Kerala

കേരളത്തില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ അതിവേഗം വികസനം സാധ്യമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. രാജ്യത്ത് ബിജെപി സര്‍ക്കാര്‍ എവിടെയൊക്കെ ഉണ്ടോ, അവിടെയെല്ലാം വികസനം അതിവേഗമാണ്. അവിടെയെല്ലാം ഇരട്ട എന്‍ജിന്‍ സര്‍ക്കാരുകളാണ് ഭരിക്കുന്നത്. കേരളത്തിലും ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ വികസനം കൂടുതല്‍ ശക്തമാകുമെന്ന് മോഡി കൊച്ചിയില്‍ പറഞ്ഞു.

പ്രധാനമന്ത്രി മലയാളത്തിലാണ് പ്രസംഗത്തിന് തുടക്കമിട്ടത്. കേരളം സാംസ്‌കാരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് അനുഗ്രഹീതമാണെന്ന് മോഡി പറഞ്ഞു. കേരളം മനോഹരമായ നാടാണ്. കസവുമുണ്ടും നേര്യതും ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. മലയാളികള്‍ക്ക് ഓണാശംസകളും മോഡി നേര്‍ന്നു.

കേന്ദ്രസര്‍ക്കാര്‍ ഓരോ ജില്ലകളിലും ചുരുങ്ങിയത് ഒരു മെഡിക്കല്‍ കോളേജ് സ്ഥാപിക്കുന്നതിന് പ്രധാന്യം നല്‍കുകയാണ്. ഇത് കേരളത്തിലെ യുവാക്കള്‍ക്ക് പ്രത്യേകിച്ച് നേഴ്‌സിംഗ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗുണം കിട്ടുമെന്ന പറയുന്നതില്‍ സന്തോഷം. കേരളത്തിലെ പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ വലിയ പ്രാധാന്യം കൊടുക്കുന്നുണ്ട്.

കേരളത്തിലെ ഹൈവേയുമായി ബന്ധപ്പെട്ട് 50000 കോടി രൂപയോളം മാറ്റി വെച്ചിരിക്കുകയാണ്. പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം കേരളത്തില്‍ രണ്ട് ലക്ഷം വീട് നല്‍കിയെന്ന് മോഡി പറഞ്ഞു. ഒരു ലക്ഷം വീടുകള്‍ ഇതിനകം പൂര്‍ത്തിയാക്കി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പോലെ പദ്ധതി മത്സ്യത്തൊഴിലാളി മേഖലയിലും നടപ്പാക്കുകയാണ്.

മത്സ്യത്തൊഴിലാളികള്‍ക്ക് സാമൂഹിക സുരക്ഷയും ആധുനിക വളളങ്ങളും നല്‍കും. കര്‍ഷര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ നിരന്തരം പ്രവര്‍ത്തിക്കുകയാണ്. പി എം കിസാന്‍ സമ്മാന്‍ നിധിയുടെ അടിസ്ഥാനത്തില്‍ കേരളത്തിലെ മൂന്നരലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ ഗുണം കിട്ടുന്നുവെന്നും മോദി പറഞ്ഞു.

വഴിയാത്രക്കാരനായ യുവാവിനെ ഇടിച്ചുവീഴ്ത്ത് മരണത്തിനിടയാക്കി നിർത്താതെ പോയ ബൈക്ക് യാത്രികൻ പിടിയിൽ. മൂന്ന് മാസത്തിന് ശേഷമാണ് ഇയാൾ പിടിയിലായത്. കണ്ണൂർ ടൗൺ പോലീസ് ആണ് അറസ്റ്റ് ചെയ്തത്. അപകടം വരുത്തിയ ബൈക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെയിന്റിങ് തൊഴിലാളി വലിയന്നൂരിലെ ആയിഷ മൻസിലിൽ മുഹമ്മദ് റഫീഖ് ആണ് മരിച്ചത്.

42 കാരനായ റഫീഖ് ആയിരുന്നു കുടുംബത്തിന്റെ ഏക ആശ്രയം. കുറ്റിയാട്ടൂർ ചെക്കിക്കുളത്തിനുസമീപം കുണ്ടിലാക്കണ്ടി കെ.പി.ഹൗസിലെ 22കാരനായ മുഹമ്മദ് മുനിവർ ആണ് അറസ്റ്റിലായത്. മേയ് 25-ന് രാത്രി പതിനൊന്നരയോടെ മുണ്ടയാട് വൈദ്യർപീടികയ്ക്ക് സമീപമായിരുന്നു അപകടം നടന്നത്. പ്രതി ഉപയോഗിച്ച ബൈക്ക് പ്രതിയുടെ ബന്ധുവിന്റെതാണ്. ബോധപൂർവല്ലാത്ത നരഹത്യയ്ക്കാണ് പോലീസ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്.

വഴിയിൽ വീണുകിടക്കുകയായിരുന്ന മുഹമ്മദ് റഫീഖിനെ പട്രോളിങ് നടത്തുന്ന പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം രക്തം വാർന്നാണ് മരണത്തിന് കീഴടങ്ങിയത്. പാവപ്പെട്ട കുടുംബത്തിലെ അംഗമായ മുഹമ്മദ് റഫീഖിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.

കണ്ണൂരിലെ സൂപ്പർമാർക്കറ്റിലെ ജീവനക്കാരനായ മുഹമ്മദ് മുനിവർ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്ന വഴിക്കാണ് അപകടം നടന്നത്. തന്റെ ബൈക്കിടിച്ച് വീണയാളെ രക്ഷിക്കാൻ ശ്രമിക്കാതെ ഇയാൾ സ്ഥലംവിടുകയും ചെയ്തു. അപകടം നടന്ന വിവരം ആരെയും അറിയിച്ചതുമില്ല. ഒന്നും സംഭവിക്കാത്തതുപോലെ എല്ലാ ദിവസവും ആ വഴി അതേ ബൈക്കിൽ ജോലിക്ക് പോവുകയും ചെയ്തു.

സംഭവസ്ഥലത്തിനടുത്തുണ്ടായിരുന്ന ഒരാൾ നൽകിയ സൂചനയും സി.സി.ടി.വി.യിൽ പതിഞ്ഞ അവ്യക്തമായ ദൃശ്യങ്ങളും വെച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചുവന്ന ബൈക്ക് ആ സമയത്ത് കടന്നുപോകുന്നത് കണ്ടുവെന്നായിരുന്നു മൊഴി. സി.സി.ടി.വി. ദൃശ്യത്തിൽ ബൈക്കിന്റെ നമ്പർപ്ലേറ്റിലെ രണ്ട് അക്കവും തെളിഞ്ഞു. തുടർന്ന് ആർ.ടി.ഒ. ഓഫീസിൽ ചുവന്ന ബൈക്കുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണം ലക്ഷ്യത്തിലെത്തി. മുഹമ്മദ് മുനിവർ അപകടം നടന്ന സമയത്ത് തന്നെയാണ് അതുവഴി നിത്യവും പോകുന്നതെന്നും മനസ്സിലാക്കി. പ്രതി കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു.

മലയാള സിനിമയുടെ ആക്കാലത്തെയും ശ്രദ്ധേയമായ സംവിധായക ജോഡിയായിരുന്നു സിദ്ദിഖ്-ലാൽ കൂട്ട്കെട്ട്. കൊച്ചിൻ കലാഭവനിലൂടെ ശ്രദ്ധേയരായ ഇരുവരും പിന്നീട് സംവിധാന രം​ഗത്തും ഒന്നിക്കുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഇരുവരുടെയും സംവിധാനത്തിൽ മലയാളത്തിന് സമ്മാനിച്ചത്. എന്നാൽ ഇടക്കാലത്ത് ഇരുവരും പിരിയുന്നു എന്ന വാർത്തയാണ് പുറത്ത് വന്നത്. ഇതിന് കാരണവും ഇരുവരും പുറത്ത് വിട്ടിരുന്നില്ല.

ഇപ്പോഴിതാ സിദ്ദിഖ് ലാല് കൂട്ട് കെട്ട് പിരിയാനുള്ള കാരണം തുറന്ന് പറഞ്ഞിരിക്കുകയാണ് സിദ്ദിഖ്. അമൃത ടിവിയിലെ പറയാം നേടാം പരിപാടിയിൽ എത്തിയപ്പോഴാണ് ഇക്കാര്യത്തെക്കുറിച്ച് അദ്ദേഹം സംസാരിച്ചത്. ഞങ്ങൾ പിണങ്ങി പിരിഞ്ഞതല്ല, വളർച്ചയുടെ ഘട്ടത്തിൽ രണ്ടുപേരും കൂടി ഒരുമിച്ച് എടുത്ത തീരുമാനമായിരുന്നു അത്. ഞങ്ങൾ സ്വതന്ത്രമായി സിനിമകൾ ചെയ്ത് തുടങ്ങിയ ശേഷവും കഥകൾ പരസ്പരം ചർച്ച ചെയ്യുമായിരുന്നു.

ഇപ്പോഴാണ് ലാൽ ലാലിന്റേതായ തിരക്കുകളുമായി മാറിയതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങൾ വേർപിരിഞ്ഞതിനു ശേഷം തൻ്റെ സ്വതന്ത്ര സംവിധാനത്തിൽ ആദ്യമിറങ്ങിയ ചിത്രമാണ് ഹിറ്റ്‌ലർ. ചിത്രത്തിൽ സംവിധാനത്തിന് പകരം നിർമ്മാതാവായാണ് ലാൽ പങ്കാളിയായത്. വേർപിരിഞ്ഞത് സംവിധാനത്തിന് വേണ്ടിയായിരുന്നില്ലെന്നും സിദ്ദിഖ് പറയുന്നു. കുറെ നാളുകൾക്ക് ശേഷം ഒരു പരസ്യ ചിത്രത്തിൽ ഒരുമിച്ചെത്തിയിരുന്നു.

അന്ന് അതിന്റെ പിന്നണി പ്രവർത്തകർ വിചാരിച്ചിരുന്നത് ഞങ്ങൾ പിണങ്ങി എന്നാണ്. അതുകൊണ്ടുതന്നെ, പരസ്യത്തിൽ ലാൽ അഭിനയിക്കുന്നതുകൊണ്ട് കുഴപ്പമുണ്ടോ എന്ന് അവർ ചോദിച്ചിരുന്നു. പിന്നീട്, താൻ തന്നെ ലാലിനോട് പരസ്യത്തിൽ അഭിനയിക്കുന്ന കാര്യം പറയുകയായിരുന്നുവെന്നും, സിദ്ദിഖ് കൂട്ടിച്ചേർത്തു

ഇസ്രായേലില്‍ ചിട്ടി നടത്തി പ്രവാസി മലയാളികളുടെ പക്കല്‍ നിന്ന് അന്‍പതു കോടി രൂപ തട്ടിയെടുത്ത ചാലക്കുടി പരിയാരം സ്വദേശികളായ ദമ്പതികള്‍ക്ക് എതിരെ പൊലീസ് കേസെടുത്തു. ചാലക്കുടിയിലെ അന്‍പതിലേറെ പേര്‍ ഇതിനോടകം പൊലീസിന് പരാതി നല്‍കി.

പെര്‍ഫെക്ട് കുറീസ് എന്ന പേരിലാണ് ചിട്ടി കമ്പനി. ഇസ്രായേലിലായിരുന്നു ഇതു പ്രവര്‍ത്തിച്ചിരുന്നത്. ചാലക്കുടി പരിയാരം സ്വദേശികളായ ലിജോ ജോര്‍ജും ഭാര്യ ഷൈനിയുമായിരുന്നു നടത്തിപ്പുകാര്‍. ഇസ്രായേലിലെ മലയാളികളും അവരുടെ കേരളത്തിലെ ബന്ധുക്കളുമായിരുന്നു വരിക്കാര്‍.

സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി മുന്നൂറിലേറെ പേര്‍ ചിട്ടിതട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. ഒന്നരക്കോടി രൂപ വരെ നഷ്ടപ്പെട്ട ഇടപാടുകാരുണ്ട്. തട്ടിപ്പിനിരയായവര്‍ ഇസ്രായേല്‍ സര്‍ക്കാര്‍ അധികൃതര്‍ക്കും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കിയിരുന്നു. കേരളത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വിവിധ ജില്ലാ പൊലീസ് മേധാവികള്‍ക്കും പരാതി നല്‍കുകയും ചെയ്തു.

അടുത്തയിടെ ലിജോയും ഭാര്യയും കേരളത്തില്‍ എത്തിയിരുന്നതായാണു പൊലീസിനു ലഭിച്ച വിവരം. ഇവര്‍ എവിടെയാണെന്നു കണ്ടു പിടിക്കാനായിട്ടില്ല. വന്‍ തട്ടിപ്പ് പുറത്തായ സാഹചര്യത്തില്‍ ഇവര്‍ക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കുമെന്നു പൊലീസ് അധികൃതര്‍ വ്യക്തമാക്കി. പരിയാരത്തെ ഇവരുടെ വീട് പൂട്ടിക്കിടക്കുന്ന നിലയിലാണ്. ദമ്പതികള്‍ യൂറോപ്പിലേയ്ക്കോ ബെംഗളൂരുവിലേയ്ക്കോ കടന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. ആദ്യം ചിട്ടിയില്‍ നിക്ഷേപം നടത്തിയവര്‍ക്കെല്ലാം തുക തിരികെ നല്‍കി വിശ്വാസം ആര്‍ജിച്ചിരുന്നു.

എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരെ പുഞ്ചിരിയോടെ വരവേൽക്കാൻ ഇനി കണ്ണൂർ സ്വദേശിനി ഗോപിക ഗോവിന്ദും. കേരളത്തിലെ പട്ടികവർഗ വിഭാഗത്തിൽ നിന്നുളള ആദ്യ എയർഹോസ്റ്റസായി ഗോപിക പറയുന്നരുമ്പോൾ ഒപ്പമുണ്ടാവുക ഒരു നാടിന്റെ സ്വപ്നം കൂടിയാണ്. സ്കൂൾ പഠനകാലത്ത് മനസിലേറ്റിയ സ്വപ്നത്തിലേക്ക് പറന്നടുക്കാൻ ഗോപികക്ക് ഇനി മുംബെെയിലെ എയർ ഇന്ത്യയിൽ ഒരു മാസത്തെ പരിശീലനം കൂടി പൂർത്തിയാക്കിയാൽ മതി.

കണ്ണൂർ ആലക്കോട് സ്വദേശിനിയാണ് ഗോപിക ഗോവിന്ദ്. കൂലിപ്പണിക്കാരനായ ഗോവിന്ദന്റെയും ബിജിയുടെയും മകൾ. ആലക്കോട്ടെ കണിയഞ്ചാൽ ഗവ. ഹൈസ്കൂളിൽ എട്ടിൽ പഠിക്കുമ്പോൾ ഗോപിക മനസിലേറ്റിയ സ്പനമാണ് ഈ ജോലി. പട്ടികവർഗ വിഭാഗക്കാർക്ക്‌ അയാട്ട എയർലൈൻസ് കസ്റ്റമർ സർവീസ്‌ കോഴ്‌സ്‌ പഠിക്കാനുള്ള എൽഡിഎഫ്‌ സർക്കാരിന്റെ സഹായത്തോടെയാണ് ഗോപിക തന്റെ സ്വപ്നത്തിലേക്ക് പറന്നുയർന്നത്. വയനാട്ടിലെ ഡ്രീംസ്‌കൈ ഏവിയേഷൻ ട്രെയിനിങ്‌ അക്കാദമിയിലായിരുന്നു പരിശീലനം. കോഴ്‌സ്‌ പൂർത്തിയാകും മുമ്പേയാണ്‌ ജോലി ലഭിച്ചത്‌.

സ്വപ്‌നം സാക്ഷാത്‌കരിച്ച സർക്കാരിനോട് സന്തോഷം പങ്കുവെക്കാൻ ഗോപിക ചൊവ്വാഴ്‌ച നിയമസഭയിലെത്തി. താനുൾപ്പെടെയുള്ള പിന്നാക്ക വിഭാഗക്കാർക്ക്‌ കോഴ്സിന്റെ ഉയർന്ന ഫീസും മറ്റ്‌ ചെലവുകളുമുൾപ്പെടെ താങ്ങാനായത് സർക്കാരിന്റെ സഹായം കൊണ്ടുമാത്രമാണെന്ന് ഗോപിക പറഞ്ഞു. ഒരുലക്ഷം രൂപയോളമുള്ള ഫീസും സ്റ്റൈപെൻഡും താമസസൗകര്യവുമെല്ലാം സർക്കാർ ഒരുക്കിത്തന്നു. ഇംഗ്ലീഷ്‌, ഹിന്ദി ഭാഷകളിൽ വിദഗ്‌ധ പരിശീലനവും നൽകിയതായും ഗോപിക പറഞ്ഞു.

സർക്കാർ സഹായത്തോടെ എയർലൈൻ ആൻഡ്‌ എയർപോർട്ട്‌ മാനേജ്‌മെന്റ്‌ കോഴ്‌സ്‌ പഠിക്കുന്ന വിദ്യാർത്ഥികൾ ചൊവ്വാഴ്ച നിയമസഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയൻ, സ്പീക്കർ എം ബി രാജേഷ്‌, മന്ത്രി കെ രാധാകൃഷ്‌ണൻ എന്നിവരെ കണ്ടു. വിവിധ ജില്ലക്കാരായ 60 വിദ്യാർഥികളാണ് നിയമസഭ സന്ദർശിച്ചത്. പട്ടികവർഗ വികസന വകുപ്പിന്റെ സ്കോളർഷിപ്പോടെ 160 പേരാണ്‌ കോഴ്സിലുള്ളത്‌. ആറ്‌ മാസ കോഴ്‌സ്‌ പഠിച്ചിറങ്ങിയ 93 പേർക്കും ഒരു വർഷ കോഴ്‌സ്‌ കഴിഞ്ഞ 11 പേർക്കും വിവിധ എയർലൈനുകളിൽ ജോലി ലഭിച്ചു. മുൻവർഷം പട്ടികജാതി വിഭാഗക്കാരായ 28 കുട്ടികൾക്കും ജോലി ലഭിച്ചിരുന്നു.

പാലക്കാട്ടെ ഹണിട്രാപ്പ് കേസില്‍ അറസ്റ്റിലായ ദമ്പതിമാര്‍ക്ക് ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലും നിരവധി ആരാധകര്‍. ഫിനിക്‌സ് കപ്പിള്‍ എന്ന പേരിലാണ് കൊല്ലം സ്വദേശി ദേവു(24) ഭര്‍ത്താവ് കണ്ണൂര്‍ സ്വദേശി ഗോകുല്‍ദീപ്(29) എന്നിവര്‍ സാമൂഹികമാധ്യമങ്ങളില്‍ അറിയപ്പെട്ടിരുന്നത്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം ഇവര്‍ക്ക് അറുപതിനായിരത്തിലേറെ ഫോളോവേഴ്‌സുണ്ട്. യൂട്യൂബില്‍ നാലായിരത്തിലധികം സബ്‌സ്‌ക്രൈബേഴ്‌സും. ദമ്പതിമാര്‍ ഹണിട്രാപ്പ് കേസില്‍ പിടിയിലായെന്ന വാര്‍ത്ത പുറത്തുവന്നതോടെ നിരവധിപേരാണ് ഇവരുടെ പോസ്റ്റുകളില്‍ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.

കഴിഞ്ഞദിവസമാണ് ദമ്പതിമാരടക്കം ആറുപേരെ ഹണിട്രാപ്പ് കേസില്‍ പാലക്കാട് സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. ഇരിങ്ങാലക്കുട സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍ കുരുക്കി സ്വര്‍ണവും പണവും കാറും ഉള്‍പ്പെടെ തട്ടിയെടുത്തെന്നാണ് കേസ്. ദമ്പതിമാര്‍ക്ക് പുറമേ കോട്ടയം പാലാ സ്വദേശി ശരത്(24) ഇരിങ്ങാലക്കുട സ്വദേശികളായ അജിത്ത്(20) വിനയ്(24) ജിഷ്ണു(20) എന്നിവരാണ് കേസില്‍ പിടിയിലായത്. ചൊവ്വാഴ്ച രാവിലെ കാലടിയില്‍ ലോഡ്ജില്‍നിന്നാണ് ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്.

പാലാ സ്വദേശിയായ ശരത്താണ് ഹണിട്രാപ്പിന്റെ മുഖ്യ സൂത്രധാരനെന്നാണ് പോലീസ് പറയുന്നത്. സാമൂഹികമാധ്യമത്തില്‍ സ്ത്രീയുടെ പേരില്‍ വ്യാജ ഐ.ഡി. നിര്‍മിച്ച ഇയാള്‍ രണ്ടാഴ്ച മുമ്പാണ് ഇരിങ്ങാലക്കുടയിലെ വ്യവസായിയെ പരിചയപ്പെട്ടത്. നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിച്ച ഇയാള്‍ താന്‍ പാലക്കാട് സ്വദേശിനിയാണെന്നും ഭര്‍ത്താവ് ഗള്‍ഫിലാണെന്നും വീട്ടില്‍ അമ്മ മാത്രമേയുള്ളൂവെന്നും പറഞ്ഞു. തുടര്‍ന്ന് പരാതിക്കാരന്‍ ഫോണ്‍ ചെയ്ത തുടങ്ങിയതോടെയാണ് ശരത് ദേവുവിന്റെയും ഗോകുലിന്റെയും സഹായം തേടിയത്. പിന്നീട് ദേവുവാണ് പരാതിക്കാരനുമായി സംസാരിച്ച് അടുപ്പം തുടര്‍ന്നത്. തുടര്‍ന്ന് സംഘം നേരത്തെ ആസൂത്രണം ചെയ്തത് പ്രകാരം വ്യവസായിയെ പാലക്കാട്ടെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.

പാലക്കാട് വന്നാല്‍ നേരിട്ട് കാണാമെന്നാണ് പരാതിക്കാരനോട് പറഞ്ഞിരുന്നത്. ഇതനുസരിച്ച് വ്യവസായി ഓഗസ്റ്റ് 28-ാം തീയതി പാലക്കാട് എത്തി. ആദ്യം ഒലവക്കോട്ട് വെച്ച് ഇയാളെ കണ്ട ദേവു, പിന്നീട് വീട്ടിലേക്ക് പോകാമെന്ന് പറഞ്ഞ് യാക്കരയിലെ വാടക വീട്ടിലെത്തിച്ചു. പരാതിക്കാരനും യുവതിയും ഇവിടെ എത്തിയതിന് പിന്നാലെ തട്ടിപ്പുസംഘത്തിലെ യുവാക്കള്‍ വീട്ടിലേക്ക് ഇരച്ചെത്തുകയായിരുന്നു. ബന്ധുക്കളാണെന്ന് പറഞ്ഞ് യുവതിയെ മര്‍ദിക്കുന്നതായി അഭിനയിച്ച യുവാക്കള്‍, സംഭവം ഒതുക്കിതീര്‍ക്കാന്‍ പണം വേണമെന്ന് ആവശ്യപ്പെട്ടു.

തുടര്‍ന്ന് വ്യവസായിയുടെ കൈയിലുണ്ടായിരുന്ന സ്വര്‍ണമാല, മൊബൈല്‍ഫോണ്‍, പണം, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, കാര്‍ എന്നിവ തട്ടിയെടുത്തു. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് അക്കൗണ്ടില്‍നിന്ന് പണം പിന്‍വലിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. ഇതോടെ പരാതിക്കാരനെ കൈയും കാലും കെട്ടിയിട്ട് കൊടുങ്ങല്ലൂരിലെ ഫ്‌ളാറ്റിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചു. യാത്രയ്ക്കിടെ മൂത്രമൊഴിക്കണമെന്ന് പറഞ്ഞ് കാറില്‍നിന്ന് പുറത്തിറങ്ങിയാണ് വ്യവസായി ഒടുവില്‍ രക്ഷപ്പെട്ടത്.

എന്നാല്‍ ഇതിനുശേഷവും വ്യവസായിയെ വിടാന്‍ തട്ടിപ്പുസംഘം തയ്യാറായില്ല. ഇയാളുടെ ഭാര്യയുടെ വീട്ടിലേക്ക് വിളിച്ച് വീണ്ടും പണം ആവശ്യപ്പെട്ടു. ഇതോടെയാണ് വ്യവസായി പോലീസില്‍ പരാതി നല്‍കിയത്. ഹണിട്രാപ്പ് തട്ടിപ്പിനായി പാലക്കാട് യാക്കരയിലെ വീട് സംഘം വാടകയ്‌ക്കെടുത്തതാണെന്നാണ് പോലീസ് നല്‍കുന്നവിവരം. ഓണ്‍ലൈന്‍ വഴി ശരത്താണ് യാക്കരയിലെ വീട് വാടകയ്‌ക്കെടുത്തിരുന്നത്. മുപ്പതിനായിരം രൂപ അഡ്വാന്‍സ് നല്‍കി 11 മാസത്തേക്കായിരുന്നു കരാര്‍ എഴുതിയിരുന്നത്.

സ്ത്രീകളുടെ പേരില്‍ വ്യാജ ഐ.ഡി.കളുണ്ടാക്കി ശരത്താണ് തട്ടിപ്പിന് തുടക്കമിടുന്നത്. കെണിയില്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് തോന്നുന്നവര്‍ക്ക് നിരന്തരം സന്ദേശങ്ങള്‍ അയച്ച് പരിചയം സ്ഥാപിക്കുകയാണ് രീതി. ഇരിങ്ങാലക്കുടയിലെ വ്യവസായി ഈ കെണിയില്‍ വീണതോടെയാണ് ഇയാള്‍ ദേവുവിന്റെ സഹായം തേടിയത്. ഇതിനായി നല്ലൊരു തുകയും ദമ്പതിമാര്‍ക്ക് വാഗ്ദാനം ചെയ്തിരുന്നു. പിന്നീട് ദേവുവാണ് തട്ടിപ്പ് മുന്നോട്ടുകൊണ്ടുപോയത്. ഫോണില്‍ വിളിച്ചും സന്ദേശങ്ങള്‍ അയച്ചും യുവതി വ്യവസായിയെ വരുതിയിലാക്കി. ഭര്‍ത്താവ് ഗള്‍ഫിലാണെന്നും നേരില്‍കാണാന്‍ ആഗ്രഹമുണ്ടെന്നും പറഞ്ഞ് വീട്ടിലേക്ക് ക്ഷണിച്ചതോടെ പരാതിക്കാരന്‍ കെണിയില്‍ വീഴുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം റീല്‍സിലെ താരങ്ങള്‍ തട്ടിപ്പ് കേസിലും പീഡനക്കേസിലുമെല്ലാം പിടിയിലായ സംഭവങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ‘മീശക്കാരന്‍’ എന്നപേരിലറിയപ്പെടുന്ന തിരുവനന്തപുരം സ്വദേശി വിനീത് പീഡനക്കേസില്‍ പിടിയിലായത്. നിരവധി ആരാധികമാരുണ്ടായിരുന്ന യുവാവ് പീഡനക്കേസില്‍ പിടിയിലായത് സാമൂഹികമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചയായിരുന്നു. ഇതിനുപിന്നാലെയാണ് റീല്‍സില്‍ വൈറലായ ദമ്പതിമാരും ഹണിട്രാപ്പ് കേസില്‍ പിടിയിലായിരിക്കുന്നത്.

ഒരുവര്‍ഷം മുമ്പാണ് കൊല്ലം സ്വദേശിയായ ദേവുവും കണ്ണൂര്‍ സ്വദേശിയായ ഗോകുല്‍ദീപും വിവാഹതിരായത്. വീട്ടമ്മയാണെന്നും നേരത്തെ ഏവിയേഷന്‍ കോഴ്‌സ് പഠിച്ചിട്ടുണ്ടെന്നുമാണ് ദേവു സാമൂഹികമാധ്യമങ്ങളിലൂടെ അവകാശപ്പെട്ടിരുന്നത്. തിരുവനന്തപുരം വിമാനത്താവളത്തിലും നാല് കോളേജുകളിലും ജോലിചെയ്തിട്ടുണ്ടെന്നും നിലവില്‍ എം.ബി.എയ്ക്ക് പഠിക്കുകയാണെന്നും യുവതി പറഞ്ഞിരുന്നു. പലവിധ ജോലികള്‍ ചെയ്തശേഷം ഇപ്പോള്‍ റിയല്‍ എസ്‌റ്റേറ്റ് ബിസിനസാണെന്നാണ് ഗോകുല്‍ അവകാശപ്പെട്ടിരുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പേ കണ്ണൂരില്‍നിന്ന് കൊച്ചിയില്‍ എത്തി താമസമാക്കിയതാണെന്നും ഇയാള്‍ വീഡിയോയില്‍ പറഞ്ഞിരുന്നു.

ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും വിവാഹശേഷം ജീവിതം അടിപൊളിയാണെന്നുമാണ് ദേവു മറ്റൊരു വീഡിയോയില്‍ പ്രേക്ഷകരോട് പറഞ്ഞിരുന്നത്. 23-ാം വയസ്സിലായിരുന്നു തന്റെ വിവാഹം. സ്വന്തമായി ജോലിയുണ്ടായിട്ട് കല്യാണം കഴിക്കുന്നതാകും നല്ലത്. ഇവനെപ്പോലെ ഒരു ഭര്‍ത്താവിനെ കിട്ടിയതിനാല്‍ എന്റെ കാര്യം ഓക്കെയാണ്. ആളുടെ വരുമാനം എന്റെ അക്കൗണ്ടിലാണ് വരുന്നത്. എന്റെ ആവശ്യത്തിന് ഉപയോഗിക്കാം. പക്ഷേ, എല്ലാവരുടെയും കാര്യം അങ്ങനെയാവില്ല. എംബിഎ ചെയ്തുകൊണ്ടിരിക്കുകയാണ്. കാനഡയില്‍ പോയി എംബിഎ ചെയ്യണമെന്നായിരുന്നു ആഗ്രഹം. ചേട്ടന് താത്പര്യമില്ലാത്തതിനാല്‍ അത് നടന്നില്ലെന്നും എന്നാലും വിവാഹശേഷം ആഗ്രഹിച്ച കാര്യങ്ങളെല്ലാം നടക്കുന്നുണ്ടെന്നും യുവതി വീഡിയോയില്‍ പറഞ്ഞിരുന്നു.

അപകടത്തിൽപ്പെട്ട് വഴിയോരത്ത് കിടന്ന് യുവാവിന് ദാരുണാന്ത്യം. ഷെഡ്ഡിൻകുന്ന് ടെലിഫോൺ എക്സ്ചേഞ്ചിനുസമീപം ചൊവ്വാഴ്ച രാത്രിയുണ്ടായ ബൈക്ക് അപകടത്തിൽ കാഞ്ഞിരപ്പുഴ ചെമ്പൻകുഴി വീട്ടിൽ അബ്ദുൾ ലത്തീഫിന്റെ മകൻ മുഹമ്മദ് ഷെബീറാണ് മരിച്ചത്. 20 വയസായിരുന്നു. സഹായത്തിനായി ഒരുപാട് പേരോട് കേണപേക്ഷിച്ചും ആരും തിരിഞ്ഞു പോലും നോക്കാൻ തയ്യാറായില്ല.

ഇതാണ് വിലപ്പെട്ട ഒരു ജീവൻ നടുറോഡിൽ പൊലിയാൻ ഇടയാക്കിയത്. വൈകീട്ട് ഏഴുമണിയോടെയാണ് മുഹമ്മദ് ഷെബീർ ഗുരുതരമായി പരിക്കേറ്റനിലയിൽ റോഡിൽ കിടക്കുന്നത് അതുവഴി ബൈക്കിൽ പോവുകയായിരുന്ന ആംബുലൻസ് ഡ്രൈവർ പ്രഭുവാണ് ആദ്യം കണ്ടത്. ഈ സമയം, നല്ല മഴ കൂടിയായിരുന്നു.

അതുവഴി വാഹനങ്ങളിൽ വന്ന പലരോടും സഹായം അഭ്യർഥിച്ചെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ ആരും തയ്യാറായില്ല. ഏറെനേരം കഴിഞ്ഞ് കിട്ടിയ ഓട്ടോറിക്ഷയിൽ കയറ്റി ശ്രീകൃഷ്ണപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

മുഹമ്മദ് ഷെബീർ സഞ്ചരിച്ച ബൈക്കിൽ മറ്റൊരു വാഹനമിടിച്ചാണ് അപകടം സംഭവിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. അതേസമയം, ഇടിച്ച വാഹനം കണ്ടെത്താനായിട്ടില്ല. മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

തമിഴ്‌നാട്ടില്‍ നിന്നും എത്തിയ അഹിന്ദുക്കള്‍ പ്രവേശിച്ചെന്ന പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയത് വിവാദത്തില്‍. കുട്ടിക്ക് ചോറൂണ് നല്‍കാന്‍ തമിഴ്‌നാട്ടില്‍ നിന്നെത്തിയ സംഘത്തില്‍ അഞ്ച് ക്രിസ്ത്യാനികള്‍ ഉണ്ടായിരുന്നതും ഇവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചതുമാണ് മഹാ പുണ്യാഹത്തിന് ഇടയാക്കിയത്. ക്രിസ്ത്യാനികളായ ഭക്തര്‍ പരസ്പരം പേര് വിളിക്കുന്നത് ക്ഷേത്രം ജീവനക്കാരുടെ ശ്രദ്ധയില്‍ പെട്ടു. ഉച്ച പൂജ കഴിഞ്ഞ സമയത്താണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഭക്ത സംഘം ദര്‍ശനം നടത്തി പുറത്തിറങ്ങിയത്.

ക്രിസ്ത്യന്‍ സമുദായത്തില്‍ പെട്ടവര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ച വിവരം ക്ഷേത്ര ജീവനക്കാര്‍ ഉദ്യോഗസ്ഥരെ അറിയിച്ചു. മഹാ പുണ്യാഹം നടത്തണമെന്ന് തന്ത്രി നിര്‍ദ്ദേശിച്ചു. ഇതിനേത്തുടര്‍ന്ന് അഞ്ച് ഓതിക്കന്മാര്‍ ചേര്‍ന്ന് മഹാ പുണ്യാഹം നടത്തി. തന്ത്രിയുടെ കാര്‍മ്മികത്വത്തില്‍ തന്നെ ബിംബശുദ്ധിയും നടത്തി. മഹാപുണ്യാഹം കാരണം വൈകിട്ട് അത്താഴ പൂജക്ക് ശേഷമാണ് ഭക്തരെ നാലമ്പലത്തിനകത്തേക്ക് പ്രവേശിപ്പിച്ചത്. തമിഴ്‌നാട്ടിലെ ക്ഷേത്രങ്ങളില്‍ മത വ്യത്യാസമില്ലാതെ വിശ്വാസികളായ എല്ലാ മതസ്ഥര്‍ക്കും പ്രവേശനം നല്‍കുന്ന രീതിയുണ്ട്. ഈ സ്വാതന്ത്ര്യം കേരളത്തിലുമുണ്ടാകുമെന്ന് കരുതിയാകാം ക്രിസ്ത്യന്‍ സമുദായക്കാര്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കയറിയതെന്ന് വിവരമുണ്ട്.

ഇതര മതക്കാര്‍ കയറിയതിന്റെ പേരില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മഹാ പുണ്യാഹം നടത്തിയതിനെതിരെ സിപിഐഎം തൃശൂര്‍ ജില്ലാ കമ്മിറ്റിയംഗം സുമേഷ് സി രംഗത്തെത്തി. മനുഷ്യനെ മതത്താലും ജാതിയാലും അയിത്തം കല്‍പ്പിക്കുന്ന ദൈവമുണ്ടോയെന്ന് സുമേഷ് ഫേസ്ബുക്കില്‍ കുറിച്ചു. നാം യഥാര്‍ത്ഥ വഴിയിലൂടെ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഒരു ദൈവവും അവര്‍ മുന്നോട്ടുവെക്കുന്ന ദര്‍ശനങ്ങളും മനുഷ്യനെ വിഭാഗീയമായി കാണുന്നില്ല. എന്നാല്‍ ആ നന്മനിറഞ്ഞ ദൈവത്തേയും ദര്‍ശനത്തെയും നിക്ഷിപ്ത താത്പര്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്ന മേധാവിത്തവര്‍ഗ്ഗവും അവരുടെ അധികാരത്തിന് ആശയാടിത്തറയുണ്ടാക്കാന്‍ പ്രവര്‍ത്തിക്കുന്ന പൗരോഹിത്യവുമാണിവിടെ ഈ അയിത്തത്തിന്റെ വിധികര്‍ത്താക്കളെന്ന് ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.

‘ഗുരുവായൂരില്‍ ദര്‍ശനം നടത്തിയ തമിഴ് കൃസ്ത്യന്‍ ഭക്തര്‍ പരസ്പരം പേര് വിളിച്ച് സംസാരിച്ചില്ലെങ്കില്‍ ഇത് ആര് അറിയുന്നു? എത്രയോ ഭക്തിയുള്ള ഇതരമതസ്ഥര്‍ ആരും അറിയാതെ ദൈവത്തെ തൊഴുതു മടങ്ങിയിട്ടുണ്ടാകാം. അങ്ങനെ അകത്തു കയറിയപ്പോള്‍, അയിത്തമായതിനാല്‍, ഗുരുവായൂരപ്പന്‍ ശ്രീകോവിലില്‍ നിന്ന് എഴുന്നേറ്റുപോയോ? അങ്ങനെ പോയിരുന്നെങ്കില്‍ ക്ഷേത്രം കത്തിയ അരനൂറ്റാണ്ട് മുമ്പ് കൃത്യമായി പറഞ്ഞാല്‍ 1970 നവംമ്പര്‍ 29ന് അര്‍ദ്ധരാത്രിയില്‍ തന്നെ ഗുരുവായൂരപ്പന്‍ അവിടെ നിന്ന് എഴുന്നേറ്റുപോയിട്ടുണ്ടാവണം. കാരണം അന്ന് തീയണക്കാന്‍ ഓടികൂടിയവരില്‍ എത്രയോ പേര്‍ അന്യമതസ്ഥര്‍ ഉണ്ടായിരുന്നു,’

തമിഴ് കുടുംബം ദര്‍ശനത്തിന് പ്രവേശിച്ചത് ഇതര മതസ്ഥര്‍ക്ക് ക്ഷേത്ര പ്രവേശനമില്ലെന്ന കാര്യം അറിയാതെ ആയിരിക്കാമെന്നും സിപിഐഎം നേതാവ് പറഞ്ഞു. കാരണം തമിഴ്‌നാട്ടില്‍ ക്ഷേത്രങ്ങളില്‍ ഇതനുവദനീയമാണത്രേ? അല്ല പുരോഹിതരെ. തമിഴ്‌നാട്ടിലും കേരളത്തിലുമുള്ള ഹിന്ദുക്കളും ദൈവങ്ങളും തമ്മില്‍ വ്യത്യാസങ്ങള്‍ ഉണ്ടോ? ദൈവങ്ങള്‍ക്ക് അയിത്തമുണ്ടോയെന്നും സുമേഷ് സി ചോദിച്ചു.

‘ജാതീയമായ അയിത്തത്തിനെതിരെ നടന്ന 1931 ലെ ഐതിഹാസികമായ ക്ഷേത്ര പ്രവേശന സത്യഗ്രഹത്തിനും അതിന്റെ തുടര്‍ച്ചയായി ക്ഷേത്രം അവര്‍ണ്ണ ജാതിക്കാര്‍ക്കായി തുറന്നു കൊടുത്ത 1946 ജൂണ്‍ 2നും മുമ്പൊക്കെ ഹിന്ദുക്കളില്‍ മഹാഭൂരിപക്ഷം വരുന്ന അവര്‍ണ്ണജാതിക്കാര്‍ ക്ഷേത്രത്തില്‍ കയറിയാലും ഈ മഹാപുണ്യാഹം നടത്തിയിരുന്നില്ലേ? ഇപ്പോള്‍ ഈ അവര്‍ണ്ണര്‍ ക്ഷേത്രദര്‍ശനം നടത്താനാരംഭിച്ചതു മുതല്‍ ദൈവം ക്ഷേത്രം വിട്ടു പോയോ?

ഭഗവത്ഗീതയില്‍ ആരാണ് യഥാര്‍ത്ഥ ഭക്തര്‍ എന്ന് സാക്ഷാല്‍ ശ്രീകൃഷ്ണ ഭഗവാന്‍ തന്നെ അര്‍ജ്ജുനനോട് പറയുന്നില്ലേ? ഭക്തന്റെ ലക്ഷണങ്ങള്‍ ഭഗവദ്ഗീതയുടെ പന്ത്രണ്ടാമധ്യായത്തില്‍ 13 മുതല്‍ 20 വരെയുള്ള എട്ടു ശ്ലോകങ്ങളിലായുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതിതാണ്: ‘അദ്വേഷ്ടാ സര്‍വ്വഭൂതാനാം മൈത്ര: കരുണ എവ ച നിര്‍മമോ നിരഹങ്കാര: സമദുഃഖ: സുഖ: ക്ഷമീ. സന്തുഷ്ട: സതതം യോഗീ, യതാത്മാ ദൃഢനിശ്ചയ: മയ്യര്‍പ്പിത മനോ ബുദ്ധിര്‍ യോ മദ് ഭക്ത: സ മേ പ്രിയ’ അതായത് ,ഒന്നിനെയും ദ്വേഷിക്കാത്തവനും എല്ലാത്തിനും മിത്രമായിരിക്കുന്നവനും എല്ലാവരിലും ദയയുള്ളവനും സുഖദുഃഖങ്ങളില്‍ ഭാവഭേദമില്ലാത്തവനും എന്തും ക്ഷമിക്കുകയും സഹിക്കുകയും ചെയ്യുന്നവനും എപ്പോഴും മനസ്സ് സന്തുഷ്ടമായിരിക്കുന്നവനും ആത്മനിയന്ത്രണമുള്ളവനും ഉറപ്പുള്ള നിശ്ചയമുള്ളവനും ആയിരിക്കും ഭക്തന്‍ എന്നാണ്.

ഈ പുണ്യാഹം കല്‍പ്പിച്ച എത്ര പുരോഹിതര്‍ ഈ ഗണത്തില്‍പ്പെടും? ഒരു പക്ഷെ ഈ ഗുണങ്ങള്‍ ചേരുന്നത് ആ അയിത്തം കല്‍പ്പിച്ച ക്രിസ്തീയ കുടുംബത്തിനാണെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ ഇതില്‍ ആരുടെ ഭാഗത്തായിരിക്കും. ഈ പുരോഹിതന്‍മാരും കപട ഭക്ത മണ്ടശിരോമണികളും പൊക്കി പിടിച്ചു നടക്കുന്ന ഭഗവത്ഗീതയില്‍ തന്നെ ഭഗവാന്‍ അര്‍ജ്ജുനനോട് പറയുന്നു. യഥാര്‍ത്ഥ ക്ഷേത്രം ഹൃദയമാണെന്ന് അവിടെയാണ് ഈശ്വരനെന്നും, എല്ലാവരുടേയും ഹൃദയത്തില്‍ ഈശ്വരനുണ്ടെന്നും പറയുന്നു.

‘ഇദം ശരീരം കൗന്തേയ ക്ഷേത്രമിത്യഭീതിയതേ ‘, ‘ഈശ്വരഃ സര്‍വ്വഭൂതാനാം ഹൃദ്ദേശേര്‍ജ്ജുന തിഷ്ഠതി ‘ഭഗവത് ഗീതയില്‍ എവിടെയെങ്കിലും ഇത് ഹിന്ദുകള്‍ക്ക് മാത്രം ബാധകമായതാണെന്ന് പറയുന്നുണ്ടോ? ഹിന്ദു …. ഹിന്ദുക്കള്‍ …. ഈ വാക്കുകള്‍ വേദങ്ങളിലുണ്ടോ? ആരണ്യകങ്ങളിലുണ്ടോ? ബ്രാഹ്മണങ്ങളില്‍ ഉണ്ടോ? ഉപനിഷത്തുകളിലുണ്ടോ? 18 പുരാണങ്ങളില്‍ ഉണ്ടോ? ഉപപുരാണങ്ങളില്‍ ഉണ്ടോ? ഇതിഹാസങ്ങളിലുണ്ടോ? ഭഗവത്ഗീതയിലുണ്ടോ? ഭാഗവതത്തില്‍ ഉണ്ടോ? ഇല്ല.

പേര്‍ഷ്യര്‍ക്കാര്‍ അറേബ്യക്കാര്‍ ‘സ’ കാരം ഇല്ലാത്ത അവരുടെ ഭാഷയില്‍ സിന്ധു നദീത്തീരത്തു താമസിച്ചവരെ അഭിസംബോധന ചെയ്യാന്‍ സിന്ധൂസിന് പകരം ഉപയോഗിച്ച പദമാണ് ഹിന്ദുസ്, അല്‍ ഹിന്ദ് തുടങ്ങിയത്. അത് ലോപിച്ചതാണ് ഹിന്ദു. ബ്രിട്ടീഷ് ഭരണകാലത്താണ് ഔദ്യേഗിക രേഖകളില്‍ ഹിന്ദു എന്ന പദം വന്നത്. വിസ്താരഭയത്താല്‍ വിശദാംശങ്ങള്‍ ഒഴിവാക്കുന്നു. ആരാണ് ഹിന്ദു എന്ന് പിന്നീട് നിര്‍വചിച്ചത് വിഭാഗീയ വര്‍ഗ്ഗീയ രാഷ്ട്രീയത്തിന്റെ വക്താകളായിരുന്നുവെന്ന കാര്യം മറക്കരുത്.

ഹിന്ദു അഹിന്ദു വേര്‍തിരിവുകള്‍ക്ക് എന്തര്‍ത്ഥം? അഹം ബ്രഹ്മാസ്മി, തത്വമസി എന്ന ഉപനിഷത്തു പദങ്ങള്‍ അംഗീകരിക്കുമെങ്കില്‍ മനുഷ്യര്‍ക്കിടയില്‍ വേര്‍തിരിവുണ്ടോ? എല്ലാവരും പരം ബ്രഹ്മത്തില്‍ നിന്ന് വന്നവരല്ലേ? ‘ബ്രഹൈമവേദം വിശ്വം സമസ്താ ഇദം ജഗത്’ പ്രപഞ്ചത്തില്‍ ഉള്ളതെല്ലാം ബ്രഹ്മമെങ്കില്‍ കൃസ്ത്യാനി അതില്‍ പെടില്ലേ? ‘ജീവോ ബ്രഹ്മൈവ നാപര:’ ജീവാത്മാവ് ബ്രഹ്മത്തില്‍ നിന്ന് വിഭിന്നമല്ല എന്നര്‍ത്ഥം. അപ്പോള്‍ കൃസ്ത്യാനികള്‍ക്ക് ജീവനില്ലേ. അവര്‍ ബ്രഹ്മത്തിന്റെ ഭാഗമെങ്കില്‍ പിന്നെന്ത് അയിത്തം? എന്ത് പുണ്യാഹം? അപ്പോള്‍ ദൈവമോ, മതദര്‍ശനങ്ങളോ അല്ല മനുഷ്യനെ വേര്‍തിരിക്കുന്നത്. അതിനെയൊക്കെ സങ്കുചിതമായി കൈകാര്യം ചെയ്യുന്ന മേധാവിത്ത പൗരോഹിത്യ വിഭാഗമാണ്.

യഥാര്‍ത്ഥ ദൈവത്തിന്റെ അല്ലെങ്കില്‍ ദാര്‍ശനികരുടെ മതമല്ല പ്രശ്‌നം അതായത് ദാര്‍ശനിക മതമല്ല അയിത്തം കല്‍പ്പിക്കുന്നത് പൗരോഹിത്യ മതമാണ്. രാഷ്ട്രീയമതമാണ്. ശബരിമല സ്ത്രീ പ്രവേശനപ്രശ്‌നം പോലെ ഇവിടെയും. ഈ അയിത്തവും സങ്കുചിത താല്‍പര്യങ്ങളും ഉപേക്ഷിക്കുന്ന തലത്തിലാണ് യഥാര്‍ത്ഥ മതദര്‍ശനങ്ങള്‍ മാനവികദര്‍ശനങ്ങളായി ഉണരുന്നത്. ഇത് എല്ലാ മതങ്ങള്‍ക്കും ബാധകമാണ്,’ സിപിഐഎം ജില്ലാ കമ്മിറ്റിയംഗം ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഹരിപ്പാട് വിവാഹ സദ്യയ‌്ക്ക് പപ്പടം കിട്ടാത്തതിനെ തുടർന്ന് ഓഡിറ്റോറിയം അടിച്ചു തകർത്ത സംഭവത്തിൽ ഒന്നര ലക്ഷത്തോളം രൂപയുടെ നാശനഷ്‌ടം. 12 മേശകളും 25 കസേരകളുമാണ് സംഘർഷത്തിൽ തകർത്തത്.

മുട്ടത്തെ ഓഡിറ്റോറിയത്തില്‍ ഞായറാഴ്ച നടന്ന വിവാഹത്തിനിടെയാണ് പപ്പടത്തെച്ചൊല്ലി കൂട്ടത്തല്ലുണ്ടായത്. വിവാഹസദ്യക്കിടയില്‍ തൃക്കുന്നപ്പുഴ സ്വദേശിയായ വരന്റെ കൂട്ടുകാര്‍ രണ്ടാമതും പപ്പടം ചോദിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചത്. പപ്പടം കിട്ടാത്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം അടിപിടിയില്‍ കലാശിച്ചതോടെ സംഘര്‍ഷം ഓഡിറ്റോറിയത്തിന് പുറത്തേക്കും നീളുകയായിരുന്നു. സമൂഹമാദ്ധ്യമങ്ങളിലടക്കം സംഭവം വൻ ചർച്ചയാവുകയും ചെയ‌്തു.

അതേസമയം, സംഘര്‍ഷത്തില്‍ വിവാഹപാര്‍ട്ടിയുമായി പരാതി ഒത്തുതീര്‍പ്പാക്കിയതായി ഓഡിറ്റോറിയം ഉടമയുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. അടിപിടിയിൽ ഓഡിറ്റോറിയം ഉടമ അടക്കം മൂന്നുപേര്‍ക്ക് പരിക്കേറ്റിരുന്നു. എന്നാല്‍ ഇരുപതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും, പലരും പുറത്തുപറയാത്തതാണെന്നുമാണ് വിവരം.

മലപ്പുറത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിശ്രുതവരന്‍ അറസ്റ്റില്‍. എട്ടാം ക്ലാസ് മുതൽ തുടങ്ങിയ പ്രണയം ഇരുപതി രണ്ടാം വയസ്സിൽ അവസാനിപ്പിച്ചതോടെ പെൺകുട്ടി ആത്മഹത്യ ചെയ്തു. മാനസിക പീഡനത്തിനും ആത്മഹത്യ പ്രേരണ കുറ്റത്തിനും പ്രതിശ്രുത വരൻ അറസ്റ്റിലായി. നോർത്ത് കീഴുപറമ്പ് കൈതമണ്ണിൽ അശ്വിനെയാണ് അരീക്കോട് പൊലീസ് അറസ്റ്റു ചെയ്തത്.

പത്തു വർഷത്തോളം നീണ്ട പ്രണയം കൈവിട്ടതിൽ മനം നൊന്ത് 22 കാരി തൃക്കളയൂർ വാലില്ലാപ്പുഴ ചീനത്തുംകണ്ടി മന്യയാണ് വീട്ടിലെ കിടപ്പുമുറിയിൽ ആറ് മാസം മുൻപ് തൂങ്ങി മരിച്ചത് .കുടുംബത്തിന്റെ പരാതിയിൽ അരീക്കോട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണത്തിനൊടുവിൽ പ്രതിശ്രുത വരനായ അശ്വിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച അരീക്കോട് പൊലീസ് പറയുന്നത് ഇങ്ങിനെയാണ്.

എട്ടാം ക്ലാസ് മുതൽ ഇരുവരും പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹ നിശ്ചയവും ഇരു കുടുംബങ്ങളും ചേർന്ന് നടത്തിയിട്ടുണ്ട്. ജോലിയാവശ്യാർഥം ഗൾഫിലേക്ക് പോയ അശ്വിൻ പല കാരണങ്ങൾ പറഞ്ഞ് മന്യയുമായി ഫോണിൽ തർക്കിച്ച ശേഷം തെറ്റിപ്പിരിയുകയായിരുന്നു. ഫോണിലൂടെ ഇരുവരും തർക്കിച്ച ശേഷം വിവാഹബന്ധത്തിൽ നിന്ന് അശ്വിൻ പിൻമാറിയതോടെ മനം നൊന്ത് മന്യ വീട്ടിൽ തൂങ്ങി മരിക്കുകയായിരുന്നു.

വിദേശത്തുള്ള അശ്വിൻ വീട്ടുകാരെ വിളിച്ചറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മന്യയുടെ ഫോൺ പരിശോധിച്ചതിൽ ഇരുവരുടെയും ശബ്ദ സന്ദേശങ്ങളും മറ്റ് വിവരങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. വിദേശത്ത് നിന്നെത്തിയ പ്രതിയെ അരീക്കോട് ഇൻസ്പെക്ടർ എം അബ്ബാസലി യുടെ നേതൃത്വത്തിൽ അറസ്റ്റു ചെയ്തു. പ്രതിയെ കോടതിയിൽ റിമാൻഡ് ചെയ്തു.

RECENT POSTS
Copyright © . All rights reserved