Kerala

ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റ് യുവാവ് മരിച്ചു. ആലപ്പുഴ തോട്ടപ്പള്ളി സ്വദേശി നന്ദു ശിവാനന്ദ് (27) ആണ് മരിച്ചത്. തോട്ടപ്പള്ളിയിലെ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുണ്ടായ സംഘര്‍ഷത്തിലാണ് നന്ദുവിന് തലയ്ക്ക് ഹെല്‍മറ്റുകൊണ്ട് അടിയേറ്റത്. സംഭവത്തില്‍ ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് അടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഒറ്റപ്പന കുരുട്ടൂര്‍ ക്ഷേത്രത്തിലെ ഉത്സവ ചടങ്ങിനിടെയാണ് ഞായറാഴ്ച രണ്ടു സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്. പിന്നീട് ഇവര്‍ പിരിഞ്ഞുപോകുകയും ചെയ്തിരുന്നു. ഇതിനു ശേഷം രാത്രി 9.30 ഓടെ ക്ഷേത്രത്തിന് തൊട്ടടുത്തുള്ള മാതേരി കവലയില്‍ ഇരു സംഘങ്ങളും വീണ്ടും എത്തുകയും സംഘര്‍ഷം ഉണ്ടാകുകയുമായിരുന്നു. ഇതിനിടയിലാണ് നന്ദുവിന് ഹെല്‍മറ്റുകൊണ്ട് തലയ്ക്ക് അടിയേറ്റത്.

ഗുരുതരമായി പരിക്കേറ്റ നന്ദു എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഡിവൈഎഫ്‌ഐ തോട്ടപ്പള്ളി മേഖലാ പ്രസിഡന്റ് ജഗത് സൂര്യന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നന്ദുവിനെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചതെന്നാണ് വിവരം.

സംഭവത്തില്‍ എഫ്.ഐ.ആര്‍ ഇടാതിരിക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യാന്‍ വൈകുകയും ചെയ്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതുമൂലമാണ് നടപടി വൈകിയതെന്നാണ് ആക്ഷേപം.

പാലക്കാട് ബാറില്‍ വെടിവെയ്പ്പ്. ബാറിന്റെ സര്‍വ്വീസ് മോശമാണെന്ന് ആരോപിച്ച് ഒരു കൂട്ടം യുവാക്കള്‍ ബാറിന്റെ മാനേജര്‍ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് യുവാക്കളെ കസ്റ്റഡിയിലെടുത്തു.

ഇന്നലെ രാത്രിയായിരുന്നു യുവാക്കള്‍ ജീവനക്കാരുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. യുവാക്കള്‍ ബാറിലെ കസേരകള്‍ അടക്കം തകര്‍ത്തിരുന്നു. പിന്നാലെ അവരില്‍ നിന്ന് പണം വാങ്ങിയ ശേഷമാണ് വിട്ടയച്ചത്.പിന്നാലെ യുവാക്കള്‍ സുഹൃത്തുക്കളായ ക്വട്ടേഷന്‍ സംഘവുമായി ബാറിലെത്തി പ്രശ്‌നമുണ്ടാക്കുകയായിരുന്നു. അനുനയിപ്പിക്കുന്നതിനായി എത്തിയ മാനേജര്‍ക്ക് നേരെ വെടിവെപ്പ് ഉണ്ടാവുകയായിരുന്നു.

സംഭവത്തില്‍ 5 യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.ആക്രമത്തില്‍ പരിക്കേറ്റ ബാര്‍ മാനേജര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ബദിയടുക്ക∙ കാസർകോട് ബദിയടുക്കയിൽ പത്താം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ, പൊലീസ് അറസ്റ്റ് ചെയ്ത പ്രതി അൻവറിന് (24) എതിരെ കടുത്ത ആരോപണങ്ങളുമായി പെൺകുട്ടിയുടെ കുടുംബം. ഇയാളുടെ നിരന്തര ശല്യം സഹിക്കാനാകാതെയാണ് പെൺകുട്ടി ജീവനൊടുക്കിയതെന്ന് ബന്ധുക്കൾ ‍ആരോപിച്ചു. സ്കൂളിൽ പോകുന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി പെൺകുട്ടിയെ അൻവർ നിരന്തരം ശല്യപ്പെടുത്തിയിരുന്നതായും ആരോപണമുണ്ട്.

പെൺകുട്ടിയുടെ മരണമൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പുകൾ ഉൾപ്പെടെ ചുമത്തി അൻവറിനെയും സുഹൃത്ത് സാഹിലിനെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പെൺകുട്ടി വിഷം കഴിച്ച വിവരമറിഞ്ഞ് നാടുവിട്ട അൻവറിനെ ബെംഗളൂരുവിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ഒരു സുഹൃത്തിനെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാൾക്കായി തിരച്ചിൽ ശക്തമാക്കി.

സമൂഹമാധ്യമത്തിലൂടെയാണ് അൻവറും പെൺകുട്ടിയും തമ്മിൽ പരിചയപ്പെട്ടതാണ് വിവരം. ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കൾ പെൺകുട്ടിയെ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. സമ്മർദ്ദത്തെ തുടർന്ന് പെൺകുട്ടി ബന്ധത്തിൽനിന്ന് പിൻമാറി. സമൂഹമാധ്യമങ്ങളിലും അൻവറിനെ ബ്ലോക് ചെയ്തു. സമൂഹമാധ്യമങ്ങളിലൂടെയുള്ള ബന്ധം ഉപേക്ഷിച്ചപ്പോഴാണ് അൻവർ ഭീഷണിപ്പെടുത്താൻ തുടങ്ങിയത്.

ഇതോടെ ഇയാൾ നാട്ടിലെത്തിയും പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി. കഴിഞ്ഞ ദിവസം, പിതാവിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പെൺകുട്ടി വീട്ടിലെത്തി എലിവിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.

‘കുട്ടിയെ ഇയാൾ നിരന്തരമായി ശല്യം ചെയ്തിരുന്നു. ഒടുവിലായപ്പോഴേയ്ക്കും നാട്ടിൽ വന്നും ശല്യം ചെയ്യാൻ തുടങ്ങി. ഇതിൽ അവൾക്കു വലിയ മനഃപ്രയാസമുണ്ടായിരുന്നു. ഇങ്ങനെ ചെയ്യാൻ കാരണവും അതു തന്നെ. ഇയാളേക്കുറിച്ച് ജഡ്ജിക്കു തന്നെ മരണമൊഴിയും കൊടുത്തിരുന്നു. ഇനി ആരും ഇത്തരത്തിൽ പിന്നാലെ നടന്ന് ശല്യം ചെയ്യരുത്. അങ്ങനെയുള്ളവർക്ക് ഇതൊരു പാഠമായിരിക്കണം. പെൺമക്കളെയും പെങ്ങൻമാരെയും സ്കൂളിലേക്ക് അയക്കാൻ പോലും ഭയപ്പെടേണ്ട അവസ്ഥയാണ്.’’ – പെൺകുട്ടിയുടെ ഒരു ബന്ധു പറഞ്ഞു.

ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തു. ശാരീരിക പ്രശ്നങ്ങളെ തുടർന്ന് ചികിത്സ തേടിയ വിദ്യാർഥിനി, ഡോക്ടറോടാണ് പീഡനവിവരം വെളിപ്പെടുത്തിയത്. ഡോക്ടർ പൊലീസിനെയും ചൈൽഡ് ഹെൽപ് ലൈനെയും വിവരമറിയിക്കുകയായിരുന്നു.

ഈ മാസം 17നാണ് പോക്സോ വകുപ്പ് പ്രകാരം അധ്യാപകനെതിരെ പെരുവണ്ണാമുഴി പൊലീസ് കേസെടുത്തത്. അധ്യാപകന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധവുമായി വിവിധ രാഷ്ട്രീയ പാർട്ടികൾ രംഗത്തു വന്നിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറയുന്നു. പ്രതി ഒളിവിലാണെന്നാണണ് അവരുടെ വിശദീകരണം.

ബെംഗളൂരു : കർണാടകയിലെ ബെൽത്തങ്ങാടി കുക്കേടി വില്ലേജിൽ പടക്ക നിർമാണ പ്ലാൻ്റിലുണ്ടായ സ്‌ഫോടനത്തിൽ രണ്ട് മലയാളികളടക്കം മൂന്നു പേർ മരിച്ചു.

സ്വാമി(55) ,വർഗ്ഗീസ് (68) എന്നിവരാണ് മരിച്ച മലയാളികൾ. ഹസൻ സ്വദേശി ചേതനാണ് (25)മരിച്ച മറ്റൊരാൾ. സ്‌ഫോടനത്തെ തുടർന്ന് രണ്ട് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു, മറ്റൊരാൾ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്.

വേനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. മലപ്പുറം സ്വദേശി ബഷീറിന്റെ ഫാമിലെ സോളിഡ് ഫയർ വർക്ക് എന്ന പടക്കനിർമ്മാണ ശാലയിലായിരുന്നു സ്ഫോടനം ഉണ്ടായത്. സംഭവ സമയത്ത് ഒമ്പതുപേരായിരുന്നു സ്ഥലത്ത് ഉണ്ടായിരുന്നത്.

മലയാളികളായ പ്രേം, കേശവ്, ഹസൻ സ്വദേശികളായ ദിനേശ്, കിരൺ, അരസൈക്കര സ്വദേശി കുമാർ, ചിക്കമരഹള്ളി സ്വദേശി കല്ലേശ എന്നിവർക്കാണ് പരിക്കേറ്റത്.

നാലുകിലോമീറ്ററോളം ദൂരത്തോളം സ്ഫോടനത്തിന്റെ ആഘാതം ഉണ്ടായതായി ഗ്രാമവാസികൾ പറയുന്നു. ഒരാളുടെ മൃതദേഹം സ്ഫോടന സ്ഥലത്തു നിന്ന് തന്നെയാണ് കണ്ടെടുത്തത്. മറ്റു രണ്ടുപേരുടെ മൃതദേഹം നൂറൂമീറ്ററോളം ദൂരത്ത് ചിതറിക്കിടക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.

ബെൽത്തങ്കാടി ഫയർഫോഴ്സ് സംഘം എത്തി രക്ഷാപ്രവർത്തനം നടത്തി. എം.എൽ.എ. ഹാരിസ് പൂഞ്ച, ഡിവൈഎസ്പി വിജയ പ്രസാദ് മറ്റു ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

വേണൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു . അഗ്നിശമനസേനയും അത്യാഹിത വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. സ്‌ഫോടനത്തിൻ്റെ കാരണം ഇതുവരെ അറിവായിട്ടില്ല. ഫാം ഉടമ ബഷീറടക്കം രണ്ട് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട് .

കോഴിക്കോട്∙ സംസ്ഥാനത്ത് ക്ഷേമപെൻഷനുകൾ മുടങ്ങുന്നത് കാരണം പാവപ്പെട്ട ജനങ്ങൾ ആത്മഹത്യ ചെയ്യുന്ന സംഭവം പതിവായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. അഞ്ചു മാസത്തിനിടെ മൂന്നു പേരാണ് സർക്കാരിന്റെ അനാസ്ഥ കാരണം ആത്മഹത്യ ചെയ്തത്. ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കോഴിക്കോട് ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരൻ ജോസഫിന്റെ മൃതദേഹം സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയിരുന്നു അദ്ദേഹം.

പിണറായി വിജയൻ പാവപ്പെട്ടവരെ കൊല്ലുന്ന മുഖ്യമന്ത്രിയായി മാറി. ആത്മഹത്യ ചെയ്യുമെന്ന മുന്നറിയിപ്പ് നൽകിയിട്ടും പഞ്ചായത്തിന്റെയോ സർക്കാരിന്റെയോ ഭാഗത്തുനിന്നും ഒരു നടപടിയുമുണ്ടായില്ല. ക്ഷേമപെൻഷനുകൾ ലഭിക്കാതെയും തൊഴിലുറപ്പ് കൂലി ലഭിക്കാതെയും പതിനായിരങ്ങളാണ് കേരളത്തിൽ കഷ്ടപ്പെടുന്നത്. കേന്ദ്രസർക്കാർ കൊടുക്കുന്ന പണം അർഹർക്ക് എത്തിക്കുന്നതിൽ സംസ്ഥാനം പരാജയപ്പെടുന്നതാണ് ഇവിടുത്തെ പ്രശ്നം. തൊഴിലുറപ്പ് പദ്ധതിക്ക് കേന്ദ്രസർക്കാർ കൃത്യമായി പണം കൊടുക്കുന്നുണ്ട്. എന്നാൽ സംസ്ഥാനം വിഹിതം കൊടുക്കുന്നില്ല. പാവപ്പെട്ടവന് ക്ഷേമപെൻഷൻ കൊടുക്കാൻ പണമില്ലാത്ത സർക്കാർ ധൂർത്തും കൊള്ളയും അവസാനിപ്പിക്കുന്നില്ല.

ആലപ്പുഴ നെൽ കർഷകൻ ആത്മഹത്യ ചെയ്തത് നെല്ലിന്റെ സംസ്ഥാന വിഹിതം കിട്ടാത്തത് കൊണ്ടാണ്. 75 ശതമാനം വിഹിതം കേന്ദ്രം കൊടുത്തിട്ടും കേരളം വിഹിതം നീക്കിവയ്ക്കാത്തതു കാരണം കർഷകർക്ക് കേന്ദ്രവിഹിതം പോലും നിഷേധിക്കപ്പെടുകയായിരുന്നു. കണ്ണൂരിലെ ക്ഷീര കർഷകൻ ആത്മഹത്യ ചെയ്തത് ക്ഷീരകർഷകർക്കുള്ള സംസ്ഥാന വിഹിതം കിട്ടാത്തതു കൊണ്ടാണ്. ജോസഫിന്റെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണം. ആത്മഹത്യകുറിപ്പിൽ അധികൃതരുടെ അനാസ്ഥ വ്യക്തമാക്കിയിട്ടുണ്ടെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

തിരുവനന്തപുരം∙ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്ക് എതിരെ സംസ്ഥാന വ്യാപകമായി മനുഷ്യചങ്ങല തീർത്ത് ഡിവൈഎഫ്ഐ. കാസർകോട് റെയിൽവേ സ്റ്റേഷനു മുന്നിൽനിന്നും തിരുവനന്തപുരം രാജ്ഭവൻ വരെയാണ് മനുഷ്യച്ചങ്ങല തീർത്തത്. മനുഷ്യച്ചങ്ങലയിൽ ആയിരങ്ങൾ അണിനിരന്നു. സ്ത്രീകളും കുട്ടികളും അടക്കം വലിയ ജനപ്രവാഹം മനുഷ്യചങ്ങലയിൽ അണിനിരക്കാൻ ഒഴുകിയെത്തി. മാർച്ച് രാജ്ഭവനു മുന്നിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഉദ്ഘാടനം ചെയ്തു. ഡിവൈഎഫ്ഐ ദേശീയ പ്രസിഡന്റ് എ.എ.റഹീം എംപിയാണു മനുഷ്യച്ചങ്ങലയുടെ ആദ്യ കണ്ണിയായത്. ഡിവൈഎഫ്ഐയുടെ ആദ്യ പ്രസിഡന്റും എൽഡിഎഫ് കൺവീനറുമായ ഇ.പി.ജയരാജൻ രാജ്ഭവന് മുന്നിൽ അവസാന കണ്ണിയായി.

സംസ്ഥാനത്തിനു കേന്ദ്രത്തിൽനിന്നും 2023 ൽ കിട്ടേണ്ട 64000 കോടിരൂപയുടെ സഹായം കിട്ടിയിട്ടില്ലെന്നു എം.വി.ഗോവിന്ദൻ പറഞ്ഞു. ‘‘കേന്ദ്രം സഹായിക്കാത്തതിനാൽ 1.70 ലക്ഷം കോടിരൂപയുടെ നഷ്ടം ഏഴര വർഷത്തിനിടെ സംസ്ഥാനത്തിനുണ്ടായി. വികസനപദ്ധതികൾ നടപ്പിലാക്കാനുള്ള നിശ്ചയദാർഢ്യം സംസ്ഥാന സർക്കാരിന് ഉണ്ടായിട്ടും അതിനെ തകർക്കുന്ന നിലപാടാണു കേന്ദ്രം സ്വീകരിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളെയെല്ലാം ബാധിക്കുന്നതാണു കേന്ദ്ര സാമ്പത്തിക നയം. രാമക്ഷേത്രത്തിന്റെ മറവിൽ ജനകീയപ്രശ്നങ്ങൾ മറച്ച്, ഫെഡറൽ സംവിധാനത്തെ അട്ടിമറിച്ചു, ഹിന്ദുരാഷ്ട്രം പ്രഖ്യാപിക്കാനാണ് ബിജെപി ശ്രമം. ഡൽഹിയിൽ കേന്ദ്രത്തിനെതിരെ നടക്കുന്ന സമരത്തിൽ പങ്കെടുക്കേണ്ടെന്നാണ് യുഡിഎഫ് തീരുമാനം. ജനകീയ പ്രശ്നത്തിനു പരിഹാരം കാണാനായി നടക്കുന്ന സമരത്തിൽ രാഷ്ട്രീയം പറഞ്ഞ് മാറി നിൽക്കുകയാണ് യുഡിഎഫ്. കേന്ദ്ര സമീപനത്തെ ചെറുക്കാൻപോലും യുഡിഎഫിന് രാഷ്ട്രീയം പ്രശ്നമാണ്. ഭരണഘടന മനുസ്മൃതിയെ അടിസ്ഥാനമാക്കി വേണമെന്നാണ് ബിജെപി ആഗ്രഹം’’– എം.വി.ഗോവിന്ദൻ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഭാര്യ കമലയും മകൾ വീണയും തലസ്ഥാനത്ത് മനുഷ്യചങ്ങലയിൽ കണ്ണിയായി. തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ.സച്ചിദാനന്ദൻ, പ്രിയനന്ദൻ, കരിവള്ളൂർ മുരളി, സി.എസ്.ചന്ദ്രിക‌ എന്നിവരും കോഴിക്കോട് അഹമ്മദ് ദേവർകോവിൽ എംഎൽ‌എ, ടി.പി.രാമകൃഷ്ണൻ എംഎൽഎ, കാനത്തിൽ ജമീല, എഴുത്തുകാരൻ കെ.ഇ.എൻ. കുഞ്ഞഹമ്മദ്, കെ.പി.രാമനു‌ണ്ണി, നടൻ ഇർഷാദ് എന്നിവരും മനുഷ്യ ചങ്ങലയിൽ അണിചേർന്നു.

റെയിൽവേ യാത്രാ ദുരിതം, സിൽവർ ലൈനിന് കേന്ദ്ര അനുമതി ലഭിക്കാത്തത് തുടങ്ങി നിരവധി പ്രശ്നങ്ങള്‍ ഉന്നയിച്ചാണു ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല തീർത്തത്. പത്തനംതിട്ട, ഇടുക്കി, കോട്ടയം, വയനാട് ഒഴികെയുള്ള മറ്റു ജില്ലകളിലാണു മനുഷ്യചങ്ങല തീർത്തത്. വയനാട്ടിൽ കൽപറ്റ മുതൽ മുട്ടിൽ വരെ 10 കിലോമീറ്റർ ഉപചങ്ങലയും തീർത്തു. പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലയിലെ പ്രവർത്തകർ സമീപജില്ലകളിലെ ചങ്ങലയിൽ പങ്കാളികളായി.

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസിൽ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസിൽ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 15 പ്രതികൾക്കെതിരെ കൊലക്കുറ്റവും തെളിഞ്ഞു. ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികളാണ് കൊലനടത്തിയത്. ഒമ്പത് മുതൽ 12വരെയുള്ള പ്രതികൾ കൊലനടത്തിയവർക്ക് സഹായവുമായി വീടിന് പുറത്തുകാത്തുനിന്നുവെന്നും 13 മുതൽ 15വരെയുള്ള പ്രതികൾ ഗൂഡാലോചന നടത്തിയവരാണെന്നും തെളിഞ്ഞു. ഇന്ന് പ്രൊസിക്യൂഷൻ വാദം പൂർത്തിയായി. കുറ്റം തെളിഞ്ഞ സാഹചര്യത്തിൽ പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രൊസിക്യൂഷൻ ആവശ്യപ്പെട്ടു. ശിക്ഷ സംബന്ധിച്ച് പ്രതിഭാഗത്തിൻറെ വാദം കൂടി തിങ്കളാഴ്ച കേട്ടശേഷം ശിക്ഷ വിധിക്കും.

നൈസാം, അജ്മൽ, അനൂപ്, മുഹമ്മദ് അസ്ലം, സലാം പൊന്നാട്, അബ്ദുൽ കലാം, സഫറുദീൻ, മുൻഷാദ്, ജസീബ്, നവാസ്, സമീർ, നസീർ, സക്കീർ ഹുസൈൻ, ഷാജി, ഷെർനാസ് എന്നിവരാണ് കേസിലെ ഒന്ന് മുതൽ 15വരെയുള്ള പ്രതികൾ.കൊലക്കുറ്റത്തിന് പുറമെ 13, 14, 15 പ്രതികൾക്കെതിരെ ചുമത്തിയ ക്രിമിനൽ ഗൂഡാലോചന കേസും തെളിഞ്ഞു. കൊലപാതകം, വീട്ടിൽ അതിക്രമിച്ച് കടക്കൽ തുടങ്ങിയ വിവിധ കേസുകളാണ് ഒന്ന് മുതൽ എട്ടുവരെയുള്ള പ്രതികൾക്കെതിരെ തെളിഞ്ഞത്. കൊലക്കുറ്റത്തിന് പുറമെ ഒന്ന്, 2,7 പ്രതികൾക്കെതിരെ സാക്ഷികളെ ഉപദ്രവിച്ചതിന് ചുമത്തിയ കേസും തെളിഞ്ഞു.

2021 ഡിസംബർ 19ന് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 15 പ്രതികളാണ് വിചാരണ നേരിട്ടത്. ഇവർ 15 പേരും കുറ്റക്കാരാണെന്നാണ് കോടതിയിപ്പോൾ കണ്ടെത്തിയിരിക്കുന്നത്.നേരത്തെ വിചാരണ ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു പ്രതികൾ സുപ്രീംകോടതിയെ വരെ സമീപിച്ചെങ്കിലും അനുവദിച്ചിരുന്നില്ല. ആർഎസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ ഗൂഢാലോചന നടന്നത് മൂന്ന് ഘട്ടങ്ങളിലായിട്ടാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞിരുന്നു.വയലാർ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോൾ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികൾ മുൻകൂട്ടി കണ്ടിരുന്നുവെന്നും അങ്ങിനെ സംഭവിച്ചാൽ പകരം ഒരാളെ കൊലപ്പെടുത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നുവെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

മണ്ണഞ്ചേരിയിൽ ഷാൻ കൊല്ലപ്പെട്ട 2021 ഡിസംബർ 18 നായിരുന്നു രണ്ടാമത്തെ ഗൂഢാലോചന. ഈ കൂടിയാലോചനയിലാണ് രഞ്ജിത്തിനെ വധിക്കാൻ തീരുമാനിച്ചത്. അന്ന് രാത്രി ആലപ്പുഴ റെയിൽവെ സ്റ്റേഷൻ റോഡിൽ പ്രതികൾ വീണ്ടും ഒത്തുകൂടിയെന്ന് പ്രൊസിക്യൂഷൻ പറഞ്ഞു.അർധരാത്രി രഞ്ജിത്ത് ശ്രീനിവാസന്റെ വീട്ടിലെത്തിയ സംഘം കൊലയ്ക്ക് അനുകൂലമായ സാഹചര്യമല്ലെന്ന് കണ്ട് മടങ്ങി. തൊട്ടടുത്ത ദിവസം പുലർച്ചെ ആറിന് വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആലപ്പുഴയിലെ ബിജെപി നേതാവും അഭിഭാഷകനുമായിരുന്നു രഞ്ജിത്ത് ശ്രീനിവാസൻ.

കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രതിഭാഗത്തിന്റെ വക്കാലത്ത് ഏറ്റെടുക്കാൻ ആലപ്പുഴ ബാറിലെ അഭിഭാഷകർ ആരും തയാറായിരുന്നില്ല. ഇത് കേസിന്റെ വിചാരണ അനിശ്ചിതത്വത്തിലാക്കിയിരുന്നു. ഇതേതുടർന്നാണ് കേസ് ആലപ്പുഴ ജില്ലയ്ക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ കൊലക്കേസ് മാവേലിക്കര അഡീഷണൽ സെഷൻസ് കോടതിയിലേക്ക് മാറ്റാനായിരുന്നു ഹൈക്കോടതി ഉത്തരവിട്ടത്. തുടർന്ന് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അനുകൂല വിധി ഉണ്ടായില്ല.

കോട്ടയം ∙ മറന്നു വച്ച കണ്ണടയെടുക്കാൻ തിരിച്ചു കയറിയ ശേഷം ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിനിൽനിന്നു വീണു വിദ്യാർഥിക്ക് ദാരുണാന്ത്യം. പുതുപ്പള്ളി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കിയാണു (25) മരിച്ചത്. രാവിലെ ആറോടെ കോട്ടയം റെയിൽവേ സ്റ്റേഷനിലായിരുന്നു അപകടം.

പുണെ–കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിനിലാണ് അപകടമുണ്ടായത്. പുണെയിൽ ഹോട്ടൽ മാനേജ്മെന്റ് വിദ്യാർഥിയായ ദീപക് കോഴ്സ് പൂർത്തിയാക്കി തിരികെയെത്തുമ്പോഴായിരുന്നു സംഭവം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ദീപക് മറന്നുവച്ച കണ്ണട ട്രെയിനിൽനിന്ന് എടുക്കാനായി വീണ്ടും കയറിയതാണ് അപകട കാരണമെന്നു പൊലീസ് പറയുന്നു.

കണ്ണട എടുത്ത ശേഷം തിരികെ ഇറങ്ങാൻ ശ്രമിക്കുമ്പോഴേക്കും ട്രെയിൻ നീങ്ങിത്തുടങ്ങി. ഇറങ്ങാൻ ശ്രമിച്ചപ്പോഴേക്കും ട്രെയിൻ പ്ലാറ്റ്ഫോം പിന്നിട്ടു. താഴേക്കു ചാടാൻ ശ്രമിച്ചപ്പോൾ ട്രെയിനിന്റെ അടിയിൽ പെടുകയായിരുന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി. കോട്ടയം ഇടശേരിക്കുന്നേൽ വൺ ഗ്രാം ഗോൾഡ് ജ്വല്ലറി ആൻഡ് ട്രാവൽ ഏജൻസി ഉടമ ജോർജ് വർക്കിയാണു പിതാവ്. മാതാവ് സോളി.

കോഴിക്കോട്: ഭാര്യയ്ക്ക് എതിരായ കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ടി.സിദ്ദിഖ് എം.എല്‍.എ. സ്ഥാപനത്തില്‍നിന്ന് 2022-ല്‍ രാജിവെച്ച ആള്‍ക്കെതിരെ 2024-ല്‍ കേസെടുത്തത് ഗൂഢാലോചനയാണ്. സ്ഥാപനത്തിന്റെ പ്രവര്‍ത്തനം ശരിയല്ല എന്നുകണ്ടാണ് അവിടെനിന്ന് ഭാര്യ രാജിവെച്ചത്. ഇക്കാര്യം രാജിക്കത്തില്‍ കൃത്യമായി സൂചിപ്പിച്ചിരുന്നു. ഒരു ധനകാര്യസ്ഥാപനത്തിന്റെ ജാഗ്രതയും സാമ്പത്തിക അച്ചടക്കവും ഇല്ലെന്ന് ബോധ്യപ്പെട്ടപ്പോഴാണ് ബ്രാഞ്ച് മാനേജര്‍ തസ്തികയില്‍ നിന്ന് ഭാര്യ രാജിവെച്ചതെന്നും സിദ്ദിഖ് വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടിപ്പുനടന്ന കാലയളവില്‍ ഭാര്യ അവിടെ പ്രവര്‍ത്തിച്ചുവെന്ന് തെളിയിക്കാന്‍ പോലീസിനെയും പരാതിക്കാരിയെയും സിദ്ദിഖ് വെല്ലുവിളിച്ചു. കേസിനാസ്പദമായ സംഭവം നടന്നെന്ന് എഫ്.ഐ.ആറില്‍ പറയുന്നത് 2023 മാര്‍ച്ച് 16-ഉം ഏപ്രില്‍ 19-ഉം ആണ്. എന്നാല്‍ 2022 ഡിസംബര്‍ എട്ടിന് ഭാര്യ ഔദ്യോഗികമായി രാജിവെച്ചിരുന്നു. ഇതിനുശേഷം അവിടേയ്ക്ക് തിരികെ പോയിട്ടുമില്ല. സ്ഥാപനത്തില്‍ സിസിടിവിയുണ്ടെന്നും എന്തും പോലീസ് പരിശോധിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കള്ളക്കേസെടുത്തും വ്യാജമായ പേരുകള്‍ എഴുതി ചേര്‍ത്തും രാഷ്ട്രീയമായി തേജോവധം ചെയ്യാനുള്ള ഭരണകൂടത്തിന്റെ ഉപകരണമായി പോലീസ് മാറി. അങ്ങനെയൊന്നും കീഴടക്കാനും കരിവാരി തേക്കാനും ശ്രമിച്ചാല്‍ അത് വിലപോകില്ലെന്ന് കേരളത്തിന്റെ ഭരണകൂടത്തോടും പോലിസിനോടും സിപിഎമ്മിനോടും പറയാന്‍ ആഗ്രഹിക്കുന്നായും അദ്ദേഹം പറഞ്ഞു.

നിധി ലിമിറ്റഡിനു കീഴിലെ സിസ് ബാങ്ക് എന്ന ധനകാര്യ സ്ഥാപനത്തിന്റെ പേരിലുള്ള സാമ്പത്തിക തട്ടിപ്പില്‍ ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യ ഷറഫുന്നീസക്കെതിരെ നടക്കാവ് പൊലീസാണ് കേസെടുത്തത്. കോഴിക്കോട് സ്വദേശിനി നല്‍കിയ പരാതിയില്‍ ഷറഫുന്നീസ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ് കേസ്. സിസ് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ വാസിം തൊണ്ടിക്കാടന്‍, ഭാര്യ റാഹില ബാനു, തൊണ്ടിക്കാട് മൊയ്തീന്‍കുട്ടി എന്നിവരാണ് ഒന്നും രണ്ടും മൂന്നും പ്രതികള്‍. ഷറഫുന്നീസ നാലാം പ്രതിയാണ്. ഷംനയാണ് അഞ്ചാം പ്രതി.

സാമ്പത്തിക നിക്ഷേപം സ്വീകരിച്ച്, വാഗ്ദാനം ചെയ്ത പലിശയോ നിക്ഷേപിച്ച തുകയോ നല്‍കാതിരിക്കുകയും ചെയ്തെന്നാണ് പരാതി. രണ്ടുഘട്ടങ്ങളായി 5.65 ലക്ഷത്തിലേറെ നിക്ഷേപിച്ചിരുന്നു. നിക്ഷേപങ്ങള്‍ക്ക് പതിമൂന്നര ശതമാനം പലിശയായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. എന്നാല്‍, പിന്നീട് കബളിപ്പിക്കപ്പെട്ടുവെന്നാണ് പരാതിയില്‍ പറയുന്നത്. ധനകാര്യ സ്ഥാപനത്തിനെതിരെ ഇന്നലെമാത്രം മൂന്ന് പരാതികളാണ് പൊലീസിന് ലഭിച്ചത്.

Copyright © . All rights reserved