കാര്യവട്ടം ഗവ. കോളേജില്‍ റാഗിങ് നടന്നതായി വിദ്യാര്‍ഥിയുടെ പരാതി. ബയോടെക്‌നോളജി ഒന്നാം വര്‍ഷ വിദ്യാര്‍ഥി ബിന്‍സ് ജോസാണ് പ്രിന്‍സിപ്പലിനും കഴക്കൂട്ടം പോലീസിലും പരാതി നല്‍കിയത്. സംഭവത്തില്‍ അന്വേഷണം നടത്തിയ ആന്റി -റാഗിങ് കമ്മിറ്റിയാണ് റാഗിങ് നടന്നതായി സ്ഥിരീകരിച്ചത്. മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളായ ഏഴുപേര്‍ക്കെതിരെയാണ് പരാതി.
സി.സി.ടി.വി. ദൃശ്യങ്ങളും സാക്ഷിമൊഴികളും പരിശോധിച്ചാണ് സമിതി റാഗിങ് നടന്നതായി കണ്ടെത്തിയത്. കഴിഞ്ഞ 11-ാം തീയതി സീനിയര്‍ ജൂനിയര്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ അടിപിടി നടന്നിരുന്നു. ബിന്‍സ് ജോസിന്റെ സുഹൃത്തായ അഭിഷേകിന് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദ്ദനത്തില്‍ പരിക്കേറ്റു. ഇരുകൂട്ടരുടെയും പരാതിയില്‍ അന്ന് കഴക്കൂട്ടം പോലീസ് കേസെടുക്കുകയും ചെയ്തു.
സ്‌കൂളില്‍ സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. പഴയന്നൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വരാന്തയിലാണ് പൊട്ടിത്തെറിയുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടുകൂടിയാണ് സംഭവം. സ്‌കൂള്‍ വളപ്പില്‍ നിന്നും ലഭിച്ച സെല്ലോടേപ്പ് കൊണ്ട് പൊതിഞ്ഞ പന്തുപോലത്തെ വസ്തു വിദ്യാര്‍ത്ഥികള്‍ തട്ടിക്കളിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്.
അപകടത്തില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് കാലിന് ചെറിയതോതില്‍ പരിക്കേറ്റു. കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്കയച്ചു. സംഭവത്തെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡെത്തി പരിശോധന നടത്തി.
കാട്ടുപന്നിയെ പിടികൂടുന്നതിനായി വെച്ച സ്‌ഫോടക വസ്തു തെരുവുനായ്ക്കളോ മറ്റോ കടിച്ചു കൊണ്ട് വന്ന് സ്‌കൂള്‍ വളപ്പിലിട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. പഴയന്നൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അടുത്തിടെ അന്തരിച്ച നെയ്യാറ്റിൻകര ഗോപന്റെ ആത്മാവ് ശരീരത്തിൽ കയറിയെന്ന വാദവുമായി യുവാവിന്‍റെ പരാക്രമം. നെയ്യാറ്റിൻകര ചെമ്പരത്തിവിള തൊഴുക്കലിലാണ് യുവാവിന്‍റെ പരാക്രമം അരങ്ങേറിയത്. പ്രദേശത്തെ വീടുകളിൽ ബഹളമുണ്ടാക്കുകയും മൂന്നു യുവാക്കളെ മർദ്ദിക്കുകയും ബൈക്കുകൾ അടിച്ചുതകർക്കുകയും ചെയ്തതിനെ തുടർന്ന് പൊലീസ് എത്തിയാണ് ഇയാളെ നീക്കിയത്.
പൊലീസ് യുവാവിനെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രിയിലും അക്രമാസക്തനായി പെരുമാറിയ യുവാവിനെ ഇന്ന് പുലർച്ചെയോടെ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ആശുപത്രിയിലെത്തിയ ഇയാൾ ജീവനക്കാരോടടക്കം തട്ടിക്കയറിയെന്നും പൊലീസ് പറഞ്ഞു.
തുടര്‍ന്ന് പേരൂർക്കട മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാൻ നിർദേശിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിലും ഇയാൾ ബഹളമുണ്ടാക്കിയതോടെ കൈകാലുകൾ ബന്ധിച്ചാണ് പേരൂർക്കട ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഇയാൾ സമീപത്തെ ക്ഷേത്രത്തിലെ ജീവനക്കാരനാണെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം. നെയ്യാറ്റിൻകരയിൽ അച്ഛൻ സമാധിയായെന്ന് പറഞ്ഞ് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്ത് സ്മാരകം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ‘ഗോപൻ സ്വാമി’യെന്ന പേര് വൈറലായത്. കഴിഞ്ഞ മാസമാണ് അതിയന്നൂർ കാവുവിളാകത്ത് ഗോപൻസ്വാമിയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് അയൽവാസികൾ രംഗത്ത് വന്നത്.
വീടിന് മുന്നിൽ സമാധി ഇരുത്തിയെന്ന് മകൻ അവകാശപ്പെടുന്ന കല്ലറ പൊളിച്ച് പരിശോധിച്ചെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ കാര്യമായൊന്നുമുണ്ടായില്ല. നെയ്ത്തു ജോലിയും ചുമട്ട് തൊഴിലുമൊക്കെ ചെയ്തുപോന്നിരുന്ന ആളാണ് ‘ഗോപൻ സ്വാമി’ എന്നറിയപ്പെടുന്ന മണിയൻ. അതിയന്നൂർ കാവുവിളാകത്ത് പ്ലാവിളയിലായിരുന്നു ആദ്യം താമസിച്ചിരുന്നത്.
പിന്നീട് ചുമട്ടുതൊഴിലിലേക്ക് മാറി. ആത്മീയതയുടെ വഴിയിലേക്ക് മാറിയതോടെയാണ് ഗോപൻ സ്വാമിയെന്ന പേര് സ്വീകരിക്കുന്നതും ക്ഷേത്രം നിർമിച്ച് പൂജ തുടങ്ങിയതും. ഇരുപത് വർഷത്തിനു മുൻപാണ് കാവുവിളയിൽ സ്ഥലം വാങ്ങി വീടുവെക്കുന്നത്. പിന്നീട് വീടിനോടുചേർന്ന് കൈലാസനാഥൻ മഹാദേവർ ക്ഷേത്രം നിർമിച്ചു. ഇവിടെ പൂജകള്‍ ചെയ്തു പോന്നിരുന്നു. രക്ത സമ്മർദവും പ്രമേഹവും കാരണം പാറശാലയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സ തേടിയരുന്ന ഗോപൻ മാസങ്ങളായി പുറത്തിറങ്ങാനാവാതെ കിടപ്പിലുമായിരുന്നു.
ജനുവരി ആദ്യവാരം ഗോപൻ സ്വാമി മരിച്ചു. ഗോപന്‍റെ മരണം വലിയ വിവാദങ്ങൾക്ക് വഴിവെച്ചതോടെ ജനുവരി 16ന് കല്ലറയുടെ സ്ലാബ് മാറ്റി ഗോപന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം നടത്തി വീണ്ടും സംസ്‌കരിച്ചു. ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം കാത്തിരിക്കുകയാണ് പൊലീസ്. ഇതിനിടെയാണ് സ്വാമിയുടെ ആത്മാവ് ശരീരത്തിൽ കയറിയെന്നാരോപിച്ച് യുവാവിന്‍റെ പരാക്രമം. മാനസിക പ്രശ്നമുള്ള യുവാവാണെന്ന് കണ്ടതിനാൽ പൊലീസ് കേസെടുത്തിട്ടില്ല.
പോട്ട ഫെഡറല്‍ ബാങ്ക് കവര്‍ച്ച കേസില്‍ പൊലീസിനെ വട്ടം കറക്കിയ പ്രതി പിടിയില്‍. തൃശൂര്‍ ജില്ലയില്‍ നിന്ന് 36 മണിക്കൂറിന് ശേഷമാണ് പ്രതി പിടിയിലായത്. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്നാണ് പൊലീസില്‍ നിന്ന് ലഭിക്കുന്ന വിവരം.
പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ് ഇയാള്‍ ഉള്ളതെന്നാണ് സൂചന. പേരാമ്പ്രയിലെ ചെറുകുന്ന് പ്രദേശത്ത് ഇന്ന് പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. പ്രതിയില്‍ നിന്ന് പത്ത് ലക്ഷം രൂപ കണ്ടെടുത്തു. വീട്ടില്‍ നിന്നാണ് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഫെബ്രുവരി 14 നാണ് പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ കവര്‍ച്ച നടന്നത്. ജാക്കറ്റും ഹെൽമറ്റും ധരിച്ച് ഇരുചക്രവാഹനത്തിയ പ്രതി ജീവനക്കാരെ കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു.
ജീവനക്കാരെ ബന്ദികളാക്കി 15 ലക്ഷം രൂപയാണ് പ്രതി മോഷ്‌ടിച്ചത്. മോഷണ സമയം മാനേജരും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നത്.
പെരുനാട് മഠത്തുംമൂഴിയിൽ സിഐടിയു പ്രവർത്തകൻ കുത്തേറ്റ് കൊല്ലപ്പെട്ടു. പെരുന്നാട് മാമ്പാറ സ്വദേശി ജിതിൻ (36) ആണ് മരിച്ചത്. ഞായാറാഴ്ച രാത്രി പത്തോടെ പെരുനാട് മഠത്തുംമൂഴി കൊച്ചുപാലത്തിന് സമീപമുണ്ടായ സംഘർഷത്തിലാണ് ജിതിനു കുത്തേറ്റത്.
മഠത്തുംമൂഴി പ്രദേശത്ത് യുവാക്കൾ തമ്മിൽ നേരത്തെ സംഘർഷം നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. ആക്രമണത്തിൽ ഒരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തിനു പിന്നിൽ രാഷ്ട്രീയ തർക്കം ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിതിന്റെ മൃതദേഹം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് മദ്യം തേടിയെത്തുന്നവരുടെ എണ്ണം വർധിക്കുന്നു. കേരള- തമിഴ്നാട് അതിർത്തിയായ പാറശാലയുടെ സമീപങ്ങളിലെ ബിവറേജ് ഔട്ട് ലറ്റിലേക്ക് മദ്യം വാങ്ങാനായി ആൾക്കാർ വ്യാപകമായി എത്തുന്നത്.
തമിഴ്നാട്ടിൽ മദ്യവിൽപന ഇടിഞ്ഞതോടെ എക്സെെസ് സംഘം കേരള അതിർത്തിയിൽ പരിശോധനയ്ക്കെത്തിയിരുന്നു. തമിഴ്നാട്ടിൽ മദ്യം കിട്ടാൻ ഉച്ചയ്ക്ക് 12 മണിവരെ കാത്തിരിക്കണം. എന്നാൽ കേരളത്തിൽ 10 മണിമുതൽ മദ്യം ലഭിക്കും ഇതാണ് കേരളത്തിലേക്ക് എത്തി മദ്യം വാങ്ങാൻ കാരണമെന്ന് തമിഴ്നാട്ടുകാർ പറയുന്നു.
തമിഴ്നാട്ടിൽ മദ്യവിൽപ്പന കുത്തനെ ഇടിഞ്ഞതിന്റെ കാരണം തേടി ശനിയാഴ്ച രാവിലെ തമിഴ്നാട് എക്സൈസ് ഡിവൈ.എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പാറശാലയിലെ ഔട്ട്ലറ്റിൽ എത്തിയത്. കൂടുതൽ വിറ്റുപോകുന്ന മദ്യത്തിന്റെ ബ്രാൻഡും വിലയും മറ്റു വിവരങ്ങളും തമിഴ്നാട് എക്സൈസ് സംഘം ബെവ്കോ ജീവനക്കാരോടു ചോദിച്ചു.
എന്നാൽ, ഹെഡ് ഓഫീസിൽനിന്നുള്ള നിർദേശമുണ്ടെങ്കിൽ മാത്രമേ വിവരങ്ങൾ കൈമാറാൻ സാധിക്കൂവെന്ന് അവർ അറിയിച്ചു.
തുടർന്നാണ് മദ്യം വാങ്ങാൻ തമിഴ്നാട്ടിൽ നിന്നെത്തിയവരോടു വിവരങ്ങൾ തിരക്കിയത്. സമീപത്തെ പ്രീമിയം കൗണ്ടറും ഇവർ സന്ദർശിച്ചു.
കടയ്ക്കുമുന്നിലെ വിലനിലവാര ബോർഡുകളുടെ ഫോട്ടോയുമെടുത്താണ് ഉദ്യോഗസ്ഥർ മടങ്ങിയത്. അതേസമയം 3 ലിറ്ററിൽ അധികമായി ഒരാൾ വാങ്ങിക്കൊണ്ടുപോകുന്നതായി വിവരം ഇല്ലെന്നും ഓരോ കുപ്പിയൊക്കെ വാങ്ങി തമിഴ് നാട്ടിലേക്ക് കൊണ്ടുപോകുനത് തടയാൻ കഴിയില്ലെന്നും കേരള എക്സൈസും അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തെ ഉയർന്ന ചൂട്, പാലക്കാട് ജില്ലയില്‍ 38 ഡിഗ്രി സെല്‍ഷ്യസ് രേഖപെടുത്തി.
ഈ സാഹചര്യത്തില്‍ സൂര്യാഘാതവും, സൂര്യതാപം മൂലമുള്ള പൊള്ളലുകള്‍ വരാനുള്ള സാധ്യതയുണ്ടെന്നും, ജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസർ അറിയിച്ചു.
താപനില ഉയരുന്നത് മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സ്വയം പ്രതിരോധം വളരെ പ്രധാനമാണ്.
ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ട് ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാൻ സാദ്ധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിക്കുന്നത്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് മഴയില്ലെന്നും കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നു.
16 കാരിയെ പീഡിപ്പിച്ച കേസിൽ 23 കാരന് 75 വർഷം കഴിഞ്ഞ തടവും 6 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു കോടതി. മലപ്പുറം കൊണ്ടോട്ടി മുതുമലൂർ സ്വദേശി നെഹ്മാനെ ആണ് മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ശിക്ഷിച്ചത്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഒരു വർഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ വിധി. മഞ്ചേരി സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി അഷ്റഫ് എ എം ആണ് ശിക്ഷ വിധിച്ചത്.
2022 മെയ് മാസം മുതൽ 2023 മെയ് മാസം വരെയുള്ള കാലയളവിൽ വിവിധ ഘട്ടങ്ങളിലായി പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് വിധി. പിഴ തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
യാത്രയ്ക്കിടെ തീവണ്ടിയില്‍വെച്ചു സൗഹൃദംസ്ഥാപിച്ച യുവാവ് പിന്നീട് വീട്ടിലെത്തി പ്രായമായ ദമ്പതിമാരുടെ ആറുപവന്‍ സ്വര്‍ണം കവര്‍ന്നു. വളാഞ്ചേരി കോട്ടപ്പുറം പെട്രോള്‍പമ്പിനു സമീപം താമസിക്കുന്ന കോഞ്ചത്ത് ചന്ദ്രനെയും (75) ഭാര്യ ചന്ദ്രമതി(63)യെയുമാണ് ഇയാള്‍ മയക്കിക്കിടത്തി താലിമാലയും മറ്റൊരു മാലയും വളയുമുള്‍പ്പെടെ ആറുപവന്‍ സ്വര്‍ണാഭരണങ്ങളുമായി കടന്നത്.
ചന്ദ്രനും ഭാര്യ ചന്ദ്രമതിയും കഴിഞ്ഞ ചൊവ്വാഴ്ച മുട്ടുവേദനയ്ക്ക് ഡോക്ടറെ കാണാന്‍ കൊട്ടാരക്കരയില്‍ പോയിരുന്നു. മുംബൈയിലേക്കുള്ള ലോകമാന്യതിലക് ട്രെയിനില്‍ ജനറല്‍ കമ്പാര്‍ട്ട്മെന്റിലായിരുന്നു കുറ്റിപ്പുറത്തേക്കുള്ള മടക്കയാത്ര. സീറ്റില്ലാതെ പ്രയാസപ്പെട്ട് വടികുത്തി നില്‍ക്കുന്ന ചന്ദ്രനടുത്തേക്ക് 35 വയസ്സു തോന്നിക്കുന്ന ഇയാള്‍ നാവികസേനയില്‍ ഉദ്യോഗസ്ഥനാണെന്നും പേര് നീരജാണെന്നും പറഞ്ഞ് പരിചയപ്പെട്ടു. താമസിയാതെ ചന്ദ്രമതിക്കും ഇയാള്‍ സീറ്റ് തരപ്പെടുത്തിനല്‍കി. തുടര്‍ന്ന് ഇവര്‍ക്കൊപ്പമിരുന്ന് കൊട്ടാരക്കരയ്ക്കു പോയ കാര്യമന്വേഷിച്ചു.
മുട്ട് മാറ്റിവെക്കുന്നതിന് ലക്ഷങ്ങളാണ് ആശുപത്രികള്‍ വാങ്ങുന്നതെന്നും നാവികസേനാ ആശുപത്രിയില്‍ കുറഞ്ഞ ചെലവില്‍ ശസ്ത്രക്രിയ ചെയ്യാന്‍ സൗകര്യമുണ്ടെന്നും താന്‍ ശ്രമിച്ചുനോക്കട്ടെയെന്നും പറഞ്ഞപ്പോള്‍ അവരത് വിശ്വസിച്ചു. ഇതിനിടെ ചന്ദ്രന്റെ ഫോണ്‍നമ്പരും വാങ്ങി. സ്‌നേഹത്തോടെ പെരുമാറിയ യുവാവ് ചേര്‍ത്തലയില്‍ ഇറങ്ങിയെന്നാണ് ചന്ദ്രന്‍ പറയുന്നത്.
ബുധനാഴ്ച രാവിലെ യുവാവ് ചന്ദ്രനെ ഫോണില്‍ വിളിച്ച് ശസ്ത്രക്രിയയുടെ കാര്യങ്ങള്‍ ശരിയാക്കിയിട്ടുണ്ടെന്നും നേരത്തേ ചികിത്സിച്ച കേസ് ഹിസ്റ്ററിയുണ്ടെങ്കില്‍ അതും ആവശ്യമായ മറ്റു രേഖകളും അടിയന്തരമായി വേണമെന്നും താമസിക്കുന്ന സ്ഥലം പറഞ്ഞാല്‍ താന്‍ വന്നു വാങ്ങിക്കൊള്ളാമെന്നും പറഞ്ഞു.
ബുധനാഴ്ച ഉച്ചയോടെ ഇയാള്‍ ചന്ദ്രന്റെ വീട്ടിലെത്തി. ജ്യൂസ് കുടിച്ചശേഷം ഉച്ചഭക്ഷണം കഴിക്കുന്നതിനുമുന്‍പേ അസ്വസ്ഥത അനുഭവപ്പെട്ട ചന്ദ്രന് രണ്ട് ചെറിയ ഗുളിക നല്‍കി. ഗ്യാസിന്റെ കുഴപ്പമാണെന്നും ഉടനെ മാറുമെന്നുമാണ് യുവാവ് പറഞ്ഞതെന്ന് ചന്ദ്രന്‍ പറഞ്ഞു.
‘നല്ലതാണ്, ചേച്ചിക്കും കഴിക്കാം’ എന്നു പറഞ്ഞപ്പോള്‍ അവരും ഗുളിക കഴിച്ചു. ഏതാനും സമയത്തിനുള്ളില്‍ ഇരുവരുടെയും ബോധം നഷ്ടപ്പെട്ടു. പിന്നെ എല്ലാം എളുപ്പമായി. അലമാരയില്‍നിന്നെടുത്ത ആഭരണങ്ങളുമായി യുവാവ് കൂസലില്ലാതെ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയി. വളാഞ്ചേരി പോലീസ് അന്വേഷണം തുടങ്ങി.
തൃശ്ശൂര്‍ ചാലക്കുടിയില്‍ പട്ടാപ്പകല്‍ ബാങ്ക് കവര്‍ച്ച. പോട്ട ഫെഡറല്‍ ബാങ്ക് ശാഖയില്‍ പട്ടാപ്പകല്‍ ജീവനക്കാരെ ബന്ദികളാക്കിയാണ് പണം കവര്‍ന്നത്. കത്തി കാണിച്ച് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയാണ് കവര്‍ന്നത്.
ചാലക്കുടി പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയിലാണ് നാടിനെ നടുക്കിയ സംഭവം. മോഷണ സമയത്ത് മാനേജറും ഒരു ജീവനക്കാരനും മാത്രമാണ് ബാങ്കില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. മറ്റുള്ളവര്‍ ഭക്ഷണം കഴിക്കാന്‍ പോയിരുന്നു. മോഷ്ടാവിന്റെ കൈയില്‍ ആയുധമുണ്ടായിരുന്നു. ഇന്ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്.
കൗണ്ടറില്‍ എത്തിയ അക്രമി കത്തി കാട്ടി ഭീഷണിപ്പെടുത്തി ഗ്ലാസ് തല്ലി തകര്‍ത്ത ശേഷം പണം കവരുകയായിരുന്നു. ബൈക്കില്‍ എത്തിയ അക്രമിയാണ് കവര്‍ച്ച നടത്തിയത്. തൃശ്ശൂര്‍ ഭാഗത്തേക്കാണ് അക്രമി കടന്നിട്ടുള്ളതെന്നാണ് വിവരം.
പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. ജീവനക്കാരില്‍ ഏറിയ പങ്കും ഭക്ഷണത്തിനായി പോയ സമയത്താണ് മോഷ്ടാവ് എത്തിയതെന്നാണ് വിവരം. ബാങ്കിലുണ്ടായിരുന്ന മാനേജരെയും മറ്റൊരു ജീവനക്കാരനെയും കത്തികാണിച്ച് ഭീഷണിപ്പെടുത്തി ടോയ്ലറ്റിനുള്ളില്‍ പൂട്ടിയിട്ട ശേഷമായിരുന്നു മോഷണം.
കത്തിയുമായി ബാങ്കിനുള്ളിലേക്ക് കയറിയ മോഷ്ടാവ് പണം എവിടെയാണ് ഇരിക്കുന്നതെന്ന് ചോദിച്ച ശേഷം കസേര ഉപയോഗിച്ച് ക്യാഷ് കൗണ്ടര്‍ തല്ലിപൊളിക്കുകയും ട്രേയില്‍ സൂക്ഷിച്ചിരുന്ന പണം അപഹരിക്കുകയുമായിരുന്നുവെന്നാണ് ജീവനക്കാര്‍ പറയുന്നത്. മോഷ്ടാവ് ഹെല്‍മറ്റ് ധരിച്ചിരുന്നുവെന്നും സംസാരിച്ച ഭാഷ ഏതായിരുന്നുവെന്ന് വ്യക്തമല്ലെന്നും ജീവനക്കാര്‍ പറയുന്നു.
പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. സി.സി.ടി.വി. ദൃശ്യങ്ങള്‍ ആദ്യഘട്ടത്തില്‍ പരിശോധിച്ചിരുന്നെങ്കിലും മോഷ്ടാവ് ഹെല്‍മറ്റും ഗ്ലൗസും ധരിച്ച നിലയിലായിരുന്നതിനാല്‍ മോഷ്ടാവിനെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചിട്ടില്ല. വിരലടയാള പരിശോധനയുള്‍പ്പെടെയുള്ള തെളിവുകള്‍ പോലീസ് ശേഖരിക്കാനൊരുങ്ങുകയാണെന്നാണ് റിപ്പോര്‍ട്ട്.
ബൈക്കിലെത്തിയ മോഷ്ടാവ് കസേര ഉപയോഗിച്ച് കാഷ് കൗണ്ടറിന്റെ ഗ്ലാസ് തല്ലിത്തകര്‍ത്താണ് പണം അപഹരിച്ചത്. ശേഷം കത്തി കാട്ടി ജീവനക്കാരെ ഭീഷണിപ്പെടുത്തിയെന്നു എസ്പി ബി. കൃഷ്ണകുമാര്‍ പറഞ്ഞു. തുടര്‍ന്നു കയ്യില്‍ കിട്ടിയ കറന്‍സികള്‍ എടുത്ത ശേഷം രക്ഷപെടുകയായിരുന്നു. തിരക്കേറിയ ജംക്ഷനില്‍ പട്ടാപ്പകലായിരുന്നു കവര്‍ച്ച. പണം അപഹരിച്ച ശേഷം ഇയാള്‍ ബൈക്കില്‍ കയറി സ്ഥലം വിടുകയായിരുന്നു. ചാലക്കുടി പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ഇവ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തിയിരിക്കുന്നത്. അക്രമി ബൈക്കില്‍ ബാങ്കിന് മുന്നിലെത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.