സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ ഫാദർ തോമസ് കോട്ടൂരിനും, സിസ്റ്റർ സെഫിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരുവരുടെയും ശിക്ഷ നടപ്പാക്കുന്നത് കോടതി നിർത്തിവെയ്ക്കുകയും ചെയ്തു. വിചാരണ കോടതി വിധിക്കെതിരെ നൽകിയ അപ്പീൽ പരിഗണിക്കുന്നത് വൈകുന്ന സാഹചര്യത്തിലാണ് പ്രതികൾ ജാമ്യം തേടി ഹൈക്കോടതിയിലെത്തിയത്.
ജാമ്യാപേക്ഷയിൽ പ്രതികൾ ഉയർത്തിയ വാദങ്ങൾ ഫലപ്രദമായി പ്രതിരോധിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. വിചാരണ കോടതി വിധിക്കെതിരെ പ്രതികൾ സമർപ്പിച്ച അപ്പീലിൽ തീരുമാനമാകുന്നതുവരെ ശിക്ഷ നടപ്പാക്കുന്നതാണ് ഹൈക്കോടതി നിർത്തി വെച്ചിരിക്കുന്നത്.
ജസ്റ്റിസ് കെവിനോദ് ചന്ദ്രൻ, ജസ്റ്റിസ് സി ജയചന്ദ്രൻ എന്നിവരടങ്ങിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. പ്രതികൾ ഓരോരുത്തരും 5 ലക്ഷം രൂപ കെട്ടിവയ്ക്കുകയും കോടതിയുടെ അനുമതി ഇല്ലാതെ സംസ്ഥാനം വിട്ട് പുറത്തു പോകാൻ പാടില്ലെന്നും ജാമ്യവ്യവസ്ഥയിലുണ്ട്.
ഇരുവരും ജാമ്യം ലഭിച്ച് ആറുമാസം വരെ എല്ലാ ശനിയാഴ്ചയും പോലീസ് സ്റ്റേഷനിൽ ഹാജരാകണം. അപ്പീലിൽ തീർപ്പുണ്ടാകുന്നതുവരെയുള്ള സമയം ശിക്ഷാകാലാവധിയിൽ ഉൾക്കൊള്ളിക്കില്ലെന്നും ഉത്തരവിലുണ്ട്. 2020 ഡിസംബർ 23നാണ് സിസ്റ്റർ അഭയ കൊല്ലപ്പെട്ട കേസിൽ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി പ്രതികളെ ശിക്ഷിച്ചത്. ഫാദർ തോമസ് കോട്ടൂരിന് ഇരട്ട ജീവപര്യന്തവും സിസ്റ്റർ സെഫിക്ക് ജീവപര്യന്തവുമായിരുന്നു ശിക്ഷ.
മമ്പാട്ടെ ഒരു ടെക്സ്‌റ്റൈല്‍സ് ഗോഡൗണില്‍ യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ 12പേര്‍ അറസ്റ്റില്‍. കോട്ടക്കല്‍ സ്വദേശി പുലിക്കോട്ടില്‍ മുജീബ് റഹ്‌മന്റെ മരണത്തിലാണ് ആത്മഹത്യ പ്രേരണ, തടവില്‍ മര്‍ദിക്കല്‍ തുടങ്ങിയ കുറ്റം ചുമത്തി അറസ്റ്റ് നടന്നത്.
ശനിയാഴ്ച ഉച്ചയോടെയാണ് മുജീബിന്റെ മൃതദേഹം ഗോഡൗണില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ ബേങ്കില്‍ മുക്കുപണ്ടം പണയം വച്ച കേസില്‍ ജാമ്യത്തിലിറങ്ങിയാളാണ് മരിച്ച മുജീബ് റഹ്‌മാന്‍. പിന്നീട് ഇയാള്‍ ഇന്‍ഡസ്ട്രിയല്‍ ജോലിക്കായി 1.5 ലക്ഷം രൂപക്ക് കമ്പി വാങ്ങിയിരുന്നു. ഈ തുക പക്ഷേ കടമായിരുന്നു. കാലാവധി കഴിഞ്ഞിട്ടും തുക തിരികെ നല്‍കാനായിരുന്നില്ല.
വെള്ളിയാഴ്ച ഇയാളുടെ ഭാര്യയുടെ ഫോണിലേക്ക് കൈയും കാലും കെട്ടിയിട്ട് അവശനിലയിലായ മുജീബിന്റെ ഫോട്ടോ കടയിലെ ജീവനക്കാര്‍ അയച്ചുകൊടുത്തിരുന്നു. ഇത് കുടുംബം പോലീസിന് കൈമാറുകയും ചെയ്തു. ഇതിന് പിന്നാലെയാണ് മുജീബിന്റെ മരണം സംഭവിക്കുന്നത്. മരണം ആത്മഹത്യയാണെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. എന്നാല്‍ കടയുടമയുടെ നേതൃത്വത്തില്‍ നടന്ന പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് ആരോപണം.
പാലാ ജനറല്‍ ആശുപത്രിക്ക് മുന്‍ മന്ത്രി കെ.എം.മാണിയുടെ പേര് നല്‍കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കാബിനറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. ആശുപത്രിയുടെ പേര് ‘കെഎം മാണി സ്മാരക ജനറല്‍ ആശുപത്രി പാലാ’ എന്നാണ് പുനര്‍നാമകരണം ചെയ്തിരിക്കുന്നത് എന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.
1965 മുതല്‍ 2019-ല്‍ മരണം വരെ തുടര്‍ച്ചയായി 13 തവണ നിയമസഭയില്‍ പാലായെ പ്രതിനിധീകരിച്ചതിന്റെ റെക്കോഡ് കെ.എം. മാണിക്കാണ്. നിലവില്‍ കേരള നിയമസഭയില്‍ ഏറ്റവും കൂടുതല്‍ വര്‍ഷം നിയമസഭാഗം ആയിരുന്ന റെക്കോഡും അദ്ദേഹത്തിനാണ്.
പോലീസ് ക്വാട്ടേഴ്സില്‍ മക്കളെ കൊന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് റെനീസിന്റെ സുഹൃത്തായ യുവതി അറസ്റ്റില്‍. പോലീസ് ഉദ്യോഗസ്ഥന് റെനീസിന്റെ സുഹൃത്ത് ഷഹാനയെ ആണ് പോലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണകുറ്റമാണ് ഇവർക്കെതിരെ ചുമത്തിയത്.
കേസില്‍ കഴിഞ്ഞ ദിവസം ഷഹാനയെ പ്രതി ചേര്‍ത്തിരുന്നു. ഇതിനു പിന്നാലെയാണ് പോലീസ് അറസ്റ്റ് നടപടികളിലേക്ക് കടന്നത്. റെനീസും യുവതിയും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നുവെന്ന് അന്വേഷണത്തിൽ പോലീസിന് വ്യക്തമായിട്ടുണ്ട്.
ആലപ്പുഴ കുന്നുംപുറത്തുള്ള എആർ ക്യാമ്പിലെ പോലീസ് ക്വാട്ടേഴ്സിലായിരുന്നു റെനീസും കുടുംബവും താമസിച്ചത്. വണ്ടാനം മെഡിക്കൽ കോളജ് ഔട്ട് പോസ്റ്റിലായിരുന്നു റെനീസിന് ജോലി. സംഭവ ദിവസത്തിന് തലേന്ന് രാത്രി എട്ടിന് ജോലിക്ക് പോയ റെനീസ് രാവിലെ തിരികെ എത്തിയപ്പോഴാണ് മൃതദേഹങ്ങൾ കാണുന്നത്.
കുട്ടികളെ കൊലപ്പെടുത്തിയ ശേഷം നജ്ല ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഒന്നരവയസുള്ള മലാലയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ ശേഷം മകൻ ടിപ്പു സുൽത്താനെ ഷാൾ മുറുക്കി ശ്വാസം മുട്ടിക്കുകയായിരുന്നു.
കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ റെനിസ് നിരന്തരം പീഡിപ്പിച്ചിരുന്നു. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നജ്ലയുടെ വീട്ടുകാർ നല്‍കിയിരുന്നു. എന്നാൽ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ്ലയെ പല തവണ റെനിസ് വീട്ടിലേക്ക് തിരിച്ചയച്ചു. ഇതോടെ പലപ്പോഴായി 20 ലക്ഷം രൂപ വീണ്ടും കൊടുത്തുവെന്നാണ് റിമാൻഡ് റിപ്പോർട്ടിലുള്ളത്.
നജ്ലയെ സ്വന്തമായി മൊബൈൽ ഫോണ്‍ ഉപയോഗിക്കാന്‍ റെനീസ് അനുവദിച്ചിരുന്നില്ല. ഇയാൾ പുറത്ത് പോകുമ്പോള്‍ നജ്ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു. പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കൊച്ചി മെട്രോ ലൈനിന് ഇരുവശങ്ങളിലുമുളള വീടുകളുടെ ആഡംബര നികുതി 50% വര്‍ധിപ്പിക്കാന്‍ ആലോചന. ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്ററിനകത്തുളള വീടുകള്‍ക്കായിരിക്കും ഇത് ബാധകമാവുക. ഇതുമായി ബന്ധപ്പെട്ട ലാന്‍ഡ് റവന്യു കമ്മീഷണറുടെ നിര്‍ദേശം സംബന്ധിച്ച് വിശദാംശങ്ങള്‍ നല്‍കാന്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
ആലുവ മുതല്‍ തൃപ്പൂണിത്തുറ എസ്എന്‍ ജംക്ഷന്‍ വരെയുള്ള മെട്രോ ലൈനിന്റെ ഇരുവശത്തുമായി ഓരോ കിലോമീറ്റര്‍ ദൂര പരിധിയിലുളള വീടുകള്‍ക്കാണ് വര്‍ധന വരുത്താന്‍ ആലോചിക്കുന്നത്. നിലവില്‍ 278 ചതുരശ്ര മീറ്റര്‍ വിസ്തൃതിയില്‍ കൂടുതലുള്ള വീടുകള്‍ക്കാണ് ആഡംബര നികുതി നല്‍കേണ്ടത്. പരിഷ്‌കരിച്ച നികുതി അനുസരിച്ച് 278 ചതുരശ്ര മീറ്റര്‍ മുതല്‍ 464 ചതുരശ്ര മീറ്റര്‍ വരെ വിസ്തൃതിയുള്ള കെട്ടിടങ്ങള്‍ക്കു എല്ലാ വര്‍ഷവും 5,000 രൂപ വീതം ആഡംബര നികുതി നല്‍കണം. നിര്‍ദേശം നടപ്പായാല്‍ ഇവര്‍ക്ക് 7,500 രൂപയായിരിക്കും പുതിയ നികുതി.
യുവനടിയെ ബലാത്സംഗം ചെയ്ത കേസില്‍ നിര്‍മാതാവ് വിജയ് ബാബുവിന് ഉപാധികളോടെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. വിജയ് ബാബു നാട്ടില്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകേണ്ട വന്നാല്‍ ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ച കോടതി തിങ്കളാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണമെന്നും വ്യക്തമാക്കി. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. സമൂഹ മാധ്യമത്തിലൂടെയോ അല്ലാതെയോ അതിജീവിതയെയോ അവരുടെ കുടുംബത്തെയോ അപമാനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഏപ്രില്‍ 26നായിരുന്നു സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് വിജയ് ബാബു പീഡനത്തിന് ഇരയാക്കിയെന്ന് നടി വെളിപ്പെടുത്തിയത്. സൗത്ത് പൊലീസില്‍ പരാതിയും നല്‍കി. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ വിജയ് ബാബു നടിയുടെ പേര് ഫേസ്ബുക്ക് ലൈവിലൂടെ വെളിപ്പെടുത്തുകയായിരുന്നു. പരാതിക്ക് പിന്നാലെ വിദേശത്തേക്ക് പോയ വിജയ് ബാബു 39 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ബുധനാഴ്ചയാണ് സംസ്ഥാനത്ത് തിരിച്ചെത്തിയത്.
യുവനടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബുവിന് മുൻകൂർ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. 27 മുതൽ അടുത്ത മാസം മൂന്നു വരെ അന്വേഷണസംഘത്തിന് മുന്നിൽ വിജയ് ബാബു ഹാജരാകണം. രാവിലെ 9 മുതൽ ആറുവരെ ചോദ്യം ചെയ്യാം. തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.
അറസ്റ്റ് ചെയ്താൽ ജാമ്യം അനുവദിക്കണമെന്നും കോടതി നിർദേശിച്ചു. വിജയ് ബാബുവിന് ആശ്വാസമാകുന്ന വിധിയാണ് ഹൈക്കോടതിയിൽ നിന്ന് ഉണ്ടായിരിക്കുന്നത്. കേരളത്തിൽത്തന്നെയുണ്ടാകണമെന്ന് നടനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
പെൺകുട്ടിയെ സ്വാധീനിക്കുന്ന തരത്തിലുള്ള ഇടപെടലുകൾ നടത്തരുതെന്നും കോടതി ഉപാധി വെച്ചിട്ടുണ്ട്. നേരത്തെ ഒരു കോടി രൂപ വാഗ്ദാനം ചെയ്ത് വിജയ് ബാബു ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെന്ന് നടി വെളിപ്പെടുത്തിയിരുന്നു.
കൂടാതെ അതിജീവിതയുടെ വെളിപ്പെടുത്തലിൽ നടൻ വിജയ് ബാബുവിനും പോലീസിനുമെതിരെ രൂക്ഷ വിമർശനവുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെമാൽ പാഷ രംഗത്തെത്തിയിരുന്നു. വിജയ് ബാബു നടിയുടെ പേര് വെളിപ്പെടുത്തിയത് ഗുരുതരമായ തെറ്റാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
മരണത്തിന് കാരണം ഭാര്യയും സുഹൃത്തുക്കളുമാണെന്ന് എഫ്ബിയിൽ പോസ്റ്റിട്ട് ടാങ്കര്‍ ലോറിയിലേക്ക് കാറിടിച്ച് കയറ്റി ജീവനൊടുക്കിയ പ്രകാശ് ദേവരാജൻ്റെ ആത്മഹത്യാ കുറിപ്പില്‍ ഞെട്ടിക്കുന്ന വിവരങ്ങള്‍.
”അച്ഛനോടും അനിയനോടും പൊറുക്കണം മക്കളേ..”, മകൾ കാവ്യയോട് മാപ്പ് ചോദിച്ചുകൊണ്ട് പ്രകാശ് ദേവരാജനെഴുതിയ ആത്മഹത്യാക്കുറിപ്പിലെ വാക്കുകള്‍ നോവ് നിറയ്ക്കുന്നതാണ്. അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് എല്ലാം കാണുമെന്ന് ഏറെ വൈകാരികമായി കുറിച്ചാണ് ആ പിതാവ് തന്റെ മകനെയും കൂട്ടി രാത്രിയിൽ എതിരെ വന്ന ടാങ്കർ ലോറിയിലേക്ക് കാർ ഇടിച്ചു കയറ്റി ജീവനൊടുക്കിയത്.
മകൾ കാവ്യ എസ് ദേവിന് എല്ലാ നന്മകളും നേരുന്നു. അച്ഛനോടും വാവയോടും പൊറുക്കണം മക്കളെ എന്ന് പ്രകാശ് കത്തിൽ പറയുന്നു. തങ്ങളുടെ മരണത്തിന് കാരണം ഭാര്യ ശിവകലയും ഇവരുടെ സുഹൃത്തുക്കളായ വിളപ്പിൽശാല സ്വദേശി അനീഷ്, ദുബൈയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി ഉണ്ണി, ബഹ്റൈനിൽ ഡാൻസ് സ്കൂൾ നടത്തുന്ന മുനീർ, അനീഷിൻ്റെ അമ്മ പ്രസന്ന എന്നിവർ ആണെന്ന് കത്തിൽ പറയുന്നത്.
ഭാര്യ ഉൾപ്പെടുന്ന നാലുപേർ തന്നെയും മക്കളെയും മാനസികമായും സാമ്പത്തികമായും അത്രയേറെ ദ്രോഹിച്ചു എന്നും തന്നെ ലക്ഷകണക്കിന് രൂപയുടെ കടക്കാരൻ ആക്കിയെന്നും കത്തിൽ പ്രകാശ് പറയുന്നു. ഇവർക്ക് എതിരെ എന്ത് നിയമ നടപടി സ്വീകരിക്കാൻ കഴിയും എന്ന് തനിക്ക് അറിയില്ല എന്ത് തന്നെ ആയാലും നിയമവും ഭരണ സംവിധാനവും ഉപയോഗിച്ച് ഇവരെ നാട്ടിൽ എത്തിച്ചു അവർക്ക് അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടുമെന്ന് താനും മകനും കരുതുന്നു എന്ന് പ്രകാശ് പറയുന്നു.
അനീഷ് എന്ന യുവാവ് ഇപ്പോൾ ബഹ്റൈനിൽ തൻ്റെ ഭാര്യക്ക് ഒപ്പം ആണ് കഴിയുന്നതെന്നും തൻ്റെയും മക്കളുടെയും തകർച്ചയ്ക്ക് വേണ്ടി പ്രവർത്തിച്ചവർ ആരും നിയമത്തിന് മുന്നിൽ നിന്ന് രക്ഷപ്പെടരുത് എന്നും തൻ്റെയും മകൻ ശിവദേവിൻ്റെയും മരണമൊഴി ആണ് ഇതെന്നും തങ്ങളുടെ മരണത്തിന് ഉത്തരവാദികളായ എല്ലാവർക്കും എതിരെ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും കത്തിൽ പറയുന്നുണ്ട്.
അങ്ങ് ദൂരെ നക്ഷത്രങ്ങൾക്ക് ഇടയിൽ ഇരുന്ന് തങ്ങൾ ഇതൊക്കെ കാണണം എന്ന് പറഞ്ഞാണ് കത്ത് അവസാനിക്കുന്നത്. ഈ കത്താണ് അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പൊലീസിന് ലഭിച്ചത്. കത്തിൽ സൂചിപ്പിക്കുന്ന നാലുപേർക്ക് എതിരെ പ്രകാശ് രണ്ട് ദിവസം മുൻപ് വട്ടിയൂർക്കാവ് പൊലീസിൽ പരാതി നൽകിയിരുന്നു.
നെടുമ്പാശേരി വിമാനത്താവളത്തിന് സമീപം കാർ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. മൂന്ന് പേർക്ക് പരിക്കേറ്റു. ചങ്ങനാശ്ശേരി കരിങ്ങട വീട്ടിൽ അലൻ അന്റണി (28)ആണ് മരിച്ചത്. കാറിൽ ഒപ്പം സഞ്ചരിച്ചിരുന്ന ചങ്ങനാശേരി കരിങ്ങട വീട്ടിൽ ജഫ്രി തോമസ് (23), ആന്റണി തോമസ് (34), ചങ്ങനാശേരി ചെട്ടിക്കാട്ട് വീട്ടിൽ ഷെജി വർഗീസ് (27) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് വൈകുന്നേരം 5.30യോടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്നിലായിരുന്നു അപകടം. കാർ നിയന്ത്രണം വിട്ട് ബാരിക്കേഡിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. അലൻ കാറിൽ നിന്നും തെറിച്ചുപോയി. കാറിലുണ്ടായിരുന്ന നാലു പേരെയും ഉടൻ അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലെത്തിച്ചെങ്കിലും അലൻ മരിച്ചു. മറ്റു മൂന്ന് പേരുടെ നില ഗുരുതരമല്ല. ജഫ്രിയെ വിദേശത്തേയ്ക്ക് യാത്രക്കാൻ കാറിലെത്തിയതായിരുന്നു അലനും ബന്ധുക്കളായ മറ്റുള്ളവരും.
യാക്കോബായ സുറിയാനി സഭയുടെ മലബാർ ഭദ്രാസന മുൻ മെത്രാപ്പൊലീത്ത സഖറിയാസ് മാർ പൊളിക്കാർപ്പസ്(52) അന്തരിച്ചു ഹൃദയാഘാതത്തെ തുടർന്ന് കോട്ടയം മണർകാട് സെന്റ് മേരീസ് ആശുപത്രിയിൽ വച്ച് രാവിലെ 9.30 ഓടെയായിരുന്നു അന്ത്യം. കോട്ടയം കുറിച്ചി സെന്റ് മേരീസ് പുത്തൻപള്ളി ഇടവകാംഗവും കുറിച്ചി കൊച്ചില്ലം കുടുംബാംഗവുമാണ്.

വയനാട് മീനങ്ങാടി സെന്റ് മേരീസ് കോളജ്, സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ അരാമിയ ഇന്റർനാഷണൽ റസിഡൻഷ്യൽ സ്‌കൂൾ അടക്കം വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപദേശക സമിതി അംഗമായിരുന്നു.