ഇന്ത്യയുടെ ട്വന്റി 20 ക്രിക്കറ്റ് ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയുണ്ടായേക്കില്ലെന്ന് റിപോര്‍ട്ട്. പുറംവേദനയെ തുടര്‍ന്നുള്ള പരിക്കാണ് ബുംറയ്ക്ക് തിരിച്ചടിയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20 കളിക്കാന്‍ ബുംറ കളിച്ചിരുന്നില്ല. ചൊവ്വാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിലാണ് താരത്തിന്റെ പരിക്ക് റിപോര്‍ട്ട് ചെയ്തത്. ബിസിസിഐ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ ആരോഗ്യനില വിലയിരുത്തിയതായും ബിസിസിഐ പ്രസ്താവനയില്‍ പറഞ്ഞു.

ബിസിസിഐ മെഡിക്കല്‍ ടീമുമായും ബെംഗളൂരുവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുമായും താരത്തിന്റെ പരിക്ക് വിശദമായി പരിശോധിക്കുന്നതായും ബുംറ ശസ്ത്രക്രിയക്ക് വിധേയനാകുമോ എന്നും വ്യക്തമല്ലെന്നും റിപോര്‍ട്ടുകള്‍ പറയുന്നു. ‘താരത്തിന്റെ പരിക്ക് ശുഭസൂചനയല്ലെന്നും താരം ലോകകപ്പിനായി ഇന്ത്യന്‍ ടീമിനൊപ്പം ഓസ്ട്രേലിയയിലേക്ക് പോകില്ലെന്നും തോന്നുന്നു. മെഡിക്കല്‍ സംഘം വിശദമായ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കും’ ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു.

നട്ടെല്ലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബുംറയ്ക്ക് ഏഷ്യാകപ്പ് നഷ്ടമായെങ്കിലും ഓസ്ട്രേലിയയ്ക്കെതിരായ മൂന്ന് ടി20 പരമ്പരകള്‍ക്ക് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നു. ഈ വര്‍ഷം ജൂലൈ മുതല്‍ ബുംറ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിട്ടുനിന്നിരുന്നു. ബുംറയുടെ അഭാവത്തില്‍ സീനിയര്‍ ദേശീയ സെലക്ഷന്‍ കമ്മിറ്റി അടുത്ത മാസം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പിനായി സ്റ്റാന്‍ഡ് ബൈയായി മുഹമ്മദ് ഷമിയെയോ ദീപക് ചാഹറിനെയോ തിരഞ്ഞെടുത്തേക്കും.

‘ബുംറയുടെ അഭാവം ഇന്ത്യന്‍ ടീമിനെ എത്രമാത്രം ബാധിച്ചെന്ന് ഓസ്ട്രേലിയയ്ക്കെതിരായ പരമ്പരയ്ക്ക് മുമ്പ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വ്യക്തമാക്കിയിരുന്നു. ‘ബുംറ വളരെ പ്രധാനപ്പെട്ട കളിക്കാരനാണ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അദ്ദേഹം അവതരിപ്പിച്ച രീതി അതിശയകരമാണ്. അവന്‍ ഒരു ആക്രമണാത്മക ബൗളറാണ്, അത്തരമൊരു ബൗളര്‍ ടീമിന്റെ ഭാഗമല്ലെങ്കില്‍ അത് ടീമിന് ബാധിക്കും’ രോഹിത് ശര്‍മ്മ പത്രസമ്മേളനത്തില്‍ പറഞ്ഞു.