേസില്‍ കരുണാകരന്റെ രാജിക്കായി സമ്മര്‍ദ്ദം ചെലുത്തിയത് എ.കെ.ആന്റണിയുടെ വാക്കുകള്‍ അവഗണിച്ചുകൊണ്ടായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് എം.എം.ഹസന്‍. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കരുതെന്നും അപ്രകാരം ചെയ്താല്‍ അത് കോണ്‍ഗ്രസിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും ആന്റണി മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ അത് വകവെക്കാതെ താനും ഉമ്മന്‍ ചാണ്ടിയും കരുണാകരനെതിരെ നിലപാടെടുക്കുകയായിരുന്നു. ഇപ്പോള്‍ അക്കാര്യത്തില്‍ കുറ്റബോധമുണ്ട്. ആത്മകഥ എഴുതുമ്പോള്‍ ഇക്കാര്യങ്ങള്‍ എഴുതണമെന്നാണ് കരുതിയത്. കരുണാകരന്‍ അനുസ്മരണത്തില്‍ ഇത് പറയാതെ പോകാന്‍ കഴിയില്ലെന്നും എം.എം.ഹസന്‍ വ്യക്തമാക്കി.
1995ല്‍ ചാരക്കേസ് ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് കെ.കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കുള്ളിലുണ്ടായ സമ്മര്‍ദ്ദമാണ് കരുണാകരന്റെ രാജിയിലേക്ക് നയിച്ചത്. പിന്നീട് എ.കെ.ആന്റണി മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുകയായിരുന്നു.
മലപ്പുറം വണ്ടൂര്‍ ഏറിയാണ് തൊണ്ടിയില്‍ കൊടക്കാന്‍ ഷറഫലിയാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പിടിയിലായത്. ഷറഫലിയെ പിന്തുടര്‍ന്ന പൊലീസിനാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ ലഭിച്ചത്.നൂറുകണക്കിന് കൊച്ചുകുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസിൽ പ്രധാനിയെ പൊലീസ് പിടികൂടി. പെട്ടന്നാരും പിടികൂടാതിരിക്കാന്‍ ടെലിഗ്രാം വഴി നൂറിലധികം ചാനലുകള്‍ ആരംഭിച്ചാണ് കൊടക്കാടന്‍ ഷറഫലി ദിവസവും ഒരു ലക്ഷത്തോളം പേര്‍ക്ക് കൊച്ചു കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
വിചിത്രമായ രീതികളായിരുന്നു ഇയാൾ പിന്തുടർന്നു കൊണ്ടിരുന്നത്. മറ്റ് ഗ്രൂപ്പ് അംഗങ്ങളും കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങൾ ഈ ഗ്രൂപ്പുകളിൽ പോസ്റ്റ് ചെയ്യണമെന്ന് ഷറഫലി ശഠിച്ചിരുന്നു. ഇത്തരം ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യാത്തവരെയും കുട്ടികളുമായി ബന്ധമില്ലാത്ത ദൃശ്യങ്ങള്‍ ഇടുന്നവരേയും ഗ്രൂപ്പില്‍ നിന്ന് റിമൂവ് ചെയ്തിരുന്നു. സമൂഹ മാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഷറഫലി ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നത്. പ്രതി അയച്ച നൂറു കണക്കിന് കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളാണ് പിടിച്ചെടുത്തത്. ഷറഫലിയുടെ ഫോണിലും ഒട്ടേറെ അശ്ലീല രംഗങ്ങളുടെ ദൃശ്യങ്ങളുണ്ടായിരുന്നു. ടെലിഗ്രാം ആപ്പു വഴി പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ പ്രയാസമാണന്ന അറിവിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവര്‍ത്തനം. ഷറഫലിക്കൊപ്പം ഒരു സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് വിവരം.
എം.സി.എ പഠനം പഠനം പൂര്‍ത്തിയാക്കിയ പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു. പഠിക്കുന്ന കോഴിക്കോട്ടെ സ്ഥാപനത്തിലെ സഹപാഠികള്‍ക്കും പതിവായി ദൃശ്യങ്ങള്‍ കൈമാറിയിരുന്നു. കുട്ടികള്‍ക്കെതിരെയുളള ലൈംഗീക അതിക്രമം, പോക്സോ, ഐ.ടി വകുപ്പുകള്‍ ചുമത്തിയാണ് പ്രതിയുടെ അറസ്റ്റ്. തിരുവനന്തപുരം ടെക്നോപാര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേരള പൊലീസിലെ സൈബര്‍ ഡോം മുന്‍കയ്യെടുത്താണ് പ്രതിയെ വലയിലാക്കിയത്. പെരിന്തല്‍മണ്ണ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പെരിന്തല്‍മണ്ണ ഡി.വൈ.എസ്.പി…എം. പി. മോഹനചന്ദ്രന്‍, സി.ഐ മാരായ, കെ.എം. ബിജു, ടി.എസ്. ബിനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
പൊന്‍കുന്നം: രണ്ടു വയസുകാരന്‍ ലിമോണിനെ നെഞ്ചില്‍ ചേര്‍ത്തു പിടിക്കുമ്പോള്‍ എല്ലാം ഒരു ദു:സ്വപ്‌നം പോലെ മറക്കാനാണ് പെറ്റമ്മ ലിസയുടെ ശ്രമം. മോന്‍ കിണറ്റിലേക്കു വീണതും ഒപ്പം ചാടി വെള്ളത്തില്‍ മുങ്ങിത്താണ മോനെ രക്ഷിച്ചതുമെല്ലാം ഓര്‍ത്തു പറയുമ്പോള്‍ തേങ്ങുകയാണീ മാതൃഹൃദയം. എല്ലാം ദെവത്തിന്റെ കൃപ. മോനെ ഈ കരങ്ങളിലേക്ക് വീണ്ടും ചേര്‍ത്തു പിടിക്കാന്‍ തുണയായത് ദെവത്തിന്റെ സ്‌നേഹം മൂലമാണെന്ന് ലിസയും കുടുംബവും.
ബുധനാഴ്ച വെകിട്ടാണ് എല്ലാവരേയും നടുക്കിയ അപകടം. ചിറക്കടവ് പൈനുങ്കല്‍പ്പടി അറയ്ക്കത്താഴത്ത് ജിനോ ജോണിന്റേയും, ലിസ(24)യുടേയും ഇരട്ടക്കുട്ടികളില്‍ ഒരാളായ ലിമോണ്‍ വീട്ടുമുറ്റത്തെ കിണറ്റിലേക്കു വീണപ്പോള്‍ നീന്തലറിയില്ലായിരുന്നുവെങ്കിലും മാതൃസ്‌നേഹത്തിന്റെ ശക്തിയില്‍ ലിസ കിണറ്റിലേക്കു ചാടുകയായിരുന്നു. നിറയെ വെള്ളമുള്ള കിണറിന്റെ ആഴത്തില്‍ നിന്ന് ലിമോണിനെ കെക്കുമ്പിളിലാക്കി പൊന്തി വന്നപ്പോഴേക്കും ദെവത്തിന്റെ കരങ്ങളായി രക്ഷകരുമെത്തി.
ഓടിക്കൂടിയ പരിസരവാസികളിട്ടു നല്‍കിയ കയറില്‍ പിടിച്ചു നിന്ന ലിസയേയും ലിമോണിനേയും അതു വഴിയെത്തിയ കാര്‍ യാത്രികന്‍ പെരുമ്പള്ളില്‍ അനില്‍കുമാര്‍ കിണറ്റിലേക്കിറങ്ങി കരയ്ക്കു കയറാന്‍ സഹായിച്ചു. വൈകിട്ടു അഞ്ചുമണിയോടെ മുറ്റത്തേക്ക് ഇറങ്ങാനായി വാതില്‍ തുറന്നപ്പോള്‍ ഇരട്ടക്കുട്ടികളായ ലിമോണും ലിയോണും മൂത്തകള്‍ ലിമയും പുറത്തിറങ്ങിയിരുന്നു. കുഞ്ഞിന്റെ കരച്ചില്‍ കേട്ടു പുറത്തെത്തിയപ്പോഴാണ് മകന്‍ ലിമോണ്‍ കിണറിന്റെ വലയിലെ വിടവിലൂടെ ഊര്‍ന്ന് കിണറ്റിലേക്കു വീഴുകയായിരുന്നു. രക്ഷപ്പെട്ട് കരയില്‍ കയറിയപ്പോള്‍ മാതൃസ്‌നേഹത്തിന്റെ നേര്‍ക്കാഴ്ചയായി മകനെ ആലിംഗനം ചെയ്തു ലിസ മുത്തം നല്‍കിയപ്പോള്‍ ആശ്വാസം കൊണ്ടത് ഒരു നാടാണ്.
ചാനല്‍ വാര്‍ത്തയിലെ ദൃശ്യങ്ങള്‍ രണ്ട് വര്‍ഷം മുമ്പ് കാണാതായ അമ്മയെ തിരികെ നല്‍കിയതിന്റെ കഥയാണ് തിരുവല്ല സ്വദേശികളായ ബാഹുലേയനും ലക്ഷ്മിക്കും പറയാനുള്ളത്. തലവടി ആനപ്രാമ്പാല്‍ സ്നേഹഭവനില്‍ സ്‌കൂള്‍ കുട്ടികളുടെ നേതൃത്വത്തില്‍ നടന്ന ക്രിസ്മസ് ആഘോഷപരിപാടിയെക്കുറിച്ചുള്ള വാര്‍ത്തയിലാണ് കാണാതായ അമ്മയെ ഇവര്‍ കണ്ടെത്തിയത്. മനോരമ ന്യൂസ് സംപ്രേഷണം ചെയ്ത വാര്‍ത്തയിലെ ദൃശ്യങ്ങളില്‍ നിന്ന് തങ്ങളുടെ അമ്മയെ ഇവര്‍ തിരിച്ചറിയുകയും ചാനലുമായി ബന്ധപ്പെട്ട് സ്‌നേഹഭവനിലെത്തി അമ്മയെ തിരികെ കൊണ്ടുപോകുകയുമായിരുന്നു.
കൊല്ലം പന്മന മുല്ലക്കേരി ശാന്താലയത്തില്‍ ശാന്തമ്മയെ (74) രണ്ടു വര്‍ഷം മുമ്പാണ് കാണാതായത്. ഭര്‍ത്താവ് ദാമോദരന്‍ നായരുടെ മരണം ഇവരെ മാനസികമായി തളര്‍ത്തിയിരുന്നു. മാവേലിക്കരയിലുള്ള മകളുടെ വീട്ടിലേക്ക് യാത്ര തിരിച്ച ഇവര്‍ സ്ഥലം മാറി ഇറങ്ങി. ഓര്‍മ്മക്കുറവ് മൂലം വീട്ടിലേക്കുള്ള വഴി മറക്കുകയും ചെയ്തു. പിന്നീട് ഓച്ചിറ ക്ഷേത്രത്തില്‍ തങ്ങിയ ഇവര്‍ അറുന്നൂറ്റിമംഗലത്തുള്ള ദയാഭവിനിലാണ് ആദ്യം എത്തിയത്. നാല് മാസം മുമ്പാണ് ഇവര്‍ സ്‌നേഹഭവനിനെ അന്തേവാസിയാകുന്നത്.
മക്കള്‍ ഇതിനിടെ അമ്മയെ അന്വേഷിച്ച് ഒട്ടേറെ സ്ഥലങ്ങളില്‍ അലഞ്ഞിരുന്നു. കേരളത്തിനുള്ളിലും അയല്‍ സംസ്ഥാനങ്ങളിലേക്കും അന്വേഷണം നീണ്ടു. പന്മന പോലീസ് സ്‌റ്റേഷനില്‍ ഇവരെ കാണാതായതിനെക്കുറിച്ച് പരാതിയും നല്‍കിയിരുന്നു. ഇതിനിടെയാണ് കഴിഞ്ഞദിവസം തലവടി വിഎച്ച്എസ്എസ്, ഫാ.പേരൂര്‍ക്കളം സെന്‍ട്രല്‍ സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ സ്നേഹഭവനിലെ അന്തേവാസികളോടൊപ്പം ക്രിസ്മസ് ആഘോഷിക്കാനെത്തിയതിന്റെ വാര്‍ത്ത മനോരമ ന്യൂസില്‍ സംപ്രേഷണം ചെയ്തത്.
എഴുത്തുകാരന്‍ കെ.പി രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. ‘ദൈവത്തിന്റെ പുസ്തകം’ എന്ന കൃതിക്കാണ് പൂരസ്‌കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. പരിഭാഷയ്ക്കുള്ള അവാര്‍ഡ് കെ.എസ്. വെങ്കിടാചലത്തിനാണ്. ‘അഗ്രഹാരത്തിലെ പൂച്ച’ എന്ന പരിഭാഷയ്ക്കാണു പുരസ്‌കാരം.
കേരള സാഹിത്യ അക്കാദമി പുരസ്‌കാരം, വയലാര്‍ പുരസ്‌കാരം എന്നിങ്ങനെ വിവിധ പുരസ്‌കാരങ്ങള്‍ രാമനുണ്ണിയെ തേടിയെത്തിയിട്ടുണ്ട്. ‘വിധാതാവിന്റെ ചിരി’ ആദ്യ കഥാസമാഹാരവും ‘സൂഫി പറഞ്ഞ കഥ’ ആദ്യനോവലുമാണ്. സൂഫി പറഞ്ഞ കഥയ്ക്കായിരുന്നു കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത്. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ‘ജീവിതത്തിന്റെ പുസ്തകം’ എന്ന നോവലിന് 2011ലെ വയലാര്‍ പുരസ്‌കാരം ലഭിച്ചു.
കൊച്ചിയിൽ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് ഏറ്റവും പിന്തുണ നല്‍കിയ പ്രമുഖരില്‍ ഒരാൾ പിസി ജോര്‍ജ് തന്നെയാണ് . ദിലീപിനെ പിന്തുണയ്ക്കുക മാത്രമല്ല, നടിയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളും പിസി ജോര്‍ജ്ജ് നടത്തിയിരുന്നു. ഇപ്പോള്‍ ദിലീപിനെതിരെയുള്ള പ്രമുഖരുടെ കൂടുതല്‍ മൊഴികള്‍ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. അപ്പോള്‍ വീണ്ടും നടിയെ അധിക്ഷേപിച്ചുകൊണ്ട് രംഗത്ത് വരികയാണ് പിസി ജോര്‍ജ്ജ്. ഒരു അഭിമുഖത്തിലാണ് ജോര്‍ജ്ജിന്റെ പരാമര്‍ശങ്ങള്‍. കേസിന്റെ മേല്‍നോട്ടം വഹിക്കുന്ന എഡിജിപി ബി സന്ധ്യയെ അധിക്ഷേപിച്ചുകൊണ്ടാണ് പിസി തുടങ്ങുന്നത്. എന്നാല്‍ അതിന് ശേഷം നടിയെ കുറിച്ച് പറയുന്ന കാര്യങ്ങള്‍ അത്രയും സ്ത്രീ വിരുദ്ധമാണ്. ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിച്ചതിനെ ന്യായീകരിക്കുന്നും ഉണ്ട് ജോര്‍ജ്ജ്.
എഡിജിപി ബി സന്ധ്യ ഉണ്ടാക്കുന്ന കേസുകളില്‍ കള്ളത്തരം അല്ലാതെ വല്ലതും ഉണ്ടോ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. ജിഷ കേസില്‍ അമീറുള്‍ ഇസ്ലാം ആണ് കൊലപാതി എന്ന് ജനങ്ങളില്‍ പകുതി പേരും വിശ്വസിക്കുന്നില്ല എന്നാണ് ജോര്‍ജ്ജ് പറയുന്നത്. ദിലീപിന്റെ കാര്യവും ഇതുപോലെ കള്ളക്കേസ് ആണെന്ന് തനിക്ക് നൂറ് ശതമാനം ബോധ്യമുണ്ടെന്നും ജോര്‍ജ്ജ് അഭിമുഖത്തില്‍ പറയുന്നുണ്ട്.
ദിലീപ് എന്ന് പറയുന്ന ആള്‍ ഒരു സിനിമ നടന്‍ ആണ്. നല്ല നടന്‍ ആണ്, എല്ലാവര്‍ക്കും ഇഷ്ടമുള്ള നടനാണ്. അദ്ദേഹത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നതിനോട് കൂട്ടു നില്‍ക്കാന്‍ തനിക്ക് സൗകര്യമില്ലെന്നാണ് പിസി ജോര്‍ജ്ജ് പറയുന്നത്. പെണ്‍പടകളെല്ലാം കൂടി ഒരാളെ കൊല്ലാന്‍ ചെന്നാല്‍ ആരെങ്കിലും രക്ഷിക്കാന്‍ വേണ്ടേ എന്നാണ് ജോര്‍ജ്ജിന്റെ ചോദ്യം. അതുകൊണ്ടാണത്രെ ദിലീപിനെ രക്ഷിക്കാന്‍ പോയത്. ദിലീപ് നിരപരാധിയാണെന്ന് ഇപ്പോഴും തനിക്ക് വിശ്വാസമുണ്ടെന്ന് ജോര്‍ജ്ജ് ആണയിടുന്നു. തുടക്കം മുതലേ ഇക്കാര്യം തന്നെയാണ് അദ്ദേഹം പറയുന്നതും.
പള്‍സര്‍ സുനിയോടൊപ്പം ആറ് മണിക്കൂര്‍ ഗോവയിലൂടെ കാറില്‍ യാത്ര ചെയ്തു. അവന്‍ കാറോടിക്കുന്നു, ഇവള്‍ ആ കാറില്‍ ഇരിക്കുന്നു. നാല് മണിക്കൂര്‍ വനത്തിലൂടെ യാതച്ര ചെയ്തു. ഈ സ്ത്രീയുടെ തന്നെ പത്രസമ്മേളനമാണ്- പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍ ഇങ്ങനെയാണ്.
ഈ സംഭവം നടന്ന ഉടനെ പത്ര സമ്മേളനം നടത്തിയ സ്ത്രീ പറയുകയാണ്… വനിതയിലും അമേരിക്കയിലെ ഒരു മലയാള പത്രത്തിലും വന്ന കാര്യങ്ങള്‍ എന്ന രീതിയിലും പിസി ജോര്‍ജ്ജ് ചിലത് പറയുന്നുണ്ട്. അന്ന് ഒരുമിച്ച് യാത്ര ചെയ്തിട്ട് തൊടാത്ത പള്‍സര്‍ സുനി, പിന്നെ തന്നെ ഉപദ്രവിച്ചു എന്നാണ് നടി പറഞ്ഞത് എന്നാണ് ജോര്‍ജ്ജിന്റെ വാദം. ക്വട്ടേഷന്‍ കൊടുത്തതുകൊണ്ടാണെന്ന് പറയാന്‍ വേണ്ടിയാണ് ഇങ്ങനെ പറഞ്ഞതത്രെ. ഇങ്ങനെ പറഞ്ഞതുവഴി നടിക്ക് അബദ്ധം പറ്റിയെന്നാണ് പിസിയുടെ അടുത്ത വാദം. മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആണെന്നാണ് പള്‍സര്‍ സുനി പറഞ്ഞിട്ടുള്ളത്. അപ്പോള്‍ എങ്ങനെ നടിയുടെ വാദം ശരിയാകും എന്ന രീതിയിലാണ് പിസിയുടെ ചോദ്യങ്ങള്‍.
മൂന്ന് വര്‍ഷം മുമ്പ് കൊടുത്ത ക്വട്ടേഷന്‍ ആയിരുന്നെങ്കില്‍, ആ വനത്തിലിട്ട് ചെയ്താല്‍ പോരായിരുന്നോ പണി? ഇവിടെ വച്ച് ചെയ്യണമായിരുന്നോ? – ഒരു ജനപ്രതിനിധിയായ പിസി ജോര്‍ജ്ജിന്റെ വാക്കുകളാണ് ഇത്. അത്രയും മോശമായ രീതിയില്‍ തന്നെയാണ് പിസി ജോര്‍ജ്ജിന്റെ വാക്കുകള്‍. ആരുമില്ലാത്തിടത്ത് വച്ച് ചെയ്യാമായിരുന്നല്ലോ പണി. പിന്നെന്തിനാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിന് ചുറ്റും കൊണ്ടു നടക്കുകയും വഴിയില്‍ നിര്‍ത്തി സോഡ വാങ്ങിക്കൊടുക്കുകയും ഒക്കെ ചെയ്ത് എന്തിനാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നുണ്ട്. ഇതൊക്കെ ആരോട് പറയാന്‍ കൊള്ളുന്ന നാണം കെട്ട കഥയാണെന്നും ജോര്‍ജ്ജ് ചോദിക്കുന്നു. ഇതൊക്കെ തിരക്കഥ എഴുതിയുണ്ടാക്കിയിട്ടുള്ള കച്ചവടമല്ലേ… ഇതിനൊന്നും കൂട്ടുനില്‍ക്കുന്നത് ശരിയല്ലെന്നും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. അതുകൊണ്ടാണ് താന്‍ ഇതിനെ എതിര്‍ക്കുന്നത് എന്നും ഒരു ഭാവവ്യത്യാസവും ഇല്ലാതെ പിസി ജോര്‍ജ്ജ് പറയുന്നു.
ദിലീപ്- കാവ്യ മാധവന്‍ ബന്ധത്തെ കുറിച്ചും പിസി ജോര്‍ജ്ജ് പറയുന്നുണ്ട്. ആ ബന്ധമാണ് പ്രശ്‌നമെങ്കില്‍, അവന്‍ അവളെ കെട്ടിയിട്ടുണ്ട്. പിന്നെ എന്താണ് നിങ്ങള്‍ക്ക് കുഴപ്പം എന്നാണ് ജോര്‍ജ്ജ് ചോദിക്കുന്നത്. വേണ്ടാതീനം കൊണ്ട് നടക്കുകയല്ലല്ലോ, കല്യാണം കഴിച്ച് ഭാര്യയായി വച്ചിരിക്കുകയല്ലേ- ഇങ്ങനെ തന്നെ ആണ് ജോര്‍ജ്ജിന്റെ വാക്കുകള്‍. എപ്പോഴാണ് ദിലീപ്, കാവ്യ മാധവനെ വിവാഹം കഴിക്കുന്നത് എന്നും ജോര്‍ജ്ജ് പറയുന്നു. മഞ്ജു വാര്യര്‍ ഇട്ടേച്ചുപോയപ്പോള്‍ ആണ് ദിലീപ് കാവ്യയെ വിവാഹം കഴിച്ചത്. മഞ്ജു വാര്യര്‍ എന്തിനാണ് ദിലീപിനെ ഇട്ടിട് പോയത് എന്ന ചോദ്യവും പിസി ചോദിക്കുന്നുണ്ട്.