Kerala

പ്രശസ്‌ത മിമിക്രി താരവും ചാനലുകളിലെ കോമഡി ഷോ അഭിനേതാവുമായ വിതുര തങ്കച്ചന്‍ സഞ്ചരിച്ച കാർ അപകടത്തില്‍പ്പെട്ടു. പരിപാടി അവതരിപ്പിച്ചു തിരികെ പോകുമ്പോള്‍ വിതുരക്ക് സമീപം തങ്കച്ചന്‍ സഞ്ചരിച്ചിരുന്ന കാര്‍ ജെസിബിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു.

അപകടത്തില്‍ തങ്കച്ചന് നെഞ്ചിനും കഴുത്തിനും പരിക്കേറ്റു. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വളരെ ജനപ്രീതിയുള്ള താരമാണ് വിതുര തങ്കച്ചൻ. ഫ്ലവേഴ്സ് ചാനലിലെ സ്റ്റാർ മാജിക് എന്ന ഷോയിലൂടെയാണ് തങ്കച്ചൻ ശ്രദ്ധിക്കപ്പെടുന്നത്.

 

സംവിധായകൻ സിദ്ദിഖ് (63) അന്തരിച്ചു. കൊച്ചി അമൃത ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കരൾ സംബന്ധമായ രോഗത്തെ തുടർന്ന് ചികിത്സയ്ക്കായി കഴിഞ്ഞ മാസമാണ് സിദ്ദിഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസം ന്യുമോണിയ ബാധിച്ചു. ഈ അസുഖങ്ങൾ കുറഞ്ഞുവരുന്നതിനിടെ തിങ്കളാഴ്ച മൂന്നുമണിയോടെ ഹൃദയാഘാതം ഉണ്ടായി. ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം.

മലയാള സിനിമയിലെ ഹാസ്യത്തിന് വേറിട്ട ശൈലി സമ്മാനിച്ച സംവിധായകനാണ് സിദ്ദിഖ്. ലാലിനൊപ്പവും അല്ലാതെയും അദ്ദേഹം ചെയ്ത ചിത്രങ്ങളിൽ മിക്കതും മലയാള സിനിമയിലെ എക്കാലത്തെയും സൂപ്പർഹിറ്റുകളാണ്. സിനിമയിൽ പച്ചപിടിക്കാൻ മദ്രാസിൽ അലഞ്ഞുതിരിഞ്ഞു നടന്ന കാലത്തെ പട്ടിണിയും പരിവട്ടവും നിറഞ്ഞ അനുഭവങ്ങൾ സിദ്ദിഖ്-ലാൽ തങ്ങളുടെ രചനകളിലൂടെ സിനിമയിലേക്ക് പറിച്ചുനട്ടു. അതുകൊണ്ടു തന്നെയാണ് എല്ലാതരത്തിലുമുള്ള പ്രേക്ഷകരുടെ പ്രീതി നേടാൻ ഇവരുടെ ചിത്രങ്ങൾക്ക് സാധിച്ചത്.

1960 ഓഗസ്റ്റ് 1 ന് ഇസ്മായിൽ ഹാജിയുടെയും സൈനബയുടെയും മകനായി കൊച്ചിയിലാണ് സിദ്ദിഖ് ജനിച്ചത്. സെന്റ് പോൾസ് കോളേജിൽ നിന്നാണ് ഔദ്യോഗിക വിദ്യാഭ്യാസം പൂർത്തിയാക്കിയത്. പഠനത്തേക്കാളേറെ കലയോടായിരുന്നു സിദ്ദിഖിന് താൽപര്യം. തുടർന്ന് കൊച്ചിൻ കലാഭവൻ ട്രൂപ്പിലൂടെ വിനോദരംഗത്ത് എത്തി. കലാഭവനിൽ അദ്ദേഹം എഴുതിയ സ്‌കിറ്റുകൾ വളരെ ശ്രദ്ധേയമായിരുന്നു. മിമിക്രിയും സ്‌കിറ്റുമായി വേദികളിൽ തിളങ്ങിയിരുന്ന കാലത്താണ് ഫാസിൽ സിദ്ദിഖിനെയും സുഹൃത്ത് ലാലിനെയും കണ്ടുമുട്ടുന്നതും പിന്നീട് തന്റെ കൂടെ ചേർക്കുന്നതും. തുടർന്ന് സിദ്ദിഖും ലാലും ഫാസിലിന്റെ സിനിമകളിൽ സഹസംവിധായകനായി ഏറെ കാലം പ്രവർത്തിച്ചു.

1986 ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തുക്കളായി സിദ്ദിഖും ലാലും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രം മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയ്ക്ക് തുടക്കമാവുകയായിരുന്നു. മോഹൻലാൽ-ശ്രീനിവാസൻ ടീം വേഷമിട്ട് സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് ആയിരുന്നു അടുത്ത ചിത്രം. നാടോടിക്കാറ്റിന്റെ കഥ സിദ്ദിഖ്-ലാലിന്റേതായിരുന്നു. പിന്നീട് കമലിനൊപ്പം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ എന്ന ചിത്രത്തിൽ അസോസിയേറ്റ് സംവിധായകരായി ഇരുവരും പ്രവർത്തിച്ചു.

1989 ൽ പുറത്തിറങ്ങിയ റാംജിറാവും സ്പീക്കിങ് ആയിരുന്നു സിദ്ദിഖ്-ലാൽ ജോഡിയുടെ ആദ്യ സംവിധാന സംരംഭം. ചിത്രത്തിന്റെ കഥയും തിരക്കഥയും ഇവരുടേത് തന്നെയായിരുന്നു. റാംജിറാവു ഗംഭീര വിജമായി. പിന്നീടങ്ങോട്ട് ഇൻ ഹരിഹർ നഗർ, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, കാബൂളിവാല തുടങ്ങിയ സൂപ്പർ ഹിറ്റുകൾ സൃഷ്ടിച്ചു. അതിൽ ഫിലോമിന, എൻ.എൻ പിള്ള, മുകേഷ്, കനക എന്നിവർ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച ഗോഡ് ഫാദർ മലയാള സിനിമയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രമാണ്. 1991 ലെ ഏറ്റവും കലാമൂല്യമുള്ള ജനപ്രിയ ചിത്രത്തിനുള്ള സംസ്ഥാന സർക്കാറിന്റെ പുരസ്‌കാരവും ഗോഡ്ഫാദറിനെ തേടിയെത്തി. ഹൽചൽ എന്ന പേരിൽ 2004 ൽ പ്രിയദർശൻ ഗോഡ്ഫാദർ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തു.

മക്കൾ മാഹാത്മ്യം, മാന്നാർ മത്തായി സ്പീക്കിങ് തുടങ്ങിയ സൂപ്പർഹിറ്റുകളുടെ കഥയും തിരക്കഥയും സിദ്ദിഖ്-ലാലിന്റേതാണ്. കമൽ സംവിധാനം ചെയ്ത അയാൾ കഥയെഴുതുകയാണ് എന്ന ചിത്രത്തിന്റെ കഥയും സിദ്ദിഖിന്റേതാണ്. ചിത്രത്തിന് തിരക്കഥ ഒരുക്കിയത് ശ്രീനിവാസനാണ്.

മാന്നാർ മത്തായിയ്ക്ക് ശേഷം സിദ്ദിഖ്- ലാൽ കൂട്ടുകെട്ട് വേർപിരിഞ്ഞു. ലാലില്ലാതെ സിദ്ദിഖ് സംവിധാനം ചെയ്ത ആദ്യ ചിത്രം ഹിറ്റ്ലറാണ്. മമ്മൂട്ടി നായകനായ ഈ ചിത്രം വൻവിജയമായി. പിന്നീട് ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ഫ്രണ്ടസ് എന്ന ചിത്രവും ബോക്‌സ് ഓഫീസിൽ വൻ തരംഗം സൃഷ്ടിച്ചു. അന്യഭാഷകളിലും വലിയ ചർച്ചയായ ഫ്രണ്ട്‌സ് 2001 ൽ തമിഴിലേക്ക് റീമേക്ക് ചെയ്തു. വിജയ്, സൂര്യ, രമേഷ് കണ്ണ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. മമ്മൂട്ടിയെ നായകനാക്കി 2003 ൽ സംവിധാനം ചെയ്ത ക്രോണിക് ബാച്ചിലർ എന്ന ചിത്രവും ഗംഭീര വിജയം നേടി. അതിന് ശേഷം എങ്കൾ അണ്ണാ, സാധു മിരണ്ടാ തുടങ്ങി തമിഴിൽ രണ്ട് ചിത്രങ്ങൾ ഒരുക്കി.

സിദ്ദിഖിന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ റീമേക്ക് ചെയ്യപ്പെട്ട സിനിമയാണ് 2010 ൽ പുറത്തിറങ്ങിയ ബോഡിഗാർഡ്. ദിലീപ്, നയൻതാര എന്നിവർ പ്രധാനവേഷത്തിലെത്തിയ ചിത്രം മലയാളത്തിൽ വൻ ഹിറ്റായതോടെ തമിഴിൽ 2011 ൽ കാവലൻ എന്ന പേരിൽ റീമേക്ക് ചെയ്തു. വിജയ്, അസിൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അതേ വർഷം തന്നെ ചിത്രം ഹിന്ദിയിലും റീമേക്ക് ചെയ്തു. സൽമാൻ ഖാനും കരീന കപൂറുമാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മലയാളത്തിന് പുറമേ തമിഴിലും ഹിന്ദിയിലുമെല്ലാം ചിത്രം ബ്ലോക് ബസ്റ്ററായി. ഹിന്ദിയിലും തമിഴിലും ഈ ചിത്രങ്ങളുടെ സംവിധാനം നിർവഹിച്ചതും സിദ്ദിഖായിരുന്നു.

ലേഡീസ് ആന്റ് ജന്റിൽ മാൻ, കിം​ഗ് ലയർ, ഫുക്രി, ഭാസ്‌കർ ദ റാസ്‌കൽ (തമിഴ്) തുടങ്ങിയവയാണ് പിന്നീട് സംവിധാനം ചെയ്ത ചിത്രങ്ങൾ. 2020 ൽ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ബിഗ് ബ്രദർ ആയിരുന്നു അവസാന ചിത്രം. നോക്കെത്താ ദൂരത്ത് കണ്ണും നട്ട്, പൂവിന് പുതിയ പൂന്തെന്നൽ, വർഷം 16, മാനത്തെ കൊട്ടാരം, സിനിമാ കമ്പനി, മാസ്റ്റർ പീസ്, ഇന്നലെ വരെ തുടങ്ങി ഏതാനും സിനിമകളിൽ ചെറിയ വേഷങ്ങളിൽ സിദ്ദിഖ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട് .

1984 ലാണ് സിദ്ദിഖ് വിവാഹിതനാകുന്നത്. സജിതയാണ് ഭാര്യ. സുമയ്യ, സാറാ, സുകൂൻ എന്നിവർ മക്കളാണ്.

സംസ്ഥാനം വീണ്ടും ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ അഞ്ചിന് നടക്കും. വോട്ടെണ്ണല്‍ സെപ്റ്റംബര്‍ എട്ടിനാണ്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ഓഗസ്റ്റ് 17 മുതല്‍ തുടങ്ങും.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഇന്നു തന്നെയുണ്ടാകും. 53 വർഷം പുതുപ്പള്ളിയുടെ ജനപ്രതിനിധിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ വിയോഗത്തോടെയാണ് പുതുപ്പള്ളിയില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതിനിടെ പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ വിലയിരുത്താൻ ബൂത്ത് ചുമതലക്കാരുടെ ശിൽപശാല സംഘടിപ്പിച്ച് കോൺഗ്രസ്. ഇതിനായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ചുമതലക്കാർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകി.

മണ്ഡലത്തിലെ 8 പഞ്ചായത്തുകളുടെ ചുമതല മുൻ ഡിസിസി പ്രസിഡന്റുമാർക്കും ഐഎൻടിയുസി ഭാരവാഹികൾക്കുമുൾപ്പടെ വീതിച്ചു നൽകി. അരനൂറ്റാണ്ടോളം ഉമ്മൻചാണ്ടി പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താനുള്ള തയാറെപ്പുകളിലാണ് കോൺഗ്രസ്.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മൻ ചാണ്ടിക്കെതിരെ സ്ഥാനാർത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാർത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ ജെയ്കിന് നിർദ്ദേശം നൽകിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണർകാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദൻ പുതുപ്പള്ളിയിൽ എത്തി യോഗം വിളിക്കും. യോഗത്തിൽ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും.

സംവിധായകൻ സിദ്ദിഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി അമൃത ആശുപത്രിയിലാണ് സിദ്ദിഖ് ചികിത്സയിൽ കഴിയുന്നത്. അദ്ദേഹത്തിൻറെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട് . നിലവിൽ എക്മോ സപ്പോർട്ടിലാണ് അദ്ദേഹം ഉള്ളതെന്ന് ആശുപത്രിയിൽ വ്യത്തങ്ങൾ അറിയിച്ചു.

ഓസ്‌ട്രേലിയയിൽ കാറപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. പത്തനംതിട്ട സീതത്തോട് ചിറ്റാർ സ്വദേശി പ്ലാത്താനത്ത് ജോൺ മാത്യു (ജോജി)വിന്റെ മകൻ ജെഫിൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ സിഡ്നിയിലായിരുന്നു അപകടം. പൊലീസ് വിവരമറിയിച്ചത് അനുസരിച്ച് ബന്ധുക്കൾ സംഭവ സ്ഥലത്തേക്ക് തിരിച്ചു. ഓസ്ട്രേലിയയിൽ മാതാപിതാക്കളോടൊപ്പമാണ് ജെഫിൻ താമസിക്കുന്നത്. ഇവർ താമസിക്കുന്നതിന് 1,500 കിലോമീറ്റർ അകലെയായിരുന്നു അപകടം.

കേരളത്തെ നടുക്കിയ ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകത്തിൽ പ്രതി അസഫാക് ആലവുമായി പോലീസിന്റെ വിശദമായ തെളിവെടുപ്പ് പൂർത്തിയായി. കുട്ടിയെ കൊന്നു തള്ളിയ ആലുവ മാർക്കറ്റ് മുതൽ തട്ടിയെടുത്ത സ്ഥലംവരെ എല്ലായിടത്തും പ്രതി കൂസലില്ലാതെ പോലീസിനോട് കൃത്യം വിവരിച്ചു. കൊല്ലപ്പെട്ട കുട്ടിയുടെ അമ്മയും നാട്ടുകാരും ആക്രോശിച്ചുകൊണ്ട് അസ്ഫാക്കിനു നേരെ പാഞ്ഞടുത്തെങ്കിലും പോലീസ് ഇവരെ പിന്തിരിപ്പിച്ചു.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സ്ഥലത്തും ജ്യൂസ് വാങ്ങിക്കൊടുത്ത കടയിലും പ്രതിയെ എത്തിച്ചു തെളിവെടുപ്പ് നടത്തി. ആലുവ മാർക്കറ്റിലേക്കാണ് പ്രതിയെ ആദ്യമെത്തിച്ചത്. മുഖം മറയ്ക്കാതെയാണ് പ്രതിയെ കൊണ്ടുവന്നത്. കഴിഞ്ഞ മാസം 28 നാണ് പ്രതി അസഫാക് ആലം അഞ്ചുവയസ്സുളള പെൺകുഞ്ഞിനെ പീഡിപ്പിച്ച്, കൊലപ്പെടുത്തിയത്. അമ്പതോളം പൊലീസുകാരുടെ കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് പൂർത്തിയാക്കിയത്.

രോഷാകുലരായ ജനക്കൂട്ടം അസഫാകിനെ കൊണ്ടുപോകുന്നതിനൊപ്പമുണ്ടായിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥരാണ് ഇവരെ അനുനയിപ്പിച്ചത്. ആലുവ മാർക്കറ്റിന് പുറത്തുളള കടയിലും ബിവറേജ് ഔ‍ട്ട്ലെറ്റിലും പെൺകുട്ടിയുടെ വീട്ടിലും പരിസരത്തും അസഫാകിനെ എത്തിച്ചിരുന്നു. അസഫാക് ആലം മുമ്പ് താമസിച്ചിരുന്ന ഉളിയന്നൂരിലെ വീട്ടിലുമെത്തിച്ചിരുന്നു. പെൺകുഞ്ഞിനെ അരുംകൊല നടത്തിയതിന് ശേഷം ഇയാൾ കൈകാലുകളും മുഖവും കഴുകിയ സ്ഥലത്തും തെളിവെടുപ്പ് നടത്തിയിരുന്നു.

ഏറ്റവുമധികം സമയം ചെലവഴിച്ചത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സ്ഥലത്തായിരുന്നു. ക്രൂരകൃത്യത്തെക്കുറിച്ച് യാതൊരു കൂസലുമില്ലാതെയാണ് പ്രതി പൊലീസുകാരോട് വിവരിച്ചത്. ഒന്നരമണിക്കൂർ സമയത്തെ തെളിവെടുപ്പിലൂടെ അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു. ഏറ്റവുമധികം പ്രതിഷേധമുയർന്നത് ആലുവ മാർക്കറ്റിലായിരുന്നു. തീരെ പ്രതീക്ഷിക്കാത്ത സ്ഥലത്തും പൊലീസ് വാഹനം നിർത്തി തെളിവെടുപ്പ് നടത്തിയിരുന്നു.

തായിക്കാട്ടുകരയിൽ മൂന്ന് സെന്ററുകളിലാണ് പ്രതിയെ എത്തിച്ചത്. പെൺകുട്ടിയുടെ വീടിന്റെ പരിസരത്തും അസഫാക് താമസിച്ച സ്ഥലത്തും കു‍ഞ്ഞിന് ജ്യൂസ് വാങ്ങിക്കൊടുത്ത കടയുമാണ് ഈ കേന്ദ്രങ്ങൾ. കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ സ്ഥലത്ത് എത്തിയപ്പോൾ അലറിക്കരഞ്ഞ്, പൊട്ടിത്തെറിച്ചായിരുന്നു അമ്മയുടെ പ്രതികരണം. തെളിവെടുപ്പിന് എത്തിക്കുന്ന ദൃശ്യങ്ങൾക്കൊപ്പം തന്നെ അമ്മയുടെ നെഞ്ചുപൊട്ടിയുള്ള കരച്ചിൽ കേൾക്കാമായിരുന്നു. രണ്ടരമണിക്കൂർ നേരം സംഭവിച്ച കാര്യങ്ങളെല്ലാം തന്നെ പൊലീസ് വളരെ വ്യക്തമായി തന്നെ പ്രതിയിൽ നിന്നും ചോദിച്ചറിഞ്ഞു. ഈ മാസം 10ന് പ്രതിയുടെ കസ്റ്റഡി അവസാനിക്കും

ജീവിച്ച കാലത്ത് ആള്‍ക്കൂട്ടത്തിനൊപ്പം മാത്രം കണ്ടിട്ടുള്ള ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും ജനപ്രവാഹം. ഒന്നര കോടിയുടെ കടം അടച്ചു തീര്‍ക്കാന്‍ വഴി കാണിച്ച് തരണമെന്ന് ആവശ്യപ്പെട്ടുള്ള സംഗീതയുടെ നിവേദനം തുടങ്ങി, കുടുംബ പ്രശ്നം തീര്‍ക്കാനും, വിദേശത്ത് ഉപരിപഠനം നടത്തുന്ന മകന് തീസിസ് പ്രോസസ് ചെയ്ത് ഇഷ്ട ജോലി ലഭിക്കാനും, പാരമ്പര്യമായി ലഭിച്ച സ്ഥലത്തെ റബര്‍ വെട്ടാനും മറ്റാവശ്യങ്ങള്‍ക്ക് പോകാനും വഴി തന്ന് സഹായിക്കാനും, ഒഇടി പരീക്ഷ പാസാകാന്‍ പ്രാര്‍ത്ഥനാ സഹായം ആവശ്യപ്പെട്ടും നിരവധിയാളുകളാണ് പുതുപ്പള്ളിയിലെ കല്ലറയിലേക്ക് എത്തുന്നത്.

വലിയൊരു വിഭാഗമാളുകൾ ഉമ്മൻചാണ്ടിയെ ദൈവതുല്യനായി കൂടി കണ്ടു തുടങ്ങിയെന്ന് തോന്നിപ്പിക്കുന്നതാണ് പുതുപ്പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയുടെ ചുറ്റും കാണുന്ന ചെറിയ പേപ്പറുകളിലെ നിവേദന കാഴ്ചകൾ. ഉമ്മൻചാണ്ടിയെ മരണത്തിനപ്പുറവും അമരനായി കാണുകയാണ് അദ്ദേഹത്തെ സ്നേഹിക്കുന്നവർ. ഉമ്മൻചാണ്ടി ജനങ്ങൾക്കിടയിൽ നിന്ന് മടങ്ങി 16 ദിവസങ്ങൾ പിന്നിട്ടെങ്കിലും ഒരു തീർഥയാത്ര പോലെ പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കല്ലറയിലേക്ക് ജനപ്രവാഹമാണ് ഇന്നും കാണാനാവുന്നത്.

ഏതാനും ദിവസങ്ങൾ മുമ്പ് വരെ നമ്മൾക്കിടയിൽ ജീവിച്ചിരുന്ന സാധാരണക്കാരനായ ഒരു മനുഷ്യൻറെ കല്ലറയ്ക്കും ചുറ്റും കാണുന്ന ഈ കാഴ്ചകൾക്ക് ഒരു തരം അസാധാരണത്വം തോന്നിയേക്കാം. ജീവിതത്തിലെ പ്രതിസന്ധികൾക്കും പ്രശ്നങ്ങൾക്കുമുള്ള പരിഹാരം തേടി ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കു ചുറ്റും നിവേദനങ്ങൾ നിറയുകയാണ്. ജീവിച്ചിരുന്ന കാലത്ത് അസാധാരണമായ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്ന മധ്യസ്ഥനായിരുന്നു സാധാരണക്കാർക്ക് ഉമ്മൻചാണ്ടി.

മരണത്തിനിപ്പുറം ദൈവത്തിന്റെ സ്വന്തം മധ്യസ്ഥന്റെ സ്ഥാനമാണ് സ്നേഹിക്കുന്നവരുടെ മനസിൽ ഉമ്മൻചാണ്ടിയ്ക്കെന്ന് ഈ കാഴ്ചകൾ സാക്ഷ്യം പറയാതെ പറയുന്നുണ്ട്. രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതി ഉത്തരവ് പോലും ഉമ്മൻചാണ്ടിക്ക് മുന്നിൽ നടത്തിയ പ്രാർഥന കൊണ്ടെന്ന് വിശ്വസിക്കുന്നവരെ ഇന്ന് പുതുപ്പള്ളിയിൽ കാണാന്‍ കഴിയും. കൊല്ലം മാടൻ നടയിലെ വാടക വീട്ടിൽ നിന്ന് ഇത് മൂന്നാം തവണയാണ് അമ്പിളി പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ കല്ലറയില്‍ പ്രാർഥനയ്ക്ക് എത്തുന്നത്. ഇത്തവണ എത്തിയത് തനിക്ക് താമസിക്കാൻ സ്വന്തമായൊരു വീടു കിട്ടണമെന്ന അപേക്ഷ അർപ്പിക്കാനാണ്.

മുഖ്യമന്ത്രിയായിരിക്കെ മക്കളിലൊരാളുടെ ചികിൽസയ്ക്ക് ഉമ്മൻചാണ്ടിയുടെ സഹായം കിട്ടിയിട്ടുണ്ടെന്ന് അമ്പിളി പറയുന്നു. നിത്യതയിലേക്ക് മടങ്ങിയെങ്കിലും പ്രിയ നേതാവിന്റെ കല്ലറയിലെ പ്രാർഥനയ്ക്ക് ഫലമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അമ്പിളിയുള്ളത്. ഇതിനു മുമ്പ് രണ്ടു തവണയും പുതുപ്പള്ളിയിലെ കല്ലറയില്‍ എത്തി പ്രാർഥിച്ചു മടങ്ങും വഴി എടുത്ത ലോട്ടറി ടിക്കറ്റുകൾക്ക് 5000 രൂപ വീതം സമ്മാനമടിച്ചത് ഉമ്മൻചാണ്ടിയുടെ അനുഗ്രഹം കൊണ്ടാണെന്ന അമ്പിളിയുടെ വിശ്വാസം മിത്തോ സത്യമോ എന്നത് ഈ വാർത്ത കാണുന്നവരുടെ വിവേചനത്തിന് വിടുന്നു.

പ്രസവിച്ച് കിടന്ന യുവതിയെ ‘എയര്‍ എംബോളിസം’ ഉപയോഗിച്ച് കൊലപ്പെടുത്താന്‍ ശ്രമം നടന്ന സംഭവത്തില്‍ പ്രതി അനുഷ ശ്രമിച്ചത് ഇരയെ കൊലപ്പെടുത്തി ഭര്‍ത്താവിനെ സ്വന്തമാക്കാന്‍. എന്നാല്‍ നീക്കം പൊളിച്ചത് വ്യാജനഴ്‌സിനെ തിരിച്ചറിഞ്ഞ ജീവനക്കാരുടെ സമയോചിത ഇടപെടല്‍. പോലീസ് കസ്റ്റഡിയിലുള്ള യുവതിയെ ചോദ്യം ചെയ്യുകയാണ്.

അരുണും അനുഷയും കോളേജ് കാലഘട്ടം മുതല്‍ അടുപ്പത്തിലായിരുന്നു എന്നും മൊഴി നല്‍കിയിട്ടുണ്ട്. പ്രസവത്തിന് ശേഷം വിശ്രമിക്കുന്ന സ്‌നേഹയെ കൊലപ്പെടുത്തി ഭര്‍ത്താവായ അരുണിനെ സ്വന്തമാക്കുക ആയിരുന്നു ലക്ഷ്യം എന്നും അറസ്റ്റിലായ അനുഷ പൊലീസിനോട് പറഞ്ഞിട്ടുണ്ട്.

മുന്‍ സുഹൃത്തിനെ സ്വന്തമാക്കാന്‍ ഭാര്യയായ യുവതിയെ കൊല്ലാന്‍ ഫാര്‍മസിസ്റ്റായി മുന്‍പരിചയമുള്ള പ്രതി തെരഞ്ഞെടുത്തത് ‘എയര്‍ എംബ്ലോസിസം’ എന്ന ഗൂഡമാര്‍ഗ്ഗമായിരുന്നു. ശൂന്യമായ 120 മില്ലിയുടെ സിറിഞ്ച് ഉപയോഗിച്ച് രക്തധമനികളിലേക്ക് വായുകടത്തി വിടുന്നത് വഴി ഹൃദയാഘാതം പോലെയുള്ള കാര്യം ഉണ്ടാക്കാനായിരുന്നു ശ്രമിച്ചത്. എന്നാല്‍ നാലു തവണ കുത്തിയിട്ടും ഗര്‍ഭിണിയുടെ മാസത്തിലേക്ക് കുത്തിയതല്ലാതെ ഞരമ്പ് കണ്ടെത്താനായില്ല. ഇത് തന്നെയാണ് പ്രതി അനുഷ്‌ക്കയെ കുടുക്കിയതും.

റൂമിലുണ്ടായിരുന്ന യുവതിയുടെ മാതാവ് കണ്ടത് കൊണ്ടാണ് നീക്കം പരാജയപ്പെടുത്താനായത്. അനുഷ റൂമില്‍ എത്തിയത് എങ്ങിനെയാണെന്ന് അറിയില്ല. നഴ്‌സിന്റെ വേഷത്തില്‍ എത്തിയ അനുഷ ഒരു ഇഞ്ചക്ഷന്‍ കൂടിയുണ്ടെന്ന് പറഞ്ഞാണ് യുവതിയുടെ അടുത്തെത്തിയത്. ഡിസ്ചാര്‍ജ്ജ് കഴിഞ്ഞും ഇനി എന്ത് ഇഞ്ചക്ഷനാണെന്ന് മാതാവ് ചോദിച്ചെങ്കിലും മൂന്ന് തവണയോളം അനുഷ യുവതിയുടെ കയ്യില്‍ സിറിഞ്ച് കുത്തുകയുണ്ടായി.

എല്ലാം മാംസത്തിലായിരുന്നു. നാലാം തവണ കുത്തിവെയ്പ്പിനായി ഞരമ്പ് രേഖപ്പെടുത്തുമ്പോള്‍ ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഇവര്‍ ചോദ്യം ചെയ്തതോടെ സംഭവം പുറത്തായി. അനുഷയെ തിരുവല്ല പുളിക്കീഴ് പൊലീസ് എത്തി കസ്റ്റഡിയിലെടുത്തു.

ന്യൂസ് ഡെസ്ക് മലയാളം യുകെ

കുട്ടനാടിന്റെ സാമൂഹിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായിരുന്ന ബിജോ തോമസ് അടുവിച്ചിറ (40) വിടവാങ്ങി. ക്യാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലായിരുന്നു. പുളിങ്കുന്നാണ് ബിജോയുടെ ജന്മദേശം. നിലവിൽ ചങ്ങനാശ്ശേരി മാമ്മൂട്ടിലാണ് താമസിക്കുന്നത്. യശ:ശരീരനായ എം.പി തോമസാണ് പിതാവ്. ഭാര്യ: അനുജാ ബിജോ. മകൾ : ബിച്ചു.

സാമൂഹിക രാഷ്ട്രീയ മേഖലകളിൽ ഇടപെട്ടിരുന്ന ബിജോ ഓൺലൈൻ മാധ്യമ രംഗത്ത് സജീവമായിരുന്നു. ബിജോയുടെ ഒട്ടേറെ പ്രാദേശിക സാമൂഹിക പ്രസക്തിയുള്ള വാർത്തകൾ മലയാളം യുകെ ന്യൂസിലൂടെ പുറത്തുവന്നിരുന്നു.

മലയാളം യുകെ ന്യൂസിന്റെ സഹയാത്രികനായിരുന്ന ബിജോയുടെ നിര്യാണത്തിൽ മലയാളം യുകെ ന്യൂസ് കുടുംബത്തിൻറെ ആദരാഞ്ജലികൾ അർപ്പിക്കുന്നു.

കെ. ആര്‍. മോഹന്‍ദാസ്

സ്വര്‍ണ്ണച്ചാമരം വീശിയെത്തുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍
സ്വര്‍ഗ്ഗസീമകള്‍ ഉമ്മവെയ്ക്കുന്ന
സ്വപ്നമായിരുന്നെങ്കില്‍ ഞാന്‍…..

കുടമാളൂരിലെ അമ്പാടി എന്ന പൗരാണികത തുളുമ്പുന്ന വീട്ടിലെ സ്വീകരണമുറിയിലിരിക്കുമ്പോള്‍ ചെറിയ സ്പീക്കറില്‍ നിന്ന് ഒഴുകിയെത്തിയ ഈ ഗാനത്തില്‍ മനസ്സ് മെല്ലെ ലയിക്കുമ്പോള്‍ ഡോ. സി.ജി മിനിയുടെ സെക്രട്ടറിയുടെ ശബ്ദം.

‘മിനി ഡോക്ടറുടെ ഇഷ്ടഗാനമാണ്. ‘

ഇത് ഡോ. സി. ജി. മിനി. കാഴ്ചയുടെ മറുവാക്കെന്നും, പ്രകാശം പരത്തുന്ന വിരലുകളുള്ള കണ്ണിന്‍റെ കാവലാള്‍ എന്നും അറിയപ്പെടുന്ന കാഴ്ചയുടെ മാലാഖ.

തന്നെ സമീപിക്കുന്ന രോഗികളുടെ കാഴ്ച സ്വന്തം കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കുന്ന കാഴ്ചയുടെ മാലാഖയായിട്ടാണ് ഡോ. സി. ജി. മിനിയെ രോഗികള്‍ കാണുന്നതില്‍ തെല്ലും അത്ഭുതമില്ല.

ജില്ലാ ഒഫ്താൽമിക് സർജനും സീനിയർ കൺസൽറ്റൻറുമായ ഡോ.സി.ജി.മിനി കോട്ടയം ജനറൽ ആശുപത്രിയിൽ നിന്നു ജൂലൈ 31നു വിരമിച്ചു. 27 വർഷത്തെ സേവനത്തിനിടയിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തിമിരശസ്ത്രക്രീയകള്‍ നടത്തിയ ഡോക്ടര്‍ എന്ന റിക്കാര്‍ഡ് സ്വന്തമാക്കിയാണ് മിനി ഡോക്ടര്‍ പടിയിറങ്ങുന്നത്. 32,480 ശസ്ത്രക്രി യകൾ പൂർത്തിയാക്കിയ അപൂര്‍വ്വ നേട്ടത്തിന് ആരോ ഗ്യ വകുപ്പ് പ്രത്യേക പുരസ്കാ രം നൽകി ആദരിച്ചു.

അയ്മനം പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ 1996ൽ പ്രാക്ടീസ് ആരംഭിച്ചാണ് ഡോ.സി.ജി. മിനിയുടെ തുടക്കം.

തുടർന്ന് ഒന്നര വർഷം വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രവർത്തിച്ചു.1998 മുതൽ കോ ട്ടയം ജനറൽ ആശുപത്രിയിലാണ്. പാലാ ആണ്ടൂർ ചെറുവള്ളിൽ കെ.ഗോപാലകൃഷ്ണ ന്റെയും (റിട്ട. ജില്ലാ ഡെയറി ഓഫിസർ). കെ. പത്മാവതിയമ്മയുടെയും മകളാണ്. ഭർത്താവ് : കുടമാളൂർ അമ്പാടി ചന്ദ്രത്തിൽ ഡോ. ആർ.സജിത്കുമാർ ( കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി ).
മക്കൾ : ഡോ.എം.മാലതി ( ലണ്ടൻ ), ഡോ.അശ്വതി നായർ. ( മെഡിക്കൽ പിജി വിദ്യാർത്ഥിനി, കോട്ടയം മെഡിക്കൽ കോളജ് ).

RECENT POSTS
Copyright © . All rights reserved