Kerala

തൃപ്പൂണിത്തുറ എരൂരില്‍ വീട്ടുകാരെ ആക്രമിച്ച് കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണം കവര്‍ച്ച നടത്തിയതുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. പ്രതികള്‍ തൃപ്പൂണിത്തുറയിലെ തിയേറ്ററിലെത്തിയ ദൃശ്യങ്ങളാണ് പുതുതായി പുറത്തുവന്നിരിക്കുന്നത്. 11 പേരടങ്ങുന്ന സംഘം സെക്കന്റ് ഷോ സമയത്ത് നടന്ന് പോകുന്നതാണ് സിസിടിവി ദൃശ്യങ്ങളിലുള്ളത്.

ഇന്നലെ രാത്രിയോടെ തെളിവായി സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയിരുന്നു. എരൂരിലെ സ്വകാര്യസ്ഥാപനത്തിന്റെ സിസിടിവി ക്യാമറയിലാണ് മോഷ്ടാക്കളുടെതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ കണ്ടെത്തിയത്. സമീപത്തെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി നശിപ്പിച്ച സംഘം കമ്പിവടി ഉപയോഗിച്ച് ദൃശ്യങ്ങള്‍ ലഭിച്ച സിസി ടിവി ക്യാമറ അടിച്ചു തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിച്ചിരിക്കുന്നത്.

ഇന്നലെ ലഭിച്ച ദൃശ്യങ്ങളില്‍ മുഖം മറച്ച നിലയില്‍ ഏഴംഗ സംഘമാണ് ക്യാമറയില്‍ പതിഞ്ഞിരിക്കുന്നത്. ശനിയാഴ്ച പുലര്‍ച്ചെ 2.15നും 2.30നും ഇടയിലുള്ള സമയത്ത് മുഖം മറച്ച് കമ്പിവടി അരയില്‍ തിരുകി എത്തിയ ആദ്യത്തെയാളിന്റെ ദൃശ്യം പതിഞ്ഞു. തൊട്ടു പിറകെ ആറുപേര്‍കൂടി അതേ സ്ഥലത്ത് എത്തി.

തുടര്‍ന്ന് ഇവരിലൊരാള്‍ ക്യാമറ തിരിച്ചുവെക്കാന്‍ ശ്രമിച്ചു. ഇത് പരാജയപ്പെട്ടതോടെ ക്യാമറ തകര്‍ത്തു. ഇതരസംസ്ഥാനക്കാരാണ് മോഷണത്തിന് പിന്നിലെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്.

പൂനെ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന സംഘമാണ് ഇവരെന്ന് പോലീസ് നിഗമനത്തിലെത്തിയിട്ടുണ്ട്. മംഗലാപുരത്ത് നടന്ന മോഷണശ്രമമാണ് ഈ നിഗമനത്തിലേക്ക് പോലീസിനെ എത്തിച്ചത്. തൃപ്പൂണിത്തുറയിലും പുല്ലേപ്പടിയിലും കഴിഞ്ഞ ദിവസങ്ങളിലുണ്ടായത് മംഗലാപുരത്തേതിന് സമാനമായ മോഷണമാണ്.

വീട്ടിലുള്ളവരെ അക്രമിച്ച് ബന്ദികളാക്കി മോഷണം നടത്തുകയാണ് ഇവരുടെ പതിവ്. സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചതോടെ പ്രതികളെ ഉടന്‍ പിടികൂടാനാവുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

വീഡിയോ കടപ്പാട്: പീപ്പിൾ ടീവീ

അതേസമയം കവര്‍ച്ചയ്ക്കായി ഏരൂരിലെ വീട്ടിലേക്ക് തിരിക്കുന്നതിനു മുന്‍പായി ഈ സംഘം തൃപ്പൂണിത്തുറയിലെ ഒരു തീയ്യേറ്ററില്‍ സിനിമയ്ക്ക് കയറിയതായും പോലീസിന് സംശയമുണ്ട്. ഈ തീയ്യേറ്ററിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ് അന്വേഷണസംഘം.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരിസ്ഥിതി നിയമങ്ങളും പഞ്ചായത്ത് റവന്യൂ നിയമങ്ങളും ദുരന്തനിവാരണ നിയമങ്ങളും ലംഘിച്ചുകൊണ്ട് തന്റേതായ നിയമത്തിലൂടെ മുന്നോട്ടുപോകുന്ന നിലമ്പൂര്‍ എംഎല്‍എ പി.വി അന്‍വറിന് എതിരെ ശക്തമായ നിയമ നടപടികള്‍ എടുക്കാന്‍ സര്‍ക്കാരോ മറ്റു സ്ഥാപനങ്ങളോ തയ്യാറാകുന്നില്ല എന്നുള്ളത് ഭരണകൂടങ്ങളുടെ പിന്തുണ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു എന്നാണ് തെളിയിക്കുന്നത് എന്ന് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠന്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയില്‍ എറണാകുളം ജില്ലയിലെ എടത്തല പഞ്ചായത്തില്‍ നാവിക സംഭരണ ശാലയുടെ തൊട്ടരികില്‍ നിര്‍മ്മിച്ചിട്ടുള്ള കെട്ടിടം രാജ്യ രക്ഷക്ക് ഭീഷണിയാണ് നാവിക ഉദ്യോഗസ്ഥര്‍ പലവട്ടം ഈ വിവരങ്ങള്‍ അറിയിച്ചിട്ടും ഇപ്പോഴും ആ കെട്ടിടം അവിടെ തന്നെ നിലനില്‍ക്കുകയാണ്. നാവിക ആയുധ ശാലയുടെ ആയുധ ശേഖരങ്ങളും മറ്റ് സന്നാഹങ്ങളും ഒരു സാധാരണ ക്യാമറ ഉപയോഗിച്ചുപോലും ഈ കെട്ടിടത്തിന്റെ മുകളില്‍നിന്ന് ഒപ്പിയെടുക്കാന്‍ കഴിയും എന്നുള്ളതാണ് ഇതിലൂടെയുള്ള സുരക്ഷാഭീഷണി എന്നാണ് നാവിക ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇത്ര അപകടകരമായ രീതിയില്‍ ഈ കെട്ടിടം പണിയാന്‍ ആരാണ് അനുമതി നല്‍കിയത് എന്ന് ഇന്നും വ്യക്തമല്ല.

ചില വ്യവസായികള്‍ ചേര്‍ന്ന് ഈ കെട്ടിടം നിര്‍മിച്ചപ്പോള്‍ ഇതിന്റെ നിര്‍മ്മാണം നിര്‍ത്തിവയ്ക്കാന്‍ നാവിക ഉദ്യോഗസ്ഥര്‍ ആവശ്യപ്പെടുകയും അങ്ങനെ പാതിവഴി പൂര്‍ത്തിയായ ഈ കെട്ടിടം പണി ഉപേക്ഷിക്കുകയും അത് അങ്ങനെ തന്നെ അവിടെ നിലനില്‍ക്കുകയും ആയിരുന്നു എന്നാല്‍ ഏത് നിയമങ്ങളെയും ലംഘിക്കാം, എന്നിട്ട് പിന്നീട് ക്രമവല്‍ക്കരിക്കാം എന്ന് ഉറപ്പുള്ള പി വി അന്‍വര്‍ ഈ കെട്ടിടം വളരെ ആസൂത്രിതമായി ഏറ്റെടുക്കുകയും അതിന്റെ പല ഭാഗങ്ങളും വാടകയ്ക്ക് നല്‍കുകയും അങ്ങനെ പണം സമ്പാദിക്കുകയും ചെയ്തിട്ടുള്ളതാണ്.

കേരള സര്‍ക്കാര്‍ ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന ചില ഇളവുകള്‍ ഉപയോഗിച്ച് കെട്ടിടവും സംരക്ഷിക്കാം എന്നാണ് പി.വി അന്‍വര്‍ കരുതുന്നത്. എന്നാല്‍ ഈ കെട്ടിടത്തിന് ഇതേവരെ പഞ്ചായത്തിന്റെയും, എന്‍ എ ഡി യുടേയും യാതൊരു അനുമതിയും കിട്ടിയിട്ടില്ല എന്നതാണ് അധികൃതര്‍ പറയുന്നത്. എന്നിട്ടും എട്ടു നിലയുള്ള ഒരു കെട്ടിടം അവിടെ നിലനില്‍ക്കുന്നു എന്നുള്ളത് ഈ രാജ്യത്തെ നിയമ വ്യവസ്ഥയോടുള്ള പരസ്യമായ വെല്ലുവിളിയാണ്. ഇതിനെതിരെ നിലവില്‍ ഒരു രാഷ്ട്രീയ കക്ഷികളും ശബ്ദം ഉയര്‍ത്തുന്നില്ല എന്നതില്‍ നിന്നുതന്നെ നിലമ്പൂരിലെ പോലെ ഇവിടെയും അന്‍വറിന്റെ പണത്തിനു മുകളില്‍ പറക്കാന്‍ കഴിയുന്ന പരുന്തുകള്‍ അല്ല ഒരു രാഷ്ട്രീയ പാര്‍ട്ടികളും എന്ന് തെളിയിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഇത്തരം നിയമലംഘനത്തിനെതിരെ കേന്ദ്ര സര്‍ക്കാരിനെ സമീപിക്കാനാണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്.

കേന്ദ്ര പ്രതിരോധമന്ത്രി ശ്രീമതി നിര്‍മ്മല സീതാരാമന് കത്തെഴുതാനും ദില്ലി സര്‍ക്കാരിലെ വഴി സമ്മര്‍ദം ചെലുത്തുവാനും ആണ് ആം ആദ്മി പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. വിവരാവകാശ നിയമവും മറ്റു പോരാട്ടങ്ങളും വഴി ഈ കെട്ടിടം പൊളിച്ചു മാറ്റുന്നതുവരെ സമരത്തില്‍നിന്ന് പിന്മാറില്ലെന്ന്ആംആദ്മിപാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. ഇന്ന് ഈ വിഷയത്തില്‍ എടത്തല പഞ്ചായത്തിലേക്ക് നടത്തിയ മാര്‍ച്ച് നടത്തുകയും ഇതിനെതിരെ പഞ്ചായത്ത് സെക്രട്ടറി മുന്‍പാകെ പരാതി നല്‍കുകയും ചെയ്തിട്ടുള്ളതാണ് .ഇതില്‍ ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ സി ആര്‍ നീലകണ്ഠനും, ചാലക്കുടി എറണാകുളം മണ്ഡല നിരീക്ഷകരായ വിനോദ് കുമാറും, ഷക്കീര്‍ അലിയും,ആം ആദ്മി പ്രവര്‍ത്തകരും പങ്കെടുത്തു

ബിനോയി ജോസഫ്

കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ നിർണ്ണായക ചലനം സൃഷ്ടിക്കുന്ന രീതിയിൽ കരുത്തുകാട്ടി കേരള കോൺഗ്രസ് എം സംസ്ഥാന സമ്മേളനം കോട്ടയത്ത് സമാപിച്ചു. കേരള കോൺഗ്രസിന്റെ ചരിത്രത്തിലെ ഏറ്റവും ആസൂത്രിതവും സാങ്കേതിക തികവുമാർന്ന സംഘാടന മികവിന്റെ ഉദാഹരണമായി കോട്ടയം മഹാ സമ്മേളനം മാറി. മാസങ്ങൾ നീണ്ട ചിട്ടയായ പ്രവർത്തനങ്ങളിലൂടെ പാർട്ടിയെ അടിമുടി ശക്തമാക്കിയാണ് കേരള കോൺഗ്രസ് ഇത്തവണ കരുത്തു കാട്ടിയത്. പാർട്ടിയുടെ സംഘടനാ സംവിധാനം ശക്തിപ്പെടുത്തിക്കൊണ്ട് ഒറ്റയ്ക്ക് മുന്നോട്ട് പോകുവാൻ പ്രാപ്തമാക്കാൻ തക്കവിധമുള്ള ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളാണ് പാർട്ടി നേതൃത്വം ലക്ഷ്യമിടുന്നത് എന്ന് സമ്മേളനം തെളിയിച്ചു. പാർട്ടി പ്രവർത്തകരായ ആയിരക്കണക്കിന് വനിതകളും സമ്മേളനത്തിൽ ആവേശത്തോടെ പങ്കെടുത്തു. പാർട്ടിയുടെ ശക്തികേന്ദ്രമായ മലബാർ മേഖലയിൽ നിന്നും ഇടുക്കിയടക്കമുള്ള മറ്റു ജില്ലകളിൽ നിന്നും നൂറുകണക്കിന് വാഹനങ്ങളിലാണ് പ്രവർത്തകർ എത്തിയത്.

കേരള കോൺഗ്രസിന്റെ തഴക്കവും പഴക്കവുമുള്ള നേതാക്കന്മാരുടെ പിൻബലത്തിൽ പാർട്ടിയുടെ യുവ നേതൃനിരയാണ് സമ്മേളനത്തിന്റെ ചുക്കാൻ പിടിച്ചത്. ആധുനിക സാങ്കേതിക വിദ്യകളും സോഷ്യൽ മീഡിയയും വേണ്ട രീതിയിൽ ഉപയോഗിച്ച് പാർട്ടി പ്രവർത്തകരെ നിയന്ത്രിക്കാനും വേണ്ട നിർദ്ദേശങ്ങൾ സമയാസമയത്ത് അവരിൽ എത്തിക്കാനും പാർട്ടി നേതൃത്വത്തിനു കഴിഞ്ഞു. കോട്ടയത്തെ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന മഹാസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ ലക്ഷത്തോളം വരുന്ന പാർട്ടി പ്രവർത്തകർക്ക് വേണ്ട സൗകര്യമൊരുക്കാനും എത്തിച്ചേർത്ത വാഹനങ്ങൾക്ക് സുഗമമായ പാർക്കിംഗ് സജ്ജീകരണങ്ങളും നേതൃത്വം ഒരുക്കിയിരുന്നു. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുകാതിരിക്കാനും ഗതാഗതക്കുരുക്ക് ഒഴിവാക്കാനുമുള്ള എല്ലാ പദ്ധതിയും നേതൃത്വം  ദിവസങ്ങളോളം കോട്ടയത്ത് ക്യാമ്പ് ചെയ്ത് ഉറപ്പു വരുത്തിയിരുന്നു.

യു ഡി എഫ് വിട്ടതിനു ശേഷം ഒറ്റയ്ക്ക് മുന്നോട്ടു പോവുന്ന കേരള കോൺഗ്രസ് എമ്മിന് ഊർജവും ഉൻമേഷവും പ്രതീക്ഷയും നല്കുന്ന നിലപാടുകളാണ് പാർട്ടി നേതൃത്വം സ്വീകരിച്ചത്. പാർട്ടി ചെയർമാൻ കെ.എം മാണി, വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ്, വൈസ് ചെയർമാൻ ജോസ് കെ മാണി, ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് എന്നിവരുടെ നിർദ്ദേശങ്ങൾക്ക് അനുസരിച്ചാണ് പാർട്ടിയുടെ സമ്മേളന കാര്യക്രമങ്ങൾ പുരോഗമിച്ചത്. പൊതുജന സൗഹൃദപരമായ രീതിയിൽ സമ്മേളനം നടത്തി മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് അനുകരണീയമായ മാതൃക നല്കാനുള്ള നൂതന സംഘാടന രീതികൾക്ക് ജീവൻ നല്കിയത് ജോസ് കെ മാണി എം.പിയാണ്. ലക്ഷത്തോളം വരുന്ന പ്രവർത്തകർ അണിനിരന്ന റാലിയ്ക്ക് നേതൃത്വം നല്കിയത് ഇടുക്കി എം.എൽ.എ റോഷി അഗസ്റ്റിനായിരുന്നു. സമ്മേളനം നടന്ന വെള്ളിയാഴ്ച പൊതുജനങ്ങൾക്കായി സൗജന്യ ആംബുലൻസ് സേവനവും കോട്ടയത്ത് പാർട്ടി ഒരുക്കിയിരുന്നു.

രാഷ്ട്രീയ കേരളം ഉറ്റുനോക്കിയ കേരള കോൺഗ്രസിന്റെ മഹാസമ്മേളനത്തിൽ പാർട്ടി ചെയർമാൻ കെ.എം മാണി കാർഷിക ബദൽ രേഖ അവതരിപ്പിച്ചു. ഒറ്റയ്ക്കു മുന്നോട്ട് പോകാൻ പാർട്ടിയ്ക്ക് കരുത്തുണ്ട്. മുന്നണി സംവിധാനം പാർട്ടിയ്ക്ക് അനിവാര്യ ഘടകമല്ല. മുന്നണി ബന്ധങ്ങളോ രാഷ്ട്രീയ കൂട്ടുകെട്ടുകളോ അല്ല നിലവിൽ ആവശ്യമെന്നും കാർഷിക മൂല്യങ്ങളുടെ യോജിപ്പിനാണ് പാർട്ടി പ്രഥമസ്ഥാനം നല്കുന്നതെന്നും മാണി പറഞ്ഞു. മുന്നണി പ്രവേശനത്തിനായി അല്പം കൂടി കാത്തിരിക്കണം.  മുന്നണി പ്രവേശനത്തിനായി ആർക്കും അപേക്ഷ നല്കിയിട്ടില്ല. പാർട്ടിയുടെ നയങ്ങൾ അംഗീകരിക്കുകയും മാന്യമായ സ്ഥാനം നല്കുകയും ചെയ്യുന്ന മുന്നണി ഏതോ അവരുമായി സഖ്യമുണ്ടാക്കുന്നത് പരിഗണിച്ചേക്കാം എന്ന സൂചനയും പാർട്ടി ചെയർമാൻ കെ.എം മാണി നല്കി. യു ഡി എഫിൽ നിന്ന് ഉണ്ടായ നെറികേട് മറക്കാവുന്നതല്ല എന്ന് ജോസ് കെ മാണി സമ്മേളനത്തിൽ പറഞ്ഞു. പാർട്ടിയെ തകർക്കാൻ സംഘടിത ശ്രമമുണ്ടായി. ശത്രുക്കളല്ല മിത്രങ്ങളാണ് ചതിച്ചത്. ഇടയനെ അടിച്ചു വീഴ്ത്തി ആട്ടിൻപറ്റത്തെ ചിതറിക്കാൻ ശ്രമിച്ചവർ അതിനു വില നല്കേണ്ടി വരും. കൂടുതൽ കരുത്തോടെ കൂടുതൽ ശക്തിയോടെ കർഷകരുടെയും അദ്ധ്വാനിക്കുന്ന ജനങ്ങളുടെയും ശബ്ദമായി കേരള കോൺഗ്രസ് എം മുന്നോട്ട് പോവുമെന്ന് ജോസ് കെ മാണി പറഞ്ഞു.

കർഷകർക്ക് ദുരിതം സമ്മാനിക്കുന്ന കേന്ദ്രനയങ്ങൾക്ക് എതിരെ സമാന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രക്ഷോഭം സംഘടിപ്പിക്കും. കസ്തൂരി രംഗൻ റിപ്പോർട്ടിൻമേലും പട്ടയ പ്രശ്നങ്ങളിലും പാർട്ടി കർഷകർക്ക് അനുകൂലമായ മാറ്റങ്ങൾക്കായി സർക്കാരിൽ സമ്മർദ്ദം ചെലുത്തും. കേരള രാഷ്ട്രീയ രംഗത്ത് ശക്തമായ നിലപാടുകളുമായി മുന്നോട്ട് പോകണമെന്ന് പാർട്ടി പ്രതിനിധി സമ്മേളനത്തിൽ ആവശ്യമുയർന്നു. മുന്നണികളോടുള്ള കേരള കോൺഗ്രസിന്റെ നയം വ്യക്തമാക്കാൻ പ്രതിനിധികൾ പാർട്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ചു. പാർട്ടി വൈസ് ചെയർമാനും സംഘാടക സമിതി ചെയർമാനുമായ ജോസ് കെ മാണി എം.പി സ്വാഗത പ്രസംഗം നടത്തി. പാർട്ടി വർക്കിംഗ് ചെയർമാൻ പി.ജെ ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗം പാർട്ടി ചെയർമാൻ കെ.എം മാണി ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർമാൻ സി.എഫ് തോമസ് മുഖ്യ പ്രഭാഷണം നടത്തി. അഡ്വ. ജോയി എബ്രാഹാം എം.പി, എം.എൽ.എ മാരായ റോഷി അഗസ്റ്റിൻ, എൻ. ജയരാജ്, മോൻസ് ജോസഫ് തുടങ്ങിയവർ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

മുന്നണി പ്രവേശനത്തെക്കുറിച്ച് പാർട്ടി കൂട്ടായ തീരുമാനമെടുക്കുമെന്ന് സമ്മേളന ശേഷം നടത്തിയ പത്രസമ്മേളനത്തിൽ കെ.എം മാണി പറഞ്ഞു. യുഡിഎഫിലേക്ക് ക്ഷണമുണ്ടായാൽ പോകുമോ എന്ന ചോദ്യത്തിന് ക്ഷണിക്കുന്നവരുടെയെല്ലാം കൂടെ പോകാൻ കഴിയില്ല എന്നും നോക്കിയും കണ്ടും മാത്രമേ തീരുമാനം എടുക്കുകയുള്ളൂ എന്നായിരുന്നു കെ.എം മാണിയുടെ മറുപടി. പിണറായി വിജയന്റെ മൃദുസമീപനം ആണ് താൻ പിന്തുടരുന്നത്. മറ്റു ചിലരെപ്പോലെ കുത്തുകയും നോവിക്കുകയും ചെയ്യുന്ന ആളല്ല പിണറായി വിജയൻ എന്ന് മാണി പത്രലേഖകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

നിയോജകമണ്ഡലം മുതൽ വാർഡ് തലം വരെയുള്ള പ്രവർത്തകരും ഭാരവാഹികളും സമ്മേളന വിജയത്തിനായി അക്ഷീണം പ്രയത്നിച്ചു. വെള്ളിയാഴ്ച നടന്ന സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി മലബാർ മേഖലയിൽ നിന്നുള്ള പ്രവർത്തകർ രാവിലെ തന്നെ കോട്ടയത്ത് എത്തിച്ചേർന്നിരുന്നു. തിരുവനന്തപുരം മുതൽ ആലപ്പുഴ വരെയുള്ള പ്രവർത്തകർ കോടിമതയിൽ നിന്നും ഇടുക്കി, പാലാ, തൊടുപുഴ മേഖലകളിൽ നിന്നുള്ളവർ പോലീസ് പരേഡ് ഗ്രൗണ്ടിനു സമീപത്തു നിന്നും കാസർകോഡ് മുതൽ എറണാകുളം ജില്ലകളിൽ നിന്നുള്ള പ്രവർത്തകർ എസ്. എച്ച് മൗണ്ട് കേന്ദ്രീകരിച്ചുമാണ് സമ്മേളന വേദിയായ നെഹ്റു സ്റ്റേഡിയത്തിലേക്ക് എത്തിയത്.
സമ്മേളനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പ്രവർത്തകർ വാഹന വിളംബര ജാഥകൾ നടത്തി. സമ്മേളന ശേഷം കോട്ടയം നെഹ്റു സ്റ്റേഡിയം പൂർണമായും ശുചീകരിച്ചാണ് പാർട്ടി പ്രവർത്തകർ മടങ്ങിയത്. പ്ലാസ്റ്റിക് കപ്പുകൾ അടക്കമുള്ളവ വേർതിരിച്ച് ശേഖരിച്ച് സംസ്കരിക്കാനുള്ള സംവിധാനം സമ്മേളന സംഘാടകർ ഒരുക്കിയിരുന്നു.

കൊച്ചിയിലെ നാവികസേനയുടെ ആയുധസംഭരണ ശാലയുടെ തൊട്ടരികില്‍ രാജ്യരക്ഷാ നിയമങ്ങളും മറ്റു നിബന്ധനകളും ലംഘിച്ചുകൊണ്ട് നിര്‍മിച്ച കെട്ടിടം പൊളിച്ചു മാറ്റണമെന്നും ഇതിന് കാരണക്കാരായ ഉദ്യോഗസ്ഥരെ ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഡിസംബര്‍ 16 രാവിലെ 11 മണിക്ക് എടത്തല പഞ്ചായത്ത് ഓഫീസിനു മുന്നിലേക്ക് ആം ആദ്മി പാര്‍ട്ടി മാര്‍ച്ച് നടത്തുന്നു. അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ നിലമ്പൂരില്‍ പി.വി.അന്‍വറിന്റെ അനധികൃത നിര്‍മാണങ്ങള്‍ക്കെതിരെ പോരാടിയ മുരുകേശന്‍ ഇതില്‍ പങ്കെടുത്ത് പ്രസംഗിക്കുന്നതാണ്

സിനിമാരംഗത്തുള്ളവരും വിദേശ മലയാളികളും ചേര്‍ന്ന് ആരംഭിച്ച പ്രോജക്ട് നിയമ തടസ്സം മൂലം പ്രവര്‍ത്തനം തുടങ്ങാന്‍ കഴിയാതെ ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്നു. എന്നാല്‍ ഏതു നിയമലംഘനവും നിയമവിധേയമാക്കി മുന്നോട്ടുപോകാന്‍ കഴിയും എന്നുള്ളത് കൊണ്ടാണ് ഇടതുപക്ഷ എം എല്‍ എ കൂടിയായ പി.വി. അന്‍വര്‍ ഇത് വിലയ്ക്ക് വാങ്ങി മുന്നോട്ടു പോകുവാന്‍ തീരുമാനിച്ചത്

അനധികൃതമായി നിര്‍മിച്ച കെട്ടിടം ഇപ്പോള്‍. പി.വി. അന്‍വര്‍ എംഎല്‍എയുടെ ഉടമസ്ഥതയിലാണ് ഉള്ളത്. മൂന്നുവട്ടം എന്‍.എ.ഡി അധികൃതര്‍ ആ കെട്ടിടം പൊളിച്ചു മാറ്റണമെന്ന നോട്ടീസ് നല്‍കിയിട്ടും അതെല്ലാം അവഗണിച്ചുകൊണ്ട് അതവിടെ ഇപ്പോഴും നിലനില്‍ക്കുകയാണ്. നാവികസേനയുടെ ആയുധ സംഭരണശാലയുടെ മുഴുവന്‍ ചിത്രങ്ങളും ആ കെട്ടിടത്തില്‍ നിന്നും എടുക്കാം എന്നതും, വയര്‍ലെസ് കേന്ദ്രത്തിന്റെ തൊട്ട് അടുത്താണ് ഈ കെട്ടിടം ഉള്ളത് എന്ന തരത്തിലുള്ള അപകടമാണ് ഇപ്പോള്‍ അവിടെ നിലനില്‍ക്കുന്നത്. ഇത്തരത്തില്ലുള്ള ഒരു കെട്ടിടം അവിടെ തുടരുന്നത് രാജ്യരക്ഷയ്ക്ക് അപകടമാണെന്നും അതിന് രാഷ്ട്രീയ ഉദ്യോഗസ്ഥ മേധാവികള്‍ കൂട്ടുനില്‍ക്കുന്നത് രാജ്യദ്രോഹമാണെന്ന് ആം ആദ്മി പാര്‍ട്ടി കരുതുന്നു.

അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് അനുമതി നല്‍കാന്‍ കേരള സര്‍ക്കാര്‍ തീരുമാനമെടുത്ത ഒരു സാഹചര്യം കൂടി നാം ഇവിടെ ഓര്‍ക്കേണ്ടതുണ്ട്. കൂടരഞ്ഞിയിലും മറ്റും അനധികൃത നിര്‍മ്മാണം നടത്തി നിയമനടപടികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന പിവി അന്‍വര്‍ ഈ കെട്ടിടം ഏറ്റെടുത്തതിനു പിന്നില്‍ ദുരൂഹതയുണ്ട് എന്നതും വ്യക്തമാണ്. തന്റെ അധികാരവും പണവും ഉപയോഗിച്ച് അനധികൃത നിര്‍മ്മാണത്തെ അധികൃതമായി മാറ്റിയെടുക്കാന്‍ കഴിയും എന്നുള്ളതുകൊണ്ടാണ് അദ്ദേഹം ഈ കെട്ടിടം ഏറ്റെടുത്തത്.

ഇത്തരം ശക്തികളെ തുറന്നുകാട്ടേണ്ടത് ജനാധിപത്യ വിശ്വാസികളുടേയും രാജ്യ സ്നേഹികളുടെയും മുഴുവന്‍ ആവശ്യമാണ്. അനധികൃതമായി കെട്ടിടം ഉയര്‍ന്നുവന്നതിന് കാരണക്കാരായ പഞ്ചായത്തും അതിന് മുകളിലുള്ള ഉദ്യോഗസ്ഥരേയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു വിശദമായ അന്വേഷണം നടത്തണമെന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. ഈ മാര്‍ച്ചിലും തുടര്‍ സമരങ്ങളിലും പങ്കെടുക്കാന്‍ എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളോടും അഭ്യര്‍ത്ഥിക്കുന്നു.

തിരുവനന്തപുരം: ഇരുപത്തിരണ്ടാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഉത്സവ ദിനങ്ങള്‍ അവസാനിക്കുന്നു. അനന്തപുരിയിലെ സിനിമാക്കാലത്തിന്‌വര്‍ണ്ണാഭമായി തിരിതാഴുന്നു. ചലച്ചിത്രമേളയുടെ സമാപനച്ചടങ്ങ് നിശാഗന്ധിയില്‍ പുരോഗമിക്കുകയാണ്. അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണ്ണചകോരം പുരസ്‌കാരം പാലസ്തീന്‍ ചിത്രമായ വാജിബ് നേടി. മികച്ച നവാഗത സംവിധായകനുള്ള രജതചകോരം ഏദന്റെ സംവിധായകന്‍ സഞ്ജു സുരേന്ദ്രനാണ്. ഫിപ്രസി പുരസ്‌കാരവും, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരവും ബോളിവുഡ് ചിത്രമായ ന്യൂട്ടന്‍ നേടി. മികച്ച മലയാള ചിത്രത്തിനുള്ള ഫിപ്രസി പുരസ്‌കാരം ഏദന് ലഭിച്ചു.

സംവിധായക മികവിനുള്ള പുരസ്‌കാരം അനുജയ്ക്കും ലഭിച്ചു. മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്‌കാരം ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത തൊണ്ടിമുതലും ദൃക്‌സാക്ഷിയും നേടി. പ്രത്യേക ജൂറി പുരസ്‌കാരം കാന്‍ഡലേറിയ(സംവിധാനം ജോണി ഹെന്‍ട്രിക്‌സ്)യയും നേടി. വിഖ്യാത സംവിധായകന്‍ അലക്‌സാണ്ടര്‍ സൊക്കൂറോവിന് സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരം തോമസ് ഐസക് സമ്മാനിച്ചു.

മേളയില്‍ 65 രാജ്യങ്ങളില്‍ നിന്നുള്ള 190 ല്‍ പരം ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. ലോക സിനിമാ വിഭാഗത്തിലെ 81 ചിത്രങ്ങളും മതസ്‌ര വിഭാഗത്തില്‍ രണ്ടു മലയാള ചിത്രങ്ങളുള്‍പ്പെടെ 14 ചിത്രങ്ങളുമുണ്ടായിരുന്നു. മത്സരചിത്രങ്ങളില്‍ കാന്‍ഡലേറിയ, ഗ്രെയ്ന്‍, പൊമഗ്രനെറ്റ് ഓര്‍ച്ചാഡ്, ഇന്ത്യന്‍ ചിത്രമായ ന്യൂട്ടന്‍ എന്നിവ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. സമാപന ചടങ്ങ് മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്തു. മന്ത്രി എ.കെ. ബാലന്‍ അധ്യക്ഷത വഹിച്ചു.

ഫേസ്ബുക്കില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടിയെ വിവാഹം കഴിച്ച യുവാവ് പിന്നീട് യുവതിയെ ഉപേക്ഷിച്ച് നാടുവിട്ടതായി പരാതി. കോട്ടയം കുറുപ്പുന്തറ മാന്‍വെട്ടത്താണ് നാടകീയ സംഭവങ്ങള്‍. ഭര്‍ത്താവ് ഉപേക്ഷിച്ചതോടെ പെണ്‍കുട്ടി ഭര്‍ത്തൃവീട്ടിലെ വരാന്തയിലാണ് മൂന്നുദിവസമായി താമസം.

ഭര്‍ത്താവിന്റെ വീട്ടുകാര്‍ അകത്തു കയറാന്‍ സമ്മതിക്കുന്നില്ലെന്നാണ് പെണ്‍കുട്ടിയുടെ പരാതി. പോലീസില്‍ പരാതി നല്കിയിട്ടും യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പെണ്‍കുട്ടി ലേഖകനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വാക്കുകളിലൂടെ.

മധുരവേലിയിലാണ് എന്റെ വീട്. അച്ഛന്‍ ചെറുപ്പത്തിലെ മരിച്ചുപോയി. എനിക്കു താഴെ രണ്ടു സഹോദരങ്ങളാണ്. പ്ലസ്ടു കഴിഞ്ഞശേഷം കടുത്തുരുത്തിയില്‍ ലാബ് ടെക്‌നീഷന്‍ കോഴ്‌സ് പഠിക്കുകയാണ്. ഇതിനിടെ ഈ ജനുവരിയിലാണ് മാന്‍വെട്ടം സ്വദേശിയായ യുവാവിനെ ഫേസ്ബുക്കിലൂടെ പരിചയപ്പെടുന്നത്.

പരിചയം പ്രണയമായി വളര്‍ന്നത് പെട്ടെന്നാണ്. ഒരിക്കല്‍ പോലും നേരിട്ട് കണ്ടില്ലെങ്കില്‍ ഞങ്ങള്‍ തമ്മില്‍ അടുത്തു. ഇതിനിടെ ഒരുദിവസം എന്നെ നേരിട്ട് കാണണമെന്നും ഇല്ലെങ്കില്‍ ആത്മഹത്യ ചെയ്യുമെന്നും അവന്‍ പറഞ്ഞു. അന്ന് രാത്രി ഒരുമണിയോടെ അവന്‍ വീടിനു മുന്നിലെത്തി. എന്നെ നിര്‍ബന്ധിച്ച് ഒഴിഞ്ഞ ഒരു സ്ഥലത്തേക്ക് കൊണ്ടുപോകുകയും അവിടെവച്ച് അരുതാത്തത് സംഭവിക്കുകയും ചെയ്തു.

ഇതിനുശേഷം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടുകാര്‍ അറിയുകയും ചെയ്തു. ഇതോടെ വലിയ പ്രശ്‌നമായി. വീട്ടുകാര്‍ പറഞ്ഞതനുസരിച്ച് ഞാന്‍ അവനെ വിളിക്കുകയും കല്യാണം കഴിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ പിന്നീട് ഞാന്‍ വിളിച്ചാല്‍ അവന്‍ ഫോണെടുക്കാതെയായി. ഇതിനിടെ അമ്മ പോലീസില്‍ കേസ് കൊടുത്തതോടെ അവനും വീട്ടുകാരും സ്‌റ്റേഷനിലെത്തി എന്നെ വിവാഹം കഴിക്കാമെന്ന് എഴുതി നല്കി.

ഇതനുസരിച്ച് ഒക്ടോബര്‍ 21ന് കടുത്തുരുത്തി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് വിവാഹിതരായി. വിവാഹത്തിന് അവന്റെ വീട്ടുകാര്‍ എത്തിയില്ല. ഞങ്ങളെ എന്റെ വീട്ടുകാര്‍ അവന്റെ വീട്ടിലെത്തിച്ചെങ്കിലും അവര്‍ അവിടെ ഇല്ലായിരുന്നു. എന്റെ ബന്ധുക്കള്‍ വാതില്‍ ചവിട്ടി പൊളിച്ചാണ് ഞങ്ങളെ വീട്ടില്‍ കയറ്റിയത്. എന്നാല്‍ വീട്ടുകാര്‍ വന്ന് പ്രശ്‌നമായതോടെ ഞങ്ങള്‍ക്ക് അവിടെ നിന്ന് ഇറങ്ങേണ്ടിവന്നു.

ഇതിനിടെ അവന്‍ എന്നെ വീട്ടിലാക്കിയിട്ട് നാടുവിട്ടു. ജോലിക്കായി ബംഗളൂരുവിലാണെന്ന് പറഞ്ഞെങ്കിലും പിന്നീട് വിളിച്ചിട്ട് എടുക്കുന്നില്ല. ഇപ്പോള്‍ ഞാന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചെത്തിയെങ്കിലും അവര്‍ എന്നെ വീട്ടില്‍ കയറ്റിയില്ല.

ഇപ്പോള്‍ ഞാന്‍ വരാന്തയില്‍ പായിട്ടാണ് കിടക്കുന്നത്. മൂന്നുദിവസമായി നാട്ടുകാരാണ് എനിക്ക് ഭക്ഷണം തരുന്നത്. ഭര്‍ത്താവ് തിരിച്ചെത്തിയില്ലെങ്കില്‍ ആത്മഹത്യയല്ലാതെ എന്റെ മുന്നില്‍ വേറെ വഴികളില്ല. അവന്‍ ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. എനിക്ക് നീതി വേണം.

തിരുവന്തപുരം : കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പ്രത്യേക മന്ത്രാലയം രൂപീകരിക്കുമെന്ന് നിയുക്ത കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിക്കവേയാണ് മത്സ്യത്തൊഴിലാളികള്‍ക്കു വേണ്ടി പ്രത്യേക മന്ത്രാലയം എന്ന വാഗ്ദാനം രാഹുല്‍ മുന്നോട്ടുവെച്ചത്. കേന്ദ്രത്തില്‍ നിലവില്‍ കൃഷി വകുപ്പിന് കീഴില്‍ കൃഷിമന്ത്രി തന്നെയാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളിലും ഇടപെടുന്നത്. എന്നാല്‍, ഈ സ്ഥിതി മാറ്റി പ്രത്യേക മന്ത്രിയുടെ കീഴിലേയ്ക്ക് മത്സ്യത്തൊഴിലാളികളെ എത്തിക്കാനാണ് കോണ്‍രഗസ് നീക്കമെന്ന് രാഹുല്‍ പറഞ്ഞു.

വേണ്ട വിധത്തിലുള്ള എല്ലാ സഹായവും നല്‍കി കാണാതായവരുടെ കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് രാഹുല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഉറപ്പു നല്‍കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ‘പടയൊരുക്കം’ മാര്‍ച്ചിന്റെ സമാപന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് രാഹുല്‍ തിരുവനന്തപുരത്ത് എത്തിയത്.

ദുരന്തങ്ങളിലെ നഷ്ടം ഇല്ലാതാക്കാന്‍ തങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍, ജനങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും ദുരന്തങ്ങളില്‍ നിന്നും കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകള്‍ പാഠം ഉള്‍ക്കൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

ഹൗസ് ബോട്ടില്‍ ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ഹൗസ്‌ബോട്ട് ജീവനക്കാരനെ റിമാന്റ് ചെയ്തു. ചേര്‍ത്തല പട്ടണക്കാട് സ്വദേശി ആഞ്ചലോസിനെയാണ് ആലപ്പുഴ നോര്‍ത്ത് പോലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാവിലെയാണ് രണ്ട് ബ്രിട്ടീഷ് യുവതികള്‍ ആലപ്പുഴിയില്‍ നിന്ന് ഹൗസ് ബോട്ടില്‍ കയറിയത്. വൈകീട്ടോടെ യുവതി മസാജ് സെന്ററില്‍ പോകണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് മസാജ് ചെയ്യാനറിയാമെന്ന് ഹൗസ് ബോട്ട് ജീവനക്കാരനായ ആഞ്ചലോസ് യുവതിയോട് പറഞ്ഞു.

തുടര്‍ന്ന് മസാജ് ചെയ്യാന്‍ തുടങ്ങിയ ഹൗസ്‌ബോട്ട് ജീവനക്കാരന്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഹൗസ്‌ബോട്ടില്‍ നിന്ന് ഇറങ്ങിയ ഉടന്‍ യുവതി പോലീസില്‍ പരാതിയും നല്‍കി. പിന്നാലെ ബ്രിട്ടീഷ് എംബസിയിലും യുവതി വിവരമറിയിച്ചു. ബ്രിട്ടീഷ് എംബസി ഇന്ത്യന്‍ എംബസിയെ ബന്ധപ്പെടുകയും കേന്ദ്ര ടൂറിസം വകുപ്പ് സഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് കിട്ടിയ നിര്‍ദ്ദേശ പ്രകാരം ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമ ടൂറിസം ഉദ്യോഗസ്ഥരെ അന്വേഷിക്കാനായി ചുമതലപ്പെടുത്തി. ഇന്നലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. സ്ത്രീ പീഡനത്തിനാണ് അഞ്ചലോസിനെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തിരിക്കുന്നത്

ഓര്‍ക്കാട്ടേരിയില്‍ നിന്നു കാണാതായ മൊബൈല്‍ ഷോപ്പ് ഉടമ അംജാദും ജീവനക്കാരി പ്രവീണയും താമസിക്കുന്ന വാടക വീട്ടില്‍ നിന്നു കൂടുതല്‍ വസ്തുക്കള്‍ പോലീസ് കണ്ടെടുത്തു. നിര്‍മ്മാണം പൂര്‍ത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജ ലോട്ടറി ടിക്കറ്റുകളും നിര്‍മ്മാണത്തിനായി തയാറാക്കി വച്ചിരിക്കുന്ന നോട്ടുകളും കടലാസു കെട്ടുകളും പോലീസ് കണ്ടെത്തി. ഇതുകൂടാതെ മലയാളത്തിലെ പ്രമുഖ വാര്‍ത്ത ചാനലിന്റെ തിരിച്ചറിയല്‍ കാര്‍ഡും ഉണ്ടായിരുന്നു. രാത്രികാലങ്ങളിലാണ് അംജാദും പ്രവിണയും കോഴിക്കോട്‌നഗരത്തില്‍ കറങ്ങിരുന്നത്. ഈ സമയം പോലീസിന്റെ കണ്ണില്‍ നിന്നു രക്ഷപെടാനായി മീഡിയ വണ്‍ ചാനലിന്റെ പേരില്‍ തയാറാക്കിയ ഐഡി കാര്‍ഡുകളാണ് ഉപയോഗിച്ചിരുന്നത്.

uploads/news/2017/12/174498/amjtha.jpg

മീഡിയ ഐടി കാര്‍ഡില്‍ അംജാദിന്റെ ഫോട്ടോയ്‌ക്കൊപ്പമുള്ള പേര് അജു വര്‍ഗീസ് എന്നാണ്. കണ്ണട ധരിച്ച ഫോട്ടോയാണു പ്രവിണ കാര്‍ഡിനായി ഉപയോഗിച്ചിരിക്കുന്നത്.പ്രവീണ റിപ്പോര്‍ട്ടര്‍ സംഗീത മേനോന്‍ എന്ന പേരാണ് ഉപയോഗിച്ചിരിക്കുന്നത്. അംജാദ് ബേപ്പൂരില്‍ നിന്നു സ്‌കൂട്ടറില്‍ വന്ന സമയം പോലീസ് കൈ കാണിച്ചപ്പോള്‍ ഈ ഐഡി കാര്‍ഡ് ഉപയോഗിച്ചു രക്ഷപെടുകയായിരുന്നു. കേരള പോലീസ് ക്രൈം സ്‌ക്വാഡിന്റെ ഒരു തിരിച്ചറിയല്‍ കാര്‍ഡും കണ്ടെത്തി. ഇതിലും അംജാദിന്റെ ഫോട്ടോയാണ് ഉപയോഗിച്ചിരിക്കുന്നത്. പേര് അജ്മല്‍ എന്നായിരുന്നു. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തിയയിട്ടില്ല ഇതു കൂടാതെ വീട്ടിലേയ്ക്ക് ആരെങ്കിലും വരുന്നതു കാണാനായി ബക്കറ്റില്‍ സൗണ്ട് സെന്‍സര്‍ സംവിധാനമുള്ള ക്യാമറയും സ്ഥാപിച്ചിട്ടുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയയ 100ന്റെ 156 കള്ളനോട്ടുകളും ഇവിടെ നിന്നു കണ്ടെടുത്തു. ഒറ്റനോട്ടത്തില്‍ ഒര്‍ജിനലിനെ വെല്ലുമെങ്കിലും തോട്ടു നോക്കിയാല്‍ വ്യത്യാസം അറിയാം.

500 രൂപ സമ്മാനം ലഭിച്ച കേരള ഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളും ഇവര്‍ വ്യാജമായ നിര്‍മ്മിച്ചിരുന്നു. ഇതില്‍ ചിലതു കോഴിക്കോട്ടെ ലോട്ടറി വില്‍പ്പനക്കാരനു നല്‍കി തുക വാങ്ങുകയും ചെയ്തിട്ടുണ്ട്. മൂന്നു പ്രിന്റര്‍, ഒരു ലാപ് ടോപ്പ്, ഒരു ടാബ്, കട്ടിങ് മെഷീന്‍ രണ്ടു കെട്ടു കടലാസ് എന്നിവയുടെ സഹായത്തോാടെയാണു കള്ളനോട്ടു നിര്‍മ്മാണം. ഒര്‍ജിനല്‍ നോട്ട് സ്‌ക്യാന്‍ ചെയ്തു കളര്‍ പ്രിന്റ് എടുത്താണു നോട്ടു നിര്‍മ്മാണം നടത്തുന്നത്. പ്രതികളെ പോലീസ് കസ്റ്റഡിയില്‍ ഉടന്‍ കിട്ടാന്‍ കോടതിയെ സമീപിക്കും എന്നു കോഴിക്കോട് റൂറല്‍ എസ് പി പറഞ്ഞു. ഡിസംബര്‍ 9 ന് രാത്രിയാണ് ഇരുവരും കോഴിക്കോടു നിന്നു പിടിയിലായത്.

കടപ്പാട് : എസിവി. ന്യൂസ് വടകര

കൊച്ചി: ജിഷ വധക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ അമീറുള്‍ ഇസ്ലാമിന് വധശിക്ഷ. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് അമീറുളിന് വധശിക്ഷ വിധിച്ചത്. ഇയാള്‍ കുറ്റക്കാരനാണെന്ന് ചൊവ്വാഴ്ച കോടതി വിധിച്ചിരുന്നു. കൊലപാതകത്തിനാണ് വധശിക്ഷ നല്‍കിയത്. തെളിയിക്കപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ക്ക് ജീവപര്യന്തവും പത്ത് വര്‍ഷവും ഏഴ് വര്‍ഷവും വീതം തടവും അഞ്ച്‌ലക്ഷം രൂപ പിഴയും ശിക്ഷയായി നല്‍കി. പെരുമ്പാവൂരിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന അമീറുള്‍ ഇസ്ലാം വീട്ടില്‍ അതികത്രമിച്ചു കയറുകയും ജിഷയെ ബലാല്‍സംഗം ചെയ്തശേഷം ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തുവെന്നാണ് കേസ്.

പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. കേസില്‍ ദൃക്‌സാക്ഷികളില്ലെന്നും പ്രതിക്കെതിരായ തെളിവുകള്‍ പോലീസ് കെട്ടിച്ചമച്ചതാണെന്നും പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ.ബി.എ.ആളൂര്‍ വാദിച്ചു. അതിനാല്‍ ശിക്ഷ അനുഭാവപൂര്‍ണ്ണമാകണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേസ് നിര്‍ഭയ കേസിന് സമാനാണെന്നും അസാധാരണമാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതിക്ക് പ്രായത്തിന്റെ ഇളവ് നല്‍കേണ്ടതില്ലെന്നും അതിക്രൂരമായ പീഡനവും കൊലയുമാണ് കേസില്‍ തെളിഞ്ഞതെന്നും ശിക്ഷ സംബന്ധിച്ച വാദത്തില്‍ പ്രോസിക്യൂഷന്‍ വ്യക്തമാക്കി. പ്രതിക്ക് ചെയ്ത തെറ്റില്‍ പശ്ചാത്താപമില്ലെന്നും അതിനാലാണ് തുടരന്വേഷണം ആവശ്യപ്പെട്ടതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. അസമീസ് ഭാഷ അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് കേസ് വീണ്ടും അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് അമീറുള്‍ നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു.

നീതിപീഠം ദൈവമെന്ന് രാജേശ്വരി

കൊച്ചി : തന്റെ മകളെ പിച്ചിച്ചീന്തിയ അമീളുറിന് വധശിക്ഷ നല്‍കിയ നീതിപീഠം ദൈവമാണെന്ന് ജിഷയുടെ അമ്മ രാജേശ്വരി. വിധിയില്‍ സന്തോഷമുണ്ടെന്നും ഈ ലോകത്ത് ഇനി ഒരു അമ്മമാര്‍ക്കും ഇങ്ങനെയൊരു അവസ്ഥ ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു. അമീറിന് വധശിക്ഷ നല്‍കിയ കോടതിയോടും അന്വേഷണ സംഘത്തോടും നന്ദിയുണ്ടെന്നും അവര്‍ പറഞ്ഞു.

പൊട്ടിക്കരഞ്ഞുകൊണ്ടാണ് രാജേശ്വരി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇനിയൊരു സൗമ്യക്കോ, ഭാവനയ്‌ക്കോ നേര്‍ക്ക് ഇത്തരം നീചന്മാരുടെ കൈ ഉയരരുത്. മറ്റൊരു പെണ്‍കുട്ടിയുടെ അമ്മയ്ക്കു കൂടി തന്റെ ഈ ഗതി ഉണ്ടാകരുതെന്നും രാജേശ്വരി പറഞ്ഞു.
കോടതിയില്‍ നിന്നും അനുകൂലമായ വിധി ലഭിച്ചുവെന്ന് ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. ഒന്നരവര്‍ഷത്തോളമായുള്ള പ്രാര്‍ത്ഥനയാണ് ഇന്ന് ഫലത്തില്‍ എത്തിയിരിക്കുന്നത്. വളരെ വിഷമത്തോടെയാണ് ഇന്ന് കോടതിയുടെ പടി കയറിയത്. പോയ സഹോദരി തിരിച്ചു വരില്ല, അതുകൊണ്ടു തന്നെ അവളെ പിച്ചിച്ചീന്തിയ ആളുടെ ജീവനറ്റ ശരീരം കണ്ടാല്‍ മാത്രമേ ജിഷയുടെ ആത്മാവ് സന്തോഷിക്കൂ എന്നും ദീപ പറഞ്ഞു.

RECENT POSTS
Copyright © . All rights reserved